ചൈനയില്‍ നിന്നും വൈറസ് ഇരമ്പി പറന്നു
ലോകമെമ്പാടും കൊറോണ നിറഞ്ഞു
കട, കമ്പനി, ഷോപ്പിങ്ങ്മാളുകള്‍ പൂട്ടി
ഓഫീസുകളും തുറക്കാതങ്ങിനടഞ്ഞു കിടന്നു
ജനങ്ങളെല്ലാം വീട്ടിലിരുന്നു ജോലികളൊക്കെ ഓണ്‍ലൈനായി!
കോളേജുകള്‍, സ്‌കൂളുകളെല്ലാം പൂട്ടിയ പിന്നെ-
ടീച്ചര്‍, കുട്ടികള്‍ സകലരും ഓണ്‍ലൈനിലുമെത്തി
ലാപ്‌ടോപ്പുകളും, മൊബൈല്‍ ഫോണുകളുണര്‍ന്നു
അവര്‍ കണ്ടു ചിരിച്ചു, കേട്ടു പഠിച്ചു രസിച്ചു
ടീച്ചര്‍ക്കോ പണി ഇരട്ടിയായി അവധിയുമൊട്ടില്ലാതായി
വീട്ടില്‍ കുട്ടികള്‍ മൂന്നും മൂന്നു തരം, ഇഷ്ടങ്ങളവര്‍ക്ക് പലതരം
ചിലര്‍ക്കു വേണം ഇഡ്ഡലി സാമ്പാര്‍ കൂടെ ഉശിരന്‍ പൊടിയും വേണം
മറ്റു ചിലര്‍ക്കോ ബ്രഡ്ഡ് ഓംലറ്റും കൂടെ ഫ്രൂട്ട് ജാമും വേണം
കാന്തന്നു മസാലദോശയതിഷ്ടം പുട്ടും കടലയുമായാലും മതി
ജോലികള്‍ പലവക! രാവും പകലുമതില്ലാതങ്ങിനെ
വീട്ടില്‍ ഇടതടവില്ലാതോടി നടന്നു വലഞ്ഞു ടീച്ചര്‍
മാതാപിതാ കുഞ്ഞുകുട്ടി കുടുംബം സകലം..
നിരതലയങ്ങിനെ ഓണ്‍ലൈനിലിരിപ്പായ് നിത്യം!
ഓണ്‍ലൈന്‍ ടീച്ചറൊരു ടീച്ചറെന്നാകിലും..
കൂടെ കുടുംബിനിയാണവളെന്നതൊരു സത്യം
അടുക്കളയിലടുപ്പിന്‍ മുന്നില്‍ നില്ക്കണമേറെ നേരം
മുന്നിലെ മുറിയില്‍ ലാപ്‌ടോപ്പിന്‍ മുന്നിലുമങ്ങിനെ തന്നെ
ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നിത്യം മുറ തെറ്റാതെ നടക്കേണം
കൊറോണയ്ക്കു മുട്ടു മടക്കാതെ നമ്മുടെ കുഞ്ഞുങ്ങളേവരും..
വിദ്യാസമ്പന്നരാകേണം അവര്‍ നാടിനു നാളത്തെ വാഗ്ദാനം
മഹാമാരിപ്പേടിയില്‍ ഗൃഹം വിട്ടു പുറത്തിറങ്ങുന്നതില്ലാരുമേ..
വീട്ടില്‍ തീറ്റയും കുടിയുമതങ്ങിനെ മുറ തെറ്റാതെ നടക്കുന്നുണ്ട്
ഇന്റര്‍നെറ്റില്‍ കാണും പല പല പാചക രീതി പയറ്റുന്നുണ്ട്
തടിയും ഭാരവുമളവില്‍ കൂടി ഉടയാടകള്‍ പലതും ചേരുന്നില്ല!
ഒരു പാതിരരാവില്‍ ഓണ്‍ലൈന്‍ ടീച്ചറുണര്‍ന്നു പതുക്കെ
പിന്നെ എഴുന്നിരുന്നു മനമുരുകീട്ടൊരു പ്രാര്‍ത്ഥന ചൊല്ലീ..
കുഞ്ഞന്‍ ചാത്താ കൊറോണ നീയൊന്നൊഴിഞ്ഞു പോകൂ വേഗത്തില്‍
പാഠശാലകളൊക്കെ തുറക്കട്ടെ...ഓണ്‍ലൈന്‍ ക്ലാസ്സിന്നറുതിയുമാകട്ടെ
ശങ്കര്‍, ഒറ്റപ്പാലം
ksnottapalam@gmail.com