എന്തെഴുതണം, എന്നാലോചിച്ചപ്പോൾ ഓർത്തു പോയി, ഞാൻ എന്റെയമ്മയെ..!
നാട്ടിലെത്തുന്ന ദിവസം.
പുലർച്ചക്ക്, വെളിച്ചത്തിൽ കുളിപ്പിച്ചുവെക്കുന്ന വീടിന്റെ ഉമ്മറത്ത്, കത്തിച്ചു വെച്ച മറ്റൊരു വിളക്കു പോലെ, സ്വാഗതം ചെയ്യാറുള്ള എന്റെ അമ്മയെ.....!
അടിമുടി നോക്കി, എത്ര ആരോഗ്യത്തോടെ കാണപ്പെട്ടാലും , 'എന്താത്ര ക്ഷീണം', എന്ന ചോദ്യം ആവർത്തിക്കാറുള്ള അമ്മയെ .....!
തലേന്ന് രാത്രി വരെ സംസാരിച്ചിട്ടുണ്ടാ വുമെങ്കിലും, പറഞ്ഞതിലിരട്ടി, പറയാൻ സൂക്ഷിച്ചുവെയ്ക്കുമായിരുന്ന അമ്മയെ...!
കുളിച്ചുവരുമ്പോഴേക്കും, ഒരു പത്തുതവണയെങ്കിലും കാപ്പിയുടെ ചൂടും പലഹാരത്തിന്റെ ക്രമീകരണവും സഹായിയെക്കൊണ്ട് പരിശോധിപ്പിച്ച്, മേശക്കരുകിൽ, നാമവും ചൊല്ലി കാത്തിരിക്കുമായിരുന്ന അമ്മയെ ...!
പലയാവർത്തിപറഞ്ഞിട്ടുണ്ടാകുമായിരുന്ന, നാട്ടുകാര്യങ്ങളും , ബന്ധുക്കളുടെ വിശേഷങ്ങളും , പ്രാതലിന്നിടയിൽ വീണ്ടും പറഞ്ഞു കൊണ്ടിരിക്കാറുള്ള അമ്മയെ ...!
'ഇതൊക്കെ അമ്മമ്മ മുൻപ് പറഞ്ഞതാണല്ലോ ' എന്ന് മകൾ കെട്ടിപ്പിടിച്ചുകൊണ്ട് കളിയാക്കുമ്പോൾ,അതെയോ, എന്ന് ചോദിച്ച്,കൊച്ചു കുട്ടികളെ പോലെ നിഷ്കളങ്കമായി ചിരിക്കാറുള്ള അമ്മയെ ..!
അതേസമയം,മൂന്നുമക്കളുടെയും കൊച്ചുമക്കളുടെയും ഏതു താക്കോലായാലും ഏതു ടിക്കറ്റായാലും,ഏതു ബില്ലായാലും, പഴ്സായാലും,വാച്ചായാലും മൊബൈലായാലും അവരൊക്കെ അന്തം വിട്ടു
തിരയാൻ തുടങ്ങുമ്പോഴേക്കും,യാതൊരു മറവിയുമില്ലാതെ, "ഇങ്ങനെ സൂക്ഷ്മല്ല്യാതെ എങ്ങന്യാ കഴിച്ചുകൂട്ടണേ..!." എന്ന് പറഞ്ഞു കൊണ്ട്, സ്നേഹ ശാസന യോടെ, കണ്ടുപിടിച്ചു കൊടുക്കുമായിരു ന്ന അമ്മയെ ...!
ക്ഷമയുടെ അർത്ഥം ശരിക്കും മനസ്സിലാക്കി തന്ന അമ്മയെ!
കവിതയും പഴയ ഓർമകളും സ്വർണം പോലെ കാത്തുസൂക്ഷിച്ചിരുന്ന അമ്മയെ..!.
മക്കളുടെ കൂടെയുള്ള അമ്പലയാത്രകളും ബന്ധു ഗൃഹ സന്ദർശനങ്ങളും അങ്ങേയറ്റം ആഘോഷമാക്കിയിരുന്ന, ആസ്വദിച്ചിരുന്ന, അമ്മയെ ..!
കൊച്ചുമക്കളും മക്കളും കൂടുമ്പോൾ, പദപ്രശ്നവും,
പഴഞ്ചൊല്ലും, അന്താക്ഷരിയും, എന്തായാലും ഒപ്പം ചേർന്നു മേളമാക്കുമായിരുന്ന എന്റെയമ്മയെ!
അമ്മ ഇന്നില്ല .
നിത്യവും പതിവുള്ള പത്തുമണി ഫോണുകൾ ഇനിയില്ല.
കൊച്ചുകുട്ടികളോടെന്നവണ്ണമുള്ള ഉപദേശങ്ങൾ ഇനിയില്ല.
പരിചയക്കാർക്കിടയിലെ പ്രാരബ്ധക്കാരുടെ ആശ്വാസദീപമായയിരുന്നയാൾ ഇനിയില്ല.
മക്കളുടെ നിത്യയൗവ്വനത്തിന്റെ ഏക കാവലാൾ, ഇല്ല..,ഇനിയില്ല.
മൂന്നു മക്കളുടെയും ഏതുപ്രശ്നത്തിനും പരിഹാരമായിരുന്ന സാന്ത്വനസ്പർശം, ഇനിയില്ല.
ബാക്കിയാകുന്നത്, നിത്യപുഷ്പിതമാകുന്ന ഓർമകളുടെ സുഗന്ധം മാത്രം. ദീപ്ത സൗന്ദര്യം മാത്രം.
വരളാത്ത സ്നേഹയുറവയുടെ ആർദ്രസ് മരണകൾക്കു മുൻപിൽ നമിക്കാനെ ഇനിയാകൂ...!
അമ്മയെ വീണ്ടും വന്ദിക്കുന്നു,
(നോക്കട്ടെ എഴുതീത്, എന്ന് അമ്മ പറയുന്നത് ഞാൻ കേൾക്കുന്നു. എപ്പോഴും എന്തെഴുതിയാലും ചോദിക്കുമായിരുന്ന ചോദ്യം !)