രാവിലെ ആറരക്ക് തന്നെ ജോർജ് എബ്രഹാം വോട്ട് ചെയ്യാൻ പുറപ്പെട്ടു. ഏഴു മണിക്ക് കല്ലിശേരി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ ബൂത്ത് തുറന്നപ്പോൾ ആദ്യ വോട്ടറുമായി. (ഇത് എഴുതുമ്പോൾ നാട്ടിൽ രാവിലെ 8 മണി. പോളിങ് വൈകിട്ട് ഏഴു വരെ ഉണ്ട് )
അമേരിക്കയിൽ 53 വർഷമായി ജീവിക്കുന്ന ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) വൈസ് ചെയർമാനും മുൻ യു.എൻ. ഉദ്യോഗസ്ഥനുമായ ജോർജ് എബ്രഹാം ഇപ്പോഴും ഇന്ത്യൻ പൗരൻ. അതിനാൽ ഇലക്ഷൻ കമ്മീഷന്റെ ഐഡി മാത്രം മതിയായിരുന്നു വോട്ട് ചെയ്യാൻ. അമേരിക്കയിലെ പോലെയല്ല ഐഡി വേണം!
എന്നാലും ഒരു ബലത്തിന് പാസ്‌പോർട്ടും എടുത്തു. വിദേശി ആണെന്ന് ആരെങ്കിലും പറഞ്ഞാൽ ഇന്ത്യൻ പാസ്പോർട്ട് കാണിക്കാമല്ലോ. എന്തായാലും അത് വേണ്ടി വന്നില്ല.
ചെങ്ങന്നൂരിൽ കോൺഗ്രസ് സ്ഥാനാർഥി എം. മുരളിക്ക് വോട്ട് ചെയ്തപ്പോൾ സന്തോഷം. മുരളി പാർട്ടിക്കാരൻ മാത്രമല്ല പഴയ സുഹൃത്തുമാണ്. വലിയ വിജയ സാധ്യതയുമുണ്ട്. പാർലമെന്റ് ഇലക്ഷനിൽ വോട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് അസംബ്ളിയിലേക്ക് വോട്ട് ചെയ്യുന്നത്.
നോക്കി നിൽക്കെ ക്യൂ ശക്തിപ്പെട്ടു. നല്ല തെളിച്ചമുള്ള കാലാവസ്ഥ. ജനം ഒഴുകിയെത്തുന്നു.
എന്തായാലും മധ്യതിരുവിതാംകൂറിൽ യു.ഡി.എഫ്. വലിയ കുതിച്ചു ചാട്ടം തന്നെ നടത്തുന്നതായാണ് കാണുന്നത്. ആദ്യം എഴുതി തള്ളിയവർ തന്നെ അമ്പരന്നു പോയിരിക്കുന്നു. ഇടതു പക്ഷം നിശബ്ദർ. മലബാർ മേഖലയിലാണ് അവരുടെ കണ്ണ്.
ഇത് അതിശയം തന്നെ, ഈ ഇലക്ഷൻ ചരിത്രം കുറിക്കും- ജോർജ് എബ്രഹാം പറഞ്ഞു.