MediaAppUSA

പെണ്മക്കളെ നാം ഏതു ചിറകിനടിയിൽ ഒളിപ്പിക്കും?; എവിടെ ജസ്ന..? (ഉയരുന്ന ശബ്ദം - 30-ജോളി അടിമത്ര)

Published on 21 February, 2021
പെണ്മക്കളെ  നാം ഏതു ചിറകിനടിയിൽ ഒളിപ്പിക്കും?; എവിടെ  ജസ്ന..? (ഉയരുന്ന ശബ്ദം - 30-ജോളി അടിമത്ര)
ഉന്നാവിൽ ദാ, വീണ്ടും പെൺകൊലപാതകങ്ങൾ.
ഒരു ദുരന്തത്തിൻ്റെ ഓമ്മകൾ  മാഞ്ഞു തുടങ്ങും മുമ്പ് നടുക്കുന്ന രണ്ടു മരണങ്ങൾ അല്ല, കൊലപാതകങ്ങൾ. ഒരു കുട്ടി മരണാസന്ന.
പെൺകുട്ടികൾ ഭാരതത്തിൽ ജീവിക്കാൻ അർഹരല്ലേ?
ആർക്കും അവളെ എപ്പോൾ വേണമെങ്കിലും കശാപ്പു ചെയ്യാവുന്ന അവസ്ഥയിലേക്ക് ഭാരതം മാറുന്നോ? ഗോവധം പാപമാണ്, പക്ഷേ കന്യകാ വധമോ? ഉത്തരം മുട്ടുന്നു...
പഴയ ഉന്നാവ് പീഡനം നടന്ന ശേഷം രണ്ട് വര്‍ഷത്തിനിടെ
പീഡനക്കേസുമായി ബന്ധപ്പെട്ടുണ്ടായത് നാല് ദുരൂഹ മരണങ്ങളാണ്. ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാറിനെതിരെ പീഡനാരോപണം ഉന്നയിച്ച പെൺ‌കുട്ടിയുടെ അച്ഛനും അമ്മായിമാരും അടക്കമാണു മരിച്ചത്. ഇതിൽ രണ്ടു പേർ പീഡനക്കേസിലെ സാക്ഷികളും.
 
ഹത്രാസ് ഒരു നൊമ്പരം
*********************
 
 ദിവസേന കേള്‍ക്കുന്ന നെഞ്ചു പിളര്‍ക്കുന്ന എത്രയെത്ര സംഭവങ്ങള്‍.അമ്മയ്‌ക്കൊപ്പം പുല്ലരിഞ്ഞുകൊണ്ടിരുന്ന പെണ്‍കുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോയി ബലാല്‍സംഗം ചെയ്തു കൊന്ന വാര്‍ത്തയുടെ ഞെട്ടല്‍ മാറുന്നതേയുള്ളു. മൃതദേഹത്തിന് വീട്ടിൽ വച്ചുള്ള കർമ്മങ്ങൾ ചെയ്യാൻ പോലും ഉറ്റവരെ അനുവദിച്ചില്ലെന്നു മാത്രമല്ല ശവം ദഹിപ്പിച്ചതു പോലും പോലീസുകാർ !.
 
ദാ, ഭദ്രസ് ഗ്രാമം
*********************
 
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ' മിഷന്‍ ശക്തി '  പദ്ധതി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപ്പാക്കുന്നതിനിടയിലാണ് ദീപാവലി രാത്രിയിലെ ക്രൂരത.
കാന്‍പൂരിലെ ഗതംപൂരില്‍  ഭദ്രസ് ഗ്രമാമത്തിലാണ് ഇന്ത്യയെമുഴുവന്‍  ലജജിപ്പിച്ച  ക്രൂരത .ദീപാവലിയുടെ ആഹ്‌ളാദം മനസ്സില്‍ തുള്ളിക്കളിക്കുന്നൊരു ഏഴു വയസ്സുകാരി .പടക്കം വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ ഏട്ടന്‍മാരെ വിശ്വസിച്ച്  ഒപ്പംപോയ നിഷ്‌കളങ്കത്തം.1500 രൂപയ്ക്കു വേണ്ടി തല്ലിക്കെടുത്തിയ കുരുന്നു ജീവന്‍. ഒരു സ്ത്രീയ്ക്ക് ഗർഭിണിയാകാൻ അന്ധവിശ്വാസത്തിൻ്റെ പുറത്ത് ഇരയാക്കപ്പെട്ട കുരുന്നു പെണ്‍കുട്ടിയും ക്വട്ടേഷന്‍ നല്‍കിയവരും കൊലപാതകികളും എല്ലാം ബന്ധുക്കളാണ്.
 
വീണ്ടും ഉന്നാവ്...
***************"
 
ഉന്നാവ് ഗ്രാമം വീണ്ടും നാണം കെടുന്നു. ഇത്തവണ മൂന്ന് പെൺകുട്ടികൾ ഒരുമിച്ച് ഗോതമ്പു പാടത്ത് പോയതാണ്. ദളിത് പെൺകുട്ടികൾ. ഒറ്റയ്ക്കു പോകുമ്പോൾ മാത്രമല്ല അമ്മയ്ക്കൊപ്പം പോയപ്പോൾ പോലും കൊല ചെയ്യപ്പെട്ട സാഹചര്യത്തിലാവാം മൂന്നു പെൺകുട്ടികൾ ഒരുമിച്ചത്.രണ്ടു പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. ഒരാളെ ഗുരുതരനിലയിൽ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. അവരുടെ തന്നെ വസ്ത്രങ്ങൾ കൊണ്ട് കൈ കാലുകൾ ബന്ധിച്ച നിലയിലാണ് പെൺകുട്ടികളെ കണ്ടെത്തിയതെന്ന് ബന്ധുക്കൾ വെളിപ്പെടുത്തിയതിനെ പോലിസ് നിഷേധിക്കുന്നു. ആസ്പത്രിയിൽ ഗുരുതരാവസ്ഥയിലുള്ള കുട്ടിക്ക് തലച്ചോറിന് കഠിന ക്ഷതമേറ്റതായി ഡോക്ടർമാർ പറയുന്നു. എന്നാൽ വിഷം ഉള്ളിൽ ചെന്നാണ് രണ്ടു പെൺകുട്ടികളും മരിച്ചതെന്ന് പോലീസ് കണ്ടുപിടിത്തം.
ഒപ്പമുള്ള പെൺകുട്ടിയുടെ തലയ്ക്ക് ക്ഷതം ഏൽപ്പിച്ച ശേഷം രണ്ടു കൂട്ടുകാരികൾ വിഷം കഴിച്ചിട്ട് സ്വന്തം വസ്ത്രം അഴിച്ച് കൈകാൽ ബന്ധിച്ച് മരണം കാത്ത് കിടന്നെന്ന് വിശ്വസിക്കാൻ എങ്ങനെ കഴിയും ?.' തങ്ങൾക്ക് ശത്രുക്കളില്ലെന്നും സംഭവത്തിൽ ആരെയും സംശയമില്ലെ' ന്നും വീട്ടുകാർ പറഞ്ഞതായി വാർത്ത പുറത്തു വന്നു.
ഉയർന്ന ജാതിക്കാരുടെ കീഴാളരായ പാവം ദളിതർക്ക് അങ്ങനെയേ പറയാനാവൂ. പോയതു പോയി. ജീവിച്ചിരിക്കുന്ന വർക്ക് അവിടെ തുടരേണ്ടതുണ്ടല്ലോ..
ഉന്നാവിലെ ഉയർന്ന ജാതിക്കാരുടെ പെൺകുട്ടികൾ ഒറ്റയ്ക്ക് ഗോതമ്പുപാടങ്ങളിൽ പോയാലും കരിമ്പിൻ തോട്ടങ്ങളിൽ ഓടിക്കളിച്ചാലും മരിക്കുന്നേയില്ല. പാവം ദളിതരുടെ പെൺകുട്ടികൾ അമ്മയ്ക്കൊപ്പം പോയാലും കൂട്ടം ചേർന്നു പോയാലും അപ്രത്യക്ഷരാവുന്നു, പിന്നെ ശവമായി കണ്ടെത്തുന്നു. അത്ഭുത പ്രതിഭാസമാണിത്.
   പോലീസ് പറയുന്നത് എന്താണോ അത് മരണകാരണം. കൊലപാതകികൾ രക്ഷപ്പെടുന്നു.
യുപിയിൽ  ദളിത് കന്യകമാരുടെ മാനവും ജീവനും  പന്താടുന്ന ഗതികേടിലാണ്.
ഒരാളും ശബ്ദം ഉയർത്താനില്ല.എല്ലാവരും കാണികൾ മാത്രം. തെരുവിൽ അലയുന്ന നായയ്ക്കും നാട്ടിലിറങ്ങി നാശം വിതയ്ക്കുന്ന കാട്ടാനയ്ക്കും കാട്ടുപന്നിക്കും വേണ്ടി ശബ്ദമുയർത്താൻ നമ്മൾക്ക്  മേനക ഗാന്ധിയുണ്ട്. പക്ഷേ യു പിയിലെ പെൺകൊലപാതകങ്ങൾ ഉറുമ്പിനെ കൊല്ലുന്ന ലാഘവത്തിലാണ് ഭരണകൂടം കാണുന്നത്.
 
 
എവിടെ  നമ്മുടെ ജസ്ന..?
***********************
കേരള പോലീസ് അതിസമർത്ഥരാണ്. മിന്നൽ വേഗത്തിൽ കുറ്റവാളികളെ പിടിച്ച് കഴിവ് തെളിയിച്ചവർ. അവരുടെ വാ മൂടിക്കെട്ടിയവർ ആരാണ്. ജസ് ന അപ്രത്യക്ഷമായിട്ട് മൂന്നു വർഷം. കൂടത്തായ് കൊലപാതക പരമ്പര നിഷ്പ്രയാസം തെളിയിച്ച അതിസമർത്ഥനായ റിട്ട. എസ്.പി കെ.ജി സൈമൺ അന്വേഷിച്ചിട്ടും  കൂടുതൽ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയില്ല. മൂന്നു ടീം മാറി മാറി അന്വേഷണം നടത്തിയിട്ടും രക്ഷയില്ല .ഇനി നേരറിയാൻ സി.ബി.ഐയുടെ ഊഴമാണ്. നിൽക്കുന്ന നിൽപ്പിൽ
മായപോലെ ഒരു പെൺകുട്ടി മറയുന്നു. മൂന്നു വർഷമായി അവളുടെ ഓർമകളിൽ പിടയുന്ന അച്ഛനും സഹോദരങ്ങളും.
പ്രഗത്ഭകുറ്റാന്വേഷകർ പിന്നാലെ നടന്നിട്ടും സത്യം പുറത്തു വരുന്നില്ല. ഇതൊക്കെ എന്താണ് ?
കേരളവും ഒരു വെള്ളരിക്കാ പട്ടണം ആകുകയാണോ .?
ആകുലരാണ് ഇന്നാട്ടിലെ അമ്മമാർ. അവസാന മണിക്കൂറുകളിൽ ആ തച്ചൻ വിളിച്ചു പറഞ്ഞത് നെഞ്ചിൽ പെരുമ്പറ കൊട്ടും പോലെ  ...
“ ജറുസലേംപുത്രിമാരേ, എന്നെച്ചൊല്ലി കരയേണ്ടാ, നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരവിൻ ".
സ്കൂൾ വിട്ടു വരുന്ന മകൾ
വൈകുന്നതിൽ വേവലാതിപ്പെട്ട ഇടുക്കി  കുഞ്ചിത്തണ്ണിയിലെ അമ്മ .ഒടുവിൽ അമ്മയക്കു കിട്ടിയത് നെഞ്ചിൽ കുത്തേറ്റു പിടഞ്ഞു മരിച്ച മകളെ. വീടുമായി നല്ല ബന്ധം പുലർത്തിയിരുന്ന, കൊച്ചച്ഛൻ്റെ സ്ഥാനത്തുള്ള ബന്ധുവിൻ്റെ പ്രണയാഭ്യർത്ഥന നിരസിച്ചതിനാൽ 
പകപോക്കൽ !.  ഒരു യുവതി പ്രണയാഭ്യർത്ഥന നിരസിച്ചാൽ നിരാശപ്പെട്ടു തിരിഞ്ഞു നടന്ന കാലം കഴിഞ്ഞിരിക്കുന്നു. അവളെ ജീവിക്കാൻ അനുവദിക്കില്ലെന്ന പൈശാചിക തീരുമാനത്തിലെത്തി നിൽക്കുന്നു മനസ്സ്.പെട്രോൾ, ആസിഡ്...
മകളെ ഏതു ചിറകിനടിയിൽ ഒളിപ്പിക്കും എന്ന് ആകുലപ്പെടുന്ന അമ്മമാർ.
കേരളം, ഭാരതം വളരുകയാണോ വരളുകയാണോ...
American Malayalee 2021-02-21 14:14:46
ചില പടങ്ങൾ തമ്മിൽ സാദൃശ്യം ഉണ്ടാകുന്നത് അത്ഭുതമാണ്. ബിൻ ലാദന്റെ ഛായയുള്ള ഒരു കവി ന്യുയോർക്കിൽ ഉണ്ടായിരുന്നു. ചുറ്റിലും രസകരമായ കാഴ്ചകൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക