ഉമ്മറത്തറയ്ക്കലങ്കാരമായ്
ഒരു മഞ്ഞു തുള്ളി തൻ
തലോടലേറ്റും
പൊടിപടരും കാറ്റിൽ
മുഖമൊളിപ്പിച്ചും
ചുറ്റു മതിലിൻ
സുരക്ഷയിൽ രമിച്ചും
ഒരു കുഞ്ഞു
തുളസിച്ചെടി
പുഞ്ചിരി തൂകി നിൽപ്പൂ
നടുമുറ്റത്തേകയായ്
ആരും തിരിഞ്ഞു നോക്കു-
ന്നില്ലൊരു വേളയും
ഒരു തുള്ളി നീർ പകരാനും
എത്തുന്നില്ലൊരു കൈകളും
പൂവില്ല മധുവില്ല ഫലമില്ല
അതിനാൽ അടുത്തണയുന്നി-
ല്ലൊരു ശലഭവും കിളികളും
തിളയ്ക്കും ചൂടേറ്റ്
ഉതിർന്ന ഇലകളെ
ശാപവാക്കിനാൽ
തൂത്തുവാരുന്നുണ്ടൊരു
പരിചാരിക അലസമായ്
കഴുകി വൃത്തിയാക്കുന്നു
ചുറ്റുമതിൽ എങ്കിലും
പകരുന്നില്ലൊരു തുള്ളി -
വെള്ളമാ വരണ്ട നെഞ്ചിലും
മുഖത്തേക്കാഞ്ഞു
തുപ്പുന്നുണ്ട്
പടികടന്നു പോകും
ചില അനർത്ഥമാം അതിഥികൾ
ഇല പിച്ചി കശക്കുന്നു
ചില്ലയിൽ നഖമുന്നുന്നു
ചിലർ ചെറു ചെടിതൻ
നോവറിയാതെ...
കാലത്തിൻ മറവിയായ്
ഗതകാല പ്രൗഢികൾ
ഓർത്തങ്ങിരിക്കുമ്പോൾ
അകത്തളങ്ങളിലെവിടെ യോ
ഒഴുകുന്നുണ്ടൊരു
സാന്ദ്രസംഗീതം
*ഒരു തുളസീദളമായ്
പിറന്നെങ്കിലെൻ കണ്ണാ..
read also