MediaAppUSA

ഇവര്‍ ദേശദ്രോഹികളോ, ദേശസ്‌നേഹികളോ ? (ദല്‍ഹി കത്ത് - പി വി തോമസ്)

പി വി തോമസ് Published on 19 February, 2021
ഇവര്‍ ദേശദ്രോഹികളോ, ദേശസ്‌നേഹികളോ ? (ദല്‍ഹി കത്ത്  - പി വി തോമസ്)

ഇവര്‍ ദേശദ്രോഹികള്‍ ആണെങ്കില്‍ ഇവരെ പോലീസിനും കോടതിക്കും കയ്യാമത്തിനും  കാരാഗൃഹത്തിനും വിട്ടുകൊടുക്കണം. ഇവര്‍ ദേശസ്‌നേഹികള്‍ ആണെങ്കില്‍ ഇവരെ രാജ്യത്തിന് വിട്ടുതരണം. കാരണം ഇവരെയും ഇവരെപോലുള്ളവരെയും രാജ്യത്തിന് ആവശ്യമുണ്ട്. 

ദിശ രവി (21), നികിത ജേക്കബ് (28), ശന്തനു മുലുക്ക് (31) എന്നിവരില്‍ ആണ് ഡല്‍ഹി പോലീസ് ദേശദ്രോഹം (124 - എ) വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത പ്രവര്‍ത്തനം (153 -എ) കുറ്റകരമായ ഗൂഢാലോചന (120 ബി) തുടങ്ങിയ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയിരിക്കുന്നത്. കാരണം ഇവര്‍ 90 ദിവസങ്ങളോടടുക്കുന്ന കര്‍ഷക സമരത്തെ പിന്തുണച്ചു. ഭരണവര്‍ഗ്ഗത്തിന്റെ ചില പാദസേവകരെപ്പോലെ ഈ സമരം ഇടനിലക്കാരുടെ സമരം ആയി ഇവര്‍ കണ്ടില്ല.

ദിശയെ രായ്ക്കുരാമാനം ബാംഗ്ലൂരിലെ വസതിയില്‍ നിന്നും റാഞ്ചി ഡല്‍ഹി പോലീസ് തലസ്ഥാന നഗരിയില്‍ കൊണ്ടുവന്നു. ബാംഗ്ലൂര്‍ പോലീസ് ഇത് അറിഞ്ഞത് പിന്നീടാണ്. കോടതിയില്‍ ഹാജരാക്കി 5 ദിവസത്തെ റിമാന്റും വാങ്ങി. നികിതയും ശന്തനുവും താത്കാലിക ജാമ്യം എടുത്തു. ദിശ കാലാവസ്ഥ പ്രവര്‍ത്തകയാണ്. നികിത മുംബൈ ഹൈക്കോടതിയിലെ അഭിഭാഷകയും ആക്ടിവിസ്റ്റും ആണ്. ശന്തനു എയ്‌റോസ്‌പേസ് എഞ്ചിനീയര്‍ ഉദ്യോഗം രാജി വച്ച് ജനപക്ഷത്തു നിന്നുകൊണ്ട് സമരം ചെയ്യുന്ന ഒരു വ്യക്തിയാണ്. ഇവര്‍ ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന കുറ്റത്തിന്റെ കേന്ദ്രബിന്ദു ഒരു ടൂള്‍കിറ്റ് ആണ്. കര്‍ഷക സമരത്തെ ആഗോള വല്കരിച്ച ഒരു അന്തര്‍ ദേശീയ ഗൂഢാലോചനയുടെ ഭാഗമാണത്രെ ഈ ടൂള്‍കിറ്റ്. ജനുവരി 26 - ലെ ചെങ്കോട്ടയിലെ കടന്നാക്രമണം ഉള്‍പ്പെടെ കര്‍ഷകസമരവുമായി ബന്ധപ്പെട്ട ഒട്ടേറെ സംഭവങ്ങള്‍ക്ക് ഈ ടൂള്‍കിറ്റ് വഴിയൊരുക്കി, പോലീസിന്റെ കുറ്റാരോപണപ്രകാരം ഇവര്‍ ഒരു അന്തര്‍ദേശീയ ഗൂഢാലോചനയുടെ ഭാഗം ആണെന്നു മാത്രമല്ല ഇവര്‍ രാഷ്ട്രത്തെ അപകീര്‍ത്തിപ്പെടുത്തുവാന്‍ ശ്രമിച്ചു ആഗോളതലത്തില്‍. മാത്രമല്ല ഇവര്‍ രാജ്യത്തിനെതിരെ സാമൂഹികമായും സാംസ്‌കാരികമായും സാമ്പത്തികമായും ഒരു യുദ്ധത്തിന് തയ്യാറായി ആരോപണപ്രകാരം. ഇവര്‍ക്ക് ഖാലിസ്ഥാന്‍ ഭീകരരും വിഘടന വാദികളുമായി ബന്ധമുണ്ട്. ഇവരുമായി ഇവര്‍ സമ്പര്‍ക്ക പുലര്‍ത്തിയിരുന്നു വീഡിയോ കോണ്‍ഫ്രന്‍സിലൂടെയും മറ്റും.

പക്ഷെ, ദിശ കരഞ്ഞുകൊണ്ട് ഡല്‍ഹിയിലെ പട്യാല കോടതിയില്‍ പറഞ്ഞത്, അവര്‍ കരഷകസമരത്തെ പിന്തുണക്കുക മാത്രമേ ചെയ്തുള്ളു എന്നാണ്. സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗേറ്റുതുന്‍ബെര്‍ഗിനുള്ള സന്ദേശത്തില്‍ ഒന്നോ രണ്ടോ വാചകങ്ങള്‍ എഡിറ്റ് ചെയ്യുക മാത്രമേ ചെയ്തിട്ടുള്ളു. ദിശ സാമൂഹ്യ ബോധമുള്ള, രാഷ്ട്രീയ പ്രബുദ്ധതയുള്ള ഒരു യുവ വ്യക്തിയാണ്. അവര്‍ ഗ്രീന്‍ കൊളാബ്രേറ്റീവ്, 'ഫ്രൈഡേസ് ഫോര്‍ ഫ്യുച്ചര്‍'  എന്ന സങ്കടനകളുടെ അംഗം ആണ്, ഇതെല്ലാം ഒരു തെറ്റാണെന്ന് ഇന്ന് വന്നുതീര്‍ന്നിരിക്കുന്നു ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍. യുവാക്കള്‍ പ്രതിശേഷിക്കുന്നതും ഭരിക്കുന്ന സര്‍ക്കാരുകളോട് വിയോജിക്കുന്നതും ആഗോളതലത്തില്‍ സാദാരണമാണ്. പക്ഷെ ഭീകര പ്രസ്ഥാനങ്ങളുമായി കൈകോര്‍ക്കുന്നത് അതാത് ദേശങ്ങളിലെ നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. ദിശയും നികിതയും.ശാന്തനുവും ഇതാണൊരു കര്‍ഷക സമരത്തെ പിന്തുണച്ചു കൊണ്ടുള്ള ടൂള്‍ക്കിറ്റ് നിര്‍മിക്കുക വഴി ചെയ്തത് ?

ഇതിനെക്കുറിച്ച് അഭിഭാഷകയും കുറ്റാരോപിതയും ആയ നികിത ജേക്കബ് പറഞ്ഞത് ശ്രദ്ധേയമാണ് , ഇങ്ങനെ ഒരു  ടൂള്‍ക്കിറ്റ് തയ്യാറായാക്കിയതായി നികിത സമ്മതിക്കുന്നു പക്ഷെ അത് ഗ്രെറ്റ തുന്‍ ബര്‍ഗ്ഗിന് നല്‍കിയിട്ടില്ല . അതെന്തുമായി കൊള്ളട്ടെ എന്താണീ ടൂള്‍കിറ്റിനുള്ളിലെ  ആഗോള ബോംബ് ? നികിത പറയുന്നത് അനുസരിച്ച ഇത് ഒരു വിവരസൂചിക പട്ടികയാണ്, കര്‍ഷകസമരം സംബന്ധിച്ചിട്ടുള്ളത് ,ഡിജിറ്റലാണ് ഇത് ഒരു പ്രകാരത്തിലും ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നതോ പ്രകോപിക്കുന്നതോ അല്ല. സുപ്രീംകോടതിയുടെയും വിവിധ ഹൈക്കോടതികളുടെയും വിധി പ്രകാരം സര്‍ക്കാരുമായിട്ടുള്ള വിയോജനം ദേശദ്രോഹം അല്ല , എന്നാല്‍ അക്രമത്തിന് ആഹ്വാനം ചെയ്ത് ജനങ്ങളെ പ്രകോപിപ്പിക്കുന്നത് സെഡിഷന്‍, രാജ്യദ്രോഹം ആണ് . ബ്രിട്ടീഷുകാര്‍ അവരുടെ ഭരണം നിലനിര്‍ത്താന്‍ ഉണ്ടാക്കിയ ഒരു നിയമമാണ് ഇത് . ഇത് പ്രകാരം മഹാത്മജിയെയും ബാലഗംഗാധര തിലകനെയും തുടങ്ങിയ ഒട്ടേറെ സ്വാതന്ത്ര്യ സമരപോരാളികളെ ജയിലില്‍ അടച്ചിട്ടുണ്ട് .സ്വാതന്ത്ര്യാനന്തരവും ഈ നിയമം അതെ പോലെ തുടരുന്നു കാരണം ഭരണാധിപന്റെ ഭാഷയും തൊലിയുടെ നിറവും കൊടിയുടെ അടയാളവും മാത്രമേ മാറുന്നുള്ളു അവന്റെ സ്വഭാവം ഒന്ന് തന്നെ ആയിരിക്കും എല്ലാ കാലവും 

കര്‍ഷക സമരത്തിന് ആഗോള വ്യാപകമായി പിന്തുണ ആര്‍ജ്ജിക്കുന്നതിന് സമൂഹമാധ്യമങ്ങളിലൂടെ വളരെയേറെ ശ്രമിച്ചതായി നികിത സമ്മതിക്കുന്നു . ത്തില്‍ നിയമവിരുദ്ധമായി ഒന്നും അവര്‍ കാണുന്നില്ല അവരുടെ അഭിപ്രായത്തില്‍ വിവാദവിഷയമായ ടൂള്‍കിറ്റ് കര്‍ഷകസമരത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലോകത്തന് നല്‍കുന്നത് മാത്രമാണ്, ഒരുതരം ബോധവല്‍ക്കരണം . ഇത് ജനാധ്യപത്യ ലോകത്ത് ഒരു പുതുമയുമല്ല നികിതയുടെ അഭിപ്രായത്തില്‍ ഇത് ശരിയുമാണ് ഇത് എങ്ങനെ ദേശദ്രോഹം ആകും? ചോദ്യം പ്രസക്തമാണ് . വിയോജനവും പ്രതിഷേധവും ദേശദ്രോഹമല്ല നേരത്തെ സുയോചിപ്പിച്ചത് പോലെ സുപ്രീം കോടതിയും ഹൈക്കോടതികളും അത് ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് അടിവരയിട്ട് പറഞ്ഞിട്ടുണ്ട് . ഇത് വീണ്ടും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് 
ധര്‍മ്മേദ്ര റാണ ഒരു വിധി ന്യായത്തില്‍ പറയുകയുണ്ടായി ഇത് അധികാരികളുടെ കയ്യില്‍ കിട്ടിയിരിക്കുന്ന ഒരു ശക്തിമത്തായ ആയുധമാണ് (124 എ) പക്ഷെ അത് ജനകീയപ്രക്ഷോഭങ്ങളെയും പ്രതിഷേധത്തെയും വിയോജിപ്പിനെയും അടിച്ചമര്‍ത്താനുള്ള ഒരു ആയുധമായി ദുരുപയോഗിക്കരുത് .

ടൂള്‍കിറ്റിന് എതിരായും അതിന്റെ പേരില്‍ മൂന്ന് ആക്ടിവിസ്റ്റുകള്‍ക്ക് എതിരെ ഗവണ്‍മെന്റ് ആക്രമണം അഴിച്ചുവിട്ടതിനും അവരെ ദേശദ്രോഹികളായി മുദ്രകുത്തിയതിനും എതിരെ നിരവധി സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട് അവര്‍ നിരത്തുന്ന പ്രതിരോധം വളരെ ന്യായയുക്തവും ആണ് . കാലാവസ്ഥാ വ്യതിയാനം പരിസ്ഥിതി നശീകരണം തുടങ്ങി ഒട്ടേറെ കാരണങ്ങള്‍ക്ക് എതിരായി ലോകവ്യാപകമായി ഉപയോഗിക്കുന്ന ഒരു പ്രചരണ ആയുധം മാത്രമാണ് ടൂള്‍കിറ്റ് . ഇത് അമേരിക്കയിലെ വര്‍ണ്ണവെറിയും ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും മറ്റും വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട് ഇന്നും ഉപയോഗിക്കുന്നുമുണ്ട് ഉദാഹരണങ്ങള്‍ ഏറെ നിരത്തുവാന്‍ ഉണ്ട് ഇവരെയൊക്കെ സമാധാനത്തിനും സുരക്ഷിതത്വത്തിനും മറ്റും ഭീഷണിയായി ചിത്രീകരിക്കുന്നത് ശുദ്ധ അസംബന്ധമാണ് .

21 വയസ്സുള്ള ഒരുകാലാവസ്ഥാ പ്രവര്‍ത്തകയും അവരുടെ കൂട്ടുകാരും ചേര്‍ന്നു ഒരു ടൂള്‍കിറ്റ് തയ്യാറാക്കി പ്രചരിപ്പിച്ചാല്‍ തകരുന്നതേയുള്ളോ ഇന്ത്യ എന്ന സ്വതന്ത്ര്യ ജനാധ്യപത്യ റിപ്പബ്ലിക് എന്ന ചോദ്യം ഇന്ത്യ ഒട്ടാകെ ഇന്നുയരുന്നുണ്ട് . സ്വതന്ത്ര ചിന്തകരായ പൗരന്മാരും രാഷ്ട്രീയ നേതാക്കളും മാത്രമല്ല മുന്‍ന്യായാധിപന്മാരും അഭിഭാഷകരും ഇതേ ചോദ്യം ആവര്‍ത്തിക്കുന്നുണ്ട് .

കര്‍ഷകസമരം പരിഹരിക്കേണ്ടത് ഒരു ടൂള്‍കിറ്റിനെ വേട്ടയാടി അഭിപ്രായ സ്വാതന്ത്ര്യത്തെയും വിയോജിക്കുവാനും പ്രതിഷേധിക്കുവാനും ചോദ്യം ചെയ്യുവാനും ഉളള ഭരണഘടനാനുസൃതമായ അവകാശത്തെ ഇല്ലാതാക്കിയും അല്ല. ദിഷയും നികിതയും ശന്തനുവും പ്രതിഷേധിക്കുന്ന പ്രതികരിക്കുന്ന പുതിയ ഇന്ത്യന്‍ തലമുറയുടെ പ്രതിനിധികളാണ് , വരുടെ സ്ഥാനം ജൗയിലില്‍ അല്ല ജനമദ്ധ്യത്തിലാണ് അവര്‍ പുതിയ വസന്തത്തിന്റെ ഇടിമുഴക്കമാണ് അവര്‍ ദേശദ്രോഹികളാണോ ദേശസ്‌നേഹികളാണോ എന്ന്  ജനം തീരുമാനിക്കട്ടെ  .

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക