Image

രക്തം കട്ടപിടിക്കുന്നു; ഓക്‌സ്ഫഡ് വാക്‌സീന്റെ ഉപയോഗം കൂടുതല്‍ രാജ്യങ്ങള്‍ നിര്‍ത്തുന്നു

Published on 16 March, 2021
രക്തം കട്ടപിടിക്കുന്നു;  ഓക്‌സ്ഫഡ് വാക്‌സീന്റെ ഉപയോഗം കൂടുതല്‍ രാജ്യങ്ങള്‍ നിര്‍ത്തുന്നു
ലണ്ടന്‍: വാക്‌സിനേഷനിലൂടെ കോവിഡിനെതിരെ മാനവരാശി വിജയം നേടുമ്പോള്‍, ലോകത്ത് ഏറ്റവും കൂടുതല്‍ വിതരണം ചെയ്യുന്ന ഓക്‌സ്ഫഡ്-ആസ്ട്രാ-സെനിക്ക വാക്‌സീന്റെ ഉപയോഗം, താല്‍കാലികമായി നിര്‍ത്തിവയ്ക്കുകയാണ് പല യൂറോപ്യന്‍ രാജ്യങ്ങളും. ഈ വാക്‌സീന്‍ സ്വീകരിച്ച ചിലരില്‍ രക്തം കട്ടപിടിക്കുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇറ്റലിയും ജര്‍മ്മനിയും ഫ്രാന്‍സും അടക്കമുള്ള രാജ്യങ്ങള്‍ വാക്‌സീന്‍ വിതരണം താല്‍കാലികമായി നിര്‍ത്തിയത്.

എന്നാല്‍ വാക്‌സീനെതിരായ ഈ ആരോപണത്തിന് മതിയായ തെളിവുകളില്ലെന്നാണ് ആസ്ട്രാ- സെനിക്ക കമ്പനിയും യൂറോപ്യന്‍ റഗുലേറ്റേഴ്‌സും പ്രതികരിക്കുന്നത്. ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒറ്റപ്പെട്ട പാര്‍ശ്വഫലങ്ങള്‍ വാക്‌സീന്റേതാണെന്നതിന് വ്യക്തമായ തെളിവില്ലെന്ന് ലോകാരോഗ്യ സംഘടനയും പറയുന്നു. എന്നാല്‍ യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സിയുടെ തീരുമാനം അനുസരിച്ചാകും ഇനി ഈ രാജ്യങ്ങള്‍ വാക്‌സീന്‍ വിതരണം പുനരാരംഭിക്കുക.

മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വാക്‌സീന്‍ വിതരണം നിര്‍ത്തിവയ്ക്കരുതെന്ന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ലോകരാജ്യങ്ങളോട് അഭ്യര്‍ഥിച്ചു. രക്തം കട്ടപിടിക്കുന്നതായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ട കേസുകളും വാക്‌സീനും തമ്മില്‍ ബന്ധമുണ്ടോയെന്നതിന് തെളിവില്ലെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. സംഘടനയുടെ സുരക്ഷാവിദഗ്ധര്‍ ഇന്ന് ഇക്കാര്യം ചര്‍ച്ചചെയ്യാനായി അടിയന്തര യോഗം ചേരും.

ഡെന്മാര്‍ക്കാണ് ആദ്യം ആസ്ട്ര സെനിക്ക വാക്‌സിന്റെ വിതരണം നിര്‍ത്തിയത്. തൊട്ടുപിന്നാലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാര്‍ക്കോണും ഇറ്റലി, ജര്‍മ്മന്‍ സര്‍ക്കാരുകളും സമാനമായ തീരുമാനവുമായി രംഗത്തെത്തി. യൂറോപ്യന്‍ രാജ്യങ്ങള്‍ എന്തു തീരുമാനിച്ചാലും ബ്രിട്ടന്‍ വാക്‌സിനേഷന്‍ പ്രോഗ്രാമുമായി മുന്നോട്ടുതന്നെ പോകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി.

ഇന്ത്യയിലെ സീറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിര്‍മിച്ച മില്യണ്‍ കണക്കിന് ഡോസ് ഓക്‌സ്‌ഫെഡ്- ആസ്ട്രാ സെനീക്ക വാക്‌സീനുകള്‍ വരുംദിവസങ്ങളില്‍ ബ്രിട്ടനിലേക്ക് എത്താനിരിക്കെയാണ് ഓക്‌സ്‌ഫെഡ് വാക്‌സീന്റെ പാര്‍ശ്വഫലങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക