ആ തുരുമ്പ് കുടഞ്ഞിടാൻ ഒരു അവസരം കിട്ടിയത് കൊണ്ട് ഇനിയത് എന്‍റെ മനസ്സിൽ സൂക്ഷിക്കേണ്ടതില്ലല്ലോ?
കുടുംബബന്ധങ്ങളെ എഴുത്തിലേക്ക് ഘടിപ്പിച്ചാൽ പണി പാലിൻവെള്ളത്തിലും കിട്ടും. ഞാൻ എന്തിന് ഇക്കാര്യത്തിൽ ബേജാറാവുന്നു? എത്രയോ പുകൾപെറ്റ എഴുത്തുകാർ അനുഭവിച്ച പീഡനപർവത്തിന്‍റെ ഒരംശം പോലും ഉണ്ടായിട്ടില്ല എന്ന് തിരിച്ചറിഞ്ഞ് ആശ്വസിക്കുകയല്ലേ വേണ്ടത്?
ഈ ആമുഖം വായിക്കുന്നവർ ‘അട്ടർ കൺഫ്യൂഷൻ മൈ ലോഡ്’ എന്ന അവസ്ഥയിലായിരിക്കും. ഉദ്വേഗത്തിന്‍റെ ബലൂൺ കുത്തി പൊട്ടിക്കട്ടെ. ഒരാഴ്ച മുൻപ് മരുമകളുടെ ‘വാഴ പരിജ്ഞാന’ത്തെക്കുറിച്ച് ഞാൻ ഇവിടെ കുറിപ്പിട്ടിരുന്നു. കുല വെട്ടിയ ശേഷം വാഴ വെട്ടാൻ തുടങ്ങുന്ന എന്നെ തടഞ്ഞ് ശീതൾ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു കുറുപ്പിന്‍റെ ഇതിവൃത്തം.ആ വാഴയിൽ ഇനിയും കുല ഉണ്ടാവില്ലേ? എന്തിനാണ് വെട്ടി കളയുന്നത്? എന്നെയും മൃത്യുവിൽ ഇടംനേടാൻ സമയമായ വാഴയേയും ഒരുപോലെ അമ്പരപ്പിച്ച ശീതളിന്‍റെ ‘ജൈവശാസ്ത്ര പരിജ്ഞാനം’ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയത്.
പ്രതീക്ഷിച്ചതുപോലെ കുടുംബവൃത്തങ്ങൾ രണ്ടായി തിരിഞ്ഞു. അൾട്രാ മോഡേൺ ആയി പറന്നു നടക്കുന്ന ശീതളിനെ മനപ്പൂർവ്വം പരിഹസിച്ചു എന്നായിരുന്നു ഒരു പക്ഷം. സാത്വിക നിരയാകട്ടെ, പുതു തലമുറയെ കൃഷി പഠിപ്പിക്കേണ്ടതിന്‍റെ അനിവാര്യതക്ക് മേലാണ് വാചകങ്ങൾ വിതറിയത്. ഞാനും കൺഫ്യുഷനിലായി. ഏതെങ്കിലും തരത്തിൽ മരുമകൾക്ക് ഞാൻ മാനഹാനി ഉണ്ടാക്കിയോ? വളരെ ലാഘവത്തോടയുള്ള നർമ്മ ശകലം ആയിരുന്നില്ലെ അത് ? ആക്രോശങ്ങളുടെ ബീഭത്സ ബിംബങ്ങൾ അക്ഷരങ്ങളിൽ പ്രതിഫലിക്കുന്ന ഈ കാലഘട്ടത്തിൽ നർമ്മത്തിന്‍റെ സിദ്ധൗഷധം അംഗീകരിക്കാൻ ആൾക്കാർ തയ്യാറാകണ്ടെ? ഇനി അഥവാ എന്‍റെ കുറിപ്പ് ശീതളിന് വിഷമമുണ്ടാക്കിയെങ്കിൽ അതിനുള്ള പരിഹാരം എന്താണ്?
ഇമ്മാതിരി ചോദ്യങ്ങളിൽ തല പുണ്ണാക്കി കൊണ്ടിരുന്നപ്പോഴാണ് ശീതൾ തന്നെ മറുമരുന്നുമായി രംഗത്തുവന്നത്.
ശീതളിനെതിരെയുള്ള മേമ്പൊടിക്ക് പ്രായശ്ചിത്തമായി ഒരു കാര്യം ചെയ്താൽ മതിയെന്ന് അവൾ തന്നെ നിർദേശിച്ചു. എന്‍റെ “വാഴപ്പാര”ക്ക് ഏറ്റവും കൂടുതൽ കവറേജ് നൽകി കുടുംബ ഗ്രൂപ്പുകളിൽ ആർത്ത് അട്ടഹസിച്ചത് അവളുടെ കസിൻ അരുൺ പോൾ ആയിരുന്നുവത്രെ. അവനിട്ട് സമാനമായ ഒരു പാര, അതാണ് ശീതളിന്‍റെ ആവശ്യം.
അരുൺ പോൾ
എന്‍റെ മൂത്ത ജേഷ്ഠന്‍റെ മകൻ ആണ് ഈ കഥാപാത്രം. പേരുകേട്ട ആനിമേറ്റർ. ഷോർട്ട് ഫിലിമുകൾ ചെയ്ത് ചില സർക്കിളുകളിൽ പ്രസിദ്ധനാണ് ലവൻ. അരുൺ ചെയ്ത കൊതിയൻ എന്ന കുട്ടികളുടെ ഹ്രസ്വ ചിത്രം എട്ടോളം ദേശീയ-രാജ്യാന്തര ഷോർട്ട് ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട് . യൂട്യൂബിൽ ഒരു ദശലക്ഷത്തിലധികം ആളുകളിലേക്ക് എത്തിയ ഷോട്ട് ഫിലിം കൂടിയാണിത് .
എന്നാൽ കുടുംബത്തിലെ 22 കാരറ്റ് ബുള്ളിയാണ് ഈ സംവിധായകൻ. ഏവരുടെയും കാലു വലിയ്ക്കുക എന്നതാണ് അവന്‍റെ മൃഗീയ വിനോദം അതുകൊണ്ടാവാം ശീതൾ എന്‍റെ പ്രായശ്ചിത്തത്തിന് അവന്‍റെ നെറുക ചൂണ്ടിക്കാണിച്ചത് .
അരുണും ശീതളും കസിനൊപ്പം
മരുമകളുടെ ആഗ്രഹം എങ്ങനെ സാധിക്കും എന്ന് അറിയാതെ ഇരിക്കുമ്പോഴാണ് പഴയൊരു കാവസാക്കി ബജാജ് എന്‍റെ കുറുകെ കടന്നു പോയത്. ജാംബവാന്‍റെ കാലത്തുള്ള വണ്ടിയാണ് . പെയിന്‍റ് എന്നത് നാലയലത്ത് കൂടെ കടന്നു പോയിട്ടില്ല. ഇത് കണ്ടതും അരുണിന്‍റെ മുഖം എൻറെ മനസ്സിൽ വെട്ടിത്തിളങ്ങി. ഇവൻ പണ്ട് എന്നെ തുരുമ്പ് കോരിച്ചത് ഓര്‍മ വന്നു.
ഡൽഹിയിൽ ആയിരുന്ന അരുൺ, അവന്‍റെ മോട്ടോർസൈക്കിൾ തിരുവനന്തപുരത്തേക്ക് തീവണ്ടിയിൽ കയറ്റി അയച്ചു. ചിറ്റപ്പൻ സഹായഹസ്തം നീട്ടിയില്ലെങ്കിൽ കുടുംബത്തിൽ അത് വലിയ ചർച്ചയാകും, കുറ്റപ്പെടുത്തലുകൾ ഉണ്ടാകും, വിചാരണ നടത്തപ്പെടും. അതുകൊണ്ടുതന്നെ പാഴ്സൽ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു കൊള്ളാം എന്ന് ഞാൻ സവിനയം ഫോണിൽ അവനോട് ബോധിപ്പിച്ചു. കേരള എക്സ്പ്രസിലാണ് ഈ അമൂല്യ വസ്തു തിരുവനന്തപുരത്ത് ലാൻഡ് ചെയ്യുന്നത്. കൈരളിയുടെ പിആർഒ ആയ അജയൻ അമ്പലപ്പാടിനെ കൊണ്ട് പാഴ്സൽ ഓഫീസിൽ ബന്ധം സ്ഥാപിപ്പിച്ചു. എന്‍റെ പേര് കേട്ട് പരിചയമുള്ളതുകൊണ്ടാകാം പാഴ്സൽ ഓഫീസ് ജീവനക്കാർ അനുതാപ സമീപനമാണ് കൈക്കൊണ്ടത്.
പാർസൽ വന്ന ദിവസം എനിക്ക് റെയിൽവേ സ്റ്റേഷനിൽ നിന്നും ഫോൺ വിളി എത്തി. പക്ഷെ വിളിച്ച ആളുടെ വാക്കുകൾ പലയിടത്തും മുറിയുന്നു. കാര്യങ്ങൾ പറയാൻ വിമ്മിഷ്ടമുള്ള പോലെ. ബഹുമാനക്കൂടുതൽ കൊണ്ടാകും എന്ന് ഞാൻ വിചാരിച്ചു, ഞാൻ അദ്ദേഹത്തെ സംസാരിക്കാൻ ആവോളം പ്രോത്സാഹിപ്പിച്ചു. ബൈക്ക് റെയിൽവേ സ്റ്റേഷനിൽ നിന്നും എടുക്കാൻ പെട്രോളുമായി (പെട്രോൾ ടാങ്ക് കാലിയാക്കിയിട്ടാണ് സാധാരണ വാഹങ്ങൾ തീവണ്ടിയിൽ കയറ്റി അയക്കാറ്) ഒരാളെ വിടട്ടെ എന്ന എന്റെ ചോദ്യത്തിനുമുന്നിൽ മൂപ്പർ വീണ്ടും പരുങ്ങി..എന്റെ ക്ഷമ നശിച്ചു. കാര്യമെന്താണ്, എന്താണ് പ്രശ്നം? ഞാൻ ശബ്ദമുയർത്തിയപ്പോൾ ധൈര്യം സംഭരിച്ച് അദ്ദേഹം ഒരു കാര്യം വെളിപ്പെടുത്തി.” സാറേ വണ്ടി ഓടിച്ചു കൊണ്ട് പോവാൻ ഒന്നും പറ്റില്ല, ഒരു ചാക്കുമായി ആളെ വിട്ടാൽ കുറച്ച് തുരുമ്പുമായി പോവാം.” ഒറ്റ ശ്വാസത്തിൽ അയാൾ പറഞ്ഞുതീർന്നതും എൻറെ തലയിൽ വെള്ളിടി വെട്ടി.
ആ സമയത്ത് എന്‍റെ മുന്നിലെങ്ങാനും മുടി കൊഴിഞ്ഞു കൊണ്ടിരിക്കുന്ന തലയുമായി അരുൺ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിൽ മുഖമടച്ച് ഒന്നു കൊടുത്തേനെ. ചിറ്റപ്പനെ തുരുമ്പു ചുമപ്പിക്കൽ ആണോ നിന്‍റെ പണി എന്നും ചോദിച്ചേനേം. കുടുംബബന്ധങ്ങളെ ഓർത്ത് കാലിലൂടെ ഇരച്ചുകയറിയ തരിപ്പ് ഞാൻ എങ്ങനെയോ നിയന്ത്രിച്ചു.
തുരുമ്പ് ഭാണ്ഡം ഒരു വർക്ക് ഷോപ്പിൽ ഏൽപ്പിച്ചു. അയാളോട് കാര്യങ്ങളുടെ കിടപ്പ് വിശദീകരിച്ചപ്പോൾ പഴയൊരു ബൈക്കിൽ തുരുമ്പിന്‍റെ ചില അവശിഷ്ട്ടങ്ങൾ കയറ്റി, അത്യാവശ്യം റോഡിൽ ഇറക്കാൻ പരുവത്തിൽ ഒരു ‘ബൈക്ക്’ ആക്കി തിരിച്ചുതന്നു. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ കഥാനായകൻ അരുൺ പോൾ തല മേൽപ്പോട്ട് വെച്ച് ബൈക്കിന് വേണ്ടി തിരുവനന്തപുരത്ത് എത്തി. കമാന്നൊരക്ഷരം പറയാതെ മൂപ്പരെ വണ്ടിയുടെ ചാവി ഏൽപ്പിച്ചു. ബൈക്കിനെ തൊട്ടും തടവിയും നോക്കി നെറ്റി ചുളിച്ച് അവൻ ഒരു ചോദ്യം എന്‍റെ നേർക്കെറിഞ്ഞു .”കുറച്ച് ഡാമേജ് ആയിട്ടുണ്ടല്ലോ? “.എന്‍റെ അമ്മ പതിവായി മുട്ടിപ്പായി പ്രാർത്ഥിക്കുന്ന എല്ലാ പുണ്യാളന്മാരെയും മനസ്സിൽ ധ്യാനിച്ച് നാവിൻ തുമ്പിൽ വന്ന തെറി ഞാൻ തൊണ്ടയിലൂടെ തിരിച്ചിറക്കി.
കഴിഞ്ഞമാസം കണ്ണൂര് പോയപ്പോൾ അവൻ ബാംഗ്ലൂരിൽനിന്ന് പുതിയ ഹോണ്ട സിറ്റിയിൽ നാട്ടിൽ ചെത്തി നടക്കുന്നത് കണ്ടു. പരുന്ത് റാകുന്നതുപോലെ എന്‍റെ മുന്നിൽ കൂടി കാർ വെട്ടി തിരിച്ച് അവൻ പറന്നുപോയപ്പോൾ എന്‍റെ മനസ്സിലേക്ക് വന്നത് പഴയ തുരുമ്പാണ്. ശീതളിനു വേണ്ടി ആ തുരുമ്പ് കുടഞ്ഞിടാൻ ഒരു അവസരം കിട്ടിയത് കൊണ്ട് ഇനിയത് എന്‍റെ മനസ്സിൽ സൂക്ഷിക്കേണ്ടതില്ലല്ലോ?
kairalinewsonline