Image

നീലച്ചിറകുള്ള മൂക്കുത്തികൾ 50 സന റബ്സ്

Published on 30 January, 2021
നീലച്ചിറകുള്ള മൂക്കുത്തികൾ 50 സന റബ്സ്
തനൂജയ്ക്ക് അപകടം ഉണ്ടായ സമയത്ത്  മിലാൻ അവളുടെ അരികിൽ ഉണ്ടായിരുന്നു  എന്ന് കരുതി എങ്ങനെയാണു മിലാൻ കുറ്റക്കാരിയാവുക മിസ്റ്റർ ഓഫീസർ?"

തന്നോട് സംസാരിക്കുന്ന പോലീസ് ഓഫീസർമാരുടെ നേരെ സഞ്ജയ്‌ നോക്കി. മിലാൻ അയാളുടെ അരികിൽ ഉണ്ടായിരുന്നു. ദാസിന്റെ വീട്ടിൽ തനൂജ വീണുകിടന്ന സ്ഥലം സസൂക്ഷ്മം പരിശോധിക്കുകയാണ് പോലീസ്. 

"അരികിൽ ഉള്ളവർ തന്നെയാണ് മിസ്റ്റർ സഞ്ജയ്‌ പലപ്പോഴും കുറ്റകൃത്യം നടത്തിയിട്ടുള്ളത്.  ഒരു പത്രപ്രവർത്തകൻ ആയിരുന്ന നിങ്ങൾക്ക് ഞാനത് പ്രത്യേകം പറഞ്ഞു തരണമോ.." അല്പം പരിഹാസത്തോടെയായിരുന്നു ത്രിപാഠിയുടെ ചോദ്യം. 

"സീ മിസ്റ്റർ സഞ്ജയ്‌,    നിങ്ങളുടെ മകൾക്കെതിരെ തനൂജയുടെ മാതാപിതാക്കളുടെ സ്ട്രോങ്ങ്‌ കംപ്ലയിന്റ്  ഉണ്ട്. തനിക്കു കിട്ടിയിരുന്ന സിനിമാവേഷങ്ങൾ തട്ടിയെടുക്കുകയും ഒടുവിൽ ജീവിതപങ്കാളിയാകേണ്ട പുരുഷനെത്തന്നെ തന്നിൽനിന്നും  പറിച്ചെടുക്കുകയും ചെയ്ത ഗ്ലാമർഗേൾ ആണ് തനൂജ.  അപ്പോൾ അവരോട് വിരോധം തോന്നുക സ്വാഭാവികമല്ലേ...? "

 സഞ്ജയ്‌ പുരികത്തുമ്പുയർത്തി കമ്മിഷണറെ നോക്കി. " നിങ്ങളുടെ സ്റ്റേറ്റ്മെന്റ്ൽ തന്നെ ഒരുപാട് ഹോം വർക്ക്‌ നടന്ന ഫയൽ കാണുന്നുണ്ടല്ലോ  സർ... മിലാനെ കുറ്റവാളിയാക്കിയേ പറ്റൂ എന്നൊരു തീരുമാനം ഉള്ളതുപോലെ.."

 "എനിക്കങ്ങനെ മിസ് മിലാൻ പ്രണോതിയെ തന്നെ വേണമെന്നില്ല സഞ്ജയ്‌. കുറ്റം ചെയ്ത ആളെ മതി. അത് റായ് ആകാം, ഈ വീട്ടിലെ ആരുമാകാം... "

 മിലൻറെ ഉള്ളിൽ ഒരു മിന്നൽ പുളഞ്ഞു.  ആരുമാകാം.. അത് റായ് ആകാം... 

 "എന്തായാലും എനിക്കിപ്പോൾ പോകാമല്ലോ  അല്ലേ,  ആവശ്യമുണ്ടെങ്കിൽ അറിയിച്ചാൽ ഞാൻ മിലാനുമായി വരാം." സഞ്ജയ്‌ എഴുന്നേറ്റു. 

 ആളുകളുടെ മുന്നിൽ വെച്ചു  പരസ്പരം സംസാരിക്കാൻ ദാസോ മിലാനോ മുതിർന്നില്ല. എങ്കിലും താരാദേവി മിലാനരികിൽ വന്നു. 
മിലാന്റെ മുഖം കടുംനീലിമയിൽ കുതിർന്നിരുന്നു. "അമ്മാ.... " വിളിച്ചുകൊണ്ടു മിലാൻ ഓടി അവരുടെ അരികിൽ എത്തി. 

"ശബ്ദം താഴ്ത്തി സംസാരിക്കണം മിലാൻ... ഇവിടെ നമ്മളെ എങ്ങനെയൊക്കെ പോലീസ് നിരീക്ഷിക്കുന്നു എന്നറിയില്ല." ചുണ്ടുകൾ ഒട്ടും ചലിപ്പിക്കാതെയാണ്  താരാദേവി അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കിയത്. 

"നീയെന്തിനാണ് കുട്ടീ ആ നേരത്തു അങ്ങോട്ടു വന്നത്?   ഈയിടെ ഇവിടെ  ഉണ്ടായ എന്തെങ്കിലും സംഭവങ്ങൾ നിനക്കറിയാമോ? 

" അമ്മാ,  ഞാൻ.... ഞാൻ..." മിലൻറെ കണ്ണുനീർ മാറിലേക്ക് കുത്തിയൊഴുകി വീണു. 

"വല്ലാത്ത കുരുക്കിലാണ് വിദേത്  പെട്ടത്.  തനൂജയുമായി എന്നും വഴക്കും ഉണ്ടായിരുന്നു. സാരമില്ല, നീ വേഗം വീട്ടിൽ പോകുക. മുൻകൂർ ജാമ്യം കിട്ടാനുള്ള വഴികൾ ഉടനെ ചെയ്യണം. അറസ്റ്റ് ഉണ്ടാവും. എപ്പോൾ വേണമെങ്കിലും.... വേഗം പോകാൻ നോക്കൂ... " താരാദേവി ധൃതിയിൽ പറഞ്ഞവസാനിപ്പിച്ചു മുന്നോട്ടു നടന്നു. 

മിലാൻ അവരുടെ കൈ പിടിച്ചു നിറുത്തി. "അമ്മേ,  എനിക്ക് വിദേതിനോട്  സംസാരിക്കണം. "

"ഇപ്പോഴത് അപകടമാണ് മിലാൻ... നീ മടങ്ങിപ്പോകൂ... പിന്നീട് ഫോണിൽ വിളിച്ചാൽ മതി.  ബി ക്വിക്ക്..."

 ദാസ് കാണുന്നുണ്ടായിരുന്നു എല്ലാം.. .  മിലാനെ വലയം ചെയ്തിരിക്കുന്ന പോലീസുകാരും അവരുടെ ചോദ്യം ചെയ്യലും എല്ലാം.... മരണത്തിലും തങ്ങളെ വെറുതെ വിടുകയില്ല എന്ന തനൂജയുടെ കുബുദ്ധി  വിജയിക്കുന്നു! അയാളുടെ മുഷ്ടികൾ  ഞെരിഞ്ഞുകൊണ്ടിരുന്നു. 

 സഞ്ജയ്‌ അപ്പോൾ തന്നെ മിലാനുമായി ഇറങ്ങി. അയാളുടെ മുഖവും ഭാവവും മിലാനു വളരെ അപരിചിതമായി തോന്നി. 
കാറിൽ കുറെ നേരം ഇരുവരും ഒന്നും മിണ്ടിയില്ല. ഒടുവിൽ അറച്ചറച്ചു മിലാൻ വിളിച്ചു. "അച്ഛാ.... "

"നീ മിണ്ടരുത്... മിണ്ടിപ്പോകരുത്. " സഞ്ജയ്‌ പൊട്ടിത്തെറിച്ചുകൊണ്ട്  ബ്രേക്കിൽ ചവിട്ടി.  വണ്ടി ശക്തിയായ ഒരു കുലുക്കത്തോടെ നിന്നു.
മിലാൻ വിറച്ചുപോയി. 

"ഒന്നേ ഉള്ളൂവെങ്കിൽ ഉലക്ക വെച്ച് അടിക്കണം എന്ന ചൊല്ല് ഞാൻ മറന്നുപോയി. നീയെന്നാണ് തന്നിഷ്ടം കാണിക്കാൻ തുടങ്ങിയത്?  നീ ആരോട് ചോദിച്ചിട്ടാണ് അയാളെ കാണാൻ പോയത്?  നിനക്കറിയാമോ നീ ചെന്നു വീണിരിക്കുന്ന അപകടം എന്താണെന്ന്? " രോഷം കൊണ്ട് തിളയ്ക്കുന്ന തന്റെ സ്വരം പിടിച്ചുനിറുത്താൻ സഞ്ജയ്‌  പാടുപ്പെട്ടു. 
"നീയെന്താണ് കരുതിയത്?  നീ സിനിമാനടി ആയതിനാലും  നിനക്കും റായിക്കും പണവും സ്വാധീനവും ഉള്ളതിനാലും നിങ്ങൾ നിയമത്തിനു അതീതരാണെന്നോ..?  നിനക്കറിയാമോ?  കൊലക്കുറ്റമാണ് തലയിൽ വീഴാൻ പോകുന്നത്?  അറിയാമോ നിനക്ക്? എന്താണ് ഈ പ്രണയംകൊണ്ടു നിനക്ക് കിട്ടിയത്?  നീയൊന്ന് ഓർത്തുനോക്ക്"
സഞ്ജയ്‌ വീണ്ടും കാർ സ്റ്റാർട്ട്‌ ചെയ്തു. 
യാത്രയിൽ സഞ്ജയ്‌ പിന്നീട് ഒരക്ഷരവും പറഞ്ഞില്ല. രോഷം അഗ്നിപർവതം പോലെ തിളച്ചു മറിഞ്ഞുകൊണ്ടിരുന്നു. 

 വീട്ടിലെത്തി പലർക്കും ഫോൺ വിളിച്ചും ചിന്തിച്ചും അയാൾ ഉഴറി.  ശാരിക കരഞ്ഞു തളർന്നിരുന്നു.
 "നീയെന്തിനാണിങ്ങനെ കരയുന്നത്?  മാതാപിതാക്കളെ കരയിക്കരുത്  എന്ന വിചാരം മകൾക്കില്ല.  ഉണ്ടെങ്കിൽ ഇങ്ങനെയൊക്കെ പെരുമാറുമോ?  നീയെന്തിനാണ് ആ  വീട്ടിൽ പോയതെന്ന് ഒന്ന് പറഞ്ഞുതരാമോ? ഇപ്പോഴെങ്കിലും വായ് തുറന്നൊന്നു മിണ്ടുമോ? " സഹികെട്ട് സഞ്ജയ്‌ മിലാനു നേരെ കൈകൾ കൂപ്പി. 

മിലാന്റെ മുടിയിഴകൾ  വീണ് പാതിയും മുഖം മറഞ്ഞിരുന്നു.   കൺതടങ്ങളിൽ കറുത്ത നിറം തൂങ്ങിക്കിടന്നു. 
"ഞാൻ ഒരു കാര്യമറിഞ്ഞു അച്ഛാ.. അതറിഞ്ഞപ്പോൾ മുതൽ വല്ലാത്ത ഷോക്ക് ആയി. ഞാനാണ് തെറ്റുകാരി. ആ കാര്യത്തെക്കുറിച്ചു ഈ ലോകത്ത് എനിക്ക് മാത്രമേ അറിവുണ്ടായിരുന്നുള്ളു. അത് എന്നെയൊന്നു ഓർമ്മിപ്പിക്കാൻ വിദേത് പലവട്ടം ശ്രമിച്ചിട്ടും ഞാൻ കൂട്ടാക്കിയില്ല. ഞാനത് കേട്ടിരുന്നെങ്കിൽ ഈ ദുരന്തങ്ങൾ ഒന്നും ഉണ്ടാവില്ലായിരുന്നു."

 "എന്തുകാര്യം? " കിടന്നിരുന്ന ശാരിക എഴുന്നേറ്റുവന്നു. 

"അയാൾ വല്ല നുണക്കഥയും പറഞ്ഞു പാല്പുഞ്ചിരിയോടെ അടുത്തു വന്നിരിക്കും. അങ്ങനെയാണല്ലോ അയാൾ സകല പെണ്ണുങ്ങളെയും വീഴ്ത്തുന്നത്.  അല്ലാതെ പുതിയതായി എന്ത് കഥയാണ് നിനക്ക് കിട്ടിയത്?" തന്റെ സിസ്റ്റത്തിൽ എന്തൊക്കെയോ  തിരഞ്ഞുകൊണ്ടിരുന്ന സഞ്ജയ്‌ അസഹ്യതയോടെ  പിറുപിറുത്തു. 

"വിദേത് എന്നെ കാണാൻ വന്നപ്പോൾ ഒരു എഴുത്തു എനിക്ക് തന്നിരുന്നു.  ഞാനതു  വായിക്കാതെ എവിടെയോ എറിഞ്ഞു. ഈയിടെ മൈത്രേയി എനിക്കൊരു മെസേജ് ഇട്ടിരുന്നു.  അവരുടെ വീട്ടിൽ അത്ര നല്ല അന്തരീക്ഷമല്ലെന്നും ഞാൻ അവിടെ ഉണ്ടാവേണ്ട സമയത്ത് അവിടെയിപ്പോൾ  മെലോഡ്രാമകൾ നടക്കുമായാണെന്നും മിത്ര സൂചിപ്പിച്ചു. കുറെ കഴിഞ്ഞപ്പോൾ അവളെ ഞാൻ വിളിച്ചു."

 നിറഞ്ഞ കണ്ണുകൾ ഒപ്പി മിലാൻ തുടർന്നു. "വിളിച്ചപ്പോഴാണ് അറിഞ്ഞത് തനൂജ ഗർഭിണിയാണെന്ന്... "

"അതിനു  നിനക്കെന്താ... റായ് വിദേതന്റെ സ്വഭാവം വെച്ചു  നോക്കിയാൽ അതെന്തേ ഇത്ര വൈകി എന്നേ സംശയിക്കാനുള്ളു. " വെറുപ്പോടെ വാക്കുകൾ ചവച്ച സഞ്ജയ് മിലാന്റെ മുഖത്തുനിന്നും ദൃഷ്ടികൾ മാറ്റി.

 "അങ്ങനെയല്ല അച്ഛാ....  തനൂജ ഗർഭിണിയാണെങ്കിൽ അത് വിദേതിന്റെ കുഞ്ഞ് ആയിരിക്കില്ല. "

 "എങ്ങനെയെങ്ങനെ?   മനസ്സിലായില്ല... " ശരികയും സഞ്ജയും അവളെ ഒരുമിച്ചു തിരിഞ്ഞുനോക്കി. 

"അത്.... ഞാൻ പറഞ്ഞിരുന്നു നാലഞ്ചു വർഷം കഴിഞ്ഞു മതി കുട്ടികൾ എന്ന്... വിദേതിന് ഉടനെത്തന്നെ  കുഞ്ഞുണ്ടായാൽ കൊള്ളാം എന്നും ഉണ്ടായിരുന്നു. മിത്ര വളർന്നപ്പോൾ  വിദേത് പുറത്തായിരുന്നല്ലോ.. അതോണ്ട് കുഞ്ഞിനെക്കുറിച്ചുള്ള സ്വപ്നങ്ങൾ എപ്പോഴും പറയും. എനിക്കു  നൽകിയിട്ടുള്ള എല്ലാ ഗിഫ്റ്റുകളിലും  അത്തരം സന്ദേശങ്ങൾ വിദേത് കൈമാറിയിട്ടുണ്ട്. "

"ദെൻ...? "

"അതുകൊണ്ട് ഞാൻ ഇപ്പോഴൊന്നും കുട്ടികൾ വേണ്ടെന്ന് പറഞ്ഞപ്പോൾ വിദേത് സമ്മതിച്ചു.  വിദേത് വാസക്‍ടമി സർജറി ചെയ്തിരുന്നു.  ഇവിടെ വെച്ചല്ല...ഒരിക്കൽ അമേരിക്കയിൽ വെച്ച്.. അപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു. അതിന്റെ ഡോക്യൂമെന്റസ് എല്ലാം എന്റെ കൈയിൽ ഉണ്ട്.  അത് വിദേതിന്റെ കുഞ്ഞല്ല എന്ന് തെളിയിക്കാൻ ആ തെളിവുകൾ മതി"

മിലാൻ കിതച്ചു...  "എന്നെയും വിദേതിനെയും അകറ്റാൻ അവൾ ഉപയോഗിച്ച തന്ത്രം ഇതായിരിക്കും എന്നു  ഞാൻ ഒരിക്കലും കരുതിയില്ല. തനൂജ ഗർഭിണിയാണെന്ന് ഒരിക്കൽപോലും ഞാനറിഞ്ഞുമില്ല. അറിയിക്കാൻ പലവട്ടം വിദേത് ശ്രമിച്ചിട്ടും ഞാൻ കേട്ടില്ല. കേട്ടിരുന്നെങ്കിൽ...... അവളെ അങ്ങനെയങ്ങ് വിടാൻ പാടില്ലെന്ന് എനിക്കുതോന്നി.  ഇത്രയും വലിയൊരു കള്ളം എന്റെ മുഖത്തു  നോക്കിപ്പറയാൻ അവൾ ധൈര്യപ്പെടുമോ എന്നും  എനിക്കറിയണമായിരുന്നു. എനിക്കും വിദേതിനും മാത്രം അറിയുന്ന ഈ രഹസ്യം അവളുടെ മുഖത്തേക്ക് അടിച്ചെറിയാൻ ആണ് ഞാനവിടെ പോയത്.... പക്ഷേ..... " 

 "ഈ  സർജറി ചെയ്തു  എന്നതു  നേര് തന്നെയാണോ.. അതോ നിന്നെ ബോധ്യപ്പെടുത്താൻ ഒരു സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ അയാൾക്ക്‌ പ്രയാസമുണ്ടോ...?"

 "പ്ലീസ് അച്ഛാ... ബിലീവ് മി... എനിക്കുവേണ്ടിയാണ് മനസ്സില്ലാമനസ്സോടെ  വിദേത് സർജറിക്ക് വഴങ്ങിയത്. അത് നുണയല്ല." 
സഞ്ജയ്‌നരികിലേക്ക് ഓടി വന്നു മിലാൻ യാചിച്ചു.  "ആ ഡോക്യൂമെന്റസ് നമ്മുടെ കൈയിൽ ഉണ്ട്. ആ ഡോക്ടറിനെയും നമുക്ക് ഹാജരാക്കാം.  വലിയൊരു കള്ളമാണ് തനൂജ എന്നത് നമുക്ക് അങ്ങനെ തെളിയിക്കാൻ പറ്റില്ലേ? ഞാൻ കോടതിയിൽ പറയാൻ തയ്യാറാണ്. "

ശാരികയും സഞ്ജയും അവളെത്തന്നെ നോക്കിനിന്നു.  പോകപ്പോകെ അയാളുടെ മുഖത്തെ ഗൗരവഭാവം അയഞ്ഞു. 

"മിലാൻ.. നീ ഈ കാര്യം വെച്ച് എങ്ങനെ അയാളെ രക്ഷിക്കും?  നീ കോടതിയിൽ എന്തുപറയും?  തന്റെ കുഞ്ഞിനെയല്ലാതെ മറ്റാരുടെയോ കുഞ്ഞിനേയും വയറ്റിലിട്ടു തന്റെ ജീവിതത്തേക്കു വരാൻ ശ്രമിച്ച തനൂജയെ റായ് കൊലപ്പെടുത്താൻ ശ്രമിക്കുന്നു.  തെളിവുകൾ കൂടുതൽ സ്ട്രോങ്ങ്‌ ആവുകയാണ്."
അയാൾ കസേരയിലേക്കിരുന്നു മകളെ നോക്കി. 

"ഗർഭം ഇല്ലെങ്കിലോ അച്ഛാ... അവളുടെ നാടകമായിരുന്നു എങ്കിലോ...? "

"എങ്കിലും കൂടുതൽ കുഴപ്പമല്ലേ... നുണ പറഞ്ഞ തനൂജയോടുള്ള വിരോധവും  അവളുടെ കൊലപാതകത്തിലേക്ക് ലീഡ് ചെയ്യാമല്ലോ...”  

മിലാന്‍ അയാളുടെ കാൽക്കലിരുന്നു.  കണ്ണുകൾ നിറഞ്ഞു തൂവിക്കൊണ്ടിരുന്നു. 

"മാത്രമല്ല മിലാൻ,  ഈ വിവരങ്ങൾ എല്ലാം അറിയുന്ന നിന്റെ സാനിദ്ധ്യവും  അവിടെയുണ്ടായിരുന്നു.  നിനക്കും തനൂജയെ കൊല്ലാമല്ലോ..."
 സഞ്ജയ്‌ ഏറേനേരം ആലോചിച്ചുകൊണ്ടിരുന്നു. "ആട്ടെ നീയും തനൂജയും അന്ന് എന്താണ് സംസാരിച്ചത്? "

"പതിവിൽ നിന്നും വ്യത്യസ്തയായി തനൂജ ആകെ അപ്സെറ്റ് ആയപോലെ കാണപ്പെട്ടു.  എന്റെ വണ്ടി ഗേറ്റിൽ വെച്ചുതന്നെ തടയാൻ അവൾ ശ്രമിച്ചതാണ്."

"എന്നിട്ട്...? "

"ഞാൻ അകത്തു കയറിയപ്പോൾ തനൂജ ചീറിക്കൊണ്ട് പാഞ്ഞുവന്നു.  നീ റായുമായി ജീവിക്കില്ല എന്നും ഈ വീട്ടിലെ മാത്രമല്ല അയാളുടെ സാമ്രാജ്യത്തിന്റെ ചുക്കാൻ പിടിക്കുന്നതും ഇനി മുതൽ താനായിരിക്കും എന്നും അലറി. വല്ലാതെ സൈക്കിക് ആയപോലെ ആയിരുന്നു പെരുമാറ്റം. "

"എന്നിട്ട്... "? 

 "വിദേതിന്റെ കുഞ്ഞല്ല നിന്റെ വയറ്റിൽ എന്നെനിക്കറിയാം. ഈ നാടകം തുടർന്നാലല്ലേ നീ ഇവിടുണ്ടാകൂ എന്ന് ഞാനും തിരിച്ചടിച്ചു."

"ഛെ..... " സഞ്ജയ്‌  കസേരയുടെ കൈയിൽ  ആഞ്ഞടിച്ചു. "മിലാൻ... ആ വീട്ടിലെ ക്യാമറയിൽ നിങ്ങളുടെ  സംഭാഷണവും പോലീസ് ഇപ്പോൾ അവിടെനിന്നും എടുത്തിരിക്കും. അറിയാമോ നിനക്ക്... എന്നിട്ട്?"

"തർക്കം മുറുകിയപ്പോൾ ജോലിക്കാരും സെക്യൂരിറ്റിയും എത്തിനോക്കി. അതുകൊണ്ട് ഞാൻ അവസാനിപ്പിച്ചു തിരികെ നടന്നു വാതിൽ കടക്കുമ്പോഴാണ്‌ ഫ്ലവർവേസോ മറ്റോ വീഴുന്ന ശബ്ദം കേട്ടത്. തിരിഞ്ഞുനോക്കിയപ്പോൾ തനൂജ താഴേക്ക്‌ കുഴഞ്ഞു വീഴുന്നതാണ് കണ്ടത്."

"ഉം ....." സഞ്ജയ്‌ മൂളി. "അവൾ എന്തെങ്കിലും അപ്പോൾ കഴിച്ചുകൊണ്ടിരിക്കയായിരുന്നോ...?"

"ഇല്ലച്ഛാ.... അകത്തു വലിയൊരു കസേരയിൽ കാലിൽ കാൽ കയറ്റിവെച്ചു ഇരിക്കയായിരുന്നു."

  മിലാൻ,  തനൂജയുടെ രാജകീയഭാവത്തിലുമുള്ള ഇരിപ്പും സംസാരവും വിശദീകരിച്ചു. 

സഞ്ജയ്‌ എഴുന്നേറ്റു. തനൂജയുടെ ഗർഭം പൊളിയാണെന്ന് തെളിയിക്കാൻ ഇതുമതി. പക്ഷേ എങ്ങനെ കേസിൽനിന്നും രക്ഷപ്പെടും...  

ചാനലുകളിൽ ഉത്സവമായിരുന്നു. 
അന്തിച്ചർച്ചകളിൽ റായ് വിദേതൻ ദാസും മിലാൻ പ്രണോതിയും തനൂജാ തിവാരിയും നിറഞ്ഞാടി. 

 നിരഞ്ജൻ  ഡൽഹിയിൽ എത്തി ദാസിനെ കണ്ടു. 

"തനൂജയുടെ ഇപ്പോഴത്തെ നില ഹോസ്പിറ്റലിൽനിന്നും കൃത്യമായി അറിയാൻ എന്താണ് വഴി?  വിദേത്,  തന്നെ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തത് എന്നാണ് ജനങ്ങൾ ചോദിക്കുന്നത്.  ചാനലുകളിൽ ചർച്ച പൊടിപൊടിക്കുന്നു. സത്യത്തിൽ തനിക്കിതിൽ പങ്കുണ്ടോ?  താൻ അപ്പോൾ ഫ്‌ളാറ്റിൽ ഇല്ലായിരുന്നു എന്നെതെല്ലാം   ശരി തന്നെ. പക്ഷേ വഴക്കും ബഹളവും എപ്പോഴും ഉണ്ടെന്നു അവൾ പറ്റാവുന്നവരെയൊക്കെ അറിയിച്ചിട്ടുണ്ട്. അതാണല്ലോ തെളിവുസഹിതം മീഡിയ ആഘോഷിക്കുന്നത് "

 "യാതൊരു പങ്കുമില്ല നിരഞ്ജൻ... ഞാനിപ്പോൾ വറി ചെയ്യുന്നത് എന്നെക്കുറിച്ച് ഓർത്തല്ല. മിലാനെ എങ്ങനെ രക്ഷിക്കും എന്നോർത്താണ്."

" താൻ വിഷമിക്കേണ്ട.  മിലാൻ തന്റെ വീട്ടിൽ വന്നതുമുതൽ തനൂജയെ ആംബുലൻസിൽ കയറ്റുന്നിടം വരെയുള്ള എല്ലാം വ്യക്തമായി ക്യാമറയിൽ ഉണ്ട്. ഡോണ്ട് വറി. മിലാന് ഒരു പോറലും ഏൽക്കില്ല. മാത്രമല്ല തനൂജ മരിച്ചിട്ടും ഇല്ലല്ലോ.. ഞാൻ ആശുപത്രിയിൽ പോയി തനൂജയുടെ പ്രസന്റ് കണ്ടിഷൻ അറിയാൻ ശ്രമിക്കട്ടെ... യൂ ഡോണ്ട് വറി മാൻ ... " നിരഞ്ജൻ ദാസിന്റെ കൈത്തലങ്ങളിൽ അമർത്തിപ്പിടിച്ചു അൽപനേരം നിന്നു. പിന്നീട് യാത്ര പറഞ്ഞു  പോയി. 
..................................
രണ്ടുമൂന്നു ദിവസത്തിനുള്ളിൽ സഞ്ജയ്‌ താരാദേവിയെ കണ്ടു.  താരാദേവി അവർക്കറിയാവുന്ന കാര്യങ്ങൾ എല്ലാം സഞ്ജയിനും നിരഞ്ജനും  കൈമാറി. തുടക്കം മുതലേ തനൂജയുടെ ഇടപെടലുകൾ മുതൽ കരോലിൻ നീറ്റായെ കൊല്ലാൻ ശ്രമിച്ചത് വരെയുള്ള എല്ലാ കാര്യങ്ങളും സഞ്ജയും നിരഞ്ജനും ശേഖരിച്ചു. പക്ഷേ തനൂജ ഇതെല്ലാം തന്റെ ആളുകളെക്കൊണ്ട് റായുടെ ജീവിതത്തിലേക്ക് കയറാൻവേണ്ടി നടത്തിയ തന്ത്രങ്ങളും ഗൂഢാലോചനയുമാണെന്ന് തെളിയിക്കാൻ ആ വീഡിയോ ഫുട്ടേജുകൾക്കോ മറ്റു ദൃശ്യങ്ങൾക്കോ ആവുമായിരുന്നില്ല. 

ഈ സംഭവങ്ങളുടെ പുറകിലെ തനൂജയുടെ പേര് പറയാൻ ആരും തയ്യാറായുമില്ല. തനൂജ മരിക്കാൻ കിടക്കുമ്പോൾ അറിഞ്ഞുകൊണ്ടു ആ സംഭവത്തിലേക്ക് എടുത്തുചാടാൻ ആരും തയ്യാറാവുകയില്ലെന്നു സഞ്ജയിനും അറിയാമായിരുന്നു. 

 സഞ്ജയ്‌ മുംബൈയിൽ പോയി ദാസിന്റെ ബിസിനസ് പാർട്ണർ ആയിരുന്ന മെഹ്‌റയെ കണ്ടു. മിലാനെ പരസ്യത്തിൽ നിന്നും ഒഴിവാക്കാൻ അയാളോട് തനൂജ ആവശ്യപ്പെട്ടതിനെക്കുറിച്ച് സംസാരിക്കാൻ തന്നെ മെഹ്‌റ കൂട്ടാക്കിയില്ല. 

"സീ സഞ്ജയ്‌ ,  റായ് എന്റെ നല്ലൊരു ബിസിനസ് പാർട്ണർ ആണ്. ആയിരുന്നു.. പക്ഷേ അത്യാസന്നനിലയിൽ കിടക്കുന്ന അയാളുടെ കുടുംബകാര്യത്തിലേക്കു തലയിടാൻ ഒട്ടും താല്പര്യവും നേരവുമില്ല. പ്ലീസ്... എനിക്ക് കുറച്ച് തിരക്കുണ്ട്. "

 ദാസിന്റെ മറ്റു ബിസിനസ് മേഖലകളിൽ നിന്നും സമാനമായ പ്രതികരണം ലഭിച്ചപ്പോൾ ആ വഴിക്കുള്ള നീക്കം സഞ്ജയ്‌ ഉപേക്ഷിച്ചു. എങ്കിലും അയാളിൽ പ്രതീക്ഷ ബാക്കി നിന്നു. 

..............................................................

  മൂന്നുദിവസങ്ങൾക്കുശേഷം മിലാനെ കാണാൻ ഇഷാ മിറാനി അവളുടെ വീട്ടിൽ എത്തി. 

താനും റായും തമ്മിലുള്ള സ്വകാര്യതകൾ പകർത്തിയ വീഡിയോ തനൂജ ദാസിനെ കാണിച്ചാണ് വിവാഹത്തിന് നിർബന്ധം ചെലുത്തിയതെന്നു  ഇഷ പറഞ്ഞു. 

"മിലാൻ, ഞങ്ങളിൽ ആഴമേറിയ  ബന്ധം ഉണ്ടായിരുന്നു. പക്ഷേ മിലാൻ ആ ജീവിതത്തിലേക്കു വന്നതിനുശേഷം ഉറക്കത്തിലും അബോധാവസ്ഥയിൽ പോലും നിങ്ങളെ അയാൾ മറന്നിട്ടില്ല.  ഞാൻ അതിന് സാക്ഷിയാണ്. റായ് ഒരിക്കലും വിശ്വസിച്ചവരെ ചതിക്കില്ല. നിങ്ങളെ അദ്ദേഹം വല്ലാതെ സ്നേഹിക്കുന്നുണ്ട്." 

 ഉരുക്കുപ്രതിമപോലെ  മിലാൻ എല്ലാം കേട്ടുകൊണ്ടിരുന്നു. 

ഇഷ തുടർന്നു. 
"എന്നെയും റായിയെയും  ഒരുമിച്ചു ബ്ലാക്മെയിൽ ചെയ്യാൻ തനൂജ ശ്രമിച്ചു.  ഈ വിവരം കോടതിയിൽ പറയാൻ ഞാൻ തയ്യറാണ് മിലാൻ.. റായ് സാറിനെ രക്ഷിക്കാൻ ആവുമെങ്കിൽ തനൂജയ്ക്കു എതിരെ സാക്ഷി പറയാൻ ഞാൻ തയ്യാറാണ്.... "

മിലാൻ ഇമവെട്ടാതെ  ഇഷയെതന്നെ നോക്കിയിരുന്നു.  സ്നേഹത്തിന്റെ  അവസ്ഥാന്തങ്ങൾ മനുഷ്യന് പലപ്പോഴും മനസ്സിലാവുന്നില്ല.  ചില സ്നേഹങ്ങൾ ഒളിഞ്ഞിരുന്നു ആക്രമിക്കുന്നു. ചിലത്  ഒളിവിൽനിന്നും വെളിച്ചത്തു വന്നു വെല്ലുവിളിക്കുന്നു. 
ഡെയറിങ്.......!!
വരുംവരായികകൾ നോക്കാതെ സുഹൃത്തിനുവേണ്ടി നിലകൊള്ളാൻ തയ്യാറായ ചില ബന്ധങ്ങളും റായ് ഉണ്ടാക്കിയിരിക്കുന്നു ജീവിതത്തിൽ. മനുഷ്യൻ എന്ന നിലയിൽ വിജയിച്ചുനിൽക്കുന്ന അയാളിലേക്ക് മിലാൻ അല്പം വിസ്മയത്തോടെ നോക്കിയിരുന്നു.

 തന്റെ മകളും ഇഷയും തമ്മിലെ സംഭാഷണം സഞ്ജയ്‌ പ്രണോതി കേൾക്കുന്നുണ്ടായിരുന്നു. 
അതേ... തനൂജ  കൊല്ലപ്പെടാൻ കാരണങ്ങൾ നിറയെയുണ്ട് മുന്നിൽ... ഒന്നല്ല... ഒരുപാട്.... 
റായ് തന്നെ അത് ചെയ്യാൻ കാരണങ്ങൾ നിരവധി. 
അടുത്ത കഥാപാത്രം ആരാണ് ഇനി മറനീക്കി വരുവാനുള്ളത്.....
.........................................

മൈത്രേയിയെ കാണാനായി സഞ്ജയ് ഡൽഹിയിൽ മേനകയുടെ വീട്ടിലേക്കുപോയി. 

"അന്ന് ഞങ്ങൾ വീട്ടിൽ വന്നപ്പോൾ നീ കർട്ടനുപുറകിൽനിന്നു അച്ഛനെയും തനൂജയെയും നിരീക്ഷിക്കുകയായിരുന്നു. എന്തായിരുന്നു അവരുടെ അന്നത്തെ വിഷയം? "  മേനക കൊടുത്ത കാപ്പി മൊത്തിക്കുടിക്കുമ്പോൾ സഞ്ജയ്‌ മിത്രയെ നോക്കി. 

"തനൂജ ആന്റി പ്രേഗ്നെന്റ് ആണെന്ന് പറയാൻ വന്നതായിരുന്നു. അവരും നിങ്ങളും പോയപ്പോൾ ഞാൻ വയലന്റ് ആയി. അച്ഛൻ എന്നെ അടിച്ചു. "

"എന്തുപറഞ്ഞാണ് അടിച്ചത്..?"

 "സാഹചര്യങ്ങൾ കാണുമ്പോൾ എടുത്തു ചാടാതെ മനസ്സിലാക്കാൻ പഠിക്കു നീ എന്നാണ് പറഞ്ഞത്."

"തനൂജയോടുള്ള റിയാക്ഷന് എന്തായിരുന്നു...?"

"ആന്റിയെ വല്ലാത്ത സന്തോഷത്തോടെ കെട്ടിപ്പിടിച്ചു. ഡാൻസ് ചെയ്യിച്ചു."

 സഞ്ജയിന്റെ ചുണ്ടിൽ ചിരിയൂറി. 

യെസ്,  ദാസിന് അറിയാമായിരുന്നു ആ കുഞ്ഞ് അയാളുടേതല്ല എന്ന്. 

അപ്പോൾ ആ നിമിഷം കൗണ്ട് ഡൌൺ തുടങ്ങിയിരിക്കണം. 
..............................

"റായ് സാറിന്റെ വീട്ടിൽ വെച്ച് എനിക്കുനേരെ അപായശ്രമം  ഉണ്ടായത് തനൂജയുടെ തന്ത്രം ആയിരുന്നു. പക്ഷേ തെളിവ് എവിടെ സഞ്ജയ്‌ജീ.... " കരോലിൻ സഞ്ജയിനെയും നിരഞ്ജനെയും നോക്കി. "അമേരിക്കയിൽ വെച്ച് ഞാൻ  കണ്ടപ്പോഴെല്ലാം രണ്ടുപേരും വളരെ സ്നേഹത്തിലും ആയിരുന്നു. റായ് സാറിന് എതിരാണല്ലോ ഇപ്പോൾ കൂടുതൽ തെളിവുകൾ.... "

"മറ്റൊരുകാര്യം കൂടി." കരോലിൻ തുടർന്നു. "ഇന്നലെ നടാഷ എന്നെ  സോനഗച്ചിയിൽനിന്നും വിളിച്ചിരുന്നു . അവിടുത്തെ കുട്ടികളുടെ എമ്പവർമെന്റിനുവേണ്ടി റായ്സാറും കൂട്ടരും നടത്തിയ കാര്യങ്ങൾ ഉണ്ടല്ലോ....  അതെല്ലാം അവരുടെ ജീവിതത്തിന്റെ ഉന്നതിക്കുവേണ്ടി ചെയ്തതല്ലേ. മാത്രമല്ല അവിടുത്തെ കുട്ടികൾ പലതരത്തിൽ  ആക്രമിക്കപ്പെടുമ്പോഴും മറ്റും റായ് സർ ഉൾപ്പെട്ടാണ്  അവരെ  പലപ്പോഴും ഹോസ്പിറ്റൽ കേസുകളിലും മറ്റും സഹായിക്കുന്നത്. ഇതെല്ലാം കോടതിയിൽ അദ്ദേഹത്തിനു സഹായകം ആവില്ലേ എന്നവർ ചോദിച്ചു. "

"ഒഫ് കോഴ്സ് കരോലിൻ... ഇതെല്ലാം ചെയ്യുന്ന റായ് എന്നത്  വക്കീലിന്  ഒരു സ്റ്റേറ്റ്മെന്റ് ആയി ചേർക്കാവുന്ന വാചകങ്ങൾ മാത്രമാണ്.   ഇത്രയും ജനസമ്മിതിയും  ചാരിറ്റിയും സെലിബ്രിറ്റിയും ആയ  നമ്മുടെ കക്ഷി  എന്നു പ്രതിഭാഗം വക്കീൽ വാദിക്കുമ്പോൾ ഇതൊക്കെ ഉണ്ടായിട്ടും ഇയാൾ തനൂജയെ ഇല്ലായിമ ചെയ്യാൻ ശ്രമിച്ചു എന്നത് വാദിഭാഗം വക്കീലിനു പരിഹസിക്കുകയും ആവാം." നിരഞ്ജൻ കൂട്ടിച്ചേർത്തു. 

 അതേ..... തെളിവുകൾ.... അതാണ് ഇനി ഉണ്ടാക്കിയെടുക്കേണ്ടത്.
..........................................

ഹോസ്പിറ്റലിൽനിന്നും നിരഞ്ജന് ആശാവഹമായ സന്ദേശമല്ലായിരുന്നു കിട്ടിയത്. തനൂജയുടെ ശരീരം വിഷത്തിനോടും മരുന്നിനോടും മാറിമാറി പ്രതികരിച്ചു കൊണ്ടിരുന്നു. വിഷം പൂർണ്ണമായി ശരീരത്തിൽനിന്നും നീക്കം ചെയ്താലേ മരുന്നുകളോട് പ്രതികരിക്കുന്നതിന്റെ തോതിൽ മാറ്റം വരൂ... 

നിരഞ്ജൻ വളരെ ശ്രമിച്ചു  തനൂജയുടെ മാതാപിതാക്കളുടെയും പോലീസിന്റെയും   കണ്ണുവെട്ടിച്ചു ഐസിയുവിൽ കയറി. 

ശാന്തമായി ഉറങ്ങിക്കിടക്കുന്ന തനൂജയുടെ മുഖത്ത് മൂക്കുത്തിയുടെ കല്ലുകൾ മാത്രം വല്ലാത്ത പ്രഭയോടെ  തിളങ്ങി. അബോധാവസ്ഥയിലും നേരിയ പുഞ്ചിരി ആ ചുണ്ടുകളിൽ ഉണ്ടായിരുന്നു.

മാറിമാറി തൂങ്ങുന്ന തുലാസിൽ പലരുടെയും ജീവിതങ്ങൾ ആടിയുലച്ചുകൊണ്ടു മയങ്ങിവീണ ആ മുഖത്തേക്ക് നോക്കി നിരഞ്ജൻ തറഞ്ഞുനിന്നു.

                                             തുടരും)
നീലച്ചിറകുള്ള മൂക്കുത്തികൾ 50 സന റബ്സ്
നീലച്ചിറകുള്ള മൂക്കുത്തികൾ 50 സന റബ്സ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക