Image

പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-7: ഡോ. പോള്‍ മണലില്‍)

Published on 16 February, 2021
പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-7: ഡോ. പോള്‍ മണലില്‍)
ഇങ്ങനെയൊക്കെ ഞാന്‍ പ്രഭാഷകനായി...
(സുകുമാര്‍ അഴീക്കോടുമായി എന്‍.രാജന്‍ നടത്തിയ മുഖാമുഖം)

*എഴുത്തിനോടെന്നപോലെ പ്രസംഗത്തോടും ഉണ്ടായിരിക്കണം ചെറുപ്പം തൊട്ടേ ഒരാഭിമുഖ്യം. എന്തായിരുന്നു അതിനു കാരണം.
പ്രസംഗത്തോട് വളരെ ചെറുപ്പത്തില്‍തന്നെ വലിയ താല്‍പ്പര്യമായിരുന്നു. കൂടുതല്‍ താല്‍പ്പര്യം പ്രസംഗത്തോടായിരുന്നുവെന്ന് പറയാം. അതിനു കാരണം വടക്കേ മലബാറ് വാഗ്ഭടാനന്ദ ഗുരുദേവന്റെ വലിയ സ്വാധീനത്തില്‍പ്പെട്ട കാലമായിരുന്നു. അന്ന് ആത്മവിദ്യാസംഘമാണ് അദ്ദേഹം സ്ഥാപിച്ചത്. അത് വളരെ പ്രബലമായിരുന്നു. ഗുരുദേവര് പ്രഭാഷകനായിരുന്നു. ആത്മീയകാര്യങ്ങള്‍ ഇത്ര മനോഹരമായും ശാസ്തീയമായും സംസാരിക്കുന്നവര്‍ അദ്ദേഹത്തെപ്പോലെ നമ്മുടെ സന്യാസിമാര്‍ക്കിടയില്‍ അതിനുമുമ്പോ പിന്നീടോ ഉണ്ടായിട്ടില്ല. ശിഷ്യന്മാരും അങ്ങനെതന്നെയായിരുന്നു. മൂന്നു പ്രധാന ശിഷ്യന്മാരായിരുന്നു. അതില്‍ രണ്ടുപേര്‍ സന്യാസിമാരായിരുന്നു. ഒന്ന് സ്വാമി ബ്രഹ്മവ്രതന്‍. മറ്റൊന്ന് സ്വാമി ആര്യഭടന്‍. ബ്രഹ്മവ്രതന്‍ എന്നില്‍ വലിയ സ്വാധീനം ചെലുത്തിയ ആളാ. വളരെ കലാപരമായും അനര്‍ഗളമായും സംസാരിക്കും. പിന്നെ ശിഷ്യന്മാരായിട്ടുള്ളവരെല്ലാം നല്ല പ്രഭാഷകരാ - എം.ടി. കുമാരന്‍, ടി.വി. അനന്തന്‍ - പഴയ സര്‍വോദയക്കാരന്‍ - അതുപോലെ എം.കെ. അച്യുതന്‍. പ്രസംഗത്തിന് വല്ലാത്ത വശീകരണ ശക്തിയുണ്ടല്ലോ. അതിപ്പോഴും ആളുകള്‍ക്കിടയില്‍ ഉണ്ട്. അതെന്നെ ആകര്‍ഷിച്ചു. പിന്നെ വള്ളത്തോളിന്റെയും ആശാന്റെയും ഉള്ളൂരിന്റെയുമൊക്കെ കവിതകളുമായുള്ള സമ്പര്‍ക്കം. കുമാരന്റെ പ്രസംഗം സാഹിത്യപ്രധാനമാണ്. അതുകൊണ്ട് രണ്ടും യോജിച്ചുവന്നു.

* ആദ്യം കേട്ട പ്രസംഗം ആരുടേതായിരുന്നു.
ആദ്യം കേട്ടത് വാഗ്ഭടാനന്ദന്റേതാണ്. അതുപക്ഷേ നമുക്ക് അനുകരിക്കാന്‍ കഴിയില്ല. അതൊരു ആചാര്യന്റെ പ്രഭാഷണമാണ്. അതിനൊരു ആജ്ഞാശക്തിയും ഉന്നത നിലയുമുണ്ട്. ആ തലത്തിലേക്ക് നമുക്ക് എത്താന്‍ കഴിയില്ല. മറ്റുള്ളവരുടെ പ്രസംഗങ്ങള്‍ ശ്രോതാക്കളുടെ തലത്തില്‍ നിന്നുകൊണ്ട് അവരെ നേരിടുകയാണ്. അക്കൂട്ടത്തില്‍ ബ്രഹ്മവ്രതനാണ്. ബ്രഹ്മവ്രതനെക്കുറിച്ച് ഒരുപാട് കഥകളുണ്ട്. മുണ്ടശ്ശേരിമാഷ് അന്ന് വലിയ പ്രഭാഷകനാണ്. കണ്ണൂരിനടുത്ത് ചാലാട് എന്നൊരു സ്ഥലമുണ്ട്. അവിടെ ഐക്യസോദര സാഹിത്യ സമാജം ഉണ്ടായിരുന്നു. കണ്ണൂരും ചുറ്റുപാടും സാഹിത്യത്തിന്റേതായൊരു സംസ്കാരം വളര്‍ത്താന്‍ ആ സമാജം പത്തുപതിനഞ്ചുകൊല്ലം നടത്തിയ സേവനം മറക്കാന്‍ പാടില്ലാത്തതാണ്. വര്‍ഷത്തിലൊരിക്കല്‍ കേരളത്തിലെ ഏറ്റവും വലിയ സാഹിത്യകാരന്മാരെയാണ് പ്രസംഗിക്കാന്‍ കൊണ്ടുവരാറ്. ശങ്കരക്കുറുപ്പ്, പള്ളത്ത് രാമന്‍, മുണ്ടശ്ശേരി എന്നിവരെപ്പോലുള്ളവരെ. മുണ്ടശ്ശേരിമാഷന്ന് ഉള്ളൂരിനെ എതിര്‍ക്കുന്ന കാലമാണ്. അതുകൊണ്ട് ഒരു വിഭാഗം ആളുകള്‍ മുണ്ടശ്ശേരിയെ എതിര്‍ത്തിരുന്നു. മുണ്ടശ്ശേരിക്കൊരു ഉദ്ധത സ്വരമുണ്ടല്ലോ. അത് പലരെയും വെറുപ്പിച്ചു. വര്‍ത്തമാനത്തിലൊക്കെ മര്യാദ ലംഘിക്കയാണെന്നു തോന്നും. മുണ്ടശ്ശേരിയുടെ അധ്യക്ഷതയില്‍ നടന്ന ഒരു യോഗത്തില്‍ എം.ടി. കുമാരന്‍ മാഷ് മുണ്ടശ്ശേരിയെ എതിര്‍ത്തു. ഒരാളും ധൈര്യപ്പെടില്ല. അന്ന് മുണ്ടശ്ശേരി അതിന്, ഇതിനൊക്കെ മറുപടി പറയേണ്ടത് വാക്കുകൊണ്ടല്ല എന്നൊരു പ്രയോഗം നടത്തി. വലിയ ആക്ഷേപമായി. പിറ്റേവര്‍ഷം നീലേശ്വരത്ത് സാഹിത്യ പരിഷത്തിന്റെ സമ്മേളനം വന്നു. വള്ളത്തോളിന് മുണ്ടശ്ശേരിയോടന്ന് അലോഗ്യായിരുന്നു. വള്ളത്തോളന്ന് പറഞ്ഞു, സാഹിത്യ സമ്മേളനങ്ങള്‍ക്കടുത്തുതന്നെ മജിസ്‌ട്രേറ്റ് കോടതികൂടെ സ്ഥാപിക്കേണ്ട സ്ഥിതിയാണിപ്പോഴെന്ന്.

ഞാന്‍ പറഞ്ഞുവന്നത് അന്നേ വിവാദങ്ങളുണ്ടെന്നാണ്. വിവാദങ്ങളെന്നത് വര്‍ത്തമാനകാലത്തിലെ തിരവന്ന് ശബ്ദങ്ങളുണ്ടാക്കുന്നപോലെയാണ്. കടലും കരയും ചേരുന്നിടത്ത് എപ്പോഴും തിരമാലയുണ്ടാകും. അത് ഉള്ളോട്ടുണ്ടാവില്ല. അത് സാഹിത്യമാകട്ടെ രാഷ്ട്രീയമാകട്ടെ ഏതെടുത്താലും വിവാദം കാണും. മരിച്ച സമൂഹത്തില്‍ മാത്രമേ വിവാദങ്ങളുണ്ടാവാതിരിക്കുകയുളളൂ. അതുകൊണ്ട് അഭിപ്രായ സംഘട്ടനം എപ്പോഴും ഉണ്ടാവും. അത് ജനാധിപത്യത്തിന്റെ വലിയ സംഗതിയാണ്. വിവാദമെന്നത് സജീവമായ ചിന്തയാണ്. ആ നിലയ്ക്കാണ് അതിനെ കാണേണ്ടത്. പിന്നെ ആ സമയത്ത് അല്പം മര്യാദകേടൊക്കെ സംസാരിക്കും. അതിലൊരു സദാചാര ഭ്രംശമൊന്നുമില്ല. മിണ്ടാതിരിക്കുന്നതാണ് ഏറ്റവും വലിയ നാശം.

* പ്രസംഗങ്ങള്‍ കൊണ്ട് മനഃസംസ്കരണം സാധിക്കുമെന്ന തിരിച്ചറിവുണ്ടായത് സ്വന്തം അനുഭവംകൊണ്ടായിരുന്നോ.
ഒരു പ്രസംഗം കേള്‍ക്കാന്‍ പോയ ആളല്ല തിരിച്ചു വരുന്നതെന്ന് എപ്പഴും തോന്നാറുണ്ട്. അന്ന് കണ്ണൂരിലൊക്കെ പ്രസംഗം കേള്‍ക്കാന്‍ പോകണമെങ്കില്‍ നടന്നു പോകണം. ബസൊക്കെ വളരെ ചുരുക്കമാണ്. വല്ലപ്പോഴേ കിട്ടൂ. എന്നെപ്പോലെതന്നെ ഇതില് താല്പര്യമുള്ള കുറച്ചാളുകള് ചുറ്റുപാടുമുണ്ടായിരുന്നു. അവരുടെ കൂടെപോയി തിരിച്ചുവരുമ്പോ ചര്‍ച്ച അന്നുകേട്ട പ്രസംഗത്തെപ്പറ്റിയാണ്.
എന്റെ കുട്ടിക്കാലത്തും ഇത്തരം അനുഭവമുണ്ട്. ഇ.എം.എസിന്റെ പ്രസംഗം കേള്‍ക്കാന്‍ തൃശൂര് പോയിട്ട് തിരിച്ച് വീട്ടിലേക്കുള്ള മടക്കത്തില്‍... ബസുണ്ടാവില്ല. അപ്പോള്‍ കേള്‍ക്കാം ആളുകള്‍ തമ്മില്‍ അന്നത്തെ പ്രസംഗത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍. വീടെത്താറുള്ളത് അറിയാറില്ല.

അതിന്റെ അര്‍ഥം അന്നത്തെ സമൂഹം കൂടുതല്‍ ജിജ്ഞാസയുള്ളവരായിരുന്നു എന്നാണ്. അവര് പ്രസംഗത്തിന്റെ രചനാത്മകമായ സ്വാധീനത്തില്‍പ്പെട്ടവരാണ്. ആളുകള്‍ ഇരിക്കുന്നത് കണ്ടാല്‍ എനിക്കറിയാം. സ്വസ്ഥമായി ഇരുന്നിരുന്നവര്‍ അല്പം അസ്വസ്ഥരാവും. ചിലരിങ്ങനെ താളം പിടിക്കും. സംഗീതത്തില്‍ ഇതൊക്കെ ആകുന്നത് മനസിലാക്കാം. പ്രഭാഷണം അതു ചെയ്യുന്നത് ശബ്ദംകൊണ്ടല്ല, ചിന്തകൊണ്ടാണ്. ഇന്ന് മനഃസംസ്കരണത്തിനുള്ള പ്രസംഗങ്ങള്‍ കുറഞ്ഞു വരുന്നു. രാഷ്ട്രീയമെന്നു പറഞ്ഞാല്‍ അതിലുള്ള ദൈനംദിനകാര്യങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ. നെഹ്‌റുവിന്റെ കാലത്തൊക്കെ ദൈനംദിന കാര്യങ്ങളില്‍ അധികം ശ്രദ്ധിക്കില്ല. വലിയ നേതാക്കള്‍ എപ്പോഴും ഉയര്‍ന്ന കാര്യങ്ങളേ പറയൂ. ഒരു പുസ്തകം വായിച്ചാല്‍ ഒരിക്കലും കിട്ടാത്ത അഗാധമായ വൈകാരികത പ്രസംഗത്തിലും അതുകഴിഞ്ഞുള്ള ചര്‍ച്ചകളിലും കിട്ടിയിരുന്നു.
പുസ്തകം വായന ഏകാന്തതയിലാണ്. അത് ബാഹ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപകരിക്കില്ല. ഇത് വളരെ ഡയറക്ടാണ്. അന്നുകേട്ട പ്രസംഗത്തെക്കുറിച്ച് രണ്ടുപേര്‍ ഒരുമിച്ചു നടന്നുപോകുമ്പോള്‍ സംസാരിക്കയാണ്...

* സ്കൂളില്‍ പഠിക്കുന്ന കാലത്ത് പ്രസംഗമത്സരങ്ങളില്‍ പങ്കെടുക്കാറുണ്ടോ.
ഞാന്‍ പഠിച്ചത് അഴീക്കോട് സൗത്ത് എലിമെന്ററി സ്കൂളിലാണ്. എം.ടി. കുമാരന്‍മാഷ് അവിടെ അധ്യാപകനായിരുന്നു. എല്ലാ ബുധനാഴ്ചയും വൈകിട്ടുള്ള പീരിയഡിനെ ഡിബേറ്റെന്നാണ് പറയാറ്. പ്രാര്‍ഥനതൊട്ട് എല്ലാ കാര്യങ്ങളും കുട്ടികള്തന്നെ ചെയ്യണം. മനഃപാഠാക്കി ഞാനന്ന് കുറേ പ്രാര്‍ഥന ചൊല്ലീട്ടുണ്ട്. പ്രസംഗവും അതുപോലെയാണ്. എഴുതി മനഃപാഠാക്കി പറയലാണ്. "വിദ്യാര്‍ഥികളുടെ കടമ' അതുപോലെ ചെറുതായിട്ട്...

* അത് സ്വയം എഴുതി തയ്യാറാക്കാറുണ്ടോ.
അതിന് കുമാരന്‍ മാഷൊക്കെ സഹായിക്കും. എന്റെ അച്ഛന്‍ വിദ്വാന്‍ ദാമോദരന്‍ മാഷ് ഇവര്‍ക്കൊക്കെ ഗുരുനാഥനെപ്പോലെയാണ്. അച്ഛന്റെ മക്കളെന്ന നിലയ്ക്ക് നമുക്കൊക്കെ വലിയ ആനുകൂല്യം കിട്ടിയിരുന്നു. ആരും നമ്മളോട് അപ്രിയം പറയില്ല. അങ്ങനെ പ്രസംഗമൊക്കെ എഴുതിക്കിട്ടിയിരുന്നു. ഹൈസ്കൂളിലെത്തിയപ്പോഴും കുറച്ചു പ്രസംഗിച്ചിരുന്നു. കോളേജിലെത്തിയപ്പോള്‍ ഞാന്‍ തീരെ പ്രസംഗത്തിന് പങ്കെടുത്തിരുന്നില്ല.

*എന്നായിരുന്നു ആദ്യ പ്രസംഗം
കോളേജ് വിട്ടതിനുശേഷം - തുടങ്ങിയതെങ്ങനെയായിരുന്നു എന്നു വച്ചാല് - കണ്ണൂരില് എന്നെപ്പോലെ സഹൃദയരായ കുറച്ച് ചെറുപ്പക്കാരുണ്ടായിരുന്നു. ഞങ്ങളെല്ലാം ചേര്‍ന്ന് ചെറിയൊരു സംഘമുണ്ടാക്കി. ആദ്യത്തെ മീറ്റിങ് ഏപ്രില്‍-മേയ് മാസത്തിലായിരുന്നു. മാതൃഭൂമിയില്‍ അക്കാലത്ത് ഡോ. ഭാസ്കരന്‍ നായരുടെ ആശാന്‍-വിഷാദമോ പ്രസാദമോ എന്നൊരു വലിയ ലേഖനം വന്നിരുന്നു. അത് പിന്നീട് വിഷാദമോ പ്രസാദമോ എന്ന പുസ്തകത്തിലും വന്നു. ആശാന്റെ കാവ്യങ്ങളില്‍ വിഷാദത്തിന്റെ കണ്ണീര്‍ത്തടാകങ്ങളില്‍ നമ്മള്‍ മുങ്ങിപ്പോവുകയാണെന്നു പറഞ്ഞിട്ട് - പ്രസാദമാണ് കവിതക്ക് നല്ലത്, വിഷാദമല്ല - അതൊരു വലിയ ചര്‍ച്ചയായിരുന്നു വളരെക്കാലം. മാരാര്‍ അതിന് മറുപടി പറഞ്ഞു. കുറുവാങ്കുഴി ശങ്കരനെഴുത്തച്ഛന്‍, മുണ്ടശ്ശേരി, നമ്മുടെ ലവലില്‍ നമ്മളും... ആശാന്‍ വിഷാദാത്മകനാണോ എന്നതായിരുന്നു വിഷയം. ഞാനന്ന് ഒരു ലേഖനം സ്വയം എഴുതി. അന്നാണ് ഞാനാദ്യമായിട്ട് വെളിയിലൊരു പ്രസംഗം ചെയ്യുന്നത്. അന്നു ഞാന്‍ തീരുമാനിച്ചു എഴുതിപഠിച്ചിട്ടിനി പ്രസംഗിക്കില്ലെന്ന്. കാരണം വല്ലാത്തൊരു തടസമാണത്. പ്രസംഗിക്കാന്‍ അത് സഹായകമാണ്, പ്രസംഗം നന്നാവാതിരിക്കാനും. ചിലയിടത്ത് ഒന്നു പാളിപ്പോകണമെന്നു നമുക്കുതോന്നും. അതു സമ്മതിക്കില്ല. കാരണം വാചകം ശരിയാവില്ല. അപ്പഴാണ് എനിക്ക് മനസിലായത് - എനിക്ക് ഒരുപാട് പറയാനുണ്ട് - അതിന്റെ ഞെരുക്കംകൊണ്ടാണ് ഈ പ്രയാസം വരുന്നതെന്ന്. ആരംഭത്തില്‍ ഞാന്‍ വളരെ വേഗത്തില്‍ സംസാരിച്ചിരുന്നു. ഈ ലോഡ് എങ്ങനെയെങ്കിലും താഴെ ഇറക്കിവയ്ക്കാന്‍ വേണ്ടി. അതിന് ഊര്‍ജവും കൂടും. ഇതിന്റെ പ്രാഥമികമായൊരു സംഘര്‍ഷമുണ്ട്. ജനങ്ങളുടെ മുമ്പില്‍ വരുന്നതല്ലേ. പ്രസംഗിക്കാന്‍ പലരും മടിക്കുന്നത് അതുകൊണ്ടാണ്. ഞാനത് കണക്കാക്കാതെ പറഞ്ഞ് അതില്‍ ജയിച്ചുപോയി.

* പ്രസംഗത്തെ പിന്നെ വരുതിയിലാക്കിയത് എങ്ങനെയാണ്.
അതിനൊരു കണ്‍ട്രോള്‍ വരുന്നത് ധാരാളം വായിച്ചും വിഷയത്തെപ്പറ്റി ഒരുപാട് ആലോചിച്ചുമാണ്. വായന ഒരുപാട് സഹായിച്ചു. വായന വാസ്തവത്തില്‍ പ്രസംഗത്തിന് ശക്തികൂട്ടാനുള്ളതായിരുന്നു. അന്ന് ക്വട്ടേഷന്‍സൊക്കെ ഒരുപാട് പ്രയോഗിക്കും. പുസ്തകങ്ങളുടെ പേരു പറയും. ആരംഭത്തില് യുവാക്കള്‍ക്കുള്ള ശീലമാണ്. ഞാനിതെല്ലാം  വായിച്ച ആളാണെന്നു വരുത്തി മേനി നടിക്കല്. പിന്നെയാണ് അതൊക്കെ നിയന്ത്രിക്കാന്‍ സാധിച്ചത്.
എനിക്കന്ന് നല്ല പ്രോത്സാഹനം കിട്ടി. എന്താന്നുവച്ചാല്‍ ഇങ്ങനെ പറയുന്ന ആളുകള്‍ ചുരുക്കമാണ്. പലരും രാഷ്ട്രീയത്തില്‍ പോവും. അവിടെ പിന്നെ ഇത്രയധികം തയ്യാറെടുപ്പൊന്നും വേണ്ട. മിക്കവാറും പത്രം വായിച്ചാല്‍ വിവരംകിട്ടും. എഴുത്തച്ഛന്‍, നമ്പ്യാര്, ആശാന്‍, വള്ളത്തോള്, ഉള്ളൂര്, വാത്മീകി, കാളിദാസന്‍, ഷെല്ലി, ഷേക്‌സ്പിയര്‍, കീറ്റ്‌സ്... പിന്നെ രാധാകൃഷ്ണന്‍ - കണക്കില്ലാതെയങ്ങ് പോകും.

* വായന പ്രസംഗത്തിനുള്ള തയ്യാറെടുപ്പായിരുന്നു.
ആദിപ്രേരണ പ്രസംഗമായിരുന്നു. ഇപ്പോഴും. എഴുത്തുനിന്നാലും എനിക്ക് പ്രസംഗിക്കാതെ വയ്യാത്ത ഒരു സ്ഥിതി വന്നു. എഴുത്ത് നില്‍ക്കുന്നതില്‍ എനിക്ക് വലിയ വിഷമമില്ല. ഇതുനിന്നാല്‍ വിഷമം തോന്നും. ഇതിപ്പോ എന്റെ ആരോഗ്യത്തേയും എല്ലാം നിയന്ത്രിക്കുന്ന ഒരു ഘടകമായിരിക്ക്യാ. പിന്നെ ഒന്നുണ്ട് - പുസ്തകമെഴുതുന്നതില്‍ - എഴുത്തില്‍ കലാത്മകതയില്ല. അതായത് ഇന്നുതുടങ്ങി അത് നിര്‍ത്തിവച്ചു. നാളെ അര്‍ധരാത്രി വീണ്ടും എഴുതിയതുതന്നെ മാറ്റി. എല്ലാംകൂടി ഒടുവില്‍ പുസ്തകത്തിനാ കലാത്മകത. രചനയ്ക്ക് കലാത്മകതയില്ല. നേരെമറിച്ച് സ്പീച്ച് - ആ ഡെലിവറിതന്നെ കലാത്മകമാണ്. സംഗീതത്തെപ്പോലും അത് അതിവര്‍ത്തിക്കുന്നത്; സംഗീതത്തിന് റിഹേഴ്‌സലുണ്ട്. പ്രസംഗത്തിന് റിഹേഴ്‌സലില്ല. റിഹേഴ്‌സിലില്ലാത്ത ഒരൊറ്റകല പ്രസംഗമാണ്. പ്രസംഗം റിഹേഴ്‌സല് ചെയ്ത് പോകുന്നവരുണ്ട്. അത് വളരെ വിരസമാകും. അത് ജനങ്ങളെ ഫേസ്‌ചെയ്യാന്‍ കഴിയാത്തതുകൊണ്ടാണ്. ബ്രേക്ക് ഡൗണ്‍ വന്നാല്‍ നാണക്കേടാവും. വാക്കുകിട്ടാതെ തലചുറ്റി വീണവരെ ഞാന്‍ കണ്ടിട്ടുണ്ട്... അതുപോലെ വിരസമാണ് എഴുതിത്തയ്യാറാക്കിയ പ്രസംഗങ്ങള്‍ വായിക്കുന്നതും... അതിന് തെളിവ് വടക്കുംക്കൂര്‍ രാജരാജവര്‍മ്മയാണ്. വലിയ എഴുത്തുകാരനാണ്. സാഹിത്യപരിഷത്തിന് ക്ഷണിക്കും. പക്ഷേ, 30-35 പേജ് എഴുതി ഇങ്ങനെ വായിക്കും. ഒന്നൊന്നര മണിക്കൂറാണ്. സഹിക്കാന്‍ കഴിയില്ല. പാര്‍ലമെന്റിലൊക്കെ പ്രസംഗം എഴുതി വായിക്കരുതെന്ന് ഭരണഘടനയില്‍തന്നെ നിയമമുണ്ടെന്നു തോന്നുന്നു. വലിയ ഓര്‍മയില്ല. സ്റ്റാറ്റിസ്റ്റിക്‌സ് മാത്രമേ എഴുതി വായിക്കാന്‍ പാടുള്ളു.

* ലോകപ്രശസ്തരായ ആരുടെയൊക്കെ പ്രസംഗങ്ങള്‍ കേട്ടിട്ടുണ്ട്.
ഇന്ത്യയിലെ മികച്ച പ്രഭാഷണങ്ങള്‍ പലതും കേട്ടിട്ടുണ്ട്. ഡോ. രാധാകൃഷ്ണന്റെ. ഒറ്റപ്പാലം സാഹിത്യ പരിഷത്തിലാണ് ആദ്യം കേള്‍ക്കുന്നത്. ലോകത്തില്‍തന്നെ എണ്ണപ്പെട്ട പ്രസംഗകരില്‍ ഒരാളായിരുന്നു. നെഹ്‌റുവിന്റേത് വേറൊരു തരമാണ്. പിന്നെ വി.കെ. കൃഷ്ണമേനോന്‍. രാജഗോപാലാചാരി. ബോംബെ കോണ്‍ഗ്രസ് പ്രസിഡന്റ് എച്ച്.കെ. പാട്ടീല്‍. ഒറെയ്റ്ററാണ്. വല്ലാത്ത പ്രസംഗമാണ്. പാട്ടീലിന്റെ പ്രസംഗം ഞാന്‍ കോഴിക്കോട്ട് തര്‍ജമ ചെയ്തിട്ടുണ്ട്. നെഹ്‌റുവിന്റെയും കൃഷ്ണമേനോന്റെയും പ്രസംഗങ്ങള്‍ തര്‍ജമ ചെയ്തിട്ടുണ്ട്.

* മഹാത്മജി.
ഗാന്ധിയെ ഞാന്‍ കണ്ടതേയുള്ളു. അവസാന കാലത്ത്. പ്രസംഗം കേട്ടിട്ടില്ല. ഇപ്പോള്‍ ഞാന്‍ പറഞ്ഞതെല്ലാം ഇന്ത്യയില്‍ ഒരേ കാലത്തുള്ള മഹാരഥന്മാരാണ്. ഇപ്പോഴോ? മന്‍മോഹന്റെ പ്രസംഗം മനുഷ്യന്‍ കേട്ടിരിക്കുമോ? പ്രണാബ് മുഖര്‍ജി... ആരൊക്കെയുണ്ട്... പിന്നെ ഒരു സ്പീക്കറായി ഉണ്ടായിട്ടുള്ളത് വാജ്‌പേയിയാണ്.

*കവിതയുള്ളതിന്റെ ഗുണമാവും അതല്ലേ? വാക്കുകളില്‍ പ്രസന്റേഷനില്‍ ഒക്കെയുള്ള സ്പാര്‍ക്ക്.
അതെ. അതൊക്കെ വരണം. എന്നാലെ സ്പീച്ചിനൊരു വലിയ ചക്രവാളത്തെ ഉണ്ടാക്കാന്‍ കഴിയൂ. അല്ലാതെ വിഷയം മാത്രം ഇങ്ങനെ അടുക്കിപ്പറഞ്ഞതുകൊണ്ടൊന്നും കാര്യം ഇല്ല. പിന്നെ ആ കാലത്ത് വലിയ സ്പീച്ച് - അശോക് മേത്ത. ഒരു ചെറിയ താടിയൊക്കെയുണ്ട്. സോഷ്യലിസ്റ്റ് നേതാവാണ്. അതുപിന്നെ പുസ്തകംപോലെ തോന്നും. പ്രസംഗം കഴിഞ്ഞാല് അതൊരു പുസ്തകായിരിക്കും. അമ്മാതിരി സ്‌കോളറാ. പിന്നെയൊരാളാ യൂസഫ് മെഹറാലി. സോഷ്യലിസ്റ്റ് നേതാവാ. വളരെ ചെറുപ്പത്തിലേ മരിച്ചുപോയി. അതുപോലെ രാംമനോഹര്‍ ലോഹ്യ. അശോക് മേത്തയുടെയൊക്കെ കേട്ടാല്‍ നമ്മള്‍ അത്ഭുതപ്പെടും. ഓറേയ്റ്ററിയേക്കാളേറെ സ്‌കോളര്‍ഷിപ്പാണ്. പിന്നെ ഇംഗ്ലീഷ് കമാന്റും. ഇവര്‍ക്കെല്ലാമുള്ള ഒരു ഘടകമതാണ്. ഇംഗ്ലീഷുകാരെ അതിശയിപ്പിക്കുന്ന ഇംഗ്ലീഷ് കമാന്റാണ്. രാധാകൃഷ്ണന്റേത് ലോകത്തെ ജയിച്ച സ്പീച്ചാണ്. അതുപോലെ കുറേകഴിഞ്ഞ് ലൈബ്രറി മൂമെന്റില്‍ എസ്. ആര്‍ രംഗനാഥനുണ്ടായിരുന്നു.

*ഇംഗ്ലീഷ് പ്രസംഗങ്ങള്‍
ഞാനും 14 വയസുമുതല്‍ "ഹിന്ദു' വായിക്കാന്‍ തുടങ്ങിയതാ. ഇന്നും നമ്മള് ഹിന്ദു വായന നിര്‍ത്തിയിട്ടില്ല. അതുകൊണ്ടൊക്കെയാണ് നമ്മള്‍ ഒരു സ്ഥലത്ത് എത്തീത്. നിങ്ങള്‍ ചോദിക്കുമ്പോഴാണ് എത്ര വലിയ പ്രിപ്പറേഷന്‍സാണ് നമ്മള്‍ ഇതിനുവേണ്ടി നടത്തിയതെന്ന് ആലോചിക്കുന്നത്. പരിശ്രമങ്ങള്‍. പരാജയങ്ങള്‍. എന്തുവന്നാലും പിന്‍മാറില്ലെന്ന തീരുമാനങ്ങള്‍... അല്ലാതെ ഒരു ദിവസംകൊണ്ട് പ്രഭാഷകനായതല്ല. പിന്നെ വേറൊന്ന് - ഇപ്പോഴും എനിക്കതുണ്ട് - ഡിക്ഷനറി ഹാബിറ്റ്. പുസ്തകം വായിക്കുന്നപോലെ ഞാന്‍ ഡിക്ഷനറി നോക്കും. മലയാളം ഡിക്ഷനറിയും ഇംഗ്ലീഷ് ഡിക്ഷനറിയും. അന്ന് ചേംബേഴ്‌സ് ഡിക്ഷനറിയാണ്. നമ്മുടെ അമ്മാവന്‍ തന്നൊരു ഡിക്ഷനറിയുണ്ടായിരുന്നു. ഇപ്പോപിന്നെ എന്റെടുത്ത് എല്ലാതരം ഡിക്ഷനറിയുമുണ്ട്. മലയാളത്തില് ശബ്ദതാരാവലിയും... ഗുണ്ടര്‍ട്ടിന്റെ ആദ്യ എഡിഷന്‍ ഡിക്ഷനറി ഈ ലോകത്തുണ്ടെങ്കില്‍ അതെന്റെ വീട്ടിലായിരിക്കും. ഇപ്പോഴും ഉപയോഗിക്കാം. ഗുണ്ടര്‍ട്ടിന്റെ ഡിക്ഷനറിക്കുള്ള ഗുണം ഇംഗ്ലീഷ് വാക്കുകള്‍ - "അമ്മി' എന്നെഴുതിയാല്‍ പുള്ളിക്കാരന്‍ അതിന്റെ ഇംഗ്ലീഷെഴുതും. സ്കൂളില്‍ പഠിച്ചാല്‍ ഈ ഇംഗ്ലീഷൊന്നും കിട്ടില്ല.

* പ്രഭാഷണത്തിന്റെ അടിസ്ഥാനമാണല്ലോ പദസമ്പത്ത്.
വെക്കാബുലറി വര്‍ധിക്കുമ്പോള്‍ ചിന്തയെ നമുക്ക് കൂടുതല്‍ സൂക്ഷ്മമാക്കിക്കൊണ്ടുപോകാന്‍ കഴിയും. നമുക്ക് ഒരു പത്തിരുപത് രോഗങ്ങളുടെ പേരറിയാമെങ്കില്‍ രോഗം എന്ന വാക്കുപയോഗിക്കാതെ ആശയം പ്രതിപാദിക്കാന്‍ കഴിയും. അതുപോലെ പുതിയ വാക്കുകള് - മുമ്പുപയോഗിക്കാത്ത കോമ്പിനേഷന്‍സ് - അതൊക്കെ ഈ പരിചയംകൊണ്ടുണ്ടാവുന്നതാണ്. ഞാനിപ്പോ പ്രസംഗത്തിന് തീരെ ആലോചിക്കാറില്ല. കാരണം ആലോചന എനിക്കിപ്പോ തടസ്സമാണ്. ഞാന്‍ ചിന്തിച്ചതുതന്നെ ഒരുപിടി കിടപ്പുണ്ട്. വെറുതെ വിഷയം മതി. പിന്നെ അത് ഉള്ളിലോട്ടു പോയിട്ട് അതിങ്ങനെ വന്നോളും. ഇമ്മീഡിയറ്റ് കണക്ഷനാണ് പ്രസംഗത്തിന്റെ വിജയം. ഓര്‍മ ഇമ്മീഡിയറ്റായിട്ട് കണക്ട് ചെയ്ത് കിട്ടണം. പലര്‍ക്കും ഓര്‍മയുണ്ട്. പക്ഷേ അത് പുറത്തുവരുമ്പോഴേക്കും നമ്മുടെ അവസരം കഴിയും.

*പ്രസംഗം കഴിഞ്ഞ് വന്നിരിക്കുമ്പോഴാവും പലതും പറയാന്‍ വിട്ടു പോയെന്ന് തോന്നുക.
ഇതൊക്കെ ജീവിതാനുഭവങ്ങളാണ്. ആളുകളിത് സമ്മതിക്കില്ല. മറ്റത് ഇങ്ങനെ ചാടി വീഴുകയാണ്. മനുഷ്യന്‍ വലയിലേക്ക് വീഴുന്നപോലെ.

* പ്രഭാഷണമോ പ്രസംഗങ്ങളോ കൂടുതല്‍ ഇഷ്ടം.
പ്രഭാഷണങ്ങള്‍ക്ക് പ്രസംഗശൈലി പറ്റില്ല. സെമിനാറുകളില്‍ വാക്കുകളൊക്കെ വളരെ ചുരുക്കി ഒരു വിഷയം കേന്ദ്രീകരിച്ചുകൊണ്ട് പത്തുമിനിറ്റോ മറ്റോ സംസാരിക്കുകയാണ്. അതിന് എന്നെ സഹായിച്ചിട്ടുള്ളത് പി എച്ച് ഡിക്കുള്ള തയ്യാറെടുപ്പാണ്. തീസിസുകള്‍ക്കുള്ള പ്രത്യേകത അതില്‍ അനാവശ്യമായി ഒരു അജക്ടീവ്‌പോലും ഉപയോഗിക്കാന്‍ പറ്റില്ല. മലയാള സാഹിത്യ വിമര്‍ശനം എന്റെ തീസിസാണ്. ആ ശൈലിയല്ല ആശാന്റെ സീതാകാവ്യത്തിലുള്ളത്. അതില്‍ കുറച്ചുകൂടി വേഷഭൂഷാദികളൊക്കെ വരും. പ്രസംഗം തന്നെയാണ് ഇഷ്ടം. മറ്റേതിലും മഹിമയുണ്ട്. പണ്ഡിതോജ്വലമായി കാര്യം പറയുന്നതില് ആകര്‍ഷണമുണ്ട്. അധികം പേര്‍ക്കത് മനസിലാവില്ല. എനിക്കതില്‍ താല്പര്യമുള്ള ആളാ. ഇപ്പോ അതിന് അവസരം തീരെ കിട്ടാറില്ല. പ്രഭാഷണത്തിന് തയ്യാറെടുപ്പുവേണ്ടിവരും. സ്ക്രിപ്റ്റ് വേണ്ടിവരും. എനിക്ക് പക്ഷേ അത് പെട്ടെന്ന് മനസില്‍ അറേഞ്ച് ചെയ്യാന്‍ കഴിയും.

* പ്രസംഗത്തിനുള്ള തയ്യാറെടുപ്പ് പലപ്പോഴും കാര്‍ യാത്രക്കിടയിലായിരിക്കുമെന്ന് കേട്ടിട്ടുണ്ട്.
പ്രസംഗത്തിനങ്ങനെ തയ്യാറെടുപ്പൊന്നും പതിവില്ല. കാര്‍ യാത്ര പ്രിഫര്‍ ചെയ്യുന്നത് ഏകാന്തതയിലിരുന്ന് ആലോചിക്കാന്‍ പറ്റും. പിന്നെ കാറിനൊരു താളമുണ്ട്. നമ്മടെ റോഡില് താളം ഇടക്കിടക്ക് കുണ്ടില് വീണ് മുറിയും. ട്രെയിനിലാവുമ്പോ ധാരാളം പരിചയക്കാര്‍ വരും. അവരോട് സംസാരിക്കേണ്ടി വരും. പിന്നെ പോകുന്ന വഴിക്ക് മൂന്നോ നാലോ പ്രസംഗങ്ങള്‍ കാണും. അതിനൊക്കെ നല്ലത് കാറാണ്.

* പറയാനുള്ള എന്തോ വിട്ടുപോയെന്ന തോന്നലുണ്ടാവാറുണ്ടോ പ്രസംഗം കഴിയുമ്പോള്‍.
അത് പലപ്പോഴും ഉണ്ടാവും. പക്ഷേ എന്റെ സ്പീച്ചില് ഒരു ചിന്തയായിരിക്കും ഞാന്‍ അവതരിപ്പിക്കാറ്. അത് അതിന്റെ വികാര തീവ്രതയോടെ ഉള്‍ക്കൊണ്ടുവെന്ന് പ്രസംഗം കഴിയുമ്പോ എനിക്ക് മനസിലാവും. അപ്പോ ഒന്നുരണ്ട് ആശയം വിട്ടുപോയാലും ഇഫക്ടുണ്ടാവും. അതിപ്പോ ഇംഗ്ലീഷിലായാലും കുഴപ്പമില്ല. മലയാളത്തിലുള്ള അത്രതന്നെ ഇഫക്ടീവാണ്. നാഷണല്‍ ബുക്ട്രസ്റ്റിന്റെ ചെയര്‍മാനായിരിക്കുമ്പോ കുറേ ഇംഗ്ലീഷ് പ്രസംഗങ്ങള് വേണ്ടി വന്നിട്ടുണ്ട്. അതിന്റെ ഒരു പ്രധാന പരിപാടി വേള്‍ഡ് ബുക് ഫെയറാ. രണ്ട് വേള്‍ഡ് ബുക് ഫെയര്‍ ഞാന്‍ നടത്തി. വിദേശത്തുനിന്നുള്ള പബ്ലിഷേഴ്‌സും റൈറ്റേഴ്‌സും ഒക്കെയുണ്ടാവും. പ്രഗതി മൈതാനത്ത്. ചെന്ന് മൂന്നുമാസം കഴിഞ്ഞപ്പഴാ ആദ്യത്തെ വരുന്നത്. ഞാന്‍ അവിടെ ചെന്നപ്പോ നമ്മുടെ മലയാളികളെല്ലാവരും കൂടി. ഓംചേരി, വി.കെ. മാധവന്‍കുട്ടി. അര്‍ജുന്‍സിങ്ങാണ് അന്ന് മാനവവിഭവശേഷി മന്ത്രി. അന്ന് ഞാനൊരു സ്വാഗത പ്രസംഗം ചെയ്തു. അഞ്ചെട്ടു മിനിറ്റ്. എല്ലാവര്‍ക്കും വലിയ മതിപ്പായി. അക്കൊല്ലമാണ് ഞാന്‍ കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തീരുമാനിച്ചിരുന്നത്. അനന്തമൂര്‍ത്തിയാണ് എതിര്. അനന്തമൂര്‍ത്തിയോട് അയ്യപ്പപ്പണിക്കര്‍ പറഞ്ഞു അനന്തമൂര്‍ത്തി നേരിട്ടുപറഞ്ഞാല്‍ അഴീക്കോട് ചിലപ്പോ പിന്‍മാറുമെന്ന്. പിറ്റേന്ന് അനന്തമൂര്‍ത്തി എന്നെ ഫോണില്‍ വിളിച്ചു പറഞ്ഞു: ഐ ആം വെരി മച്ച് ഇന്‍ട്രസ്റ്റഡ്... ഞാനതു കേട്ടപ്പോ പറഞ്ഞു അനന്തമൂര്‍ത്തിക്ക് അത്ര വലിയ ഇന്‍ട്രസ്റ്റുണ്ടെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് തടസ്സം നില്‍ക്കില്ല. പിറ്റേന്നുതന്നെ അദ്ദേഹം ബംഗളുരുവില്‍ വാര്‍ത്താസമ്മേളനം വിളിച്ചു പറഞ്ഞു, അദ്ദേഹത്തിനുവേണ്ടി ഞാന്‍ പിന്‍മാറുന്നുവെന്ന്. ഞാനന്ന് നിന്നാല്‍ ജയിക്കുമെന്ന് മിക്കവാറും ഉറപ്പായിരുന്നു. മലയാളത്തില്‍നിന്ന് ലീലാവതിയൊക്കെയാണ്. ലീലാവതിയന്ന് പൊട്ടിത്തെറിച്ചു. മാഷ് ഞങ്ങളെ മുഴുവന്‍ ചതിച്ചില്ലേ. ഞങ്ങളോട് അന്വേഷിക്കാതെകണ്ട് ഇതു ചെയ്തില്ലേ. ഞാനൊന്നും പറഞ്ഞില്ല. ഇതുപറയാന്‍ കാരണം അനന്തമൂര്‍ത്തിയന്ന് പ്രസംഗം കേള്‍ക്കാനുണ്ടായിരുന്നു. അതുകഴിഞ്ഞിട്ട് അനന്തമൂര്‍ത്തി പറഞ്ഞു. അഴിക്കോട് യു ഹാവ് ആന്‍ ഇന്നര്‍ ഫയര്‍ വൈല്‍ സ്പീക്കിങ്. ദാറ്റ് ഈസ് വൈ ഇറ്റ് ഈസ് സൊമോര്‍ ഗ്ലിറ്ററിങ്. മലയാളി സുഹൃത്തുക്കളില്‍ ആരോ പറഞ്ഞു എഴുതീത് വായിക്കാണോന്ന് ഞങ്ങള് നോക്കി. അപ്പോ കൈയിലൊന്നൂല്ല്യ. അത്ര നന്നായിരുന്നു. എനിക്കു തോന്നുന്നത് ഒരു ഭാഷയില്‍ നമ്മള്‍ വിദഗ്ദ്ധനാണെങ്കില്‍ ആ ഓറെയ്റ്ററി എന്ന സംഗതിയുണ്ട് - അത് എല്ലാ ഭാഷയിലും വന്നോളും. പിന്നെ അതു നിയന്ത്രിക്കുന്നതിന് വൊക്കാബുലറി ഉണ്ടോ എന്നുള്ളതാണ്.

* എഴുത്തില്‍ എഡിറ്റിങ്ങിനുള്ള സൗകര്യമുണ്ട്. പ്രസംഗത്തില്‍ അതില്ല. കൂടുതല്‍ ക്ലേശകരം പ്രസംഗമാണെന്നാണോ.
യാതൊരു സംശയവുമില്ല. ഒരു ലേഖനമൊക്കെ എഴുതുന്നത് വളരെ എളുപ്പമാണ്. ഒരു പ്രസംഗം ഇഫക്ടീവാകണമെങ്കില് വല്ലാത്ത എഗണിയാണ്. ലേഖനം ഒക്കെ എഴുതുമ്പോള്‍ അതില്ല. തത്ത്വമസിയൊക്കെ എഴുതുമ്പോള്‍ എഗണിയുണ്ട്. പക്ഷേ അത് സ്പ്രഡ് ഓവര്‍ മന്‍ത്‌സ്. ഇത് നാല്‍പ്പത് മിനിറ്റ് കത്തി നില്‍ക്കാണ്. പ്രസംഗം തീര്‍ന്നാലെ എഗണി തീരൂ. അങ്ങനെ വേറൊരു അനുഭവം ഇല്ല. ഇപ്പോ യേശുദാസ് പാടുന്നൂന്ന് പറഞ്ഞാല്, യേശുദാസ് ആ പാട്ട് നൂറുതവണ പാടീതാവും. ലോകത്ത് ഒരു ഗായകനും ഒന്നാമത്തെ പാട്ട് ഇത്ര കേമാകാന്‍ എളുപ്പല്ല. പ്രസംഗം നേരെമറിച്ചാണ്. ചര്‍ച്ചില്‍ ഒരു പ്രസംഗം ചെയ്താ, അത് അതിനുമുമ്പ് ചെയ്യാത്തൊരു സാധനാണ്. പിന്നെ ആവര്‍ത്തിക്കാനും പറ്റില്ല. പ്രസംഗമെന്നു പറയുന്നത് നിത്യ നൂതനമാണ്.

*രാഷ്ട്രീയനേതാക്കള്‍, സാഹിത്യ നായകര്‍, ശാസ്ത്രജ്ഞരെപ്പോലുള്ള മറ്റ് ബുദ്ധിജീവികള്‍... ഇവരില്‍ ആരുടെ പ്രസംഗം കേള്‍ക്കാനാണ് ഇഷ്ടം.
സര്‍ സി.വി. രാമന്റെ. അയാളൊരു ശാസ്ത്രജ്ഞനാണെങ്കിലും നമ്മുടെ സാഹിത്യത്തിലും ആത്മീയതയിലുമെല്ലാം താല്‍പ്പര്യമുള്ള ആളാണ്. അന്നത്തെയൊരുരീതി അതാണ്. രാജഗോപാലാചാരിയായാലും... അവരൊക്കെ പ്രസംഗിക്കുമ്പോ ഈ സംഗതികളെല്ലാം വരും. ഇന്ന് എല്ലാവരുടെയും റെയ്ഞ്ച് ചുരുങ്ങിപ്പോയി. മറ്റത് അതല്ല. ചെസര്‍ഫീല്‍ഡ് കുഗു അയാളുടെ മകനെഴുതിയ ഒരു കത്തുണ്ട്. അതില്‍ പ്രസംഗത്തെപ്പറ്റി അദ്ദേഹം പറയും, പ്രസംഗകന്‍ എല്ലാ വിഷയങ്ങളും അറിഞ്ഞിരിക്കണം. അന്നത്തെ സങ്കല്പം അതാണ്. ഒരു സര്‍വവിജ്ഞാന... അരിസ്റ്റോട്ടില്‍ തൊട്ടുള്ള സങ്കല്പം പ്രസംഗത്തെപ്പറ്റി ഇതാണ്. അതുപോലെ സിസറോ. റോമിലെ ഏറ്റവും വലിയ പ്രഭാഷകനായിരുന്നു. ഏതു വിഷയം കിട്ടിയാലും സംസാരിക്കും. എഴുത്തുകാരന്‍ അങ്ങനെയല്ല. സാഹിത്യത്തില്‍ സ്‌പെഷലൈസ് ചെയ്താ ഞാനിപ്പോ അണുബോംബിനെക്കുറിച്ച് സംസാരിക്കേണ്ടി വരില്ല. ഇത് അങ്ങനെയല്ല. കാര്‍ഗില്‍ എക്‌സ്‌പ്ലോഷന്‍ വന്നപ്പോ അണുബോംബിനെക്കുറിച്ചും പറയേണ്ടി വന്നു. സാമാന്യം വിദ്യാഭ്യാസമുള്ള സദസിനോട് സംസാരിക്കാനുള്ള അറിവ് നമുക്കുണ്ടാവണം. പ്രസംഗകന്‍ വിജ്ഞാനത്തിന്റെ എല്ലാ ജനാലകളും തുറന്നിടണം. അല്ലെങ്കിപ്പിന്നെ കഥാപ്രസംഗമായിരിക്കും. എനിക്ക് രാമായണത്തില് ബാലി കഥയേ പറയാനറിയൂ. അതു ഞാന്‍ പറഞ്ഞുകൊണ്ടേയിരിക്കും...

*ആരുടെ പ്രസംഗത്തോടാണ് ഇഷ്ടമെന്നു പറഞ്ഞില്ല.
പഴയകാലത്ത് എനിക്ക് രാഷ്ട്രീയ പ്രസംഗം കേള്‍ക്കാനാണിഷ്ടം. കാരണം രാഷ്ട്രീയ പ്രസംഗത്തില് എല്ലാം ചേരും. രാധാകൃഷ്ണന്റെയൊക്കെ. ഒറ്റപ്പാലം സാഹിത്യപരിഷത്തിന് വന്നിട്ട് രാധാകൃഷ്ണന്‍ ചൊല്ലിയ സംസ്കൃത ശ്ലോകങ്ങള്‍ എത്രയോ തവണ ഞാനുപയോഗിച്ചിട്ടുണ്ട്. പിന്നെ ഇംഗ്ലീഷ് പാണ്ഡിത്യം. സംസ്കൃതശ്ലോകം ചൊല്ലിക്കഴിഞ്ഞ് ഉടന്‍ ബര്‍ഗ്‌സനെയായിരിക്കും പറയുന്നുണ്ടാവുക. ചെറിയ മനുഷ്യനാണെങ്കിലും ആ തലയെടുപ്പ് കണ്ടാല് ഒരു പര്‍വതം നില്‍ക്കുന്നപോലെ തോന്നും. ഇപ്പഴ് അങ്ങനെ കേള്‍ക്കാന്‍ പറ്റിയ പ്രസംഗം മിക്കവാറും ഇല്ല.

*ഒരു പ്രസംഗത്തിന് 500 രൂപയെങ്കിലും വാങ്ങിയിരുന്നെങ്കില്‍ ഇപ്പോളൊരു കോടീശ്വരനായിരുന്നേനെയെന്ന് മാഷ് പറയാറുണ്ട്. അതില്‍ അതിശയോക്തിയില്ലേ.
ഞാനെന്റെ പതിനെട്ടാമത്തെ വയസുമുതല്‍ തുടങ്ങീതാ. ഇപ്പോ വയസ് എണ്‍പത്തിനാലായി. ഈ പത്തറുപത്തഞ്ചു വര്‍ഷത്തിനിടയ്ക്ക് ദിവസമൊരു നാലഞ്ചു പ്രസംഗങ്ങളെങ്കിലും കാണും. ആദ്യകാലത്ത് അത്ര കാണില്ലെങ്കിലും പിന്നീടതിന്റെ എണ്ണം കൂടിക്കൂടിവന്നു. ഒന്ന് കണക്കുകൂട്ടിനോക്ക്...

* പ്രസംഗം എപ്പോഴെങ്കിലും ഇടയ്ക്ക്‌വച്ച് നിര്‍ത്തിപ്പോരേണ്ടി വന്നിട്ടുണ്ടോ.
ഒന്നുരണ്ടുതവണയാണ് ആകെ കുഴപ്പമായത്. ഒന്ന് ബാബറി മസ്ജിദ് പൊളിച്ച സമയത്ത് വടകരയ്ക്കടുത്തൊരു സ്ഥലത്ത് മീറ്റിങ് കൂടുന്ന സമയത്ത് ഇവരല്പം ബഹളമുണ്ടാക്കി. പിന്നെ അവരങ്ങ്‌പോയി. അപ്പോ ഞാന്‍ പ്രസംഗം വീണ്ടും തുടര്‍ന്നു. അതിനെത്തുടര്‍ന്നാണ് എനിക്ക് വധഭീഷണി ഉണ്ടായത്. പ്രസംഗം നിര്‍ത്തിപ്പോരേണ്ടി വന്നിട്ടില്ല. തൃശൂര് പബ്ലിക് ലൈബ്രറിയില്‍ ഞാനൊരു ഏഴുദിവസത്തെ പ്രസംഗ പരമ്പര നടത്തി. വിഷയം ഭാരതീയതയായിരുന്നു. അത് ഇവരുടെ വിഷയാണ്. ഭാരതീയതയുടെ വ്യാഖ്യാതാക്കള്‍ അവരാണല്ലോ. ഞാനെന്റെ വ്യാഖ്യാനം ഏഴുദിവസം കൊടുത്തു. അത് കഴിഞ്ഞ് വീട്ടിലെത്തിയപ്പോ എന്നെ ഒരാള്‍ വിളിച്ചു. തൃശൂരുള്ള ഉണ്ണിവക്കീല്. ആര്‍.എസ്.എസുകാരനാ. ഇപ്പോ ഇല്ല. മരിച്ചു. അദ്ദേഹം പറഞ്ഞു. ഞാനും ഞങ്ങളുടെ കുട്ടികളും മാഷ്‌ടെ പ്രസംഗം ഏഴുദിവസോം കേട്ടു - കുട്ടികളെന്നു പറഞ്ഞാല്‍ അവരുടെ പരിവാരം. മാഷ് ഇമ്മാതിരിയാണ് പ്രസംഗിക്കുന്നതെങ്കില്‍ കുഴപ്പമില്ലെന്ന്. ഒരിടത്തുവച്ച് കൊല്ലണമെന്നുതോന്നി. പിന്നെ ജീവിച്ചോട്ടെന്നുവച്ചിട്ടുണ്ടാകും.
മറ്റൊരിക്കല്‍ ഒരുത്തന്‍ എണീറ്റുനിന്ന് എന്തെല്ലാമോ ചോദിച്ചു. ഞാനയാളോട് പറഞ്ഞു - നിങ്ങളൊരാള്‍ക്കുവേണ്ടി ഇവിടെകൂടിയിട്ടുള്ള പത്തുമൂന്നുറാളുകളെ വിഷമിപ്പിക്കണോ. പ്രസംഗം വേണ്ടെന്നുള്ളവര്‍ എണീറ്റുനിന്ന് കൈപൊക്കാന്‍ പറഞ്ഞു. അത് കുറിക്കുകൊണ്ടു. പെട്ടെന്നുതോന്നിയതാണ്. ഒരാളുപോലും എണീറ്റുനിന്നില്ല.

*കൈയടിക്കുപകരം ഓളിയോ ബഹളമോ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ.
അങ്ങനെ കൂവലൊന്നും അധികം ഉണ്ടായിട്ടില്ല. അതിന് നമ്മുടെ മീറ്റിങ്ങിന് വരുന്ന ഓഡിയന്‍സിനൊരു വ്യത്യാസമുണ്ട്. അതുകൊണ്ട് അവരങ്ങനെ കൂവില്ല.

*ശ്രോതാക്കളുടെ പ്രതികരണങ്ങള്‍ക്കൊപ്പം കത്തിക്കയറി പ്രസംഗം കൈവിട്ടുപോയ അവസ്ഥയുണ്ടായിട്ടുണ്ടോ.
കുറച്ചുകാലം കഴിഞ്ഞപ്പോ എനിക്ക് പ്രസംഗം കംപ്ലീറ്റ് കണ്‍ട്രോളിലാ. അത് ഫലിതം പറയണമെന്ന് ഞാനുദ്ദേശിച്ചാല്‍ പറയും. ചെറുപ്പത്തില് ഒന്നുരണ്ടുതവണ വിഷയത്തിലൂടെ പറയാതെപോയ ഓര്‍മയുണ്ട്. അടുത്ത കാലത്തൊന്നും അങ്ങനെ ഉണ്ടായിട്ടില്ല.

*പ്രസംഗിക്കുമ്പോള്‍ ആരെയാണ് കാണാറ്. മുന്നിലിരിക്കുന്നവരെയോ ആള്‍ക്കൂട്ടത്തെയോ അതോ അതിനൊക്കെ അപ്പുറമുള്ള അപാരതയോ? എന്താണ് തെളിഞ്ഞുവരാറ്.
അത് - രണ്ടുമൂന്നുതരം സ്പീച്ചസുണ്ട്. ഓര്‍ഡിനറി സ്പീച്ചുണ്ടല്ലോ - അഞ്ചുമിനിറ്റ് പറയേണ്ടിവരുന്നത്. അപ്പോ നമ്മള് സദസിനെയെല്ലാം ശരിക്കും കാണും. വിഷയത്തില്‍ ലയിച്ച് നമ്മള്‍ പ്രത്യേക തലത്തിലെത്തുമ്പോ സദസിനെയെല്ലാം അവ്യക്തമായൊരു ചിത്രം പോലെയെ കാണുകയുള്ളു. മനസ് ഈ പറഞ്ഞതുപോലെ അല്പം വിദൂരതയിലെത്തും. അവിടെയെത്തിക്കഴിഞ്ഞാല്‍ പിന്നെ ചിന്തിക്കുകയൊന്നും വേണ്ട. അത് നമ്മുടെ വിജയത്തിന്റെ തുടക്കമാണ്. ഞാനീ പതുക്കെയൊക്കെ തുടങ്ങുന്നത് ഈയൊരു അവസ്ഥ സൃഷ്ടിക്കാനാണ്. ആരംഭത്തിലേ ബഹളം കൂട്ടിയല് ആ വാതില് അടഞ്ഞുപോകും. നമ്മള്‍ ഇതിനുവേണ്ടി പ്രത്യേകം മനസ്സിനെയൊന്ന് ഒരുക്കുകയാണ്. അതീ ഭാഗവതന്മാര്‍ക്കൊക്കെ ഉണ്ട് കേട്ടോ. അവരിങ്ങനെ പതുക്കെ ആലപിച്ച്... മനസിന് ഒരു വാതില് തുറക്കാറുണ്ട്. അവരെത്ര സാധകം ചെയ്താലും എപ്പഴുമൊരു പുതുമ വരുത്തൂല്ലോ.

*ഇതൊക്കെയാണെങ്കിലും പറയുന്നത് തിരിച്ചറിയാത്ത കുറച്ചുപേരെങ്കിലും സദസിലിരിപ്പുണ്ടാവുമെന്ന ചിന്ത അലട്ടാറുണ്ടോ.
അതിപ്പോ ഉദാഹരണത്തിന് - സ്കൂള്‍ വാര്‍ഷികത്തിനൊക്കെ - മുമ്പിലൊരു പത്തുനൂറു കൂട്ടികളെങ്കിലും ഇരിപ്പുണ്ടാവും. അവരിങ്ങനെ വര്‍ത്തമാനം പറയുന്നുണ്ടാവും. ഞാനവരെ വാച്ച് ചെയ്യാറുണ്ട്. കുറച്ചു കഴിയുമ്പോ നമ്മുടെ ശബ്ദവും അര്‍ഥവുമൊക്കെ പതുക്കെ അവരുടെ ചെവിയിലെത്തും. അപ്പോളവര് കേള്‍ക്കാന്‍ തുടങ്ങും. മാഷുമാര് വന്ന് അച്ചടക്കം പറയുമ്പോ ഞാന്‍ പറയും. വേണ്ട. കുട്ടികള് അവരുടെ രീതിയില്‍ ഇരുന്നോട്ടെ. അവര് അവരുടെ രീതിയില്‍ ശ്രദ്ധിക്കുന്നുണ്ട്. നമുക്കാണ് വര്‍ത്തമാനം പറയുമ്പോ കേള്‍ക്കാന്‍ കഴിയാതിരിക്ക്യാ. അവര്‍ക്ക് വര്‍ത്താമാനോം പറയാം കേള്‍ക്കേം ചെയ്യാം.
സദസില്‍ ധാരാവാദിയായി പറയുമ്പോ അതിനൊരു താളമുണ്ട്. അതിലൊരുമാതിരിയാളുകള്‍ - മനസിലാകാത്തവരുംപെടും. പിന്നെ മറ്റുള്ളവരുടെ മുഖഭാവൊക്കെ അവര് വാച്ച്‌ചെയ്യും. അങ്ങനെയൊരു ഷെയേര്‍ഡ് അനുഭവണ്ട്. മൊത്തത്തില്‍ ഈ അച്ചടക്കൊക്കെ ധാരാളമാണ്.
ഇതിനൊരു അന്തരീക്ഷമുണ്ട്. ആ അന്തരീക്ഷത്തില് എല്ലാവരും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സ്വാധീനിക്കപ്പെടും. ഞാനിത് പറയാറുണ്ട്. പ്രസംഗം ഒരുതരം മെസ്മറിസമാണ്. നമ്മള്‍ ആളുകളെ അല്പം മെസ്‌മെറൈസ് ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് അവര് വശപ്പെടുന്നത്. മെസ്മറിസത്തിന്റെ ഇഫക്ട് വ്യത്യസ്തമായിരിക്കും. നമ്മുടെതന്നെ ലെവലിലുള്ളവര് ശരിക്കും അബ്‌സോര്‍ബ് ചെയ്യും. അല്ലാത്തവര് - പലവാക്കും മനസിലാകാത്തവരും കാണും - മനസിലാകാത്തതുതന്നെ അവരെ ആകര്‍ഷിക്കും. അങ്ങനെ പല തലങ്ങളാണ്. ഗവേഷണം ചെയ്യാന്‍ പറ്റിയ വിഷയമാണ്. ഞാന്‍തന്നെ അങ്ങനെ അനലൈസ് ചെയ്തിട്ടില്ല. ഇതൊരു ഇന്നര്‍ എക്‌സ്പീരിയന്‍സാണല്ലോ. എളുപ്പമല്ല ഗവേഷണം ചെയ്യാന്‍.

*ലോകത്ത് മലയാളികളുള്ള ഒരുമാതിരി സ്ഥലങ്ങളിലെല്ലാം മാഷ് പ്രസംഗിച്ചിട്ടുണ്ടാകണം. മലയാളികള്‍ ഒട്ടും ഇല്ലാത്തൊരു സദസില്‍ പ്രസംഗിക്കേണ്ടി വന്നിട്ടുണ്ടോ.
നാഷണല്‍ ബുക്ട്രസ്റ്റിന്റെ ചെയര്‍മാനായിരിക്കുമ്പോ ചൈനയിലൊക്കെ പോകാന്‍ അവസരം ഉണ്ടായിരുന്നു. ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറെയാണ് പറഞ്ഞയച്ചത്. ഇപ്പോ വിദേശയാത്രകളിലൊന്നും ഒരു താല്പര്യമില്ല. അവിടെപ്പോയിട്ട് പറയുന്നത് - അതൊരു താല്‍ക്കാലിക സുഖമാണ്. കേള്‍ക്കുന്നവര്‍ക്കും നമുക്കും. നമ്മള്‍ നാട്ടില്‍ പറയേണ്ടി വരുമ്പോതന്നെയാണ് സാംസ്കാരികമായി ആഴമേറിയ ഫലമുണ്ടാവു.  നാട്ടില്‍ രണ്ടാമത് പ്രസംഗിക്കുമ്പോ നേരത്തേ പ്രസംഗിച്ചതിനുമേലെയാണ് - നമ്മളത് അറിയുന്നില്ല. അതൊരു വളര്‍ച്ചയാണ്. മറ്റേതൊരു ചിത്രപ്രദര്‍ശനം പോലെ സന്തോഷിച്ച് എല്ലാവരും പിരിയും.
ബുക്ട്രസ്റ്റ് ചെയര്‍മാനായിരിക്കുമ്പോ പഞ്ചാബിലെ ലുധിയാനയില്‍ രണ്ടു പ്രസംഗം ചെയ്തു. ഒന്ന് യൂണിവേഴ്‌സിറ്റിയില്‍, ഗാന്ധിജിയെപ്പറ്റിയും പബ്ലിക് മീറ്റിങ്ങില്‍ വിവേകാനന്ദനെപ്പറ്റിയും. ഇംഗ്ലീഷിലാണ്. മലയാളികളായിട്ട് അഞ്ചോ പത്തോ. അതില്‍ക്കൂടുതലില്ല. അങ്ങനെ എത്രയോ പ്രസംഗം ഉണ്ടായിട്ടുണ്ട് കേട്ടോ. അതുപോലെ ഡല്‍ഹിയില്‍ കേന്ദ്രസാഹിത്യ അക്കാദമി മീറ്റിങ്ങുകളിലൊക്കെ സംസാരിക്കേണ്ടി വരുമ്പോ മലയാളികളില്ലാത്തൊരു സദസ്സായിരിക്കും.

* ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിച്ചിട്ടില്ലല്ലോ ഇതുവരെ. അങ്ങനെയൊരാഗ്രഹം ഉണ്ടോ.
ഇല്ല. ഞാനത് പറയാറുണ്ട്. പക്ഷേ അങ്ങനെയൊരവസരം വന്നാല്‍ ഇവരെ ആരെക്കാളുമൊക്കെയേറെ നന്നായിട്ട് ഇന്ത്യയെ റെപ്രസന്റ് ചെയ്യാന്‍ എനിക്കു സാധിക്കും. വലിയ നോട്ടീസൊന്നും വേണ്ട. അതിന് ഔദ്യോഗികമായി ഇവരുടെയൊക്കെ കാലുപിടിക്ക്യൊക്കെ വേണം. വാസ്തവത്തില്‍ എനിക്കതിന്റെ എന്‍ജിനിയറിങ്ങ് അല്പം അറിയുമായിരുന്നെങ്കില് ഇതൊന്ന്വല്ല - വളരെ പ്രശസ്തിയിലേക്ക് പോകാന്‍ കഴിയുമായിരുന്നു. ഞാന്‍ കിട്ടീത് മതീന്നുള്ള ചിന്താഗതിക്കാരനാ. ഈ പറഞ്ഞമാതിരി - എന്തുകാര്യം. അത്ര അധികം പ്രസംഗമായി.
ി സംഘാടകരുടെ താല്പര്യമനുസരിച്ച് പ്രസംഗിക്കേണ്ടി വരാറുണ്ടോ.
വ്യക്തികളായാലും നമുക്ക് താല്പര്യമുള്ള ആളുകളുടെ ചടങ്ങുകള്‍ക്കേ നമ്മള്‍ പോകാറുള്ളു. പ്രസ്ഥാനങ്ങളായാലും പലരും എന്നെ വന്നു വിളിക്കുന്നത് എന്റെ പ്രസംഗം കേള്‍ക്കാനാ. അങ്ങനെയൊരു ഗുണമുണ്ട്. അവരുടെ കാര്യത്തെപറ്റിയൊന്നുമല്ല, മാഷ് വന്ന് പറഞ്ഞാ മതീന്ന് പറയും. അതുകൊണ്ട് വലിയ തടസം വരാറില്ല.

*വേദിക്കനുസരിച്ച് മാറ്റിപറയേണ്ടി വരാറില്ല, അല്ലേ.
പറയാറേ ഇല്ല. കാരണം ഇപ്പോ കോണ്‍ഗ്രസുകാരായാലും അവരുടെ യോഗത്തില് ഞാനവരെ വിമര്‍ശിച്ചേ പറയാറുള്ളൂ. പിന്നെ ഡിവൈഎഫ്‌ഐ ഒക്കെ ആയാപ്പോലും ഞാന്‍ പറയാറുണ്ട് - അക്രമത്തിലേക്കൊക്കെ പോകുന്നത്, നമ്മുടെ ആദര്‍ശത്തിന്റെ ഒരു തകര്‍ച്ച വരുമ്പോഴാണ് അത് വരുന്നത്. അതുകൊണ്ട് എപ്പഴും സൂക്ഷിക്കണം. നമ്മുടെ ഏറ്റവും വലിയ ശക്തി നമ്മുടെ ആദര്‍ശത്തിന്റെ ശക്തിയാണ്. അത് വിടാന്‍ പാടില്ല. അല്ലാതെ അവര് ചെയ്യുന്നതെല്ലാം നമ്മള് ന്യായീകരിക്കാന്‍ തുടങ്ങ്യാല് - അപ്പോഴാണ് ശമ്പളം പറ്റുന്ന പ്രസംഗാണെന്നൊക്കെ കേള്‍ക്കേണ്ടി വരിക.

*സ്വന്തം പ്രസംഗം കഴിഞ്ഞ് വേദി വിടുമ്പോള്‍ മറ്റുള്ളവരെ അത് എങ്ങനെ ബാധിക്കുമെന്ന് ആലോചിക്കാറുണ്ടോ.
അതിപ്പോ ഞാന്‍ പോകുന്നത് മിക്കപ്പോഴും മറ്റൊരു പ്രസംഗത്തിനാണെന്ന് ആളുകള്‍ക്കറിയാം. മടങ്ങി എത്തേണ്ടെ?
ി മാഷ്‌ടെ പ്രസംഗത്തിനുമുമ്പ് മറ്റുള്ളവര്‍ വേദിവിട്ടുപോയ അനുഭവം ഉണ്ടായിട്ടുണ്ടോ.
മിക്കവാറും അതുണ്ടാവില്ല. കാരണം ഞാനൊന്നുകില്‍ ഉദ്ഘാടകനോ അല്ലെങ്കില്‍ മുഖ്യപ്രഭാഷകനോ ആയിരിക്കും. അപ്പോപിന്നെ അതുകഴിയാതെ അധ്യക്ഷന് പോകാന്‍ പറ്റില്ലല്ലോ. പിന്നെ മന്ത്രിമാരൊക്കെയുള്ളപ്പോ അവര്‍ക്ക് ചിലപ്പോ പോകേണ്ടിവരും. അവരും പറഞ്ഞേ പോകാറുള്ളൂ.

* പ്രസംഗത്തിലൊരു പ്രതിയോഗി ഉണ്ടെന്നു തോന്നിയിട്ടുണ്ടോ?
എന്റെ പ്രസംഗത്തിലൊരു അദൃശ്യപ്രതിയോഗിയുണ്ട്. ഞാന്‍ അനീതിയായിട്ടും തെറ്റായിട്ടും കാണുന്നതിന്റെ ഒരു മൂര്‍ത്തിമദ്ഭാവമുണ്ട്. അതിനെ എതിര്‍ക്കലാണ്. ഒരു സമൂഹത്തിന്റെ പുരോഗതി, നമ്മുടെ ഡയലക്ടിക്കല്‍ ഡെവലപ്‌മെന്റെന്നു പറയുന്നതുതന്നെ എന്താണ്. എതിരായിട്ടുള്ളതിനോട് ഏറ്റുമുട്ടിയിട്ട് അതിനെ കീഴടക്കിയിട്ട് പുതിയൊരു സിന്തസിസ് വരലാണ്. ആന്റി തീസിസ് പറയുന്നത് എപ്പോഴും ഒരു പ്രതിയോഗിയാണ്. തര്‍ക്കത്തിലെപ്പോഴും ഡയലക്ടിസാണ്.
എന്റെ പുരോഗമന സാഹിത്യവും മറ്റും എന്നുള്ളതിന്റെ മുമ്പില് ഒരു വാചകം "വാതേ വാതേ ജായതേ തത്വബോധാ'. ഓരോ വാദത്തിലും തത്വബോധം ഉണ്ടാവും. വാദം - അത് തീസിസാണ്. രണ്ടാമത്തെ വാദം ആന്റിതീസിസ്. അതില്‍ നിന്നൊരു സിന്തസിസ് ഉണ്ടാവും. മാത്രമല്ല ഗീതയില്‍ പറഞ്ഞത് ഇതാണ്. അതായത് എന്റെ അവതാരത്തിന് രണ്ട് ഉദ്ദേശ്യമാണ്. ധര്‍മത്തെ നിലനിര്‍ത്തുകയും അധര്‍മത്തെ എതിര്‍ക്കലും. അപ്പോ അഴീക്കോട് കണ്ടുപിടിച്ചതല്ല ഈ അനീതിയെ എതിര്‍ക്കുകയെന്നത്. അവര് അധര്‍മമെന്ന വാക്കാ. അന്ന് അനീതി എന്ന വാക്ക് ഉപയോഗത്തിലില്ല. നമ്മള്‍ ഇന്‍ജസ്റ്റിസ് എന്നുള്ളൊരു ആശയത്തിലാണ്. അധര്‍മം തന്നെ. സത്യത്തില്‍ അര്‍ജുനനോട് പറഞ്ഞതാണ് ഞാനും അംഗീകരിച്ചിട്ടുള്ളത്. ഗീതയെ അംഗീകരിക്കുന്നത് യാഥാസ്ഥിതികരാണ്. പക്ഷേ അവര് ജീവിതത്തില്‍ ഒരു അനീതിയോട് എതിര്‍ത്തുകാണില്ല. അതുകൊണ്ട് ഗീതയെ അനുഷ്ഠിക്കുന്നത് ഞാനാണെന്നാണ് എന്റെ അനുമാനം.

*വേദിയിലിരുന്നുള്ള മയക്കം പതിവുണ്ടോ.
മയക്കം വളരെകുറവാണ്. ഞാന്‍ പലപ്പോഴും കണ്ണടച്ചിരിക്കാറുണ്ട്. അതുപക്ഷേ മയക്കമല്ല. എന്റെയൊരു ആലോചനയാണ്.

*വേദിയില്‍ നമ്മളെ ഇരുത്തിക്കൊണ്ടുള്ള പുകഴ്ത്തലുകള്‍ മാഷ് എങ്ങനെയാണ് സഹിക്കാറ്.
ശതാഭിഷേകത്തിനൊക്കെ അത് പലപ്പോഴും കേള്‍ക്കേണ്ടിവരും. അതിശയോക്തി കുറച്ചുണ്ടാവും. ഞാനതിനെ അല്പമൊരു തമാശയായിട്ട് എന്തെങ്കിലുമൊക്കെ പറഞ്ഞ് ഇത്രയും വേണ്ടായിരുന്നുവെന്ന് ധ്വനിപ്പിക്കും. നമ്മളത് വകവയ്ക്കില്ല. ഇവര്‍ക്ക് പെറ്റ് എപിതറ്റിക്‌സ് കാണും. സാംസ്കാരിക നായകന്‍. പ്രഭാഷകരിലെ അഗ്രഗണ്യന്‍ എന്നൊക്കെ പറഞ്ഞ് ഉപയോഗിച്ച് ഉപയോഗിച്ച്. അതുപിന്നെ പ്രശംസയായി എടുക്കൂല. എന്നെ ചിരിപ്പിച്ചത് അതൊന്ന്വല്ല. ആലപ്പുഴയോ ചേര്‍ത്തലയോ മറ്റോ ഒരുത്തന്‍ ഇതെല്ലാം പറഞ്ഞുകഴിഞ്ഞശേഷം എന്നെ നോക്കീട്ട് അഭിവന്ദ്യവയോധികന്‍ എന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു, എല്ലാവര്‍ക്കും നോക്കിയാല്‍ മനസ്സിലാവുന്ന സംഗതി സ്വാഗത പ്രസംഗകന്‍ പച്ചയ്ക്ക് വിളിച്ചു പറേണ്ട വല്ല കാര്യോം ഉണ്ടോ? ഇതൊരു ലാത്തി പ്രയോഗമാണ്.

* ഏതെങ്കിലും വേദിയില്‍നിന്ന് പ്രസംഗിക്കാതെ ഇറങ്ങിപ്പോരേണ്ടി വന്നിട്ടുണ്ടോ.
ഞാന്‍ പ്രതിഷേധം പ്രസംഗത്തിലൂടെതന്നെ കാണിക്കും. എന്റെ പ്രസംഗം കേട്ടിട്ട് ഇവര് എറങ്ങിപ്പോവല്ലാതെ എനിക്ക് ഇറങ്ങിപ്പോകേണ്ടിവന്നിട്ടില്ല. ഞാന്‍ ചിലപ്പോ മീറ്റിങ് നടത്തിയവരെപ്പറ്റിതന്നെ പ്രസംഗത്തില് ആക്ഷേപിച്ചുപറയും. അതെല്ലാം അവര് കേള്‍ക്കും. ഇപ്പോപിന്നെ എന്റെ റിയാക്ഷന്‍സ് ഏറെക്കുറെ ആളുകള്‍ക്ക് അറിയാം. അതുകൊണ്ട് അതിലൊന്നും വലിയ അത്ഭുതമില്ല.

*ശബ്ദത്തില് മാഷ് വളരെ ബോധപൂര്‍വമായിത്തന്നെ ചില താളക്രമമൊക്കെ സൂക്ഷിക്കുന്നുണ്ട്.
പ്രസംഗത്തിന്റെ യഥാര്‍ഥമായ വഴിയൊരുക്കാന്‍വേണ്ടി ഞാന്‍ പാടുപെടുകയാണ്. സംഗീതജ്ഞര്‍ ശ്രുതിചേര്‍ക്കുന്നപോലെ. പലരും പ്രസംഗം ശബ്ദം കൂട്ടിയാല്‍ കൂടുമെന്ന തെറ്റിധാരണയാണ്. അവര്‍ക്ക് യാതൊരു ധാരണയുമില്ല. ഇത് ഉള്ളില്‍നിന്ന് വരുന്നൊരു സംഗതിയാണെന്ന്. നമ്മുടെ ചില ആശയങ്ങളോടുള്ള ഒരു പ്രതിബദ്ധതയുണ്ട്. അതൊരു സ്‌നേഹമാണ്. ആശയത്തോടുള്ള സ്‌നേഹം. പിന്നെ വാക്കുകളൊക്കെ വരണം. അതിന് മനസ് ഒരു തുറക്കല് ആവശ്യമാണ്. ദൈനംദിന ജീവിതത്തില് നമ്മള്‍ പല ജനാലകള്‍ അടച്ചാണ് ഇരിക്കുന്നത്. വൊക്കാബുലറിയുടെ ഒരു വാതില്. ഉയര്‍ന്ന ചിന്തകളുടെ ഒരു വാതില്. പണ്ടത്തെ ഓര്‍മകളുടെ ഒരു വാതില്. അഞ്ചാറു വാതിലുകള്‍ തുറക്കാനുണ്ട്. അത് തുറന്നു കിട്ടണമെങ്കില്, ആദ്യം ബഹളം കൂട്ടിയാല്‍ ഇതെല്ലാം അടഞ്ഞുപോകും. പതുക്കെ അത് തുറന്നുകിട്ടും.

*പ്രസംഗത്തെപ്പറ്റി ഏറ്റവും മര്‍മപ്രധാനമായ ഒരു കാര്യമാണ് ഇപ്പോള്‍ മാഷ് പറഞ്ഞത്. അതിന്റെ താത്വികമായ വശം.
ജീവനായ കാര്യാണ്. പലര്‍ക്കുമത് മനസിലായിട്ടില്ല. പ്രസംഗം തുടക്കത്തില്‍തൊട്ട് ടെന്‍ഷനുണ്ടാക്കുന്ന സംഗതിയാണ്. വല്ലാത്ത പിരിമുറുക്കം ഉണ്ടാക്കും. ആ പിരിമുറുക്കം അഴിക്കാനിത് - പതുക്കെയുള്ള തുടക്കം സഹായിക്കും. ശബ്ദം കൂട്ടിയാല് പിന്നെ നിങ്ങള്‍ക്ക് അതിനപ്പുറത്തേക്ക് ശബ്ദം ഉണ്ടാക്കാന്‍ കഴിയില്ല. നമുക്ക് പ്രസംഗത്തിന് കുറേ കഴിയുമ്പോ ശബ്ദം ആവശ്യമായി വരും. പ്രധാനപ്പെട്ടതൊക്കെ ആദ്യമേ പൊട്ടിച്ചാല്‍ പിന്നെ പൊട്ടിക്കാന്‍ കഴിയാതെ വരും.

* പ്രസംഗിക്കാന്‍ നില്‍ക്കുമ്പോ ഒഴിവാക്കണമെന്നു തോന്നാറുള്ള എന്തെങ്കിലും ചേഷ്ടകളുണ്ടോ?
എന്താണ് ചേഷ്ടകളെന്ന് മറ്റുള്ളവര് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. നിങ്ങള്‍ക്കെന്തെങ്കിലും തോന്നീട്ടുണ്ടോ? ഞാനെന്റെ പ്രസംഗത്തില്‍നിന്ന് ശ്രദ്ധ പാളിക്കാന്‍ സമ്മതിക്കില്ല. എന്റെ ഏകാഗ്രത ശ്രോതാവിനും വേണമെന്നാണ്. അതില്‍ മിക്കവാറും ജയിക്കാറുണ്ട്.

*ഉച്ചരിക്കപ്പെടുന്ന വാക്കിന്റെയും എഴുതപ്പെടുന്ന വരികളുടെയും അന്തരം ഏതേതു തലങ്ങളിലാണ്.
എഴുതുന്ന വാക്കിന് വര്‍ത്തമാനകാലത്തിന്റെ മേലെ സ്വാധീനം വളരെ കുറവാണ്. നേരെമറിച്ച് ഭാവിയിലേക്കത് ആളുകള്‍ പഠിച്ചും ഉദ്ധരിച്ചും അതിങ്ങനെ നമ്മുടെ നിഴല് വളരുന്നതുപോലെ വളരും. പ്രഭാഷണത്തിന് വര്‍ത്തമാനകാലത്തില്‍ വലിയ സ്വാധീനമാണ്. എനിക്കു തോന്നുന്നത് പ്രകൃതിയുടെ ഒരു തൊഴില്‍ വിഭജനമാണ്. ഡിവിഷന്‍ ഓഫ് ലേബര്‍ പോലെ. വര്‍ത്തമാനകാലത്തെ പരീക്ഷിക്കാന്‍ ബുദ്ധിജീവികള്‍ ഇടപെടുമ്പോള്‍ അത് ഡയറക്ട് ഡയലോഗാണ്. അതില്‍ മധ്യസ്ഥനൊന്നുമില്ല. മറ്റേതില്‍ മധ്യസ്ഥനുണ്ട്. എത്രയോ കാലംകഴിഞ്ഞ് പുസ്തകത്തില് ഒറ്റക്കിരുന്ന് വായിച്ച്... അതൊരു വ്യക്തിയുടെ വളര്‍ച്ചക്ക് കാരണമായിവരാം. മറ്റത് അതല്ല. ഇപ്പോ വോട്ട് ചെയ്യുകയാണ്. അത് തലേന്നത്തെ ഒരു പ്രസംഗംകൊണ്ട് ആ വോട്ട് നിര്‍ണയിക്കപ്പെടുകയാണ്. അതിപ്പോ ഷേക്‌സ്പിയര്‍ എഴുതിയാലും നടക്കില്ല. പ്രസംഗത്തെ കുറ്റം പറയുന്നത് വളരെ സൂക്ഷിച്ചുവേണം. എനിക്കിത് രണ്ടും യോജിച്ചുകിട്ടി. ഇപ്പോ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഡിസ്കവറി ഓഫ് ഇന്ത്യ ഒരുതരത്തില്‍ സ്വാധീനിക്കും. പക്ഷേ അദ്ദേഹത്തിന്റെ പ്രസംഗങ്ങളാണ് ഇന്ത്യ ആ കാലത്ത് ഇളക്കിമറിച്ചത്. ഡിസ്കവറി ഓഫ് ഇന്ത്യയല്ല, ആ സേതുഹിമാചലം നടത്തിയ സംഭാഷണങ്ങളാണ്. അതുപോലെ ഗാന്ധിജി. ഗാന്ധിജി നടത്തിയ പ്രസംഗങ്ങളല്ലേ ഇന്ത്യയെ സ്വതന്ത്രയാക്കിയത്.

*വിമര്‍ശിക്കുമ്പോഴാണോ സുകുമാര്‍ അഴീക്കോടിലെ പ്രഭാഷകനും എഴുത്തുകാരനും കൂടുതല്‍ ജാഗ്രത്താവുന്നത്.
അതു നേരത്തേ പറഞ്ഞില്ലേ. ഒരു പ്രതിയോഗി - പ്രതിയോഗിയെ മനസില്‍ ഭാവന ചെയ്തിട്ടാണ് എതിര്‍ക്കുന്നത്. രണ്ടു ലോഹങ്ങള്‍ ഏറ്റുമുട്ടുമ്പോ തീ ചിതറുമല്ലോ. പലരും എതിര്‍പ്പു വരുമ്പോ അല്പമൊന്ന് ചൂളിപ്പോകും. അപ്പോ ഈ ഇഫക്ടുണ്ടാക്കാന്‍ കഴിയില്ല. എനിക്കെങ്ങനെയോ - അതീ ഗുരുദേവരുടെ സ്വാധീനമാണ്.
ഉണരുവിന്‍
അഖിലേശ്വരനെ സ്മരിപ്പിന്‍
ക്ഷണമെഴുന്നേല്‍പ്പിന്‍
അനീതിയോടെതിര്‍ക്കിന്‍
ഏതുകാലത്ത്? ഏകദേശമൊരു തൊണ്ണൂറുകൊല്ലം മുമ്പാണ് അനീതിയോട് എതിര്‍ക്കാന്‍ ഒരു ആത്മീയാചാര്യന്‍ പറയുന്നത്. കാലത്തിനപ്പുറത്ത് സഞ്ചരിച്ച ഒരാളാണ്. ലോകത്തിലൊരു പ്രാര്‍ഥന കാണില്ല. അനിതീയോട് എതിര്‍ക്കാന്‍ എനിക്ക് ബലം തരണേയെന്ന് ഈശ്വരനോടുള്ള പ്രാര്‍ഥന. അതെന്നെ ചെറുപ്പത്തിലേ സ്വാധീനിച്ചു. എപ്പോഴും എന്റെ മുമ്പിലൊരു അനീതിയുടെ മൂര്‍ത്തരൂപമുണ്ടാവും.

*സാഹിത്യ-സാംസ്കാരിക കാര്യങ്ങളേക്കാള്‍ ഉപരി പൊതുകാര്യങ്ങളില്‍ ഇടപെട്ടാണ് സമീപകാല വിവാദങ്ങളുണ്ടായത്. ഇത് ഒഴിവാക്കണമെന്നു തോന്നാറുണ്ടോ.
സാഹിത്യത്തിലും പ്രഭാഷണത്തിലും താല്പര്യം വന്ന ആ കാലത്തുതന്നെ രാഷ്ട്രീയത്തിലും താല്പര്യമുള്ള ആളാ. അന്ന് പിന്നെ കോണ്‍ഗ്രസാണെന്നെയുള്ളു. അന്ന് ഇന്ത്യ മുഴുവനും കോണ്‍ഗ്രസാ. ഇ.എം.എസുപോലും കോണ്‍ഗ്രസിലുള്ളകാലാ. കോണ്‍ഗ്രസില് അതിന്റെ വക്താവായി സ്റ്റഡിക്ലാസുകളില് പോയി... അങ്ങനെയാണ് എനിക്ക് പാര്‍ലമെന്റില്‍ ടിക്കറ്റുവരെ കിട്ടുന്നത്. എന്റെ സേവനം പ്രഭാഷണമാണ്. അന്നേ രാഷ്ട്രീയം ഉള്ളവനാണ്. പക്ഷേ അന്ന് സാഹിത്യത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചു. എന്നാലും ഞാനിതിനെ അവഗണിച്ചിരുന്നില്ല. എപ്പഴും രാഷ്ട്രീയം സംസാരിക്കുകയും കെപിസിസി പ്രസിഡന്റിനെ അനുമോദിക്കാനുമൊക്കെ ആ കാലത്ത് ഞാന്‍ പോയിരുന്നു.

*പക്ഷേ മാഷ് ഉദ്ദേശിക്കുന്ന തലത്തില്‍ അതൊന്നും സംവാദങ്ങളായല്ല മാറുന്നത്...
ഇന്ന് സ്വാതന്ത്ര്യം കിട്ടി ജനാധിപത്യം വന്നു. പലതരം രാഷ്ട്രീയ കക്ഷികള്‍, പലതരം ചിന്തകള്‍ ഒക്കെവന്നു. അപ്പോ ഭരണഘടനക്കനുസരിച്ചുള്ള ഒരു സമൂഹപുരോഗതി മനസില്‍ കണ്ടുകൊണ്ട് ജനങ്ങളോട് ഇതാ ഈ വഴിക്കു പോകണം മറ്റത് ആപല്‍ക്കരമാണ് എന്ന് വേര്‍തിരിച്ചുകാട്ടുകയാണ്. എന്റെ അഭിപ്രായത്തില് ചിന്തിക്കാന്‍ കഴിയുന്ന എല്ലാ സാഹിത്യകാരന്മാരും മറ്റ് ബുദ്ധിജീവികളും ഏറ്റെടുക്കേണ്ടൊരു കടമയാണ്. ഇതെന്തോ അസ്പൃശ്യമായ വിഷയമായിട്ട് ആളുകള്‍ കാണുന്നത് ഇതില്‍ പങ്കെടുക്കാന്‍ കഴിയാത്ത ദൗര്‍ബല്യത്തെ മൂടിവയ്ക്കുന്ന ഒരു കള്ളത്തരമാണ്.

*മറ്റൊരു ആക്ഷേപം പ്രതിപക്ഷത്തിരുന്ന് വിമര്‍ശിക്കാന്‍ എളുപ്പമാണ്. ബന്ധപ്പെട്ട അധികാരസ്ഥാനങ്ങളിലിരുന്ന് ശരിയായ ദിശയില്‍ നയിക്കാനാണ് പ്രയാസം. വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടാതിരിക്കാനാണോ മാഷെപ്പോഴും അധികാരസ്ഥാനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്നത്.
അതുണ്ട്... ഞാനെപ്പോഴും എന്റെ അഭിപ്രായത്തിന് സ്വീകാര്യതയും വിശ്വാസ്യതയും വര്‍ധിപ്പിക്കുന്നതിന് - അന്യപ്രേരണയില്ലെന്ന് കാണിക്കുന്ന സ്വാതന്ത്ര്യം ആവശ്യമാണ്. ആ സ്വാതന്ത്ര്യമാണ് എന്റെ ഏറ്റവും അടിസ്ഥാനമായ ബലം. പിന്നെ ഞാന്‍ പ്രതിഫലമേ വാങ്ങുന്നില്ല. ഒരുതരത്തിലും. സ്ഥാനമോ പദവിയോ പണമോ ഒന്നും ഞാന്‍ ഇന്നുവരെ വാങ്ങിയിട്ടില്ല. പത്മശ്രീ കിട്ടിയതുതന്നെ ആ നിമിഷത്തില്‍ ഞാന്‍ നിഷേധിച്ചതാണ്. ആകെ വാങ്ങിയത് സാഹിത്യ അക്കാദമിയുടെ പുരസ്കാരങ്ങളാണ്. അതിനെപ്പറ്റി ഈയിടെ ഒരു പത്രത്തിലെഴുതീത് അഴീക്കോട് പുരസ്കാരമേ വാങ്ങില്ലെന്നു പറഞ്ഞിട്ട് ഇപ്പോ പുരസ്കാരത്തിനെപ്പറ്റി അഭിമാനിക്കുന്നുവെന്നാണ്. പച്ചക്കള്ളമാണ്. പത്മനാഭനെപ്പോലുള്ളവര് വാങ്ങാത്തത് ശരിയായില്ലെന്നു പറഞ്ഞ ആളാണ് ഞാന്‍. കാരണം സമൂഹത്തിന്റെ ഒരു ആദരമാണത്. പുരസ്കാരം ഞാന്‍ ആരംഭകാലംതൊട്ട് സ്വീകരിക്കുന്ന ആളാ. തത്ത്വമസിക്ക് മാത്രമല്ല പുരസ്കാരം കിട്ടിയത്. അതിനുമുമ്പ് എത്രയോ പുരസ്കാരം കിട്ടിയിട്ടുണ്ട്. ആ കാലത്തൊക്കെ ഇന്നുള്ള മാതിരി ശങ്കിക്കപ്പെടേണ്ട തരത്തിലുള്ള പുരസ്കാരങ്ങളുണ്ടായിരുന്നില്ല.

ി വിവാദങ്ങള്‍ കത്തിനില്‍ക്കുന്ന സമയമായതുകൊണ്ട് പറയാണ്. മുമ്പ് വീരേന്ദ്രകുമാറുമായിട്ട് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. അതുപോലെ ബാലചന്ദ്രന്‍ ചുള്ളിക്കാടുമായിട്ട് അടിയന്തരാവസ്ഥ വിവാദം നേര്‍ക്കുനേര്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോ അവരൊക്കെയായിട്ട് വലിയ സൗഹൃദത്തിലുമാണല്ലോ.
അതൊക്കെ... വീരേന്ദ്രന്‍ ആദ്യമൊക്കെ തത്ത്വമസിയെ പ്രശംസിച്ച ആളാ. വയനാട്ടിലൊക്കെ അതിന്റെ സെമിനാറൊക്കെ നടത്തിയത് വീരേന്ദ്രന്റെ പ്രേരണയിലാ. പിന്നെ ഏതോ തരത്തില് അദ്ദേഹത്തിന് വ്യക്തിപരമായി അലോഗ്യം തോന്നി. അത് തത്ത്വമസിക്കുനേരെ അദ്ദേഹം പ്രയോഗിച്ചു. വേറെ ചിലരെക്കൊണ്ട് ലേഖനമെഴുതിച്ചു.

*അക്കാലത്ത് ആ പത്രത്തില് മാഷ്ക്ക് ഭ്രഷ്ടായിരുന്നു...
അതെ ഭ്രഷ്ടുതന്നെയായിരുന്നു. അതുകൊണ്ട് ഞാന്‍ പറഞ്ഞു അവരോട് - നിങ്ങളുടെ പത്രത്തിനു മാത്രമല്ല സര്‍ക്കുലേഷന്‍. എനിക്കുമൊരു സര്‍ക്കുലേഷനുണ്ട്. കേരളത്തിലെ ഏതു പത്രം എന്നെ നിരോധിച്ചാലും എന്റെ സര്‍ക്കുലേഷന്‍ അത് ആളുകളില്‍ എത്തും. പിന്നീട് അദ്ദേഹത്തിനുതോന്നി. കോട്ടയത്ത് പാമ്പാടിയില് പൊന്‍കുന്നം വര്‍ക്കിയ്ക്ക്  എന്തോ ഒരു ബഹുമതി കൊടുക്കുന്ന മീറ്റിങ്ങില് എന്റെ അടുത്തു വന്നിരുന്നിട്ട്... നമ്മള് പൊതുവിലൊരു സമരം ചെയ്യേണ്ടവര്... നമ്മളിങ്ങനെ...  ഞാന്‍ പറഞ്ഞു. വളരെ സന്തോഷം. അങ്ങനെ അതുതീര്‍ന്നു.
ബാലചന്ദ്രന്റേതും അതുപോലെതന്നെ. അടിയന്തരാവസ്ഥക്കാലത്ത് ഞാനൊന്നും ചെയ്തില്ലാന്നു പറഞ്ഞിട്ട്. ഓരോന്നിങ്ങനെ പറയാ. അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് വരിച്ചില്ലാന്നു വച്ചിട്ട് അടിയന്തരാവസ്ഥക്ക് അനുകൂലാവോ? ആ കാലത്ത് ഞാന്‍ പ്രൊഫസറൊക്കെയാണ്. ഇതിലൊക്കെ ഇടപെടാതെ നില്‍ക്കുന്ന കാലമാണ്. ഇന്നത്തെപ്പോലെയല്ല. ഇന്നത്തെ എന്നെ കണ്ടിട്ടാണ് അന്നു ഞാന്‍ ചെയ്തില്ലാന്നു പറയുന്നത്. അന്ന് ഞാന്‍ എഴുത്തും പിന്നെ പഠിപ്പിക്കലുമൊക്കെയായിട്ട്... ഇടയ്ക്ക് എന്തെങ്കിലുമൊരു അഭിപ്രായം പറയും അത്രയേ ഉള്ളു. പിന്നെ അടിയന്തരാവസ്ഥക്കാലത്ത് വേറൊന്ന് - നമ്മള്‍ എതിര്‍ത്തുവല്ലതും പറഞ്ഞാല്‍ ഇവര് റിപ്പോര്‍ട്ട് ചെയ്യില്ല. ആയൊരു സത്യം ഇവര് മറന്നു. അന്ന് സെന്‍സറിങ്ങുള്ള സമയമാണ്. നമ്മുടെ പ്രസംഗമല്ല പത്രത്തില് വരുന്നത്. അവര് തീരുമാനിക്കുന്നതാണ്.
അത് ബാലചന്ദ്രനും പിന്നീട് മനസിലായി. ഇപ്പോ ബാലചന്ദ്രന്‍ രണ്ടാഴ്ച കൂടുമ്പോഴെങ്കിലും എന്നെ വിളിക്കും. അത്രയ്ക്കടുപ്പമാണ്. പിന്നെ എനിക്കും ഒരാളോട് സ്ഥായിയായ വെറുപ്പില്ല കേട്ടോ. ഒരാളോടും സ്ഥായിയായ വെറുപ്പില്ല.

*ഇപ്പോഴത്തെ വിവാദങ്ങളേയും ആ നിലക്കേ കാണേണ്ടതുള്ളൂ അല്ലേ.
അത്രയേ ഉള്ളു. എനിക്കിപ്പോ അച്യുതാനന്ദനും പിണറായിയും - ഞാന്‍ പറഞ്ഞില്ലേ രണ്ടുപേരും എനിക്ക് തുല്യരാണ്. അതുപോലെ കോണ്‍ഗ്രസില് ചെന്നിത്തലയോടും ഇഷ്ടമാ. ചെന്നിത്തലയും വിളിക്കും. ഈയിടെ എന്തിനോ എന്നെ വിളിച്ചു. ആരോ ഭീഷണിപ്പെടുത്തീന്ന് പറഞ്ഞപ്പോ പുള്ളി വിളിച്ചു. മാഷേ, ഞങ്ങളൊക്കെയുണ്ട്. അതൊരു സ്‌നേഹമാണ്. ഉള്ളിന്റെയുള്ളിലുള്ള ഒരു സ്‌നേഹമാണ്. ഉമ്മന്‍ചാണ്ടിയും. പിന്നെ എന്നെ അവര്‍ക്കറിയാം. ഞാന്‍ ഇങ്ങനെ പറയുമെന്ന് അവര് കരുതുന്നുമുണ്ട്.

* പ്രസംഗത്തിന് മുന്തിയ പ്രതിഫലം എപ്പഴാ കിട്ടീത്.
നമ്മുടെ നാട്ടിലുള്ള ഒരു വഴക്കമാണത്. പ്രസംഗത്തിന് ടിഎയേ തരൂ. ചിലര് കുറച്ച് അധികൊക്കെ തരും. രണ്ടായിരം രൂപയൊക്കെ കൂടുതല് തരും. ഈ ദുബായിലൊക്കെ പോയാല്‍ കുറച്ചധികം തരും. പക്ഷേ അതിന് നാലഞ്ചുദിവസമൊക്കെ അവിടെപോയി താമസിച്ച്... അതിന്റെ എല്ലാ മെനക്കേടുകളും ഉണ്ട്. പ്രസംഗം മിക്കവാറും ഒരു ത്യാഗം തന്നെയാണ്. ഞാനീ കാറു വാങ്ങീതുതന്നെ. പ്രസംഗിക്കാന്‍ ടാക്‌സിയിലൊക്കെ യാത്ര ചെയ്തീട്ട് എനിക്ക് വെര്‍ട്ടിബറല്‍ ഡാമേജ് വന്നു. എക്‌സ്‌റേലത് കാണാം. അല്പമൊരു തേയ്മാനം. മിഷന്‍ ആശുപത്രീലെ ഡോക്ടറ് പറഞ്ഞു, മാഷ് ആറുമാസംകൊണ്ട് പ്രസംഗമൊക്കെ നിര്‍ത്തും. ഡാമേജ് കൂടിപ്പോയാ പരിഹരിക്കാനൊന്നും കഴിയില്ലല്ലോ. ഓപ്പറേഷനും സാധ്യമല്ല. നട്ടെല്ലല്ലേ? പോയാപോയി. ഞാന്‍ പറഞ്ഞു, എന്താ വഴി? വഴി എന്താന്നു വച്ചാല് മാഷ് പ്രസംഗംനിര്‍ത്തണമെന്ന് ഞാന്‍ പറയില്ല. പ്രസംഗം നിര്‍ത്തിയാല്‍ ഇതെല്ലാം പോകും. വളരെ ഉറപ്പുള്ള സ്റ്റഡിയായ കാറു വാങ്ങണം. മറ്റത് മാരുതിയായിരുന്നു. നമ്മടെ ഈ പൊട്ട റോഡില് മാരുതീല് യാത്ര ചെയ്താ ഡാമേജ് ഇല്ലാത്തവര്‍ക്ക് ഉണ്ടാകും. അതുഞാന്‍ ഉപേക്ഷിച്ചു. പതുക്കെ ഒരു സെക്കന്റ്ഹാന്റ് സിലോ വാങ്ങി. അതാണ് പിന്നെ മാധവിക്കുട്ടിക്ക് കൊടുത്തത്. പിന്നെ വര്‍ത്തമാനം പത്രത്തില്‍ നിന്ന് ഒരുപട് ശമ്പള എരിയേഴ്‌സുണ്ട്. അവരുടെ കാറെനിക്കു തന്നു. എന്നിട്ടും എനിക്ക് ബാക്കീണ്ട്‌ട്ടോ. ഞാന്‍ പിന്നെ അതങ്ങ് വിട്ടു. അതു കുറച്ച് നല്ല കാറായിരുന്നു. പിന്നെ വിയ്യൂര് പറമ്പ് വിറ്റ്... അങ്ങനെയാണ് ഈ വീടെടുത്തത്. ഇപ്പഴും ഒരുപാട് കടോണ്ട്... ഈ കാറെടുത്തത്. വഹാബിനോട് ചോദിച്ചു... വഹാബ് പറഞ്ഞു "ഗ്ലാന്‍വിറ്റ്' വളരെ നല്ല വണ്ട്യാ. പത്തുപതിനഞ്ചുലക്ഷം രൂപ വിലയുണ്ട്. ആ പറമ്പ് വിറ്റതുകൊണ്ട് എനിക്കു കുറച്ചു കാശുകിട്ടി. ഇപ്പഴും മന്‍ത്‌ലി ഇന്‍സ്റ്റാള്‍മെന്റ് ഭയങ്കര ചുമതലയാണ്. വല്യ വിഷമമാണ്. ഈ വീട്ടിന്റേതുമുണ്ട് ഏഴുലക്ഷം. കനറാ ബാങ്കിന് കടം. എങ്കിലും ഞാന്‍ കുറച്ചു രക്ഷപ്പെട്ടത് ഈ വിയ്യൂര് ഭൂമി വിറ്റപ്പോ കുറച്ച് കാശ് അധികം കിട്ടി. നല്ല വിലയുള്ള സമയമായിരുന്നു.

*പ്രസംഗം പുസ്തകങ്ങളാക്കുമ്പോ എഡിറ്റിങ് പതിവുണ്ടോ? തെരഞ്ഞെടുത്ത പ്രഭാഷണങ്ങളുടെ ഒരു വാള്യം പുറത്തിറങ്ങിയിട്ടുണ്ടല്ലോ.
പ്രസംഗത്തിന്റെ ജീവന്‍ നിലനിര്‍ത്തിക്കൊണ്ട് വാചകക്രമമൊക്കെ ഒന്നുമാറ്റും. അത്രേയുള്ളു. "ഭാരതീയത' ഏഴുദിവസത്തെ പ്രസംഗാണ്. അത് കുറച്ച് കൂടുതല്‍ എഡിറ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തനി പ്രസംഗമല്ല. എങ്കിലും അത് പ്രസംഗാണ്. ബേസിക്കായിട്ട് അതേ ഫോര്‍മാറ്റാണ്. ഇടയ്ക്ക് ചില മാറ്ററ് പുസ്തകമാവുമ്പോ കംപ്ലീറ്റ് ചെയ്യാറുണ്ട്. പ്രസംഗത്തില്‍ എല്ലാം പറയാന്‍ കഴിയില്ല. അത് ഞാന്‍ ഒരു കടലാസ്സുല്യാതെ പ്രസംഗിച്ചതാ ഏഴു ദിവസത്തെ ഭാരതീയത. വെറും ഓഫ്ഹാന്റ് സ്പീച്ചാണ്. അതൊക്കെ ഒരു നേട്ടം തന്നെയാണ്.
പിന്നെയൊരു നേട്ടം - ഗാന്ധിജിയുടെ 125-ാം ജന്മദിനത്തില് എന്നോട് ചില സര്‍വോദയ കുട്ടികള് പറഞ്ഞു - മാഷ് 125 ഗ്രാമങ്ങള്‍ വിസിറ്റ് ചെയ്യണം. അത് ഞാന്‍ ചെയ്തു. 125 ഗ്രാമങ്ങളില്‍പോയി പ്രസംഗിച്ചു. അത്ര ഉള്‍നാടുകളില്‍. അടിവാരംപോലുള്ള സ്ഥലങ്ങള്‍. ആളുകള്‍ പത്രത്തില് കണ്ടിട്ട് ഒരു കാര്‍ഡിടുകയാണ്. ബ്ലാങ്ങാണ്. ഷൊര്‍ണൂരിന്റെ ഉള്ളില്. നമ്മുടെ ഐസിപിയുടെ സ്ഥലം. തനി കുഗ്രാമമാണ്. അവിടെ അദ്ദേഹം സ്ഥാപിച്ച ഒരു ലൈബ്രറിയാണ് ആകെയുള്ള വലിയ സ്ഥാപനം. അങ്ങനെ ഒരുപിടി സ്ഥലത്ത് പോയിട്ടുണ്ട്.

*ഇന്നും മനസ്സില്‍ നില്‍ക്കുന്ന ഇടയ്‌ക്കൊക്കെ ഓര്‍ക്കുന്ന പ്രസംഗവും വേദിയും ഏതാണ്.
മനസില്‍ നില്‍ക്കുന്നത് സി.വി. രാമന്‍പിള്ളയുടെ ശതാബ്ദി. തിരുവനന്തപുരത്ത് സെനറ്റ് ഹാള്‍ ഉദ്ഘാടനം ചെയ്തിട്ടില്ല. പക്ഷേ, പൂര്‍ത്തിയായിരിക്കുന്നു. അവിടെ വച്ചാണ് നടന്നത്.  മുണ്ടശ്ശേരിമാഷ് മന്ത്രിയായിരിക്കുന്ന കാലം. മുണ്ടശ്ശേരി മാഷ് അധ്യക്ഷന്‍. ശങ്കരക്കുറുപ്പും ഞാനുമാണ് പ്രസംഗകര്‍. ഞാനന്ന് വളരെ ചെറുപ്പമാണ്. സി.വി.യുടെ ശതാബ്ദിയെന്നു പറഞ്ഞാല്‍ കണക്കുക്കൂട്ടിയാല്‍ കൊല്ലംകിട്ടും. ഈ പ്രഗല്ഭരുടെ കൂട്ടത്തില്‍ ഞാന്‍ ഇന്‍വൈറ്റ് ചെയ്യപ്പെടുന്നോരു ആളാണ്. അതും തിരുവനന്തപുരത്ത്. അന്നത്തെ ഒരു അവിസ്മരണീയമായ പ്രസംഗമാണ്. അതിനെപ്പറ്റി എത്രയോ ആളുകള്‍ ലേഖനമെഴുതിയിട്ടുണ്ട്. അന്ന് മുണ്ടശ്ശേരി ഗംഭീരമായി പ്രസംഗിച്ചു. മാഷും പ്രസംഗിച്ചു. അപ്പോ മാഷെ ഞാനന്ന് എതിര്‍ക്കുന്ന കാലാ. അനുകരണം - ഞാന്‍ അതുപറഞ്ഞിട്ടാ തുടങ്ങീത്. അതായത് സി.വി. അനുകരണത്തില്‍നിന്ന് തുടങ്ങി അനുകരണീയനായി മാറി അനുകരണീയനായിത്തീര്‍ന്നു. മുമ്പിലിരിക്കുന്നത് ഗോപാലപ്പിള്ളസാറ്, ഭാസ്കരന്‍നായര്‍... തിരുവനന്തപുരത്തെ ക്രീമുള്ള കാലാ. ഇപ്പോ എല്ലാവരും മരിച്ചുപോയി കേട്ടോ. ഹാളിന്റെ പിറകില്‍ സിവിയുടെ പടമുണ്ട്. ആശാനാണ് സി.വി.യെപ്പറ്റി കവിത വായിച്ചിട്ട് അതവിടെ അനാഛാദനം ചെയ്തിട്ടുള്ളത്.

"ഹന്ത നിസര്‍ഗമധുരമാം
വര്‍ഷിപ്പൂ
എന്തൊരവസ്ഥയിലും
മധുരങ്ങള്‍തന്ന്...
വാഗ്‌ദേവതയുടെ
വീരഭടന്‍ ഭവാന്‍
കാവ്യമുദ്രേ
മടങ്ങീടുക ഈ ഛായയില്‍'

ആ കവിതയുടെ പേര് ഞാന്‍ മറന്നുപോയി. അസാധ്യ കവിതയാണ് കേട്ടോ. ഇത് മുണ്ടശ്ശേരീം നോട്ട് ചെയ്തില്ല, ശങ്കരക്കുറുപ്പും നോട്ട് ചെയ്തില്ല. ഞാന്‍ സി.വി. രാമന്‍പിള്ളയെപ്പറ്റി വാഗ്‌ദേവതയുടെ വീരഭടന്‍ എന്ന പദ്യോം ചൊല്ലി തുടങ്ങിയപ്പോ അതിന്റെ ഇഫക്ടുവേറെയല്ലേ. സദസാകെ ഇളകിമറിഞ്ഞു. കൈയടിയും ബഹളവുമായി. രണ്ടുപേരും പ്രഗല്ഭ പ്രസംഗകരാ. എന്റെ സീനിയേഴ്‌സും. അവര്‍ നിഷ്പ്രഭരായിപ്പോയി. അന്നൊന്നും റെക്കോഡിങ് ഇല്ല. എന്നെന്നേക്കുമായി പോയി. അതുകൊണ്ട് അതെന്റെ ഏറ്റവും വലിയ ആഹ്ലാദവും അഭിമാനവും ദുഃഖവുമായിമാറി. അതിന്റെ പ്രതികരണങ്ങള്... ഞാന്‍ മടങ്ങിവരുമ്പോ - അന്ന് എറണാകുളത്ത് കടത്തുണ്ട്. ഇടക്കൊച്ചീല്... ഞാന്‍ കാറില്‍വന്നിറങ്ങി കടത്തുകടക്കാന്‍ നില്‍ക്കുമ്പോ കളത്തില്‍ വേലായുധന്‍നായരെ കണ്ടു. അദ്ദേഹം പറഞ്ഞു: അഴീക്കോടിനെ കണ്ടല്ലോ എനിക്ക് വരാന്‍ പറ്റീല്ല. പത്രത്തില് കണ്ടു ഗംഭീരായല്ലോ...
പിന്നെ ഒരു ഒക്കേഷന്‍. സിവിയുടെ ശതാബ്ദിയെന്നു പറഞ്ഞാല്‍ അതിലപ്പുറത്തൊരു സന്ദര്‍ഭം നമുക്ക് കിട്ടാനില്ല. ഗുപ്തന്‍നായര്‍ മാഷുംണ്ട് ശ്രോതാവായിട്ട്. മാഷ് എന്നേം ശങ്കരക്കുറുപ്പ് മാഷേ വിളിച്ച്... അന്ന് അരിസ്റ്റോ ഹോട്ടലുള്ളകാലാ തിരുവനന്തപുരത്ത്. ഇന്നതില്ല. കാപ്പികുടിക്കാന്‍ കൊണ്ടുപോയി. അന്ന് ഗുപ്തന്‍ നായര്‍ പറഞ്ഞു, മാഷ് ഒന്നും വിചാരിക്കരുത്. ഇന്ന് അഴീക്കോടിന്റെ ഷോ ആയിരുന്നു. ശങ്കരക്കുറുപ്പിനും അതിലൊന്നുമില്ല കേട്ടോ. അന്ന് ഞങ്ങളൊക്കെ ഇതൊക്കെയുണ്ടെങ്കിലും പരസ്പര ബഹുമാനമായിരുന്നു. മരണംവരെ. മരിക്കുന്നതിന് രണ്ടുമാസം മുമ്പ് ഞാന്‍ വീട്ടില്‍പോയി കണ്ടിരുന്നു. എന്നെ സുകുമാരാ എന്നേ വിളിക്കൂ. സുഭദ്രേ, സുകുമാരന് ചായകൊടുക്ക് എന്നാണ് പറയാ. ചെറുപ്പം തൊട്ടുള്ള പരിചയാ. ഞാനന്ന് എറണാകുളത്ത് ആരംഭത്തില് ദീനബന്ധുവിലാ. മാഷ്‌ടെ വീടു വഴിയാണ് പോകാറ്. വരുമ്പഴോ പോകുമ്പോഴോ അവിടെ കയറും. അത്രപരിചയാ ആ വീടുമായിട്ട്...

*ആത്മകഥ എഴുതാനുള്ള തയ്യാറെടുപ്പിലാണെന്നു കേട്ടു?
വാസ്തവത്തില്‍ ആത്മകഥ എഴുതേണ്ട പ്രായം കഴിഞ്ഞു. ഒരു അറുപത്-അറുപത്തഞ്ചില്‍ എഴുതേണ്ടതാ. ഗാന്ധിജിയൊക്കെ അറുപത്-അറുപത്തഞ്ചിലാ എഴുതീത്. പക്ഷേ പിന്നീടാണ് ഗാന്ധിജിയുടെ ജീവിതത്തിന്റെ മഹത്വം മുഴുവനും ആത്മകഥ എഴുതികഴിഞ്ഞശേഷാ. ശതാഭിഷേകത്തോടനുബന്ധിച്ച് കോഴിക്കോട്ട് നടന്ന അനുമോദന സമ്മേളനത്തില്‍ എം.ടി എന്നോട് ആത്മകഥയെഴുതണമെന്നു പറഞ്ഞപ്പോ ആളുകള് വലിയ കൈയടിയോടെയാണ് അത് സ്വീകരിച്ചത്. ഞാന്‍ പ്രൊഫസറായിരിക്കുമ്പോ എം.ടിയാ മാതൃഭൂമില്. അന്ന് എം.ടി പറഞ്ഞ് ആത്മകഥ എഴുതണമെന്ന്. ഞാന്‍ സമ്മതിക്കേം ചെയ്തു. അവര് രണ്ടുമൂന്ന് പരസ്യോം കൊടുത്തു. പക്ഷേ എനിക്ക് എഴുതാന്‍ പറ്റീല്ല. ആ ഒരു കടപ്പാടുണ്ട് അവരോടെനിക്ക്. ആരംഭത്തിലുള്ള കുട്ടിക്കാലം, വിദ്യാഭ്യാസമൊക്കെ കുറേ എഴുതീട്ടുണ്ട്. ഇനിയത് കളക്ട് ചെയ്യാന്‍ പോവാ. തുടങ്ങിക്കഴിഞ്ഞാല് കുറച്ചെന്റെ പ്രോഗ്രാംസ് കുറയ്‌ക്കേണ്ടിവരും. അപ്പോ യാത്രകളൊക്കെ കുറയും.

*അത് പ്രസംഗത്തെ ബാധിക്കുമല്ലോ.
മാസത്തില് പത്തുപതിനഞ്ച് പ്രസംഗങ്ങളാകാം. ദൂരപ്രസംഗങ്ങള് കുറക്കേണ്ടിവരും. അതാണ് സമയം മുഴുവന്‍ പോകുന്നത്. അതൊന്ന് പ്ലാന്‍ ചെയ്യണം.

*"തത്ത്വമസി' എഴുതിയിട്ടും പല കാര്യങ്ങളിലും അഴീക്കോട് വേണ്ടത്ര നിര്‍മമനല്ല എന്നൊരു വിമര്‍ശമുണ്ടല്ലോ. ക്ഷോഭത്തിലും കാര്‍ക്കശ്യത്തിലും പിടിവാശിയിലും മറ്റും.
വളരെ കുറഞ്ഞിട്ടുണ്ട്. അതായത് തത്ത്വമസിക്കുശേഷം ഞാന്‍ പൂര്‍ണമായും പഴയ ആളല്ല. ഒന്ന് ഇതിനുശേഷമാണ് ഞാന്‍ വീരേന്ദ്രനായിട്ടും എല്ലാം അലോഗ്യം കഴിഞ്ഞ് അടുത്തതുന്നെയും ആ ഒരു പരിവര്‍ത്തനത്തിന്റെ ഫലമാണ്. പണ്ടെനിക്ക് വാശികൂടുതലാ. ഇപ്പഴ് അതില് വലിയ അര്‍ഥമില്ലാന്നുവന്നു. ഞാനിപ്പോ വിമര്‍ശിക്കുന്നതൊക്കെ വളരെ നിസ്സംഗമായിട്ടാണ്. ഒരു വ്യക്തിയോടും വിരോധമില്ല. അതിവര് മനസിലാക്കുന്നില്ല. രാഷ്ട്രീയമായ പക്ഷപാതം കാരണം എല്ലാം തെറ്റായിട്ട് കാണാണ്. വ്യക്തിപരമായ വിദ്വേഷമില്ലെന്നു പറയുന്നപോലെ വ്യക്തിപരമായ അടുപ്പോം ഇല്ല. ആരോടുമില്ല. വളരെ നിസ്സംഗമാണ്. അത്രയും ഞാന്‍ തത്ത്വമസിയോട് അടുക്കാണ്. തത്ത്വമസി എനിക്ക് ജീവിതത്തിലൊരു ലക്ഷ്യം തന്നിരിക്ക്യാണ്. അതും നീയും ഒന്നെന്ന് പറേണല്ലോ.

*ആശിച്ച മട്ടിലൊരു പ്രസംഗം ഇനിയും ചെയ്യേണ്ടതായിട്ടുണ്ടെന്ന് തോന്നാറുണ്ടോ? ഉണ്ടെങ്കില്‍ അത് ഏത് വേദിയില്‍, ഏത് സദസിനുമുന്നില്‍ വച്ചായിരിക്കണം?
അത് സാഹിത്യവുമല്ല, രാഷ്ട്രീയവുമല്ല. അത് ഞാന്‍ പ്രതീക്ഷിച്ച സ്വപ്നങ്ങള്‍ എത്രത്തോളം ഇവിടെ വന്നു എന്നതിലുള്ള സന്തോഷവും എത്രത്തോളം വന്നില്ല എന്നുള്ളതിന്റെ വ്യഥയും എന്റെ മനസില്‍ വളരെയുണ്ട്. അത് എവിടെയെങ്കിലും ഒന്ന് അവതരിപ്പിക്കണമെന്നുണ്ട്. അതീ ശതാഭിഷേകത്തിലൊന്നും കഴിയില്ല. വളരെ ഔപചാരികമായിപ്പോകും. അതിനൊരവസരം എനിക്ക് - അത് ഞാന്‍ തന്നെ ഉണ്ടാക്കും. അപ്പോള്‍ ഒരാളുടെ ജീവിതം സഫലമായില്ല എന്നുള്ളതിലെ ഒരു സാഫല്യമുണ്ട്. സഫലമായില്ല എന്നുള്ളതുകൊണ്ട് നിരാശനാണെന്നു കരുതരുത്. സഫലമായി എന്നുള്ളതുകൊണ്ട് ആ സാഫല്യം നിലനില്‍ക്കുമെന്നും പറഞ്ഞുകൂടാ. ഇഷ്ടികകള്‍ എടുത്തുവച്ച് കെട്ടിടം ഉണ്ടാക്കുമ്പോ മനോഹരമായൊരു സൗധം ഉണ്ടാകുമെന്നാണല്ലോ പ്രതീക്ഷ. സ്വപ്നവും യാഥാര്‍ത്ഥ്യവും കൂടിച്ചേരുന്നതിലുള്ള ഒരു സങ്കീര്‍ണതയുണ്ടല്ലോ. അതിനെപ്പറ്റി ഒരു പ്രസംഗം വേണമെന്നുണ്ട്.

*അത് എവിടെവച്ചായിരിക്കും.
മനസില്‍ കോഴിക്കോട്ടാണ്. എന്റെയൊരു രണ്ടാം വീടെന്നു ഞാന്‍ പറയും കാലിക്കറ്റ്. ഞാനുദ്ദേശിക്കുന്ന ശ്രോതാക്കള്‍ അപ്പോഴും ഉണ്ടാകുമോ എന്നറിയില്ല. കാരണം ഇത് കേള്‍ക്കേണ്ട ശ്രോതാക്കളില്‍ പകുതിയും പോയി. അതാണ് മറ്റൊരു ദുഃഖം. ഇപ്പോ കുറച്ചുപേരുണ്ട്. അവരും ഇത് പറയുന്ന സമയത്ത് ഉണ്ടാകുമോ എന്ന് കണ്ടറിയണം.

*അപ്പോ ആ പ്രസംഗം ആത്മകഥയുടെ പ്രകാശനച്ചടങ്ങില്‍ കോഴിക്കോട്ടുവച്ചാകാം അല്ലേ?
അതുതന്നെ. ആത്മകഥയുടെ പ്രകാശനത്തിന്. ആ ഒരൊറ്റ പ്രസംഗം മാത്രം മതി. മറ്റ് പ്രസംഗങ്ങളൊന്നും വേണ്ട...  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക