MediaAppUSA

മലപ്പുറത്ത് ഫുട്‌ബോള്‍ മുഹബത്--ബാഴ്സ പോലൊരു ക്ലബ് വേണമെന്ന് കുരികേശ്, എം.എസ്.പിക്ക് 100

കുര്യന്‍ പാമ്പാടി Published on 20 February, 2021
മലപ്പുറത്ത് ഫുട്‌ബോള്‍ മുഹബത്--ബാഴ്സ പോലൊരു ക്ലബ് വേണമെന്ന് കുരികേശ്, എം.എസ്.പിക്ക് 100

ബാഴ്‌സിലോണ നഗരവാരിധി നടുവില്‍ മെസിയും സ്വരാസും നെയ്മറും അടക്കി വാണിട്ടുള്ള സ്റ്റേഡിയത്തില്‍ നില്‍ക്കുമ്പോള്‍ മലപ്പുറത്തെ കുരികേശ് മാത്യൂ രോമാഞ്ചമണിഞ്ഞു. ഒരുലക്ഷത്തോളം കണികള്‍ക്കൊപ്പം ബാര്‍സിലോണ ക്ലബ്ബിന്റെ പുതിയസ്റ്റേഡിയത്തില്‍ മെസിയുടെ പന്തടക്കവും മിന്നല്‍ പ്രകടനവും കാണുമ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല ആ കാഴ്ച സത്യമാണോ എന്ന്. നേരറിയാന്‍ കേരളത്തിന്റെ ബൂട്‌സ് അണിഞ്ഞ കാലില്‍ ഒന്നു നുള്ളിനോക്കി.

നൂറു വയസു പൂര്‍ത്തിയായ മലപ്പുറത്തെ മലബാര്‍ സ്‌പെഷ്യല്‍ പോലീസിന്റെ ഡെപ്യുട്ടി കമന്‍ഡാന്റ് ആയി വിരമിച്ച കുരികേശ്, മകള്‍ ഡോ. ഫെഡ്രീനയെയും മരുമകന്‍ നെസ്ലെ പ്രോജക്ട് മാനേജര്‍ ജെയിംസ് ഇമ്മാനുവല്‍ ജോര്‍ജിനെയും കൊച്ചുമകള്‍ സെനയേയും കാണാനാണ് ഭാര്യ ജെസിയുമൊത്ത് ബാഴ്‌സിലോണയില്‍ എത്തിയത്.

1990ല്‍ തൃശൂരില്‍ തന്റെ നേതൃത്വത്തില്‍ കേരള പോലീസ് ഫെഡറേഷന്‍ കപ്പു ജയിക്കുമ്പോള്‍ പിറന്നു വീണതുകൊണ്ടു മകള്‍ക്കു ഫെഡ്രീന എന്ന് പേരിട്ടു. 1993ല്‍ എറണാകുളത്ത് സന്തോഷ് ട്രോഫി നേടുമ്പോഴും കേരളത്തിന്റെ ക്യാപ്റ്റന്‍ ആയിരുന്നു. ഒരുവര്‍ഷം മുമ്പ് ജനിച്ച മകനു സന്തോഷ് മാത്യു എന്നു പേരിടാമായിരുന്നു. കഴിഞ്ഞില്ല. മാത്യു കുരികേശ് ഇപ്പോള്‍ കാനഡയിലെ ഒന്റാറിയോയില്‍ ഉപരിപഠനം നടത്തുന്നു.  

ഫുടബോളിന്റെ മെക്കയായ മലപ്പുറത്ത് ജീവിച്ച കാല്‍നൂറ്റാണ്ട് കാലത്ത് നാട്ടുകാരോടൊപ്പം എത്രയോ വേള്‍ഡ്കപ്പുകള്‍ കണ്ടു, കൊച്ചു കളിക്കളങ്ങളില്‍ അരങ്ങേറാന്‍ മലപ്പുറംകാര്‍ കണ്ടു പിടിച്ച എത്രയെത്ര സെവന്‍സ് മത്സരങ്ങള്‍ കണ്ടു കോരിത്തരിച്ചു! ബാഴ്‌സിലോണയില്‍ പോയി വന്നതോടെ ബാഴ്‌സിലോണ ക്‌ളബ്ബും റെയാല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ യുണൈറ്റഡും എസി മിലാനും മ്യൂണിക് ബയേണ്‍സും പോലുള്ള ഒരു വേള്‍ഡ് ക്ലാസ് ഫുട്‌ബോള്‍ ക്‌ളബും അതിനുകീഴില്‍ ഒരു അക്കാദമിയും മലപ്പുറത്ത് ഉണ്ടാകണമെന്ന മോഹം മനസ്സില്‍ മുളച്ചു.

ലോകത്തിലെ ഏറ്റവും സമ്പല്‍സമൃദ്ധമായ ക്ലബ്ബ്കളില്‍ ഒന്നാണ് ബാര്‍സിലോണ. സ്വന്തമായി രണ്ടുസ്റ്റേഡിയങ്ങള്‍. യുവജങ്ങളെ താമസിപ്പിച്ചു പരിശീലിപ്പിക്കാന്‍ സ്വന്തം അക്കാദമി. എല്ലാം മിനുക്കിയെടുക്കാന്‍ 2015ല്‍ നീക്കിവച്ച്ത് 600 മില്യണ്‍ യൂറോ (5310 കോടി രൂപ).

ആര്‍ജന്റീനക്കാരനായ ലയണല്‍ മെസിക്ക് നാലു സീസണില്‍ കളിയ്ക്കാന്‍ കൊടുത്തത് 555 മില്യണ്‍ യൂറോ (4911 കോടി രൂപ)). എങ്കിലെന്തു ക്‌ളബ്ബിനു വേണ്ടി 650 ഗോള്‍ അടിച്ച ആളാണ്. മെസിക്ക് കിട്ടിയതിന്റെ നൂറിലൊരംശം സ്വരൂപിക്കാന്‍ കഴിഞ്ഞാല്‍ മലപ്പുറത്ത് ഒരു ലോകോത്തര ക്ലബ്ബും അക്കാദമിയും ഉണ്ടാക്കാന്‍ ആവുമെന്നാണ് കുരികേഷിന്റെ പക്ഷം.

യൂറോപ്യന്‍ ക്ലബ്ബ്ബുകളെ കണ്ടു പഠിക്കണം. പണം മുടക്കി പണം കൊയ്യുന്നു, ഫുടബോളിനെപരിപോഷിപ്പിക്കുന്നു. ബാര്‍സിലോണ ക്‌ളബ്ബിലെ പുല്ലു വെട്ടുന്നത് പോലും സ്‌പോണ്‍സര്‍ ഷിപ്പിലൂടെയാണ്.അങ്ങനെ വെട്ടുന്ന പുല്ലു ചെറിയ പാക്കറ്റുകളിലാക്കി വില്പനക്കു വച്ചിട്ടുണ്ട്. ബാഴ്‌സിലോണയുടെ പേര് രേഖപെടുത്തിയ ജേഴ്‌സി, സാഷ്, കപ്പു തുടങ്ങിയവയും വാങ്ങാന്‍ കിട്ടും. മെസി, സ്വാരസ്, നെയ്മര്‍ എന്നിവരുടെ കട്ടൗട്ടുകളോടൊപ്പം നിന്ന് ഫോട്ടോ എടുക്കാനും നല്ല തുക നല്‍കണം.

ഫുട്‌ബോള്‍ മുഹബത്തിനു പേരുകേട്ട മറ്റൊരു ജില്ലയായ കോഴിക്കോട്ടു പയ്യോളി ഗ്രാമത്തില്‍ നിന്ന് കേരളത്തിന്റെ ഒരേ ഒരു ഉഷയായി വളര്‍ന്ന താരത്തെയും കണ്ടു പഠിക്കണം.  ഇരുപതു വര്‍ഷം മുമ്പ് മത്സരങ്ങളില്‍ നിന്ന് വിരമിക്കുമ്പോള്‍ പയ്യോളിയിലെ കൊച്ചു വീട്ടില്‍ സൂക്ഷിക്കാന്‍ കഴിയാത്തത്ര മെഡലുകളും ട്രോഫികളും മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു.

ഭര്‍ത്താവ് ഇന്‍ഡസ്ട്രിയല്‍ സെക്ച്യുരിറ്റി ഫോഴ്‌സ് ഇസ്‌പെക്ടര്‍ വി. ശ്രീനിവാസന്റെ മാനേജ്മെന്റില്‍ എല്ലാം കെട്ടിപ്പടുത്തു, മുപ്പതു ഏക്കര്‍ സ്ഥലം സര്‍ക്കാരില്‍ നിന്നു നേടി. അവിടെ ഓഫീസ്, ഹോസ്റ്റല്‍, ജിം തുടങ്ങിയവ ശോഭാ ഡവലപ്പേഴ്സ് പോലുള്ള സ്ഥാപനങ്ങളുടെ സഹായത്തോടെ പണിതുയര്‍ത്തി. കേന്ദ്രസഹായത്തോടോടെ എട്ടരക്കോടിയുടെ സിന്തറ്റിക് സ്‌റേഡിയവും. ഇതിനകം 90 പെണ്‍കുട്ടികളെ പരിശീലിപ്പിച്ചു കഴിഞ്ഞു.

മലപ്പുറത്ത് കാല്‍പന്തുകളി ആരംഭിച്ച്ത് നൂറു വര്‍ഷം മുമ്പ് 1921ല്‍ ബ്രിട്ടിഷ് പട്ടാളനായകന്‍ റിച്ചാര്‍ഡ് ഹിച്‌കോക്കിന്റെ നേതൃത്വത്തില്‍  മലബാര്‍ സ്പെഷ്യല്‍ പൊലീസിന് രൂപം കൊടുത്തതോടെയാണ്. മലബാര്‍ മാപ്പിള ലഹള ഒതുക്കുകയായിരുന്നത്രെ ലക്ഷ്യം. അവര്‍ ഒപ്പം ഫുട്‌ബോളും കൊണ്ടു വന്നു. പരേഡ് ഗ്രൗണ്ടില്‍ ബൂട്‌സ് അണിഞ്ഞ പട്ടാളക്കാരുടെ കളി  കണ്ടു വളര്‍ന്ന മലപ്പുറംകാര്‍ അവരോടൊപ്പവും അവര്‍ക്കെതിരായും  ബൂട്‌സില്ലാതെ കളിച്ചു ജയിച്ചു.   ഇന്റര്‍നാഷണല്‍ കളിക്കാരെയും ഒളിമ്പ്യന്‍മാരെയും സൃഷ്ടിച്ചു.

കൊട്ടാരക്കര ജനിച്ചു ചങ്ങനാശ്ശേരി എന്‍എസ്എസ് സ്‌കൂളിലെ സ്‌പോര്‍ട്‌സ് ഡിവിഷനില്‍ പഠിച്ചു വളര്‍ന്ന കുരികേശ് സ്‌പോര്‍ട്‌സ് ക്വോട്ടയില്‍ പഠിക്കാനാണ് മലപ്പുറത്തെ മമ്പാട് എംഇഎസ് കോളജില്‍ എത്തിയത്. ഫുട്‌ബോള്‍ കളിയിലൂടെ പോലീസിലും എംഎസ്പിയിലും എത്തി. 13 വര്‍ഷം  പോലീസ് ടീമില്‍ ഉണ്ടായിരുന്നു. ഒരുപാട് മെഡലുകളും ട്രോഫികളും നേടി. ഡ്യുറണ്ട്കപ്,  റോവേഴ്‌സ് കപ്, ഡിസിഎം ട്രോഫിയിലൊക്കെ കളിച്ചു മികവ് കാട്ടി. 2016ല്‍ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ നേടി. എത്തി.

അടിയന്തിര ഘട്ടങ്ങളില്‍ നിയമപാലനത്തിനു സഹായിക്കുന്ന സര്‍ക്കാരിന്റെ പാരാമിലിട്ടറി ഫോഴ്‌സ് ആണ് എംഎസ്പി. ഇപ്പോള്‍ 1240 പേരുണ്ട് സേനയില്‍. ജില്ലാ പോലീസ് മേധാവി യു. അബ്ദുല്‍ കരീം ആണ് കമന്‍ഡാന്റ്. എംഎസ്പി മാനേജ്മെന്റില്‍ ഒരു ഹൈസ്‌കൂളും ഹയര്‍ സെക്കന്ഡറി സ്‌കൂളും പ്രവര്‍ത്തിക്കുന്നു. ആസ്പത്രിയും ഉണ്ട്.

പരേഡ് ഗ്രൗണ്ട് ഉള്‍പ്പെടെ മൂന്ന് കളിക്കളങ്ങള്‍ സ്വന്തമായുണ്ട്. കൂപ്പിലങ്ങാടിയിലെ ഗ്രൗണ്ടില്‍ ഈയിടെ ജില്ലയില്‍ ആദ്യമായി കുതിരപ്പന്തയവും അരങ്ങേറി. എംഎസ്പിക്കു സ്വന്തമായി ഫുടബോള്‍ ടീമും ഉണ്ടായിരുന്നു. ഇന്ത്യന്‍ പോലീസ് ടീമിന്റെ ക്യാപ്റ്റന്‍ ആയിരുന്ന യു. ഷറഫലി, ഇന്ത്യന്‍ ടീമില്‍ കളിച്ച കുരികേശ് മാത്യു, കേരള പോലീസ്  ഗോള്‍കീപ്പര്‍ ആയിരുന്ന കെടി ചാക്കോ, പോലീസ് ടീമില്‍ കളിച്ച അസിസ്റ്റന്റ് കമന്‍ഡാന്റ് ഹബീബ് റഹ്‌മാന്‍ തുടങ്ങിയ ഒരു നിര കളിക്കാരും. ഒരു ഫുട്‌ബോള്‍ അക്കാദമിയും പ്രവര്‍ത്തിച്ചു വരുന്നു.

എംഎസ്പിയുടെയും ആര്‍ആര്‍ആര്‍എഫ് എന്ന റാപിഡ് റെസ്‌പോണ്‍സ് ആന്‍ഡ് റെസ്‌ക്യ ഫോഴ്സിന്റെയും കമന്‍ഡാന്റ് ആയി സേവനം ചെയ്ത ഷറഫലി അരീക്കോട് ഉഴുന്നന്‍ കുടുംബത്തിലെ അംഗമാണ്. യു..മുഹമ്മദ്, യു. ഷറഫലി, യു. ഷുഹൈബ്, യു. സമീര്‍ എന്നീ നാലു സഹോദരങ്ങളും ഫുട്‌ബോള്‍ കളിക്കും. ലീഗിന്റെ കോട്ടയായ ഏറനാട് മണ്ഡലത്തില്‍ ഷറഫലിയെ സിപിഎം സ്ഥാനാര്‍ഥിയാക്കുമെന്നു കേള്‍ക്കുന്നു.

അനുജന്‍ യു. ഷുഹൈബ് കാല്‍നൂറ്റാണ്ടായി എംഎസ്പി സ്‌കൂളില്‍ കായികാധ്യാപകനാണ്. സ്‌കൂള്‍ നേടാത്ത കളികളില്ല. യുവഫുട്‌ബോളില്‍ പലതവണ അഖിലേന്ത്യ കിരീടം നേടി.

ഇന്ത്യന്‍ ക്യാപ്റ്റനും 93, 97, 99 വര്‍ഷങ്ങളില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച കളിക്കാരന്‍ എന്നബഹുമതിയുടെ ഉടമയുമായ ഐഎം വിജയനെ കേരള പോലീസ് ഫുട്‌ബോള്‍ അക്കാദമിയുടെ ഡയറക്ടര്‍ ആയി നിയമിച്ചു എന്നതാണ് ഒടുവിലത്തെ വിശേഷം. നാലപ്പതു ഇന്റര്‍നാഷണല്‍ ഗോളുകള്‍ അടിച്ചിട്ടുള്ള ഈ തൃശൂര്‍ക്കാരന്‍ കുരികേശ്, ഷറഫലി, കെടി ചാക്കോ തുടങ്ങിയവരുടെ അടുത്ത സുഹൃത്ത് കൂടിയാണ്.    

കടലുണ്ടി പുഴയുടെ മണല്‍പരപ്പുകളില്‍ പന്ത് തട്ടി സെവന്‍സില്‍ കളിച്ചു വളര്‍ന്ന ബാവക്ക എന്ന മുഹമ്മദ് അഷ്റഫ് എന്ന സൂപ്പര്‍ അഷ്റഫ് (കോട്ടപ്പടി തിരൂര്‍ റോഡിലെ സൂപ്പര്‍ സ്റ്റുഡിയോ ഉടമ) മലപ്പുറത്തെ കളിയും കളിക്കാരെയും പരിചയപ്പെടുത്തുന്ന ഒരു കിടിലന്‍  യൂട്യൂബ് ചാനല്‍ തുടങ്ങിയിട്ടണ്ട്. മകള്‍ എംകോം വിദ്യാര്‍ത്ഥിനി  സുമാനയുടേതാണ് ദൃശ്യഭംഗി നല്‍കുന്ന മൊബൈല്‍ കാമറ. ഫുട്‌ബോള്‍ പ്രമേയമായ 'സുഡാനി  ഫ്രം നൈജീരിയ' എന്ന ചിത്രത്തിലും ബാവക്ക പ്രത്യക്ഷപ്പെടുന്നു.

ഫിഫ മത്സരം അടുക്കുമ്പോള്‍ ലോകകപ്പ് രാഷ്രങ്ങളുടെ പതാകകളും ജേഴ്‌സിയും ഒക്കെ നിര്‍മ്മിച്ച് വില്‍ക്കുന്ന ഒരാളുണ്ട്--ലൗലി ഹംസ (69). മലപ്പുറം ട്രാന്‍സ്പോര്‍ട് സ്റ്റാന്‍ഡിനു തൊട്ടെതിര്‍വശമുള്ള സ്റ്റേഷനറി കടയുടെ പേരാണ് ലൗലി. ഹംസമാരുടെ ആഗോള സമ്മേളനം സംഘടിപ്പിച്ചു ആയിരം പേര്‍ക്ക് ബിരിയാണി വിളമ്പിയ ആളാണ്. മാജിക്കും അറിയാം.
മലപ്പുറത്ത് ഫുട്‌ബോള്‍ മുഹബത്--ബാഴ്സ പോലൊരു ക്ലബ് വേണമെന്ന് കുരികേശ്, എം.എസ്.പിക്ക് 100മലപ്പുറത്ത് ഫുട്‌ബോള്‍ മുഹബത്--ബാഴ്സ പോലൊരു ക്ലബ് വേണമെന്ന് കുരികേശ്, എം.എസ്.പിക്ക് 100മലപ്പുറത്ത് ഫുട്‌ബോള്‍ മുഹബത്--ബാഴ്സ പോലൊരു ക്ലബ് വേണമെന്ന് കുരികേശ്, എം.എസ്.പിക്ക് 100മലപ്പുറത്ത് ഫുട്‌ബോള്‍ മുഹബത്--ബാഴ്സ പോലൊരു ക്ലബ് വേണമെന്ന് കുരികേശ്, എം.എസ്.പിക്ക് 100മലപ്പുറത്ത് ഫുട്‌ബോള്‍ മുഹബത്--ബാഴ്സ പോലൊരു ക്ലബ് വേണമെന്ന് കുരികേശ്, എം.എസ്.പിക്ക് 100മലപ്പുറത്ത് ഫുട്‌ബോള്‍ മുഹബത്--ബാഴ്സ പോലൊരു ക്ലബ് വേണമെന്ന് കുരികേശ്, എം.എസ്.പിക്ക് 100മലപ്പുറത്ത് ഫുട്‌ബോള്‍ മുഹബത്--ബാഴ്സ പോലൊരു ക്ലബ് വേണമെന്ന് കുരികേശ്, എം.എസ്.പിക്ക് 100മലപ്പുറത്ത് ഫുട്‌ബോള്‍ മുഹബത്--ബാഴ്സ പോലൊരു ക്ലബ് വേണമെന്ന് കുരികേശ്, എം.എസ്.പിക്ക് 100മലപ്പുറത്ത് ഫുട്‌ബോള്‍ മുഹബത്--ബാഴ്സ പോലൊരു ക്ലബ് വേണമെന്ന് കുരികേശ്, എം.എസ്.പിക്ക് 100മലപ്പുറത്ത് ഫുട്‌ബോള്‍ മുഹബത്--ബാഴ്സ പോലൊരു ക്ലബ് വേണമെന്ന് കുരികേശ്, എം.എസ്.പിക്ക് 100മലപ്പുറത്ത് ഫുട്‌ബോള്‍ മുഹബത്--ബാഴ്സ പോലൊരു ക്ലബ് വേണമെന്ന് കുരികേശ്, എം.എസ്.പിക്ക് 100മലപ്പുറത്ത് ഫുട്‌ബോള്‍ മുഹബത്--ബാഴ്സ പോലൊരു ക്ലബ് വേണമെന്ന് കുരികേശ്, എം.എസ്.പിക്ക് 100
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക