Image

ആകാശം കഥ പറയുന്നു (കഥ: സുനി ഷാജി)

Published on 30 March, 2021
ആകാശം കഥ പറയുന്നു (കഥ: സുനി ഷാജി)

2021 ജാനുവരി  അഞ്ച്.
ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്റർ. മഞ്ഞിന്റെ തണുപ്പുള്ള കുളിർ കാറ്റ് വീശുന്ന അന്തരീക്ഷം.
എല്ലാവരും ആകാംഷയോടെ കാത്തിരുന്ന നിമിഷങ്ങൾ. എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ദിവസം. പുറം ലോകം കാണാത്ത, മൂന്നു വർഷത്തെ കഠിന പരിശീലനത്തിനൊടുവിൽ ഞങ്ങളെയും വഹിച്ചു കൊണ്ട് ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽനിന്ന് റഷ്യയുടെ സോയൂസ് എന്ന സ്പേസ്  ഷട്ടിൽ  പറന്നുയർന്നുയരുകയാണ്.

ഏറെ നാളായി കാത്തിരുന്നയെന്റെ  സ്വപ്നം പൂവണിഞ്ഞു...
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേയ്ക്ക്  പുറപ്പെടുന്ന നാലംഗ പര്യവേഷണ സംഘത്തിലെ അംഗമാകാൻ കഴിഞ്ഞതിന്റെ ത്രില്ലിൽ ആയിരുന്നു ഞാൻ.


പ്രധാന എൻജിൻ, പുനരുപയോഗിക്കാവുന്ന ഇരട്ട റോക്കറ്റ് ബൂസ്റ്ററുകൾ
എന്നിവയ്ക്കൊപ്പം ബഹിരാകാശവാഹനം കൂടി ഘടിപ്പിച്ചതായിരുന്നു ഞങ്ങളുടെ സ്പേസ് ഷട്ടിൽ. റോക്കറ്റ് ബൂസ്റ്ററുകളുടെ സഹായത്തോടെ ഭൂമിയുടെ  ഗുരുത്വാകർഷണ ബലത്തെ അതിജീവിച്ച് ഞങ്ങൾ ഭ്രമണ പഥത്തിലെത്തി.

ഇന്ധനം തീരുന്ന അനുസരിച്ച് പാരച്യൂട്ടിന്റെ സഹായത്തോടെ ബൂസ്റ്ററുകൾ ഭൂമിയിലേക്ക് പതിക്കുന്നുമുണ്ട്. നാസയെയും, അമേരിക്കയെയും എന്തിന് ലോകത്തെ തന്നെയും  മുൾമുനയിൽ
നിർത്തിയുള്ള യാത്ര....!

ഭൂമിയുടെ ഉപരിതലത്തിൽ നിന്നും 100 കിലോമീറ്റർ അകലെയായി
കണക്കാക്കിയിരിക്കുന്ന 'കാർരേഖയാണ് 'ബഹിരാകാശം.
ആ രേഖ മറികടന്നു ഞങ്ങൾ ആദ്യ കടമ്പ കടന്നു. ഇനി മാതൃ വാഹനത്തിൽ നിന്നും  ബഹിരകാശ നിലയത്തിൽ  ഇറങ്ങുക.  അതിനായി  മുൻ കൂട്ടി നിശ്ചയിച്ച ഭ്രമണ  പാതയിലൂടെ കൃത്യസമയത്ത് തന്നെ നിലയത്തിലേയ്ക്ക് ഇറങ്ങാൻ കഴിഞ്ഞു.

അങ്ങനെ....
എനിക്ക് മുൻപിൽ അത്ഭുതങ്ങളുടെ ലോകം പിറന്നു...
ബഹിരാകാശത്തു നിന്നും കാണുന്ന ഭൂമിയെ കുറിച്ച് എഴുതി നാസയ്ക്ക് നല്കുക  എന്നതായിരുന്നു എന്റെ  ദൗത്യം. ആദ്യത്തെ മൂന്നു ദിവസങ്ങൾ...
അക്ഷരാർത്ഥത്തിൽ ഭൂമിയെ പ്രണയിക്കുകയായിരുന്നു ഞാൻ...
കണ്ണൊന്നു അടക്കാതെ...ആർത്തിയോടെ അവളുടെ ഭംഗിയെ മതിവരുവോളം ആസ്വദിച്ചുവെന്ന് വേണമെങ്കിലും പറയാം.

ഇതുവരെയും ഞാൻ  വിചാരിച്ചിരുന്നത് ഭൂമി അതിന്റെ സൗന്ദര്യം  ഒളിപ്പിച്ചു വച്ചിരിക്കുന്നത് കാടിന്റെ നിഗൂഢതയിലും, കടലിന്റെ ആഴങ്ങളിലുമാണെന്നാണ്...
പക്ഷേ അങ്ങനെയല്ല...
അവൾ  മൊത്തത്തിൽ സുന്ദരിയാണ്.

വെള്ളിനൂലുകൾ പാകിയ നീലപട്ടു  ചുറ്റിയ  അതിസുന്ദരി. നാലാം ദിവസം രാത്രിയാണ് അത് സംഭവിച്ചത്... നിലയത്തിലെ  ബാക്കിയുള്ളവർ ഉറക്കമാണ്.
അതിശക്തമായ ദൂരദെർശിനിയിലൂടെ ഭൂമിയുടെ ഓരോ ഇഞ്ചും കിഴിഞ്ഞു പരിശോധനയിലായിരുന്നു ഞാൻ. ഭൂമിയെ ഒരു പ്രാവശ്യം വലം വയ്ക്കുവാൻ ഏകദേശം 91.32 മിനിറ്റ് എടുക്കുന്ന നിലയം ഒരുദിവസം ഏകദേശം 15.5 തവണ ഭൂമിയെ ചുറ്റുന്നുണ്ട്, മണിക്കൂറിൽ 27,743 കിലോമീറ്റർ വേഗത്തിൽ.

പുറത്തേയ്ക്ക് നോക്കികൊണ്ടിരുന്ന എന്റെ കണ്ണുകൾ വിശ്വസിക്കാൻ ആയില്ല...
അന്തരീക്ഷത്തിൽ നിന്നും സ്പേസ് സ്യുട്ട് ധരിച്ച ഒരാൾ അതിവേഗം
നിലയത്തിലേയ്ക്ക് അടുക്കുന്നു...
കൂടെ ഉള്ളവർ അകത്തു തന്നെ എന്ന് ഉറപ്പാണ്...
"പിന്നെ ഇത്..."

ഇങ്ങനെ ഒരു മൂവമെന്റ് നെ കുറിച്ച് ആരും പറഞ്ഞതുമില്ല...
ഓട്ടോമാറ്റിക് സിസ്റ്റം നിലവിലുള്ള നിലയത്തിൽ നിന്നും അപായ സൈറൺ മുഴുങ്ങുന്നുമില്ല.
 അപകടം തൊട്ടടുത്ത്...
ഞാൻ വേഗം കണ്ട്രോൾ റൂമിലേയ്ക്ക് കണക്ട് ചെയ്യാൻ ശ്രമിച്ചു....
പറ്റുന്നില്ല.... എന്റെ കൈകൾ ചലിക്കാൻ ആവുന്നില്ല... ആരോ എന്റെ ശരീരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നു.
നിമിഷങ്ങൾക്കുള്ളിൽ ആ രൂപം നിലയത്തിൽ... എന്റെ തൊട്ടടുത്തു എത്തി...
ഒന്ന് ചലിക്കാൻ പോലും ആവാതെ ശ്വാസം പിടിച്ചു ഞാൻ നിന്നു പോയി...
ആ രൂപം പെട്ടെന്ന് തന്റെ മുഖാവരണം എടുത്തു മാറ്റി...
മനുഷ്യന്റെ മുഖം തന്നെ ആണ് പക്ഷേ പരിചിതമല്ല...
എനിക്ക് ശബ്ദിക്കാൻ ആവുന്നില്ല...
പെട്ടെന്ന് ആ രൂപം എന്റെ തലയിൽ ഒന്ന് സ്പർശിച്ചു.
എന്നിലൂടെ വൈദ്യുതിയുടെ ഒരു സ്പാർക്ക് കടന്നു പോയി.
"താങ്കൾ ആരാണ്..."
എന്റെ നാവുകൾ സ്വതന്ത്രമായി.
"ഞാൻ ആരെന്നുള്ളതിന് ഉത്തരമില്ല...
ആകാശത്തിനും, ഭൂമിക്കുമിടയിൽ വച്ചു ദേഹവും, ദേഹിയും ഈ അന്തരീക്ഷത്തിൽ തന്നെ വിലയം പ്രാപിച്ച കുറച്ചു ആത്മാക്കൾ ഉണ്ട്...
ആകാശത്തിനോ, ഭൂമിക്കോ അവകാശമില്ലാത്ത ആ ആത്മാക്കൾ സന്നിവേശിച്ച രൂപമാണ് ഞാൻ...!!!"

എന്ത് പറയണം... എന്ത് ചെയ്യണം എന്നറിയാതെ മരണത്തെ മുഖാമുഖം കണ്ടു ഞാൻ.
ഇടിമുഴങ്ങുന്ന ശബ്ദത്തിൽ ആ രൂപം തുടർന്നു.... "നീ എന്റെ കൂടെ വരൂ...
നീ ആരെന്നും... എന്തിന് ഇവിടെ വന്നെന്നും എനിക്കറിയാം...
നിന്നിലൂടെ ലോകത്തെ അറിയിക്കാൻ കുറച്ചു കാര്യങ്ങൾ ഉണ്ട്...
വരൂ ഞാനത് കാട്ടി തരാം..."

സമ്മതം പറയും മുൻപേ...
എന്റെ കയ്യിൽ പിടിച്ചു കൊണ്ട്...
ആ രൂപം നിലയത്തിന് വെളിയിലേയ്ക്ക് പറന്നിറങ്ങി. ശരിക്കും അമ്പരന്ന് പോയി ഞാൻ...
വായുവിൽ പറന്നു നടക്കുകയാണ്...
ഗ്രഹങ്ങൾ സ്വയം കറങ്ങുന്നതിനൊപ്പം...
അതിന്റെ ഭ്രമണപാതയിലൂടെ അതിവേഗം സഞ്ചരിക്കുന്നു.
അതോടൊപ്പം ഞാനും, എന്റെ ബോധമണ്ഡലവും കറങ്ങി...

ദൂരെ ഭൂമിയെ ചൂണ്ടി കാണിച്ചു കൊണ്ട് ആ രൂപം വീണ്ടും സംസാരിക്കാൻ തുടങ്ങി... "നോക്കിയേ ഭൂമിയുടെ മുക്കാൽ ഭാഗത്തോളം വെള്ളമാണ്... ഏകദേശം 75%" ആർത്തിരമ്പുന്ന മഹാസമുദ്രത്തിലെ തിരമാലകളെ  അവൾ, തന്റെ ഹൃദയത്തിൽ തന്നെപിടിച്ചുനിർത്തുന്ന അത്ഭുതകരമായ കാഴ്ച..!!!  "ബാക്കിയുള്ള 25 ശതമാനത്തിൽ 5 ശതമാനം കാടാണ്.
പിന്നെയുള്ള 20 ശതമാനത്തിൽ തന്നെ 3% വാസയോഗ്യമല്ലാത്ത മരുഭൂമിയും, മഞ്ഞുമലകളും നിറഞ്ഞത്..."
ഭൂമിയിലെ സ്ഥലങ്ങൾ ഒക്കെയും കാണിച്ചു തന്നുകൊണ്ട് വളരെ ഗൗരവത്തിൽ സംസാരിച്ചു കൊണ്ടിരുന്ന ആ രൂപത്തിന്റെ
കണ്ണുകൾ പെട്ടെന്ന് അഗ്നിപോലെ ജ്വലിച്ചു...
"ബാക്കിയുള്ള 17 ശതമാനമാനത്തിൽ മാത്രമാണ്  ജനവാസം ഉള്ളത്...!
ഈ 17% ഭൂമിയിൽ കിടന്നു  കൊണ്ട്  മനുഷ്യൻ കാണിച്ചുകൂട്ടുന്ന വിക്രിയകൾ എന്തെല്ലാമാണ്..!!!"

മറുപടിയായി ഒന്നും പറയാൻ ഇല്ലാത്തതിനാൽ ഞാൻ കാഴ്ചകൾ കാണുകയാണ് എന്ന വ്യാചേന മൗനം പാലിച്ചു.
"മനുഷ്യവാസമില്ലാത്ത കാടും, കടലും തികച്ചും സമത്വം  പാലിക്കുന്നുണ്ട്. അവിടെ ജാതിയില്ല... മതമില്ല... നാളെ കുറിച്ചുള്ള കരുതി വയ്ക്കലില്ല... വർണ്ണ വർഗ്ഗ വിവേചനമില്ല... രാഷ്ട്ര രാഷ്ട്രീയ അതിർ വരമ്പുകളില്ല... അവരുടെ ആവാസവ്യവസ്ഥയിൽ ആരും അതിക്രമിച്ചു കടക്കാറുമില്ല... (മനുഷ്യൻ മാത്രം അതിൽ കൈവയ്ക്കുന്നുണ്ട് )".
"പക്ഷേ... ആ പതിനേഴു ശതമാനത്തിൽ ഉള്ള മനുഷ്യരല്ലേ ഭൂമി മുഴുവനും അടക്കി ഭരിക്കുന്നത്....അത് അവന്റെ കഴിവ് അല്ലേ.."

മനുഷ്യനെ ഇങ്ങനെ കുറ്റം  പറയുമ്പോൾ ഞാൻ എന്തെങ്കിലും  പറഞ്ഞില്ലേൽ മോശമല്ലേ...  അതും ഒരു മനുഷ്യൻ എന്ന നിലയിൽ...
ഓഹോ അത്രയും  കേമന്മാരാണോ ഈ  മനുഷ്യർ... മനുഷ്യനൊഴികെ മറ്റൊരു ജീവജാലവും തന്റെ വിശപ്പടക്കാനല്ലാതെ, ഒരിക്കലുമൊരു ജീവനെടുക്കാൻ ശ്രമിക്കാറില്ല.

അതുപോലെ സന്താനോല്പാദനല്ലാതെ തന്റെ കാമം തീർക്കാൻ ഒരു മൃഗവും മറ്റൊരു മൃഗത്തെ  ബലാത്സംഗം  ചെയ്യാറുമില്ല...
പക്ഷേ മനുഷ്യർക്ക്  കൊല്ലും, കൊലയും, ബലാത്സംഗവുമൊക്കെയൊരു വിനോദമാണ്... ക്രൂരമായ വിനോദം..!!!"

രക്തം വിയർപ്പാക്കി പാടങ്ങളിൽ അന്നം വിളയിക്കുന്നവർ സമരമെന്ന മരണ മുഖത്തേക്കെറിയപ്പെടുന്നതും... പെണ്ണ്, പ്രകൃതിയെന്ന് ഉൽഘോഷിക്കുന്ന  മതഗ്രന്ഥങ്ങളുടെ പ്രചാരകരാൽ പോലും
ശൈശവമോ, വാർദ്ധക്യമോ നോക്കാതെ കാമ പൂർത്തി നടത്തുകയും നാവരിഞ്ഞും ചുട്ടുകരിച്ചും, അർമാദിക്കുകയും ചെയ്യുന്ന നെറികെട്ട ജന്മങ്ങൾ സസുഖം വാഴുന്ന ഭൂമി...

അരികുവൽക്കരിക്കപെട്ട അധികാരങ്ങൾക്ക് മുൻപിൽ നീതിക്കു വേണ്ടി തെരുവിൽ മരണം വരിക്കേണ്ടി വരുന്ന നിസ്സഹായരായ മനുഷ്യ ജന്മങ്ങൾ..."

ഒന്ന് നിർത്തി എന്റെ മുഖത്തേയ്ക്ക് രൂഷമായി നോക്കികൊണ്ട് ആയിരുന്നു അടുത്ത ഡയലോഗ്.
"മനുഷ്യനെ  'മൃഗങ്ങളോട്  ' ഒരിക്കലും   താരതമ്യം ചെയ്യരുത്...
കാരണം അത്  മൃഗങ്ങൾക്ക്  തന്നെ  അപമാനമാണ്, പ്രവർത്തികൾ നോക്കുമ്പോൾ മനുഷ്യനെക്കാൾ എത്രയോ ഉന്നതങ്ങളിലാണ് മൃഗങ്ങൾ."

ചിന്തിച്ചപ്പോൾ പറഞ്ഞത് ഒക്കെയും സത്യം തന്നെ ആണ്...
ഉത്തരം മുട്ടി ഞാൻ നിൽക്കുമ്പോൾ ദാ... എന്നെ എടുത്തു ഉയർത്തിക്കഴിഞ്ഞു ആ രൂപം... ഈ ഭൂമിയിൽ മനുഷ്യനായി ജീവിക്കാൻ കിട്ടിയ അവസരം  ഒരു ഭാഗ്യം തന്നെയാണ്.... മഹാഭാഗ്യം...!
ചുരുങ്ങിയ കാലം മാത്രം ഒരു അ
തിഥിയായി വന്നതാണ് ഈ ഭൂമിയിൽ മനുഷ്യൻ... അതുകൊണ്ട്
ഒരു തിരിച്ചു വരവില്ലാതെ  കടന്നു പോകും മുൻപ് മറ്റുള്ളവർക്ക് നന്മകൾ
ചെയ്തു ജീവിക്കാൻ ശ്രമിക്കുക. "

എന്നെ എടുത്തുയർത്തിയ കൈകളിൽ അസാധാരണമായ ചൂട്...
ഞാൻ പേടിച്ചു... ആ രൂപം ഒന്ന് വട്ടം കറങ്ങി...
പിന്നെ വളരെ പതിഞ്ഞ സ്വരത്തിൽ എന്റെ കാതിൽ മന്ത്രിച്ചു...
എന്നെങ്കിലും ഒരു മനുഷ്യനെ കൈയിൽ കിട്ടിയാൽ അവനെ ഈ ആകാശത്തു നിന്നും താഴേയ്ക്ക്  വലിച്ചെറിയുമെന്ന് ഞാൻ ഒരു
ശപഥമെടുത്തിരുന്നു...

എന്റെ ശ്വാസം നിലച്ചു പോയി... ഞാൻ ഇതാ... ബഹിരകാശത്തു നിന്നും
താഴയ്ക്ക് വലിച്ചെറിയപ്പെടാൻ പോകുകയാണ് ...
വളരെ സാവധാനം കറങ്ങി കൊണ്ടിരുന്ന ആ രൂപം നിമിഷങ്ങൾക്കുള്ളിൽ ശക്തി പ്രാപിച്ചു...
ഒടുവിൽ... ആ രൂപത്തിന്റെ കൈയിൽ നിന്നും താഴേയ്ക്ക് നിപതിക്കുമ്പോൾ... ആർത്തിരമ്പുന്ന തിരമാല കൈകൾ എന്നെ എത്തിപ്പിടിക്കാൻ എന്ന പോലെ മുകളിലേയ്ക്ക് കുതിച്ചുയരുന്നത് കണ്ടു...
പെട്ടെന്ന് എന്റെ ശരീരം എന്തിലോ ശക്തിയായി ഇടിച്ചു...
വേദനയുടെ അലകൾ ബോധമണ്ഡലത്തിൽ ഒളി വീശിയപ്പോൾ
മുൻപിൽ തെളിഞ്ഞത് മൂന്നു നിഴലുകൾ ആണ്...
നിമിഷങ്ങൾ കൊണ്ട് നിഴലുകൾ രൂപം പ്രാപിച്ചു...

കൗതുകത്തോടെ എന്നെ നോക്കുന്ന ആറു കണ്ണുകൾ കാണാനായി...!!!
ഏകദേശം അഞ്ചു മിനിറ്റിനുള്ളിൽ എനിക്ക് ബോധം തിരിച്ചു കിട്ടി.
ഒരു സ്വപ്‍നത്തിന്റെ തേരിലേറിയാണ് ഞാൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയതെന്നും സ്വപ്നത്തിലെ ചരട് പൊട്ടി  നിപതിച്ചത്  കടലിലേക്ക് അല്ല... 

കട്ടിലിൽ  നിന്നും താഴേക്ക് ആണെന്നും  മനസ്സിലായത് അപ്പോഴാണ്.
പതിവുപോലെ  പരിഹാസച്ചിരി ചുണ്ടിലൊളിപ്പിച്ചു കൊണ്ട് ചങ്ക് ഫ്രണ്ട്
ശ്രുതിയുടെ കമന്റ്
"ഇന്നെന്താണ് ഭവതി കണ്ട സ്വപ്നം...? 

പാറപ്പുറത്തുനിന്നും ആറ്റിലോട്ട് ചാടുന്നതോ....?
അതോ പർവ്വതത്തിന്റെ മുകളിൽ  നിന്നും താഴേക്ക് ചാടുന്നതോ....?
അല്ല.... ഇടക്ക് നീന്തണത് കണ്ടു... അതോണ്ട് ചോദിച്ചതാ..."
ആകാശം കഥ പറയുന്നു (കഥ: സുനി ഷാജി)
Join WhatsApp News
Boby Varghese 2021-03-30 11:34:13
Beautiful. Thanks.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക