MediaAppUSA

പാമ്പും കോണിയും - നിർമ്മല - നോവൽ - 41

Published on 10 April, 2021
പാമ്പും കോണിയും - നിർമ്മല - നോവൽ - 41
മനു പതുക്കെ അകത്തേക്കു നടക്കാൻ തുടങ്ങി. തീരെ പ്രതീക്ഷിക്കാതെ മമ്മി പിന്നാലെ ചെന്ന് അവന്റെ തോളിൽ കൈവെച്ചു.
മനു പെട്ടെന്നു തിരിഞ്ഞ് സാലിയെ മുറുക്കെ കെട്ടിപ്പിടിച്ചുതേങ്ങി. മമ്മി പതിവുപോലെ 'മോങ്ങാതെ ചെറുക്കാന്നു 'ദേഷ്യപ്പെടില്ലെന്ന് അവന് അറിയാമായിരുന്നിരിക്കണം. തോളിൽ വെള്ളം തെറിച്ചതുപോലെ തോന്നിയതുകൊണ്ട് മനു മുഖമുയർത്തി നോക്കി. സാലി അവനെ കെട്ടിപ്പിടിച്ച് നെറ്റിയിൽ ഉമ്മവെച്ചു.
സാരമില്ല. അവധിക്ക് മമ്മി മോനെ എവിടെയെങ്കിലും കൊണ്ടുപോകാം.
- പ്രോമിസ് ?
എന്തോ ഒരു ധൈര്യത്തിൽ സാലി പറഞ്ഞു:
- പ്രോമിസ് !
മമ്മി കരഞ്ഞോ ?
- ഇല്ല കുട്ടാ .
കാനഡ മരത്തിൽ
ഡോളർ പറിക്കാൻ
പോയവരുടെ കഥ
നിർമ്മലയുടെ
പാമ്പും കോണിയും തുടരുന്നു ....
                            .......     ......     ........
ജൂലൈയും ഓഗസ്റ്റും സ്കൂൾ അവധിക്കാലമാണ്. ജോയിക്കും സാലിക്കും പ്രത്യേകിച്ച് അവധിക്കാലങ്ങളില്ലെന്നു പറയാം. നാട്ടിൽ പോകാൻ നേരത്തേ ആലോചിച്ചു തീരുമാനിച്ച് അവധിയെടുക്കും. മറ്റവധികളൊക്കെ ആവശ്യങ്ങൾക്ക്. അമ്മച്ചിക്ക് വയ്യാതവുമ്പോൾ , കുട്ടികൾക്ക് അസുഖം വരുമ്പോൾ , വിരുന്നുകാർ വരുമ്പോൾ . വാർഷിക അവധി എടുത്തു തീർത്തില്ലെങ്കിൽ വർഷാവസാനം സാലിക്ക് അതു ശമ്പളമായി കിട്ടും. സ്വന്തം ഗ്യാസ് സ്റ്റേഷനിൽ പോകാതിരുന്നിൽ നഷ്ടം ജോയിക്കുതന്നെ. അതുകൊണ്ട് അവധിക്കാലം മനുവും ഷാരനും ടി.വി കണ്ട് അമ്മച്ചിയുടെ കൂടെ വീട്ടിലിരുന്നു. അടുത്ത വീടുകളിലൊന്നും കളിക്കാൻ പറ്റിയ കൂട്ടുകാരില്ല. വീട്ടിലിരുന്നു ബോറടിച്ചു മടുത്ത ഒരു വൈകുന്നേരം മനു ചോദിച്ചു:
- വിശാലും ആദിത്യനും ഇവിടെ വന്നു നിൽക്കുന്നില്ലേ. അവധിക്ക് ഞങ്ങൾ ജിമ്മിയങ്കിളിന്റെ വീട്ടിപ്പോകട്ടെ?
- വിളിക്കാത്ത സദ്യയ്ക്ക് ഉണ്ണാൻ പോകണ്ട.
സാലി ഉച്ചത്തിൽ പറഞ്ഞു. മറ്റെല്ലാവരെയുപോലെ കസിൻസിന്റെ വീട്ടിൽ പോകാനും കളിച്ചുതിമിർക്കാനുമൊക്കെ മോഹമുണ്ട് അവർക്കും . പക്ഷേ...
ഈസ്റ്ററിനു വന്നുപോയപ്പോൾ ഉഷ കുശലം പറഞ്ഞിരുന്നു :
- സ്കൂളടക്കുമ്പം അവിടെ വന്നു നിൽക്കണം കേട്ടോ .
മനുവിന്റെ കണ്ണിൽ ആയിരം വാൾട്ടിന്റെ ബൾബാണ് അപ്പോൾ തെളിഞ്ഞത്. അവരിറങ്ങിയതും മനു കെട്ടിപ്പിടിച്ചു ചോദിച്ചു :
- മമ്മീ, ഉഷയാന്റി പറഞ്ഞതു കേട്ടോ, സ്കൂളടയ്ക്കുമ്പം ആദിത്യന്റെ വീട്ടിൽ പൊയ്ക്കോട്ടെ.
സാലി ജോയിയെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി.
- വെറുതെ പിള്ളേരെ പറഞ്ഞാശിപ്പിച്ചിട്ട് സമയം വരുമ്പോ മഷിയിട്ടു നോക്കിയാൽ ആളെ കാണുകേല.
പല്ലു ഞെരിച്ചുകൊണ്ട് അവൾ പിള്ളേരോടു പറഞ്ഞു:
സ്കൂളടയ്ക്കുമ്പം വിളിച്ചാ പൊയ്ക്കോ, പുറകേ നടന്നു വന്നോട്ടേന്ന് ചോദിക്കരുത്. ഒരിക്കലും ഒരിടത്തും വലിഞ്ഞു കേറി ചെന്നേക്കരുത്.
മനുവിനു പകുതിയും മനസ്സിലായില്ല. എങ്കിലും അവനു സന്തോഷം തോന്നി. ഉറങ്ങുന്നതിനുമുമ്പ് കിടക്കയ്ക്കരുകിൽ മുട്ടുകുത്തിനിന്ന് അവൻ പ്രാർത്ഥിച്ചു.
- ഈ വർഷത്തെ അവധിക്കെങ്കിലും ആദിത്യന്റെ വീട്ടിൽ പോകാൻ പറ്റണേ.
പിന്നെയവൻ ജിമ്മിയങ്കിളിന്റെ വീട്ടിൽ കിടന്നുറങ്ങുന്നതു സങ്കല്പിച്ചു നോക്കി. പക്ഷേ, അതൊരിക്കലും നടക്കാത്ത കാര്യമാണെന്ന് ഉറക്കത്തിലേയ്ക്കു വഴുതുന്നതിനു തൊട്ടുമുമ്പ് അവനു തോന്നി. എത്ര അവധികൾ വന്നു പോയിരിക്കുന്നു.
സെപ്റ്റംബറിൽ സ്കൂൾ തുറക്കുന്നതിനു തൊട്ടുമുമ്പ് ഉഷ പറഞ്ഞു:
ചോറും കപ്പയുമൊക്കെ തിന്നാൻ പഠിക്കണം , ഈ കഴിക്കാത്ത പിള്ളേരെ എങ്ങനെ വളർത്താനാ ?
അത്തവണയും അവർ പോയിക്കഴിഞ്ഞപ്പോൾ സാലി മക്കളോട് അരിശപ്പെട്ടു:
നേരേചൊവ്വേ ഒന്നും തിന്നാമ്മേലെ. കേട്ടോ ഉഷയാന്റി പറഞ്ഞത്. നിനക്കൊക്കെ ചോറുണ്ണാൻ മടിയായോണ്ട് അങ്ങോട്ടു ചെല്ലണ്ടാന്ന്.
പറഞ്ഞത് ജോയിക്കു കേൾക്കാൻവേണ്ടിയായിരുന്നു. എന്നാൽ മനു അന്നുമുതൽ ചോറുണ്ണാൻ പറയുമ്പോൾ മുഖം വീർപ്പിക്കാതിരുന്നത് സാലി ശ്രദ്ധിച്ചില്ല. ക്രിസ്തുമസ് അവധിക്കു മുമ്പ് അവൻ പറഞ്ഞു:
- മമ്മി കണ്ടോ ഞാൻ വഴക്കില്ലാതെ ചോറുണ്ണുന്നത് ഇനിയെനിക്ക് ക്രിസ്തുമസ് ബ്രേക്കിന് ആദിത്യന്റെ വീട്ടിൽ പോകാമല്ലോ.
സാലി അൽഭുതത്തോടെ അവനെ നോക്കി. പിന്നെ ഭർത്താവിനെയും. ജോയി ഒന്നും കേൾക്കാത്ത മട്ടിലിരുന്നു. അവൾക്ക് എന്തൊക്കെയോ പറയണമെന്നുണ്ട്. ജോയി എന്തെങ്കിലുമൊന്നു പറഞ്ഞിരുന്നെങ്കിലെന്നുമുണ്ട്.
ക്രിസ്മസ് അവധി തുടങ്ങിയപ്പോഴേ ജിമ്മിയും ഉഷയും വന്നു. ആദിത്യനോടു കളിക്കാൻ തുടങ്ങുന്നതിനു മുമ്പേ മനു ഉഷയുടെ കൈയിൽ തൊട്ടു പറഞ്ഞു:
- ആന്റീ ഞാനിപ്പോൾ നന്നായിട്ടു ചോറുണ്ണും .
- അമ്പട , എത്ര നാഴി അരിയുടെ ചോറുണ്ണും ചെറുക്കൻ ?
ഉഷ പറഞ്ഞതുകേട്ട് ജിമ്മി ഉറക്കെ ചിരിച്ചു. സാലിക്കു ചിരി വന്നതേയില്ല. അവളുടെ മുഖം വിളറുന്നതും ചുണ്ട് ചെറുതായി വിറയ്ക്കുന്നതും ജോയി നോക്കാതെ കണ്ടു. മനുവിനുമാത്രം ഒന്നും മനസിലായില്ല. അവൻ എല്ലാവരുടെയും മുഖത്തേക്കു മാറിമാറി നോക്കി.
പെട്ടെന്ന് അവനൊരു കാര്യം വ്യക്തമായി. ഈ അവധിക്കും അവൻ ആദിത്യന്റെ വീട്ടിൽ താമസിക്കാൻ പോകുന്നില്ല. ഒരുപക്ഷേ, ഇനി ഒരവധിക്കും .അവനു പെട്ടെന്നു സങ്കടം വന്നു. മനു പതുക്കെ അകത്തേക്കു നടക്കാൻ തുടങ്ങി. തീരെ പ്രതീക്ഷിക്കാതെ മമ്മി പിന്നാലെ ചെന്ന് അവന്റെ തോളിൽ കൈവെച്ചു.
മനു പെട്ടെന്നു തിരിഞ്ഞ് സാലിയെ മുറുക്കെ കെട്ടിപ്പിടിച്ചു തേങ്ങി. മമ്മി  പതിവുപോലെ 'മോങ്ങാതെ ചെറുക്കാന്നു 'ദേഷ്യപ്പെടില്ലെന്ന് അവന് അറിയാമായിരുന്നിരിക്കണം. തോളിൽ വെള്ളം തെറിച്ചതുപോലെ തോന്നിയതുകൊണ്ട് മനു മുഖമുയർത്തി നോക്കി. സാലി അവനെ കെട്ടിപ്പിടിച്ച് നെറ്റിയിൽ ഉമ്മവെച്ചു.
സാരമില്ല. അവധിക്ക് മമ്മി മോനെ എവിടെയെങ്കിലും കൊണ്ടുപോകാം.
- പ്രോമിസ് ?
എന്തോ ഒരു ധൈര്യത്തിൽ സാലി പറഞ്ഞു:
- പ്രോമിസ് !
മമ്മി കരഞ്ഞോ ?
- ഇല്ല കുട്ടാ .
സാലി ശാന്തതയോടെ പറഞ്ഞു. മനു സന്തോഷത്തോടെ ഓടിപ്പോയി ആദിത്യനോടും വിശാലിനോടും പറഞ്ഞു.
- ക്രിസ്തുമസ് ബ്രേക്കിന് എവിടെയെങ്കിലും കൊണ്ടുപോകാമെന്ന് മമ്മി പറഞ്ഞു.
- എന്നേം കൊണ്ടുപോകാമോ സാലി ആന്റീ ?
ആദിത്യൻ കൊഞ്ചി.
- കൊണ്ടു പോകാമല്ലോ.
സാലി പറഞ്ഞു.
- അവധിക്ക് എങ്ങോട്ടാ യാത്ര ?
ജിമ്മി ചോദിച്ചതു കേൾക്കാത്തമട്ടിൽ സാലി അടുക്കളയിലേക്കു പോയി. കാപ്പി വേണം,കടി വേണം, ചോറുവേണം , കറിവേണം , തൊട്ടുകൂട്ടാൻ വേണം, കുളിക്കാൻ ടവ്വൽ വേണം, ഉറങ്ങാൻ അലക്കിയ മണമുള്ള ഷീറ്റും തലയിണയും വേണം. അന്നുമുഴുവൻ സാലി മനുവിനെപ്പറ്റി മാത്രം ഓർത്തു. കയ്യാലയ്ക്കടുത്തും ഉരൽച്ചുവട്ടിലും ആൽബർട്ടയിലെ തണുത്തുറഞ്ഞ മുറികളിലും ഒറ്റപ്പെട്ട കണ്ണീരിറ്റുകളെ ഓർത്തു.
അവളുടെ അപാരമായ ശാന്തതയും മൗനവും കണ്ടപ്പോൾ ജോയിക്കു വിഷമംതോന്നി. അയാളുടെ നെഞ്ചിലൂടെയാണ് മനു കരച്ചിലടക്കി അകത്തേക്കു നടന്നുപോയത്. സാലി അവനെ കെട്ടിപ്പിടിക്കുന്നതും അവരു തമ്മിൽ എന്തൊക്കെയോ സംസാരിക്കുന്നതും അയാൾ കണ്ടതാണ്. അയാൾക്കു കുറ്റബോധം തോന്നി. എന്നാലും അനിയനോടു നന്നായി പെരുമാറാത്തതും കുറ്റമല്ലേ ? ഇതിലേതു കുറ്റമാണു ചെയ്യേണ്ടതെന്നറിയാതെ ജോയി കുഴങ്ങി.
രാത്രി കിടക്കുമ്പോൾ ഉഷ ജിമ്മിയോടു ചോദിച്ചു.
- എന്തുപറ്റി , രണ്ടുപേർക്കും ആകപ്പാടെ ഗൗരവമാണല്ലോ.
- ആ തമ്മിലടിച്ചിട്ട് ഇരിക്കുകാരിക്കും.
അവർ ചിരിച്ചു.
സാലി വാക്കുപാലിച്ചു. ക്രിസ്തുമസ് അവധിക്ക് ആദ്യമായി അവർ ബോളിങ്ങിനു പോയി. തിയേറ്ററിൽ ഡിസ്നി സിനിമ കാണാൻപോയി. സിനിമ ടിക്കറ്റിന്റെ വിലക്കൂടുതലിനെപ്പറ്റി ജോയി ആരോടും കോപിച്ചില്ല.
അവധി കഴിഞ്ഞ് ആദിത്യൻ മടങ്ങിപ്പോയപ്പോൾ മനു ഷാരനോടു പറഞ്ഞു:
- നമ്മളു രണ്ടുപേരും വലുതാകുമ്പം നിന്റെ മക്കളെ അവധിക്ക് എന്റെ വീട്ടി കൊണ്ടു പോകാം. പകരം നീ എന്റെ മക്കളെ നിന്റെ വീട്ടി കൊണ്ടു പോകുമോ ?
വിശ്വസിക്കാനാവാത്തതുപോലെ ഷാരൻ ചേട്ടനെ നോക്കി.
- ഒരു മാസം എല്ലാവരും ചേട്ടന്റെ വീട്ടില്. അടുത്ത മാസം എല്ലാവരും എന്റെ വീട്ടില് .
അവർ ആഹ്ളാദത്തോടെ കെട്ടിപ്പിടിച്ചു.
- നിനക്കെത്ര കിഡ്സു വേണം ?
- ഫൈവ്
- എന്തിനാ ഫൈവ് ?
- അവരു വലുതാകുമ്പോ ഫൈവ് ഹൗസസിൽ പോകാമല്ലൊ.
അനിയത്തിയുടെ ലോജിക്കിൽ മനുവിന് അത്ഭുതവും അഭിമാനവും തോന്നി.
                                  തുടരും ....
പാമ്പും കോണിയും - നിർമ്മല - നോവൽ - 41
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക