Image
Image

കൊറോണാകാലത്തെ പ്രണയം (കവിത-ഷാജന്‍ ആനിത്തോട്ടം)

Published on 14 February, 2021
കൊറോണാകാലത്തെ പ്രണയം (കവിത-ഷാജന്‍ ആനിത്തോട്ടം)

(മഹാമാരിക്കാലത്ത് മാതൃകാസേവനമനുഷ്ഠിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കും നിയമപാലകര്‍ക്കും സന്നദ്ധസേവകര്‍ക്കുമായി ഈ പ്രണയദിനം സമര്‍പ്പിക്കുന്നു)

പ്രണയമാണെനിക്ക് പെണ്ണേ, കൊതിക്കുന്നു ഞാന്‍ നിന്നി-
ലണയാന്‍, ഒട്ടിച്ചേരുവാന്‍, കെട്ടിപ്പിടിക്കുവാന്‍
കരുണയോടെ നീ ചെയ്തുകൂട്ടുന്നോരാ പ്രവൃത്തിയുമെ-
ന്നരുമയായി നിന്നെ മാറ്റുന്നതീ കൊറോണാകാലത്തിലും

ധവളമാം യൂണിഫോമിനുള്ളിലെ കരുണാര്‍ദ്രമാം ഹൃദയവും
കവിളില്‍ സദാ വിരിയും നിറപുഞ്ചിരി നല്‍കുമാശ്വാസവും
കരുതലിന്‍ കാവലാളായി പ്രകാശിക്കുന്നു നിത്യവു-മേ-
വരുമാരാധിക്കും ഡോക്ടറേ, നഴ്‌സേ, നമിക്കുന്നു ഞങ്ങള്‍

പ്രണയമാണെനിക്ക് പൊന്നേ, വണങ്ങുന്നു ഞാനങ്ങയെ
അണയാത്ത ദീപമായങ്ങു ജ്വലിച്ചു കാണുമ്പൊഴീ
കെട്ടകാലത്തിലുമുണ്ടൊരു പ്രതീക്ഷതന്‍ നാളമെന്നീ-യി-
രുട്ടിലും തിരിച്ചറിയുന്നു, തുടിക്കുന്നെന്‍ ഹൃത്തടം

സന്നദ്ധസേവകര്‍, നിയമപാലകര്‍, സാദാ വോളണ്ടിയര്‍മാരും
അന്നദാനമല്ല, ശ്രമദാനം മഹോത്തരമെന്നു കാട്ടീ നിങ്ങള്‍
വേഷമേതായാലും വേണമതിനുള്ളിലൊരു ഹൃദയമെന്നീ-
കാഷായധാരികള്‍ക്കു പാഠമായി, വെറും ളോഹധാരികള്‍ക്കും

സ്വാര്‍ത്ഥരാം ഞങ്ങള്‍, തന്‍കാര്യ സാധ്യക്കാര്‍, നി-
സ്വാര്‍ത്ഥരായി ഞങ്ങളെ പരിപാലിപ്പോര്‍ നിങ്ങള്‍
വണങ്ങട്ടെ, വാനോളം പുകഴ്ത്തട്ടെ നിങ്ങളെ, ഈ
പ്രണയദിനത്തിന്‍ മംഗളമാശംസിക്കട്ടെ ഞങ്ങള്‍!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക