Image

ഒരു മാസ്ക്കും അല്പം  പൊല്ലാപ്പും (നർമ്മ കഥ-സാനി മേരി ജോൺ)

Published on 22 January, 2021
ഒരു മാസ്ക്കും അല്പം  പൊല്ലാപ്പും (നർമ്മ കഥ-സാനി മേരി ജോൺ)

മുഖത്തേക്ക് മാസ്ക് വലിച്ചിട്ട് അതിരാവിലെ തന്നെ  പതിവ് നടത്തക്കായി റിട്ടയർഡ് കേണൽ മേനോൻ വീടിൻ്റെ മുൻ വാതിൽ തുറന്നിറങ്ങി.ചവിട്ടുപടികൾ കടന്നതും മേനോൻ്റെ  സൂക്ഷ്മദൃഷ്ടിയിൽ ആദ്യം പെട്ടത് അതാണ്.  "അതെ"ന്ന് പറഞ്ഞാൽ ഒരു മാസ്ക്.  ആരുടേയോ മൂക്കും വായും ദീർഘനേരം മൂടിക്കെട്ടിയിരുന്ന്   അവരുടെ സ്രവങ്ങൾ  യഥേഷ്ടമേറ്റുവാങ്ങി, ഏതാണ്ട് പൂർണ്ണ അംഗവൈകല്യം സംഭവിച്ച  ഒരു പാവം. പാതിയും മൃതപ്രായനായ ആ തൊണ്ടി മുതൽ കണ്ട സ്ഥലമാണ്, കൃത്യനിഷ്ഠയിലും അച്ചടക്കത്തിലും സർവ്വോപരി പരിസരവൃത്തിയിലും  തത്പരനായ കേണലിനെ അങ്ങേയറ്റം കുണ്ഠിതനാക്കിയത്. ആ അർദ്ധശ്ശരീരൻ പൂർണ്ണ നഗ്നനായി കിടന്നത് കേണലിൻ്റെ  വീട്ടുമുറ്റത്താണ്. ടൈൽസിട്ട മുറ്റത്തിന് ഒത്ത നടുക്ക്...

കൈയ്യിലിരുന്ന വാക്കിങ്ങ് സ്റ്റിക്ക് കൊണ്ട് അതിനെ പൊക്കിയെടുത്തു പുറത്താക്കാനാണ് ആദ്യം  കേണലിൻ്റെ ബുദ്ധി അദ്ദേഹത്തോടുപദേശിച്ചത്.അതിനായി  വടി ആഞ്ഞൂന്നിയപ്പോഴാണ് കേണലിൻ്റെ അന്തരംഗത്തിലിരുന്ന് മനസാക്ഷി
 മറ്റൊരുപദേശം നൽകിയത് - "അരുതേ... ".

അറുപതും കഴിഞ്ഞ്, എഴുപതിൻ്റെ പടിവാതിൽ രണ്ട് വർഷം മുന്നേ ചാടി കടന്ന തനിക്ക് കൊറോണ പിടിക്കാനും  തന്മൂലം കുരച്ചും ചുമച്ചും ഇഹലോകം വെടിയാനും  മന:പൂർവ്വം ആരോ കൊണ്ടിട്ടതാവില്ലേ അതവിടെ? മാസ്ക്കിന് മുകളിലൂടെ ദൃശ്യമായ  മേനോൻ്റെ കണ്ണട വെച്ച കണ്ണുകൾ കുറുകി.

നഗരത്തിലെ പേരെടുത്ത റെസിഡൻഷ്യൽ കോളനിയിലാണ് കേണലിൻ്റെ ബഹുനില മാളിക.  തൊട്ടടുത്ത് താമസിക്കുന്നത് നഗരത്തിൽ ഓട്ടോ ഓടിച്ചു കഴിയുന്ന ശശിയും കുടുംബവുമാണ്. വെറും രണ്ട് സെൻ്റ് സ്ഥലത്ത് രണ്ട് മുറി വീട്ടിൽ താമസിക്കുന്ന ആ കുടുബം, റെസിഡൻസ് അസോസിയേഷൻ പ്രസിഡൻറായ കേണലിന് മാത്രമല്ല, അവിടത്തെയെല്ലാ അന്തേവാസികൾക്കും കണ്ണിലെ കരടാണ്.  അവരെ അവിടന്ന് കെട്ടുകെട്ടിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ആർക്കുമിതുവരെ സാധിച്ചിട്ടില്ല. പാവങ്ങളായതിനാൽ  ശശിക്ക് മിത്രങ്ങളും പണക്കാരനായതിനാൽ കേണലിന് ശത്രുക്കളുമേറെ.

ഓട്ടോക്കാരൻ ശശി തന്നെയാവും ആ മാസ്ക് അവിടെ കൊണ്ടു വന്നിട്ടത്. കേണലിന് നൂറ് ശതമാനം ഉറപ്പായിരുന്നു. ആരും മനപൂർവ്വം വലിച്ചെറിയാതെ  ഒത്ത നടുക്കിങ്ങനെ അവൻ വായു വലിച്ചു കിടക്കില്ല.

തൻ്റെ മുറ്റത്തെ ഈ മാസ്ക്, ശശിക്കെതിരെ പ്രയോഗിക്കാൻ നല്ലൊരായുധമാണ്. ഇന്ന് മുറ്റത്ത് കേവലമൊരു മാസ്ക് വലിച്ചെറിഞ്ഞവൻ,  നാളെ ബോംബിടില്ലെന്നാരറിഞ്ഞു? വർഷങ്ങളായി ശശിയെ ഒഴിപ്പിക്കാൻ ശ്രമിച്ചിട്ട് നടക്കാത്ത കാര്യം   ഇവനെ കൊണ്ട് സാധിക്കുമായിരിക്കും.

നടുമുറ്റത്ത് വിവസ്ത്രനായ് നടുവൊടിഞ്ഞു കിടക്കുന്ന മാസ്കിൽ നിന്നും മാന്യമായ  ശാരീരിക അകലം പാലിച്ചുകൊണ്ട് കേണൽ ഗേറ്റ് തുറന്നു. ഗേറ്റിന് മുന്നിൽ പതിവുള്ള പോലെ  ഇടത്തേക്കോ വലത്തേക്കോ തിരിയേണ്ടതെന്ന് അമാന്തിച്ചു നിൽക്കുമ്പോൾ ഒരു കരകര നാദം.
"ഗുഡ് മോർണിംഗ്. "

രണ്ട് മാസങ്ങൾക്ക് മുൻമ്പ് സ്ഥലം മാറി കോളനിയിൽ താമസത്തിനെത്തിയ എസ്.ഐ.അശോക് കുമാറാണ് ശബ്ദത്തിൻ്റെ ഉടമ. സിനിമാ നടൻ ശ്രീനിവാസനെ ഒറ്റനോട്ടത്തിൽ അനുസ്മരിപ്പിക്കുന്ന രൂപഭാവങ്ങളാണ് അയാൾക്ക്. അതിനാൽ  അറിഞ്ഞും അറിയാതെയും ശ്രീനിവാസൻ്റെ പല ശാരീരിക ചലനങ്ങളും എസ്.ഐയിൽ പലപ്പോഴും വന്നു ഭവിക്കാറുണ്ട്. ഒരു കോമാളി പരിവേഷം  അവിടത്തെ താമസക്കാർ  അയാൾക്ക് ചാർത്തി കൊടുത്തിട്ടുമുണ്ട്.

 പട്ടാളത്തിലായിരുന്നതിനാൽ പോലീസുകാരോടു കേണലിന് പ്രത്യേക താത്പര്യമുണ്ട്, ബഹുമാനവുമുണ്ട്. പോലീസുകാരെ പോലെ കൃത്യനിഷ്ഠ, അച്ചടക്കം ഇതൊക്കെ പട്ടാളക്കാരിലുമുണ്ടെന്ന് കേണൽ ഉറച്ച് വിശ്വസിക്കുന്നു. സുപ്രഭാതം നേർന്ന് അയാളൊടൊപ്പം നടന്ന് തുടങ്ങുമ്പോഴാണ് കേണൽ വെള്ളയിൽ ചുവപ്പ് പൂക്കളുളള എസ്.ഐയുടെ മാസ്ക് ശ്രദ്ധിച്ചത്.  തത്ക്ഷണം സ്വന്തം മുറ്റത്തു അല്പം മുന്നേ കണി കണ്ട 'അവശൻ '  മനോമുകുരത്തിൽ തെളിഞ്ഞു .

ഇതാണ് പറ്റിയ സമയം. കോളനിയിൽ നിന്നും ശശിയെ കെട്ടുകെട്ടിക്കാൻ കിട്ടിയ സമയം.

കേണൽ മുരടനക്കി.
" സർ...രാവിലെ തന്നെ വീട്ടിൽ ഒരു നാടകീയ സംഭവമുണ്ടായി".

എല്ലാ പോലീസുകാരേയും പോലെ അതറിയാൻ എസ്.ഐ കണ്ണും കാതും കൂർപ്പിച്ചു. തന്നെ ചുറ്റിപ്പറ്റി കോളനിയിൽ  പരക്കുന്ന കിംവദികൾ എസ്.ഐക്ക് കുറച്ചൊക്കെ അറിയാം. "ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റി "ലെ ശ്രീനിവാസനെ പോലെ, സ്വന്തം ചീത്ത പേര് മാറ്റിയെടുക്കാൻ കോളനിയിൽ ആർക്കെന്തു സഹായവും ചെയ്യാൻ അയാൾ സന്നദ്ധനാണ്.

കേണൽ മാസ്ക്കിൻ്റെ കാര്യം പറഞ്ഞു നിർത്തിയതും  പോലീസുകാരൻ്റെ ഉത്തരവാദിത്വബോധം പൂർണ്ണമായും പ്രതിഫലിച്ചിരുന്ന ശബ്ദം മുഴങ്ങി.
 " ശശിയോ അയാളുടെ കുടുബാംഗങ്ങളോ അതവിടെയിടുന്നത് കേണലോ വീട്ടിലുളളവരോ കണ്ടോ?"

   പോലീസുകാരോടും പട്ടാളക്കാരോടും തല പോയാലും നുണ പറയില്ലെന്ന് സ്വയം തീരുമാനിച്ച വാക്ക് പാലിക്കാനായി  തീർത്തും സത്യസന്ധനായി.
 " ഇല്ല...ഒരു പക്ഷെ,  ഖുശ്ബൂ കണ്ട് കാണും"

അവിവാഹിതനായ എസ്.ഐയുടെ മനസിൽ ഖുശ്ബൂ എന്ന പേര് കേട്ടതും ആയിരം അമിട്ടുകൾ ഒന്നിച്ചു പൊട്ടി.
"എന്നാൽ സ്റ്റേഷനിലേക്ക്പോവുമ്പോൾ ഞാനവിടെ കയറാം. " യൂണിഫോമിൽ തന്നെ കാണുമ്പോൾ ഖുശ്ബുവിന് ഒരു മതിപ്പുണ്ടായിക്കോട്ടെയെന്നയാൾ മനക്കോട്ട കെട്ടി.
" ഖുശ്ബുവിൻ്റെ
 മൊഴിയെടുത്തിട്ട് തന്നെ കാര്യം. അതീ കേസിൽ വളരെ നിർണ്ണായകമാണ്."

കേണലിൻ്റെ മറുപടിക്ക് കാത്ത് നിൽക്കാതെ ചുവന്ന ബനിയനും കറുത്ത  പാൻ്റുമിട്ട എസ്.ഐ ഓടിയകന്നു.

തൻ്റെ നടപ്പ് തുടരേ, എതിരേയും കുറുകെയും വന്ന പരിചയക്കാരോടെല്ലാം മാസ്ക് ചരിതം വിളമ്പാൻ കേണൽ മറന്നില്ല. കേട്ടവർ കേട്ടവർ സന്ദർഭത്തിനനുസരിച്ച്, തങ്ങളുടെ മുഖത്തെ മാസ്ക്കുകൾ പൊക്കിയും താഴ്ത്തിയും ശശിയേയും കുടുംബത്തേയും ചീത്ത വിളിച്ചു.

 വീട്ടിൽ തിരിച്ച്  ചെല്ലുമ്പോൾ വരവേൽക്കാനായി നടുക്ക് തന്നെയുണ്ട് ആ മാസ്ക്. അണുവിട അങ്ങോട്ടോയിങ്ങോട്ടോ മാറിയിട്ടില്ല. തട്ടാതെ മുട്ടാതെ, ചാഞ്ഞും ചരിഞ്ഞും, നോക്കിയും കണ്ടും കേണൽ വീടിനകത്തേക്ക് കയറി.

ഭാര്യ റോസമ്മ, ജോലിക്കാരൻ തോമ ഇവരാണ് കേണലിൻ്റെ കുടുംബാഗങ്ങൾ.  വർഷങ്ങൾക്ക് മുന്നേ  വിവാദമായ ഒരു വിവാഹമായിരുന്നു ഹിന്ദുവായ കേണലിൻ്റേയും ക്രിസ്ത്യാനിയായ റോസമ്മയുടേയും വിവാഹം. ആ ദാമ്പത്യവല്ലരിയിൽ മക്കളൊന്നുമുണ്ടായില്ല.

 കേണലിൻ്റെ കാലൊച്ച വാതിൽക്കൽ കേട്ടതും ചായയുമായി തോമ ഹാജരായി.മാസ്ക് വെക്കാൻ മടിയുള്ള തോമ, കേണലിനെ പേടിച്ച് തോളിൽ കിടന്ന തോർത്തുപയോഗിച്ച് നൊടിയിടയിൽ ഒരു മുഖ കവചം തീർത്തു. ചായകൊടുത്തു തിരിഞ്ഞതും മാജിക്കുക്കാരൻ്റെ കൈയ്യിലെ വടി രൂപം മാറുന്ന പോലെ അതു പൂർവ്വസ്ഥിതിയിലായി.

തൻ്റെ മാസ്ക്ക് ഊരിമാറ്റി കേണൽ ചായ രുചിച്ചു.   പേപ്പറും മറിച്ച് സിറ്റൗട്ടിൽ ഇരിക്കുമ്പോഴും കേണൽ മുറ്റത്തെ അവശനായ  മാസ്ക്കിനെ ഒളികണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. ഐ. സി. യു.വിൽ കിടക്കുന്ന രോഗി ഊർദ്ധശ്വാസം  വിടുമ്പോൾ മാറിടം ഉയർന്ന് താഴുന്ന പോലെ ഇടക്കിടെ ഒരനക്കമതിനുണ്ട്. എങ്കിലും കിടന്നിടത്തു നിന്നെണീക്കാൻ ആ പാവത്തിന് അശേഷം ശേഷിയില്ല.

 എങ്ങനെയും എസ്.ഐ. വരുന്നവരെ  തൊണ്ടി മുതൽ കാറ്റത്ത് പറന്നു പോവാതെ സൂക്ഷിക്കണം. ഒരു വലിയ കല്ലെടുത്ത് അതിൻ്റെ പുറത്ത് സ്ഥാപിച്ചാല്ലോ? വേണ്ട, വിലപ്പെട്ട പല സ്രവാവശിഷ്ടങ്ങളും നഷ്ടപ്പെടാനും അത് വഴി പ്രതി രക്ഷപ്പെടാനും സാധ്യതയുണ്ട്.

റോസമ്മ എഴുന്നേറ്റു വന്നപ്പോൾ കേണൽ മുറ്റത്തെ മാസ്ക്കിൻ്റെ  കഥ വിവരിച്ചു.  സംഭവസ്ഥലം സൂക്ഷ്മമായി നിരീക്ഷിച്ച്, ശശിയെ കുറ്റക്കാരനാക്കി റോസമ്മ മൈക്കില്ലാതെ പ്രസംഗമാരംഭിച്ചു. അവരുടെ കണ്ഠനാളത്തിൽ നിരവധി മൈക്കുകളെ ഒരേ സമയം വെല്ലുവിളിച്ച് ജയിക്കാനുള്ള ഉച്ചഭാഷിണി ഉടേതമ്പുരാൻ ജനിപ്പിച്ചപ്പോഴേ അഞ്ചെട്ടു സ്ക്രൂ ഉപയോഗിച്ച്  സ്ഥാപിച്ചിട്ടുണ്ട്.

"എന്നാലും അവനാളു കൊള്ളാല്ലോ? പ്രായം ചെന്ന നമ്മളിവിടെയുള്ള കാര്യം പോലും ഓർക്കാതെ അതിനെ വലിച്ചെറിഞ്ഞല്ലോ? നമ്മുടെ പറമ്പ് അവൻ്റെ ചവറ്റുകുട്ടയാണോ.. അവനെയിന്ന് ഒരു പാഠം പഠിപ്പിക്കണം.. വിടരുത് ".

 ഒമ്പത് മണിയോടെ  യൂണിഫോമിലെത്തിയ എസ്.ഐ.യെ കണ്ട് കേണൽ രോമാഞ്ചം കൊണ്ടു. താനിട്ടിരിക്കുന്ന ബനിയനും മുക്കാൽ മുറിയൻ ട്രൗസറും  ഊരിയെറിഞ്ഞ് പഴയ പട്ടാളക്കുപ്പായം ധരിക്കാൻ കേണലിനാശ തോന്നി. എസ്.ഐയുടെ മുഖത്ത് കടുംമഞ്ഞയിൽ കറുപ്പ് വരകളുള്ള മറ്റൊരു  മാസ്ക്ക് സ്ഥാനം പിടിച്ചിട്ടുണ്ട്. മാസ്ക് തിരഞ്ഞെടുക്കുന്നതിൽ എസ്.ഐയുടെ സെലക്ഷൻ കേണലിന് ബോധിച്ചു.

 ഗേറ്റ് തുറന്നിട്ടിരുന്നതിനാൽ വണ്ടിയിൽ നിന്നുള്ള എസ്. ഐ യുടെ  ചാട്ടം, "സന്മസുള്ളവർക്കു സമാധാന"ത്തിലെ ശ്രീനിവാസൻ്റെ സുപ്രസിദ്ധമായ ചാട്ടം തന്നെയായിരുന്നു. സിനിമയിൽ മോഹൻലാലിന് മുന്നിലേക്കായിരുന്നെങ്കിൽ, ഇവിടെ നേരെ ചാടി മാസ്ക്കിനെ തൊട്ടു തൊട്ടെന്ന പോലെ അയാൾ നിന്നു. ചാട്ടത്തിൽ ബാലൻസ് ചെറുതായ് നഷ്ടപ്പെട്ടതിനാൽ ആ ശരീരം ഒന്നാടിയുലഞ്ഞു.

എസ്.ഐ മുഖത്തെ മാസ്ക് പൊക്കി വെച്ച്, മുറ്റത്തെ മാസ്ക്കിന് ചുറ്റും  വലം വെച്ചു. കറുത്ത ഷൂസിട്ട കാല് വെച്ച് നാലുവശവും നീളവും വീതിയും  അളന്നു.  ഒടുവിൽ കേണലിനോട് ഒരു ചോദ്യം.
"എവിടെ ഖുശ്ബൂ? എനിക്കാ കുട്ടിയെ ഉടനടി ചോദ്യം ചെയ്യണം".

തൻ്റെ മുന്നിലേക്ക് വരുന്ന കാർത്തിക ദീപത്തിൻ്റെ കാന്തിയുള്ള പെൺകുട്ടിയുടെ മുഖം നേരിൽ കണ്ട പോലെ അവിവാഹിതനായ എസ്.ഐയുടെ ഇരുണ്ട മുഖം ചുവന്നു. ഇനിയവൾക്ക് സിനിമാനടി ഖുശ്ബുവിനെ പോലെ ലേശം തടിയുണ്ടെങ്കിലും സാരമില്ല. ഖുശ്ബു -ശ്രീനിവാസൻ.. ശ്രീനിവാസൻ - ഖുശ്ബു .. എസ്.ഐ. മെല്ലെ മെല്ലെ മനോരാജ്യത്തിൽ മുഴുകി.

"സാറേ.. ഞാൻ രാവിലെ കാര്യങ്ങൾ പറയാൻ തുടങ്ങും മുന്നേ സാറു പോയി ." ഹോം വർക്ക് ചെയ്യാത്ത കുട്ടി ടീച്ചറിന് മുന്നിൽ കാര്യകാരണങ്ങൾ ഉണർത്തിക്കുന്ന അവസ്ഥയിലായി പാവം കേണൽ .

"എന്തേ  ആ കുട്ടീ ഇവിടെയില്ലേ? സാരമില്ല.. ഞാൻ പോയിട്ട് കുട്ടി വരുമ്പോൾ വരാം." എസ്.ഐ പോകാനൊരുങ്ങി.

"അതല്ല സാറേ, ഖുശ്ബൂ എൻ്റെ നായ്ക്കുട്ടിയാണ്. ..പക്ഷെ, സ്വന്തം മോളെ പോലെ തന്നെ.. അല്ലേ റോസൂ?" കേണൽ  ഭാര്യയെ സഹായത്തിനായി നോക്കി.എസ്.ഐയുടെ വരവറിഞ്ഞ്  മാസ്ക്കണിഞ്ഞെത്തിയ അവർ  തലയാട്ടി.ഒരു പെൺകുഞ്ഞിനെ സ്വപ്നം കണ്ടിരുന്ന കേണലിൻ്റെ കുടുംബ ജീവിതത്തിലേക്ക് വൈകിയെത്തിയ വസന്തമാണ് വളർത്തു പുത്രി ഖുശ്ബൂ.

നായക്കിടാൻ പറ്റിയ ബെസ്റ്റ് പേര് തന്നെ. ഒരു പരിഹാസം എസ്.ഐയിൽ പൊട്ടി മുളച്ചു.  അതിലേറെ  നിരാശയും ചമ്മലും. അവയൊന്നും  പുറത്ത് കാണിക്കാതെ എസ്.ഐ അതിവിദഗ്ദമായി അടുത്ത ചോദ്യം തൊടുത്തു.

" മകളെ പോലെയാണെങ്കിലും ആ മകൾ സംസാരിക്കില്ലല്ലോ? ഇവിടെ നിന്നിട്ടിനി  കാര്യമില്ല.എവിടെയാണവൻ്റെ വീട് ? ശശിയുടെ ?"

കേണൽ ശബ്ദിക്കും മുന്നേ റോസമ്മ  ഉച്ചഭാഷിണിയുമായി  വെളിയിൽ ചാടി." ദേ... ഇങ്ങോട്ട് വാ സാറേ.. ആ കാണുന്നതാ.."

എസ്.ഐ  മാസ്ക്  ശരിയായി വലിച്ചിട്ട് അവർ കാണിച്ച ദിക്കിലേക്ക്  നടന്നു. കൂടെ ചെല്ലാൻ ഒരുങ്ങിയ കേണലിനേയും ഭാര്യയേയും അയാൾ വിലക്കി.

അയാളങ്ങോട്ട് പോകുന്നതും ശശിയുടെ കഴുത്തിന് ചുറ്റും നാവുള്ള ഭാര്യ മാസ്ക് വെച്ചിറങ്ങി വരുന്നതും കൈചൂണ്ടി ഇങ്ങോട്ട് നോക്കി സംസാരിക്കുന്നതുമെല്ലാം കേണൽ നിർന്നിമേഷനായി നോക്കി നിന്നു.  

 നിർണായകമായ ഏതാനും സെക്കൻഡുകൾക്ക്  ശേഷം എസ്.ഐ തിരിച്ചെത്തി.

" അവരെ ഇവിടെ നിന്നോടിക്കാൻ നിങ്ങൾ മന:പൂർവ്വം ചെയ്തതാണെന്നാണ് ആ സ്ത്രീ പറയുന്നത്. "

റോസമ്മയുടെ നേരെ ആദ്യമായി സംശയ ഭാവത്തിൽ എസ്.ഐ നോക്കി. പുരികം ചുളിച്ചു.മാസ്ക് നേരാംവണ്ണം വലിച്ചിട്ടു.

" അവളതും അതിൻ്റെപ്പുറവും പറയും. എല്ലാത്തിനേം പിടിച്ച് സ്റ്റേഷനിൽ കൊണ്ട് പോയി രണ്ടിടി കൊടുക്കണം സാറേ... ഈ വയസായ ഞങ്ങളെ കൊറോണ പിടിപ്പിച്ച് കൊല്ലാൻ വേണ്ടി അവറ്റകൾ മന:പൂർവ്വം ചെയ്തതാ സാറേ... " റോസമ്മ മാസ്ക്കിനുള്ളിൽ വിങ്ങിപ്പൊട്ടിയിരിക്കുന്ന വലിയ  മൂക്ക് ചീറ്റി.  സ്ത്രീകളുടെ അവസാന ആയുധമായ അതിൽ,  വലിയ മനക്കരുത്തൊന്നുമില്ലാത്ത എസ്.ഐ തലയടിച്ചു വീണെങ്കിലും ഉടനടി സ്ഥലകാലബോധം വീണ്ടെടുത്തു.

"തെളിവില്ലാതെ അങ്ങനെ പിടിച്ചോണ്ട് പോയാൽ എൻ്റെ തൊപ്പി തെറിക്കും. കാലം പഴയതല്ല. അതൊക്കെ ഖുശ്ബു അഭിനയിച്ച  സിനിമയിലേ നടക്കൂ."

കേണലും ഭാര്യയും നിസഹായരായി പരസ്പരം നോക്കി. ശശിയും കുടുംബവും സ്ഥലം കാലിയാക്കാൻ ഈ മാസ്ക് പോരാ. ഖുശ്ബുവിന്  അതിവിശാലമായ  എ.സി വെച്ച ശ്വാനഗൃഹം സമീപഭാവിയിൽ ഉണ്ടാകുമെന്നും തോന്നുന്നില്ല.

അകാല മൃത്യു വരിച്ച കൂട്ടുകാരൻ്റെ ശവസംസ്കാരത്തിൽ പങ്കെടുക്കുന്നവരെ പോലെ കേണലും ഭാര്യയും  മാസ്ക്കും നോക്കി നിൽക്കുമ്പോഴാണ് ആ മാളികയുടെ മതിലിൽ പിടിപ്പിച്ച സി.സി.ക്യാമറ എസ്.ഐയുടെ കഴുകൻ കണ്ണുകളിൽ പെട്ടത്. ശെടാ..

" വീട്ടിൽ ക്യാമറ വെച്ചിട്ടെന്തിന്, നാട്ടിൽ ചുറ്റി നടപ്പൂ.. " ഒരു  മൂളിപ്പാട്ടു പാടാനാണ് എസ്.ഐക്കപ്പോൾ തോന്നിയത്.

" ആഹാ.. ഇതൊക്കെ വെച്ചിട്ടാണോ നാട്ടിൽ കള്ളനെ അന്വേഷിക്കുന്നത്? ഇത് പ്രവർത്തിക്കില്ലേ? അതോ വെറും ഷോയ്ക്കോ? " എസ്.ഐ ചെറിയ കൺഫ്യൂഷനിലായി. ഇതും സ്റ്റേഷനിലെ ക്യാമറ  പോലെ പോലീസിനെ കാണുമ്പോൾ കവാത്ത് മറക്കുന്നയിനമാണോ?

"പിന്നെ .. അത് ഖുശ്ബുവിനെ പോലെ വളരെ ശുഷ്ക്കാന്തിയുള്ള ക്യാമറയാണ്."

"എന്നിട്ടാണോ ആളെ കണ്ട് പിടിക്കാൻ എന്നെ നെട്ടോട്ടം ഓടിക്കുന്നത് .. ?" പൊടുന്നനേ ശ്രീനിവാസൻ്റെ ശരീരത്തിൽ സുരേഷ് ഗോപിയുടെ പ്രേതം കൂടിയ പോലെ അയാൾ രോഷാകുലനായി. "എവിടെ? നമുക്കതൊന്ന് പരിശോധിക്കാം."

കേണൽ ക്യാമറയുടെ കാര്യം മറന്നിരിക്കുകയായിരുന്നു. ആറ് വർഷം മുന്നേ അതവിടെ സ്ഥാപിച്ചിട്ട് ആദ്യമായാണ് ഒരുപകാരമുണ്ടാവുന്നത്.

ക്യാമറ റീ വൈൻഡ് ചെയ്ത് പ്രവർത്തിച്ചു തുടങ്ങി.അതിലേക്ക് കണ്ണും നട്ട് മൂവരും നിരന്നു നിന്നു.

 ടി വി യിൽ തലേ രാത്രിയിലെ  സംഭവങ്ങൾ ഇതൾ വിരിഞ്ഞു. ശ്വാസം പോലും വിടാതെ എല്ലാവരും അങ്ങേയറ്റം ശ്രദ്ധാലുക്കളായി.

രാത്രി, ഏതോ യക്ഷിയുടെ അഴിച്ചിട്ട മുടി പോലെ കറുത്തിരുണ്ട് നീണ്ട്  കിടക്കുന്നു. ആ കുറ്റാകൂരിരുട്ടിൽ വഴിവക്കിലെ നേരിയ വെളിച്ചം മാത്രമേ കേണലിൻ്റെ ടൈൽസിട്ട വീട്ടുമുറ്റത്ത് പരന്നിട്ടുള്ളൂ.  അരണ്ട വെളിച്ചത്തിൽ  മുറ്റത്തുലാത്തുന്ന ഏകയായ, സുന്ദരിയും യൗവ്വനയുക്തയുമായ ഖുശ്ബൂ. ഉന്നതകുലജാതയും സങ്കരയിന സന്തതിയുമാണ് കേണലിൻ്റെ ആ ഓമന പുത്രി.  അവളെ കണ്ടതും ഖുശ്ബുവെന്ന സുന്ദരിയുടെ പേര് ഒരു നായക്കിട്ടതിൽ കേണലിനോടാദ്യം തോന്നിയ അമർഷം എസ്.ഐക്കും മാറി.

ഖുശ്ബുവിൻ്റെ ആത്മാർത്ഥത  കണ്ട് കേണലും കോൾമയിർ കൊണ്ടു. രാത്രിയും പകലുമില്ലാതെ ഈ കുടുംബത്തിന് വേണ്ടി ആ  പാവം അധ്വാനിക്കുകയാണ്.
അല്പം തടിച്ച ശരീരം  കുലുക്കി അങ്ങോട്ടുമിങ്ങോട്ടും അവൾ ഓടുന്നു.
ഇടക്ക് വിശ്രമിക്കാൻ സിറ്റൗട്ടിൽ ചാഞ്ഞും ചരിഞ്ഞും കിടക്കുന്നു.

 അങ്ങിനെയൊരു കിടപ്പിലാണ്  പുറത്ത്  കേണലിന്   പരിചിതമായ മറ്റൊരു "ബൗ ബൗ" ശബ്ദം സ്ക്രീനിൽ മുഴങ്ങിയത്. അത് കേട്ടതും  സിറ്റൗട്ടിൽ കുത്തിയിരുന്ന ഖുശ്ബു വാലാട്ടി കൊണ്ട് ഗേറ്റിനടുത്തേക്ക് ഓടി. അപ്പോഴേക്കും അവൾക്കെവിടെ നിന്നോ  ഒരു മദാലസയുടെ രൂപഭാവങ്ങൾ വന്നു ചേർന്നു. ഗേറ്റിനോട് ചേർന്ന് നിന്ന് അതിൽ തലചേർത്ത്, നാല് കാലുകൾ കൊണ്ട് നിലത്ത് കളം വരച്ച് ഖുശ്ബു വികാരഭരിതയായി.

മതിലിൻ്റെ  ഗേറ്റ് ചാടി യാതൊരു തലയെടുപ്പുമില്ലാത്ത ഒരു സുന്ദര പുരുഷൻ അകത്തേക്ക് കടന്നു. അത് മറ്റാരുമല്ല ശശിയുടെ ചാവാലിപ്പട്ടി. പകൽ മുഴുവൻ തെക്ക് വടക്ക് നടന്ന്, രാത്രിയിൽ ശശിയുടെ വീട്ടിൽ ഖൂർഖാ പണി സ്വന്തം കരാറിലേറ്റു നടത്തുന്നവൻ. ദിവസങ്ങൾക്ക് മുമ്പ് വരെ കേണൽ നടക്കാൻ പോവുമ്പോൾ കുരച്ചു ചാടി അവൻ റോഡിൽ നിൽക്കുന്നത് കണ്ടിട്ടുണ്ട്. അത്തരം ചാവാലികളെ അകറ്റി നിർത്താനാണ് കേണൽ വടിയും കൊണ്ട് നടക്കാനിറങ്ങുന്നത്. എന്നാൽ ഈയിടെയായി പലപ്പോഴും അവൻ വാലും നാലുകാലും ചുരുട്ടി ശശിയുടെ വീടിന് മുന്നിൽ കിടന്നുറങ്ങാറാണ് പതിവ്.

നായകൾ ഇരുവരും പ്രണയ ചേഷ്ടകൾ കൈമാറി. ഛേയ്... മഹാനാണക്കേടായല്ലോ? ഓമനിച്ചു ലാളിച്ചു വളർത്തിയ മകൾ, യാതൊരു തറവാടിത്തവും അവകാശപ്പെടാനില്ലാത്ത ഒരുത്തൻ്റെ കൂടെ ഇറങ്ങി പോവുന്നത് കാണുന്ന പിതാവിൻ്റെ വ്യഥ കേണലിൻ്റെ  മുഖത്ത് വെളിവായി.

" പുന്നാരിപ്പിച്ചു വഷളാക്കിയിട്ട് അനുഭവിച്ചോ മനുഷ്യാ " . റോസമ്മയുടെ കൈകൾ  കേണലിൻ്റെ മുതുകത്ത് മദ്ദളം കൊട്ടി.

അവിടെ നടക്കുന്ന പ്രേമ ലീലകൾ കാണാൻ എസ്.ഐ കണ്ണും കാതും കൂർപ്പിച്ചു നിന്നു. അപ്പോഴാണ് അയാളുടെ പോലീസ് കണ്ണുകൾ ചാവാലിയുടെ പിൻകാലിൽ കുരുങ്ങി കിടക്കുന്ന മാസ്ക് കണ്ടത്. അതിൽ നിന്നും മുക്തി നേടാൻ  അവൻ കിണഞ്ഞു പരിശ്രമിക്കുന്നു. പിൻകാലുകൾ പിറകിലോട്ട് തൊഴിക്കുന്നു. മുൻകാലുകളിൽ കുത്തിയിരിക്കുന്നു. വട്ടം കറങ്ങുന്നു. വാല് കൊണ്ടു പോലും അതിനെ വിടുവിക്കാൻ ശ്രമിക്കുന്നു. പ്രിയതമന് ഖുശ്ബുവും തന്നാൽ കഴിയുന്ന സഹായഹസ്തങ്ങൾ നീട്ടന്നു.

 ആ നിമിഷത്തിൽ തന്നെ തൻ്റെ അവിഹിതം ഒളിക്യാമറയിൽ പകർത്തിയതിൽ പ്രതിഷേധിച്ച് ഖുശ്ബുവിൻ്റെ ശബ്ദം  വീടിൻ്റെ ഏതോ മൂലയിൽ നിന്നും മുഴങ്ങി.

  വീശിയടിച്ചൊരു കാറ്റിൽ  മുറ്റത്തെ  മാസ്ക്, കേണലിൻ്റെ സിറ്റൗട്ടിലേക്ക് അപ്പോഴേക്കും കടന്നാക്രമണം നടത്തിയിരുന്നു.

read also: വിഷ്ണുനാരായണൻ നമ്പൂതിരി: മലയാളത്തിന്റെ സൗമ്യ സരസ്വതി (മിനി ഗോപിനാഥ്)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക