MediaAppUSA

പാമ്പും കോണിയും - നിർമ്മല - നോവൽ - 43

Published on 24 April, 2021
പാമ്പും കോണിയും - നിർമ്മല - നോവൽ - 43
മമ്മി പ്ലേറ്റെടുത്ത് എറിഞ്ഞത് ഞാൻ എല്ലാവരോടും പറയും. കോർട്ടിൽ പറയും.
- വേണ്ട മോനേ, വേണ്ട. അതുകൊണ്ട് ഗുണമൊന്നും ഉണ്ടാവില്ല. ദോഷമേ ഉണ്ടാവൂ.
- എന്തു ദോഷം?
- നിന്റെ അമ്മയെ മറ്റുള്ളവർ പരിഹസിക്കും. അവൾ ഒരുപാടുപേരെ വേദനിപ്പിച്ചിട്ടുണ്ട്. ഒരു അവസരം കാത്തിരിക്കുകയാണു പലരും .
കുട്ടിക്കു മനസ്സിലാകാത്ത ഇന്ത്യൻ സിദ്ധാന്തങ്ങൾ തമ്പി അവനു പറഞ്ഞു കൊടുത്തു.
കാനഡ മരത്തിൽ
ഡോളർ പറിക്കാൻ
പോയവരുടെ കഥ
നിർമ്മലയുടെ
പാമ്പും കോണിയും തുടരുന്നു..
           .......         ......       ......

തെയ്യാമ്മയുടെ ഉള്ളിൽ എപ്പോഴും ഭയം ഞെരുങ്ങിനിന്നു . ലീഗൽ പേപ്പറുകൾ ഇല്ലാത്തവരെ ജോലിക്കു വെച്ചതിന്, അല്ലെങ്കിൽ നികുതി കൃത്യമായി അടയ്ക്കാതിരുന്നതിന് ഈപ്പനെ അറസ്റ്റ് ചെയ്യുന്നതും മലയാളികളുടെ ഇടയിൽ വാർത്ത പരക്കുന്നതും ഓർത്ത്  തെയ്യാമ്മ ഉൽകണ്ഠപ്പെട്ടു.
- കേട്ടോ
- അറിഞ്ഞാരുന്നോ ?
അയാളുടെ കുനിഞ്ഞ തല പത്രത്തിന്റെ മുൻപേജിൽ വരുന്നത് തെയ്യാമ്മ മുന്നിൽ കണ്ടു. അപ്പോൾ അയാളുടെ തലയ്ക്കു നടുവിലായുള്ള കഷണ്ടിയുടെ വൃത്തം എല്ലാവർക്കും കാണാൻ പറ്റും. ഈപ്പൻ ശ്രദ്ധയോടെ ചുറ്റും മുടിപരത്തിയും ഉയർത്തിയും ചീകി മറച്ചുവെച്ചിരിക്കുന്ന കഷണ്ടി .
- അയാൾക്കു കഷണ്ടി ഉണ്ടായിരുന്നോ ?
- എല്ലാം മറച്ചുവെച്ച െല്യാ ബിസിനസ്സ്.
ഡാർളി ഒരു ഡോക്ടറോടൊപ്പം നാടുവിട്ടുപോയെന്നറിഞ്ഞപ്പോൾ മുതൽ തെയ്യാമ്മ മടങ്ങിവരാത്ത ഈപ്പനെ ഓർത്തു. അയാൾ പോകുമ്പോൾ കല്യാണമോതിരം ഡ്രെസറിനു മുകളിൽ ഊരി വെച്ചിട്ടുണ്ടോ എന്ന് ഇടയ്ക്കിടെ നോക്കി.
ഡാർളി അങ്ങനെയാണു പോയത്.
ഒരു ദിവസം തമ്പി ജോലികഴിഞ്ഞു വരുമ്പോൾ ഡാർളി വീട്ടിലില്ല. അയാൾ ഇട്ട കല്യാണമോതിരം ഡ്രെസറിനു പുറത്ത് എഴുത്തിനു കാവലിരുന്നു. മണ്ണാങ്കട്ടയും കരിയിലയുംപോലെ.
- തുടരാൻ വയ്യ. ഡോക്ടർ യൂജിൻ ഓ - ബ്രയനൊപ്പം പോകുന്നു.
ഡോക്ടർ ഓ - ബ്രയൻ ഡാർളിയുടെ സൈക്യാട്രിസ്റ്റായിരുന്നു. തമ്പിയെ പറ്റിയുള്ള പരാതികളൊക്കെ ക്ഷമയോടെ കേട്ടിരുന്നയാൾ.
മോതിരമില്ലാതെ ഇറങ്ങിപ്പോയ ഡാർളിക്കു പിന്നാലെ ഡൈവോഴ്സ് പേപ്പറുകൾ തപാലിൽ വന്നു. ഒരു വർഷത്തിനകം യൂജിനോടൊപ്പം അയർലന്റിലേക്കു പോകാനായിരുന്നു ഡാർളിയുടെ പരിപാടി.
മുന്നൂറു ഫോണുകൾ ഒരേസമയം ചിലച്ചു.
- അറിഞ്ഞില്ലേ?
- എന്നാലും !
- കേട്ടായിരുന്നോ ?
മുന്നൂറല്ല , അതിലും കൂടുതലാവാം. പലർക്കും പുറമേയുള്ള സുഹൃത്തുക്കളോടു പറയാനുണ്ടായിരുന്നു.
- ഡൂ യൂ നോ വാട്ട് ഹാപ്പെൻഡ് ഓൺ ദ വീക്ക് എൻഡ്?
- ഐ നീഡ് റ്റു ടോക്ക് റ്റു യു.
തെയ്യാമ്മ ഡാർളിക്കു വേണ്ടി പ്രാർത്ഥിച്ചു. ദൈവമേ വഴിവിട്ടുപോയ നിന്റെ കുഞ്ഞാടിനെ നീ മടക്കേണമേ!
മമ്മി പ്ലേറ്റെടുത്ത് എറിഞ്ഞത് ഞാൻ എല്ലാവരോടും പറയും. കോർട്ടിൽ പറയും.
- വേണ്ട മോനേ, വേണ്ട. അതുകൊണ്ട് ഗുണമൊന്നും ഉണ്ടാവില്ല. ദോഷമേ ഉണ്ടാവൂ.
- എന്തു ദോഷം?
- നിന്റെ അമ്മയെ മറ്റുള്ളവർ പരിഹസിക്കും. അവൾ ഒരുപാടുപേരെ വേദനിപ്പിച്ചിട്ടുണ്ട്. ഒരു അവസരം കാത്തിരിക്കുകയാണു പലരും .
കുട്ടിക്കു മനസ്സിലാകാത്ത ഇന്ത്യൻ സിദ്ധാന്തങ്ങൾ തമ്പി അവനു പറഞ്ഞു കൊടുത്തു. പിന്നെ അയാളൊരു പോസ്റ്റർ വാങ്ങി മകന്റെ മുറിയിലൊട്ടിച്ചു.
ഇഫ് യൂ ലവ് സംതിങ് സെറ്റ് ഇറ്റ് ഫ്രീ
ഇഫ് ഇറ്റ് കംസ് ബാക് ഇറ്റ് ഈസ് യുവേഴ്സ്
ഇഫ് ഇറ്റ് ഡസിന്റ് ഇറ്റ് നെവർ വോസ് .
പലരും ശ്രദ്ധിക്കുന്നുണ്ടാകുമന്നും പല കഥകളും മനസ്സിൽ ചമക്കുന്നുണ്ടാവുമെന്നും അയാൾക്കറിയാം.
- അറിഞ്ഞില്ലേ ?
- കണ്ടാലേ അറിയാം ആളു ശരിയല്ലെന്ന് !
അയാൾ ആരോടും ഒന്നും വിശദീകരിക്കാൻ മിനക്കെട്ടില്ല. ആരോട് എന്തു പറയാൻ . ആർക്കാണ് എന്റെ ജീവിതം ചിന്തിക്കീറപ്പെട്ടതിൽ പൊറുതികേട്.
മറ്റൊരു വാർത്ത പടരുന്നതുവരെ ഇതു തീപ്പൊരിയാകും. എല്ലാ ഒത്തുചേരലുകളെയും ചൂടുപിടിപ്പിക്കുവാൻ .
വിലകെട്ട സഹതാപം തമ്പിക്കു കൂട്ടു കിടക്കില്ല. അടുത്തിരുന്ന് മുടിയിൽ വെറുതെ വിരലോടിക്കില്ല. പോട്ടെ സാരമില്ലെന്നൊരിക്കലും പറയില്ല. അതൊക്കെ തമ്പിയുടെ പുതിയ നഷ്ടങ്ങളല്ല, ഒരിക്കലും കിട്ടാതെ പോയ ലാഭമാണ്.
സുഖലഹരിയുടെ പാരമ്യത്തിൽ തമ്പിയിൽനിന്നും ആ ശബ്ദം പുറത്തു വന്നു .
- എന്റെ സുഷമേ !
പെട്ടെന്ന് പുറത്തെ മഞ്ഞുമുഴുവൻ കിടക്കയിലേക്കു കമഴ്ന്നത് അയാളറിഞ്ഞു. പിന്നെയത് തറയിലേക്ക് ഒലിച്ചിറങ്ങി മുറിയും നിറഞ്ഞ് വീടാകെ മരവിപ്പിക്കുന്നത് അവർ രണ്ടുപേരും അറിഞ്ഞു . കരിയിലയ്ക്കു പുറത്തിരുന്ന മണ്ണാങ്കട്ട മഴയിൽ അലിഞ്ഞടർന്നു പോയി. കരിയില കാറ്റിൽ ഉയർന്നൊരു മരക്കൊമ്പിലേക്ക് തിരികെപ്പറക്കുന്നു.
ആ രാത്രിയെ ഓർത്ത് പള്ളിയിലെ ബെഞ്ചിൽ അയാൾ ഒറ്റയ്ക്കിരുന്നു. കല്യാണ മോതിരമില്ലാത്ത കൈകൾ ചേർത്തുപിടിച്ച് . ഈശോയുടെ നെഞ്ചിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചോരയും ജനലുകളുടെ കമാനങ്ങളും അയാളെ അപ്പോൾ സ്പർശിച്ചില്ല.
സ്നേഹം കിട്ടാത്ത ഹൃദയത്തിൽനിന്നും വിശ്വാസവും വിട്ടുപോകുമോ?
അണിവിരലിലെ വെള്ളി മോതിരത്തിൽ തമ്പി സാവധാനം വിരൽ കൊണ്ടു തിരിച്ചു . കാനഡയിലെ എൻജിനിയറിങ് ഡിഗ്രി എടുക്കുന്നതിനു കിട്ടുന്ന ഉപഹാരം.
ക്യൂബക് സിറ്റിയിൽ സെന്റ് ലോറൻസ് നദിക്കു കുറുകെ ഒരു പാലം പണിയാനുള്ള ആലോചനകൾ ആയിരത്തി എണ്ണൂറ്റി അമ്പതുകളിൽ തുടങ്ങിയതാണ്. ക്യൂബക്കിൽ സെന്റ് ലോറൻസ് നദിയുടെ തെക്കേക്കരയിലെ ലെവിയിൽനിന്നും ഫെറിയെടുക്കാതെ ക്യൂബക് സിറ്റിയിലെത്താൻ നിവൃത്തിയുണ്ടായിരുന്നില്ല. വളരെയേറെ ചർച്ചകൾക്കും ഒരുക്കങ്ങൾക്കും ഒടുക്കം തൊള്ളായിരത്തിന്റെ ആദ്യത്തിലാണ് ക്യൂബക് ബ്രിഡ്ജിന്റെ പണി ഊർജ്ജിതമായത്. പക്ഷേ, കണക്കുകൂട്ടലുകളിലെ പിഴവിൽ ഭാരം താങ്ങാൻവയ്യാതെ പണി തീരുന്നതിനു മുമ്പേ പാലം നദിയിലേക്കു പൊളിഞ്ഞു വീണു. എഴുപത്തിയഞ്ചു തൊഴിലാളികളാണ് ഒറ്റയടിക്കു മരണപ്പെട്ടത്. പാലം പണിയിലെ ഏറ്റവും വലിയ ദുരന്തമായി അതു തുടരുന്നു.
സ്വന്തം തൊഴിലിന്റെ ധർമ്മത്തെയും കടമയെയും ഓർമ്മപ്പെടുത്താനുള്ള പ്രതീകമായി , പൊളിഞ്ഞു വീണ പാലത്തിൽനിന്നും വീണ്ടെടുത്ത ഇരുമ്പും ഉരുക്കുംകൊണ്ടാണ് എൻജിനീയർമാർക്കു നൽകപ്പെടുന്ന മോതിരം ഉണ്ടാക്കുന്നതെന്നൊരു കഥ പ്രചാരത്തിലുണ്ട്. ഒരു ഗുണപാഠ കഥപോലെ, ഒരു താക്കീതു പോലെ, ഓരോ എൻജിനീയറും ഇടതു കൈയൻ ഇടംകൈയിലെയും വലതു കൈയൻ വലംകൈയിലെയും അണിവിരലിൽ ഇടേണ്ട മോതിരം. ജോലി ചെയ്യുമ്പോൾ കാരിരുമ്പിന്റെ രൂക്ഷമായ ഓർമ്മപ്പെടുത്തൽ.
ഒരിക്കലും നഷ്ടപ്പെടാത്ത, ആർക്കും തിരികെവാങ്ങാനാവാത്ത ഒരു മോതിരം തനിക്കുണ്ടെന്ന് ഉറപ്പാക്കുന്നതുപോലെ അണിവിരലിലെ വെള്ളി മോതിരം തമ്പി സാവധാനം വിരൽകൊണ്ടു തിരിച്ചു.
                  തുടരും ....


പാമ്പും കോണിയും - നിർമ്മല - നോവൽ - 43
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക