പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-8: ഡോ. പോള്‍ മണലില്‍)
Published on 22 February, 2021
അഴീക്കോട് പ്രസംഗിച്ചു വളര്‍ന്ന കഥ
കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രസംഗങ്ങള്‍ നടത്തിയിട്ടുള്ള പ്രഭാഷകന്‍ ആരാണെന്ന് ചോദിച്ചാല്‍ ഒരു ഉത്തരം മാത്രമേ ഉള്ളൂ - സുകുമാര്‍ അഴീക്കോട്. 1945 മുതല്‍ 2011 വരെയുള്ള അറുപത്തിയാറ് വര്‍ഷങ്ങള്‍ അദ്ദേഹം കേരളത്തിന്റെ മുക്കിലും മൂലയിലും പ്രസംഗിച്ചു നടന്നു. ആദ്യകാലത്ത് ഒരു വര്‍ഷം പത്തമ്പതു പ്രസംഗങ്ങള്‍ മാത്രം നടത്തിയിരുന്ന അദ്ദേഹം പില്ക്കാലത്ത് ഒരു മാസം പത്തമ്പതു പ്രസംഗങ്ങള്‍ നടത്തുന്ന പ്രഭാഷകനായി മാറി. മൂന്നും നാലും വീതം പ്രസംഗങ്ങള്‍ നടത്തിയിട്ടുള്ള ദിവസങ്ങളും ഏറെയുണ്ട്. ഇപ്രകാരം ഒരു കണക്കെടുപ്പു നടത്തിയാല്‍ അഴീക്കോടിന്റെ പ്രസംഗജീവിതത്തിന്റെ ശരാശരി വാര്‍ഷിക കണക്ക് വ്യക്തമാകും. ഈ രീതിയില്‍ കണക്കുകൂട്ടുമ്പോള്‍ 1945 മുതല്‍ 2011 വരെ ഒരു വര്‍ഷം മുന്നൂറു മുന്നൂറ്റമ്പതു പ്രസംഗങ്ങള്‍ എങ്കിലും അദ്ദേഹം നടത്തിയിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഏതാണ്ട് കാല്‍ലക്ഷത്തോളം പ്രസംഗങ്ങളാണ് അഴീക്കോട് നടത്തിയിട്ടുള്ളത്. പ്രസംഗജീവിതത്തെപ്പറ്റി മരിക്കുന്നതിനു തൊട്ടുമുമ്പ് ആത്മകഥയില്‍ അഴീക്കോട് ഒരു കണക്കെടുപ്പ് നടത്തിയിട്ടുണ്ട്: ""ലോകത്തു ഇത്ര പ്രസംഗിച്ച ആരും ഉണ്ടായിരിക്കാന്‍ ഇടയില്ല. ആരും ഇത്ര പ്രസംഗിക്കരുത്'' - എന്നാണ് ഇതേപ്പറ്റി അദ്ദേഹം നിരീക്ഷിച്ചത്. 1945 മുതല്‍ 1972 വരെയുള്ള കാലയളവില്‍ എഴുതിയതിനെക്കാള്‍ ഏറെ പ്രസംഗങ്ങള്‍ താന്‍ നടത്തിയിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ഇക്കാലയളവില്‍ ഒരു വര്‍ഷം 100 മുതല്‍ 300 വരെ പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. അതായത് ഒരു മാസം 20 മുതല്‍ 35 വരെ പ്രസംഗങ്ങള്‍ നടത്തി. എന്നാല്‍ 1944 മുതല്‍ 1970 വരെയുള്ള കാലയളവില്‍ ഒരു വര്‍ഷം അദ്ദേഹം ആകെ എഴുതിയതു 30 ലേഖനങ്ങള്‍ വീതം മാത്രമായിരുന്നു! 1972 മുതല്‍ 2010 വരെയുള്ള കാലയളവില്‍ ആകട്ടെ, പ്രസംഗത്തിന്റെ കണക്ക് വീണ്ടും ഉയര്‍ന്നു - ഒരു മാസം അമ്പതു പ്രസംഗങ്ങള്‍ വീതം നടത്തി! അഴീക്കോടിന്റെ ഈ പ്രഭാഷണങ്ങളെല്ലാം നമുക്കു നഷ്ടപ്പെട്ടിരിക്കുന്നു. നമുക്കു സമാഹരിക്കാന്‍ കഴിഞ്ഞിട്ടുള്ള വെറും നൂറോളം പ്രസംഗങ്ങള്‍ മാത്രം! "അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍' എന്ന പേരില്‍ പതിനാല് പ്രസംഗങ്ങള്‍ സമാഹരിച്ച് 1995-ല്‍ അദ്ദേഹത്തിന്റെ പ്രഭാഷണത്തിന്റെ സുവര്‍ണ്ണജൂബിലി ഉപഹാരമായി ഒരു പുസ്തകം പുറത്തിറക്കി. 1993-ല്‍ അഴീക്കോട് നടത്തിയ "എന്താണ് ഭാരതീയത' എന്ന ഏഴുദിവസത്തെ പ്രസംഗങ്ങള്‍ സമാഹരിച്ച് 1999-ല്‍ പുറത്തിറക്കിയ കൃതിയാണ് വിഖ്യാതമായ "ഭാരതീയത' - മലയാളത്തില്‍ പ്രസംഗസാഹിത്യത്തില് ഇതുപോലൊരു ക്ലാസ്സിക് പുസ്തകം ഇറങ്ങിയിട്ടില്ല. അഴീക്കോടിന്റെ കാലശേഷം സുകുമാര്‍ അഴീക്കോട് ട്രസ്റ്റ് സമാഹരിച്ച പ്രഭാഷണങ്ങള്‍ "ഭാരതീയ സംസ്കാരം ഭിന്നമുഖങ്ങള്‍' (2013), "വിദ്യാഭ്യാസത്തിലൂടെ പുനഃസൃഷ്ടി' (2013), "സ്വാതന്ത്ര്യത്തിന്റെ കാണാപ്പുറങ്ങള്‍' (2013), "രാഷ്ട്രത്തിന്റെ പുനര്ജന്മം' (2015), "തത്ത്വമസി പ്രഭാഷണങ്ങള്‍' (2015), "മതാതീതസംസ്കാരം' (2016), "ഭാരതീയത വിവിധ മാനങ്ങള്‍' (2016), "ഗാന്ധിയന്‍ ആദര്‍ശത്തില്‍ ഉയരേണ്ട ഭാരതം' (2016), "ദേശീയതയും നവഭാരതവും' (2017), "ടാഗോര്‍ കണ്ട ഇന്ത്യ' (2017), "മതേതരഭാരതം' (2018), "ഭാരതം ഇനി സൃഷ്ടിക്കണം ഏക മനസ്സ്' (2019), "ഭാരതത്തിന്റെ അനശ്വരസമ്പത്ത്' (2019), "ഇന്ത്യയെ കണ്ടെത്തുക' (2020), "ജ്വലിപ്പിക്കുക അഗ്നി' (2020), "എന്താണ് ഭാരതീയത' (2020) എന്നീ ശീര്‍ഷകങ്ങളിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ തന്നെ ഇത്രയും പ്രസംഗങ്ങള്‍ നടത്തിയിട്ടുള്ള ഒരു പ്രഭാഷകനോ സാംസ്കാരിക നായകനോ എഴുത്തുകാരനോ ഉണ്ടാവുമെന്ന് തോന്നുന്നില്ല. ഗിന്നസ് ബുക്കിലൊന്നും കയറിപ്പറ്റാന്‍ വേണ്ടിയായിരുന്നില്ല അദ്ദേഹം പ്രസംഗിച്ചിരുന്നത്. എണ്‍പത്തിരണ്ടാം വയസ്സില്‍ അദ്ദേഹം പറഞ്ഞതു, പ്രസംഗിക്കാന്‍ വേണ്ടി പ്രതിമാസം ഒമ്പതിനായിരമോ പതിനായിരമോ കിലോമീറ്ററാണ് താന്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതു എന്നായിരുന്നു. യാത്രാവിവരണങ്ങള്‍ ഒന്നും എഴുതിയിട്ടില്ലെങ്കിലും താനൊരു "സഞ്ചാരസാഹിത്യകാര'നാണ് എന്നായിരുന്നു അഴീക്കോട് സ്വയം വിശേഷിപ്പിച്ചത് - പ്രസംഗിക്കാന്‍ വേണ്ടി സഞ്ചരിക്കുന്ന ഒരു സാഹിത്യകാരന്! ആദ്യം സാഹിത്യമായിരുന്നു അഴീക്കോടിന്റെ പ്രസംഗവിഷയം. പിന്നീട് രാഷ്ട്രീയം, തത്വചിന്ത, മതം, ഗാന്ധിസം, ചരിത്രം, സമൂഹം, സംസ്കാരം, പത്രപ്രവര്‍ത്തനം, വിദ്യാഭ്യാസം എന്നിങ്ങനെ കൈവയ്ക്കാത്ത മേഖലകളില്ല, അഴീക്കോടിന്റെ പ്രസംഗത്തില്‍. എഴുതിയതിനെക്കാള്‍ കൂടുതല്‍ പ്രസംഗിച്ചിട്ടുള്ള അദ്ദേഹം ശ്രോതാക്കളുടെ ഹൃദയത്തിലേക്ക് പകര്‍ത്തിയ ആ വാക്കുകളെ "പ്രഭാഷണസാഹിത്യം' എന്നുതന്നെ വിശേഷിപ്പിക്കാം. പ്രസംഗജീവിതത്തെ "ആടുജീവിത'മെന്നു സ്വയം പരിഹസിച്ച അഴീക്കോടിനു പ്രസംഗത്തിനു വേണ്ടി അലഞ്ഞുതിരിയാന്‍ ഒരു മടിയും ഉണ്ടായിരുന്നില്ല. പ്രസംഗത്തിനായി പുലര്‍ച്ചെ എഴുന്നേറ്റ് പ്രഭാതഭക്ഷണം പോലും കഴിക്കാതെ അദ്ദേഹം യാത്ര ചെയ്തു. ഭക്ഷണം കഴിക്കാന്‍ കയറിയാല്‍ സമയം തെറ്റും. പ്രസംഗങ്ങള്‍ കഴിഞ്ഞാല്‍ രാത്രിയില്‍ തന്നെ വീട്ടില്‍ തിരിച്ചെത്തുന്നതിനുള്ള യാത്രയായിരിക്കും. ഉറങ്ങാന്‍ സമയം കുറയും. കണ്ണൂരോ കാസര്‍കോഡോ പ്രസംഗം കഴിഞ്ഞാല്‍ തൃശൂരില്‍ തിരിച്ചെത്തുമ്പോള്‍ നേരം പുലരും. പിറ്റേന്ന് ചിലപ്പോള്‍ രാവിലെ അതേ വഴിക്കു വീണ്ടും സഞ്ചരിച്ചേക്കും. ""അപ്പോള്‍ എന്നെ തലേന്ന് ക്ഷണിച്ചവര്‍ ഒന്നു തിരിഞ്ഞു കിടന്നു വീണ്ടും ഉറങ്ങുകയായിരിക്കും'' എന്ന് ഇതേപ്പറ്റി അഴീക്കോട് താമശ പറഞ്ഞിട്ടുണ്ട്. പ്രസംഗയാത്രകള്‍ ഇപ്രകാരം ഉണ്ണാതെയും ഉറങ്ങാതെയും മാത്രമല്ല ദുര്‍ഘടം പിടിച്ച വഴികളിലൂടെയും ഉള്ള യാത്രകളായിരുന്നു. എന്നാല്‍ പ്രസംഗയാത്രകളെ അഴീക്കോട് ജീവിതസാധാരണതയാക്കി മാറ്റി. തന്റെ സര്‍ഗാവിഷ്കാരത്തിനുള്ള മാര്‍ഗ്ഗമായി യാത്രയെ അദ്ദേഹം പരിവര്‍ത്തിപ്പിച്ചു. തന്റെ പ്രസംഗയാത്രകളെപ്പറ്റി അഴീക്കോട് ഇങ്ങനെ പറയുന്നു: ""അതിരാവിലെ എഴുന്നേറ്റ്, ചായപോലും കഴിക്കാന്‍ കിട്ടാതെ, ഇരുന്നൂറും മുന്നൂറും കിലോമീറ്റര്‍ യാത്ര ചെയ്തു, കിട്ടുമ്പോള്‍ വല്ലതും കഴിച്ച് രണ്ടുമൂന്നു പ്രസംഗവും നടത്തി, സ്വാഗതപ്രസംഗങ്ങളിലെ ആകാശകുസുമങ്ങളെല്ലാം ഏറ്റുവാങ്ങി, അര്‍ധരാത്രിയോടടുത്തു വീട്ടില്‍ തിരിച്ചെത്തി...'' ഇങ്ങനെയുള്ള ജീവിതം ആടുജീവിതത്തെക്കാള്‍ ക്ലേശകരമായ ഒരു ദുരിതജീവിതമായിരുന്നെങ്കിലും അഴീക്കോട് അതു ആസ്വാദിച്ചു. വളരെ കുറച്ചുനേരം ഉറങ്ങുന്നതാണ് തന്റെ പല്ലുകള്‍ക്കു നല്ലതെന്ന് അഴീക്കോട് പറഞ്ഞിട്ടുണ്ട്. കാരണം ഉറക്കത്തില്‍ പല്ലുകടിക്കുന്ന ശീലമുണ്ട്. അയല്‍ക്കാര്‍ അതു കേട്ട് പേടിക്കും. ""പകല്‍ പ്രസംഗമല്ലേ, അതിന്റെ ആവേശം രാത്രിയിലും കാണിക്കുന്നതാവാം'' എന്നായിരിക്കും തന്റെ പല്ലുകടിയെപ്പറ്റി അയല്‍ക്കാര്‍ പറയുന്നതെന്നും അഴീക്കോട് സ്വയം പരിഹസിക്കാറുണ്ടായിരുന്നു. അഴീക്കോട് ജനിച്ചതു പ്രഭാഷകന്‍ എന്ന നിലയില്‍ "ചരരാശിപ്പിറവി' അവസാനകാലം വരെ തുടര്‍ന്നു. ഔദ്യോഗികജീവിതം കഴിഞ്ഞപ്പോള്‍ പ്രതിമാസം ഒമ്പതിനായിരം കിലോമീറ്റര്‍ എങ്കിലും അഴീക്കോട് പ്രസംഗിക്കാനായി യാത്രചെയ്തിട്ടുണ്ട്. ഒരു ദേശത്തു പ്രസംഗം ഉണ്ടെന്ന് അറിഞ്ഞാല്‍ പല സംഘടനക്കാര്‍ അദ്ദേഹത്തെ പ്രസംഗപരിപാടിയില്‍ കുടുക്കും. അങ്ങനെ ഒരു ദേശത്തു പോകുമ്പോള്‍ പോകുന്ന വഴിയില്‍ മാത്രമല്ല വരുന്നവഴിയിലും വഴിമാറി സഞ്ചരിച്ചും അദ്ദേഹം പ്രസംഗിച്ചു. പ്രസംഗം കൊണ്ടാണ് തന്റെ ആരോഗ്യം "സ്റ്റെഡി' ആയിരുന്നതെന്ന് അഴീക്കോട് പറഞ്ഞിട്ടുണ്ട്. ""പ്രസംഗിച്ചു കഴിയുമ്പോള്‍ പരമശാന്തതയാണ്. അര്ധനിര്വാണം. ഈ പ്രസംഗം ഇല്ലായിരുന്നെങ്കില്‍ ഞാന്‍ അന്തര്മുഖനായേനേ.'' ഒരിക്കല്‍ അദ്ദേഹം പറഞ്ഞു: ""ഞാന്‍ ജീവിക്കുന്നു എന്നതിനു എഴുത്തുതരുന്ന തെളിവിനെക്കാള്‍ പ്രബലമാണ് എന്റെ പ്രഭാഷണചരിത്രം നല്‍കുന്നത്. ഞാനെഴുതിയ പ്രബന്ധങ്ങള്‍ക്കും പുസ്തകങ്ങള്‍ക്കും കണക്കുണ്ട്. എന്നാല്‍ ഞാന്‍ ഓടി നടന്നു പ്രസംഗിച്ചതിനു കണക്കുമാത്രമല്ല കൈയ്യുമില്ല! എന്നാല്‍ പ്രസംഗം എന്നെ ഒരിക്കലും പ്രലോഭിപ്പിക്കുന്നില്ല. യമന്റെ പ്രലോഭനങ്ങള്‍ക്കു വശംവദനാകാത്ത ബാലനായ നചികേതസ്സിന്റെ നിഴല്‍ എന്നും എന്റെ ഉള്ളിലുണ്ട്. മരണത്തിന്റെ അര്ത്ഥത്തെപ്പറ്റി യമനോട് ചോദ്യം ചോദിച്ച നചികേതസ്സിനോട് ഇതിന്റെ ഉത്തരത്തിനു പകരം മറ്റ് ഏതു സൗഭാഗ്യങ്ങളും നല്‍കാമെന്നാണല്ലോ യമന്‍ മറുപടി പറഞ്ഞത്. എന്നാല്‍ മറ്റൊരു പ്രലോഭനത്തിലും നചികേതസ് വീണുപോകുന്നില്ല. അതുപോലെ പ്രഭാഷണം കൊണ്ട് എനിക്കും ഒന്നും നേടാനില്ല. എനിക്ക് ഒന്നും വേണ്ട.'' പ്രസംഗത്തിന് ആരുവിളിച്ചാലും അഴീക്കോട് പോകുമായിരുന്നു. എതിരാളികള്‍ ക്ഷണിച്ചാലും പോകാന്‍ അദ്ദേഹത്തിനു മടിയില്ലായിരുന്നു. പ്രസംഗം കഴിഞ്ഞാല്‍ എത്രയോ എതിരാളികള്‍ മിത്രങ്ങളായി മാറിയിരിക്കുന്നു! അതുപോലെ പ്രസംഗത്തിലൂടെ എത്രയോ മിത്രങ്ങളെ അദ്ദേഹം ശത്രുക്കളായിരിക്കുന്നു. എന്നാല്‍ ഒരു കാര്യം പറയാതെ വയ്യ - പ്രസംഗിച്ചുകഴിയുമ്പോള്‍ അഴീക്കോടിനു മനസ്സിലുള്ള എല്ലാ ശത്രുതയും മാറിപ്പോയിരുന്നു. കേരളത്തില്‍ അഴീക്കോടിനെ പോലെ അത്ര "ഈസി'യായി പ്രസംഗത്തിനു ക്ഷണിക്കാന്‍ കഴിയുന്ന ഒരാള്‍ ജനിച്ചിട്ടില്ല. ഒരു തപാല്‍കാര്‍ഡില്‍ പ്രസംഗത്തിനു ക്ഷണിച്ചാല്‍ മൂന്നാം ദിവസം ഒരു തപാല്‍ കാര്‍ഡില്‍ തന്നെ സംഘാടകര്‍ക്കു മറുപടി കിട്ടുമായിരുന്നു. പെട്ടെന്ന് ക്ഷണിക്കാനാണെങ്കില്‍ താമസസ്ഥലത്തു ചെന്ന് ക്ഷണിക്കുകയൊന്നും വേണ്ടായിരുന്നു. വെറും ഒരു ഫോണ്‍ കോള്‍ മതിയായിരുന്നു. എന്നാല്‍ പ്രസംഗത്തിനു ക്ഷണിക്കാന്‍ വീട്ടില്‍ പോയിട്ടുള്ളവരില്‍ മിക്കവര്‍ക്കും "നെഗറ്റീവ്' ആയ പ്രതികരണമായിരിക്കും ഉണ്ടായിട്ടുള്ളത്! അതിനുള്ള കാരണം അദ്ദേഹം പറഞ്ഞിട്ടുണ്ട്. പ്രസംഗത്തിനു ക്ഷണിക്കാന്‍ ഒരു ദിവസം ലാന്‍ഡ് ഫോണില്‍ ഇരുപത്തിയഞ്ച് മുതല്‍ അമ്പതു പേരെങ്കിലും അദ്ദേഹത്തെ വിളിക്കുമായിരുന്നു. അവരുമായി രണ്ടുരണ്ടര മണിക്കൂര്‍ വര്‍ത്തമാനം പറയേണ്ടിവരും. മൊബൈല്‍ ഫോണില്‍ ഉള്ള ക്ഷണം വേറെ. മൊബൈല്‍ ഫോണ്‍ മിക്കപ്പോഴും അഴീക്കോട് കയ്യില്‍ കൊണ്ടു നടന്നിരുന്നില്ല. വീട്ടില്‍ ആരെങ്കിലും ക്ഷണിക്കാന്‍ ചെന്നാല്‍ സംഘമായി വരുന്നവര്‍ അരമണിക്കൂറെങ്കിലും സംസാരിച്ചിരിക്കുന്നമട്ടായിരുന്നു. അതുകൊണ്ടാണ് നേരിട്ടുള്ള "ഇന്‍വിറ്റേഷന്‍' അദ്ദേഹം ഒഴിവാക്കിയത്. അതു മാത്രമല്ല രാവിലെ പത്രങ്ങള്‍ വായിച്ചു കഴിഞ്ഞാല്‍ പ്രാതല്‍ പോലും കഴിക്കാതെയായിരുന്നു അദ്ദേഹം നിത്യേനയുള്ള പ്രസംഗപര്യടനം ആരംഭിച്ചിരുന്നത്. അഴീക്കോടിന്റെ പ്രസംഗം സാധാരണ ഒന്നൊന്നരമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഒന്നായിരുന്നു. രണ്ടോ മൂന്നോ മണിക്കൂര്‍ പ്രസംഗിച്ചാലും തന്റെ ശബ്ദത്തിനു കുഴപ്പമൊന്നും ഉണ്ടാവില്ലെന്നു പറഞ്ഞിട്ടുള്ള അഴീക്കോട്, അധ്യാപകന് എന്ന നിലയില്‍ ക്ലാസ്സില്‍ പ്രസംഗിക്കുമ്പോള്‍ അത്രയൊക്കെ സമയമെടുത്തു സംസാരിക്കാറുണ്ടായിരുന്നു. എന്നാല്‍ എത്ര സമയം പ്രസംഗിച്ചു എന്നല്ല, അരമണിക്കൂര്‍ പ്രസംഗിച്ചാലും ഒരു പുതിയ ആശയമോ ഒരു പുതിയ ചിന്തയോ അവതരിപ്പിക്കാതെ അഴീക്കോട് തന്റെ സര്ഗ്ഗപ്രഘോഷണം അവസാനിപ്പിക്കാറില്ലായിരുന്നു. പ്രഭാഷണത്തിനായി വേദിയിലേക്കു കടന്നുവരുമ്പോള്‍ ഈ അഞ്ചരയടിക്കാരന്റെ മെലിഞ്ഞശരീരം തന്റെ മുമ്പില്‍ വച്ചിരിക്കുന്ന മൈക്ക് കൊണ്ട് മുമ്പിലിരിക്കുന്നവര്ക്കു കാണാന്‍ കഴിയാതെ പോയാലോ എന്നു കരുതി അദ്ദേഹം മൈക്കിനു നേരെ മുമ്പില്‍ നില്‍ക്കാതെയായിരുന്നു പ്രസംഗിച്ചു തുടങ്ങിയിരുന്നത്. സദസ്സിന്റെ മുഖം കണ്ടു പ്രസംഗിക്കാന്‍ അദ്ദേഹം വ്യഗ്രത കാണിച്ചിരുന്നു. അതിനായി മുഖം മൈക്കിന്റെ ഇടത്തേക്കോ വലത്തേക്കോ തിരിച്ചുവയ്ക്കും. ഒരിക്കലും അദ്ദേഹം മൈക്കില്‍ പിടിച്ചുസംസാരിച്ചിരുന്നില്ല. മൈക്കിനടുത്തേക്കു വരുന്ന ഈ പ്രഭാഷകന്റെ മെലിഞ്ഞ രൂപം കോളറുള്ള ഖദര്‍ ജുബ്ബായും ഖദറിന്റെ ഒറ്റമുണ്ടും കൊണ്ട് അലങ്കരിച്ചിരുന്നെങ്കിലും ഒരു നാണംകുണുങ്ങിയെ പോലെയായിരുന്നു ചുരുളന്‍ മുടിക്കാരനായിരുന്ന അദ്ദേഹം മൈക്കിനു മുമ്പില്‍ തല ചെരിച്ചുപിടിച്ചുകൊണ്ട് നിലയുറപ്പിച്ചിരുന്നത്. എന്നാല്‍ ആ ചുണ്ടത്തൊരു ചിരി തെളിയുമായിരുന്നു. ഫുള്‍ക്കൈ ജൂബ്ബാ കൈമുട്ടുവരെ മടക്കിവച്ചിട്ടുണ്ടായിരിക്കും - തന്റെ ഉള്ളിലുള്ള ആ രോഷം മടക്കിവച്ച മാതിരിയായിരുന്നു അത്. പ്രസംഗിച്ചു തുടങ്ങിയാല്‍ വലതുകാലൊന്നു കുലുക്കും. വലതുകൈ അല്പം നീട്ടി ചിലപ്പോള്‍ രണ്ടുവിരലില്‍ മുദ്രകാണിച്ചുകൊണ്ട് ഒറ്റനില്പാണ്. നാവ് പെട്ടെന്ന് പടവാളായി രൂപാന്തരപ്പെടും. പക്ഷേ പതിഞ്ഞ സ്വരത്തിലായിരിക്കും വാക്കുകള്‍ പ്രവഹിക്കുന്നത്. മഞ്ഞുതുള്ളികള്‍ വീഴുന്നതുപോലെ, മാമ്പൂചിതറി വീഴും പോലെ പിന്നെ വാക്കുകളുടെ ആത്മപ്രകാശനമായി. തന്റെ നാല്പത്തിയൊമ്പതു കിലോഗ്രാം വരുന്ന ശരീരത്തെ വായുവില്‍ പ്രകമ്പനം കൊള്ളിക്കാന്‍ വിന്യസിച്ചുകൊണ്ട് ഉയര്‍ത്തിപ്പിടിച്ച വിരലുകള്‍ വഴി വാക്കുകളെ അദ്ദേഹം ആവാഹിക്കുന്നതു കാണുമ്പോള്‍ ആത്മപ്രകാശനം വാക്കുകളെ വികാരമാക്കി രൂപാന്തരപ്പെടുത്തുകയാണോ എന്ന് തോന്നിപ്പോകും. വാക്കുകള്‍ വായുവില്‍ ഉയര്‍ന്നു കയറും. അഴീക്കോട് പ്രസംഗിച്ചു തുടങ്ങുമ്പോള്‍ പക്ഷെ സദസ്സിന് ഒന്നും കേള്‍ക്കാന്‍ കഴിയില്ല! മൈക്കിന്റെ കുഴപ്പമാണെന്നു കരുതി ഓപ്പറേറ്റര്‍ ഓടിവന്ന് അതു നേരെ വയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ അഴീക്കോട് കലഹം തുടങ്ങും - മൈക്ക് ഓപ്പറേറ്റര്‍ക്കു നേരെ. അപ്പോള്‍ സദസ്സൊന്ന് ഇളകും. ഉച്ചഭാഷിണികള്‍ക്ക് അഴീക്കോടിന്റെ പ്രസംഗത്തിന്റെ തുടക്കം ഒപ്പിയെടുക്കാന്‍ പ്രയാസമാണെങ്കിലും നിമിഷങ്ങള്‍ക്കകം ആളുകള്‍ ആ പ്രസംഗത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയായി. പിന്നെ കത്തിപ്പടരും. കത്തിപ്പടര്‍ന്നാല്‍ പൊട്ടിച്ചിതറും. വാക്കുകള്‍ സപ്തവര്‍ണം പ്രാപിക്കുകയായി. സുകുമാര്‍ അഴീക്കോടിന്റെ ജീവചരിത്രമായ "അഴീക്കോട് എന്ന വിചാരശില്പി' 1985-ല്‍ എഴുതിയപ്പോള്‍ അദ്ദേഹം എന്നോട് ഇപ്രകാരം പറഞ്ഞു: ""പ്രസംഗത്തില്‍ വട്ടത്തില്‍ പരന്നു കയറുന്ന ഒരു സ്വഭാവം എനിക്കുണ്ട്. ആ രീതിയില്‍ പക്ഷേ എനിക്ക് എഴുതാന്‍ കഴിയില്ല. പ്രസംഗത്തിന്റെ മാത്രം സവിശേഷതയാണത്. പ്രസംഗിച്ചു തുടങ്ങിയാല്‍ ഞാന്‍ ചെറിയൊരു വൃത്തം ഉണ്ടാക്കും. ക്രമേണ ആ വൃത്തം വലുതാക്കും. ഒടുവില്‍ വലിയ വൃത്തത്തില്‍ നിന്നു ചെറിയ വൃത്തത്തിലേക്കു മടങ്ങിവരും. ഇതിനിടയില്‍ പ്രസംഗം നിര്‍ത്തണമെന്നു തോന്നിയാല്‍ നിര്‍ത്തുകയും ചെയ്യും.'' പ്രസംഗിച്ചു തുടങ്ങുമ്പോള്‍ മാത്രമല്ല നിത്യജീവിതത്തിലും വളരെ പതുക്കെ സംസാരിക്കുന്ന ഒരാളായിരുന്നു അഴീക്കോട്. ക്ലാസ്സ് മുറിയില്‍ പാഠമെടുക്കുമ്പോള്‍ വരാന്തയിലൂടെ പോകുന്നവര്‍ ഒന്നും അഴീക്കോടിന്റെ ശബ്ദം കേട്ടിട്ടില്ലെന്ന് പറഞ്ഞിട്ടുണ്ട്. ഫോണിലും വളരെ പതുക്കെയായിരുന്നു സംസാരിച്ചിരുന്നത്. ""ആ മട്ടിലാണ് ഞാന്‍ പ്രസംഗം തുടങ്ങുന്നത്. പല യോഗം ഭാരവാഹികളും മൈക്ക് ഓപ്പറേറ്റര്‍മാരും ഈ ഒച്ചക്കുറവ് മൈക്കിന്റെ തരക്കേടാണെന്ന് കരുതി യന്ത്രം ശരിപ്പെടുത്തുന്ന കാഴ്ച പലരും കണ്ടിരിക്കും. കുറച്ചു കഴിഞ്ഞാല്‍ മൈക്ക് വേണ്ടാതെ വരുമെന്ന് ഞാനപ്പോള്‍ അവരോട് പറയും.'' അഴീക്കോട് ആദ്യമായി പ്രസംഗിക്കുന്നത് ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. നാണംകുണുങ്ങിയായി നടന്ന കെ.ടി. സുകുമാരന്‍ അന്ന് പ്രസംഗിക്കാന്‍ തീരുമാനിച്ചതു അധ്യാപകനായ എം.ടി. കുമാരന്റെ "സ്നേഹം' കൊണ്ടായിരുന്നു! എം.ടി. കുമാരന് സ്കൂളിലെ മലയാളം അധ്യാപകനായിരുന്നുവെന്നതു മാത്രമല്ല അതിനു കാരണം. അദ്ദേഹം അന്ന് മലബാറിലെ വേദികള്‍ കൈപ്പിടിയില്‍ ഒതുക്കിയ ഒരു പ്രഭാഷകനായിരുന്നു. അതു കൂടാതെ അഴീക്കോടിന്റെ അച്ഛന്റെ കൂടെ ആത്മവിദ്യാസംഘത്തില്‍ പ്രവര്‍ത്തിച്ച ആളും. കെ.ടി. സുകുമാരന്‍ എന്ന പന്ത്രണ്ടുകാരന് അന്ന് എം.ടി. കുമാരന് പ്രസംഗിക്കാന്‍ കൊടുത്ത വിഷയം എന്തായിരുന്നെന്നോ? പുനര്ജന്മം! അച്ഛനും ഒരു പ്രഭാഷകനായിരുന്നതിനാല് ഈ വിഷയത്തില്‍ അദ്ദേഹം ഒരു പ്രസംഗം തനിക്കു എഴുതിക്കൊടുക്കുമെന്നു സുകുമാരന്‍ കരുതി. വീട്ടില്‍ ചെന്ന് ഈ ആവശ്യം ഉന്നയിച്ചപ്പോള്‍, അച്ഛന് പക്ഷേ അതു നിരസിച്ചു! അറിയാത്ത വിഷയത്തെപ്പറ്റി പ്രസംഗിക്കാമെന്നു മകന് സ്കൂളില്‍ സമ്മതിച്ചത് അദ്ദേഹത്തിനു ഇഷ്ടപ്പെട്ടില്ല. അതിനാല്‍ പ്രസംഗം എഴുതിക്കൊടുക്കാന്‍ സാധ്യമല്ലെന്നാണ് അഴീക്കോടിന്റെ അച്ഛന് പ്രതികരിച്ചത്. അഴീക്കോടിന്റെ പ്രസംഗജീവിതത്തിലെ ആദ്യപാഠം ഇതായിരുന്നു - അറിയാത്ത കാര്യം പ്രസംഗിക്കരുത്. പ്രസംഗിക്കുന്നതിനു മുമ്പ് വിഷയം മനസ്സിലാക്കണം. എന്തായാലും ആദ്യത്തെ പ്രസംഗം അഴീക്കോട് എഴുതി വായിക്കുകയായിരുന്നു. പുനര്‍ജന്മത്തെപ്പറ്റിയുള്ള പ്രസംഗം അച്ഛന് എഴുതിക്കൊടുക്കില്ലെന്ന് എം.ടി. കുമാരനെ അറിയിച്ചപ്പോള്‍ അദ്ദേഹം തന്നെ ഒരു പ്രസംഗം എഴുതിക്കൊടുത്തു! അതേപ്പറ്റി അഴീക്കോട് ഇപ്രകാരം സ്മരിക്കുന്നു: ""എം.ടി. കുമാരന് മാസ്റ്റര്‍ എഴുതിത്തന്ന പ്രസംഗം വായിച്ചു തീര്‍ക്കാന്‍പെട്ട പാട് അടുത്ത ജന്മത്തിലും ഞാനോര്‍ക്കും. അച്ഛന് പറഞ്ഞില്ലേ, അറിയാത്ത വിഷയത്തെപ്പറ്റി പ്രസംഗിക്കരുതെന്ന്. ആദ്യത്തെ പ്രസംഗത്തോടെ "പുനര്ജന്മം' എന്ന വിഷയത്തെപ്പറ്റി അങ്ങനെ ഞാന്‍ അറിഞ്ഞു!'' സ്കൂളില്‍ പഠിക്കുമ്പോള്‍ ഇപ്രകാരം രണ്ടോ മൂന്നോ പ്രസംഗങ്ങള്‍ ഡിബേറ്റിംഗ് സൊസൈറ്റിയില്‍ അഴീക്കോട് നടത്തിയിട്ടുണ്ടെങ്കിലും അതൊന്നും ഒരു പ്രഭാഷകനാകണമെന്ന ചിന്തയെ പ്രചോദിപ്പിക്കാന്‍ പര്യാപ്തമായിരുന്നില്ല. അഴീക്കോട് പിന്നീട് എങ്ങനെയാണ് പ്രഭാഷണകലയുടെ രാജശില്പിയായി മാറിയത്? പ്രഭാഷണത്തെ അദ്ദേഹം എങ്ങനെയാണ് ഒരു കലാരൂപമാക്കി മാറ്റിയത്? ആദ്യപ്രസംഗത്തിലൂടെ അഴീക്കോട് പഠിച്ച മുഖ്യപാഠം പ്രസംഗവിഷയത്തെക്കുറിച്ച് അറിവും ജ്ഞാനവും ഇല്ലെങ്കില്‍ പ്രസംഗിക്കാന്‍ കഴിയില്ല എന്നുള്ളതാണ്. പ്രസംഗിക്കണമെങ്കില്‍ വായന ആവശ്യമാണ്. പാഠപുസ്തകങ്ങള്‍ മാത്രമല്ല മറ്റു പുസ്തകങ്ങളും വായിക്കണം. വായനയിലൂടെ അകത്താക്കുന്ന അറിവുകളും അനുഭൂതികളും പ്രസംഗിക്കാന്‍ കയറിനില്ക്കുമ്പോള് അയവിറക്കാന്‍ കഴിയുമെന്ന് അഴീക്കോടിന് മനസ്സിലായതു സ്വന്തം അച്ഛനില്‍ നിന്നാണ്. അഴീക്കോടിന്റെ അച്ഛന് വിദ്വാന് പനങ്കാവില്‍ ദാമോദരന്‍ മാസ്റ്റര്‍ ഒരു വലിയ വായനക്കാരനായിരുന്നു. അദ്ദേഹം നല്ല അധ്യാപകനും നല്ല പ്രഭാഷകനും ആയതു വായനക്കൊണ്ടാണെന്ന് അഴീക്കോട് തിരിച്ചറിഞ്ഞു. വീട്ടില്‍ അച്ഛന്റെ വകയായി പത്തുനാനൂറു പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. "ജ്ഞാനദേവതയുടെ നഭോമണ്ഡലം' തന്റെ വീട്ടില്‍ കണ്ടതു അച്ഛന്റെ വക ആ പുസ്തകസഞ്ചയത്തിലായിരുന്നെന്ന് അഴീക്കോട് എഴുതിയിട്ടുണ്ട്. അഴീക്കോട് സൗത്ത് ഹയര്‍ എലിമെന്ററി സ്കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നല്ലോ അഴീക്കോടിന്റെ "ആദ്യപ്രസംഗം'. അന്നത്തെ എലിമെന്ററി ഇന്നത്തെ പ്രൈമറി സ്കൂളാണ്. അന്ന് എലിമെന്ററിയില്‍ ശിശുക്ലാസ് എന്നൊരു തുടക്കക്ലാസ് ഉണ്ടായിരുന്നു. നാലാമത്തെ വയസ്സില്‍ ശിശുക്ലാസില് ചേര്‍ന്നതു മുതല്‍ പതിനൊന്നാം വയസില്‍ എട്ടാംതരം വരെ അഴീക്കോട് പഠിച്ചതു വീടിനു തൊട്ടടുത്തുള്ള എലിമെന്ററി സ്കൂളിലായിരുന്നു. എട്ടാംതരം കഴിഞ്ഞപ്പോള്‍ പതിനഞ്ചാം വയസില്‍ എസ്.എസ്.എല്‍.സി. വരെയുള്ള പഠനം ചിറയ്ക്കല്‍ രാജാസ് ഹൈസ്കൂളിലായിരുന്നു. തുടര്‍ന്ന് ഇന്ററ്മീഡിയറ്റും ബിക്കോമും മംഗലാപുരം സെന്റ് അലോഷ്യസ് കോളജിലും ബി.ടി. കോഴിക്കോട് ഗവ. ട്രെയിനിംഗ് കോളജിലും പഠിച്ചു. ബികോം പാസ്സായതു ഇരുപതാം വയസ്സിലാണ്. ഇന്റര്‍മീഡിയറ്റിനു മുമ്പ് ഒരു വര്‍ഷം കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ പഠിച്ചിട്ടുണ്ട്. എം.എ. തുടങ്ങിയ ബിരുദങ്ങള്‍ പ്രൈവറ്റായിട്ടായിരുന്നു പഠിച്ചത്. അഴീക്കോടിനെ കേരളത്തിലെ "നമ്പര്‍ വണ്‍' പ്രഭാഷകനാക്കി മാറ്റിയത് ഈ പഠനങ്ങള്‍ ഒന്നുമല്ല. അച്ഛന്റെ ശേഖരമായ "ഗോള്‍ഡണ്‍ ട്രഷറി'യിലെ പുസ്തകങ്ങളുടെ പഠനങ്ങളാണ്. ആത്മകഥയില്‍ അദ്ദേഹം പറയുന്നതു, അച്ഛന്റെ ഗ്രന്ഥസമുച്ചയത്തിലെ പുസ്തകങ്ങള്‍ ഏകദേശം പത്തുവയസു മുതല്‍ പതിനാറുവയസ്സുവരെ ഒരെണ്ണം വിടാതെ നിരന്തരം വായിച്ച് ഏറെക്കുറെ ഹൃദിസ്ഥമാക്കി എന്നാണ്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം, ബാല്യത്തില്‍ വീട്ടിലെ പലതരം പുസ്തകങ്ങള്‍ ആവര്‍ത്തിച്ചു വായിച്ചതാണെന്നും അദ്ദേഹം എഴുതിയിരിക്കുന്നു. ഒമ്പതാം വയസില്‍ വായനയും അറിവും അനുഭൂതിയും ഇല്ലാതെ ആറാംക്ലാസില്‍ വച്ചു പ്രസംഗിച്ചെങ്കിലും പത്താംവയസ്സില്‍ ഏഴാം ക്ലാസില്‍ എത്തിയപ്പോള്‍ ആരംഭിച്ച "അഖണ്ഡ വായന' പതിനാറാം വയസ്സില്‍ കോട്ടയ്ക്കല്‍ പഠിക്കുന്ന കാലം വരെ മുടങ്ങാതെ തുടര്‍ന്നു. വീട്ടിലെ പുസ്തകങ്ങള്‍ വായിച്ചു തീര്‍ത്തപ്പോള്‍ പുതിയ ഗ്രന്ഥപ്പുരകള്‍ അദ്ദേഹം കണ്ടെത്തി. പ്രസംഗിച്ചു വളരുന്നതിനു മുമ്പ് അഴീക്കോട് വായിച്ചു വളരുകയായിരുന്നു. കവിതയാണ് ബാല്യത്തില്‍ വായിച്ചു തുടങ്ങിയത്. എഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ടും ഭാരതം കിളിപ്പാട്ടും ചെറുശ്ശേരിയുടെ കൃഷ്ണപ്പാട്ടും കുഞ്ചന്‍ നമ്പ്യാരുടെ ശ്രീകൃഷ്ണചരിതം മണിപ്രവാളവും നല്ല രസത്തോടെ വായിച്ചു. പ്രസംഗത്തില്‍ അവലംബിച്ച ഭാഷയുടെ "മിന്നല്‍' പ്രയോഗ ശൈലി അദ്ദേഹം ബാല്യത്തില്‍ വായനയില്‍ നിന്നു സ്വീകരിച്ചതാണ്. ഓരോ പുസ്തകവും തുടക്കം മുതല്‍ ഒടുക്കം വരെ വായിക്കുന്ന യുക്തിപൂര്‍വ്വമായ ശൈലിയില്‍ നിന്നു വ്യത്യസ്തമായി പുസ്തകത്തില്‍ തന്നെ വശീകരിക്കുകയും ആകര്‍ഷിക്കുകയും തന്റെ ഹൃദയത്തെ അലിയിക്കുകയും ചെയ്തിട്ടുള്ള യുദ്ധവര്‍ണ്ണനകള്‍, രാക്ഷസവധങ്ങള് എന്നിങ്ങനെയുള്ള സന്ദര്‍ഭങ്ങള്‍ ഒരു "മിന്നലില്‍' വായിക്കുന്ന ശൈലി അഴീക്കോടിനുണ്ടായിരുന്നു. പ്രസംഗത്തില്‍ ശ്രോതാക്കളുടെ ഹൃദയത്തെ അലിയിക്കുന്നതും ആകര്‍ഷിക്കുന്നതുമായ മിന്നലുകള്‍ പ്രയോഗിക്കാന്‍ ബാല്യത്തിലെ വായന സഹായിച്ചു. എഴുത്തച്ഛനിലും ചെറുശ്ശേരിയിലും കുഞ്ചന്‍ നമ്പ്യാരിലും അടിത്തറയിട്ടുകൊണ്ട് അഴീക്കോട് പിന്നെ ആശാന്, ഉള്ളൂര്‍, വള്ളത്തോള്‍ എന്നിവരുടെ കാവ്യങ്ങളിലേക്കു കടന്നുചെന്നു. ആശാന്റെ നളിനി, പുഷ്പവാടി, വീണപൂവ്, ചണ്ഡാലഭിക്ഷുകി, വള്ളത്തോളിന്റെ സാഹിത്യമഞ്ജരി, മഗ്ദലനമറിയം ഉള്ളൂരിന്റെ ഉമാകേരളം തുടങ്ങി കാവ്യങ്ങള്‍ ബാല്യത്തില്‍ തന്നെ ഹൃദിസ്ഥമാക്കി. ബാല്യത്തിലെ വായന പിന്നീട് കടന്നുചെന്നതു തുള്ളല്‍, ആട്ടക്കഥ, ചമ്പു എന്നീ ഇനങ്ങളിലേക്കാണ്. സ്യമന്തകം തുള്ളല്‍, നളചരിതം, ഭാഷാനൈഷധം ചമ്പു എന്നിവയും മനഃപാഠമാക്കിയത്തോടെ അഴീക്കോടിന്റെ ഹൃദയം കവിതാമയമായി. വടക്കന്‍ പാടുകള്‍ അദ്ദേഹത്തിന്റെ മനസ്സിനെ ചടുലമാക്കി. ഗാന്ധിജിയെപ്പറ്റി അഴീക്കോട് വായിച്ച ആദ്യകൃതി അംശി പി. നാരായണപിള്ളയുടെ "മഹാത്മജി അഥവാ രണ്ടാം രാമായണം' ആയിരുന്നു. കെ.സി. കേശവപിള്ളയുടെ കേശവീയം, കേരളവര്‍മ്മ വലിയ കോയിതമ്പുരാന്റെ മയൂരസന്ദേശം എന്നിവയും സ്കൂള്‍ പഠനകാലത്തു വായിച്ചു. കവിതയില്‍ നിന്നു നോവലിലേക്കും കഥകളിലേക്കും ജീവചരിത്രങ്ങളിലേക്കും ആയിരുന്നു പിന്നീട് അദ്ദേഹത്തിന്റെ വായന നീങ്ങിയത്. ഒ. ചന്തുമേനോന്റെ ഇന്ദുലേഖയും സി.വി. രാമന്‍പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ്മയും മാത്രമല്ല വിക്രമാദിത്യകഥകളും അറബിക്കഥകളും തെന്നാലിരാമന്‍ കഥകളും ഗ്രീക്ക് ഇതിഹാസകഥകളും ബാല്യത്തില്‍ വായിച്ചു രസിച്ചു. ശ്രീരാമകൃഷ്ണ പരമഹംസന്, ശങ്കരാചാര്യര്‍, ശ്രീനാരായണഗുരു, ബുക്കര്‍ ടി. വാഷിങ്ടണ്‍ എന്നിവരെപ്പറ്റിയുള്ള ജീവചരിത്രഗ്രന്ഥങ്ങളും കോട്ടായി കുമാരന്റെ "വിധിയോട് പൊരുതിയ ധീരാത്മാക്കള്‍' എന്ന ജീവചരിത്രവും ബാല്യത്തില്‍ ഇഷ്ടത്തോടെ വായിച്ചു. ഇതെല്ലാം വായിച്ചുതീര്‍ന്നപ്പോള്‍ അച്ഛന്റെ ശേഖരത്തില്‍ ഉണ്ടായിരുന്ന വൈദ്യശാസ്ത്രഗ്രന്ഥങ്ങളും ജ്യോതിഷ പുസ്തകങ്ങളും വായിച്ചു. ഉച്ചോട്ടു കണ്ണന്റെ യോഗാമൃതവും വൈദ്യന്മാര്ക്കു ഒഴിച്ചുകൂടാന്‍ പാടില്ലാത്ത സഹസ്റയോഗം, അഷ്ടാംഗസംഗ്രഹം എന്നിവയും കോട്ടയ്ക്കല്‍ പി.വി. കൃഷ്ണവാര്യരുടെ "ധന്വന്തരി' ആയുര്‍വേദ മാസികയുടെ പഴയലക്കങ്ങളും വായിച്ചതു ആയുര്‍വേദത്തില്‍ അഭിനിവേശമുണ്ടാക്കി. പന്ത്രണ്ടാം വയസ്സില്‍ അഴീക്കോട് വായിച്ചതു ഏ.ആര്. രാജരാജവര്‍മ്മയുടെ ശാസ്ത്രഗ്രന്ഥങ്ങളാണ്. സാഹിത്യസാഹ്യം, വൃത്തമഞ്ജരി, ഭാഷാഭൂഷണം എന്നിവ സ്കൂളില്‍ പഠിക്കാതെ പഠിച്ചു. പ്രഥമവ്യാകരണം, മദ്ധ്യമവ്യാകരണം, ശബ്ദശോധിനി എന്നീ ബാലവ്യാകരണ പുസ്തകങ്ങളും വായിച്ചു. അങ്ങനെ വ്യാകരണം, അലങ്കാരം, വൃത്തം എന്നിവയില്‍ ബാല്യത്തില്‍ തന്നെ അടിസ്ഥാനമിട്ടു. ശേഷഗിരി പ്രഭുവിന്റെ "വ്യാകരണമിത്രം' അദ്ദേഹത്തിനു ഒരു നിത്യപാരായണഗ്രന്ഥമായി മാറി. അതുപോലെ കോവുണ്ണി നെടുങ്ങാടിയുടെ "കേരളകൗമുദി'യും വായിച്ചു. ഗുണ്ടര്‍ട്ടിന്റെ മലയാളം-ഇംഗ്ലീഷ് നിഘണ്ടു തനിക്കൊരു കളിക്കോപ്പുപോലെയായിരുന്നെന്നും അഴീക്കോട് എഴുതിയിട്ടുണ്ട്. പതിനാറാം വയസ്സിനു മുമ്പ് വായിച്ച മറ്റു പുസ്തകങ്ങളെപ്പറ്റിയും അഴീക്കോട് എഴുതിയിട്ടുണ്ട്. സമ്പൂര്‍ണ്ണ ബൈബിള്‍, ഇസ്ലാം-ബൗദ്ധകഥകള്‍, പഞ്ചതന്ത്രകഥകള്‍, രമേശ് ചന്ദ്രദത്തിന്റെ പ്രാചീനാര്യാവര്‍ത്തം, കാമ്പില്‍ അനന്തന്റെ കേരളചരിത്രനിരൂപണം, ആരോഗ്യവും ദീര്‍ഘായുസ്സും, ദ്വിജേന്ദ്രലാല്‍ റോയിയുടെ കാളിദാസനും ഭവഭൂതിയും തുടങ്ങിയ പുസ്തകങ്ങള്‍ വായിച്ചതു പ്രസംഗകലയില്‍ ശോഭിക്കാന്‍ മാത്രമല്ല പല പരീക്ഷകള്‍ എഴുതാനും സഹായിച്ച വിജ്ഞാനാലിംഗനമായിരുന്നെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. മലയാളസാഹിത്യത്തിന്റെ സ്വഭാവവും ലോകവിജ്ഞാനത്തിന്റെ വിവിധ വശങ്ങളും മനസ്സിലാക്കിയതു "ഭാഷാപോഷിണി'യുടെ ആദ്യകാലലക്കങ്ങള്‍ വായിച്ചിട്ടായിരുന്നു. ആശാന്, ഉള്ളൂര്‍, വള്ളത്തോള്‍ എന്നിവര്‍ക്കുശേഷം മഹാകവി കുട്ടമത്ത്, പള്ളത്ത് രാമന്, ജി. ശങ്കരക്കുറുപ്പ് എന്നിവരുടെ കവിതകളും വായിച്ചു. ടാഗോറിന്റെ ഗീതാഞ്ജലിയുടെ വിവര്‍ത്തനം, ഉള്ളൂരിന്റെയും വടക്കുംകൂറിന്റെയും പ്രബന്ധങ്ങള്‍, മൂര്‍ക്കോത്ത് കുമാരന്, കെ. സുകുമാരന്‍ എന്നിവരുടെ കഥകള്‍, സര്‍ദാര്‍ കെ.എം. പണിക്കരുടെയും പി.കെ. നാരായണപിള്ളയുടെയും നിരൂപണങ്ങള്‍, എം.കെ. ഗുരുക്കളുടെ കലാവിദ്യാവിവരണം, മുക്തിവിവേകം എന്നിവയും സ്കൂള്‍ പഠനകാലത്തു വായിച്ചു രസിച്ച രചനകളാണ്. അഴീക്കോടിന്റെ ജീവിതത്തെ പ്രകാശിപ്പിച്ച വാഗ്ഭടാനന്ദന്റെ "ആത്മവിദ്യ' വായിച്ചതും ഇക്കാലത്തു തന്നെ. ഈ പൂസ്തകം തന്റെ ആത്മാവില്‍ പകര്‍ത്തിയ ദീപപ്രകാശത്തില്‍ തനിക്കു ഗാന്ധിജിയെയും നെഹ്റുവിനെയും ടാഗോറിനെയും ശ്രീനാരായണഗുരുവിനെയും എല്ലാം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞതായി അഴീക്കോട് പറഞ്ഞിട്ടുണ്ട്. എസ്.എസ്.എല്‍.സിക്കു പഠിക്കുമ്പോള്‍ അഴീക്കോട് ദേവനാഗരി ലിപിയില്‍ അച്ചടിച്ച സംസ്കൃതഗ്രന്ഥങ്ങളിലും കൈവച്ചു. ബോംബെയിലെ നിര്‍ണയ സാഗര്‍ പ്രസില്‍ അച്ചടിച്ച ഋഗ്വേദത്തിലെ കുറെ മന്ത്രങ്ങള്‍ വായിക്കാന്‍ കിട്ടിയതു വലിയ ആശ്ചര്യത്തോടെയായിരുന്നു കണ്ടത്. അമരകോശം, സിദ്ധരൂപം, പരീക്ഷിത്തു തമ്പുരാന്റെ വ്യാഖ്യാനത്തോടു കൂടിയ കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം, മല്ലീനാഥന്റെ വ്യാഖ്യാനമുള്ള കുമാരസംഭവം, ഭര്‍ത്തൃഹരിയുടെ സുഭാഷിതത്രിശതി, ഭാരവിയുടെ കിരാതാര്ജൂനീയം, ഭവഭൂതിയുടെ ഉത്തരരാമചരിതം, വാഗ്ഭടാചാര്യന്റെ അഷ്ടാംഗഹൃദയം, ബാണഭട്ടന്റെ കാദംബരി വ്യാഖ്യാനം എന്നിവയും അച്ഛന്റെ ഗ്രന്ഥശേഖരത്തിലെ നിധികുംഭങ്ങളായിരുന്നു. ഇതെല്ലാം വായിച്ചു കഴിഞ്ഞപ്പോള്‍ അച്ഛന് വിദ്വാന് പരീക്ഷയ്ക്കു പഠിക്കാന്‍ തയ്യാറാക്കിയ കുറിപ്പുകള്‍ എടുത്തു പലതവണ വായിച്ചു. ഈ കുറിപ്പുകളില്‍ നിന്നാണ് സംസ്കൃതത്തിലെ ആചാര്യന്മാരായ ആനന്ദവര്ദ്ധനന്, മമ്മടന്‍, ജഗന്നാഥന്, രാജശേഖരന്, വാമനന്, ഭാമഹന്‍, വിശ്വനാഥന് എന്നിവരുടെ സിദ്ധാന്തങ്ങളും നിര്‍വചനങ്ങളും അദ്ദേഹം മനസ്സിലാക്കിയത്. രാമചരിതം, ഉണ്ണുനീലിസന്ദേശം, ലീലാതിലകം എന്നിവയെപ്പറ്റിയും അച്ഛന്റെ കുറിപ്പുകളില്‍ നിന്നാണ് അറിഞ്ഞത്. ഇതിനിടയില്‍ തന്നെ ചിറക്കല്‍ രാജാസ് സ്കൂളില്‍ ഹെഡ്മാസ്റ്റര് കെ. രൈരുനായര്‍ ആഴ്ചയില്‍ ഒരു ലൈബ്രറി പിരിയഡ് തുടങ്ങി. അങ്ങനെ ഒമ്പതാം ക്ലാസ് മുതല്‍ ഇംഗ്ലീഷിലെ വലിയ എഴുത്തുകാരുടെ കൃതികള്‍ വായിക്കാന്‍ തുടങ്ങി. അങ്ങനെ വായിച്ച പുസ്തകങ്ങളുടെ സംഗ്രഹവും എഴുതി നല്കി. ഈ പരിപാടി അഴീക്കോടിന്റെ പില്ക്കാല പ്രസംഗങ്ങളെ മാത്രമല്ല എഴുത്തിനെയും സ്വാധീനിച്ചു. സ്കൂള്‍ പഠനംവരെ വായിച്ച പുസ്തകങ്ങളുടെ ഒരു ഏകദേശരൂപമാണിത്. ഇത്രയൊക്കെ വായിച്ചിട്ടും സ്കൂളില്‍ പിന്നെ പ്രസംഗത്തിനൊന്നും അഴീക്കോട് തുനിഞ്ഞില്ല. എഴുതാനും ശ്രമിച്ചില്ല. വീട്ടിലെ പുസ്തകങ്ങള്‍ വായിച്ചു തീര്‍ത്തശേഷം അഴീക്കോടിനു സമീപത്തുള്ള അലവില്‍ ശ്രീനാരായണവിലാസം വായനശാലയിലെ പുസ്തകങ്ങളാണ് വായിച്ചുതീര്‍ത്തത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല