Image

സന്തോഷം അളക്കുന്ന ദൈവത്തിന്റെ  മുറി (മൃദുല രാമചന്ദ്രൻ)

Published on 11 March, 2021
സന്തോഷം അളക്കുന്ന ദൈവത്തിന്റെ  മുറി (മൃദുല രാമചന്ദ്രൻ)

ദൈവത്തിന്റെ വീട്ടിൽ തീർച്ചയായും മനുഷ്യർക്ക് സന്തോഷം അളന്ന് കൊടുക്കുന്ന ഒരു മുറി ഉണ്ടായിരിക്കണം. നിങ്ങൾ വിചാരിക്കുന്നുണ്ടാകും അതൊരു വെളിച്ചവും, കാറ്റും നിറഞ്ഞ മുറിയാണെന്ന്, എന്നാൽ അല്ല. അത് താഴ്ന്ന മേൽക്കൂരയും, വളരെ ചെറിയ ഒരു ജനാലയും ഉള്ള , അധികവും ഇരുട്ട് പുരണ്ടു കിടക്കുന്ന ഒരു മുറിയാണ്.അതിന്റെ ഒരറ്റത്ത് സന്തോഷങ്ങൾ തൂക്കിയളന്ന് തേഞ്ഞു പോയ ഒരു ത്രാസ് ഉണ്ട്.
മനുഷ്യർക്ക് സന്തോഷം അളന്ന് കൊടുക്കുന്ന ദിവസങ്ങളിൽ ,അതിരാവിലെ അവിടെ ജോലി തുടങ്ങും.ഏറ്റവും കണിശക്കാരായ, വല്ലപ്പോഴും മാത്രം ചിരിക്കുന്ന ജോലിക്കാരെയാണ് സന്തോഷം തൂക്കാൻ ദൈവം നിയോഗിക്കുക. ഭൂമിയിലുള്ള കാക്കത്തൊള്ളായിരം മനുഷ്യരും എനിക്ക് വേണം, എനിക്ക് വേണം, എനിക്ക് ഇനിയും വേണം എന്ന് വിളിച്ചു പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന ഒന്നിനെ സൂക്‌ഷ്മമായി അളന്ന് തന്നെ കൊടുക്കേണ്ടതുണ്ടല്ലോ....
എത്ര വിഭിന്നവും, വിചിത്രവും ആയ രീതിയിൽ ആണ് മനുഷ്യർ സന്തോഷത്തെ നിർവചിക്കുന്നത് എന്ന് കണ്ട് ദൈവം തന്നെ പലപ്പോഴും അന്തം വിട്ട് പോയിട്ടുണ്ട്. ലോകം മുഴുവൻ ചുറ്റി കറങ്ങുന്നത് ആണ് ചിലർക്ക് സന്തോഷം എങ്കിൽ, മൂടി പുതച്ചു കിടന്ന് ഉറങ്ങുന്നത് ആണ് മറ്റ് ചിലർക്ക് സന്തോഷം. പണമുണ്ടാക്കി പൂട്ടി വയ്ക്കുന്നത് ആണ് ചിലരുടെ സന്തോഷം എങ്കിൽ, പണം വാരി കോരി ചിലവാക്കുന്നത് ആണ് മറ്റ് ചിലരുടെ സന്തോഷം. എല്ലാ ചുമതലകളും തലയിൽ കേറ്റി വയ്ക്കുന്നത് ആണ് ചിലർക്ക് സന്തോഷം, ഒരു ഉത്തരവാദിത്വവും ഇല്ലാത്ത അപ്പൂപ്പൻ താടികൾ ആകുന്നത് ആണ് ചിലർക്ക് സന്തോഷം. ഇവർക്ക് വിതരണം ചെയ്യുന്ന സന്തോഷപൊതികൾ എങ്ങാനും മാറി പോയാൽ , സന്തോഷത്തിന് പകരം ദുഃഖമാണ് ഉണ്ടാകുക.അത് കൊണ്ട് അത്ര കരുതലോടെ വേണം സന്തോഷ പൊതികൾ വിതരണം ചെയ്യാൻ. അതിനാൽ തന്നെ, സദാ വലിഞ്ഞു മുറുകിയ അന്തരീക്ഷത്തിൽ ആണ് സന്തോഷത്തിന്റെ വിതരണം ഉണ്ടാകുക.
തീർത്തും വിപരീതമായി സന്തോഷങ്ങൾ ആവശ്യപ്പെടുന്ന മനുഷ്യർ ആണ് മറ്റൊരു തലവേദന.ഉദാഹരണത്തിന് , കള്ള് കുടിയൻ ആയ ഒരാൾ സദാ ആ ലഹരിയുടെ സന്തോഷം ആഗ്രഹിക്കുമ്പോൾ, അയാളുടെ കുടുംബത്തിന് ആകട്ടെ അയാൾക്ക് ആ ലഹരി കിട്ടാതെയിരിക്കുന്നത് ആണ് സന്തോഷം.നല്ല തിരക്കുള്ള ഒരു ബസ് ഇനി അടുത്ത സ്റ്റോപ്പിൽ നിർത്തി ആളെ കേറ്റാതിരിക്കുന്നത് ആണ് ആ ബസിനുള്ളിലെ ആളുകളുടെ സന്തോഷം എങ്കിൽ, ആ ബസ് നിർത്തി അതിൽ കാല് കുത്താനുള്ള ഇടമെങ്കിലും കിട്ടുന്നത് ആണ് ബസ് സ്റ്റോപ്പിൽ നിൽക്കുന്ന ആളുകളുടെ സന്തോഷം. എങ്ങനെ അളന്ന് കൊടുത്താലും പഴി ഉറപ്പുള്ള ഒരു പണിയാണ് തങ്ങൾ ചെയ്യുന്നത് എന്ന് തിരിച്ചറിവുള്ളത് കൊണ്ട്, വേറെ ഏതെങ്കിലും ഇടത്തേക്ക് സ്ഥലമാറ്റം കിട്ടണമെന്ന് ആഗ്രഹിക്കുന്നവർ ആണ് ഇവിടത്തെ ജോലിക്കാർ.ദുഃഖം അളക്കുന്ന മുറി ഇതിനേക്കാൾ ഭേദം ആണെന്ന് ആണ് അവർ കരുതുന്നത്.കാരണം , അവിടെ ഒരു ദുഃഖത്തിനെക്കാൾ വലിയ ഒരു ദുഃഖം എല്ലായ്പ്പോഴും ചൂണ്ടി കാണിക്കാൻ ഉള്ളത് കൊണ്ട്, തങ്ങൾക്ക് ആ ദുഃഖം വന്ന് ഭവിച്ചില്ലല്ലോ എന്ന് മനുഷ്യർ ആശ്വാസം കണ്ടെത്തും.ഉദാഹരണത്തിന്, ഒരു അപകടത്തിൽ പെട്ട് ഒട്ടനവധി മുറിവും, വേദനയും ഉണ്ടായാലും മരിച്ചില്ലല്ലോ എന്ന് ആശ്വസിക്കും.പക്ഷെ ഇങ്ങനെയല്ല സന്തോഷത്തിന്റെ കാര്യം, നൂറ് രൂപയുടെ സന്തോഷം കൊടുത്താൽ ഉടനെ ആയിരത്തിന്റേത് കിട്ടിയില്ലല്ലോ എന്ന സങ്കടം ആണ്.ഉണ്ണാത്തവന് ഇല കിട്ടാഞ്ഞിട്ട്, ഉണ്ടാവന് പായ കിട്ടാഞ്ഞിട്ട് എന്ന് കേട്ടിട്ടുള്ളത് തന്നെ....
ദുഃഖം എങ്ങനെ കൊടുക്കുന്നു എന്ന് അത്രയൊന്നും ശ്രദ്ധിക്കാത്ത ഉദാരനായ ദൈവം ആകട്ടെ, സന്തോഷം അളന്നു തൂക്കുന്ന കാര്യത്തിൽ അതീവ കണിശക്കാരൻ ആണ്.അതിന്റെ കാര്യത്തിൽ കൃത്യമായ ചില നിയമങ്ങളും, നൂലാമാലകളും ഉണ്ട്.അതിനെ പറ്റി ഒരു തടിയൻ പുസ്തകം തന്നെയുണ്ട്.ചില മനുഷ്യർക്ക് ഒരു സന്തോഷം കൊടുക്കുമ്പോൾ, അപ്പോൾ തന്നെ അവർ അനുഭവിക്കുന്ന ഒരു സന്തോഷം തിരിച്ചു എടുത്ത് തട്ട് തുല്യമാക്കി വയ്ക്കണം. ഹായ്, മഴ വന്നൂലോ എന്ന് സന്തോഷിക്കാൻ തുടങ്ങുമ്പോൾ തന്നെ, അയ്യോ പുറത്ത് തുണി വിരിച്ചിട്ടുണ്ടല്ലോ, അത് നനയും അല്ലോ എന്ന് അവരെ ഓർമിപ്പിക്കണം.
മറ്റ് ചിലർക്ക് ആകട്ടെ കൃത്യമായ ഇടവേളകളിൽ, മരുന്ന് കൊടുക്കുന്നത് പോലെ സൂക്ഷ്മതയോടെ കൊടുക്കണം സന്തോഷം. കൂടാനും പാടില്ല, കുറയാനും പാടില്ല.നേരത്തെയും കൊടുക്കാൻ പാടില്ല, ഒട്ടും വൈകാനും പാടില്ല.വേറെ ചിലർക്ക് അത് ഒരു ഇടവേളയും കൂടാതെ കൊടുക്കണം.നിർത്താനെ പാടില്ല.ഇതിന്റെ ഒക്കെ പിന്നിലുള്ള ശാസ്ത്രവും, യുക്തിയും എന്തെന്ന് ചോദിക്കാനും പാടില്ല.അത് ജന്മങ്ങളെ കൂട്ടിത്തൊട്ടുള്ള ഏതോ വഴിയാണ്..
ആഴ്ചയിൽ രണ്ടോ, മൂന്നോ ദിവസം തുരുമ്പിച്ച താക്കോൽ കൊണ്ട് ആ ചെറിയ മുറി തുറക്കും.അപ്പോൾ, ഭൂമിയിൽ ഉള്ള മനുഷ്യർ ആകെ എന്തിനെന്ന് അറിയാതെ ആകാശത്തേക്ക് നോക്കും....അപ്പോൾ ചിലർക്ക് നേരെ മേഘത്തുണ്ടുകളായി, മഞ്ഞു തുള്ളികളായി, മഴ നൂലായി, വെയിൽ നുരയായി സന്തോഷം വരികയായിരിക്കും....

സന്തോഷം അളക്കുന്ന ദൈവത്തിന്റെ  മുറി (മൃദുല രാമചന്ദ്രൻ)
Join WhatsApp News
american malayalee 2021-03-12 22:55:56
നല്ല സുവിശേഷം....സന്തോഷവും ദുഖവും പകുതി ദൈവവും പകുതി മനുഷ്യരും ഉണ്ടാക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക