Image

ഒരു ന്യൂജന്‍ സിനിമയുടെ പോസ്റ്റുമോര്‍ട്ടം (നര്‍മ്മ ഭാവന: സാം നിലമ്പള്ളില്‍)

Published on 06 March, 2021
ഒരു ന്യൂജന്‍ സിനിമയുടെ പോസ്റ്റുമോര്‍ട്ടം (നര്‍മ്മ ഭാവന: സാം നിലമ്പള്ളില്‍)
മലയാള സിനിമയിലെ പുതിയ ട്രെന്‍ഡാണ് ന്യൂജനറേഷന്‍ പടങ്ങള്‍. പഴയ സിനിമയില്‍നിന്നും പുതിയതിന്റെ വ്യത്യാസം ഇതില്‍ കഥയില്ലെന്നുള്ളതാണ്., കഥയില്ലാത്തതുകൊണ്ട് കഥാകൃത്തുമില്ല. പാവം പാവം കഥാകൃത്തുക്കള്‍, ജീവിക്കാന്‍വേണ്ടി പെട്ടിക്കടയോ തട്ടുകടയോ നടത്തേണ്ടിവരും. പ്രൊഡ്യൂസറും ഡയറക്ട്ടറും ക്യാമറമാനും റൂംബോയിയും മറ്റ് അനുബന്ധികളുംകൂടി ഏതെങ്കിലും ഹോട്ടലിലിരുന്ന് ചര്‍ച്ചചെയ്ത് തിരക്കഥ (കഥയില്ലെന്ന് നേരത്തെ പറഞ്ഞല്ലോ) തയ്യാറാക്കുന്നു. പിന്നെ അരക്കെട്ട് ഇളക്കിയുള്ള സിനിമാറ്റിക്ക് ഡാന്‍സിനുതക്ക തട്ടുതകര്‍പ്പന്‍ പാട്ടുകളും., എന്റമ്മേടെ ജിമിക്കികമ്മള്‍ എന്റപ്പന്‍ കട്ടോണ്ടുപോയി.

ഞാന്‍ പൊതുവെ സിനിമ കാണാന്‍ ഇഷ്ടപ്പെടുന്നവനല്ല. സത്യന്‍ അന്തിക്കാടിനെപ്പോലുള്ള നല്ല സംവിധായകരടെ പടങ്ങളാണെങ്കില്‍ കണ്ടെന്നിരിക്കും. മമ്മുട്ടി മോഹന്‍ലാല്‍ നെടുമുടി വേണു തുടങ്ങിയ ഏതാനും നടന്മരുടെ പേരുകള്‍ മാത്രമെ എനിക്കറിയു. പുതിയവരില്‍ പലരെയും പരിചയമില്ല, ദിലീപിനെയും കുഞ്ചാക്കോ ബോബനെയും ഒഴിച്ച്. പുതിയകാലത്തെ സിനിമകള്‍ എങ്ങനെയിരിക്കും എന്നറിയാനാണ് കഴിഞ്ഞദിവസം യുട്യൂബില്‍ കിടന്നിരുന്ന ഒരുപടം കാണാമെന്ന് വിചാരിച്ചത്. ടൈറ്റിലൊക്കെ നന്നായിരുന്നു. പ്രശസ്തനടനും സംവിധായകനുമായ ഒരാളുടെ മകനാണ്  ഇതും സംവിധാനം ചെയ്തിരിക്കുന്നത്.
( സംവിധാനത്തെപറ്റി പറഞ്ഞപ്പോളാണ് പണ്ട് നാട്ടില്‍വച്ച് നടന്ന ഒരുകാര്യം ഓര്‍മവന്നത്. എന്റെ ഗ്രാമത്തിലെ സിനിമാ ആസ്വാദകരായ കുറെ ചെറുപ്പക്കാര്‍കൂടി ഒരു സിംപോസിസിയം സംഘടിപ്പിച്ചു. വിഷയം സിനിമതന്നെയായിരുന്നു. എന്നെയും അതിലൊരു അതിഥിയായി ക്ഷണിച്ചിരുന്നു. പ്രബന്ധം അവതരിപ്പിച്ച ചെറുപ്പക്കാരന് സംവിധാനമെന്ന് ഉച്ചരിക്കാന്‍ അറിയില്ലായിരുന്നു. സവിധാനമെന്നാണ് അയാള്‍ ഉടനീളം പറഞ്ഞുകൊണ്ടിരുന്നത്. സംവിധാനമെന്ന് ഞാന്‍ ഇടക്കുവെച്ച് തിരുത്തി. അന്നേരം അദ്ദേഹംപറഞ്ഞു
സാര്‍ പറഞ്ഞത് ശരിയാണ്, സവിതാനം.
ഞാന്‍ സാവധാനം അവിടെനിന്ന് ഇറങ്ങി.)

മക്കള്‍ മഹാത്മ്യം രാഷ്ട്രീയത്തിലെന്നപെലെ സിനമയിലും വിലസുകയാണല്ലോ. താരമക്കളെ മുട്ടിയിട്ട് വഴിനടക്കാന്‍ വയ്യാത്ത അവസ്ഥയാണ് മലയാളസിനിമയില്‍. താരമക്കള്‍ക്കെന്താ കുഴപ്പം, അവര്‍ കഴിവ് തെളിയിച്ചവരല്ലെയെന്ന് ഒരു സിനിമാക്കാരന്‍ ഈയിടെ പറയുന്നതുകേട്ടു. അവസരങ്ങള്‍ കിട്ടിയാല്‍ അവരെക്കാള്‍ തിളങ്ങാന്‍ കഴിവുള്ളവര്‍ വെളില്‍ നില്‍പുണ്ടെന്നുള്ളകാര്യ ഓര്‍ക്കണം. അനേകപടങ്ങളില്‍ അഭിനയിച്ച് പ്രാക്ട്ടീസ് കിട്ടിയതിനുശേഷമാണ് തരമക്കള്‍ പതുക്കെപ്പതുക്കെ തിളങ്ങാന്‍ തുടങ്ങിയത്. താരമക്കളില്‍ പെണ്‍കുട്ടികളെ സിനിമയില്‍ കാണാറില്ല. അവരെ അന്തസ്സായി സ്ത്രീധനവും കാറും നൂറ്റൊന്ന് പവനുംകൊടുത്ത് കെട്ടിച്ചുവിടാന്‍ താരങ്ങള്‍ ശ്രദ്ധിക്കാറുണ്ട്.

ഇനി ഞാന്‍ കണ്ട ന്യൂജന്‍ പടത്തിന്റെ പോസ്റ്റുമോര്‍ട്ടം നടത്താന്‍ നിങ്ങളെയും ക്ഷണിക്കുന്നു.. സിനിമയുടെ. തുടക്കംതന്നെ പുതിയതപത്തിലുള്ള അടിയോടുകൂടിയാണ് ആരംഭിക്കുന്നത്. എല്ലാത്തിലും പുതുമവേണമല്ലൊ.  മീന്‍കൊണ്ടുള്ള അടി ഞാന്‍ ആദ്യമായി കാണുകയായിരുന്നു. ആയിരംരൂപാ വിലവരുന്ന നല്ലൊരു ട്യൂണമീന്‍ വെറുതെ പാഴാക്കികളയുന്നത് കണ്ടപ്പോള്‍ മീന്‍കൊതിയനായ എനിക്ക് സങ്കടമാണ് തോന്നിയത്... അടികൊണ്ടവന്റെ മുഖവും മീനിന്റെ പള്ളയും മണ്ണെണ്ണപാട്ടയുടെമുകളില്‍ ഓട്ടോറക്ഷ കയറിയിറങ്ങിയതുപോലെ ചളുങ്ങിപ്പോയിരുന്നു. ഒരു പള്ളീലച്ചന്റെ  നേതൃത്വത്തിലാണ് അടിനടക്കുന്നത്. അച്ചന്‍ കുപ്പായം ഊരിക്കഴിഞ്ഞാല്‍ ഏതുപോക്രിത്തരം കാണിക്കാനും മടിയില്ലാത്തവനാണ്. പടത്തില്‍ ഉടനീളും അച്ചന്‍ വെടിവെയ്പ്പും മറ്റ്അതിക്രമങ്ങളും അരങ്ങേറുന്നുണ്ട്. എറണാകുളത്തെ പുണ്യാളന്‍സ് എന്ന ക്രിസ്തീയ കുടുബത്തിലെ ഏതാനും പോക്രികളുടെ സഹോദരനാണ് നമ്മുടെ അച്ചനും. മലയാളസിനിമയിലെ പ്രശസ്തനായ നടനാണ് കുടുംബനാഥന്‍. പാരമ്പര്യവും അന്തസ്സും കാത്തുസൂക്ഷിക്കുന്ന കുടുംബത്തിലെ പെണ്ണിനെ കള്ളുകടിയന്മാരും കഞ്ചാവ് വലിക്കാരുമായുള്ള ചെറ്റപ്പിള്ളാരുടെകൂടെ അരങ്ങഴിയാന്‍ വിട്ടിരിക്കയാണ് ആങ്ങളമാര്‍. അതിലൊരു പൊട്ടനെ പെണ്ണ് ഉള്ളാലെ പ്രേമിക്കുന്നുണ്ട്. അവനാണെങ്കില്‍ കള്ള് കുടിക്കുമ്പോള്‍ മാത്രമെ പ്രേമം മുളപൊട്ടു. വെളിവ് വീണുകഴിഞ്ഞാല്‍ തലേന്നുനടന്നകാര്യം മറക്കുകയും ചെയ്യും..ഇവിടെ ചാര്‍ലി ചാപ്‌ളിന്റെ സിറ്റി ലൈറ്റ്‌സ് എന്നസിനിമ ഓര്‍മ്മവരുന്നു. പ്രമേയം ഇംഗ്‌ളീഷ്‌സിനിമയില്‍നിന്ന് കട്ടതാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കഥയുടെ ആദ്യവസാനംവരം ഡസന്‍കണക്കിന് മദ്യക്കുപ്പികള്‍ പൊട്ടിക്കുകയും പാക്കറ്റ്കണക്കിന് സിഗറട്ട് വലിച്ചുതീര്‍ക്കുകയും ചെയ്യുന്നുണ്ട് ചെക്കന്മാര്‍. കള്ളുകുടിയും പുകവലിയും കുണ്ടികുലുക്കി ഡാന്‍സും പൊരിഞ്ഞ അടിയുമില്ലാതെ എന്ത് ആധുനിക സിനിമ? മതേതരത്വം കാത്തുസൂക്ഷിക്കനാണെന്ന് തോന്നുന്നു ഒരു മുസ്‌ളീംപയ്യനെയും കുടയിയന്മാരുടെ കൂട്ടത്തില്‍ കൂട്ടിയിരിക്കുന്നുത്., അവന് കഥയില്‍ പ്രത്യേകിച്ച് റോളൊന്നും ഇല്ലെങ്കിലും.
പെങ്കൊച്ചിന്റെ കല്യാണം ആങ്ങളമാരായ വില്ലന്മാരെല്ലാംകൂടി ഉറപ്പിക്കുന്നു. ഒരു പോലീസോഫീസറാണ് വരന്‍. ഇദ്ദേഹത്തിന്റെപേര് എനിക്കറിയില്ല. ആട് എന്നസിനിമയില്‍ സര്‍ബത്ത് ഷമീര്‍  എന്ന എസ്സൈയുടെ വേഷം ഇദ്ദേഹം ഭംഗിയായി ചെയ്തിട്ടുണ്ട്. പേരറിയാന്‍ വയ്യാത്തതുകൊണ്ട് ഇദ്ദേഹത്തെ തുടര്‍ന്നും ഷര്‍ബത്ത് ഷമീറെന്ന് വിളിക്കുന്നതിലുള്ള അപാകത വായനക്കാര്‍ ക്ഷമിക്കുമെന്ന് കരതുന്നു. ഈ സനിമയില്‍ അദ്ദേഹത്തിന് നമ്മുടെ പെണ്ണിനെ കെട്ടാന്‍വരുന്ന പോലീസുകാരന്റെ വേഷമല്ലാതെ പ്രത്യേകിച്ച് റോളൊന്നുമില്ല.

കല്യാണതലേന്നാണ് പെണ്ണ് കൂട്ടുകാരായ കുടിയന്മാര്‍ക്ക് ഒരു മദ്യസല്‍ക്കാരം നടത്തുന്നത്. കുടിച്ചുപൂസായ നമ്മുടെ കഥാനായകന്‍ തെണ്ടിയോട് പെണ്ണ് തന്റെപ്രേമം വെളിപ്പെടുത്തുന്നു. അതിന് പറ്റിയരംഗം കക്കൂസാണെന്ന് മനസിലാക്കിയ അവള്‍ അവനെ അങ്ങോട്ട് കൂട്ടിക്കൊണ്ടുപോയാണ് ഡിക്‌ളറേഷന്‍ നടത്തുന്നത്. പ്രേമത്തിന്റെ ഏബിസീഡി അറിയാന്‍ വയ്യാത്ത തെണ്ടിക്ക് ഒരുമ്മയുംകൊടുത്തിട്ടാണ് പെണ്ണ് കക്കൂസില്‍നിന്ന് ഇറങ്ങുന്നത്. അടുത്തദിവസം സര്‍ബത്ത് ഷമീറുമായുള്ള വിവാഹമാണ്. പെണ്ണ് പോയിക്കഴിഞ്ഞപ്പോളാണ് കഥാനായകന്‍ തെണ്ടിക്ക് അവള്‍കൊടുത്ത ഉമ്മയുടെ ചൂട് ശരിക്കും അനുഭവപ്പെടുന്നത്.
അവന്‍ തന്റെകൂട്ടുകാരായ മറ്റ് കള്ളുകുടിയന്മാരോട് തന്റെ സങ്കടം വെളിപ്പെടുത്തുന്നു. കഥാനായകന്‍ തെണ്ടിയുടെ ദുഃഖം തങ്ങളുടെയും കൂടിയാണെന്ന് അറിയാവുന്ന കുടിയന്മാര്‍ പെണ്ണിനെ അവളുടെ വീട്ടില്‍ചെന്ന് പൊക്കാന്‍ തീരുമാനിക്കുന്നു. അവിടെചന്നപ്പോള്‍ ആണുംപെണ്ണുമെല്ലാം കള്ളുകുടിച്ച് വാതിലുംതുറന്നിട്ട് മയക്കത്തിലാണ്. ഇവര്‍ നാലഞ്ചുപേരുകൂടി അവിടെക്കിടന്ന് ബഹളംവെച്ചിട്ടും പെണ്ണിന്റെ ആങ്ങളമാരായ പോക്രികളോ അവിടുള്ള പെണ്ണുങ്ങളോ ആരുംതന്നെ ഉണര്‍ന്നില്ല എന്ന് സംവിധായകന്‍ പറയുന്നത് നമുക്ക് വിശ്വസിക്കാം.. നമ്മുടെ കഥാനായികയെ വിളിച്ചുണര്‍ത്തി (അവള്‍മാത്രം ആവീട്ടില്‍ കുടിച്ചിട്ടുണ്ടായിരുന്നില്ല) തന്റെ പ്രേമവിവരം കാമുകന്‍തെണ്ടി പ്രഖ്യാപിക്കുന്നു. അവന്റെ വീട്ടിലെ കക്കൂസില്‍വച്ച് തന്റെപ്രേമം വെളിപ്പെടുത്തിയിട്ടും അന്നരം പ്രതികരിക്കാഞ്ഞതിലുള്ള പരിഭവം രേഖപ്പെടുത്തിയെങ്കിലും അവന്‍കൂടെപോകാന്‍ അവള്‍ തീരുമാനിക്കുകയാണ്.

കല്യാണ പ്രഭാതത്തില്‍ പെണ്ണിനെ കാണാതെപോയാലുള്ള പൂരം ഊഹിക്കാവുന്നതല്ലേയുള്ളു. പ്രത്യേകിച്ചും എന്തിനുംപോന്ന മൂന്ന് ആങ്ങളമാരും നമ്മുടെ പോക്രി അച്ചനും പെങ്ങളെ അന്വേഷിച്ച് ഇറങ്ങിയാലുള്ള അവസ്ഥ. പിന്നീടാണ് കഥ അതിന്റെ പാരമ്യത്തിലേക്ക് നീങ്ങുന്നത്. കള്ളിന്റെകെട്ട് അടങ്ങിയപ്പോള്‍ കാമുകന്‍ തെണ്ടിക്ക് കോമണ്‍സെന്‍സ് ഉദിക്കുന്നു. നാലുകാശിന് വകയില്ലാത്ത ഇവനെങ്ങനെ വലിയവീട്ടില്‍ വളര്‍ന്ന പെണ്ണിനെ പോറ്റും? തന്നെയുമല്ല തലേരാത്രിയില്‍ നടന്ന സംഭവങ്ങളൊന്നും അവന് ഓര്‍മ്മയുമില്ല. തിരികെപ്പോയി പോലീസുകാരന്റെകൂടെ പൊറുക്കാന്‍ അവന്‍ നിഷ്കരുണം ആവശ്യപ്പെടുന്നു. കാമുകന്‍ തിരസ്കരിച്ചിട്ടും പെണ്ണ് തിരികെപ്പോകാന്‍ കൂട്ടാക്കുന്നില്ല. അതാണ് നമ്മള്‍ കണ്ടുപഠിക്കേണ്ട ശരിക്കുള്ള പ്രേമം. ജീവന്‍വെടിയേണ്ടിവന്നാലും കാമുകന്‍ തെണ്ടിയുടെകൂടെ അചഞ്ചലമായി നിലകൊള്ളുമെന്ന്  കൂട്ടുകാരായ കള്ളുകുടിയന്മാര്‍..

പോക്രിയച്ചന്റെ നേതൃത്വത്തില്‍ പുണ്യാളന്‍ സഹോദരന്മാര്‍ നഗരത്തിന്റെ നാനാകോണിലും കാമുകനും പെണ്ണിനുംവേണ്ടി വലവീശുന്നു. എറണാകുളത്തെ എല്ലാ റൗഡികളും പോലീസും അവരുടെ സഹായത്തിനുണ്ട്. എങ്ങനെയെങ്കിലും നഗരത്തിന് വെളിയില്‍കടന്നാല്‍ പിന്നെ തങ്ങള്‍ ഭിക്ഷതെണ്ടിയായാലും ജീവിച്ചുകൊള്ളമെന്നാണ് കാമുകനും കൂട്ടുകാരും അവരെ അറസ്റ്റുചെയ്ത സര്‍ബത്തിനോട് പറയുന്നത്. അനശ്വരപ്രേമത്തില്‍ ഗാഢമായി വിശ്വസിക്കുന്ന ഷമീറെന്ന പോലീസ് ഇന്‍സ്‌പെക്ട്ടര്‍ അവര്‍ക്ക് രക്ഷപെടാനുള്ള വഴിയൊരുക്കുന്നു. എന്നാല്‍ പുണ്യാളന്മാരായ ആങ്ങളമാര്‍ അവരെ കൊച്ചിക്കായലില്‍വെച്ച് വളയുന്നു. രക്ഷപെടാന്‍ മാര്‍ഗമില്ലാതെ കാമുകനും കാമുകിയും വെള്ളത്തില്‍ ചാടുന്നു. വെള്ളത്തില്‍ കിടന്ന് അവനും അവളും പരസ്പരം ഉമ്മവച്ച് മരിക്കുന്നു.

അങ്ങനെ കഥ അവസാനിച്ചല്ലോയെന്ന് നമ്മള്‍ ആശ്വസിച്ചിരിക്കുന്ന സമയത്താണ് സെമിത്തേരിയിലെ രണ്ട് കല്ലറകള്‍ക്കുമുന്‍പില്‍നിന്ന് പുണ്യാളന്മാര്‍ പ്രാര്‍ഥിക്കുന്നത് കാണുന്നത്. അത് കാമുകന്‍തെണ്ടിയുടെയും പെണ്ണിന്റെയുമാണെന്ന് നമ്മള്‍ തെറ്റിദ്ധരിക്കുന്നു. പക്ഷെ, പോക്രികളായ പുണ്യാളന്മാരുടെ മദ്ധ്യത്തില്‍ നമ്മുടെ തെണ്ടിച്ചെറുക്കനും പെണ്ണും കല്യാണവേഷവും ധരിച്ച് നില്‍കുന്നത് കാണുമ്പോളാണ് നമ്മളെ അവര്‍ വിഢികളാക്കിയല്ലോയെന്ന് മനസിലാകുന്നത്. എന്തെല്ലാം മറിമായങ്ങളാണ് ഈ ന്യൂജെന്മാര്‍ കാണിക്കുന്നത് എന്നോര്‍ത്ത് നമ്മള്‍ പഴമക്കാര്‍ അത്ഭുതപ്പെട്ട് നമ്മള്‍ കൊട്ടകയില്‍നിന്ന് ഇറങ്ങുന്നു. ശുഭം.

സാം നിലമ്പള്ളില്‍
samnilampallil@gmail.com


Join WhatsApp News
ഉള്ളിലെ കുരങ്ങൻ 2021-03-06 11:14:18
എല്ലാവർക്കും അറിവിൻറ്റെ കനി തിന്നുവാനുള്ള അവസരം ലഭിച്ചിട്ടില്ല. നമ്മൾ ജനിച്ച കുടുംബം, നമ്മുടെ മാതാപിതാക്കൾ ഇവയാണ് തുടക്കത്തിൽ നമ്മളെ രൂപപ്പെടുത്തുന്നത്. നമ്മൾ വളരുന്ന സമൂഹം, കൂട്ടുകാർ, അധ്യാപകർ, ഇണ-ഇവയൊക്കെ നമ്മുടെ വ്യക്തിത്വം രൂപപ്പെടുത്തുന്ന ഘടകങ്ങൾ ആണ്. മനുഷ്യൻ ജീവശാസ്ത്രപരമായി പ്രൈമേറ്റ് വർഗ്ഗത്തിൽ പെട്ട ഒരു മൃഗമാണ്. ആ മൃഗത്തിന്റെ അടിസ്ഥാന സ്വഭാവവും പ്രവണതകളും മനസ്സിലാക്കാതെ ഓരോരോ പ്രത്യയശാസ്ത്രോം തത്വസംഹിതേം സിസ്റ്റങ്ങളും പടച്ചു വിട്ട്, അതിന്റെയൊക്കെ പിൻബലത്തിൽ ഇവിടെ ഇപ്പൊൾ സ്വർഗം വരും എന്നും പറഞ്ഞു കുത്തിയിരിക്കുന്നത് എത്ര വലിയ ഊളത്തരമാണ് എന്ന്‌ നമ്മള് മനസ്സിലാക്കുന്നത് വരെ ഇവിടുത്തെ കാര്യങ്ങള് ഇങ്ങനൊക്കെ തന്നെയേ നടക്കൂ. സ്പടികം സിനിമയിൽ കുട്ടി [മോഹൻലാൽ] പ്രതിഭയെ നശിപ്പിക്കുന്നത് അല്പജ്ഞാനി കണക്കുമാസ്റ്റർ [തിലകൻ] ആണ്. ചാക്കോ മാഷിന് തെറ്റി, ലോകത്തിന്റെ സ്പന്ദനം മാത്തമാറ്റിക്സിൽ അല്ല. പ്രപഞ്ചം മാത്തമാറ്റിക്കൽ ആയിരിക്കാം പക്ഷെ മനുഷ്യരും മറ്റു ജീവ ജാലങ്ങളും സുവോളജിക്കലാണ്. അതായതു നമ്മൾ എത്ര വളർന്നാലും എത്ര മിടുക്കൻ ആയാലും, എത്ര വിദ്യാഭ്യാസം നേടിയാലും നമ്മടെയൊക്കെ ഉള്ളിലൊള്ള കൊരങ്ങച്ചൻ ഇന്നും മരം ചാടി, പല്ല് ഇളിച്ചു, പള്ള ചൊറിഞ്ഞു കൊഞ്ഞനം കുത്തുന്നവൻ ആണ്. കുരങ്ങന് വേണ്ടത് എന്നതാന്ന് വച്ചാ അത് കൊടുത്തിട്ടേ ബാക്കിയൊള്ള വേണ്ടാതീനത്തിനൊക്കെ എറങ്ങി തിരിക്കാവൂന്ന് തോന്നിയാലും ഉള്ളിലെ കുരങ്ങൻ അടങ്ങുകില്ല. അതുകൊണ്ടാണ് നമ്മുടെ നേതാവ് സ്റ്റേജിൽ കയറി അംഗ വൈകല്യം ഉള്ള റിപ്പോർട്ടറെ അനുകരിച്ചപ്പോളും മറ്റുള്ളവരെ തോന്നുന്ന പരിഹാസപ്പേര് വിളിച്ചപ്പോൾ നമ്മൾ ചിരിക്കുകയും കൈ അടിക്കുകയും വീണ്ടും അയാൾക്കുതന്നെ വോട്ട് ചെയ്യുകയും ചെയ്‌തത്‌. പ്രൈമറി സ്‌കൂളിലെ ബുള്ളിയെ നമ്മളും അനുകരിക്കുന്നു. പരിഹാസ കമൻറ്റുകൾ എഴുതി സുഖിക്കുന്നു. പല പേരിൽ എഴുതിയാലും ഉള്ളടക്കം ഒന്ന് തന്നെ. ഇത് നമ്മുടെ കുറ്റം അല്ല രണ്ടര മില്യൺ വർഷങ്ങൾക്കു മുമ്പ് നമ്മൾ ചിമ്പാൻസിയിൽ നിന്നും വേർ പിരിഞ്ഞു പരിണമിച്ചു. പരിണാമം പല സ്ഥലങ്ങളിലും പല സ്പീഡിൽ ആയിരുന്നു. എന്നാൽ ബയോളൊജിക്കൽ ആയി നമ്മൾ ഒരുപോലെയൊക്ക ഇരിക്കുമെങ്കിലും ഇവിടെ പ്രശ്നക്കാരൻ നമ്മുടെ തലച്ചോർ തന്നെ. പലരുടെയും ബുദ്ധി വികാസം പല സ്പീഡിൽ ആണ്. എല്ലാവരും സംസ്ക്കാരം ഉള്ളവർ ആയിരിക്കണം, സഭ്യമായി പെരുമാറണം എന്നൊക്കെ നമുക്ക് തോന്നുന്നത് നമ്മുടെ അറിവില്ലായ്മ്മ ആണ്. 'മിസ്സിംഗ് ലിങ്' അങ്ങനെയൊന്നില്ല. സൂക്ഷിച്ചു നോക്കു, നമ്മൾ തന്നെയാണ് മിസിങ് ലിങ്. -ചാണക്യൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക