ലാനയുടെ പത്താം ദ്വൈവാര്‍ഷിക സമ്മേളനം 2017 ഒക്ടോബര്‍ 6,7,8 തിയ്യതികളില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്നു
സമ്മേളനത്തിലേക്ക് ഭാഷാ-സാഹിത്യ സ്‌നേഹികളെ ക്ഷണിക്കുന്ന തിരക്കിലായിരുന്നു ഞാന്‍ ശങ്കരത്തില്‍ അച്ചനെയും എല്‍സി കൊച്ചമ്മയെയും നേരിട്ട് ക്ഷണിക്കാന്‍ ഞാന്‍ അവരുടെ വീട്ടില്‍ ചെന്നു . എതോ ഒരു വലിയ ആളിനെ സ്വീകരിക്കുന്നത് പോലുള്ള പെരുമാറ്റം കണ്ടപ്പോള്‍ ഞാന്‍ അമ്പരന്നു പോയി . പിന്നീടാണ് അറിഞ്ഞത് അച്ഛന്‍ വീട്ടില്‍ ചെല്ലുന്ന എതൊരാളെയും സ്വീകരിക്കുന്ന രീതി അതാണെന്ന് ,അച്ഛന്റെ
കണ്ണുകളില്‍ ചെറിയവര്‍ ഇല്ലാ എല്ലാവരും വലിയവര്‍ തന്നെ .
ലാന സമ്മേളനത്തിലേക്ക് ക്ഷണിക്കാനാണ് വന്നതെന്ന് ഞാന്‍ അറിയിച്ചു 'ക്ഷണിച്ചില്ലെങ്കിലും ഞങ്ങള്‍ വരും, തീര്‍ച്ച' അച്ഛന്‍ ഉറപ്പിച്ച് പറഞ്ഞു . പിന്നെ എല്‍സി കൊച്ചമ്മയുടെ നേര്‍ക്ക് അര്‍ത്ഥപൂര്‍വ്വം നോക്കിക്കൊണ്ട് പറഞ്ഞു ' ഈ സമ്മേളനത്തിനൊക്കെ വളരെ ചിലവുണ്ട് മാത്യു സാര്‍ ചോദിയ്ക്കാന്‍ മടിയുള്ള ആളാണ് ' കാര്യം മനസ്സിലാക്കിയ കൊച്ചമ്മ ചെക്കെഴുതി അച്ചന്‍ ഒപ്പിട്ട് എന്നെ ഏല്‍പ്പിച്ചു . ലാനാ സമ്മേളനത്തിന് ചോദിക്കാതെ കിട്ടിയ സംഭാവന ! അച്ചന്‍ തുടര്‍ന്നു 'കുറവുണ്ടെങ്കില്‍ പറയണം' ഞാന്‍ സവിനയം പ്രതികരിച്ചു 'നിങ്ങളുടെ സാന്നിദ്ധ്യം തന്നെ വലിയ നിറവാണ് , പിന്നെ സംഭാവന അത് കൂടുതല്‍ നിറവാണ് '
അച്ചന്‍ കുട്ടികളെ മലയാളം പഠിപ്പിച്ചിരുന്നു ,സ്വന്തം വീടായിരുന്നു പള്ളിക്കൂടം . കുട്ടികളെ പഠിപ്പിക്കുന്നതിന് പുറമെ അവര്‍ക്ക് നേരത്തിനൊത്ത ഭക്ഷണം കൊടുക്കാനും ശ്രദ്ധിച്ചിരുന്നു. ന്യുയോര്‍ക്കിലെ ലാനാ സമ്മേളനത്തില്‍ അച്ചന്റെ സ്‌കൂള്‍ - സെന്റ് തോമസ് മലയാളം സ്‌കൂള്‍ , ലേവി ടൗണ്‍ ന്യുയോര്‍ക്ക് ആദരിക്കപ്പെട്ടു . സുപ്രസിദ്ധ സാഹിത്യകാരനായ ശ്രീ പി.എഫ് മാത്യുസില്‍ നിന്നും മുഖ്യാദ്ധ്യാപികയായ എൽസി യോഹന്നാന്‍ ശങ്കരത്തില്‍ അവാര്‍ഡ് ഏറ്റുവാങ്ങി . പതിറ്റാണ്ടുകള്‍ക്ക് ശേഷം ഭാഷാസേവനത്തിന് കിട്ടിയ അംഗീകാരത്തിലുള്ള ആത്മസംതൃപ്തിയോടെ ശങ്കരത്തിലച്ചന്‍ തൊട്ടടുത്തുണ്ടായിരുന്നു .
മലയാളികളുടെ ഏതു പരിപാടികളിലും പ്രത്യേകിച്ച് ഭാഷാ-സാഹിത്യ പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ സംതൃപ്തനായിരുന്നു അച്ചന്‍ .
1998 ലെ ഫൊക്കാന കണ്‍വെന്‍ഷന്‍ (തുഞ്ചന്‍ പറമ്പ് , റോച്ചസ്റ്റര്‍) വിജയിപ്പിക്കാന്‍ മുന്‍ നിരയില്‍ തന്നെ ശങ്കരത്തിലച്ചന്‍ ഉണ്ടായിരുന്നു. സമ്മേളനത്തില്‍ ആളുകളെ കുടുംബ സഹിതം പങ്കെടുപ്പിക്കാന്‍ ഫിലിപ് വേമ്പേനില്‍ , പുരുഷോത്തമന്‍ പണിക്കര്‍, ജോണ്‍.പി ചാക്കോ തുടങ്ങിയവര്‍ സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു . ഒരു ഞായറാഴ്ച ശങ്കരത്തിലച്ചന്‍ എന്നെ വിളിച്ചു നിര്‍ബന്ധമായും അദ്ദേഹത്തിന്റെ പള്ളി വരെ ചെല്ലണമെന്ന് ആവശ്യപ്പെട്ടു , കുര്‍ബാനക്ക് ശേഷം അച്ചന്‍ തന്നെ ഇടവകക്കാര്‍ക്ക് എന്നെ പരിചയപ്പെടുത്തി കൊടുത്തു . ഫൊക്കാനാ സമ്മേളനത്തെ പറ്റി വിശദമായി സംസാരിക്കാന്‍ അദ്ദേഹം എനിക്ക് അവസരം തന്നു. മുഴുവന്‍ ആളുകളും ശ്രദ്ധയോടെ കേട്ടിരുന്നു തുടര്‍ന്ന് അച്ചന്‍ സ്വന്തം ഇടവകക്കാരോട് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്തു , അദ്ദേഹം അവിടെ വച്ച് തന്നെ ഒരു സ്‌പോണ്‍സറായി രജിസ്റ്റര്‍ ചെയ്തു . റോച്ചസ്റ്റര്‍ കണ്‍വെന്‍ഷനില്‍ ഒട്ടേറെ ഇടവകക്കാരോട് ഒപ്പം അച്ചന്‍ സകുടുംബം സജീവമായി പങ്കെടുത്തു . അക്ഷരശ്ലോക മത്സരത്തിന് നേതൃത്വം നല്‍കി . കവിതാപാരായണം , പ്രസംഗം സംഗീതം തുടങ്ങിയ മത്സരപരിപാടികളില്‍ ജഡ്ജ് ആയി. റോച്ചസ്റ്റര്‍ സമ്മേളനം വിജയിപ്പിച്ചതില്‍ മുന്‍നിരക്കാരനായിരുന്നു ശങ്കരത്തിലച്ചന്‍. ഫൊക്കാനയുടെ അന്നത്തെ പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തിന്റെ മഹത്തായ സേവനങ്ങളെ ആദരവോടെ സ്മരിക്കുന്നു
ജനനി മാസികയുടെ സുഹൃത്തും ഗുണകാംക്ഷിയുമായിരുന്നു ശങ്കരത്തിലച്ചന്‍ ഓരോ ലക്കം വരുമ്പോളും വായിച്ചഭിപ്രായം പറയുമായിരുന്നു . അദ്ദേഹം നല്‍കിയ പല ഉപദേശങ്ങളും പ്രായോഗികവും വിലയേറിയതുമാണ് ഞാനും എന്നോടൊപ്പം ഡോ.സാറാ ഈശോയും സണ്ണി പൗലോസും ശങ്കരത്തിലച്ചന്റെ പിന്തുണയും സഹായവും ആദരവോടെ സ്മരിക്കുന്നു .
ന്യുയോര്‍ക്കിലെ സര്‍ഗ്ഗവേദിയുടെ ആഭിമുഖ്യത്തില്‍ കേരളസെന്ററില്‍ വച്ച് നടക്കുന്ന സാഹിത്യ ചര്‍ച്ച സ്വതന്ത്ര ചിന്തകനും സുപ്രസിദ്ധ എഴുത്തുകാരനുമായ പോള്‍ സഖറിയ മുഖ്യ അതിഥി . മനോഹര്‍ തോമസും രാജു തോമസും ഞാനും ആയിരുന്നു സംഘാടകര്‍ . സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങളെ പറ്റി സഖറിയ സ്വന്തം ശക്തമായ ഭാഷയില്‍ സംസാരിക്കുകയായിരുന്നു . നാട്ടിലുള്ള ചില നേതാക്കളെപ്പറ്റിയുള്ള സഖറിയയുടെ വിലയിരുത്തല്‍ വിമര്ശനാത്മകമായിരുന്നു . സദസ്സില്‍ നിന്നും ശങ്കരത്തിലച്ചന്‍ എണീറ്റു സഖറിയായെ ചോദ്യം ചെയ്തു , സഖറിയ തന്റെ വിലയിരുത്തലില്‍ ഉറച്ചു നിന്നു , തര്‍ക്കമായി സാഹിത്യ സമ്മേളനത്തിന്റെ സൗഹൃദത്തിന് കോട്ടം വരുമോ എന്ന് ഞങ്ങള്‍ ആശങ്കപ്പെട്ടു . ഒടുവില്‍ അച്ചന്‍ പറഞ്ഞു 'മീറ്റിങ് കഴിയുമ്പോള്‍ നമുക്കൊന്ന് നേരിട്ട് കാണണം ' സഖറിയ അതെ രീതിയില്‍ പ്രതികരിച്ചു 'ശരി നമുക്ക് കാണണം ' മീറ്റിങ് കഴിഞ്ഞു എല്ലാവരും ഭക്ഷണമെടുത്തു അപ്പോള്‍ കണ്ടത് അദ്ഭുതപ്പെടുത്തുന്ന കാഴ്ചയാണ് ശങ്കരത്തിലച്ചനും സഖറിയായും അടുത്തടുത്ത് ഇരുന്നു ഭക്ഷണം കഴിക്കുന്നു
ഫലിതം പറഞ്ഞു ചിരിക്കുന്നു , പപ്പടവും പഴവും കൈമാറുന്നു ചിരകാല സുഹൃത്തുക്കളെ പോലെ ഞാന്‍ തമാശക്ക് ചോദിച്ചു 'എന്താ തര്‍ക്കം തീര്‍ന്നോ?' ചിരിച്ച കൊണ്ട് അച്ചന്‍ പറഞ്ഞു വിവരമുള്ളവരോടെ ഞാന്‍ തര്‍ക്കിക്കാറുള്ളു അവര്‍ക്കേ എന്റെ വാദഗതി മനസ്സിലാകൂ സഖറിയായും ചിരിച്ചു.
സുഹൃത്തുക്കളെ ഇതാണ് ഞാന്‍ അറിയുന്ന ശങ്കരത്തിലച്ചന്‍ മലയാളത്തിന് പുറമെ രണ്ടു മൂന്നു ഭാഷകളില്‍ പാണ്ഡിത്യം പല വിഷയങ്ങളില്‍ മാസ്റ്റേഴ്‌സ് ഡിഗ്രികള്‍ , ഒരു നല്ല സംഘാടകന്‍ ഒരു നല്ല അധ്യാപകന്‍ , മലയാളത്തെ മനസ്സില്‍ സൂക്ഷിച്ച് പ്രചരിപ്പിക്കുന്നവന്‍ എല്ലാത്തിനുമുപരി ഒരു മനുഷ്യസ്‌നേഹി .
ശങ്കരത്തിലച്ചന്‍ അന്തരിച്ചു (03/20/2021) എന്ന വാര്‍ത്ത കേട്ടപ്പോള്‍ ഞാന്‍ സ്വയം ചോദിച്ചു, അതെങ്ങനെ സാധിക്കും ? അദ്ദേഹം നേര്‍വഴി കാട്ടിയ ജനക്കൂട്ടം , അദ്ദേഹം സഹായിച്ച രക്ഷപ്പെടുത്തിയ നിരാലംബര്‍, അദ്ദേഹം പരിപോഷിപ്പിച്ച മലയാള ഭാഷ , അദ്ദേഹത്തിന്റെ സാന്നിധ്യം ധന്യമാക്കിയ സമ്മേളനങ്ങള്‍ , അദ്ദേഹത്തിന്റെ സഹായം സ്വീകരിച്ചിട്ടുള്ള സാംസ്‌കാരിക സംഘടനകള്‍ .... അങ്ങനെ തുടരുന്നു ഡോ.യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പ എന്ന ശങ്കരത്തിലച്ചന്റെ സംഭാവനകള്‍ . അദ്ദേഹത്തിന്റെ എന്നും ജീവിക്കുന്ന സംഭാവനകളില്‍ ശങ്കരത്തിലച്ചന്‍ എന്നും ജീവിച്ചിരിക്കും