Malabar Gold

ഇന്ത്യയുടെ തലവര (കവിത: വേണുനമ്പ്യാര്‍)

വേണുനമ്പ്യാര്‍ Published on 25 January, 2021
 ഇന്ത്യയുടെ തലവര       (കവിത:  വേണുനമ്പ്യാര്‍)
ചീനാബ് ചുവന്നതും
അപ്പുറത്തെയും ഇപ്പുറത്തെയും
സ്വര്‍ണ്ണപ്പാടങ്ങള്‍ കത്തിച്ചാരമായതും
വരയറിഞ്ഞില്ല;
മാതളം പൂത്തതും കരിഞ്ഞതും
വരയറിഞ്ഞില്ല.

വര വര വര
തലവര
ഇത് ഇന്ത്യയുടെ    തലവരയൊ!

ഉഷ്ണകാലവയറിളക്കത്തിനിടയില്‍  
ഒരു കാര്‍ട്ടോഗ്രാഫര്‍ സായ്പ് ധൃതിയില്‍
സ്‌കെച്ചിട്ട വര
സമതലങ്ങളിലൂടെ,  മലകളിലൂടെ,
പുഴകളിലൂടെ,
കരളിലൂടെ, കണ്ണിലൂടെ
നിഷ്‌കരുണം നീങ്ങി.

സ്‌കെച്ചിട്ട വരക്ക് ആക്കം കൂട്ടാന്‍
കൊടിക്കുറ്റികള്‍
ഇരുമ്പുദണ്ഡുകള്‍ കഠാരമുനകള്‍    
കീര്‍പ്പാണുകള്‍ ഗ്രനേഡുകള്‍.

കുടിലഗതിയില്‍ വളഞ്ഞും തിരിഞ്ഞും    
പോകുന്ന അഗ്‌നിരേഖ!      

വര വര വര
തലവര
ഇത് ഇന്ത്യയുടെ തലവരയൊ
അഭിനവ അംഗുലീമാലന്മാരുടെ കൈവരയൊ

വരയ്ക്കപ്പുറവും ഇപ്പുറവും
വിരലിലെണ്ണാവുന്ന
ജിന്നുകള്‍  
രക്തരക്ഷസ്സുകള്‍
കിരീടദാഹികള്‍.
 
അപ്പുറവും  ഇപ്പുറവും, പക്ഷെ,    
കൈപ്പത്തികളില്‍ നിന്നും അറ്റുവീണത്  
വിരലിലെണ്ണാവുന്നതിനുമപ്പുറം വിരലുകള്‍...........
ലക്ഷോപലക്ഷം...............!

തഴമ്പുള്ള  
മൈലാഞ്ചിയിട്ട  
മോതിരമണിഞ്ഞ  
കടിഞ്ഞൂല്‍
നിരാലംബവിരലുകള്‍.
 
വിതയ്ക്കാനും കൊയ്യാനും  
തഴുകാനും   കണ്ണീരൊപ്പാനും
മാവ് കുഴയ്ക്കാനും പ്രാര്‍ത്ഥിക്കാനും    മാത്രം
പാടവമുണ്ടായിരുന്ന  വിരലുകള്‍.    

ചോദ്യം വെടിഞ്ഞ   ചോദ്യചിന്ഹങ്ങള്‍ പോലെ
വരകളും ചുഴിയും  ചുളിവുമായി കൈപ്പത്തികള്‍  ചിതറിക്കിടന്നു,
അപ്പുറവും ഇപ്പുറവും.
 
കിരീടദാഹികളുടെ മസ്തിഷ്‌കത്തില്‍ വിളയും  വിളംബരങ്ങള്‍ക്കുണ്ടോ  
ഭാവി  അറിയാനുള്ള ഉള്‍ക്കാഴ്ച?
 
ഉറക്കമിളച്ചു പലായനം ചെയ്തവരാരും  പുലരി കണ്ടില്ല
ഇരുട്ടിലേക്കിറങ്ങി വന്നവര്‍ക്കു  മുന്നില്‍ ഒരു
പ്രകാശഗോപുരവും ഉയര്‍ന്നില്ല.

ഒളിയാക്രമണങ്ങളില്‍ പിടഞ്ഞു വീഴുന്ന
കാഞ്ചിത്തഴമ്പുള്ള    വിരലുകളുടെ ഓര്‍മ്മയ്ക്കായി    
ഇന്നും അതിര്‍ത്തിക്കിപ്പുറം
ബലികുടീരങ്ങള്‍  കണ്ണീര്‍പ്പൂക്കളണിയുന്നു.

വര വര വര
തലവര
ഇത് ഇന്ത്യയുടെ തലവര

 ഇന്ത്യയുടെ തലവര       (കവിത:  വേണുനമ്പ്യാര്‍)
Sudhir Panikkaveetil 2021-01-26 23:51:29
കാൾമാർക്സ് പറഞ്ഞു എനിക്ക് ചുറ്റും നടക്കുന്ന സംഭവങ്ങൾ എന്നെ ശക്തിയായി സ്വാധീനിക്കുന്നു.ഒരു മനുഷ്യൻ എന്ന നിലക്ക് അതു എന്നെ ലജ്ജിപ്പിക്കുന്നു. കവിയുടെ രചനാലോകവും കവിയുടെ ലോകവും വേർതിരിക്കപ്പെടാതെ കിടക്കണം. ഇന്ത്യയുടെ തലവര എന്ന കവിത എഴുതിയ ശ്രീ വേണു നമ്പ്യാർ ഇന്ത്യയുടെ ചരിത്ര സംഭവങ്ങളിലൂടെ ഒന്ന് സഞ്ചരിച്ച് അദ്ദേഹത്തിന്റെ പ്രതിഫ ലനങ്ങൾ എഴുതിയിരിക്കയാണ്. പഞ്ചാബിലെ അഞ്ചു നദികളിൽ ഒന്നായ ചെനാബ് ഇപ്പോൾ പാകിസ്ഥാന്റെ അധീനത്തിലാണ്. അഖണ്ഡഭാരതം വിഭജിച്ചപ്പോൾ എത്രയോ വിരലുകൾ മുറിഞ്ഞുവീണു. 999 വിരലുകൾ മുറിച്ച അംഗുലീമാൻ അതു ആയിരമായി തികക്കാൻ ഓടി നടന്നപ്പോൾ കപിലവസ്തുവിലെ ആ ശാന്തിദൂതനെ കണ്ട് മാനസാന്തരമുണ്ടായി. എന്നാൽ ഇന്ത്യയിലെ അംഗുലീമാൻമാർ ആയിരം തികക്കും. പാവം സായിപ്പ് വയറിളക്കം പിടിക്കുക മാത്രമല്ല വിഭജനത്തിന്റെ ഘോരഫലങ്ങൾ കണ്ട് പാശ്ചാത്തപിച്ച് ബ്രിട്ടീഷ് ഗവണ്മെന്റ് കൊടുത്ത പ്രതിഫലം കൈപ്പറ്റിയില്ല. തലവര വരച്ചത് അദ്ദേഹമായിരുന്നെങ്കിലും അദ്ദേഹത്തിന് ഭൂമിശാസ്ത്രപരമായ ഒരു അറിവും കിട്ടിയില്ല; മുസ്‌ലിം അധികമുള്ള ഭൂമി മുസ്ലീമിന് ഹിന്ദുക്കൾ ഉള്ളയിടം ഹിന്ദുവിന്. ഇന്ത്യയിലെ ബഹുശതം ഭാഷകളിൽ ഒന്ന് പോലുമറിയാത്ത ആ ഹതഭാഗ്യൻ ഒത്തിരി കഷ്ടപ്പെട്ട് പശ്ചിമ-പൂർവ ദിക്കിൽ ഒരു വര വരച്ചു. അദ്ദേഹത്തിന് ഒരു മാപ്പ് പോലും ഇല്ലായിരുന്നു. അംഗുലീമാൻമാർ അപ്പുറത്തും ഇപ്പുറത്തുമുണ്ട്. അവർക്ക് മാർഗനിർദേശം കൊടുക്കാൻ രണ്ട് ബുദ്ധന്മാർ(ദൈവങ്ങൾ). വിരലുകൾക്ക് ജാതിയുമുണ്ട് അവയെല്ലാം വൈവിധ്യവുമാണ്. . അതൊക്കെ കാവ്യാത്മകമായി വിവരിച്ചിട്ടുണ്ട്. ഒരിക്കലും തീരാത്ത ദുരന്തം വരുത്തിവച്ച ഒരു വിഭജന കഥ ഭംഗിയായി ആവിഷ്കരിച്ചിരിക്കുന്നു. സായിപ്പ് പാവം !! അങ്ങേരല്ല ഈ തലവരക്ക് കാരണം. വർഗീയതയാകുകയില്ലെങ്കിൽ ഒരു അംഗുലീമാൻറെ വരവാണ് കാരണം. അവൻ അവിടെയുള്ളവരുടെ എല്ലാം "വിരലിന്റെ" തുമ്പ് മുറിക്കാൻ ആവശ്യപ്പെട്ടു അല്ലെങ്കിൽ മുറിച്ചവർക്ക് വേറെ തുണ്ടു ഭൂമി വേണമെന്ന് ശഠിച്ചു.ബുദ്ധൻ ജനിച്ച മണ്ണിൽ അംഗുലീമാൻ നന്നായില്ല. അവൻ ആയിരമല്ല ലക്ഷങ്ങൾ മുറിച്ച് കൊതിതീരാതെ അട്ടഹസിച്ച് നടക്കുന്നു. . കവിക്ക് ചരിത്രമറിയാവുന്നത്കൊണ്ട് വസ്തുതകൾ വ്യക്തതയോടെ അതേസമയം കലാഭംഗി കലർത്തി എഴുതിയിട്ടുണ്ട്. ശ്രീ നമ്പ്യാർ നിങ്ങളുടെ കവിത സത്യം വിളിച്ചുപറയുന്നു. ആ വര ഇന്നും മനുഷ്യജീവരക്തം കുടിക്കാൻ പൈശാചികാവേശം കാട്ടുന്നു. പുത്രദുഃഖം പ്രതിദിനം പേറുന്ന ഭാരതാംബയെ കവികൾക്ക് മാത്രമല്ല ചരിത്രം അറിയുന്നവർക്കൊക്കെ കാണാം. കമന്റ് കോളത്തിന്റെ പരിധി മാനിച്ച് അധികം നീട്ടുന്നില്ല. പ്രിയ കവിക്ക് അഭിനന്ദനം.
വേണുനമ്പ്യാർ 2021-01-27 03:45:12
132 വാക്കുകളുള്ള ഇന്ത്യയുടെ തലവര എന്ന കവിതയ്ക്ക് ശ്രീ സുധീർ പണിക്കവീട്ടിൽ 220 വാക്കുകളിൽ എഴുതിയ ആസ്വാദനക്കുറിപ്പു വായിച്ചു. ചരിത്രം, രാഷ്ട്രീയം, കല, ഭൂമിശാസ്ത്രം, തത്വചിന്ത, സാഹിത്യനിരൂപണം എന്നീ വിഷയങ്ങളിൽ അദ്ദേഹത്തിനുള്ള ബോധവും പ്രതിബദ്ധതയും എടുത്തു പറയേണ്ടിയിരിക്കുന്നു. അദ്ദേഹത്തെ അമേരിക്കൻ മലയാളീ സമൂഹം വേണ്ടത്ര ആദരിച്ചില്ല എന്ന ശ്രീ ആൻഡ്രൂ അവർകളുടെ പരാമർശം ഈയിടെ ഇമലയാളിയിൽ കാണാനിടയായി. മുറ്റത്തെ മുല്ലക്കും മണമുണ്ട് എന്ന് അമേരിക്കൻ മലയാളികൾ എന്നാണാവോ തിരിച്ചറിയുക! ഇന്ത്യയുടെ വിഭജനത്തെക്കുറിച്ച് മലയാളത്തിൽ അധികം കവിതകൾ കണ്ടിട്ടില്ല. വളരെ സങ്കീർണ്ണമായ ഈ വിഷയത്തെ കവിതയിലൂടെ അവതരിപ്പിക്കുമ്പോൾ അതെങ്ങെനെ സ്വീകരിക്കപ്പെടും എന്ന ഒരു ആശങ്ക ഉണ്ടായിരുന്നു. ശ്രീ സുധിർ പണിക്കവീട്ടിലിന്റെ കുറിപ്പ് വായിച്ചപ്പോൾ സമാധാനമായി. അദ്ദേഹത്തിനും ഒരു മുൻവിധിയും കൂടാതെ കവിത പ്രസിദ്ധീകരിച്ച ഇ മലയാളിക്കും നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക