MediaAppUSA

മുക്കുറ്റിയും രണ്ടു മക്കളും (കവിത : വേണുനമ്പ്യാര്‍)

വേണുനമ്പ്യാര്‍ Published on 16 January, 2021
 മുക്കുറ്റിയും രണ്ടു മക്കളും  (കവിത :   വേണുനമ്പ്യാര്‍)
ആരോരും കാണാതെ
ആരോരുമറിയാതെ
മുറ്റത്തെയോവിന്റെ വക്കിലായ്
നില്‍പ്പുണ്ടിളംകാന്തിയില്‍  
നമ്മളിത്തിരിപ്പൂക്കള്‍  രണ്ട്

ആറാട്ടു  മേളത്തിരക്കിലേതോ    
കന്യകക്കു  കളഞ്ഞുപോയതാം  
ജിമിക്കി      പോലെ തിളങ്ങുന്നു  
പച്ചത്തിരിക്കൊമ്പില്‍ രണ്ടു പൂക്കള്‍  നമ്മള്‍    
സ്വന്തമാക്കുമോ നമ്മെയാരാനും  
കണ്ടുമുട്ടുമോ നമ്മളെന്നെങ്കിലും
നമ്മെ കവിളോട്  ചേര്‍ത്തണപ്പവരെ  

പൂജക്കായിറുക്കില്ലയാരും    
മുടിയിലും ചൂടില്ലയാരും
റീത്തിലും വെക്കില്ലയാരും    
വ്യര്‍ത്ഥമോ  ജീവനു,മീ
യവനിയാമങ്കണത്തില്‍!    

രതിസ്‌നിഗ്ദ്ധസൗരഭ്യവും തീഷ്ണഗന്ധവും  
മൂക്കുമുട്ടെ കൊതിപ്പവരൊന്നും
വരാനിടയില്ലിവിടെയീ
ചന്ദ്രകാന്തിയെ  നെഞ്ചിലേറ്റാന്‍    
 
വന്മരങ്ങളുറഞ്ഞിളകും  
പേക്കാറ്റിലും   ചെറ്റുമിളകാതെ
മണ്ണില്‍ വിളങ്ങുന്നു    നമ്മള്‍
മുക്കുറ്റിയും രണ്ടു മക്കളും

നമ്മെയളക്കല്ലേ
നമ്മെ ചെറുക്കല്ലേ  
നമ്മളുമീ മണ്ണിന്റെ ചെറുമക്കള്‍
നമ്മിലുമുണ്ടഭിനിവേശം
മാറോടണയ്ക്കാന്‍ പൊന്‍മയൂഖമാലയെ!

 മുക്കുറ്റിയും രണ്ടു മക്കളും  (കവിത :   വേണുനമ്പ്യാര്‍)
Sudhir Panikkaveetil 2021-01-18 00:31:41
അഭിവന്ദ്യ വേണു നമ്പ്യാർ സാർ - കവിത വായിച്ചു ഇഷ്ടമായി പക്ഷെ ചില സംശയങ്ങൾ ഉണ്ട്. അത്തപൂക്കളത്തിൽ മുക്കുറ്റി പൂവിടാറുണ്ട്. മുക്കുറ്റി പുഷ്‌പാജ്‌ഞലി നമ്മുടെ ഗണപതി ഭഗവാന് പ്രിയവുമാണ്. ദശപുഷപങ്ങളിൽ ഒന്നാണ് മുക്കുറ്റി, അത് സ്ത്രീകൾ ചൂടാറുണ്ട്. പിന്നെ മുക്കുറ്റി ചാന്തും തൊടുന്നു. പിന്നെ ഇത് ആയുർവേദ മരുന്നുകൾക്കും ഉപയോഗിക്കുന്നു. പൊൻമയൂഖമാല രാവിലെ മുക്കുറ്റിയെയും അണിയിക്കാറുണ്ടല്ലോ? അതുകൊണ്ട് ഈ പൂക്കൾ അവഗണിക്കപ്പെടുന്നുവെന്നു കരുതാൻ വയ്യ. എന്റെ അറിവ് കവിത മനസ്സിലാക്കാൻ പര്യാപ്തമല്ലായിരിക്കാം. കവിത നന്നയിട്ടുണ്ട്. താങ്കൾക്ക് അഭിനന്ദനം.
വേണുനമ്പ്യാർ 2021-01-18 03:42:44
ബഹുമാനപ്പെട്ട ശ്രീ സുധീർ സാറിന്‌, അപൂർണ്ണത ചൂണ്ടിക്കാട്ടിയതിനു നന്ദി. ദളിത് പരിപ്രേക്ഷ്യത്തിലെഴുതാൻ തോന്നിയ കവിതയാണ്. അങ്ങ് മുക്കുറ്റിപ്പൂവിനെക്കുറിച്ചു സവിസ്തരം എഴുതിയതിനോട് ഞാൻ പൂർണമായും യോജിക്കുന്നു. വലുതിന്റെയും ചെറുതിന്റെയും ഈ ലോകത്തിൽ ചെറുത് അനുഭവിക്കുന്ന നോവും ഒറ്റപ്പെടലും കവിതയുടെ മാധ്യമത്തിലൂടെ വരച്ചു കാട്ടുവാൻ ഒന്ന് ശ്രമിച്ചതാണെന്ന് കരുതിയാൽ മതി. മറ്റു പൂക്കളുടെ വലുപ്പവും നിറവും മണവും വച്ച് നോക്കുമ്പോൾ മുക്കുറ്റി പാർശ്വവത്കരിക്കപ്പെട്ടതും അരികുജീവിതത്തിലേക്കു തള്ളപ്പെട്ടതുമാണ്. അതിന്റെ സ്ഥാനം 'ഓവിന്റെ വക്കിലാണ്'. പിന്നെ, പൊൻമയൂഖമാലയെക്കുറിച്ചുള്ള പരാമർശം. എളിമയിലൂടെ സത്യസാക്ഷാൽക്കാരം അനുഭവിക്കുവാനുള്ള കൊതി ഒരു പുൽക്കൊടിക്കുപോലുമില്ലേ. പൂവിന്റെ കാര്യം പിന്നെ പറയണോ. അങ്ങയുടെ സർഗാത്മകമായ ജാഗ്രതയും പ്രതികരണവും മികച്ച ഒരു സാഹിത്യസേവനം തന്നെ എന്നറിയിക്കുന്നതിൽ സന്തോഷമുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക