Image

നീലച്ചിറകുള്ള മൂക്കുത്തികൾ 49 - സന റബ്സ്

Published on 23 January, 2021
നീലച്ചിറകുള്ള മൂക്കുത്തികൾ 49 - സന റബ്സ്
സംഭവിച്ചിരിക്കുന്ന കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടാൻ സഞ്ജയ്‌ മിനിറ്റുകൾ  എടുത്തു.  മകൾ മിലാൻ ഡൽഹിയിൽ ആണെന്ന് മാത്രമേ അയാൾക്ക്‌ അറിവുണ്ടായുള്ളു.  അവൾ പോകും മുൻപേ പറഞ്ഞ കാര്യങ്ങൾ അയാളുടെ ചെവിയിൽ മുഴങ്ങി. 
"എന്തിനാണവൾ തനൂജയെ കാണണം എന്ന് പറഞ്ഞത്? " ധൃതിയിൽ വസ്ത്രം മാറി  അയാൾ ഭാര്യയെ നോക്കി. 
"അറിയില്ല.  ഇന്നലെമുതൽ നമ്മളോട് പറഞ്ഞത് മാത്രമേ അറിയൂ. അവൾ ആകെ അപ്സെറ്റ് ആരുന്നു .  റായ് നേരിട്ട് വന്നിട്ടും സംസാരിക്കാൻ കൂട്ടാക്കാത്തതിൽ അവൾക്കു കുണ്ഠിതം ഉണ്ടായിരുന്നു.  താൽക്കാലത്തെ വാശിക്ക് ഒഴിവാക്കിയെങ്കിലും വർഷങ്ങൾ നീണ്ട ബന്ധം ആയിരുന്നില്ലേ അവരുടേത്...? " ശാരിക മൂക്കും കണ്ണും തുടച്ചു. 

"എന്നിട്ട് അവൾ റായ് വിദേതനെ കണ്ടെന്നോ മറ്റോ  പറഞ്ഞോ?  ഇന്ന് അവൾ വിളിച്ചോ? " മകളുടെ കൂടെ താനും പോകേണ്ടതായിരുന്നു. ഛെ.... 

"കാണാൻ ശ്രമിച്ചിരിക്കും  സഞ്ജയ്‌,  അവൾ ഇന്നലെ വിളിച്ചപ്പോഴും  തനൂജയെ കാണാൻ ശ്രമിക്കുമെന്നു പറഞ്ഞു.  അത്രെയേ അറിയൂ.. ഈ  വിവരം അറിഞ്ഞതുമുതൽ അവളെ വിളിക്കുന്നു. വോയിസ്‌ മെസ്സേജ് മോഡിൽ ആണ് മോളുടെ  ഫോൺ... "

"നീ വിഷമിക്കാതെ... മിലാൻ ബുദ്ധിമതിയാണ്.. ആപത്തുകളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ അവൾക്കറിയാം... " സഞ്ജയ്‌ അപ്പോൾത്തന്നെ തന്റെ ചില സുഹൃത്തുക്കളെ വിളിച്ചു ചില കാര്യങ്ങൾ ഏർപ്പാടാക്കി വണ്ടിയിൽ കയറി.  
പ്രക്ഷുബ്ധമായ മനസ്സോടെ  ശാരിക അയാൾ പോകുന്നതും നോക്കി ഗേറ്റുവരെ  ചെന്നു. 

വിവരം അറിഞ്ഞ ഉടനെ മേനക ദാസിനരികിലേക്കു പുറപ്പെട്ടിരുന്നു. അവരുടെ ദേഹം വിയർത്തൊട്ടി സാരി ദേഹത്തോട് ചേർന്നു. എത്ര വെള്ളം കുടിച്ചിട്ടും ദാഹം നിൽക്കുന്നില്ല.  മേനക  നെറ്റിത്തടം തുടച്ചു ഫോണിൽ വരുന്ന കോളുകൾ ഓഫാക്കികൊണ്ടിരുന്നു. 

മൈത്രേയി വിളിക്കുന്നു. 
"അമ്മാ, അച്ഛനെ വിളിച്ചിട്ട്  കിട്ടുന്നില്ല. നാനിയേയും കിട്ടുന്നില്ല. അമ്മ എവിടെ..? " മൈത്രേയിയുടെ വിറയ്ക്കുന്ന സ്വരം കാതിൽ വീണു. 

"അറിയില്ല മോളു,  ഞാൻ അങ്ങോട്ട്‌ പോവുകയാണ്.  നീ അച്ഛനെ വിളിക്കേണ്ട, അവിടെ പോലീസ് ഉണ്ടാകുമല്ലോ. നീ പുറപ്പെടൂ  അടുത്ത ഫ്ലൈറ്റിൽ തന്നെ."

"ശരിക്കും അവർ മരിച്ചോ അമ്മാ...?"

"ഇല്ലെന്നാണ് അറിഞ്ഞത്. പക്ഷേ ഗുരുതരമാണ് അവസ്ഥ. ബാക്കിയെല്ലാം ടിവിയിൽ കണ്ടതേ അറിയാവൂ മോളെ... നീ ഇതേപ്പറ്റി ഒരു കമന്റും ചെയ്യരുത്. വളരെ സൂക്ഷിക്കണം. പത്രക്കാർ നിന്നെ കാണാതിരിക്കില്ല. ബി വെരി അലെർട് !"

"ശരി അമ്മാ,  ഞാൻ എന്റെ സിം ഉപയോഗിക്കില്ല ഇനി. പുതിയ സിം ഇടുന്നുണ്ട്." മൈത്രേയി പരിഭ്രമവും  ആശങ്കയും കൊണ്ടു  ആകെ വിഷമിച്ചിരിക്കുന്നു.  മകളെ തനിയെ വിടുന്നത് ബുദ്ധിയല്ല.
വിശ്വസിക്കാൻ ആവുന്നില്ല.  വിദേത് എന്ത് വിഡ്ഢിത്തമാണ് കാണിച്ചത്?  വിവാഹത്തിന് മുൻപേ എന്തിനാണ് തനൂജയെ വീട്ടിൽ താമസിപ്പിച്ചത്?  അവൾ മുൻപ് എന്തൊക്കെ ആയിരുന്നെങ്കിലും എത്ര കൗശലക്കാരിയായിരുന്നെങ്കിലും മരണത്തിൽ ഇതെല്ലാം തകിടം മറിയുമല്ലോ....

തനൂജയുടെ ആരാധകർ ആശുപത്രി ഉപരോധിക്കുന്നു, അവർ തെരുവുകളിൽ ആയുധവുമായി ഇറങ്ങുന്നു എന്നൊക്കെയാണ് ന്യൂസിൽ പറയുന്നത്.  എരിവും പുളിയും നിറഞ്ഞ വാർത്തകൾക്കായി മാധ്യമങ്ങൾ തെരുവിൽ കൂത്ത് തുടങ്ങിക്കഴിഞ്ഞു. 

മേനകയുടെ ഫോണിൽ കാൾ വന്നു.  താരാദേവി... 

"അമ്മാ... അമ്മ എവിടെയാണ്...? " ഫോൺ എടുത്തു ശ്വാസം വിടാതെ മേനക നിലവിളിച്ചു. 

"ഞാൻ തറവാട്ടിൽ ആയിരുന്നു .  ഇന്നലെ വൈകുന്നേരം  വിദേതിന്റെ വീട്ടിൽനിന്നും നിന്നും ഇങ്ങോട്ട് വന്നിരുന്നു.  ഞാൻ ഇങ്ങോട്ട് വരുമ്പോൾ അവിടെ  വിദേതോ തനൂജയോ  ഉണ്ടായിരുന്നില്ല."
 "എന്നിട്ട്...?"
" രണ്ടു ദിവസങ്ങളായി തനൂജ  വിദേതുമായി ഉടക്കിയിരുന്നു."  താരാദേവി തുടർന്നു. "ഗർഭിണിയാണെന്ന വിവരം പത്രവാർത്തയാക്കുമെന്നു അവൾ പറഞ്ഞു.  വിദേത് ഉള്ളപ്പോൾ തന്നെ പല മീഡിയക്കാരെയും തനൂജ ഫോണിൽ വിളിച്ചിരുന്നു.  പിറ്റേന്ന്  ഓഫീസിൽവെച്ചു  പത്രസമ്മേളനം നടത്തുമെന്നും അവളും വിദേതും ഒരുമിച്ചു ഒരു സർപ്രൈസ് കൊടുക്കുമെന്നും പറഞ്ഞു.  വിദേതിന് അതൊന്നും ഇഷ്ടപ്പെടുന്നില്ലായിരുന്നു."

മേനക ശബ്‌ദിക്കാൻ കഴിയാതെ ഇരുന്നു.  അപ്പുറത്ത് താരാദേവിയുടെ ശ്വാസം കേൾക്കാം. "ഇനി എന്താവും അമ്മാ... " 

"അറിയില്ല,  ഞാൻ അങ്ങോട്ടു വന്നുകൊണ്ടിരിക്കുന്നു.  വിദേത്  എന്താണ് ചെയ്യുകയെന്ന് ഒരു പിടിയും ഇല്ല, ഞാൻ നിരഞ്ജനെ വിളിച്ചിട്ടുണ്ട്.  സത്യത്തിൽ ആരെ വിളിക്കണം  പറയണം  എന്നൊന്നും  എനിക്കു അറിയുന്നില്ല. നീ മൈത്രേയിയോട് വരാൻ പറഞ്ഞില്ലേ... "

"ഉണ്ട്. അവൾ പുറപ്പെട്ടിരിക്കും ഇപ്പോൾ... "

"വളരെ സൂക്ഷിക്കണം മേനകാ,  തനൂജയുടെ കുടുംബവും ആളുകളും നിസ്സാരക്കാരല്ല. എന്തെല്ലാം ഉണ്ടാകുമെന്ന് നമുക്ക് ഊഹിക്കാൻ പോലും കഴിയില്ല.  മിത്രയെ നീ പുറത്തേക്കു വിടരുത്.  എയർപോർട്ടിൽ ആളെ വിടണം.  വളരെ സേഫ് ആയി മോളെ ആര്യവർദ്ധന്റെ അരികിൽ എത്തിക്കണം."

 മകനെയും മകന്റെ മകളെയും എങ്ങനെ രക്ഷിക്കണം എന്ന് താരാദേവിക്കു മനസ്സിലായില്ല.   പല കാര്യങ്ങളിലും ഇടപെടുന്നു എങ്കിലും ഈ വക കാര്യങ്ങൾ അവർക്കു പുതിയതായിരുന്നു.  റായ് വിദേതൻ ദാസ് സർവ്വശക്തനായി  നിൽക്കുമ്പോൾ അവർക്കു നേരിട്ട് ഒരു കാര്യത്തിലും ഇറങ്ങേണ്ടിയും വന്നിട്ടില്ല.

 ദാസിന്റെ  ഓഫീസിൽ പോലീസിന്റെയും മാധ്യമങ്ങളുടെയും വലയത്തിലായിരുന്നു അയാൾ.  
വളരെ  പവർഫുൾ ആയൊരു ബിസിനസ് മാഗ്നെറ്, ഇന്ത്യൻ രാഷ്ട്രീയത്തിലും സെലിബ്രിറ്റിയുടെ വെള്ളിവെളിച്ചത്തിലും തിളങ്ങുന്ന റായ് വിദേതൻ ദാസിന്റെ സ്വകാര്യ ജീവിതത്തിനേറ്റ കനത്ത അടി അയാളുടെ ആരാധകരെ വിഷമിപ്പിക്കുകയും വിമർശകരെ അന്ധാളിപ്പിക്കുകയും ശത്രുക്കളെപ്പോലും അമ്പരപ്പിക്കുകയും ചെയ്തു.
തെരുവിൽപ്പോലും സമ്മിശ്ര പ്രതികരണങ്ങൾ അരങ്ങേറി. 
ഒറ്റമണിക്കൂറിനുള്ളിൽ താരാകമ്പനിയുടെ ബിസിനസ് ഷെയറുകൾ കുത്തനെ ഇടിഞ്ഞു.  
അന്താരാഷ്ട്രവിപണിയിൽ കമ്പനിയുടെ  മാർക്കറ്റ് വാല്യൂ വീഴുന്നതും നോക്കി ആളുകൾ ഷെയറുകൾ വിൽക്കാൻ തുടങ്ങി.  

തന്റെ  വീട്ടിലേക്കു ഉടനെ പോകണം എന്ന് അയാൾ പോലീസിനോടും സെക്യൂരിറ്റിയോടും ആവശ്യപ്പെട്ടു. 
"എന്റെ വീട്ടിലാണ് നിങ്ങൾ പറയപ്പെട്ട അപകടം നടന്നിരിക്കുന്നത്. എനിക്കവിടെ പോയേ പറ്റൂ... അതിനു നിയമവഴി തേടണമോ ഞാനിപ്പോൾ? " അയാൾ പോലീസ് കമ്മീഷണർ അടക്കമുള്ള ഉദ്യോഗസ്ഥരെ നോക്കി. 

"നോ റായ്, യു ക്യാൻ ഗോ.. പക്ഷെ ഞങ്ങളുടെ നിരീക്ഷണത്തിൽ മാത്രം..." 

കമ്മീഷണർ ത്രിപാഠി യാദവ്  ദാസിനെ സൂക്ഷിച്ചു നോക്കി. "അതും തനൂജയെ ഹോസ്പിറ്റലിലേക്ക് മാറ്റി എന്നും അവർ മരിച്ചിട്ടില്ല എന്നും ഇപ്പോൾ അറിഞ്ഞതുകൊണ്ടും മാത്രം..."

 ദാസിന്റെ നെറ്റിയിലെ ഞരമ്പുകൾ പിണഞ്ഞുകൊണ്ടു സർപ്പപ്പത്തിപോലെ നിവർന്നു.  "സോറി.... മനസ്സിലായില്ല... " ത്രിപാഠിയുടെയും ദാസിന്റെയും കണ്ണുകൾ കൂട്ടിമുട്ടി പിണരുകൾ മിന്നി. 

 "അതേ മിസ്റ്റർ റായ് വിദേതൻ.... നിങ്ങളുടെ വീട്ടിൽനിന്നും തനൂജയെ ഹോസ്പിറ്റലിലേക്ക് മാറ്റി. അവർ അബോധാവസ്ഥയിലാണ്.  അതുകൊണ്ട് കൊലപാതകക്കുറ്റത്തിൽനിന്നും ഇപ്പോഴത്തേക്കു രക്ഷപ്പെട്ടു എന്നാണ് പറഞ്ഞത്. പക്ഷെ അതവർ മരിക്കുന്ന നിമിഷം വരെ മാത്രം. തനൂജാ തിവാരി വെന്റിലേറ്ററിൽ ആണ്.  അതിൽ നിങ്ങൾക്ക്  ആശ്വാസത്തിനുള്ള വഴിയുണ്ടോ...? "

കണ്ണുകളിൽ നിഴൽ പോലും ഇളകാതെ ദാസ്  മുഖമുയർത്തി. "ഒരാൾ മരിക്കാതിരിക്കുന്നതാണല്ലോ എല്ലാവർക്കും ആശ്വാസം നൽകുന്ന വാർത്ത..."

" ഷുവർ. ... അതിന് മുൻപ് ചില വിവരങ്ങൾ അറിയാനുണ്ട്.  ഇഫ് യു നെവർ മൈൻഡ്.... " ത്രിപാഠിയുടെ ചോദ്യം കേട്ട് ദാസ് വീണ്ടും  ഇരുന്നു. 
 
"നിങ്ങളുടെ വക്കീൽ എന്നോട് സംസാരിക്കും എന്നെനിക്കറിയാം.... അതായിരിക്കും നിങ്ങളും ആഗ്രഹിക്കുന്നത് അല്ലെ മിസ്റ്റർ റായ് വിദേതൻ ദാസ്?"

ദാസിന്റെ മുറുകിയ ചുണ്ടൊന്നു വിടർന്നു. "ചോദിക്കൂ മിസ്റ്റർ ഓഫീസർ..."

 "തനൂജയുടെ പിതാവ്, അതായത് അർജുൻ തിവാരി പോലീസിന് ഇപ്പോൾ കൊടുത്ത ഫസ്റ്റ് ഇൻഫർമേഷൻ നിങ്ങൾക്ക് എതിരാണ്. നിങ്ങളും അദ്ദേഹത്തിന്റെ മകളും തമ്മിൽ വഴക്കുണ്ടായിരുന്നു എന്നും അവരെ, അതായതു തനൂജയെ നിങ്ങൾ ഉപദ്രവിച്ചിരുന്നു എന്നും..... " ത്രിപാഠി തന്റെ ഫോണിൽ അപ്പോൾ വന്ന ഏതോ മെസേജ് നോക്കി പിന്നീട് ദാസിന്റെ മുഖത്തേക്കും ഒന്ന് നോക്കി തുടർന്നു.....
 "അതിന്... അതായത് നിങ്ങൾ തനൂജയെ ഉപദ്രവിക്കുന്നതിനു അവരും അതായതു തനൂജയുടെ മാതാപിതാക്കളും പലപ്പോഴും ഫ്രണ്ട്‌സും സാക്ഷികൾ ആയിട്ടുണ്ട്‌ അവർ  എന്നും പറയുന്നു. " 
  'അവർ' എന്നത് വല്ലാതെ ഊന്നിയാണ് ത്രിപാഠി പറഞ്ഞത്. 
ദാസ് ഒരക്ഷരവും പറഞ്ഞില്ല. 
"ഇത് നോക്കൂ,  ഇപ്പോൾ അർജുൻ തിവാരിയുടെ വാട്സ്ആപ് ചെയ്ത  ഫോട്ടോ... തനൂജയെ നിങ്ങൾ ഉപദ്രവിച്ചിട്ട് മൂക്കിൽനിന്നും രക്തം വരുന്ന ഫോട്ടോ...."
ത്രിപാഠി തന്റെ ഫോണിലെ സ്ക്രീൻ ദാസിന് നേരെ തിരിച്ചു. 
 ദാസ് ഫോട്ടോയിലേക്ക് നോക്കി. 
ആദ്യരാത്രി ആഘോഷിക്കാൻ മദാലസയായി വന്ന തനൂജയെ താൻ തല്ലിയ രാത്രിയിലെ അതേ ഫോട്ടോ.... ഓ.. അപ്പോൾ തെളിവുകൾ എല്ലാം അവൾ മുൻപേ ഒരുക്കിയിട്ടുണ്ട്.  അറിയാതെ അയാളുടെ കവിളിൽ ചിരി വന്നു മാഞ്ഞു പോയി. 

"ഈ  ചിരി എന്തിനെന്നു മനസ്സിലായി റായ് വിദേതൻ... ഒരു നടിയുടെ മൂക്കിൽ നിന്നും രക്തം വരുന്ന ഫോട്ടോ വെച്ച് നിയമം  നിങ്ങളെ എന്തുചെയ്യാൻ എന്നല്ലേ...."

"നിങ്ങൾക്ക് എങ്ങനെയും  വ്യാഖ്യാനിക്കാമല്ലോ ഓഫീസർ... യു ആർ വെൽക്കം.... "  ഇത്തവണ ദാസ് ചിരിയോടെ ത്രിപാഠിയെ നോക്കി. 

 ടിവിയിലും  ചാനലിലും ബ്രേക്കിംഗ് ന്യൂസ്‌ ആഘോഷം നടക്കുന്നത് അയാളുടെ കണ്ണിലും കാതിലും വീഴുന്നുണ്ടായിരുന്നു. വീട്ടിലേക്കുള്ള യാത്രയിൽ അയാൾ അമ്മയെക്കുറിച്ചാണ് ചിന്തിച്ചത്.  അമ്മ അപ്പാർട്മെന്റിൽ ഇല്ല എന്നറിയാം. 
എങ്കിലും പോലീസ്.... സൂക്ഷിക്കണം... 

 ദാസിന്റെ വീടും പരിസരവും പോലീസും ജനങ്ങളും മാധ്യമങ്ങളും കൊണ്ട് നിബിഡമായിരുന്നു.  പുറത്തുനിന്നുള്ള തള്ളിക്കയറ്റത്തെ നിയന്ത്രിക്കാൻ വല്ലാതെ പാടുപെട്ടാണ് പോലീസ് വ്യൂഹവും ദാസിന്റെ സെക്യൂരിറ്റിയും അയാളുടെ കാർ അകത്തേക്ക് കടത്തിയത്. 

ആരാണ് തനൂജയെ ആദ്യം കണ്ടത്?  ആരാണ് അവൾ മരിച്ചെന്ന് ന്യൂസ്‌ കൊടുത്തത്?  ആരാണവളെ ആശുപത്രിയിൽ എത്തിച്ചത്?  തന്റെ വീട്ടിൽ നടന്ന സംഭവം എന്തുകൊണ്ട് താൻ അറിയാൻ വൈകി?  ടിവിക്കാർക്ക് എങ്ങനെ ന്യൂസ്‌ ആദ്യം കിട്ടി? 

അയാൾ സാമിയെ നോക്കി.  ഒറ്റനോട്ടം കൊണ്ടുതന്നെ സാമിക്ക് ദാസ് ഉദ്ദേശിച്ചതെല്ലാം  പിടികിട്ടിയിരുന്നു. 
ദാസിന്റെ വക്കീൽ വീട്ടിൽ ഉണ്ടായിരുന്നു.  അയാൾ പോലീസ് ഓഫീസർമാരോട് സംസാരിച്ചു. 
ദാസ് സ്വിമ്മിംഗ് പൂളിനരികിലേക്കു നോക്കി.  തനൂജ വീണുകിടന്ന ഭാഗം മാർക്ക് ചെയ്തു ക്ലോസ് ചെയ്തിട്ടുണ്ട്.  
അല്പം  കഴിഞ്ഞപ്പോൾ മേനക വന്നു.   മേനകയും ദാസും സംസാരിച്ചുകൊണ്ടിരിക്കെ  താരാദേവി എത്തി. വന്നപാടെ  ഝടിതിയിൽ അവർ മകന്റെ അരികിലേക്ക് നടന്നു. 

വീട്ടിലെ ജോലിക്കാരെയും സെക്യൂരിറ്റിയെയും  പോലീസ് ചോദ്യം ചെയ്യുന്നുണ്ടായിരുന്നു. ദാസ്  ജോലിക്കാരുടെ അരികിലേക്ക് നീങ്ങി. 

"എന്താണ് എന്നെ നിങ്ങൾ അറിയിക്കാഞ്ഞത്...?" തീക്ഷ്ണമായ ചോദ്യം. 

"സാബ്... രാവിലെയാണ് തനൂജാമാഡം ഇവിടേയ്ക്ക് വന്നത്. ആറര മണിയോടെ... അവർ അവരുടെ അപ്പാർട്മെന്റിൽ രാത്രി ഉണ്ടായിരുന്നു. രാത്രി അവിടെ ഉറങ്ങി രാവിലെ ഇങ്ങോട്ടു മാഡം വരാറുണ്ടല്ലോ... അതുകൊണ്ട് അസ്വാഭാവികമായി ഒന്നും തോന്നിയില്ല. "

"എന്നിട്ട്...? "

"കുറച്ച് കഴിഞ്ഞപ്പോൾ ഗേറ്റിൽ മാഡം മിലാൻ പ്രണോതിയുടെ കാർ  വന്നു ഹോൺ അടിച്ചു. "

ദാസ് പെട്ടെന്ന് തിരിഞ്ഞു.  "ആര് വന്നെന്ന്...?"

"മിലാൻ മാഡം..."  ജോലിക്കാരൻ ഭയത്തോടെ ദാസിനെ നോക്കി. 

മിലാൻ... മിലാൻ വന്നെന്നോ.... 

"എന്നിട്ട്...?"

"മിലാൻ മാഡത്തിന്റെ കാർ ആണെന്ന് കണ്ടപ്പോൾ  തനൂജാമേഡം സെക്യൂരിറ്റിയോട് വിളിച്ചു പറഞ്ഞു, അവരേയും കാറിനേയും അകത്തേക്ക് കയറ്റരുത് എന്ന്..."

ദാസിന്റെ മുഖം ചുവന്നു. 

"മിലാൻ മേഡം ഇന്റർകോമിലൂടെ അകത്തേക്ക് വിളിച്ചു സംസാരിച്ചു.  അവർ വന്നിരിക്കുന്നത്  തനൂജാ മേഡത്തിന്റെ വീട്ടിലേക്കല്ല എന്നും റായ് സർ ന്റെ വീട്ടിലേക്കാണ് എന്നും പറഞ്ഞു.  അകത്തേക്ക് വന്നു തനൂജാമാഡത്തിനോട്  സംസാരിച്ചിട്ടേ  പോകുകയുള്ളൂ എന്നും  പറഞ്ഞു. "

"നിങ്ങൾ ഇതെല്ലാം പോലീസിനോട് പറഞ്ഞോ...?" ദാസ് അമർന്ന സ്വരത്തിൽ ചോദിച്ചു. 

"ഇല്ല സാബ്.. ഇവിടെ ഈ ബഹളം നടക്കുമ്പോൾ തന്നെ ഞങ്ങൾ അമ്മയെ വിളിച്ചിരുന്നു. താരാമ്മയെ...  താരാമ്മ പറഞ്ഞത് പോലെയേ ഞങ്ങൾ പോലീസിനോട് പറഞ്ഞിട്ടുള്ളൂ... "

ദാസ് തിരിഞ്ഞു തന്റെ അമ്മയെ നോക്കി. കൈകെട്ടി നിന്ന് താരാദേവി കമ്മീഷണർ ത്രിപാഠിയോടും മറ്റേതോ ഉദ്യോഗസ്ഥരോടും സംസാരിക്കുന്നു. 

"എന്നിട്ട് എന്തുണ്ടായി.... "? 

"മിലാൻ മേഡം ഗേറ്റിൽ ഉള്ളപ്പോൾ തന്നെ അപ്പുറത്തെ അപ്പാർട്മെന്റിലെ ആളുകളും സെക്യൂരിറ്റിയും ഇങ്ങോട്ട് ശ്രദ്ധിച്ചിരുന്നു.  അവരായിരിക്കും മീഡിയയെ വിളിച്ചത്.  പിന്നീട് മിലാൻ അകത്തേക്ക് കയറി.  തനൂജാ മേഡവുമായി ഉറക്കെ സംസാരം ഉണ്ടായി.  രാവിലെ വരുമ്പോഴേ തനൂജാമേഡം ആകെ അപ്സെറ്റ് ആയപോലെ മുഖമൊക്കെ കരുവാളിച്ച് അലങ്കോലപ്പെട്ടിരുന്നു. മിലാൻ മാഡം സംസാരിച്ചു കഴിഞ്ഞു പുറത്തേക്കിറങ്ങി. അല്പം കഴിഞ്ഞപ്പോൾ എന്തോ വീഴുന്ന ശബ്ദം കേട്ടു.  ഇവിടെ തനൂജാമാഡം കുഴഞ്ഞു വീണതായിരുന്നു. ഞങ്ങളും മിലാൻ മാഡവും അതുകണ്ടു ഓടി അരികിൽ വന്നു." ജോലിക്കാരൻ പറഞ്ഞു നിറുത്തി. 

പുറത്തേക്കിറങ്ങാൻ തുടങ്ങിയ മിലാൻ, തനൂജ വീഴുന്നത് കണ്ടു തിരികെ ഓടി വന്നെന്നും അവരെ പിടിച്ചെഴുനേൽപ്പിക്കാൻ ശ്രമിച്ചെന്നും കഴിയാതെ സെക്യൂരിറ്റിയെയും ഡ്രൈവറേയും വിളിക്കാൻ ഓടിയെന്നും, ഇതിനിടയിൽ മിലാന്റെ കമെന്റ്സ് എടുക്കാൻ പാഞ്ഞുവന്ന മീഡിയ അകത്തേക്കു  തള്ളിക്കയറി ബ്രേക്കിംഗ് ന്യൂസ് പുറത്തുവിട്ടതാണെന്നും ദാസ് മനസ്സിലാക്കി. 

ഇവിടെ നടന്ന സംഭവങ്ങൾ തന്റെ വീട്ടിലെ ക്യാമറയിൽ പതിഞ്ഞിരിക്കും എന്ന് ദാസിനറിയാം. പക്ഷെ ആദ്യം അത് പോലീസിൽ കിട്ടിയെങ്കിൽ ഒറിജിനൽ പിന്നീട് വിശ്വസിക്കാൻ വിഷമമായിരിക്കും.

"എല്ലാം താരാമ്മ പറഞ്ഞപോലെയാണ് പിന്നീട് ചെയ്തത്.... " ജോലിക്കാരൻ പറഞ്ഞത് ദാസിന്റെ ഉള്ളിൽ മുഴങ്ങി.  അയാൾ വീണ്ടും താരാദേവിയെ നോക്കി.  അമ്മ വീഡിയോ ഫൂട്ടേജ് എടുക്കാൻ പറഞ്ഞിരിക്കുമോ ഇവരോട്... പറഞ്ഞില്ലെങ്കിൽ അത്രയും ബുദ്ധിയുള്ള ജോലിക്കാർ തനിക്കുണ്ടോ അറിഞ്ഞു ചെയ്യാൻ... 
ഇതിലുപരി മിലാൻ എന്തിനിവിടെ വന്നു?  എന്നെ കാണണമെങ്കിൽ എന്നെയല്ലേ വിളിക്കേണ്ടത്?  എന്ത് അബദ്ധമാണ് ഈ കുട്ടി കാണിച്ചത്? 
തനൂജയെങ്ങാനും മരിച്ചാൽ മിലാൻ എങ്ങനെ അവളുടെ നിരപരാധിത്വം തെളിയിക്കും..... 

 "സീ മിസ്റ്റർ റായ്.... " ത്രിപാഠി ദാസിനരികിലേക്കു വന്നു.  "നിങ്ങൾക്കെതിരെ ചാർജ് ഷീറ്റ് ഉണ്ട്.  ഗ്ലാമർ ഉള്ള കൊലപാതകം ചെയ്യാൻ ആസൂത്രണം ചെയ്തു എന്നാണ് കേസ്.  വിവാഹനിശ്ചയം കഴിഞ്ഞ നിങ്ങളുടെ പ്രതിശ്രുത വധുവിനെ, അതും ഗർഭിണിയായ പ്രതിശ്രുത വധുവിനെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാൻ ശ്രമിച്ചെന്നും... നിങ്ങളുടെ എക്സ്ഫിയാൻസായെക്കൊണ്ട് കൊലപാതകം നടത്തിക്കാൻ ശ്രമിച്ചെന്നും.... രണ്ടുപേരും ചേർന്നുള്ള ഗൂഢാലോചനയിൽ ആണ് തനൂജ അത്യാസന്നനിലയിൽ ആശുപത്രിയിൽ എത്തിയതെന്നും തനൂജയുടെ മാതാപിതാക്കൾ പരാതി നൽകിയിരിക്കുന്നു. 
നിങ്ങളുടെ എക്സ് ഫിയാൻസ മിസ് മിലാൻ പ്രണോതി ഇവിടെ വന്നതിനു ശേഷമാണ് തനൂജാതിവാരി കുഴഞ്ഞു വീണത്.  തനൂജയുടെ ഉള്ളിൽ വിഷം ചെന്നതായി മെഡിക്കൽ റിപ്പോർട്ട്‌ ഉണ്ട്. യു ഗെറ്റ് മി....?"

ദാസ് നിവർന്നുനിന്നു....'നിങ്ങളുടെ എക്സ് ഫിയാൻസ മിസ് മിലാൻ പ്രണോതി ഇവിടെ വന്നതിനു ശേഷമാണ് തനൂജാതിവാരി കുഴഞ്ഞു വീണത്....'

എന്തിനാണ് നീയിങ്ങോട്ട് വന്നത് മിലാൻ.... ഈ അപകടത്തിലേക്ക്....എന്താണ് കുട്ടീ നീ ചെയ്തത്..... 
തനൂജയുടെ ഉള്ളിൽ വിഷം....!!

 അന്നാദ്യമായി ദാസിന്റെ   അമ്പത്തഞ്ചു വർഷം പഴക്കമുള്ള ഹൃദയം ആയിരം വർഷം അപ്പുറത്തേക്ക് മാറിനിന്നു  മിടിച്ചു.
ഹൃദയത്തെ അടക്കിപ്പിടിച്ചുകൊണ്ടു ദാസ് പോലീസ് കമ്മീഷണറെ നോക്കി പുഞ്ചിരിച്ചു.

                                          ( തുടരും)
നീലച്ചിറകുള്ള മൂക്കുത്തികൾ 49 - സന റബ്സ്
നീലച്ചിറകുള്ള മൂക്കുത്തികൾ 49 - സന റബ്സ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക