Image

ഓഎൻ.വി--അനുസ്മരണം (തോമസ് കളത്തൂര്‍)

Published on 22 February, 2021
ഓഎൻ.വി--അനുസ്മരണം  (തോമസ് കളത്തൂര്‍)
കാറൽമാർക്സ്നെപറ്റി, ഓ.എൻ.വി. മൊഴിമാറ്റം നടത്തി എഴുതിയ ഒരു കവിത ഇപ്രകാരമാണ്,  " ശവകുടീരത്തിൽ നീഉറങ്ങുമ്പോഴും...,     ഇവിടെ നിൻ വാക്ക്  ഉറങ്ങാതിരിക്കുന്നു".      

അഞ്ചാം ചരമ വാർഷീക ദിനമായ ഫെബ്രുവരി പതിമൂന്നിന്, മലയാളക്കര ആകമാനം സ്മരിക്കുന്നതും ഓ.എൻ.വിയെപറ്റി പറയുന്നതും ഇത് തന്നെ ആണ്. വള്ളത്തോളിനും കുമാരനാശാനും ചങ്ങമ്പുഴയ്ക്കും പിന്നാലെ,  ഒരു മാറ്റൊലി കവിയായി, സൗമ്യമായി, ആന്തരീകശബ്ദമായി, ത്രികാലങ്ങളുടെയുംഅസ്വാസ്ഥ്യങ്ങളെ ഇതൾ വിടർത്തി ശോഭിച്ചു, ഓ.എൻ.വി. കല്ലുകളെ കുറിച്ച് എഴുതിയാലും, നിലാവിനൊരു ഗീതത്തിലായാലും, ഒരു സിംഫണിയിൽ ആയാലും, സമസ്ത വൈരുധ്യങ്ങളോടും കൂടിയ ഒരു ലയം , ജീവന്റെ തലത്തിൽ നമുക്ക്ക കേൾക്കാം.     

ഇന്ന് നമുക്ക് പറയാൻ സാധിക്കും, "ചങ്ങമ്പുഴഎന്ന തീപന്തവും വയലാർ എന്ന വിദ്യുല്ലതാ വിലാസവും, ഓ.എൻ.വി. എന്ന സൂര്യതേജസ്സിന്റെ മുന്നോടികളായിരുന്നു എന്ന്" (ഡോക്ടർ. എ.ജെ.തോമസ്).
ഓ.എൻ.വി. തന്റെ പല കവിതകളിലും മഹാത്മാഗാന്ധിയെ സ്നേഹത്തോടും ബഹുമാനത്തോടും സ്മരിക്കുന്നതായി കാണാം.
ഓ.എൻ.വി.യുടെ ജീവിതത്തെ തൊട്ടൂരുമ്മി കടന്നുപോയവരും, സ്വയം കടന്നിരുന്നവരുമായ ചില വ്യക്തിത്വങ്ങളെ കൂടി ഓർക്കാം.       

ചിലിയിൽ ജനിച്ചു,  സ്പാനിഷിൽ എഴുതിയ 'പാബ്ലോ നെരൂദാ',  തന്റെ കവിത എല്ലാ ഭൂമണ്ഡലങ്ങളെയും തഴുകുന്നത്,  ജീവിത കാലത്തു തന്നെ കണ്ട കവിയായിരുന്നു.     സാമൂഹീക പ്രതിബദ്ധത എന്ന അടിസ്ഥാന തത്വത്തിൽ നിന്നും വ്യതിചലിക്കാതെ, സാഹിത്യ നിരൂപണത്തിലും ഉറച്ചു നിന്ന രാഷ്ട്രീയ സാമുദായീക വിപ്ലവകാരി, ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാട്.        

ഹരീന്ദ്രനാഥ ചതോപാദ്ധ്യായാ.. എന്ന നടനും കവിയും പ്രാസംഗീകനും ഡയറക്ടറും ഒക്കെ ആയിരുന്ന, ഒരു പാർലമെന്റ്അംഗം. ഇന്ദുലേഖ എഴുതിയ ചന്തുമേനോന്ശേഷം, 'നാലുകെട്ട്' എഴുതി സാഹിത്യ സിനിമാ ലോകത്തിന്റെ തലപ്പത്തേക്കു ഉയർന്നഎം.ടി. വാസുദേവൻ നായർ, പിന്നെ,തോപ്പിൽഭാസി, വയലാർ, പി. ഭാസ്കരൻ, കുമാരനാശാൻ, ചങ്ങമ്പുഴ, മുണ്ടശ്ശേരി, അങ്ങനെ ബുദ്ധിജീവികളുടെ ഒരു വലിയ നിര തന്നെ ഉണ്ട്, മാനവികത ബോധത്തിന്റെയും വിപ്ലവ ബോധത്തിന്റെയും സന്താനങ്ങളായി.

1931 മെയ്മാസം 27  നു കൊല്ലം ജില്ലയിലെ ചവറയിൽ, കൃഷ്ണകുറുപ്പിന്റെയും കെ.ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനായി ഓ.എൻ.വി. ജനിച്ചു.       തിരുവിതാംകൂർ സ്റ്റേറ്റ്അസംബ്ലി അംഗവും, മുനിസിപ്പൽ കൌൺസിൽ അംഗവും ആയിരുന്ന അച്ചന്കഥകളിലും സംഗീതത്തിലും കവിതയിലും വലിയ കമ്പമുണ്ടായിരുന്നു.      കൊല്ലത്തെ വീടിന്റെ ഉമ്മറം, പല സംഗീത സദസ്സുകൾക്കും കവി അരങ്ങുകൾക്കും സാക്ഷി ആയതു, ഓ.എൻ.വി.യുടെ പിഞ്ചുമനസ്സിൽ കലയുടെ നാരായം കൊണ്ട്കോറിയിരിക്കാം.   

 ആദര്ശവത്കരിച്ച അച്ചന്റെ വേർപാട്, കുഞ്ഞു ഹൃദയത്തിൽ ആഴത്തിൽ മുറിവുണ്ടാക്കി. ഓ.എൻ.വി. പറയുന്നു, "എന്റെ കുട്ടിക്കാലത്തെ അന്ധകാരപൂരിതമായ ഏകാന്തതയിൽ ഒരുതുള്ളി വെളിച്ചമായാണ്  'കവിത' കടന്നുവന്നത്".   
     
പതിനഞ്ചാം വയസ്സിൽ, കൊല്ലത്തെ‘ മലയാളരാജ്യം’ വാരികയിൽ അദ്ദേഹത്തിന്റെ ആദ്യകവിത പ്രസിദ്ധീകരിച്ചു.  18 -ആംവയസ്സിൽ 'അരിവാളും രാക്കുയിലും' എന്ന കവിതക്കു, ചങ്ങമ്പുഴ മെഡൽ, ആദ്യപുരസ്കാരമായി ലഭിച്ചു. 20 -ആം വയസ്സിൽ രണ്ടുകവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു.

“പശിതീർക്കാൻ നാടിൻറെ.. പശിതീർക്കാനങ്ങനെ...,  പണിചെയ്തു.. വിളകൊയ്തു.. പ്രാകൃതന്മാർ".        

കീഴാള മുന്നേറ്റത്തിന്  അദ്ദേഹത്തിന്റെ കവിതകൾ ഉശിരുനൽകി.  "നമ്മള്കൊയ്യും വയലെല്ലാം...നമ്മുടെതാകും പൈങ്കിളിയെ.." എന്ന സ്വപ്നം അദ്ധ്വാനിക്കുന്ന കീഴാളന്മാരുടെ വ്യക്തിത്വങ്ങൾക്കു ജീവൻ നൽകി.  

വളരെചെറുപ്പത്തിലെയുള്ള അച്ചന്റെ വേർപാട്, മാനസികമായും സാമ്പത്തീകമായും ജീവിതത്തെ ഉലച്ചു.     കടബാദ്ധ്യതകൾ, വീടുവിട്ടു ഇറങ്ങേണ്ട നിലയിലെത്തിച്ചു.       

പ്രാദേശീകമാറ്റങ്ങളും, വ്യത്യസ്തപരിസ്ഥിതികൾ അ നുഭവങ്ങൾ ഇവയും വായനാശീലം വളർത്താനും മഹത്തായ കവിതകൾക്ക്ജന്മം നൽകാനും അദ്ദേഹത്തെ സഹായിച്ചിരിക്കണം.    നൈസർഗ്ഗീക വിചാരങ്ങളും, സാമൂഹ്യസംസ്കാരങ്ങളിൽ നിന്ന്വീണുകിട്ടുന്ന അനുഭവങ്ങളും,  സർഗ്ഗാത്മകമായ സൃഷ്ടികൾക്കു സഹായിക്കും.       

ഇതോടൊപ്പം, ഓ.എൻ.വി.യുടെ സ്വയം പ്രകാശ വ്യഗ്രതയും, ഇന്ത്യൻ സ്വാതന്ത്ര്യ സമരങ്ങളും, സാമൂദായിക അസമത്വങ്ങളും അദ്ദേഹത്തിന്റെ മനുക്ഷ്യത്വത്തെയും, ദേശീയ ബോധത്തെയും സടകുടഞ്ഞു എഴുന്നേൽപ്പിച്ചു.     

"നിളാ"  നദിയും കായലോര പ്രദേശങ്ങളും അവിടുത്തെ മനുഷ്യരും അദ്ദേഹത്തിന്റെ അന്തരിന്ദ്രിയങ്ങളെ തൊട്ടുണർത്തി. ഇടതുപക്ഷ ചിന്താഗതിക്കാരനായിവളർന്ന ഓ.എൻ.വി., തന്റെ ധാരണകൾക്കും വിശ്വാസങ്ങൾക്കും വരുന്ന മാറ്റത്തെ തുറന്നു പറയാനും മടി കാണിച്ചിട്ടില്ല.

1960കളിൽ, അയ്യപ്പപ്പണിക്കർ, സുഗതകുമാരി, ആറ്റൂർ രവിവര്മ, സച്ചിദാനന്ദൻ മുതലായ കരുത്തുറ്റ കവികളുടെ ശക്തമായ പ്രവേശത്തോടൊപ്പം,  ആ കാലഘട്ടത്തിൽ തന്നെ ലബ്ധപ്രതിഷ്ഠ നേടാൻ ഓ.എൻ.വി.ക്കും കഴിഞ്ഞു.     

 പ്രത്യയശാസ്ത്ര പരാജയം മനസ്സിലാക്കി,  അതിനെ ചോദ്യംചെയ്തു കൊണ്ടെഴുതിയ കവിതകളാണ്, 'വളപ്പൊട്ടുകൾ', ' വാഗ്ദത്തഭൂമി'...,  എന്നീക വിതകൾ. ഓ.എൻ.വി. എന്ന സർഗ്ഗാത്മക സാഹിത്യകാരൻ, ശ്രുതിയും ലയവുമുള്ള,  വിശ്വമാനവികതയുടെ ഹൃദയതുടിപ്പുള്ള കവിതകളെയാണ് നമുക്ക്  സമ്മാനിച്ചിരിക്കുന്നതു് .       

"നീട്ടി കുറുക്കി ഞാൻ പാടുന്നു... പാട്ടുകേട്ടുണ്ണി മയങ്ങുന്നു..,മാറോടു ചേർന്നെന്റെ പൊന്നുണ്ണി ..., മാതളപ്പൂപോൽ മയങ്ങുന്നു...., കാണുന്നു ഞാനാ മയിലാട്ടം ...,കണ്ണിലാനന്ദാശ്രു തുളുമ്പലോടെ.. ".   വാഗ്മയ ചിത്രങ്ങളിലൂടെ വൈകാരിക ഭാവങ്ങളെ പുറത്തുകൊണ്ടു വരുന്ന കവി, 'കാണാതെ പോയമയിൽപീലി' വാക്കുകളായി,  ഈണത്തിൽ പെറ്റുപെരുകി, ഉറങ്ങുന്ന കുഞ്ഞിന്റെ മുഖത്ത്കണ്ട് സമാശ്വസിക്കുകയാണ്.

പാണന്റെ ദുഃഖം,  കവിയുടെയും ദുഃഖമാണ്.  സമൂഹത്തിൽ വരുത്താൻ ശ്രമിച്ച സ്വപ്നങ്ങൾ,  സാക്ഷാത്കരിക്കാൻ കഴിയാത്തതിലുള്ള അസ്വസ്ഥതയുടെ തേങ്ങലുകളാണ്,  ഈ കവിതയിൽ.         "ഒരു കുമ്പിൾ കഞ്ഞിക്കായി ... കരയുന്നൊരുണ്ണികളെ!...., ഒരിടത്തൊരിടത്തെ വിരുന്നിൻ..., കഥപാടി ഉറക്കണമോ?... പാടിയതിൻ പൊരുളുകൾ പാഴായി....പാടണമെന്നോവീണ്ടും...""വെറും ഒരാത്മഗതം" എന്ന കവിതയിൽ,  സൂര്യൻ മുതൽ ഗ്രാമത്തെ വരെ കവി അന്വേഷിക്കുകയാണ്...., 'സ്നേഹം നഷ്ടപെട്ടത്,.. എവിടെ എന്നു,  തന്റെ പാട്ടിന്റെവിളക്കുമായി.    

"വീടുകൾ" എന്നകവിത, വ്യക്തിപരമായിഎന്നെ വളരെ സ്പർശിച്ചു,... ഇ ന്നും മനസ്സിൽ ഉരുവിട്ട്  സ്വാന്ത്വനം കണ്ടെത്തുന്ന കവിത.       

ഇത്എന്റെ ജീവിതത്തിലെ, പലതിൽ ഒരു വലിയ നഷ്ടാനുഭവത്തെ ഓർമിപ്പിക്കുന്നു.  എന്നാൽ,  ഈ കവിതയിൽ കവി ഉദ്ദേശിച്ചിരിക്കുന്നത്,   "ഒരിക്കൽ മാത്രം വന്നു,  അനിശ്ചിത കാലം താമസിച്ചു മടങ്ങേണ്ട,  'ഭൂമി' എന്ന ഈ വാടക വീട്ടിൽ നിന്ന്ഒരു നാൾ ഇറങ്ങി പോകേണ്ടി വരുമ്പോൾ,  ഇവിടെ ആത്മാവിന്റെ ഒരംശം നിക്ഷേപിച്ചു പോകുന്നതാണ്”.        

കവിക്കും ഗൃഹാതുരത്വം ഉണർത്തി, പാടിയതാവാം, ഈകവിത.
"ശാർങ്ഗകപക്ഷികൾ"  എന്നകവിതയിൽ ഓ.എൻ.വി.,  ഹൃദയത്തിന്റെ അതിലോല തന്മാത്രകളിലേക്കു നമ്മളെ കൈപിടിച്ചു നടത്തുന്നു.        സൗഹൃദവും ഭാര്യാഭർത്തൃ ബന്ധവും പ്രണയവും എല്ലാം പ്രതിഫലിപ്പിക്കുന്ന ഒരു കവിത,   ശരീരത്തെയും, ഹൃദയവികാരങ്ങളെയും ജീവിതത്തെയും എല്ലാം അറിഞ്ഞു പാടുന്നു.
"എല്ലാം മറന്നൊന്നുറങ്ങിയ യാമങ്ങൾ,  എന്നേക്കുമായ്അസ്തമിച്ചു പോയി..ഇന്നിനി നമ്മിലൊരാളിന്റെ നിദ്രക്കു മറ്റെയാൾ കണ്ണിമ ചിമ്മാതെ കാവൽ നിന്നിടേണം....."
കുടുംബജീവിതത്തിന്റെ കെട്ടുറപ്പിന്റെ,  കരുതലിന്റെ, ധാരണയുടെ, അന്തസത്തയെ കാണിച്ചുതരുന്നു, ഈകവിത.         

സ്വന്തം കുടുംബജീവിതത്തിലും അദ്ദേഹം അത്പ്രവർത്തീകമാക്കിയിരുന്നു. ഓ.എൻ.വി.യുടെ കവിതകളുടെ ആദ്യ വായനക്കാരിയും, അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി പി.പി.സരോജിനി അല്ലാതെ മറ്റാരുംആയിരുന്നില്ല.     ശ്രീമതി സരോജിനി, അരനൂറ്റാണ്ടിലും അധികം വർഷങ്ങൾ, അദ്ദേഹത്തോടൊപ്പം സഞ്ചരിച്ചു,  കവിത എഴുതാനായി ജീവിതത്തിന്റെ സംഗീതവും സുഗന്ധവും പകർന്നു കൊടുത്തു.

മലയാള ഭാഷയ്ക്കു എണ്ണമറ്റ വിലയേറിയ സംഭാവനകൾ നൽകിയ ആ സർഗാത്മക പ്രതിഭാവിലാസം,  അവശന്മാർക്കും ആർത്തന്മാർക്കും വേണ്ടി ആക്രോശിച്ചു,.."മാറ്റുവിൻചട്ടങ്ങളെ.....". 

തന്റെ പ്രീയപ്പെട്ട മലയാള ഭാഷയെ മടിയിൽ ഇരുത്തി ഒരു പെറ്റമ്മയെ പോലെ അദ്ദേഹം പാടുകയാണ്,  "എത്ര സുന്ദരം...എത്രസുന്ദരം.. എന്റെമലയാളം...,  മുത്തുപവിഴങ്ങൾ കൊരുത്തൊരു പൊന്നുനൂൽ പോലെ..."    "ജ്ഞാനപീഠ"  ജേതാവായ ഉടനെതന്നെ "പദ്മവിഭൂഷൺ" എന്ന ഉന്നത ബഹുമതി കൂടിനൽകി,  ഭാരതം അദ്ദേഹത്തെ ബഹുമാനിച്ചു.     

മരണത്തിനു വേര്പെടുത്താനാവില്ലാ,  ഓ.എൻ.വി.യെ,  മലയാളിയുടെ മനസ്സിൽനിന്നും.      

അദ്ദേഹം ലോകവിഹായസ്സിൽ ഒരു ഭാരതരത്നമായി എന്നും വിരാജിക്കുക തന്നെ ചെയ്യും.
Join WhatsApp News
Sudhir Panikkaveetil 2021-02-23 17:45:17
ഹൃസ്വവും സുന്ദരവുമായ ഒരു അനുസ്മരണം. ഓ എൻ വി എന്ന കവിയുടെ വരികൾ ഓർമ്മിച്ചുകൊണ്ട് അവയിലെ കാവ്യഭംഗി ആസ്വദിച്ചുകൊണ്ട് എഴുതിയത് വായനക്കാർക്കും ഹ്ര്യദ്യമായ അനുഭവമായി. അഭിനന്ദനങ്ങൾ ശ്രീ തോമസ് കളത്തൂർ.
G.Puthenkurish 2021-02-24 14:30:23
"കവിത എന്നത് ശക്തമായ വൈകാരിക അനുഭവത്തിന്റ തുളുമ്പലാണ് . അതിന്റ ഉറവ പ്രശാന്തതയിൽ നടക്കുന്ന സ്മൃതിധ്യാനത്തിൽ നിന്നാണ് " എന്ന വില്യംവേർഡ്‌സ്വർത്തിന്റെ വാക്കുകൾ ധ്യാനിക്കുമ്പോൾ ശ്രീ കളത്തൂർ തന്റെ ലേഖനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ ഒ. എൻ .വി കവിത എന്തുകൊണ്ട് സാമൂഹ്യപ്രതിബദ്ധമാണെന്നു തെളിഞ്ഞു വരും. ഒ.എൻ .വി യും വയലാറുമൊക്കെ കേരള സംസ്കാരത്തെ രൂപാന്തരപ്പെടുത്തുന്നതിൽ അവരുടെ കവിതകളിലൂടെ നൽികിയ സംഭാവന അനിഷേധ്യമാണ്. സമൂഹത്തിന്റെ വേദനകളും അടിച്ചമർത്തലുകളും അവരുടെ വേദനയായി മാറുകയും. പ്രാശാന്തമായ അന്തരീക്ഷത്തിൽ അവർ അതിനെ ധ്യാനിച്ച് കവിതകൾ ആക്കി മാറ്റിയപ്പോൾ അവ നമ്മളുടെ ചുണ്ടുകളിൽ ഊറുകയും ഹൃദയ ഭിത്തികളിൽ ആലേഖനം ചെയ്യപ്പെടുകയും ചെയ്‌തു. വളരെ ശ്രദ്ധയോടെ തയാറാക്കിയ ഈ ലേഖനം കവിതയുടെ നനവ് നഷ്ടപ്പെടുന്ന ഈ കാലങ്ങളിൽ , കവിതയുടെ ശക്തിയെ എടുത്തുകാട്ടിക്കൊണ്ട് , ഒ . എൻ .വി ക്ക് നൽകുന്ന ഒരു പുഷ്‌പാർച്ചനയാണ് . ശ്രീ തോമസ് കളത്തൂരിന് അഭിനന്ദനം .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക