പാമ്പും കോണിയും - നിർമ്മല - നോവൽ - 38

Published on 20 March, 2021
പാമ്പും കോണിയും - നിർമ്മല - നോവൽ - 38
- ദേ കിളികളെ, എന്റെ പിള്ളാർക്കു തിന്നാനാ ഞാൻ കുക്കുമ്പറു നട്ടത്. അതെല്ലാം കൊത്തിപ്പറിച്ചു കളഞ്ഞോ?
തെയ്യാമ്മ പണ്ടൊരിക്കൽ കിളികളോടു പരിഭവിച്ചു.
- മമ്മീ, ബേർഡ്സ് ഡോണ്ട് അണ്ടർസ്റ്റാൻഡ് മലയാളം !
ടിജു അമ്മയെ പരിഹസിക്കാൻ ശ്രമിച്ചു. അവൻ പരിഹാരവും പറഞ്ഞു.
- നമുക്കു ട്രാപ്പു വയ്ക്കാം.
- എടാ , നിന്റെ അമ്മയ്ക്ക് കടേൽ പോയി വെള്ളരിക്കാ വാങ്ങിക്കാം. കിളീടെ അമ്മയ്ക്ക് അതു പറ്റത്തില്ല.
കാനഡ മരത്തിൽ
ഡോളർ പറിക്കാൻ
പോയവരുടെ കഥ ,
നിർമ്മലയുടെ
'പാമ്പും കോണിയും'
തുടരുന്നു ...
          .....     .....     .....

ഒന്നും പിടിച്ചു നിർത്താൻ കഴിയുന്നില്ല. കണ്ണാടിനോക്കി തെയ്യാമ്മയുടെ മനസ്സ് വിലപിച്ചു. മുഖത്തെ പേശികൾ തൂങ്ങിത്തുടങ്ങിയിരിക്കുന്നു. എലീന നടക്കാൻപോകാൻ വിളിച്ചപ്പോൾ തെയ്യാമ്മ ഉൽസാഹത്തോടെ പുറത്തിറങ്ങി.
മുൻവശത്തു നിൽക്കുന്ന മഗ്നോളിയമരത്തിനിടയിലേക്ക് തെയ്യാമ്മ സൂക്ഷിച്ചുനോക്കി. ആദ്യം പൂക്കുന്ന മരങ്ങളിലൊന്നാണ് മഗ്നോളിയ. മെയ്മാസം തുടങ്ങുമ്പോൾ ഇലകളൊന്നുപോലും ഇല്ലാതെ നിറയെ പൂവുമായി നിൽക്കുന്ന മഗ്നോളിയ കാണുമ്പോഴൊക്കെ തെയ്യാമ്മ സ്വർഗ്ഗത്തെ ഓർക്കും. അത്രയ്ക്കു ഭംഗിയുള്ള മരം ഭൂമിക്കു യോജിച്ചതല്ലെന്നാണ് തെയ്യാമ്മയ്ക്കു തോന്നാറ് .
- സ്വർഗ്ഗത്തിൽ നിറയെ ഇത്തരം പൂത്തമരങ്ങളായിരിക്കും.
പക്ഷേ, ഒരാഴ്ചക്കുള്ളിൽ സ്വർഗഭംഗി ഉതിർത്തുകളഞ്ഞ് മഗ്നോളിയ സാവധാനത്തിൽ ഇലവിരിയിക്കാൻ തുടങ്ങും. പിന്നെഅത് ഇലമാത്രമുള്ള മരമായി ഒക്ടോബർവരെ നിന്നു കളയും. ബ്ലൂജെപക്ഷി കൂടുവെച്ചിരിക്കുന്നത് മുൻവശത്തെ മഗ്നോളിയമരത്തിലാണ്. താഴെനിന്നു നോക്കിയാൽ കാണാനാവാതെ ചില്ലകൾക്കും ഇലകൾക്കും ഇടയിലൊളിച്ചാണു കിളിക്കൂടിരിക്കുന്നത്. തെയ്യാമ്മ എല്ലാ വൈകുന്നേരവും മരത്തിനു ചുവട്ടിൽനിന്ന് ചാഞ്ഞും ചരിഞ്ഞും നോക്കി കൂട് കണ്ടുപിടിക്കും. കുറച്ചുനേരം നോക്കിനിന്ന് കിളിയനക്കം കണ്ടാലേ മരത്തിനടിയിൽനിന്നും പോവാൻ അവർക്കു കഴിയു .
നടപ്പുകഴിഞ്ഞതും തെയ്യാമ്മയ്ക്കു വിശന്നു. പൊറോട്ടയുടെ വട്ടത്തിലുള്ള നാരുകൾ അടർത്തിയെടുത്ത് അവർ തിന്നു വീടിനകത്ത് എപ്പോഴും തണുപ്പാണ്. മഞ്ഞുകാലത്ത് മരവിപ്പിക്കുന്ന തണുത്ത കാറ്റ് ജനലിലൂടെയും വാതിലിന്റെ വിടവിലൂടെയും അരിച്ചുകടക്കും. വേനൽക്കാലത്ത് എയർ കണ്ടീഷനറിന്റെ കൈയും കാലും വേദനിപ്പിക്കുന്ന കാറ്റ്. ഈപ്പന് ചൂടു സഹിക്കാൻ പറ്റില്ല. വീടിനുൾവശം ഇളം തണുപ്പിലായിരിക്കണം. നല്ല ചുട്ടുപൊള്ളുന്ന വേനലിൽ തെയ്യാമ്മ പുറത്തിറങ്ങിയിരുന്നു. അത് അവരുടെ സ്വർഗമായിരുന്നു. നാട്ടിൽനിന്നും കൊണ്ടുവന്ന പുല്ലുപായ വിരിച്ച് പിന്നിലെ പാറ്റിയോയിൽ കിടന്ന് തെയ്യാമ്മ സമ്മറിനെ ആവാഹിച്ചു.
എയർകണ്ടീഷനർ വെച്ചിരിക്കുന്നത് വീടിനു പിൻവശത്ത് പാറ്റിയോയോടു ചേർത്താണ്. അതിനു കനത്ത ശബ്ദമുണ്ട്. തെയ്യാമ്മയ്ക്കതു ശല്യമായി തോന്നിയില്ല. പായ നിവർത്തി വിരിച്ച് ഈപ്പൻ ഫാമിലി റൂമിലെ സോഫയിൽ അലങ്കരിച്ചുവെച്ചിരുന്ന കുഷ്യനിൽ ഒന്നെടുത്ത് തല ഉയർത്തിവച്ച് അവൾ സ്വന്തം ലോകത്തിലേക്കു പോയി.
പറമ്പിന്റെ തെക്കുവശത്തു നിന്നിരുന്ന നാട്ടുമാവ് തെയ്യാമ്മയ്ക്കു മുകളിൽ ഓർമ്മക്കുടചൂടി. കൊടും ചൂടിലും മാവിന്റെ ചുവട്ടിൽ നേർത്ത കാറ്റുണ്ടായിരിക്കും. പഴുത്ത നാട്ടുമാങ്ങകൾ കാററത്തു വീഴും. നാട്ടുമാങ്ങയ്ക്കു വലിപ്പം വളരെ കുറവാണ്. പക്ഷേ, മധുരം കൂടും. മൂടൊന്നു കടിച്ചിട്ട് ചപ്പിത്തിന്നാൻ ഇത്രയ്ക്കു രുചിയുള്ള മറ്റൊരു വസ്തുവില്ലെന്ന് ആ നാട്ടിൽ എല്ലാവർക്കും അറിയാം. അതുകൊണ്ട് ആ വലിയ മാവിന്റെ ചുവട്ടിൽ കുട്ടികളുടെ ഒരു കൂട്ടം തന്നെ ഉണ്ടായിക്കും. ഒരു മാങ്ങ വീഴുമ്പോഴേയ്ക്കും എല്ലാവരും കടും. ആരെങ്കിലും അതു കൈക്കലാക്കി കഴിയുമ്പോഴേക്കും അടുത്തതു വീണു കഴിയും. ചിലപ്പോൾ ഒന്നും രണ്ടും മൂന്നും പല ഭാഗത്തായി ഒന്നിച്ചു വീഴും അങ്ങനെ പെറുക്കിക്കുട്ടുന്ന നാട്ടുമാങ്ങ കൊണ്ട് തെയ്യാമ്മയുടെ അമ്മച്ചി കറിവെക്കും.
ഏ. സി യുടെ ശബ്ദത്തെ അവഗണിച്ച് തെയ്യാമ്മ മാഞ്ചുവട്ടിലെ പഴയപാട്ടൊന്നു പാടി നോക്കി.
ഇക്കാറ്റും കാറ്റല്ല..
ഇക്കാറ്റിനൊരമ്പുണ്ട് 
എന്ത് അമ്പ് ?
വില്ലമ്പ്
എന്തു വില്ല് ?
കാട്ടുവില്ല്
എന്തു കാട്?
കൊടുംകാട്
എന്തു കൊടി ?
വെറ്റക്കൊടി
എന്തു വെറ്റ ?
കണ്ണിവെറ്റ
എന്തു കണ്ണ് ?
ആനക്കണ്ണ്
എന്ത് ആന?
കുഴിയാന
എന്തു കുഴി ?
ചേമ്പുകുഴി
എന്തു ചേമ്പ് ?
വെട്ടുചേമ്പ്
എന്തു വെട്ട്?
പലിശവെട്ട് 
എന്തു പലിശ ?
തോൽപലിശ
എന്തു തോൽ ?
കടുംതോൽ
എന്തു കടി?
കൂതികടി
....ഹ .ഹ.. തെയ്യാമ്മ ഉറക്കെ ചിരിച്ചു. ഇന്നു വരെ പറയാൻ ധൈര്യപ്പെട്ടിട്ടില്ലാത്ത വാക്കാണത്.
ഹ..ഹ..കൂതികടി
അപ്പോഴാണ് തെയ്യാമ്മ പച്ചക്കറിത്തോട്ടത്തിൽ ഒരു ചുവപ്പു കണ്ടത്. ഇത്രവേഗം തക്കാളി പഴുത്തോ എന്ന് അൽഭുതപ്പെടുമ്പോൾ കിലുകിലു ചിരിച്ചുകൊണ്ട് ഒരു കർദ്ദിനാൾകിളി ഇലക്കൂട്ടത്തിൽനിന്നും പൊങ്ങി വന്നു. കോൺക്രീറ്റുകാട്ടിലെ ഇത്തിരി പച്ചയിൽ പലതരം കിളികൾ കൂടുകൂട്ടുന്നതിൽ തെയ്യാമ്മയ്ക്ക് ആഹ്ളാദം തോന്നി.
പറമ്പ് വിശാലമാണ്. അതിൽ നിറയെ പച്ചപ്പുണ്ട്. പോരാത്തതിന് ഈപ്പൻ ഭംഗിയുള്ള ഒരു ബേർഡ് ബാത്ത് പുറകിൽ സ്ഥാപിച്ചു. വീടുമാറിയപ്പോൾ മിഷേൽ കൊടുത്ത സമ്മാനം. കൂണിന്റെ ആകൃതിയിലുള്ള അതിന്റെ നടുവിൽ വെള്ളം ഒഴിച്ചുവെക്കാം. കിളികൾ അതിനരികിൽ വന്നിരുന്ന് വെള്ളം കുടിച്ചിട്ടു പൊയ്ക്കൊള്ളും.
ഈപ്പന് അലങ്കാരത്തിലേ താൽപ്പര്യമുള്ളു. തെയ്യാമ്മയ്ക്ക് കിളികളെ കണ്ടിരിക്കാനിഷ്ടമാണ്. അടയ്ക്കാക്കുരുവിയോളം ചെറിയ കിളികൾ . പ്രാവിനെ ഓർമ്മിപ്പിക്കുന്ന എന്നാലത്രയും വലിപ്പമില്ലാത്ത നീല കലർന്ന നിറമുള്ള രണ്ട് പക്ഷികൾ , പിന്നെയും പേരറിയാത്ത ഒരുപാടു കിളികൾ.ഹോർമിസ് മുതലാളിയുടെ പറമ്പിൽ വരാറുള്ള കിളികളൊക്കെത്തന്നെയാണ് അതെന്ന് തെയ്യാമ്മയ്ക്കു തോന്നും.
എല്ലാവർക്കും പിന്നാമ്പുറത്തെ ബേർഡ് ബാത്തിൽ വെള്ളം കുടിക്കണം. പിന്നെ അടർത്തിയിടുന്ന റൊട്ടിക്കഷണങ്ങൾ കൗശലത്തോടെ കൊത്തിപ്പറക്കണം. ഇംഗ്ളീഷ് വെള്ളരിയിൽ വിരിയുന്ന മധുരമുള്ള ഇളം കായ്കൾ നീളംവയ്ക്കും മുമ്പേ തെയ്യാമ്മ കാണാതെ കൊത്തി മുറിച്ചു തിന്നണം.
- ദേ കിളികളെ, എന്റെ പിള്ളാർക്കു തിന്നാനാ ഞാൻ കുക്കുമ്പറു നട്ടത്. അതെല്ലാം കൊത്തിപ്പറിച്ചു കളഞ്ഞോ?
തെയ്യാമ്മ പണ്ടൊരിക്കൽ കിളികളോടു പരിഭവിച്ചു.
- മമ്മീ, ബേർഡ്സ് ഡോണ്ട് അണ്ടർസ്റ്റാൻഡ് മലയാളം !
ടിജു അമ്മയെ പരിഹസിക്കാൻ ശ്രമിച്ചു. അവൻ പരിഹാരവും പറഞ്ഞു.
- നമുക്കു ട്രാപ്പു വയ്ക്കാം.
- എടാ , നിന്റെ അമ്മയ്ക്ക് കടേൽ പോയി വെള്ളരിക്കാ വാങ്ങിക്കാം. കിളീടെ അമ്മയ്ക്ക് അതു പറ്റത്തില്ല.
തെയ്യാമ്മയുടെ വീടിനുള്ളിൽ വളർന്ന കിളിയും മരവും അകലെയാണെങ്കിലും ബേർഡ് ബാത്തിൽ തെയ്യാമ്മ മറക്കാതെ വെള്ളമൊഴിച്ചു. ആഴ്ചയിലൊരിക്കൽ നന്നായി കഴുകി.
പഴമാങ്ങ കറിയിൽനിന്നെടുത്ത് ചോറിൽ ഞെക്കിപ്പിഴിഞ്ഞു കഴിക്കുന്ന സ്വാദോർത്ത് തെയ്യാമ്മ ചൈനക്കടയിലേക്കു പോയി.
- ദേ,പഴുത്തമാങ്ങാക്കറിയൊണ്ട്.
തെയ്യാമ്മ ഈപ്പനോടു പറഞ്ഞു. ഈപ്പൻ ചോറുണ്ണുന്നതും കപ്പ തിന്നുന്നതും ഫോർക്കുകൊണ്ടാണ്. അയാൾക്ക് ഭക്ഷണം കൈകൊണ്ടു തൊടുന്നതിഷ്ടമല്ല. ഈപ്പൻ ചാറിൽ വെന്ത പഴുത്ത മാങ്ങയുടെ മാംസളഭാഗം ഫോർക്കു ചരിച്ച് അല്പം മുറിച്ചെടുത്തു. അതു ചോറു ചേർത്ത് അയാൾ ശ്രദ്ധയോടെ വായിലേക്കു വച്ച് പതുക്കെ ചവച്ചു നോക്കി. മധുരിക്കുന്ന ചോറ് ഈപ്പനു തൊണ്ടയിൽ തടഞ്ഞുപോയി.
തെയ്യാമ്മ നാക്കു പുറത്തേക്കു നീട്ടി അതിലേക്കു ഭക്ഷണം വെക്കുന്നത് ഈപ്പനിഷ്ടപ്പെടാത്ത കാര്യമാണ്. പിന്നെ അത് അകത്തേയ്ക്കെടുത്തിട്ട് വായതുറന്നു ചവയ്ക്കും. അതിനിടയിൽ നൂറു കാര്യങ്ങൾ പറയും. അയാൾക്ക് വല്ലാത്ത അറപ്പു തോന്നി. അവളൊന്നു വായടച്ചെങ്കിൽ മടുപ്പില്ലാതെ ഭക്ഷണം കഴിക്കാമായിരുന്നു. ഭക്ഷണം വായിലെത്തിയാൽ അപ്പോൾ തുടങ്ങും. പുറത്തെവിടെനിന്നെങ്കിലുമാണു കഴിക്കുന്നതെങ്കിൽ കൂടുതലും കുറ്റമായിരിക്കും പറയുക.
- ഓ ഇതിനത്ര രുചിയൊന്നുമില്ല.
- ഇതെന്നതാ ഈ ബ്രൗൺനെറത്തിലേത് ?
വായിൽ കിടക്കുന്ന ഭക്ഷണത്തിൽനിന്നും എന്തെങ്കിലുമൊന്ന് നാക്കുകൊണ്ട് ചികഞ്ഞെടുത്ത് രണ്ടു പല്ലുകൾക്കിടയിൽ വെച്ചു കടിച്ചു കാണിക്കും.
- ഉഴുന്നാന്നാ തോന്നുന്നത്
മിണ്ടാതിരിക്കുമ്പോൾ വീണ്ടും ചോദിക്കും :
- ഉഴുന്നല്ലിയോ?
തെയ്യാമ്മയുടെ കൈവിരലുകൾക്ക് ഇടയിലൂടെ മഞ്ഞനിറത്തിലൊഴുകുന്ന പഴമാങ്ങച്ചാറിനെ ഈപ്പൻ കൂടുതൽ അറപ്പോടെ നോക്കി. തെയ്യാമ്മ സ്വാദോടെ നീരുതീരെയും ഇല്ലാതായ മാങ്ങാണ്ടിയെ പ്ലേറ്റിലിട്ട് കൈവിരലുകൾ നക്കി.
ഈപ്പൻ ധൃതിയിൽ കുളിമുറിയിലേക്ക് നടന്നു.
                               തുടരും ...
പാമ്പും കോണിയും - നിർമ്മല - നോവൽ - 38പാമ്പും കോണിയും - നിർമ്മല - നോവൽ - 38
Renu Sreevatsan 2021-03-22 15:02:05
Great going. വളരെ ഇഷ്ടം ഈ ശൈലി..ഒട്ടും മടുപ്പ് തൊന്നിക്കാത്ത വായന നൽകുന്നു..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക