Image

താമര കുമ്പിളിലല്ല മമ ഹൃദയം: മുരളി--ശിവന്‍കുട്ടി ഏറ്റുമുട്ടലില്‍ കുമ്മനം ബലിയാടാകും (കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 20 March, 2021
താമര കുമ്പിളിലല്ല മമ ഹൃദയം: മുരളി--ശിവന്‍കുട്ടി ഏറ്റുമുട്ടലില്‍ കുമ്മനം ബലിയാടാകും (കുര്യന്‍ പാമ്പാടി)

വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനെ തോല്‍പ്പിച്ച ചരിത്രമുള്ള കെ മുരളീധരന് നേമത്ത് ഒരു ഭീതിയുമില്ല.  അച്ഛന്‍ കെ. കരുണാകരന്‍ നേമത്ത് ജയിച്ചകാലത്ത് കോണ്‍ഗ്രസിന്റെ കോട്ടയായിരുന്നു അവിടം. ആ മണ്ഡലത്തെ പഴയ പ്രതാപത്തിലേക്കു കൂട്ടികൊണ്ടു വരികയാണ് ആ പടത്തലവന്റെ ശപഥം.

കോണ്‍ഗ്രസില്‍ നിന്ന് പടിപടിയായി വോട്ടര്‍മാരെ അടര്‍ത്തിയെടുത്ത് ഏക എംഎല്‍എ ആയി  രാജഗോപാലിനെ നിയമസഭയിലെത്തിച്ച ബിജെപി, നേമം കേരളത്തിന്റെ ഗുജറാത്ത് ആണ് എന്ന്കൂടെക്കൂടെ പറയാറുണ്ട്. അതിനു തിരിച്ചടി നല്‍കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം അങ്ങിനെ രാജ്യ ശ്രദ്ധ ആകര്‍ഷിക്കുന്നു.
 
'കരുണാകരന്റെ മകനായ മുരളീധരന്‍ ഏറ്റവും മികച്ച സ്ഥാനാര്‍ഥിയാണ്,' എന്ന് ഒ.രാജഗോപാല്‍ വരെ പറഞ്ഞൊഴിഞ്ഞ സ്ഥിതിക്ക് ഒരിക്കല്‍ തന്നെ തോല്‍പ്പിച്ച ചരിത്രമുള്ള മുരളീധരന്‍ ഏറ്റവും പ്രബലനായ എതിരാളി ആയിരിക്കുമെന്ന കാര്യത്തില്‍ കുമ്മനത്തിനു സംശയാമില്ല.

ആകെയുള്ള 19 ലക്ഷം വോട്ടര്‍മാരില്‍ 67.1 ശതമാനം ഹിന്ദുക്കളാണ്. 35.1  ശതമാനം നായന്മാര്‍, 15 ശതമാനം ഈഴവര്‍, 17..9 ശതമാനം  മുസ്ലിങ്ങള്‍. 15 ശതമാനം ക്രിസ്ത്യാനികള്‍. സ്ഥാനാര്‍ത്ഥികള്‍ മൂവരും ഉന്നത ഹിന്ദുക്കള്‍ ആയതിനാല്‍  ന്യൂനപക്ഷവോട്ടുകള്‍ നിര്‍ണായകമാകും. 'ഏതായാലും നേമത്ത്  . ആര് ജയിച്ചാലും നേരിയ  ഭൂരിപക്ഷത്തിനാകും,' ഇന്‍ഡ്യാ ടുഡേയിലെ  ജീമോന്‍  ജേക്കബ് പ്രവചിക്കുന്നു.    

ഇന്ത്യ ഉറ്റു നോക്കുന്ന കുരുക്ഷേത്രയുദ്ധമാണ് നേമത്ത് നടക്കുന്നതെന്നു ഉറപ്പാണ്. കേരളത്തില്‍ നടക്കുന്ന യുദധം രാജ്യത്തിന്റെ ഗതിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകം ആണെന്ന് ദി ഹിന്ദു പത്രം മുഖ പ്രസംഗം എഴുതി.  

മുരളി വിജയിച്ചു വന്നാല്‍ ഗ്രൂപ് വഴക്കുകള്‍ കൊണ്ട് നട്ടം തിരിയുന്ന കോണ്‍ഗ്രസില്‍ പുതിയൊരു  സൂര്യോദയം ഉണ്ടാകുമെന്നു വിശ്വസിക്കുന്ന ഒരുപാട് കോണ്‍ഗ്രസ്‌കാരുണ്ട്. തലമൂത്ത നേതാക്കള്‍ വഴിമാറി നേതൃത്വം മുരളിക്ക് നല്‍കണം.  ഒരുപക്ഷെ അത് യാഥാര്‍ഥ്യം ആകാനും മതി.

ചരിത്രം നോക്കുക. 1977, 80. 82 തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി കോണ്‍ഗ്രസിനെ വിജയിപ്പിച്ച മണ്ഡലമാണ് നേമം. എസ് വരദരാജന്‍ നായര്‍, ഇ.  രമേശന്‍ നായര്‍, കെ.കരുണാകരന്‍ എന്നിവര്‍ ജയിച്ചു.

പക്ഷെ അടുത്ത മൂന്ന് തെരഞ്ഞെടുപ്പുകളില്‍ സിപിഎം ജയിച്ചു. രണ്ടാം കിടക്കാരെ ഇറക്കി കോണ്‍ഗ്രസ് ഭാഗ്യ പരീക്ഷണം നടത്തി എന്നതാണ് സത്യം. പിന്നീട് രണ്ടു തവണ കോണ്‍ഗ്രസിലെ എന്‍ ശക്തന്‍ വിജയം കൊയ്തു. ഒടുവില്‍ സിപിഎമ്മിലെ വി. ശിവന്‍കുട്ടിയും ബിജെപിയിലെ ഒ.  രാജഗോപാലും തമ്മിലായി ഏറ്റുമുട്ടല്‍.

2011ല്‍ വി ശിവന്‍കുട്ടി 50076 വോട്ടു നേടി ജയിച്ചപ്പോള്‍ 43,661 വോട്ടു മെഡി ഒ. രാജഗോപാല്‍  രണ്ടാം സ്ഥാനത്തെത്തി. യുഡിഎഫിലെ ചാരുപാറ രവി 20248 വോട്ടോടെ മൂന്നാം സ്ഥാനത്തായി.

ബിജെപിയെ സംബന്ധിച്ചിടത്തോളം 2016 ചരിത്ര പ്രധാനം ആയി. അവരുടെ ഒ.. രാജഗോപാല്‍ 67,813 വോട്ടുനേടി കേരളത്തില്‍ ബിജെപിയുടെ അക്കൗണ്ട് തുറന്നു.  ശിവന്‍കുട്ടി 59,142 വോട്ടു നേടിയപ്പോള്‍  യുഡിഎഫിലെ വി. സുരേന്ദ്രന്‍ പിള്ള 13,860 വോട്ടിനു മൂന്നാം സ്ഥാനത്തായി.

1967ല്‍ പാറപ്പുറത്തിന്റെ 'അന്വേഷിച്ചു കണ്ടെത്തിയില്ല' എന്ന ചിത്രത്തില്‍ ആണ് 'താമരപ്പൂവില്ലല്ലോ മമ ഹൃദയം' എന്ന ഗാനം എസ്. ജാനകി പാടുന്നത്. പി ഭാസ്‌കരന്റെ രചന, എംഎസ് ബാബുരാജിന്റെ സംഗീതം. ചിത്രവും ഗാനവും വാന്‍ ഹിറ്റായി.

അത് ഓര്‍മ്മിച്ചുകൊണ്ടാണ് ബിജെപി ചിഹ്നമായ 'താമരക്കുമ്പിളിലല്ല മമ ഹൃദയം' എന്ന് മുരളി പറയുന്നത്. കെപിസിസി പ്രസഡിഡന്റും എംപിയും എംഎല്‍എ യുമായി ജനഹൃദയങ്ങളില്‍  സ്ഥാനം പിടിച്ച മുരളിക്ക് വല്ലഭനു പുല്ലും ആയുധം എന്ന നിലപാടാണ്. ബൂത്തുകളില്‍ പോലും ആളില്ലാത്ത കോണ്‍ഗ്രസിനെ ഊരും ഊര്‍ജവും നല്‍കി മുന്നോട്ടു കൊണ്ടു പോകുന്നു അദ്ദേഹം.

പ്രായത്തില്‍ ഏറ്റവും കുറഞ്ഞയാള്‍ മുരളി--63, ശിവന്‍ കുട്ടിക്ക് 66, കുമ്മനത്തിനു 68. മൂവരും നിയമം പ ഠിച്ചവരാണ്. ശിവന്‍കുട്ടി എല്‍എല്‍ബി വരെ പഠിച്ചു, എന്നു മാത്രം. തിരുവനതപുരത്തു മേയര്‍ ആയിരുന്നു.  സിപിഎം സൈദ്ധാന്തികനായിരുന്ന പി ഗോവിന്ദപിള്ളയുടെ മകള്‍ പാര്‍വതിദേവിയാണ് ഭാര്യ. ഏഷ്യാനെറ്റിന്റെ എഡിറ്റര്‍ എംജി രാധാകൃഷ്ണന്റെ സഹോദരി. അമ്മ എംജെ രാജമ്മ ഗവ. കോളേജുകളില്‍ ഫിലോസഫി പ്രൊഫസര്‍ ആയിരുന്നു.

മുരളിയുടെ ഭാര്യ ജ്യോതി. അരുണ്‍, ശബരിനാഥ് എന്നിവര്‍ മക്കള്‍. അരുണിന്റെ വിവാഹം തൃശൂര്‍  കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്നപ്പോള്‍ രാഷ്ട്രീയ ഭേദമില്ലാതെ നിരവധി പേര്‍ പങ്കെടുത്തിരുന്നു. മുരളിയുടെ സഹോദരി പദ്മജ  വേണുഗോപാല്‍ തൃശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ്.

ആര്‍എസ്എസിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച കുമ്മനം അവിവാഹിതനാണ്.. അയ്യപ്പ സേവാസംഘം സ്ഥാപകന്‍. മിസോറാമില്‍ ഗവര്‍ണര്‍ ആയി. 'ഇത്തവണ 'ഡു ഓര്‍ ഡൈ' ആണോ എന്ന ചോദ്യത്തിന് 'ഓരോ യുദ്ധവും വന്നു പോകും. സംഭവാമി യുഗേ യുഗേ എന്ന് സാത്വിക ഭാവത്തില്‍ അദ്ദേഹം പറയുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ എന്റെ പിതാവ് അന്തരിച്ച ഹെഡ്മാസ്റ്റര്‍ എം വര്‍ഗീസിന്റെ ശിഷ്യന്‍ ആയിരുന്നു. കോട്ടയത്ത് മീനച്ചില്‍ ആറിന്റെ  തീരത്തുള്ള കുമ്മനത്ത്. സഹോദരിമാര്‍ എന്റെ സഹോദരിമാരുടെ കൂടെ പഠിച്ചു.

കുമ്മനം ജയിക്കട്ടെ. പക്ഷെ ദേവേന്ദ്രന്‍ ഇന്ദ്രധനുസുമായി ഇറങ്ങി വന്നാലും പ്രയാസമാണ്.
താമര കുമ്പിളിലല്ല മമ ഹൃദയം: മുരളി--ശിവന്‍കുട്ടി ഏറ്റുമുട്ടലില്‍ കുമ്മനം ബലിയാടാകും (കുര്യന്‍ പാമ്പാടി)താമര കുമ്പിളിലല്ല മമ ഹൃദയം: മുരളി--ശിവന്‍കുട്ടി ഏറ്റുമുട്ടലില്‍ കുമ്മനം ബലിയാടാകും (കുര്യന്‍ പാമ്പാടി)താമര കുമ്പിളിലല്ല മമ ഹൃദയം: മുരളി--ശിവന്‍കുട്ടി ഏറ്റുമുട്ടലില്‍ കുമ്മനം ബലിയാടാകും (കുര്യന്‍ പാമ്പാടി)താമര കുമ്പിളിലല്ല മമ ഹൃദയം: മുരളി--ശിവന്‍കുട്ടി ഏറ്റുമുട്ടലില്‍ കുമ്മനം ബലിയാടാകും (കുര്യന്‍ പാമ്പാടി)താമര കുമ്പിളിലല്ല മമ ഹൃദയം: മുരളി--ശിവന്‍കുട്ടി ഏറ്റുമുട്ടലില്‍ കുമ്മനം ബലിയാടാകും (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക