കഴിഞ്ഞ കുറെ ദിവസങ്ങളിലായി രോഗവ്യാപനം രൂക്ഷമായി തുടരുന്ന മുംബൈ നഗരത്തിലും താനെ കല്യാൺ ഡോംബിവിലി പ്രദേശങ്ങളിലും മരണ നിരക്ക് കൂടി കൊണ്ടിരിക്കുന്നു. സുഹൃത്തുക്കളായ മലയാളി കുടുംബങ്ങളിൽ നടക്കുന്ന കോവിഡിന്റെ താണ്ഡവം നിസ്സഹായരായി നോക്കി നിൽക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് എത്തി നിൽക്കുന്നു. മരണത്തെ മുഖാമുഖം കണ്ടു ജീവിക്കുന്ന ഒരു കൂട്ടം മുംബൈ മലയാളികൾ.
രണ്ടു ദിവസമായി നെഞ്ചുപൊട്ടുന്ന വേദന കടിച്ചമർത്തുകയായിരുന്നു വല്ലാത്തൊരവസ്ഥ. വയ്യ. കാണാനും കേൾക്കാനും .
പാലക്കാട് കൊല്ലങ്കോട് സ്വദേശികളായ ദേവദാസും ഭാര്യ അനിതയും 27 വയസ്സുള്ള ഏക മകൻ ആമോദും കല്യാണി ൽ സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. അതിനിടയിലാണ് കോവിഡ് അവരുടെ ജീവിതത്തിലേക്ക് കടന്നു വന്നത്. ദേവദാസ് ഏപ്രിൽ 21 ന് രോഗം ബാധിച്ച് മരിച്ചു. പിന്നീട് അനിതയെ രോഗം കീഴടക്കി. ചികിത്സിയിലിരിക്കെ ഏകമകനെ അനഥനാക്കി ഭർത്താവിന് പിന്നാലെ അനിതയും പോയി. ആമോദ് രോഗത്തിന് ചികിത്സയിലാണ്. ഡൽഹിയിലെ ബന്ധു പ്രേമാമേനോനെ അറിയിക്കുകയായിരുന്നു. ഉടനടി അവർ എന്നെ അറിയിച്ചു. ആ യുവാവിന് സാന്ത്വനവുമായി കൂടെ നിൽക്കുമ്പോഴും അവനെങ്കിലും രക്ഷപ്പെടണം എന്നു മാത്രമാണ് ഡോക്ടറോട് ആവശ്യപ്പെട്ടത്.
താരാപൂരിലെ കൊച്ചുമോളെന്ന 42 കാരി മരിച്ചത് ആമ്പുലൻസിൽ ആശുപത്രികൾ തേടി നെട്ടോട്ടമോടുമ്പോൾ ആണ് ശ്വാസം നിലച്ചത്. വസായിയിലും വീരാറിലും , നല്ല സൊപ്പാറയിലും മീരാറോഡിലും കുറച്ചു ദിവസങ്ങളായി കേൾക്കുന്നത് മലയാളികളുടെ മരണങ്ങൾ മാത്രം. സേവനം ചെയ്യുന്ന ഒരു കൂട്ടം മലയാളികൾ പോലും മാനസികമായി തകരുന്നു.
ഉല്ലാസ്നഗറിൽ മൂന്നു പേരായിരുന്നു ഒരേ ദിവസം മരിച്ചത്. . അതും ഒരു ബിൽഡിംഗിൽ താമസിക്കുന്ന മണിയമ്മയേയും നന്ദകുമാർ നായരേയും അഞ്ചു മിനിറ്റു വ്യത്യാസത്തിലാണ് വിധി തട്ടിയെടുത്തത്. മനസ്സ് മരവിക്കുന്നു ഒന്നും ചെയ്യാനാവാത്ത നിസ്സഹായാവസ്ഥയാണെന്ന് സാമൂഹികപ്രവർത്തകനായ ഉണ്ണിയേട്ടൻ പറഞ്ഞു വിതുമ്പുന്നു.
ഇന്നലെ രാവിലെ ആറുമണിക്കാണ് രൂഗ്മിണി ചേച്ചിയുടെ Phone' രജനി പോയി. ആദ്യം ഒരു ഷോക്കായി. തലേ ദിവസം രാത്രി രജനിയുടെ സഹോദരൻ രാജേഷുമായി ഒരു പാട് സമയം ഞാൻ Phone ൽ സംസാരിച്ചതാണ്. ഇൻജക്ഷൻ 6 എണ്ണം കൊടുത്തു. ഒരു പാട് ബുദ്ധിമുട്ടി B- പ്ലാസ്മയും സംഘടിപ്പിച്ചു. എല്ലാം നൽകിയിട്ടും 46 കാരിയായ രജനിയെ രക്ഷിക്കാൻ കഴിഞ്ഞില്ല. ഭർത്താവും വിദ്യാഭ്യസം ചെയ്യുന്ന രണ്ടു മക്കളും അടങ്ങുന്ന കുടുംബം . താനെയിലാണ് താമസം. ഏക സഹോദരനും കുടുംബവും കൽവയിലാണ് താമസം. അച്ഛനും അമ്മയും തൃശൂരിൽ തറവാട്ടിലാണ്. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ നടുങ്ങുകയാണ് ഞങ്ങൾ മുംബൈ ക്കാർ. താരാവർമ്മയുടെ കൂട്ടുകാരിയാണ് രജനി. മിടുക്കിയായ രജനിയെ. കുറിച്ച് പറയുമ്പോൾ വീർപ്പുമുട്ടുകയായിരുന്നു താരയും. നെഞ്ചുപൊട്ടുന്ന സങ്കടത്തിലും പരിഭ്രാന്തി നിറഞ്ഞ രോഗികളുടെ ബന്ധുക്കളുടെ വിളികൾ കേട്ട് അവർക്ക് വേണ്ടത് ചെയ്തു കൊടുക്കുമ്പോഴും കരച്ചിൽ അടക്കുകയായിരുന്നു.😥 ഇനി ആർക്കും ഒന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയുമായി ഇരിക്കുമ്പോളാണ് അടുത്ത Phone . വിജയേട്ടന്റെ നെഞ്ചിടിപ്പോടെയാണ് എടുത്തത്. 34 വയസ്സുള്ള രഗേഷിനെ വെന്റിലേറ്ററിലാക്കി. എന്റെ മനസ്സിൽ വല്ലാത്തൊരു ഭീതി. അവന്റെ ഭാര്യയെ വിളിച്ച് സമാധാനിപ്പിക്കുമ്പോൾ രണ്ടും നാലും വയസ്സുള്ള ഒന്നുമറിയാത്ത കുഞ്ഞുങ്ങളുടെ കുസൃതി നിറഞ്ഞ കളിച്ചിരികൾ Phone ലൂടെ കേൾക്കുന്നുണ്ടായിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും രവിയേട്ടന്റെ Phone . രാഗേഷ് പോയി. ഉറക്കെ കരയാൻ മാത്രമേ കഴിഞ്ഞുള്ളൂ ഒരു പാടുപേര് ശരിയാണൊ എന്നറിയാൻ Phone വിളിക്കുന്നു. മാനസികമായി തകർന്നു പോയി. രാഗേഷിന്റെ അമ്മ പുഷ്പേച്ചി കോവിഡിനെ തോൽപ്പിച്ച് ഡിസ്ചാർജ്ജായി വീട്ടിലെത്തി. അച്ഛൻ മാധ്യമപ്രവർത്തകനും സാമൂഹിക പ്രവർത്തകനും എന്റെ കുടുംബ സുഹൃത്തുമായ വാസുവേട്ടൻ ആശുപത്രി കിടക്കയിൽ സുഖം പ്രാപിച്ചു വരുന്നു. അതറിയുമ്പോഴുണ്ടാകുന്ന സങ്കടം താങ്ങാൻ കഴിയണേ .... എത്രയോ കുടുംബങ്ങളെ അനാഥരാക്കുന്നു ഈ കൊച്ചു വൈറസ്സ് . ഇനിയും എന്തൊക്കെ സംഭവിക്കും എന്നറിയില്ല. ഡെഡ് ബോഡിയോടെപ്പം ആശുപത്രിക്കാർ തരുന്നത് അഞ്ചു ലക്ഷത്തിന്റെ ബില്ലുകൾ. സാധാരണക്കാരെ പിഴിയുകയാണ് ആശുപത്രികളും.😥
ജീവിതം ഒരു നൂൽപ്പാലത്തിലൂടെയാണ് പോകുന്നത്. മടുത്തു പോയി. മനസ്സ് മരവിച്ചവസ്ഥ.
കോവിഡ് -19 കേസുകളിൽ മഹാരാഷ്ട്രയിൽ വലിയ വർദ്ധനവ് രേഖപ്പെടുത്താൻ തുടങ്ങിയതോടെ മുംബൈയിലെ സ്വകാര്യ ആശുപത്രികൾ അടക്കം കിടക്കകളില്ലാത്ത അവസ്ഥയിലാണ്. ഐസിയു കിടക്കളുടെ അഭാവവും നഗരത്തെ ആശങ്കയിലാക്കിയിരിക്കയാണ്. കഴിഞ്ഞ ഒക്ടോബർ നവംബർ കാലത്തെ പ്രതിസന്ധികളാണ് വീണ്ടും സംജാതമായിരിക്കുന്നത്.
കെയർ 4 മുംബൈ എന്ന സംഘടനയുടെ നേതൃത്വത്തിൽ ഒരു പാട് സഹായ സഹകരണങ്ങൾ ചെയ്യുവാൻ കഴിയുന്നു. സെക്രട്ടറി പ്രിയ വർഗ്ഗീസും സംഘടനയിലെ സാമൂഹിക പ്രവർത്തകരും മുംബൈയിലെ സാധാരണക്കാരായ ജനങ്ങൾക്ക് സാമ്പത്തികമായും, മരുന്നും ഭക്ഷണവുമായി സഹായിക്കാൻ എന്നും മുന്നിലുണ്ട്. "ഒരാളും പട്ടിണി കിടക്കരുത്, മരിക്കരുത് ഇതാണ് സംഘടനയുടെ മുദ്രാവാക്യം. രാഷ്ട്രീയവും ജാതിയും മതവും മറന്ന് മുംബൈയിലെ സമാജങ്ങളും സാമൂഹിക പ്രവർത്തകരും സഹജീവികളെ സഹായിക്കാൻ മുന്നിലുണ്ട്.
.സൂര്യനസ്തമിക്കാത്ത നഗരമെന്ന് പേര് കേട്ട മുംബൈ നഗരം പകൽ പോലും നിശ്ചലാവസ്ഥയിലായ ദിനങ്ങളിലൂടെ കടന്നു പോയ വർഷമാണ് 2020. തൊഴിലിടങ്ങൾ നിശ്ചലമായി, വടാ പാവും, ഭേൽ പുരിയും, പാവ് ഭാജിയുമില്ല. പാതയോരങ്ങളിൽ ഭിക്ഷാടകർ പോലുമില്ലാതെ പോയ ദിവസങ്ങൾ, നഗരത്തിന്റെ ജീവനാഡിയായ റെയിൽവേ സ്റ്റേഷനുകളിൽ ആളൊഴിഞ്ഞു. പകരം ആശുപത്രികളിലും ശ്മശാനങ്ങളിലുമായിരുന്നു ആശങ്കയോടെ ആൾക്കൂട്ടമെത്തിയത് 2021 ദുരന്തങ്ങളുടെ വർഷമായി പിന്നേയും മാറുമ്പോഴും
ഇനി ഇന്ന് എന്ത് സംഭവിക്കും എന്നോ നാളെ എന്തെന്നോ ഓർക്കുന്നില്ല. എല്ലാം സഹിക്കാൻ മനസ്സ് പാകപ്പെടുത്തി കൊണ്ടിരിക്കുന്നു. മുംബൈ തിരിച്ചു വരും എന്ന വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല.
മനുഷ്യാ, അഹങ്കാരവും, ഈഗോയും, വെറുപ്പും വിദ്വേഷവും മനസ്സിൽ നിന്ന് പുറത്തേക്കെറിയു. കറ കളഞ്ഞ സ്നേഹം, വിനയം, സഹതാപം സഹജീവികൾക്ക് നൽകൂ ആരും ശത്രുക്കളല്ല. മിത്രങ്ങളാണ് മനസ്സിനെ പഠിപ്പിക്കൂ.🙏