കര്‍ത്താവിന്റെ പുനരുത്ഥാനദിനത്തിലേക്കുള്ള തയ്യാറെടുപ്പുകള്‍ (ഇ മലയാളി നോയമ്പുകാല രചന -8)
Published on 26 March, 2021
ഓരോ ആഘോഷങ്ങള്‍ക്കും തയ്യാറെടുപ്പുകള്‍ ഉണ്ട്. വൃതാനുഷ്ഠാനങ്ങളിലൂടെ ഈ നോയമ്പുകാലം കഴിച്ചുകൂട്ടുമ്പോള്‍ മനസ്സില്‍ ആത്മീയ നിര്‍വൃതി നിറയുന്നു. ദുഖവെള്ളിയാഴ്ച്ചയും ഈസ്റ്ററും വീണ്ടും ആഘോഷിക്കുന്നതിനായുള്ള തയ്യാറെടുപ്പിലാണ് നമ്മള്‍. വിശുദ്ധവേദപുസ്തകം വായിച്ചുകൊണ്ട് പ്രഭാതത്തെ വരവേല്‍ക്കുകയും പിന്നെ വൃതാനുഷ്ഠാനകര്മംങ്ങളില്‍ മുഴുകുകയും ചെയ്യുമ്പോള്‍ സന്ധ്യ വരുന്നത് കൈനിറയെ സമാധാനവും സന്തോഷവുംകൊണ്ടാണ്. ഈ പുണ്യദിനങ്ങള്‍ ദൈവത്തെ ധ്യാനിച്ച് കഴിയുന്നതിനായി വിനിയോഗിക്കുക. നിങ്ങളുടെ മുന്നോട്ടുള്ള സമയം അനുഗ്രഹപ്രദമാകും.
കൊരിന്ത്യര്‍-1 സുവിശേഷം "19:ദൈവത്തിന്റെ ദാനമായി നിങ്ങളില്‍ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലയ്ക്ക് വാങ്ങിയിരിക്കയാല്‍ നിങ്ങള്‍ താന്താങ്ങള്‍ക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ? 20: ആകയാല്‍ നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തുവിന്‍.". പരിശുദ്ധാത്മാവ് താമസിക്കുന്ന അമ്പലമായാണ് നമ്മുടെ ശരീരം കരുതപ്പെടുന്നത്.. അപ്പോള്‍ അത് ശുദ്ധിയാക്കി വെക്കേണ്ടതാകുന്നു. പ്രാര്‍ത്ഥനയിലൂടെ ഉപവാസത്തിലൂടെ നമ്മള്‍ അതിനെ ശുദ്ധി ചെയ്യുന്നു. മനസ്സും ശരീരവും പവിത്രമാകുമ്പോള്‍ അവിടെ ഈശ്വരന്‍ വസിക്കുന്നു. ഉപവസിക്കുമ്പോള്‍ നമ്മള്‍ ഈശ്വരന് അടുത്ത് താമസിക്കുന്നു.
വൃതാനുഷ്ഠാനങ്ങള്‍ക്ക് മാഹാത്മ്യം ഏറുന്നത് അങ്ങനെയാണ്. ക്ഷാരബുധനാഴ്ച മുതല്‍ പെസഹാ വ്യാഴാച്ചവരെയുള്ള നാല്‍പ്പത് പുണ്യദിവസങ്ങള്‍ നിങ്ങള്‍ക്ക് എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം. ഉപവസിക്കാം പ്രാര്‍ത്ഥിക്കാം. കുരിസ്സുമരണത്തിനു തൊട്ടുമുമ്പുള്ള നാളുകളില്‍ ശിഷ്യര്‍ക്കായ് കര്‍ത്താവ് ഓരോന്നും വിവരിച്ചുകൊടുത്തിരുന്നതായി കാണാം. മത്തായി സുവിശേഷം അധ്യായം 21 വാക്യം 23: അവന്‍ ദൈവാലയത്തില്‍ ചെന്നു ഉപദേശിക്കുമ്പോള്‍ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അവന്റെ അടുക്കല്‍ വന്നു: നീ എന്തു അധികാരം കൊണ്ടു ഇതു ചെയ്യുന്നു? ഈ അധികാരം നിനക്കു തന്നതു ആര്‍ എന്നു ചോദിച്ചു.ഇതിന്റെ മറുപടി വാക്യം 27 ല്‍ കാണുന്നു. 27 :അങ്ങനെ അവര്‍ യേശുവിനോടു: ഞങ്ങള്‍ക്കു അറിഞ്ഞുകൂടാ എന്നു ഉത്തരം പറഞ്ഞു. അവന്‍ അവരോടു പറഞ്ഞതു: ""എന്നാല്‍ ഞാന്‍ ഇതു എന്തു അധികാരംകൊണ്ടു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയുന്നില്ല.'' യേശുദേവന്റെ വചനങ്ങളില്‍ എല്ലാ ഉറച്ച ദൈവവിശ്വാസത്തിലൂടെ നേടിയ ദൃഢനിശ്ചയങ്ങളുടെ നിര്‍ഭയത്തിന്റെ ശബ്ദം കേള്‍ക്കാം. ഇന്ന് നമ്മള്‍ക്ക് എല്ലാറ്റിനും സ്വാതന്ത്ര്യമുണ്ട്. മതപരമായ ചടങ്ങുകള്‍ വേണ്ടെന്നു വയ്ക്കാം അത് ആചരിക്കാം. കര്‍ത്താവ് ശിഷ്യന്മാരോട് പറയുന്നത് മത്തായി സുവിശേഷം അദ്ധ്യായം 21 വാക്യം 22 ല്‍ കാണാം. 22 നിങ്ങള്‍ വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ എന്തു യാചിച്ചാലും നിങ്ങള്‍ക്കു ലഭിക്കും എന്നു ഉത്തരം പറഞ്ഞു. ഉപവസിക്കുമ്പോള്‍ നാം ദൈവസന്നിധിയില്‍ താഴുന്നു. നമ്മിലെ അഹങ്കാരം ശമിക്കുന്നു. പ്രാര്‍ത്ഥന നമുക്ക് ശക്തി പകരുന്നു. ക്ഷാരബുധനാഴ്ച്ച നെറ്റിയില്‍ ചാരം പൂശുമ്പോള്‍ നാം നമ്മളിലെ പോരായ്മകള്‍ മനസ്സിലാക്കുന്നു. നമ്മുടെ തെറ്റുകളില്‍ നിന്ന് മോചനം നേടാന്‍ ആഗ്രഹിക്കുന്നു. പിന്നെയുള്ള നാല്പത് ദിവസങ്ങള്‍ അതിനുള്ള അവസരം തരുകയാണ്. വൃതം അവസാനിക്കുമ്പോള്‍ നമ്മുക്കായി കുരിശ്ശില്‍ മരിച്ച യേശുദേവനെ നമ്മള്‍ ഓര്‍ക്കുന്നു. പിന്നെ മൂന്നാം നാള്‍ ഉയര്‍ത്തെഴുനേറ്റ മാനവരാശിക്ക് പ്രത്യാശയും സുരക്ഷയും നല്‍കിയ യേശുദേവനേ നമ്മള്‍ നമിക്കുന്നു.നല്ല മനസ്സോടെ ദൈവസന്നിധിയില്‍ ഏകാഗ്രതയോടെ പ്രാര്‍ത്ഥിക്കുമ്പോള്‍ നമുക്കും ദൈവചൈത്യന്യം ലഭിക്കുന്നു.
കത്തോലിക്കാ വിശ്വാസികള്‍ കൊന്ത നമസ്കാരം ചെയ്യുമ്പോള്‍ ജപമാലയിലെ മണികള്‍ പ്രാര്‍ത്ഥനക്കൊപ്പം വിരല്‍ തുമ്പാല്‍ നീക്കുന്നു. വിശുദ്ധനായ ഒരാള്‍ക്ക് ജപമാലയുമായി മാതാവ് പ്രത്യക്ഷപ്പെട്ടതുമുതലത്രേ കാതോലിക്കവിശ്വാസികള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയത്. നന്മനിറഞ്ഞ മറിയമേ എന്നാവര്‍ത്തിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുന്നു. മനുഷ്യരുടെ രക്ഷ എന്ന കൃസ്തീയസങ്കല്പം ഉള്‍കൊള്ളുന്ന ധ്യാനമാണ് ഈ പ്രാര്‍തഥനയിലൂടെ ഭകതര്‍ നിറവേറ്റുന്നത്. വ്യത്യസ്ത വിശ്വാസങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരെല്ലാം അവരുടേതായ പ്രാര്‍ത്ഥന രീതികള്‍ പിന്തുടരുന്നു. എങ്ങനെ പ്രാര്‍ത്ഥിക്കുന്നവെന്നതിനേക്കാള്‍ പ്രാര്‍ത്ഥിക്കുക എന്നതാണ്. പ്രധാനം. പ്രത്യേകിച്ച് ഈ നൊയമ്പുകാലം അതിന്റെ പുണ്യവും പേറി നില്‍ക്കുന്നു.
ജപമാല (ൃീമെൃ്യ) കൊണ്ടുള്ള ധ്യാനത്തിന് പറഞ്ഞിരിക്കുന്ന ഗുണങ്ങളില്‍ ചിലത് പാപത്തില്‍ നിന്നും നമ്മുടെ ആത്മാവിനെ പവിത്രമാക്കുന്നു. ശത്രുവിന്റെ മേല്‍ നമുക്ക് വിജയം ലഭിക്കുന്നു. ഗുണങ്ങള്‍ ശീലമാക്കാന്‍ സഹായിക്കുന്നു. യേശുദേവനോട് നമുക്കുള്ള സ്‌നേഹത്തെ അത് വര്‍ധിപ്പിക്കുന്നു. അനുഗ്രഹങ്ങളാലും പുണ്യങ്ങളാലും നമ്മെ പോഷിപ്പിക്കുന്നു. നമ്മുടെ കടങ്ങള്‍ വീട്ടാനുള്ള കഴിവുണ്ടാക്കുന്നു. ദൈവത്തില്‍ നിന്നുള്ള എല്ലാ അനുഗ്രഹവും ലഭ്യമാക്കുന്നു.
ശാസ്ത്രം പുരോഗമിക്കുമ്പോള്‍ മനുഷ്യര്‍ക്ക് ദൈവത്തിലുള്ള വിശ്വാസം കുറയാമെന്നു നമ്മള്‍ മാധ്യമങ്ങളില്‍ വായിക്കുന്നുണ്ടെങ്കിലും അത് പൂര്‍ണ്ണമായി ശരിയാണെന്നു തോന്നുന്നില്ല. ഇന്ന് നമ്മള്‍ ഒരു മഹാമാരിയെ ഭയപ്പെട്ടു കഴിയുകയാണ്. ശാസ്ത്രം പ്രതിരോധങ്ങള്‍ കണ്ടെത്തെമ്പോഴും ഭൂരിപക്ഷം ജനങ്ങളും അവര്‍ വിശ്വസിച്ചുവന്ന ദൈവത്തില്‍ ആശ്രയിക്കുന്നു. പ്രാര്‍ത്ഥനയും ഉപവാസവും അവരെ സമാധാനിപ്പിക്കുന്നു. ഈ വര്‍ഷത്തെ ഈസ്റ്റര്‍ കൊറോണയെ പൂര്‍ണ്ണമായി നശിപ്പിച്ചുകൊണ്ട് വന്നെത്തട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. അതിനായി പ്രാര്‍ത്ഥിക്കാം. പ്രാര്‍ത്ഥന ഒരിക്കലും വിഫലമായിട്ടില്ല.
അതുകൊണ്ടു നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിന്‍; എന്നാല്‍ അതു നിങ്ങള്‍ക്കു ഉണ്ടാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. (മാര്‍ക്കോസ് 11 :24)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല