കോവിഡ് മഹാമാരിയുടെ ദുരിതങ്ങളിൽ പെട്ട് കേരളവും, മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളും ശ്വാസം മുട്ടി, അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്. ആതുരാലയങ്ങളിൽ , കിടക്കകളും, ശ്വസന സഹായോപകരണങ്ങളും, വായുവും ലഭ്യമല്ലാതെ കോവിഡ് ബാധിതർ പിടഞ്ഞ് മരിക്കുന്ന ദയനീയ കാഴ്ചയുമായാണ് ദിനപത്രങ്ങൾ പുറത്തിറങ്ങുന്നത്. മാനവികതയുടെയും, കാരുണ്യത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മനുഷ്യനും സഹിക്കാൻ കഴിയുന്ന കാഴ്ച്ചകളല്ല നമ്മൾ കണ്ട് കൊണ്ടിരിക്കുന്നത്.
ഈ സാഹചര്യത്തിലാണ് കാരുണ്യത്തിന്റെയും, ജന സേവനത്തിന്റെയും മൂല്യങ്ങൾ എന്നും ഉയർത്തിപ്പിടിച്ചിട്ടുള്ള, ഉയർത്തിപ്പിടിക്കുന്ന ഫോമയും, ആതുര സേവന രംഗത്ത് മഹത്തായ മാതൃകകൾ സൃഷ്ടിച്ച ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറും, ആസ്റ്റര്‍ ഡി.എം ഫൗണ്ടേഷനും ,കൈകോർത്ത് കേരളത്തിലെയും, മറ്റിതര സംസ്ഥാനങ്ങളിലെയും, കോവിഡ് ബാധിതർക്കായി സംസ്ഥാന-ജില്ലാ ഭരണകൂടവുമായി സഹകരിച്ചു ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിന് പദ്ധതി ആവിഷ്കരിക്കാൻ തീരുമാനിച്ചത്. ഫോമയുടെ കൂട്ടായ്മയിലുള്ള എഴുപത്തഞ്ചോളം അസോസിയേഷനുകൾ സമാഹരിക്കുന്ന തുകയും, മറ്റു സാമഗ്രികളും, ആവശ്യമായവർക്ക് നേരിട്ട് എത്തിക്കാൻ സംസ്ഥാന ജില്ലാ കലക്ടർമാരുമായി ചർച്ച ആരംഭിച്ചിട്ടുണ്ട്. വിശദമായ നടപടിക്രമങ്ങൾ രണ്ടു ദിവസങ്ങൾക്കുള്ളിൽ നൽകാൻ കഴിയുമെന്ന് ഫോമാ നേതൃത്വം പ്രതീക്ഷിക്കുന്നു.
ജീവശ്വാസത്തിനും, പ്രതിരോധ മരുന്നുകൾക്കും, ഉപകരണങ്ങൾക്കുമായി, കാത്തിരിക്കുന്ന അർഹതപ്പെട്ടവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യാൻ ഫോമയോടൊത്ത് കൈകോർക്കാൻ സന്നദ്ധരായ ആസ്റ്റര്‍ ഡി.എം ഫൗണ്ടേഷനോടും, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിനോടുമുള്ള പ്രത്യക നന്ദി ഫോമ അറിയിക്കുന്നു.
ഫോമയുടെ കൂട്ടായ്മയിലുള്ള എല്ലാ അംഗ സംഘടനകളായ അസോസിയേഷനുകളും സമാഹരിക്കുന്ന തുകയും, സാധന സാമഗ്രികളും, ഫോമയുമായി ബന്ധപ്പെട്ട് ആവശ്യമായ ആശുപത്രികൾക്കും, രോഗികൾക്കും നേരിട്ട് എത്തിക്കാനുള്ള ബൃഹത്തായ കർമ്മ പദ്ധതിയിൽ എല്ലാ മനുഷ്യ സ്നേഹികളും, ഒത്തൊരുമിക്കണമെന്നും, കോവിഡിനെതിരായ പോരാട്ടത്തിൽ ഊർജം നൽകണമെന്നും, ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണൻ, ട്രഷറർ തോമസ് ടി. ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർത്ഥിച്ചു.