2020 ലെ മഹാമാരിക്കാലത്ത്, സ്വയ വിശകലനത്തിലേക്ക് ഊളിയിടുവാന്‍, ഏറെപ്പേര്‍ക്കും അവസരം ലഭിച്ചിട്ടുണ്ട്. വിശകലനങ്ങളുടെ ഏകാന്ത നടപ്പാതയില്‍, പ്രകൃതിയോട് വര്‍ത്തമാനം പറഞ്ഞ്, പദമൂന്നുമ്പോള്‍, ഓരോരോ അപഗ്രഥനങ്ങള്‍, അവരുടെ മനക്കാതിലിരമ്പും. ആ വിളിയില്‍ ഉപവിഷ്ടനാകവേ, മാത്യൂ ജോണ്‍ എന്ന 'റിട്ടയേഡ് ഹെല്‍ത്ത് ഫസിലിററ്റി ക്വാളിറ്റി എക്‌സാമിനര്‍ക്ക്', പ്രാര്‍ത്ഥനയും പ്രവൃത്തിയും തമ്മിലുള്ള 'ക്വാളിറ്റിമാച്ചിനെക്കുറിച്ച്', ധ്യാനാന്വിതനാകുവാന്‍ കഴിഞ്ഞതിന്റെ സംഭാവനയാണ്, ''ദ് ലോഡ്‌സ് പ്രെയര്‍, ലിവ് ഇറ്റ്, ഓര്‍ ക്വിറ്റ് സേയിങ്ങ് ഇറ്റ്' എന്ന ഇംഗ്ലീഷ്
പുസ്തകം. ഈ പുസ്തകം അഭിനന്ദനമര്‍ഹിക്കുന്നൂ എന്നാണ് ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയും, ബിഷപ് മാര്‍ റാഫേല്‍ തട്ടിലും അഭിപ്രായപ്പെട്ടിട്ടുള്ളത്.
മാത്യൂ ജോണിന്റെ ' ദ് ലോഡ്‌സ് പ്രെയര്‍' എന്ന പുസ്തകം, 'സ്വര്‍ഗസ്ഥനായ പിതാവേ' എന്ന പ്രാര്‍ത്ഥനയുടെ അര്‍ത്ഥത്തെക്കുറിച്ച്, നന്നായി മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും വേണ്ടിയുള്ളതാണ് , എന്നാണ്, മുഖവുരയില്‍ പറയുന്നത്. സെയ്ന്റ് തോമസ് അക്വിനാസ്സോ, ഹിപ്പോയിലെ സെയ്ന്റ് അഗസ്റ്റിനോ, ഇക്കാലത്ത് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍, ഇപ്പോഴത്തെ ലോകത്തിനായുള്ള 'കര്‍ത്താവിന്റെ പ്രാര്‍ത്ഥനയെ', അവര്‍ വ്യാഖ്യാനിക്കാവുന്നത് എങ്ങനെയായിരിക്കാം, എന്ന ചിന്തയിലാണ്,
മാത്യൂ ജോണ്‍, ' ദ് ലോഡ്‌സ് പ്രെയര്‍' എന്ന പുസ്തകം രചിച്ചിരിക്കുന്നത്.
പ്രസ്തുത ഗ്രന്ഥത്തിലെ വിശകലന നിഗമനങ്ങളെ അപ്പാടെ ശരിയെന്ന് പറയാന്‍ അനുവാചകര്‍ തയ്യാറാകുകയോ തയ്യാറാകാതിരിക്കുകയോ ചെയ്യാം.
ചുറ്റുവട്ടത്തു കാണുന്ന, വിശ്വാസ്സികളുടെയും ആത്മീയ നേതൃത്വങ്ങളുടെയും, പ്രാര്‍ത്ഥനാ ജീവിതവും പ്രവൃത്തി ജീവതവും തമ്മിലുള്ള, പൊരുത്തക്കേടുകളുടെ പ്രഹേളികകളിലും; സ്വന്ത യുക്തികളിലും; അടിസ്ഥാനമിട്ട്; ദൈവശാസ്ത്ര മേഖലയില്‍ അവഗാഹമാര്‍ജ്ജിക്കുവാന്‍, തിയോളജി പാഠശാലയില്‍ അഭ്യസ്സനം നിര്‍വഹിക്കാത്ത ഒരു 'ലേമാന്‍' എന്ന നിലയില്‍; പടുത്തുയര്‍ത്തിയ, മാത്യൂ ജോണിന്റെ, ''ദ് ലോഡ്‌സ് പ്രെയര്‍, ലിവ് ഇറ്റ് ഓര്‍ ക്വിറ്റ് സേയിങ്ങ് ഇറ്റ് ' എന്ന പുസ്തകം, അന്വേഷണബുദ്ധിയുടെ ആവിഷ്‌ക്കാരമെന്ന പ്രസക്തിയില്‍, ഇടം നേടുന്നു.
പുസ്തകമുഖവുരയില്‍ പറയുന്നതിങ്ങനെയാണ് : ''സ്വര്‍ഗസ്ഥനായ പിതാവേ' എന്ന പ്രാര്‍ത്ഥന, ക്രിസ്ത്യാനികള്‍ക്ക് മാത്രമല്ല, മുഴുവന്‍ മനുഷ്യവര്‍ഗത്തിനും വേണ്ടിയുള്ളതാണ്. ഈ പ്രാര്‍ത്ഥന, ക്രിസ്തുമതത്തില്‍ മാത്രം ഒതുങ്ങുന്നതല്ലാത്തതിനാല്‍, ഏവര്‍ക്കും പ്രാര്‍ത്ഥിക്കാനും, അതനുസ്സരിച്ച് ജീവിക്കാനും, സഹായകമാകുന്ന, ഒരു സാര്‍വത്രിക പ്രാര്‍ത്ഥനയാണ്. ക്രിസ്തു പഠിപ്പിച്ച പ്രാര്‍ത്ഥനയുടെ അര്‍ത്ഥവും, ആ പ്രാര്‍ത്ഥന ജപിക്കുന്നവരുടെ ജീവിത രീതിയും തമ്മിലുള്ള, ഭയാനകമായ വ്യത്യാസം, ഗ്രന്ഥകര്‍ത്താവ് നിരീക്ഷിക്കുന്നു എന്നതാണ്, 'സ്വര്‍ഗസ്ഥനായ പിതാവേ' എന്ന പ്രാര്‍ത്ഥനയുടെ വ്യാഖ്യാനവുമായി, രംഗത്തു വരാനുള്ള പ്രചോദനം. ഒന്നുകില്‍, 'സ്വര്‍ഗസ്ഥനായ പിതാവേ' എന്ന പ്രാര്‍ത്ഥന ജപിക്കുന്നവര്‍ക്ക്, പ്രാര്‍ത്ഥനയുടെ അര്‍ത്ഥം അറിയില്ല; അല്ലെങ്കില്‍, അര്‍ത്ഥമില്ലാത്ത അധര വ്യായാമമായി, അവര്‍ക്ക്, അത്, പരിണമിച്ചിരിക്കുന്നു. പ്രാര്‍ത്ഥനയും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തക്കേടിലൂടെ, കര്‍ത്താവിനെ നിന്ദിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍, ഈ പുസ്തകം, വായനക്കാരന് പ്രേരണയായേക്കാം''. ''മാത്രമല്ല, ഇത് ഏതെങ്കിലും ഗ്രൂപ്പിന്റെയോ, മതത്തിന്റെയോ, മതസംഘടനയുടെയോ, ഉപദേശങ്ങളെ പ്രതിനിധീകരിക്കുന്നില്ല. അതിനാല്‍ വായനക്കാര്‍ ഈ പുസ്തകം വായിക്കുമ്പോള്‍ അവരുടെ വിവേചനാധികാരം ഉപയോഗിക്കണം. ഈ പുസ്തകത്തിനായി ചിന്താശേഷിയും ആത്മപരിശോധനയും ശുപാര്‍ശ ചെയ്യുന്നു''. ഗ്രന്ഥാമുഖം പ്രസ്താവിക്കുന്നതങ്ങനെയാണ്.
സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥ്‌നയിലെ ഏഴു ഭാഗങ്ങളെയും വിചിന്തനം ചെയ്താണ് ഗ്രന്ഥ രചന പുരോഗമിക്കുന്നത്.
രചനാന്ത്യത്തില്‍ ഇങ്ങനെ പറയുന്നുമുണ്ട്: ''മരണശേഷം ഒന്നുമില്ലെന്ന് വിശ്വസിച്ച ഒരു ദൈവശാസ്ത്രജ്ഞനും നിരീശ്വരവാദിയും തമ്മിലുള്ള സംഭാഷണം നോക്കാം. മതത്തിലും ദൈവത്തിലും വിശ്വസിക്കേണ്ടതിന്റെ ആവശ്യകത നിരീശ്വരവാദിയെ ബോധ്യപ്പെടുത്താന്‍ ദൈവശാസ്ത്രജ്ഞന്‍ ശ്രമിച്ചുകൊണ്ടിരുന്നു, നിരീശ്വരവാദി മറുപടി പറഞ്ഞു ''ഒരു ജീവിതം മാത്രമേയുള്ളൂ, ഈ ജീവിതം പൂര്‍ണ്ണമായും ആസ്വദിക്കാന്‍ ധാരാളം അവസരങ്ങളുണ്ട്. അതിനാല്‍ എനിക്ക് കഴിയുന്നിടത്തെല്ലാം ഞാന്‍ എന്റെ ജീവിതം പൂര്‍ണ്ണമായും ആസ്വദിക്കുന്നു.
ചില സമയങ്ങളില്‍, ഞാന്‍ വളരെ നല്ല കാര്യങ്ങളും ചെറിയ തോതിലൊക്കെ ചെയ്യുന്നു. അതിനാല്‍ മരണാനന്തര ജീവിതം ഉണ്ടെങ്കില്‍, ഈ ജീവിതത്തില്‍ ഞാന്‍ ചെയ്ത ചെറിയ നല്ല കാര്യങ്ങള്‍ കാണിച്ച്, ദൈവവുമായി എനിക്ക് ചര്‍ച്ച ചെയ്യാന്‍ കഴിയും. ദൈവം ഉണ്ടെങ്കില്‍, അവന്‍ നീതിമാനായതിനാല്‍, എന്നെ നരകത്തിലേക്ക് എറിയാന്‍, അവന് ബുദ്ധിമുട്ടായിരിക്കും. അതിനാല്‍, ഞാന്‍ ഈ ജീവിതം പൂര്‍ണ്ണമായും ആസ്വദിക്കും. മുങ്ങിമരിക്കുന്ന മനുഷ്യന് വൈക്കോല്‍ തുരുമ്പ് ആശ്രയമാകുമെന്ന തത്വം പാലിച്ച്, ഞാന്‍, എന്റെ ഏതാനും സദ് പ്രവൃത്തികളാകുന്ന വൈക്കോല്‍, എന്റെ കൈയില്‍ സൂക്ഷിക്കുകയും ചെയ്യുന്നു. അതുവഴി, മരണാനന്തരം ഒരു ജീവിതമുണ്ടെങ്കില്‍, എനിക്ക്, അത്, ഉപയോഗിക്കാന്‍ കഴിയും. മിഥ്യാധാരണ നല്‍കിയ, നിങ്ങളുടെ മതപ്രകാരമാണ്, ദൈവശാസ്ത്രജ്ഞനായ നിങ്ങള്‍ ജീവിക്കുന്നത്. മരണശേഷം ഒന്നുമില്ലെങ്കില്‍, മരണത്തെത്തുടര്‍ന്ന് സന്തോഷകരമായ ഒരു സ്വര്‍ഗമില്ലെങ്കില്‍, ദൈവശാസ്ത്രജ്ഞാ, നിങ്ങള്‍, ഏറ്റവും വലിയ വിഡ്ഡിയാണ്.''
ദൈവശാസ്ത്രജ്ഞന്‍ നിരീശ്വരവാദിയോടു പറഞ്ഞു: ''ശരി, ദൈവശാസ്ത്രജ്ഞനായ ഞാന്‍, ബുദ്ധിപരമായി, ഏറ്റവും താഴെയാണ് എന്നതു സമ്മതിക്കുന്നു എന്നു വിചാരിക്കുക. ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവരായി, ബുദ്ധിയും വിവേകവുമുള്ളവരായി, മരണാനന്തരം, ഒരു നിത്യജീവന്‍ പ്രതീക്ഷിച്ച്, മതങ്ങളുടെ മതിലുകള്‍ക്കുള്ളില്‍ ജീവിക്കുകയും മരിക്കുകയും ചെയ്ത, ദശലക്ഷക്കണക്കിന് മതസ്ഥാപകരും, മിസ്റ്റിക്കുകളും, വിശുദ്ധന്മാരും, രക്തസാക്ഷികളും, തത്ത്വചിന്തകരും, ദൈവശാസ്ത്രജ്ഞരും, ശാസ്ത്രജ്ഞരും, മനുഷ്യസ്നേഹികളും ഉണ്ട്.
എന്നാല്‍, മരണാനന്തര നിത്യജീവനില്ലെങ്കില്‍, മരണാനന്തരം ഒന്നുമില്ലെങ്കില്‍, മതങ്ങളുടെ മതിലുകള്‍ക്കുള്ളില്‍ ജീവിക്കുകയും മരിക്കുകയും ചെയ്ത, ഈ അനന്തകോടി വ്യക്തികള്‍, ഏറ്റവും വലിയ വിഡ്ഡികളാണ്. മുന്നിലെ ഏറ്റവും വലിയ വിഡ്ഡിയുടെ നേതൃത്വത്തിലുള്ള, അനന്ത കോടി മൈല്‍ നീളമുള്ള, ഈ അനന്ത കോടി മര്‍ത്ത്യ വിഡ്ഡികളുടെ നീളന്‍ നിരയില്‍ നില്‍ക്കാന്‍ ഞാന്‍ ശങ്കിക്കുന്നില്ല. ഞാനാണ് ഏറ്റവും ചെറിയ വിഡ്ഡി, അതിനാല്‍ ഞാന്‍ വിഡ്ഡികളുടെ വരിയിലെ അവസാന വ്യക്തിയാകും. ആ നിരയിലെ എല്ലാവരിലും വച്ച് ഞാന്‍ ഏറ്റവും ചെറിയ വിഡ്ഢിയായതിനാല്‍ , ഞാന്‍ ഈ നിരയിലെ ഏറ്റവും ബുദ്ധിമാനായ വ്യക്തിയായിരിക്കും. മാത്രമല്ല, മരണാനന്തരം ഒരു ജീവിതവുമില്ലെങ്കിലും, യേശുവിന്റെ നേതൃത്വത്തിലുള്ള ആ വരിയില്‍ നില്‍ക്കുന്നത് ഒരു ബഹുമതിയായി ഞാന്‍ കരുതും.'
'സ്വര്‍ഗസ്ഥനായ പിതാവേ' എന്ന പ്രാര്‍ത്ഥന ഒരു ആന്റൈ ബയോട്ടിക് പോലെയാണെന്നാണ് മാത്യൂ ജോണ്‍ പറയുന്നത്. ആന്റൈ ബയോട്ടിക്, അണു ബാധക്കുള്ള പ്രതിവിധിയാകുന്നില്ലെങ്കില്‍ , അത് നിങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കും.
ആ തത്വം തന്നെയാണ് 'സ്വര്‍ഗ്ഗസ്ഥനായ പിതാവേ' എന്ന പ്രാര്‍ത്ഥനയിലും ഫലത്തിലുള്ളത്. നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതുപോലെ ജീവിക്കാന്‍, നിങ്ങള്‍ ശ്രമിക്കുന്നില്ലെങ്കില്‍, കര്‍ത്താവിന്റെ പ്രാര്‍ത്ഥന ജപിക്കാതിരിക്കുന്നതാണ് നല്ലത്, കാരണം നിങ്ങളുടെ ആത്മാവിനെ രക്ഷിക്കുന്നതിനുപകരം അത് അപകടത്തിലാക്കും, എന്നാണ് മത്യൂ ജോണ്‍ 'ലോഡ്‌സ് പ്രെയര്‍' എന്ന രചനയിലൂടെ പറയാന്‍ ശ്രമിക്കുന്നത്.
''ദൈവത്തിന്റെ അസ്തിത്വം, ആത്മാവിന്റെ അമര്‍ത്യത, മരണാനന്തര ജീവിതം, നരകം, സ്വര്‍ഗ്ഗം തുടങ്ങിയവ അജ്ഞാതവും പരിശോധിക്കാനാവാത്തതുമാണ്. എന്നിട്ടും അവയെല്ലാം സത്യവും യഥാര്‍ത്ഥവുമാണ് എന്ന കരുതലില്‍ വേണം നാം ജീവിക്കേണ്ടത്, ഒരു ഇന്‍ഷൂറന്‍സ് എടുക്കുന്നതു പോലെ'' എന്ന കാഴ്ച്ചപ്പാടിനും മത്യൂ ജോണ്‍ 'ലോഡ്‌സ് പ്രെയര്‍' എന്ന രചനയിലൂടെ ന്യായങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.
വേറെ, ഏറെ വ്യാഖ്യാനങ്ങളും, പഠനങ്ങളും, ഈ ഗ്രന്ഥത്തില്‍, ഉട നീളം പരാമര്‍ശിച്ചിരിക്കുന്നു. യുക്തിഭദ്രമോ അല്ലയോ എന്ന്, നിരൂപകര്‍ക്ക് നിശ്ചയിക്കാന്‍, വാതായനങ്ങളുമുണ്ട്.