ഞാന്‍ നീലിമ. അനാമികയും അപര്‍ണ്ണയും എന്റെ മക്കള്‍. രണ്ടു കുഞ്ഞു ദേവതകള്‍. ഇത് ഞങ്ങളുടെ കഥ.
‘ഉടയ തമ്പുരാന്‍ നിന്നെ സൃഷ്ടിച്ചത് ദേവതകള്‍ക്കു വേണ്ടതായ എല്ലാ ചേരുവകളോടും കൂടിയാണ്.’ നീലിമയുടെ വിടര്‍ന്ന ചിറകുകള്‍ക്കൊപ്പം പറന്ന് ദേവദാസ് പറഞ്ഞു.
വിണ്ണില്‍ നിന്ന് താഴേക്കു പറക്കുന്ന കിളികള്‍ പാടിക്കൊണ്ടേയിരുന്നു.
പ്രണയിക്കുന്നവര്‍ക്ക് വേണ്ടിയാണ് കിളികള്‍ ഭൂമിയിലേക്ക് പുറപ്പെടുന്നത്.
പറക്കുന്ന സ്വരങ്ങള്‍
കിളികളുടെ സംഗീതത്തിന്റെ താളമാണ് പ്രണയികളുടെ ഹൃദയത്തിന്.
പറക്കുന്ന ഹൃദയങ്ങള്‍.
ഭൂമിയിലെ മരങ്ങള്‍ കിളികളെ സ്വീകരിക്കുന്നതു പോലെ മനുഷ്യഹൃദയം പ്രണയത്തെ ഏറ്റുവാങ്ങുന്നു.
പാടുന്ന കിളികള്‍
ദേവദാസ് കിളികള്‍ക്കൊപ്പം പാടുന്നു. ഹൃദയം കവിഞ്ഞ് ഉടല്‍ കടന്ന് ഭൂമി നിറഞ്ഞ് ആകാശ നീലിമയില്‍ ആ ഗാനം ലയിക്കുന്നു.
പുതിയ സൂര്യന്‍, പുതിയ വെളിച്ചം, പുതിയ നിറങ്ങള്‍, പുതിയ സ്വരങ്ങള്‍
ഒഴുകുന്ന നീല മേഘങ്ങളില്‍പ്രണയം നിര്‍വൃതിയോടെ മയങ്ങിക്കിടക്കുകയാണ്. ആയിരം കൈകള്‍ കൊണ്ട് സൂര്യന്‍ വാരിപ്പുണര്‍ന്ന മേഘങ്ങള്‍ക്കപ്പുറം ചന്ദ്രന്‍ നിര്‍ന്നിമേഷനായി ഭൂമിയിലേക്കുറ്റു നോക്കുന്നു.
‘ആകാശം വേണോ ഭൂമി വേണോ!’
കുട്ടികള്‍ ആകാശവും ഭൂമിയും കളിച്ചുകൊണ്ടിരുന്നു.
അഭൗമതേജസ്സുള്ള കുട്ടികള്‍.
അപര്‍ണ്ണ നീട്ടി വിളിച്ചു.
‘ചേച്ചീ....’
‘അപൂ...ആകാശം...’
മേഘരൂപങ്ങള്‍ നോക്കി നിന്നു പോയഅനാമിക അതേ സ്ഥായിയില്‍ വിളി കേട്ടു.
ദോശക്കല്ലില്‍ മാവൊഴിച്ച്, നീലിമയും നീട്ടി വിളിച്ചു. ‘അനൂ....അപൂ....’
രണ്ടു കുഞ്ഞിക്കിളികള്‍ പാടിക്കൊണ്ട് പറന്നു വന്നു.
‘ആകാശം വേണം... ഭൂമി വേണം....എനിക്ക് അമ്മേടെ പേപ്പര്‍ ദോശ’
‘എനിക്ക് അച്ഛന്റെ ഊത്തപ്പം.’
അനുവിന്റെ പേപ്പര്‍ദോശക്ക് കുഞ്ഞുള്ളിച്ചമ്മന്തിയും അപുവിന്റെ ഊത്തപ്പത്തിന് സബോളച്ചമ്മന്തിയുമുണ്ടാക്കി, ഭംഗിയില്‍വെളുത്ത പ്ലേറ്റുകളില്‍ വെച്ചു കൊടുത്ത്‌രണ്ടു പേരും കഴിക്കുന്നതു നോക്കി നീലിമ അടുത്തിരിക്കുന്നു.
രുചിയുടെആരാധികമാരാണ്. ആനന്ദപ്രകടനങ്ങള്‍ രുചിയുമ്മകളായി അമ്മയിലേക്ക് ചൊരിയും രണ്ടു പേരും മത്സരിച്ച്.
ചന്ദ്രന്‍ വീട്ടിലെത്തുന്ന നേരത്ത് നീലിമ കുട്ടികളുടെ ഉമ്മകള്‍ക്കിടയില്‍ ചിരിച്ച് വിടര്‍ന്നിരിക്കുന്നു.
രണ്ടു പേരും ചന്ദ്രനു നേരെ ഓരോ കഷണം ദോശയും ഊത്തപ്പവും നീട്ടിപ്പിടിച്ചിരുന്നു. അതുവാങ്ങിക്കഴിച്ച് കണ്ണു വിടര്‍ത്തി, തലയാട്ടി, ‘എന്തൊരു സ്വാദ്! അച്ഛന്‍ കുളിച്ചിട്ടു ഇപ്പൊ വരാം’എന്നു പറഞ്ഞ് സ്വന്തം കിടപ്പുമുറിയിലേക്ക് കയറിപ്പോയി.
‘കുട്ടികള്‍ക്ക് ചീസും ബട്ടറും വേണം. ബ്രഡും കഴിഞ്ഞു...’ നീലിമ പറഞ്ഞത് സത്യത്തില്‍ കുട്ടികള്‍ മാത്രമാണ് കേട്ടത്.
‘നാളെ സ്‌കൂളീന്ന് വരുമ്പോ ബ്രെഡും ബട്ടറും മതീ ട്ടാ അമ്മേ. അല്ലേ അപുക്കുട്ടീ? ഓഫീസീന്ന് വന്നിട്ട് അമ്മക്കിത്തിരി റെസ്റ്റ് എടുക്കാലോ...’
‘ഓ! അങ്ങനെയാവട്ടെ...’
അനുവിന് വാല്‍നട്ട് ബ്രഡും ബട്ടറും ദൗര്‍ബ്ബല്യം തന്നെയാണ്! നീലിമ കുസൃതിച്ചിരിയോടെ രണ്ടു പേരേയും നോക്കിക്കൊണ്ട് എഴുന്നേറ്റു.
‘ഞാന്‍ ശരിക്കും പറഞ്ഞതാണമ്മേ... എന്റമ്മക്ക് തീരെ റെസ്റ്റ് കിട്ടുന്നില്ല. ഓഫീസില്‍ തന്നെ കുറേ ജോലി. വീട്ടില്‍ വന്നാല്‍ പച്ചക്കറികൃഷി, ഞങ്ങളെ പാട്ടു പഠിപ്പിക്കല്‍, ദോശയുണ്ടാക്കല്‍, വീടു വൃത്തിയാക്കല്‍, പിന്നെയും എന്തൊക്കെയാ ചെയ്യുന്നത്!
‘വിഷമിക്കാതെ അനുക്കുട്ടീ. കൃഷിയും ഭക്ഷണമുണ്ടാക്കലുമൊക്കെ അച്ഛനും ചെയ്യുന്നുണ്ടല്ലോ’
‘അമ്മേ, ഞങ്ങളുടെ ഫ്രണ്ട്‌സ് ഒക്കെ ചോദിക്കുന്നു, അമ്മ അവരെ പാട്ടു പഠിപ്പിക്ക്യോന്ന്. ’
‘പഠിപ്പിക്കാം വാവേ!’
മനസ്സില്‍ ചില കണക്കു കൂട്ടലുകള്‍ നടത്തുകയാണ് നീലിമ.
ശമ്പളം ഏതാണ്ട് മുഴുവനും വീടിന്റെ ലോണുകളിലേക്ക് തിരിച്ചടവ് പോവുന്നു. കുട്ടികള്‍ക്ക് അത്യാവശ്യമുള്ളതും ഇഷ്ടമുള്ളതും വാങ്ങിച്ചു കൊടുക്കാന്‍ പാടുപെടേണ്ടി വരുന്നത് എങ്ങനേയും നേരിടണം. പണത്തിന് ബുദ്ധിമുട്ടുണ്ടെന്ന് കുട്ടികള്‍ മനസ്സിലാക്കണം, പക്ഷേ വിഷമിക്കാന്‍ പാടില്ല.
‘പോവല്ലേ അമ്മേ , ഞങ്ങള്‍ക്ക് കുറേ വിശേഷങ്ങള്‍ പറയാനുണ്ട്.’
‘എത്ര കൂട്ടുകാരുണ്ടാവും പാട്ടു പഠിക്കാന്‍?ചോദിച്ചിട്ട് അമ്മയോട് നാളെ പറയ്’
കുട്ടികള്‍ മിടുക്കികളായി വളരുന്നു.
സ്വന്തം ആവശ്യങ്ങള്‍ മാറ്റി വെയ്ക്കണം. വിഷമങ്ങളും പരിഭവങ്ങളും നിരാശകളുമില്ലാത്ത ജീവിതത്തില്‍ സന്തോഷം നിറയും.
ഹൃദയംമാത്രം സദാ ചിറകടിച്ച് പറക്കുന്നു.
ദേവദാസ്ഓരോ നിമിഷവും ആ ചിറകടി കേള്‍ക്കുന്നു.
ദേവദാസ് ഫോണില്‍ വിളിച്ചു.
‘അമ്മ ഇപ്പൊ വരാംഅനൂ.സ്‌കൂളിലെ വിശേഷങ്ങള്‍ എന്നിട്ട് കേള്‍ക്കാം’
അപര്‍ണ്ണ അമ്മയെ കെട്ടിപ്പിടിച്ച് ചിണുങ്ങി നിന്നു. കൈ കഴുകി വന്ന് അനാമിക അമ്മയ്ക്കും അപര്‍ണ്ണയ്ക്കും ഇരു കവിളിലും ഉമ്മ കൊടുത്തു.
‘ഞാനെന്നാ അച്ഛനെ ദോശ കഴിക്കാന്‍ വിളിക്കാം’
ഫോണില്‍ സംസാരിച്ചു കൊണ്ട് മുകളിലത്തെ നിലയിലേക്ക് പടികള്‍ കയറുമ്പോള്‍ അപര്‍ണ്ണയും അമ്മയുടെ ഒപ്പം കയറി.
‘എന്തെടുക്കാ പെണ്ണേ...’
‘മക്കള്‍ടെ കൂടെ ഇരിക്കായിരുന്നൂലോ...’
‘ഞാനിപ്പൊ ആദിയെ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടു വിട്ട് എത്തിയതേയുള്ളു.’
‘ഞാനിവിടെ കഴിഞ്ഞ ദിവസം ആദിയുടെ കാര്യം പറയുന്നത് കേട്ടിട്ട് അനു അവളുടെ അച്ഛനോട് ചോദിക്കുന്നു, എന്തിനാ എഞ്ചിനീയറിംഗ് കിട്ടാന്‍ ആദി ഇങ്ങനെ ഹോസ്റ്റലില്‍ പോയി നിന്ന് പഠിച്ച് കഷ്ടപ്പെടണേന്ന്. അതൊരു സ്‌ററീരിയോടൈപ്പ് ജോലിയല്ലേ എന്ന്.’
‘എന്നിട്ട് ചന്ദ്രനെന്തു പറഞ്ഞു’
‘അനുവിനും അപുവിനും ഇഷ്ടമുള്ള ജോലികള്‍ എന്തൊക്കെയാണെന്ന് ചോദിച്ചു. ചേച്ചി എന്താണോ, അതു മതി അപുവിനും.’
‘അനു പറഞ്ഞതാ ശരീന്ന് പറയ്. ആദിക്ക് അതു തന്നെ വേണംന്ന് പറഞ്ഞാല് എന്താ ചെയ്യാ....’
‘ഇന്നെന്തായിരുന്നു അച്ഛന്റെ സ്‌പെഷ്യല്‍?’
‘പനീര്‍ ബിരിയാണിയുണ്ടാക്കി. ആദി വയറു നിറയെ കഴിച്ചു. അവന്റെ അമ്മ ഉണ്ടാക്കിയാല്‍ അവനിത്ര കഴിക്കില്ല.’
‘ഊത്തപ്പത്തിന്റെ സീസണ്‍ കഴിഞ്ഞോ!’
‘ഊത്തപ്പം അവന്‍ വിടോ!പുതിയതെന്തെങ്കിലും വേണമെന്ന് എനിക്ക് തോന്നീട്ട് ഇത് പുസ്തകം നോക്കിപഠിച്ചതാ അമ്മൂ!’
‘അച്ഛന്റെ സ്‌നേഹം മുഴുവന്‍ ആസ്വദിച്ച് വളര്‍ന്ന് വലിയ ആളാവട്ടെ ആദി.’
‘അമ്മൂട്ടി, ഇന്നലെ പുറത്തു പോയി വന്ന് അവന്‍ കാറില്‍ നിന്നിറങ്ങി വീട്ടുമുറ്റത്ത് പൂച്ചക്കുട്ടികളെ നോക്കി നില്‍ക്കുമ്പോ എടുത്തു പൊക്കി തോളില്‍ വെച്ചു നടന്നു ഞാന്‍. ആദിക്ക് പതിനെട്ടു വയസ്സായീന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ലെനിക്ക്.’
‘കുട്ടികള്‍ വേഗം വളരുകയാണ്!’
‘അങ്ങോട്ടെത്താന്‍ മനസ്സ് തെരക്ക് കൂട്ടാ അമ്മൂ. ആദിയുടെ എന്‍ട്രന്‍സ് എക്‌സാം ഒന്ന് കഴിഞ്ഞോട്ടെ.’
‘കണ്ണാ, ഞാനിവിടെ വിദൂരതയിലേക്ക് നോക്കിനില്‍ക്കുന്ന നേരങ്ങളില്‍ ഒരുമിച്ചു പറക്കുന്ന രണ്ട് അരയന്നങ്ങള്‍. എന്നും രാവിലെ രണ്ടും കൂടി തെക്കു നിന്നു വടക്കോട്ടു പറക്കുന്നു. സന്ധ്യയാവുമ്പോള്‍ തിരിച്ചു പറക്കുന്നു.
‘അവ മാനസ സരസ്സില്‍ നിന്ന് വരുന്നതാണ് അമ്മൂ. തൂവലുകളില്‍ നിന്ന് വെള്ളത്തുള്ളികള്‍ വീഴുന്നില്ലേ... പ്രണയസരസ്സിലെ നീര്‍ത്തുള്ളികള്‍. വിണ്ണിലെവിടെയോ പോയിരുന്ന് സല്ലപിക്കുന്നു. രാത്രിയായാല്‍ കൂടണയുന്നു. മറ്റൊരു ലോകത്തിന്റെ സന്ദേശവാഹകര്‍.’
‘നമ്മള്‍ പറക്കുന്നതു പോലെ തന്നെ. രണ്ടിനേം കാണുമ്പോ എന്റെ ഹൃദയം ആനന്ദം കൊണ്ട് സ്തബ്ധമാകുന്നു. പരിപൂര്‍ണ്ണമായ കാഴ്ച.’
‘നമ്മുടെ പൂര്‍വ്വികരുടെ ആത്മാക്കള്‍ നമ്മെ പറത്തിയെടുത്ത് കൊണ്ടു പോകുന്നതാണമ്മൂ. അഭൗമലോകത്താണ് നമ്മുടെ പൂര്‍വ്വികര്‍. അതുകൊണ്ടാണ് എപ്പോഴും പറക്കാനുള്ള മോഹം. നമ്മുടെ കാലുകള്‍ ഭൂമിയെ സ്പര്‍ശിക്കുന്നേ ഉള്ളു... മനുഷ്യത്വം കുറവല്ലേ നമ്മളില്‍. വിണ്ണിലല്ലേ കണ്ണ്. ആകാശത്തെ അരയന്നങ്ങള്‍ പറന്നു വന്ന് സൂചന തരുന്നില്ലേ. കാണാത്ത ഭാവതലങ്ങള്‍ കാണുന്നില്ലേ, മനുഷ്യ ഇന്ദ്രിയങ്ങള്‍ അറിയുന്നതിനപ്പുറം അറിയാനാകുന്നില്ലേ...’
‘കണ്ണാ, നിന്റെ ഓരോ വാക്കും വരിയും ഈണവും അഴക് തികഞ്ഞ് നിറഞ്ഞ് തുളുമ്പുന്ന തീക്ഷ്ണ സ്‌നേഹത്തിന്റെ സംഗീതമാണെനിക്ക്.’
‘കാലം മഹാനദിയാണ്. അതില്‍പ്പെട്ട് ഒഴുകിയൊഴുകി നമ്മളോരോ തീരത്തെത്തിച്ചേരുകയാണ്.’
‘നമ്മള്‍ രണ്ടു പേരുംകാണാന്‍ വൈകിപ്പോയതെന്തേ എന്ന് പതിനഞ്ചു വര്‍ഷമായി ചന്ദ്രന്‍ എന്നോട് ചോദിച്ചുകൊണ്ടിരിക്കുന്നു...ഇന്നലേയും ചോദിച്ചു.’
‘പല ജന്മങ്ങളില്‍ ഒരുമിച്ച് കഴിഞ്ഞ് ഈ ജന്മത്തിലും നിന്നോടൊപ്പം ജീവിക്കുന്നതു പോലെയാണെനിക്ക്. ഇവിടെ കാലം മറ്റൊന്നാണ്.’
‘ചന്ദ്രനോട്പറയാന്‍ ഇപ്പോഴും എനിക്ക് ഉത്തരമൊന്നും കിട്ടുന്നില്ല.’
‘ചന്ദ്രന്‍ എല്ലാം അറിയുന്നവനാണമ്മൂ. സ്‌നേഹം നിരുപാധികം ഉള്‍ക്കൊള്ളുന്നവര്‍ക്ക് എല്ലാം ആനന്ദമാണ്. അല്ലാത്തവര്‍ക്കാണത് വേദന നല്‍കുന്നത്.’
‘ആഴമുള്ള പ്രണയത്തിന്റെ ഉള്‍ക്കടല്‍ ഇങ്ങനെയായിരിക്കും.’
രത്‌നഗര്‍ഭയായ കടല്‍.
‘കണ്ണാ, മൂന്ന് ദിവസായി നിനക്ക് പനി വന്നിട്ട്. ശബ്ദം ഇപ്പോഴും ശരിയായിട്ടില്ല. പനി ഇന്ന് മാറണം ട്ടോ’
‘ഞാന്‍ പനിയോടു പറഞ്ഞിട്ടുണ്ട് ഇന്ന് മാറാന്‍. പെണ്ണേ എന്തിനാ എനിക്ക് പനി തന്നേ’
‘ചെക്കനെന്തിനാ പനി എടുത്തേ’
‘ആവൂ...ഉത്തരം മുട്ടി. നിനക്കവിടെ പനി വന്നാല്‍ എനിക്കിവിടെ വരില്ലേ അമ്മൂ.’
അമ്മയുടെ മുഖത്തേക്കുതന്നെ നോക്കി നിന്ന അപു ഫോണിന് നേരെ കൈ നീട്ടി.
‘മക്കള്‍ക്ക് പനീര്‍ ബിരിയാണി ഉണ്ടാക്കിക്കൊടുക്ക്. റെസിപ്പി ഞാനയച്ചു തരാം.’
അപുഫോണില്‍ പൊട്ടിച്ചിരിക്കുകയും കൊഞ്ചിക്കുട്ടിയാവുകയും പാട്ടു പാടുകയും അനുവിനെ ഉറക്കെ വിളിച്ചു വരുത്തുകയും ഫോണ്‍ കൊടുക്കുകയും ചെയ്തു.
സ്‌നേഹത്തില്‍ സ്‌നേഹമൊഴിച്ച് സ്‌നേഹപാത്രത്തില്‍ വെച്ച് സ്‌നേഹ തീയില്‍ ഈ അച്ഛന്‍ വേവിച്ചെടുക്കുന്നത്എത്രയെത്ര വിഭവങ്ങള്‍!
ഫോണ്‍ തിരികെയേല്‍പ്പിച്ച് കുട്ടികള്‍ ബഹളം വെച്ച് താഴേക്കിറങ്ങിപ്പോവുന്നതു നോക്കി നില്‍ക്കുന്ന നീലിമയെ ദേവന്‍ വിളിച്ചു.
‘അമ്മൂ...’
പതിവു പോലെ ദേവന്ചങ്കില്‍ അക്ഷരങ്ങള്‍ മുറിഞ്ഞുവീണു.
ആ വേദന നീലിമ നെഞ്ചിലേറ്റു വാങ്ങിയതാണ്.
ദേവനില്‍ ഈ മഹാപ്രപഞ്ചത്തോളം നിറഞ്ഞ പ്രണയമുണ്ടെന്ന് തിരിച്ചറിയാനാവാത്തആദിയുടെ അമ്മയെ എപ്പോഴും ഓര്‍മ്മിക്കണം.
അവള്‍ നിസ്വയായി പാടി.
‘പ്രേമയില്‍ യാവും മറന്തേനെ...’
ഈ ജീവിതം നിനക്കു വേണ്ടി ...
‘എന്റെ അമ്മൂ...പ്രേമമല്ലാതെ മറ്റൊന്നും നീസ്വീകരിക്കുന്നില്ലല്ലോ...’
‘മറ്റൊന്നും എനിക്ക് വേണ്ടാ...’
ദേവന്‍ പാടുന്നു.
ചിറകില്‍ നിറയെവര്‍ണ്ണങ്ങളുള്ള എന്റെ ഓമല്‍പക്ഷി
ചുണ്ടില്‍ നിറയെ പാട്ടുകളുള്ള പൂങ്കുയില്‍
ഹൃത്തില്‍ നിറയെ പൂക്കളുള്ള വസന്തര്‍ത്തു
നീയെന്റെ പ്രണയസരസ്സ്.
‘മക്കള്‍ വിളിക്കുന്നു കണ്ണാ, നാളെ ഞായറാഴ്ച പുറത്തെവിടെയെങ്കിലും പോണംന്ന് പറഞ്ഞ് രണ്ടു പേരും അച്ഛനെ വളഞ്ഞു വെച്ച് ബഹളം കൂട്ടുന്നു!നാളെയാണ്ഇവിടെ ടൗണ്‍ഹാളില്‍ ഗുലാം അലി പാടുന്നത്. ഹിന്ദുസേനയുടെ ഭീഷണിയുള്ളത് കൊണ്ട് ഇപ്പോഴേ ടൗണില്‍ നിറയെ പോലീസാണ്.എന്തു പ്രശ്‌നമുണ്ടായാലും മക്കളേയും കൂട്ടി പോവണം. ഇപ്പൊവേഗം താഴേക്ക് ചെല്ലട്ടെ ട്ടാ.’
‘ചെല്ല്...നിന്നെ മാത്രം ആലോചിച്ചാലോചിച്ച് ഞാനിവിടെയുണ്ട ് അമ്മൂ...’
പതിവു പോലെ ഞായറാഴ്ച രാവിലെ തന്നെ കുട്ടികള്‍ കുളിച്ചൊരുങ്ങി.
ഞാനിവിടെ മഞ്ഞുതുള്ളികളില്‍ കുതിര്‍ന്ന് പുതുതായി വിരിഞ്ഞ പൂവായി ഓരോ പ്രഭാതങ്ങളിലും നിന്നിലേക്കെത്തുന്നു.
കാറ്റായും കുളിരായും സുഗന്ധമായും നീയെന്നെ വന്നു തഴുകുന്നു. ഞാന്‍ നിശ്വസിച്ചാല്‍ നിന്റെ മേല്‍ വന്ന് തട്ടും. നിന്റെ ഉള്ളില്‍ തട്ടിത്തൂവുന്ന ജലകണങ്ങള്‍ എന്നില്‍ വന്നു തൊടുന്നു...
ചിറകുകള്‍ വിരുത്തി ആകാശത്തേക്ക് നോക്കുന്നു ഞാന്‍. വെളുത്ത മേഘങ്ങള്‍ക്കിടയിലൂടെ പുളഞ്ഞു പോവുന്ന അപൂര്‍വ്വ ഭംഗിയുള്ള മിന്നല്‍പ്പിണറുകള്‍. നമ്മുടെ പൂര്‍വ്വികരുടെ പ്രണയ തീക്ഷ്ണതയുടെ മേഘസഞ്ചാരം.
‘എന്തു ചെയ്യുമ്പോഴും അമ്മഎപ്പോഴും ഇങ്ങനെ ആലോചിക്കുന്നതെന്താണാവോ അപു.’
‘നമ്മളെക്കുറിച്ചായിരിക്കുംചേച്ചി...’
‘പാടുമ്പോഴും അമ്മ ആലോചനയിലാണ് അപു.’
‘പാടുമ്പോ ആലോചിക്കുന്നത് സുബ്ബലക്ഷ്മീനെയാവും.’
കുട്ടികള്‍ നിവര്‍ത്തിയിട്ട പുല്‍പ്പായയിലേക്ക് ചമ്രം പടിഞ്ഞിരുന്ന് നീലിമ വിടര്‍ന്ന് ചിരിച്ചു.
അമ്മയുടെ ഹൃദയമിടിപ്പ് കുട്ടികള്‍ അറിയുന്നു.
ഭൂമിയില്‍ നിന്ന് വിണ്ണിലേക്ക് പറക്കുന്ന ഹൃദയം.
എല്ലാം നാദവും സുഗന്ധവും ചാരുതയും ഒരേയൊരു ബിന്ദുവില്‍ കേന്ദ്രീകരിച്ച് പ്രിയപ്പെട്ടവളുടെ ഉള്ളില്‍ സഹസ്രകോടി സൂര്യപ്രഭയോടെ അവന്‍ നിറയുന്നു.
ദേവദാസ് പറഞ്ഞു.
പ്രണയമെന്ന സത്യമാണ്, അതിന്റെ കാന്തികബലമാണ് നമ്മെ ചേര്‍ത്തു നിര്‍ത്തുന്ന ജീവല്‍ തന്തു. ആ തന്തു താമരനൂലിനോളം ലോലമാണെങ്കിലും പ്രണയസാഗരം കടഞ്ഞ് അമൃതെടുക്കുവാന്‍ ശക്തിയുണ്ടതിന്.
സംഗീതവും അങ്ങനെയാണ്.സത്യം മാത്രമാണത്. അതിന്റെ കാന്തികതയാണ് പാടുന്നവളുടെ അഴക്. ധ്യാനത്തില്‍ നിന്ന് സംഗീതാമൃതം. അതില്ലെങ്കില്‍ ശരീരവും ശാരീരവുമില്ല.
‘അമ്മേ ഈ പറന്നു വരുന്ന കിളികള്‍ക്കിടയില്‍ എവിടെ വാനമ്പാടി... കാണിച്ചു താ..’
‘രണ്ടു പേരും കണ്ണടച്ചിരിക്ക്. എന്നിട്ട് ഉള്ളിലേക്ക് നോക്ക് . ചിറകുകള്‍ മുളച്ചിട്ടേയുള്ളു വാനമ്പാടികള്‍ക്ക് . ഇനി കണ്ണുതുറന്ന് കുഞ്ഞുതൂവലുകളുടെ ചന്തം മാത്രം ശ്രദ്ധിച്ച് പാട്.
കുട്ടികള്‍ കണ്ണുതുറന്ന് പരസ്പരം വിസ്മയത്തോടെ നോക്കി. പിന്നെ അമ്മയെ നോക്കി.
സ രി മ പ ധ സാ
സാ നി ധാ പ മാ ഗ രി ാ സ
ക്ഷീരസാഗര ശയനാ!
പാലാഴിയില്‍ പള്ളി കൊള്ളുന്നവനേ
എന്നെ അവിടുന്ന് മാനസികമായി ഇത്രയും പീഡിപ്പിക്കേണ്ടതുണ്ടോ...
ദേവഗാന്ധാരിയില്‍ സുബ്ബലക്ഷ്മി പാടുന്നു.
മധുരയിലെ ദേവദാസിയുടെ മകള്‍. അമ്മ ഷണ്‍മുഖവടിവാണ് മകളുടെ ഗുരു.
ആ രത്‌നത്തെ വിവാഹം കഴിച്ച് സദാശിവം മദ്രാസിലേക്ക് കൊണ്ടു പോയി. തമിഴ് ബ്രാഹ്മണ വധുവായി അലങ്കരിക്കപ്പെട്ടു സുബ്ബലക്ഷ്മി.
താരകനാമ! ത്യാഗരാജനുത!
എന്നില്‍ കരുണാകടാക്ഷം ചൊരിയാന്‍ സന്മനസ്സ് കാണിക്കണേ...
പ്രണയിച്ച പുരുഷനോട് ചേരാനാവാതെയുള്ള ജീവിതത്തിന്റെ പ്രയാണം. സംഗീതത്തിന്റേയുംപ്രണയത്തിന്റേയും മഹാധ്യാനത്തില്‍അലങ്കാരങ്ങളുടെ നിറങ്ങളില്ലാതെ, ഭാരമൊഴിഞ്ഞ് നഗ്നമായ ആത്മാവുംശരീരവുംജീവിതവുമറിഞ്ഞ് അചഞ്ചലയായിസുബ്ബലക്ഷ്മി പാടുന്നു. ആരേയും ഭയക്കാതെ തന്റെ പ്രിയപ്പെട്ടവന് കത്തുകളെഴുതിക്കൊണ്ടിരുന്നു.1
എന്റെ കണ്ണാ,
അന്‍പേ...
എന്റെ പ്രണയമേ,
ജീവിതമേ,
അങ്ങയുടെ കുഞ്ഞു എഴുതുന്നത്...
ഇവിടെയിരുന്ന് ആ കയ്യക്ഷരങ്ങളിലും സംഗീതത്തിലും ഞാന്‍ മുത്തം വെയ്ക്കുന്നു.
അങ്ങയുടെ ചിത്രത്തെ ആലിംഗനം ചെയ്യുകയും വിതുമ്പുകയും ചെയ്യുന്നു.
ഞാനിവിടെ എന്നും അങ്ങയെ സ്വപ്നം കാണുന്നു.
ഒരു നിമിഷത്തേക്ക് പോലും അങ്ങയില്‍ നിന്നെന്നെ വേര്‍പിരിക്കാനാവുകയില്ല.
എന്റെ കണ്ണനില്‍ നിന്നൊന്നും ഞാന്‍ മറച്ചു വെയ്ക്കുകയില്ല. എനിക്ക് ജീവിതത്തില്‍ സന്തോഷമുണ്ടായിരുന്നില്ല...ഇപ്പൊള്‍ ഒരേയൊരു സത്യം മാത്രമാണുള്ളത്. അങ്ങയുടെ സന്തോഷമാണ് ഇപ്പോഴെന്റേയും സന്തോഷം.
എന്റെ സ്‌നേഹം ഒരിക്കലും മാറുകയില്ല...ഞാന്‍ മരിച്ചുപോയതിനു ശേഷം അങ്ങത് തിരിച്ചറിയും.
എനിക്ക് പണം വേണ്ട. ആ സ്‌നേഹം മാത്രം മതി.
സര്‍വ്വപ്രണയിനി പാടിക്കൊണ്ടേയിരിക്കുന്നു. ആകാശഗംഗ തെളിഞ്ഞും വിശുദ്ധമായും നിറഞ്ഞൊഴുകുന്നു ഭൂമിയിലേക്ക്.
ആ സംഗീതം ഭക്തിയുടെ നിറവായിവാഴ്ത്തപ്പെടുകയാണ്.
സൂബ്ബലക്ഷ്മിയുടെ മുഖത്ത് പുഞ്ചിരി നിറഞ്ഞ് തെളിഞ്ഞു നിന്നു.
പ്രണയം ഭക്തിയുടെ നിറവു തന്നെയാണ്!
ആത്മാവില്‍ നിന്നുണരുന്നപ്രണയവും സംഗീതവും ഭൂപ്രദേശങ്ങളോ, ഭാഷകളോ, മതങ്ങളോ ജാതിയോസദാചാരനിയമങ്ങളുടെഅതിരുകളോ അറിയുകയില്ല.
‘അമ്മേ’ കുഞ്ഞുങ്ങള്‍ രണ്ടും ഒന്നിച്ച് വിളിച്ചു. ‘അമ്മയെന്താണ് ആലോചിക്കുന്നത്!’
‘സുബ്ബലക്ഷ്മിയും ജി എന്‍ ബാലസുബ്രമണ്യവും ഒരുമിച്ചഭിനിച്ച് പാടിയ ഒരു പാട്ടുണ്ട്. ക്ലാസ്സ് കഴിഞ്ഞ് അമ്മ ആ പാട്ട് കേള്‍പ്പിച്ചു തരാം.’2
നീലിമ നിറഞ്ഞ കണ്ണും നിറഞ്ഞ പുഞ്ചിരിയുമായി കുട്ടികളെ നേരിട്ടു.
കുട്ടികള്‍ക്ക് സമാധാനമായി.
ക്ലാസ്സ് തീരുന്നതു വരേയും പുഞ്ചിരിച്ചുകൊണ്ട് നീലിമ പാടുകയും കുട്ടികള്‍ അതീവശ്രദ്ധയോടെ ഒപ്പം പാടുകയും ചെയ്തു.
അനുവും അപുവും‘പ്രേമയില്‍ യാവും മറന്തേനൈ’ കേട്ടതിന്റെ പിറ്റേന്നാണ്ടീച്ചര്‍മാര്‍ കുട്ടികളുടെ സ്‌കൂള്‍ ഐഡന്റിറ്റി റെക്കോര്‍ഡില്‍ പൂരിപ്പിക്കാനുള്ള വിവരങ്ങള്‍ ശേഖരിച്ചത്.
കുട്ടികള്‍ മതം, ജാതി, അച്ഛന്റെ പേര് ഒക്കെ കൃത്യമായി പൂരിപ്പിച്ചു തീരുന്നതോടെ സ്‌കൂള്‍ വിടാനുള്ള കൂട്ടമണിയടിച്ചു. തീരാത്തവര്‍ തീര്‍ക്കാന്‍ തിരക്കിട്ടെഴുതി.
ഒമ്പതാം ക്ലാസ്സ് എ യില്‍ നിന്ന് അനാമികയും ഏഴാംക്ലാസ്സ് എയില്‍ നിന്ന് അപര്‍ണ്ണയും ബാഗുമെടുത്ത് പുറത്തിറങ്ങി സ്‌കൂള്‍ബസ്സിനടുത്തേക്ക് നടന്നു. പിന്നില്‍ നിന്ന് തിരക്കിട്ടു വന്ന അനാമികയുടെ ടീച്ചറും അപര്‍ണ്ണയുടെ ടീച്ചറും കുട്ടികളെ രണ്ടു പേരേയും പിന്‍വിളി വിളിച്ച് തിരിച്ചു നിര്‍ത്തി.
‘ഈ ഫോമിലെ വിവരങ്ങള്‍ ഇങ്ങനെയെഴുതിയാലെങ്ങനെയാ! റൈറ്റിംഗ് ദ ഫോം ലൈക് ദിസ്! വാട്ടീസ് ദിസ്സ്!’ കോണ്‍വെന്റ് ഇംഗ്ലീഷില്‍ ടീച്ചര്‍മാര്‍ രണ്ടും ഒരേ സമയം ചോദിച്ചു.
‘നോ റിലിജിയന്‍, നോ കാസ്റ്റ്. അച്ഛന്റെ പേര്‌ചോദിച്ചതെഴുതാതെ അമ്മയുടെ പേരു മാത്രം! എന്താ കുട്ടീ ഇത്.’ അതും കോറസായിരുന്നു. രണ്ടു ടീച്ചര്‍മാരും ഒരേ പോലെ പറഞ്ഞതിന്റെ അത്ഭുതത്തില്‍ അവര്‍ ഒരേ പോലെ പരസ്പരം നോക്കി.
‘തരൂ ടീച്ചര്‍. അച്ഛന്റെ പേരും കൂടി എഴുതി തരാം.’
അനാമിക എഴുതി.ചന്ദ്രന്‍.
അപര്‍ണ്ണ എഴുതി. ദേവദാസ്.
കുട്ടികള്‍ പൂരിപ്പിച്ച രണ്ടു പേരുകളും നോക്കി ടീച്ചര്‍മാര്‍ പിന്നേയും കോറസ് പാടി. ‘ഇതെന്താ ഇങ്ങനെ? അച്ഛന്‍മാരുടെ പേരുകള്‍ വേറെ വേറെ! അതെങ്ങനാ?’
‘അയ്യോ ഞങ്ങടെ ബസ്സ്!’ തിരിഞ്ഞുനോക്കിപ്പറഞ്ഞ് കുട്ടികള്‍ രണ്ടും കൈ കോര്‍ത്തു പിടിച്ച് ചിരിച്ചുകൊണ്ട് ഓടിപ്പോയി ബസ്സില്‍ കയറി.
ടീച്ചര്‍മാര്‍ രണ്ടും അവിടെ തന്നെ നിന്നു. അവരോട് പിന്നെയും പൊടുന്നനെയെന്തോ ചോദിക്കാനായി, ഗാ എന്ന നിലയില്‍ വായും പൊളിച്ച്.
നീലാകാശത്ത് ചാഞ്ഞുതുടങ്ങുന്ന സൂര്യന്റെ വിശേഷപ്പെട്ട ആലിംഗനത്തിനു വേണ്ടി മേഘങ്ങള്‍ ആരവം തുടങ്ങിക്കഴിഞ്ഞിരുന്നു. കുട്ടികള്‍ ബസ്സില്‍ നിന്ന് തല പുറത്തേക്കിട്ട് ആകാശത്തേക്ക് നോക്കി.അപ്പോള്‍ഇളം നീല മേഘപടലത്തില്‍ നിന്ന് ചുവന്ന സൂര്യന്‍ പെയ്തിറങ്ങി കുട്ടികളുടെ മുഖത്തെ കൂടുതല്‍ ഭംഗിയുള്ളതാക്കി.
--------------------------
2016
MS സുബ്ബലക്ഷ്മി പ്രമുഖകര്‍ണ്ണാടക സംഗീതജ്ഞന്‍ ജി. എന്‍. ബാലസുബ്രമണ്യത്തിനെഴുതിയ പ്രണയം നിറഞ്ഞ ഇരുപത് കത്തുകള്‍ ടി. ജെ എസ് ജോര്‍ജ്ജിന്റെ M S, a Life in Music എന്ന പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
‘പ്രേമയില്‍ യാവും മറന്തേനൈ...’, 1940 ല്‍ സദാശിവം തിരക്കഥയെഴുതി നിര്‍മ്മിച്ച‘ ശകുന്തളൈ’ എന്ന തമിഴ് സിനിമയില്‍ എം എസ് സുബ്ബലക്ഷ്മിയും ജി. എന്‍ ബാലസുബ്രമണ്യവും ഒരുമിച്ചഭിനയിച്ച് പാടിയ പാട്ട്.
read also