Image

വാക്‌സിനേഷന്റെ സ്വീകാര്യതയും നേരിടുന്ന എതിര്‍പ്പും (ജെ.മാത്യുസ്)

ജെ.മാത്യുസ് Published on 24 February, 2021
വാക്‌സിനേഷന്റെ  സ്വീകാര്യതയും നേരിടുന്ന എതിര്‍പ്പും (ജെ.മാത്യുസ്)

1796 മെയ് 14 ശനിയാഴ്ച  
അന്ന് ആ എട്ടുവയസുകാരന്‍ ജെയിംസ് ഫിപ്പെ നീട്ടി കൊടുത്ത കൈ പില്‍ക്കാലത്ത് ജനകോടികളുടെ ജീവന്‍ രക്ഷിക്കുന്ന പ്രതിരോധമരുന്നിനുള്ള കുറിപ്പടി കുറിക്കുമെന്ന് ആരറിഞ്ഞു ! വൈദ്യശാസ്ത്രം മാനവരാശിക്ക് നല്‍കിയ ഏറ്റവും ഗുണകരമായ സംഭാവനകളില്‍ ഒന്നിന്റെ വിത്ത് വിതച്ചത് അന്ന് ആ കൈ ആണ് , സാംക്രമിക രോഗങ്ങളെ പ്രതിരോധിക്കാന്‍ ശക്തിയുള്ള വാക്‌സിന്‍ നിര്‍മ്മാണത്തിന്റെ ആദ്യ ചുവട് വച്ചത് അന്നാണ് 1796 ല്‍ ...

ജെയിംസ് ഫിപ്പെ നീട്ടി കൊടുത്ത കൈയ്യില്‍ പ്രസിദ്ധനായ ഡോക്ടര്‍ എഡ്വേഡ് ജന്നര്‍ കുത്തിവച്ചത് കൗ പോക്‌സിന്റെ ചലമാണ് , ജെയിംസിന് കൗ പോക്‌സ് പിടിപെട്ടു പക്ഷെ പത്തു ദിവസം കൊണ്ട് പൂര്‍ണ്ണമായി സുഖം പ്രാപിച്ചു . ആറ് ആഴ്ചകള്‍ക്ക് ശേഷം ആ കുട്ടി മറ്റൊരു കുത്തിവെപ്പിന് വിധേയനായി ഈ പ്രാവശ്യം ഉപയോഗിച്ചത് ശരിയായ സ്മോള്‍ പോക്‌സിന്റെ പഴുപ്പ് തന്നെ ! തുടര്‍ന്ന് നിരീക്ഷണം ഉത്കണ്‍ഠ ഉറക്കം കെടുത്തിയ ദിനരാത്രങ്ങള്‍ ! അവസാനം ആശ്വാസം , അദ്ഭുതം ആ ബാലന് മസൂരി പിടിപെട്ടില്ല മസൂരി വൈറസിനെ (Variola) ചെറുക്കാനുള്ള പ്രതിരോധ ശക്തി അവന്‍ നേടിക്കഴിഞ്ഞിരുന്നു , വൈദ്യശാസ്ത്രം അംഗീകരിച്ച ആദ്യത്തെ വാക്‌സിന്‍ .
അന്ന്  ഉപയോഗിച്ച വാക്‌സിന്‍ നിരവധി ശാസ്ത്രഞ്ജന്മാര്‍ നിരന്തരം നടത്തിയ പരീക്ഷണ നിരീക്ഷണങ്ങളുടെ ഫലമായി ലാബില്‍ തയ്യാറാക്കിയത് ആയിരുന്നില്ല കൗ പോക്‌സ് പിടിപ്പെട്ടിരുന്ന ഒരു കറവക്കാരിയുടെ കയ്യില്‍ പൊങ്ങിവന്ന പഴുപ്പ് നിറഞ്ഞ കുമിളയില്‍ നിന്നായിരുന്നു ആ കറവക്കാരിയുടെ പേരാണ് സാറാ നെല്‍മസ് വാക്‌സിന്‍ നിര്‍മാണത്തിന്റെ ആദ്യത്തെ ഉറവിടം .രോഗപ്രതിരോധ ശക്തി ലഭിക്കാന്‍ വാക്‌സിനേഷന്‍ ഫലപ്രദമാണെന്ന് സാഹസീയമായ പരീക്ഷണത്തിലൂടെ വൈദ്യശാസ്ത്രത്തിന് ബോധ്യപ്പെടുത്തി കൊടുത്തത് വാക്‌സിനേഷന്റെ ജനയിതാവായി ലോകം ഇന്ന് ആദരിക്കുന്ന എഡ്വേര്‍ഡ് ജന്നര്‍ .

1800 ന്റെ ആരംഭത്തില്‍ തന്നെ യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും സ്മോള്‍പോക്‌സ് വാക്‌സിനേഷന്‍ നടപ്പിലായിരുന്നു . അമേരിക്കയിലെ മൂന്നാമത്തെ പ്രസിഡന്റ് ആയിരുന്ന തോമസ് ജെഫേഴ്‌സന്റെ സ്വാധീനവും പ്രോത്സാഹനവും ദേശീയ തലത്തില്‍ സ്മോള്‍പോക്‌സ് വാക്‌സിനേഷന്‍ നടപ്പിലാക്കാന്‍ ഇടവരുത്തി 
ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടു കൂടി സ്മോള്‍പോക്‌സ് വാക്‌സിനേഷന്‍ ലോകമാകെ പ്രചാരത്തിലായി, സ്വീകരിക്കപ്പെട്ടു .  ലോകാരോഗ്യസംഘടനയുടെ അറിവില്‍ പെട്ടിടത്തോളം സൊമാലിയക്കാരനായ അലി  മാവോവ് മാലിന്‍ ആണ് അവസാനത്തെ സ്മോള്‍പോക്‌സ് രോഗി . എഡ്വേര്‍ഡ് ജന്നര്‍ നടത്തിയ ആദ്യ പരീക്ഷണത്തതിന് ശേഷം 184 വര്‍ഷം കഴിഞ്ഞപ്പോള്‍ 1980 മെയ് എട്ടാം തിയ്യതി സ്മോള്‍പോക്‌സ് നിര്‍മാര്‍ജ്ജനം ചെയ്യപ്പെട്ടതായി വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പ്രഖ്യാപിച്ചു . അമേരിക്കന്‍ പ്രസിഡന്റായിരുന്ന എബ്രഹാം  ലിങ്കണും ബ്രിട്ടീഷ് രാഞ്ജിമാരായിരുന്ന ക്യൂന്‍ എലിസബത്തും ക്യൂന്‍ മേരിയും മസൂരി ആക്രമണം നേരിട്ടവരായിരുന്നു , കുടില്‍ തൊട്ടു കൊട്ടാരം വരെ അനേകം കോടി മനുഷ്യരുടെ ജീവാന്‍ അപഹരിച്ചു കൊണ്ടിരുന്ന മസൂരി പ്രതിരോധമരുന്നിന്റെ സഹായത്താല്‍ ഇന്നൊരു ഭീക്ഷണിയല്ലാതായി .

മറ്റെല്ലാ ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുമെന്ന പോലെ മസൂരിയുടെ പ്രതിരോധവാക്‌സിനും ശക്തമായ എതിര്‍പ്പുകളെ നേരിട്ടിട്ടുണ്ട് ആ എതിര്‍പ്പുകള്‍ വാക്‌സിനേഷന് എതിരെ ഇന്നും ശക്തമായി തുടരുന്നു എത്തിക്കുന്നവരുടെ താല്പര്യങ്ങളും എതിര്‍പ്പിന്റെ കാരണങ്ങളും തികച്ചും വ്യത്യസ്തങ്ങളാണ് അതില്‍ മതവും രാഷ്ട്രീയവും അസൂയയും അന്തവിശ്വാസവും എല്ലാമുണ്ട് .

ഒരു കുട്ടിയുടെ ശരീരത്തില്‍ മസൂരി രോഗത്തിന്റെ ബീജം കുത്തിവെക്കുന്നതില്‍ മാതാപിതാക്കള്‍ക്ക് ഭയവും എതിര്‍പ്പും ഉണ്ടായിരുന്നു ഇന്നും ആ എതിര്‍പ്പ് തുടരുന്നു 

ശ്രേഷ്ഠമായ മനുഷ്യശരീരത്തില്‍ മൃഗത്തില്‍ നിന്നുള്ള വാക്‌സിന്‍ പ്രവേശിപ്പിക്കുന്നത് ക്രിസ്തീയമല്ലെന്ന് വിശ്വസിക്കുന്ന പുരോഹിതന്മാരുടെ എതിര്‍പ്പ് ശക്തമായിരുന്നു ഇന്നും തുടരുന്നു .

പൊതുവെ മരുന്നുകളിലും വാക്‌സിനുകളിലുമുള്ള വിശ്വാസക്കുറവ് അഭ്യസ്തവിദ്യരുടെ പോലും വിയോജിപ്പിന് കാരണമാണ് 

വ്യക്തിസ്വാതന്ത്ര്യത്തിന് എതിരാണ് നിര്‍ബന്ധിത വാക്‌സിനേഷന്‍ എന്ന അഭിപ്രായക്കാര്‍ ഒട്ടേറെയുണ്ട് 

വാക്‌സിനേഷന്‍ ആദ്യം നടത്തപ്പെട്ടത് യൂറോപ്പിലാണ് ,പ്രത്യേകിച്ച് ഇംഗ്ലണ്ടില്‍ ശക്തവും സംഘടിതവുമായ എതിര്‍പ്പുണ്ടായതും അവിടെ തന്നെ THE ANTI VACCINATION LEAGUE ഉം  ANTI COMPULSORY VACCINATION LEAGUE ഉം (1867 )എതിര്‍പ്പ് ശക്തപ്പെടുത്തി . വാക്‌സിനേഷന് എതിരെ പ്രസിദ്ധീകരണങ്ങളും ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനങ്ങളും 1885 ല്‍ ഇംഗ്ലണ്ടിലുണ്ടായി , കുട്ടികളുടെ ശവപ്പെട്ടികളും ജെന്നറുടെ ഭീകര കോലവും പ്രദര്‍ശ്ശിപ്പിക്കപ്പെട്ടു ,ജനങ്ങളില്‍ ഭീതി ജനിപ്പിച്ചു 

1800 കളുടെ അവസാനം അമേരിക്കയില്‍ പടര്‍ന്ന് പിടിച്ച മസൂരിയെ തുടര്‍ന്ന് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി 
അതിനെതിരെ പ്രതിഷേധവുമായി സംഘടനകളുണ്ടായി . THE ANTI VACCINATION SOCIETY OF AMERICA (1879),
THE NEW ENGLAND ANTI COMPULSORY VACCINATION LEAGUE(1882), THE ANTI VACCINATION LEAGUE OF NEW YORK CITY (1885) തുടങ്ങിയ സംഘടനകള്‍ ശക്തിയായ പ്രതിഷേധമുയര്‍ത്തി 1902 ല്‍ കോടതിയില്‍ പരാതി ബോധിപ്പിച്ചു (In 1902 the city of Cambridge in Massachusetts- Court)

1970 കളില്‍ Diphtheria, Tetanus And pertussis (DTP) വാക്‌സിനേഷന് എതിരായി അമേരിക്കയിലും യൂറോപ്പിലും എഷ്യയിലും എതിര്‍പ്പ് ശക്തമായി . (DTP) വാക്‌സിനേഷന്റെ പ്രതികരണഫലമായി 36 കുട്ടികള്‍ക്ക് സിരാരോഗമുണ്ടായതായി ഗുരുതരമായ ആരോപണം ഇംഗ്ലണ്ടിലുണ്ടായി . മാതാപിതാക്കള്‍ വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് എതിരായി കോടതിയെ സമീപിച്ചു DTP വാക്സിനല്ല സിരാരോഗത്തിന്റെ കാരണമെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടും എതിര്‍പ്പ് അവശേഷിക്കുന്നു .

Measles, Mumps, Rubella (MMR) വാക്‌സിനേഷന്‍ ഓട്ടിസത്തിന് കാരണമാണെന്നുള്ള ആരോപണം ചില മാതാപിതാക്കളുടെ പരാതിയെ ബലപ്പെടുത്തിക്കൊണ്ട് ബ്രിട്ടീഷ് ഡോക്ടര്‍ ആന്‍ഡ്രു വെയ്ക്ക്ഫീല്‍ഡ് ഉന്നയിച്ചു . 1998 ല്‍ Lancet മാഗസിനില്‍ പ്രസിദ്ധീകരിക്കപ്പെട്ട അദ്ദേഹത്തിന്റെ ലേഖനം വലിയ കോളിളക്കത്തിന് ഇടവരുത്തി . മാതാപിതാക്കള്‍ക്ക് വേണ്ടി കേസ് വാദിക്കുന്ന ഒരു ലോ-ഫേമില്‍ നിന്നും കൈക്കൂലി പറ്റി കൊണ്ട് നടത്തിയ കള്ള റിപ്പോര്‍ട്ട് ആയിരുന്നു അതെന്ന് പിന്നീട് തെളിയിക്കപ്പെട്ടു . ബ്രിട്ടീഷ് ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ വെയ്ക്ക്ഫീല്‍ഡിനെ മെഡിക്കല്‍ പ്രാക്ടീസ് നടത്തുന്നതില്‍ നിന്നും വിലക്കി . ഇന്ന് അദ്ദേഹം അമേരിക്കയില്‍ സജീവമാണ് 'ANTI VAXXERS' ന്   നിര്‍ദ്ദേശങ്ങളും നേതൃത്വവും കൊടുത്ത് കൊണ്ട് സേവനം അനുഷ്ഠിക്കുന്നു .

ANTI VAXXERS ന്റെ വാക്‌സിനേഷന് എതിരായ പ്രവര്‍ത്തനങ്ങള്‍ വളരെ ശക്തമാണ് . വാക്‌സിനേഷന്‍ അനാവശ്യമാണെന്നും , സുരക്ഷിതമല്ലെന്നും വഞ്ചനയാണെന്നുമുള്ള പ്രചരണം ശക്തമാണ് . വാക്‌സിന്‍ നിര്‍മാതാക്കളും ഗവണ്മെന്റും ഒരു പറ്റം ഡോക്ടര്‍മാരും അവരുടെ നേട്ടത്തിന് വേണ്ടി പരസ്പര ധാരണയോട് കൂടി വാക്‌സിനേഷന്‍ സാര്‍വ്വത്രികമാക്കുകയാണെന്നവര്‍ പ്രചരിപ്പിക്കുന്നു . CENTER FOR DISEASE CONTROL AND PREVENTION (CDC) പോലും നിഷിപ്തതാല്പര്യക്കാരുടെ വിമര്‍ശനത്തിന് ഇരയാകുന്നുണ്ട് . കോവിഡ് 19 വാക്‌സിന്‍ ലഭ്യമായാല്‍ പോലും 34%- മൂന്നില്‍ ഒരു ഭാഗം - അമേരിക്കക്കാര്‍ അത് സ്വീകരിക്കുമായില്ലെന്നുളളത് എത്രയോ നിഭാഗ്യകരമാണ് .

ശാസ്ത്രം നല്‍കുന്ന അറിവിന്റെയും തെളിവിന്റെയും ചിറകുകള്‍ വച്ച് അനന്തവിഹായസ്സില്‍ പറക്കുന്ന അമേരിക്കയില്‍ പോലും ഒരു വിഭാഗം ജനങ്ങള്‍ അന്ധകാരത്തില്‍ സംതൃപ്തരാണെങ്കില്‍ വെളിച്ചം  കടന്ന് ചെല്ലാത്ത രാജ്യങ്ങളിലെ ജനങ്ങളെ പറ്റി എന്ത് പറയാന്‍ ! ശാസ്ത്രം അതിന്റെ അപ്രതിരോധ്യമായ പ്രയാണം തുടരുമ്പോഴും, ആ വിഭാഗം ജനങ്ങള്‍ , പായലു പിടിച്ച മൈല്‍ക്കുറ്റി പോലെ നിന്നിടത്ത് തന്നെ നില്‍ക്കുന്നു .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക