താരനിബിഡമാണ് ഇത്തവണയും തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്.ഖുശ്ബു വും ഗൌതമിയും കമലഹസ്സനും സെന്തിലും വിജയകാന്തും ഉദയനിധി സ്റ്റാലിനും പ്രചാരണത്തിനും മത്സരത്തിനും ഉണ്ടെങ്കിലും ആ പഴയ താരത്തിളക്കം ഇന്ന് കാണാനില്ല .എം ജിആറും ജയലളിതയും മുത്തുവേല്‍ കരുണാനിധിയും ശിവാജി ഗണേശനും അരങ്ങു വാണിരുന്ന ആ പഴയ ദ്രാവിഡ രാഷ്ട്രീയമല്ല ഇന്ന് തമിഴകത്തെ നയിക്കുന്നത് .
കളത്തില്‍ ഇന്നും ഡി എം കെ യും എ ഐ എ ഡി എം കെയും പ്രധാന രാഷ്ട്രീയമുന്നണികളായി രംഗത്ത് ഉണ്ടെങ്കിലും ദ്രാവിഡ രാഷ്ട്രീയത്തിന്റെ നിറങ്ങള്‍ എത്രയോ മാറിക്കഴിഞ്ഞിരിക്കുന്നു .എടപ്പാടിയുടെയും പന്നീര്‍സെല്‍വത്തിന്റെയും നേതൃത്വത്തില്‍ ഉള്ള ഇന്നത്തെ എ ഡി എം കെ പഴയ എം ജി ആറിന്റെയോ ജയലളിതയുടെയോ നേതൃത്വത്തില്‍ ഉണ്ടായിരുന്ന പാര്‍ട്ടിയുടെ ഒരു ചെറിയ രൂപം മാത്രം .പാര്‍ട്ടിയാണ് അധികാരത്തില്‍ എങ്കിലും ബി ജെപി പിന്‍സീറ്റില്‍ ഇരുന്നു ഭരിക്കുന്ന സംസ്ഥാനമാണ് തമിഴ് നാട് ഇന്ന് .നീ ജെപി യുമായി ചേര്‍ന്നാണ് ഇത്തവണ അവര്‍ മത്സരിക്കുന്നതും .
ആകെ വ്യത്യാസം ,ജയയുടെ നിഴല്‍ പോലെ എക്കാലവും ഉണ്ടായിരുന്ന അവരുടെ തോഴിയും മനസാക്ഷി സൂക്ഷിപ്പുകാരിയുമായിരുന്ന വി കെ ശശികല അഴിമതികേസില്‍ നാല് വര്‍ഷ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയിട്ടും അവരോടു ഒപ്പമില്ല .അവരുടെ മരുമകന്‍ ടി ടി വി ദിനകരന്റെ പാര്‍ട്ടിയായ എഎം എം കെ യുമായി സഖ്യത്തില്‍ ഏര്‍പെടാന്‍ ബി ജെ പി ആവശ്യപ്പെട്ടിട്ടും ഔദ്യോഗിക കക്ഷി അതിനു തയ്യാര്‍ ആയില്ല എന്നതാണ് കൌതുകകരമായ കാര്യം .മണിക്കൂറിനു തലൈവിയെ നാലുവട്ടം വെച്ചു ആനയിടുന്നവര്‍ എതായാലും തോഴിയെ ഉള്‍ക്കൊള്ളാന്‍ തയാറായിട്ടില്ല .
എതാണ്ട് പത ശതമാനം വോട്ട് നേടിയ അവരുമായുള്ള സംഖ്യത്തെക്കാള്‍ ആസന്നമായ തോല്‍വി തന്നെയാണ് ഭേദം എന്ന് അവരുടെ നിറഭേദങ്ങള്‍ കണ്ടറിഞ്ഞ ആ നേതാക്കള്‍ കരുതുന്നുണ്ടാകണം.
യഥാര്‍ത്ഥത്തില്‍ ജയലളിതയുടെ മരണത്തോടെ (ശശികലയുടെ)സഹായത്തോടെ )അധികാരത്തില്‍ വന്ന ,എടപ്പാടി പളനിസ്വാമി കഴിഞ്ഞ നാല് വര്‍ഷം കൊണ്ടു സ്വന്തമായി അധികാരത്തില്‍ ഒരു വിലാസം സൃഷ്ടിച്ചിരിക്കുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.ജങ്ങളി നിന്നകന്നു നിന്ന താരനായികയായ ജയലളിതയില്‍ നിന്ന് വ്യത്യസ്തനായി ജനങ്ങള്‍ക്കൊപ്പം നിന്ന ഭരണാധികാരിയാണ് എടപ്പാടി.ബി ജെ പി പിന്തുണയോടെ ആണെങ്കിലും ആടിവീണ് പോകുമായിരുന്ന സര്‍ക്കാരിനെ അദ്ദേഹം സംരക്ഷിച്ചു എന്ന് മാത്രമല്ല വല്യേട്ടന്മാരായ ബി ജെപിക്ക് തുച്ഛമായ ഇരുപതു സീറ്റ് മാത്രം നല്‍കി അവരെ നിലക്ക് നിര്‍ത്തുകയും ചെയ്തു .
വടക്കന്‍ തമിഴ്‌നാട്ടില്‍ പതിനഞ്ചു ശതമാനം വോട്ടു വിഹിതം ഉള്ള പാട്ടാളി മക്കള്‍ കക്ഷിക്ക് മാത്രമാണ് അദ്ദേഹം കൈ കൊടുത്തത് .അവര്‍ക്ക് അദേഹം 25 സീറ്റും നല്‍കി .ബി ജെപ്പിയെക്കാള്‍ .അത് മുന്നണിക്ക് വലിയ പിന്തുണയാകും .ഇതിനിടെ വി കെ ശശികല രാഷ്ട്രീയം ഉപേക്ഷിക്കുന്നു എന്ന് പ്രസ്ഥാവിച്ച്ചതും മുന്നണിക്ക് ശക്തി കൂട്ടിയിട്ടുണ്ട് .
പക്ഷെ സഷികലയുടെ മരുമകനും വമ്പിച്ച സ്വത്തിനു ഉടമയുമായ ടി ടി വി ദിനകരന്‍ നടന്‍ വിജയകാന്തുമായി കൈ കോര്‍ത്തത് മുന്നണിക്ക് വലിയ ആശങ്ക സൃഷ്ട്ടിക്കുന്നുണ്ട്.ജയയുടെ പൈതൃകത്തില്‍ ഒരു ഭാഗം ഈ മുന്നണി തട്ടിയെടുക്കും .മാത്രമല്ല ഡി എം കെ മുന്നണിക്ക് അനുകൂലമായ ഒരു തരംഗം ഉള്ള സംസ്ഥാനത്ത് രണ്ടില ചിഹ്നത്തില്‍ മത്സരിക്കുന്ന ഔദ്യോഗിക എ ഐ ഡി എം കെക്ക് വലിയ തിരിച്ചടി നല്‍കാനും അവര്‍ക്ക് കഴിഞ്ഞേക്കും .
പക്ഷെ എടപ്പാടിക്ക് കൂസലില്ല .സൂപ്പര്‍ താരം രജനികാന്ത് മത്സരത്തില്‍ നിന്ന് പിന്‍വാങ്ങിയതോടെ പ്രതീക്ഷയുടെ തേരിലാണ് അദ്ദേഹം .ഭരണകക്ഷിയായ ബി ജെ പിയുമായുള്ള സംഖ്യം തങ്ങള്‍ക്കു അനുകൂലമാകുമെന്ന് എടപ്പാടി കരുതുന്നു.പ്രചാരണത്തിന് വേണ്ടി വരുന്ന ഭീമന്‍ തുക തമിഴ്‌നാട്ടില്‍ വലിയൊരു ഘടകമാണ്.പണത്തിനു വോട്ടു എന്ന പുതിയ തെരഞ്ഞെടുപ്പു പ്രചാരണ രീതി സ്വായത്തമാക്കിയ ഈ സംസ്ഥാനത്ത് അവസാന മിനിറ്റിലെ കൈമാറ്റങ്ങള്‍ വലിയ തരംഗം തന്നെ സൃഷ്ടിക്കും .
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി വാങ്ങിയ പണത്തിനു പകരം തിരിച്ചു സത്യസന്ധതയോടെ വോട്ടു ചെയ്യുന്നവരാണ് പൊതുവേ ഇവിടെ വോട്ടര്‍മാര്‍. .അല്ലെങ്കില്‍ തന്നെ സത്യം ചൊല്ലിയാണ് പല വോട്ടര്‍മാരും പണം കൈപ്പറ്റുന്നത് .അഭിപ്രായ സര്‍വ്വേകളെ ഇത് കാറ്റില്‍ പറത്തും.തമിഴ്‌നാട് തെരഞ്ഞെടുപ്പിനെ ഏറ്റവും വലിയ പണപ്പയറ്റിന്റെ വേദിയാക്കുന്നതും ഇത് തന്നെ .
232 അംഗ നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഉള്ള ഡി എം കെ മുന്നണി മൂന്നില്‍ രണ്ടു സീറ്റു (170)നേടുമെന്നാണ് അഭിപ്രായ സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത് .പൊതുവേ ലോകസഭ തെരഞ്ഞെടുപ്പിലെ തരംഗം ഇവിടെ ആവര്‍ത്തിക്കുമെന്ന് കരുതപ്പെടുന്നു .സാക്ഷാല്‍ ജയലളിത നയിച്ച കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ പോലും 88 സീറ്റ് നേടിയ ഈ മുന്നണി ചുരുങ്ങിയ വോട്ടുകള്‍ക്കാണ് മുപ്പതോളം സീറ്റുകളില്‍ തോറ്റത്.ഒരു ദശാബ്ദം നീണ്ട ഭരണത്തോടുള്ള ഭരണവിരുദ്ധ വികാരം ഇത്തവണ അണപൊട്ടിയോഴുകും എന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത് .കോണ്‍ഗ്രസ് 25 സീറ്റിലും സി പി ഐയും സി പി എമ്മും ആറുസീറ്റിലും മുന്നണിയില്‍ മത്സരിക്കുന്നു .
രജനികാന്ത് മത്സരത്തിനു ഇറങ്ങിയില്ലെങ്കിലും നടന്‍ കമല ഹസന്റെ മക്കള്‍ നീതി മെയ്യം നാലാമതൊരു മുന്നനിയായി മത്സരിക്കുന്നുണ്ട് .വീട്ടമ്മമാര്‍ക്ക് ശമ്പളം പോലെ നൂതനമായ ആശയങ്ങള്‍ ഉള്ള പ്രകടന പത്രികയാണ് കമലഹസ്സന്റെ പര്ട്ടിയുടെത്.ഇവ മറ്റു കക്ഷികള്‍ കോപ്പി അടിച്ചുവെന്നു താരം പരാതിപെടുന്നു .
എന്തായാലും വാഗ്ദാനങ്ങളുടെ പെരുമഴയാണ് ഇത്തവണ പ്രകടനപത്രികകളില്‍ കാണുന്നത് .ആറു ഗ്യാസ് കുറ്റിയും വാഷിംഗ് മെഷിനും എ ഐ എ ഡി എം കെ വാഗ്ദാനം ചെയ്യുമ്പോള്‍ കാര്‍ഡോന്നിന് പണവും വായ്പ റദ്ദ് ചെയ്യലും ഡി എം കെ വാഗ്ദാനം ചെയ്യുന്നു .
എന്നാലും ഹെലികോപ്റ്ററും ഇരുനില വീടും വാഗ്ദാനം ചെയ്ത സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് ഒപ്പം ഉയരാന്‍ പാര്‍ട്ടികള്‍ക്ക് ഒന്നിനും കഴിഞ്ഞിട്ടില്ല .
ചെന്നെയില്‍ ഡി എം കെ ഓഫീസായ അണ്ണാ അറിവാലയത്തില്‍ ഉദയസൂര്യന്‍ ഉദിച്ചു ഉയരാന്‍ ഉള്ള ദിനങ്ങള്‍ രേഘപ്പെടുത്തി കൌണ്ട് ഡൌണ്‍ ക്ലോക്ക് സ്ഥാപിച്ചിരിക്കുന്നു .മെയ് രണ്ടിന് ഏതായാലും സൂര്യന്‍ ഉദിക്കും .അപ്പോള്‍ അധികാരത്തില്‍ എത്തുക ഡി എം കെ യുമാകാണാന് ഇട .പക്ഷെ രാഷ്ട്രീയത്തിലെ അന്തര്‍ധാരകള്‍ ആര്‍ക്കാണ് പ്രവചിക്കാനാവുക ?