Image

പാമ്പും കോണിയും - നിർമ്മല - നോവൽ -44

Published on 01 May, 2021
പാമ്പും കോണിയും - നിർമ്മല - നോവൽ -44
ആ ശനിയാഴ്ച മനുവിന്റെ ഡാഡി വീട്ടിലുള്ള ദിവസമായിരുന്നു. ജോയി വീട്ടിലുള്ള ദിവസം ന്യൂസ് കാണും, അതിനിടയിൽ ടെറി ഫോക്സ് എന്നുകേട്ട് മനു ഓടി വന്നു.
- വേർ ... വേർ ഈസ് ടെറി ഫോക്സ്.
മനു അത്ഭുതത്തോടെ ടി.വി. സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട ടെറി ഫോക്സിനെ കണ്ടു. ഒരു വലിയ അത് ലറ്റിനെ പ്രതീക്ഷിച്ചുവന്ന മനു ടെറിയുടെ വയ്പുകാൽ കണ്ട് തരിച്ചിരുന്നു.
- വാട്ട് ഹാപ്പൻഡ് ടു ഹിം ഡാഡീ...
ജോയി അവനെ തറപ്പിച്ചൊന്നു നോക്കി.
- വാട്ട് ഹാപ്പൻഡ് ... നിനക്ക് വിവരം ഒണ്ടോടാ? ലോകത്തിൽ നടക്കുന്ന ഒന്നും അറിയത്തില്ല. ടി.വിയില് സെസമീ സ്ട്രീറ്റും കണ്ടിരുന്നോ ... പഠിത്തോം ഇല്ല . എന്നാ ന്യൂസെങ്കിലും കാണരുതോ.
നീണ്ടുനീണ്ടു പോകുന്ന പതിവുശകാരത്തിൽ മനുവിന് ഒന്നും മനസ്സിലായില്ല.എന്നിട്ടും അവൻ ആശയോടെ ന്യൂസ് കണ്ടു.
കാനഡ മരത്തിൽ
ഡോളർ പറിക്കാൻ
പോയവരുടെ കഥ
നിർമ്മലയുടെ
പാമ്പും കോണിയും തുടരുന്നു ...
                          ......        ......       ....... 
ജൂൺ പിറന്നാൽ പിന്നെ സ്കൂളിൽ പഠിത്തത്തിനുള്ള ഉൽസാഹം കുറയും. തണുപ്പ് തീർന്നു പോയല്ലോ! വേനൽ അവധില്ലേ വരുന്നത്. കുട്ടികളുടെയും അധ്യാപകരുടെയും ചങ്കുനിറയെ അവധിക്കാലത്തേക്കുള്ള ആസൂത്രണങ്ങളായിരിക്കും. വാർഷിക സ്കൂൾ ട്രിപ്പുകൾ അടുത്തുള്ള പാർക്കുകളിലേക്കോ മ്യൂസിയത്തിലേക്കോ ഉണ്ടാവും. കോട്ടും ബൂട്സും സ്വെറ്ററും എന്ന ഭാരങ്ങളൊക്കെ ഒഴിവാക്കി ഷോർട്സും ടീഷർട്ടും കുട്ടികൾക്ക് ആശ്വാസമാവുന്നു. എത്ര നേരം വേണമെങ്കിലും പുറത്തുകളിക്കാം, തണുപ്പില്ല. സൂര്യൻ അസ്തമിക്കുന്നത് വൈകുന്നേരം എട്ടുമണി കഴിഞ്ഞിട്ട്.
കുട്ടികൾ ആർത്തലച്ചു.സ്കൂളിലെ സ്പോർട്സ് കളിക്കാരുടെ ഇടയിൽ നിന്നാണ് മനു ആദ്യം ടെറി ഫോക്സിനെപ്പറ്റി കേട്ടത്. ഫോക്സ് എന്ന് ആദ്യം കേട്ടപ്പോൾ കുറുക്കനെയാണ് ഓർമ്മ വന്നത്. ഫോക്സ് എന്നൊരു പേര് മനു ആദ്യമായി കേൾക്കുകയായിരുന്നു. ടെറി ഫോക്സിന്റെ ഓട്ടത്തെപ്പറ്റി കുട്ടികൾ ചർച്ചചെയ്തതിൽ പലതും അവനു മനസ്സിലായില്ല. പതിവുപോലെ അവൻ കേൾവിക്കാരനായി ഇരുന്നു.
ആ ശനിയാഴ്ച മനുവിന്റെ ഡാഡി വീട്ടിലുള്ള ദിവസമായിരുന്നു. ജോയി വീട്ടിലുള്ള ദിവസം ന്യൂസ് കാണും, അതിനിടയിൽ ടെറി ഫോക്സ് എന്നുകേട്ട് മനു ഓടി വന്നു.
- വേർ ... വേർ ഈസ് ടെറി ഫോക്സ്.
മനു അത്ഭുതത്തോടെ ടി.വി. സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട ടെറി ഫോക്സിനെ കണ്ടു. ഒരു വലിയ അത് ലറ്റിനെ പ്രതീക്ഷിച്ചുവന്ന മനു ടെറിയുടെ വയ്പുകാൽ കണ്ട് തരിച്ചിരുന്നു.
- വാട്ട് ഹാപ്പൻഡ് ടു ഹിം ഡാഡീ...
ജോയി അവനെ തറപ്പിച്ചൊന്നു നോക്കി.
- വാട്ട് ഹാപ്പൻഡ് ... നിനക്ക് വിവരം ഒണ്ടോടാ? ലോകത്തിൽ നടക്കുന്ന ഒന്നും അറിയത്തില്ല. ടി.വിയില് സെസമീ സ്ട്രീറ്റും കണ്ടിരുന്നോ ... പഠിത്തോം ഇല്ല . എന്നാ ന്യൂസെങ്കിലും കാണരുതോ.
നീണ്ടുനീണ്ടു പോകുന്ന പതിവുശകാരത്തിൽ മനുവിന് ഒന്നും മനസ്സിലായില്ല.എന്നിട്ടും അവൻ ആശയോടെ ന്യൂസ് കണ്ടു. പേജുകൾ അധികമുള്ള ശനിയാഴ്ചപ്പത്രം മനു വായിച്ചു നോക്കി,
ടെറി ഫോക്സ്, കാനഡയുടെ കിഴക്കേ സംസ്ഥാനമായ വാൻകൂവറിൽ നിന്നുമാണ് മാധ്യമങ്ങളിലേക്കു പൊട്ടിവീണത്. സ്പോർട്സ്ഭ്രാന്തനായ അഞ്ചടിപ്പൊക്കക്കാരനെ പതിനെട്ടാം വയസ്സിൽ ബോൺ ക്യാൻസർ പിടികൂടി. വലതുകാൽ മുട്ടിനു മുകളിൽ വെച്ചു മുറിച്ചു കളയേണ്ടി വന്ന ടെറി ആശുപത്രിവാസത്തിനിയിൽ പതിനാറു മാസം നീണ്ടു നിന്ന കീമോതെറാപ്പിയും മറ്റു ക്യാൻസർ രോഗികളുടെ വേദനയും കണ്ട് ക്യാൻസറിനെ കീഴടക്കാൻവേണ്ടി എന്തെങ്കിലും ചെയ്യണമെന്നു തീരുമാനിച്ചു.
വയ്പുകാലുമായി മരത്തോൺ പരിശീലിച്ച് ക്യാൻസർ റിസേർച്ചിനു വേണ്ടി പണം സ്വരൂക്കൂട്ടാനായി കാനഡയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ഓടാൻ ടെറി തീരുമാനിച്ചു. പലരും നിരുൽസാഹപ്പെടുത്തുകയും അസാധ്യം എന്നു പരിഹസിക്കുകയും ചെയ്തിട്ടും വകവെക്കാതെ, അപാരമായ നിശ്ചയദാർഢ്യത്തോടെ ആ ഇരുപത്തിയൊന്നുകാരൻ കാനഡയുടെ പടിഞ്ഞാറേ അറ്റത്ത് അറ്റ്ലാന്റിക്ക് സമുദ്രത്തിൽ തന്റെ ഇടതുകാൽ മുക്കിയാണ് ഓട്ടം തുടങ്ങിയത്. കാനഡയുടെ കിഴക്കേ അററത്തെ വാൻകൂവറിൽ എത്തി പസഫിക് സമുദ്രത്തിൽ കാൽ മുക്കി അവസാനിപ്പിക്കുവാനായുള്ള യാത്ര .
ആദ്യം പത്തു ലക്ഷം ഡോളർ നേടണമെന്നായിരുന്നു ടെറിയുടെ ആഗ്രഹം. പിന്നെയത് കാനഡയിലെ ഒരാൾക്ക് ഒരു ഡോളർ എന്ന നിരക്കിൽ രണ്ട് കോടി നാൽപ്പതു ലക്ഷം എന്നായി. ടെറിക്കു തുണയായി ആത്മമിത്രം ഡഗും സഹോദരൻ സാരലും ഒരു വാനിൽ പിന്തുടർന്നു. മനുവിന് ഡഗിനോട് അസൂയതോന്നി.
ന്യൂഫൗണ്ട്ലാന്റിൽ ഏപ്രിൽമാസം തണുപ്പും കാറ്റും കൊണ്ട് അവരെ വിഷമിപ്പിച്ചപ്പോൾ നാട്ടുകാരും മാധ്യമങ്ങളും കാര്യമായി എടുത്തില്ല. പക്ഷേ, ഒന്റേറിയോ സംസ്ഥാനത്തിൽ എത്തിയപ്പോഴേക്കും ടെറിയുടെ മാരത്തോൺ ഓഫ് ഹോപ്പ് ഒരു വലിയ സംഭവം ആയി മാറിയിരുന്നു. ആദ്യമൊക്കെ ഗൗനിക്കാതിരുന്ന മാധ്യമങ്ങൾ അപ്പോഴേക്കും ടെറിക്കു പിന്നാലെയായി. പ്രതീക്ഷിച്ചതിലും വലിയ സ്വീകരണമാണ് ഓട്ടവയിൽ നിന്നും ടൊറന്റോയിൽനിന്നും കിട്ടിയത്.
കാനഡയുടെ പ്രധാനമന്ത്രിയും ഗവർണർ ജനറലും ഉൾപ്പെടെ പതിനാറായിരം ആളുകൾക്കു മുന്നിൽ ആ ഒറ്റക്കാലൻ ഓട്ടവയിൽ വെച്ച് ഫുട് മ്പോൾ ലീഗിന്റെ മൽസരം ഉദ്ഘാടനം ചെയ്തു. ടൊറന്റോയിൽ ടെറിയുടെ പ്രസംഗം കേൾക്കാൻ പതിനായിരക്കണക്കിന് ആളുകളാണു തടിച്ചുകൂടിയത്. വഴിയിലുടനീളം ആളുകൾ ആവേശംകൊണ്ട് ടെറിയുടെ ഒപ്പം ഓടി അനുഭാവം പ്രകടിപ്പിച്ചു. ഒരു രാജ്യത്തിന്റെ മാത്രമല്ല ലോകത്തിന്റെതന്നെ ആവേശമായി ടെറി ഫോക്സ് എന്ന ചെറുപ്പക്കാരൻ.
എന്നാൽ ടെറിക്ക് വാൻകൂവറുവരെ എത്താൻ കഴിഞ്ഞില്ല. അതിനു മുമ്പേ ക്യാൻസർ അവന്റെ ശ്വാസകോശത്തെ എത്തിപ്പിടിച്ചു കളഞ്ഞു. ഓഗസ്റ്റ് ഒന്നാം തീയതി തണ്ടർ ബേയിൽ വെച്ച് ടെറിക്ക് ഓട്ടം അവസാനിപ്പിക്കേണ്ടിവന്നെങ്കിലും ടെലിവിഷനും ബിസിനസ്സുകളും കൂടി ലക്ഷക്കണക്കിനു ഡോളർ ക്യാൻസർ റിസേർച്ചിനു വേണ്ടി പിരിച്ചെടുത്തു. എല്ലാ വർഷവും ക്യാൻസർ റിസേർച്ചിനുവേണ്ടി പണം ശേഖരിക്കാനായി ടെറി ഫോക്സ് ഓട്ടങ്ങൾ കാനഡയിൽ അങ്ങോളമിങ്ങോളം നടക്കുന്നു.
അങ്ങനെ അവന് ടെറി ഫോക്സ് ക്യാൻസറിനുവേണ്ടി പണം പിരിക്കാൻ ഒറ്റക്കാലുമായി ഓടിയ ഒരാളാണെന്നു മനസ്സിലായി, അവൻ മമ്മിയോടു മയത്തിൽ ചോദിച്ചു നോക്കി .
- മമ്മീ ക്യാൻസറെന്നു പറഞ്ഞാൽ എന്താണ് ?
സാലിക്ക് പെട്ടെന്ന് എന്തു ത്തരം പറയണമെന്ന് അറിയാതെയായി
- ഇപ്പം ഇതറിഞ്ഞിട്ടെന്തിന്?
- ടി വി യില് ക്യാൻസറു വന്നിട്ട് ഒരാളുടെ കാലുമുറിച്ചു കളഞ്ഞെന്നു കണ്ടു.
അവൻ വിക്കി വിക്കി കാര്യങ്ങൾ പറയാൻ ശ്രമിച്ചു നോക്കി, അതൊരുതരം വലിയ അസുഖമാണെന്നു പറഞ്ഞ് സാലി ഒഴിവാകാൻ ശ്രമിച്ചു.
കുട്ടികളോട് എങ്ങനെയാണ് ക്യാൻസറിനെപ്പറ്റി പറയുക ? കുറച്ചെന്തെങ്കിലും പറയാമെന്നുവെച്ചാൽ ഉത്തരം പറയാൻ വിഷമമുള്ള ചോദ്യങ്ങളുടെ മഴയായിരിക്കും. സാലിക്കു ജോലിക്കു പോകാൻ വൈകിയിരുന്നു.
ടിവിയിൽ വൈകുന്നേരത്തെ ന്യൂസിലും ടെറി നിറഞ്ഞു നിന്നു. പൊയ്ക്കാൽ ഏന്തിവലിച്ചുള്ള ടെറിയുടെ ഓട്ടം കണ്ടപ്പോൾ മനുവിനും ആവേശം തോന്നി. മനു മുട്ടിൽ തൊട്ടു നോക്കി. അവനു മുട്ടിനു ചെറിയ വേദന തോന്നി. മുട്ടിനു മുകളിൽവെച്ചു കാൽ മുറിച്ചുകളയുന്നത് അവൻ സങ്കല്പിച്ചു നോക്കി. പിന്നെ അവൻ ടെറിയെപ്പോലെ ഏന്തി വലിഞ്ഞ് ഓടിനോക്കി.
- നിനക്കെന്താ ചെറുക്കാ അടങ്ങിയിരിക്കാമ്മേലേ?
ലിവിങ് റൂമിലെ തട്ടും മുട്ടും ബഹളവും കേട്ട് ജോയി ഒച്ചയുയർത്തി.
- ദേ ഡാഡീ, എന്റെ കാലുമുറിച്ചു കളഞ്ഞാ ഞാൻ ഇങ്ങനെയായിരിക്കും ഓടുന്നത്.
മനു ടെറിയെ അനുകരിച്ചുകാണിച്ചു. മിന്നൽ വേഗത്തിലാണ് ജോയിയുടെ കൈ മനുവിന്റെ പുറത്തുവീണത്.തീരെ പ്രതീക്ഷിക്കാത്തതായതു കൊണ്ട് അവൻ വീണുപോയി.
- അധികപ്രസംഗം പറയുന്നോ താന്തോന്നി !!
ജോയി അലറി.
- നിനക്കൊക്കെ എന്തിന്റെ കേടാ , തിന്ന് ചോറ് എല്ലിന്റെ എടേക്കേറിയോ ?
അയാൾ പുലമ്പി ക്കൊണ്ടിരുന്നു. 
ശബ്ദം കേട്ട് അമ്മച്ചി ഓടി വന്നു.
- എന്നതാ കുഞ്ഞേ വല്യൊരു ശബ്ദം കേട്ടത്.
- ചെറുക്കന് അഹങ്കാരം കൂടുന്നു. അമ്മ പോയി കെടക്കുകോ പ്രാർത്ഥിക്കുകൊ വല്ലതും ചെയ്യുന്നുണ്ടോ !
ജോയി അമ്മയോടും  അരിശപ്പെട്ടു. അമ്മച്ചി വന്നപ്പോഴേക്കും മനു കരയാൻ തന്നെ ഭയപ്പെട്ട് അവന്റെ മുറിയിലേക്കു പോയിക്കഴിഞ്ഞിരുന്നു. മനുവിന്റെ മമ്മി അപ്പോൾ ആശുപത്രിയിൽ ജോലിത്തിരക്കിലായിരുന്നു.
എന്തിനാണ് അടി കിട്ടിയതെന്ന് അവന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. ഡാഡി പത്രം വായിച്ചുകൊണ്ടിരുന്നപ്പോൾ ഒച്ചവെച്ചതിനാവും എന്ന് അവൻ കരുതി. ചിലപ്പോൾ ഇതിലേറെ ശബ്ദം അവനും ഷാരനുംകൂടി ഉണ്ടാക്കാറുണ്ട്. അന്നൊന്നും ഡാഡിയെ ഇത്രയ്ക്ക് അരിശപ്പെട്ട് മനു കണ്ടിട്ടില്ല.
ചില നേരത്ത് മനുവിന്റെ ഡാഡി അങ്ങനെയാണ്. എന്തിന് എപ്പോഴാണ് ദേഷ്യപ്പെടുക എന്നറിയാൻ പറ്റില്ല. അവൻ കട്ടിലിൽ കിടന്ന് ഏങ്ങിയേങ്ങി കരഞ്ഞു. ജോലി കിട്ടുന്നതും വീടുവിട്ടു പോകുന്നതും പിന്നൊരിക്കലും തിരികെ വരാതിരിക്കുന്നതും ഡാഡി കരയുന്നതും അവൻ സ്വപ്നം കണ്ടു. കുറച്ചുകഴിഞ്ഞപ്പോൾ ഷാരൻ പതിയെ മുറിയിൽ വന്നു.
- എന്തിനാണ് അടി കിട്ടിയത്?
ചോദ്യം തീരുന്നതിനുമുമ്പ് മനു കൈയിലിരുന്ന കാറു കൊണ്ട് അവളെ എറിഞ്ഞു.
- ഗെറ്റ് ഔട്ട് ഓഫ് മൈ റൂം..
അവൻ ഒച്ചയടക്കി പറഞ്ഞു. ഡാഡി വീട്ടിലുള്ളിടത്തോളം കാലം ഒച്ച പുറപ്പെടുവിക്കാൻ അവനു ഭയമായിരുന്നു.
സാധാരണയായി മനു എന്തെങ്കിലും ചെയ്താൽ ഷാരൻ വാവിട്ടു നിലവിളിക്കും. ഡാഡിയുടെയും മമ്മിയുടെയും മുന്നിൽ കുട്ടി എന്ന നിലയിൽ ന്യായം എപ്പോഴും അവളുടെ ഭാഗത്താവുകയും ചെയ്യും. കാറിന്റെ വീൽകൊണ്ട് കൈ ഉറഞ്ഞിട്ടും അവൾ അലറിക്കരഞ്ഞില്ല. ഒന്നും മിണ്ടാതെ കൈതുടച്ചു കൊണ്ട് മുഖം വീർപ്പിച്ചു പൊയ്ക്കളഞ്ഞു.
തിങ്കളാഴ്ച സ്കൂളിലേക്ക് ഇറങ്ങുന്നതിനു തൊട്ടു മുമ്പ് മനു മടിയോടെ മമ്മിയോടു പണം ചോദിച്ചു.
- എന്തിനാടാ ഇപ്പം പൈസ.
- ടെറി ഫോക്സ് റണ്ണിന് . എല്ലാവരും കൊണ്ടു ചെല്ലണമെന്നു പറഞ്ഞിട്ടുണ്ട്.
- സ്കൂളിലും പിരിവാന്നോ .
സാലി ഇരുപത്തഞ്ചിന്റെ തുട്ടെടുത്ത് മനുവിനു കൊടുത്തു. മനു ഒന്നും പറഞ്ഞില്ല. അവന്റെയൊപ്പം സോക്കർ കളിക്കുന്നവർ നോട്ടുകൾ കൊണ്ടുവന്നിരുന്നു. അവരുടെ ഡാഡിമാർ ടെറിയെ നേതൻ ഫിലിപ് സ്ക്വയറിൽ പോയി നേരിട്ടു കണ്ടിട്ടുളള കഥകൾ പറഞ്ഞു. മനു നേതൻ ഫിലിപ്പ് സ്ക്വയർ കണ്ടിട്ടില്ല. മനുവിന് പെരുപ്പിച്ചു പറയാൻ കഥകളില്ല. ഒളിച്ചു വെക്കാൻ കുറച്ചു കാര്യങ്ങളേയുള്ളു.
ഹൈസ്കൂൾ മനുവിനെ കുറച്ചൊക്കെ രക്ഷിച്ചു. അവന്റെ ഒപ്പം പഠിച്ചിരുന്ന കുട്ടികൾ പോയ ഹൈസ്കൂളിലല്ല മനു പോയത്. ഷാരനെ സ്കൂളിൽ നിന്നും കൊണ്ടുവരാനുള്ള സൗകര്യത്തിനു വേണ്ടി മനുവിനെ മറ്റൊരു ഹൈസ്കൂളിൽ വിടാനാണ് മമ്മിയും ഡാഡിയും തീരുമാനിച്ചത്. അതിൽ കുറച്ചൊന്നുമല്ല മനുവിന് ആശ്വാസം തോന്നിയത്. ജീവിതം വല്ലപ്പോഴുമൊക്കെ നല്ലതാവാമെന്ന് ആ പതിന്നാലുകാരനു തോന്നി.മിഡിൽ സ്കൂളിലെ കുട്ടികളൊന്നും  ഇവിടെയില്ലെങ്കിൽ രക്ഷപെട്ടു.. പൂർവ്വകാലത്തിന്റെ ഭാരമില്ലാതൊരു ജീവിതം തുടങ്ങാൻ പറ്റിയേക്കും. ആരെയും വീട്ടിലേക്കു വിളിക്കരുതേ.
- മാം വർക്സ് . ഡാഡ് വർക്സ് . ഹീ ഹാസ് എ ബിസിനസ്സ് .
വേണ്ട,ഗ്യാസ് സ്റ്റേഷൻ എന്നു പറഞ്ഞാൽ ഹൈസ്കൂളുകാർ അവിടെ പോയെന്നും വരും. 
മനു പറഞ്ഞില്ല.
ഡാഡി പട്ടണത്തിലാണു  ജോലി ചെയ്യുന്നതെന്ന് പറഞ്ഞു. ഭാഗ്യത്തിന് ആരും കൂടുതൽ ചോദിച്ചു ബുദ്ധിമുട്ടിച്ചതുമില്ല. ഹൈസ്കൂളെത്തിയാൽ ആൺകുട്ടികൾക്ക് കൂട്ടുകാരന്റെ വീട്ടുകാര്യങ്ങളിൽ താൽപ്പര്യമില്ല. ഒരു പാക്കിയുടെ അപ്പന് പണിയുണ്ടെങ്കിലും ഇല്ലെങ്കിലും അവർക്കെന്ത് ചേതം!
പെൺകുട്ടികൾ പൂത്തുലഞ്ഞു നിൽക്കുന്ന വരാന്തകളും ലൈബ്രറിയും ക്ലാസ് മുറികളും അവരെ മത്തുപിടിപ്പിച്ചു. സുന്ദരിപ്പെണ്ണിനെത്തന്നെ ഡേറ്റു ചെയ്യണം , പിന്നെ സ്റ്റെഡി ആവണം, തുടർച്ചയായി അവളുടെ കൂടെത്തന്നെ ഉച്ചഭക്ഷണം കഴിക്കുന്നതും സ്കൂളിലേക്കും വീട്ടിലേക്കും നടക്കുന്നതും പുറത്തുപോകുന്നതും എല്ലാം . അടുത്ത പടി ഗേൾഫ്രണ്ട് എന്ന പ്രയോഗത്തിന് അവൾ സമ്മതിക്കുകയാണ്. ഹൈസ്കൂളിലെത്തിയ എല്ലാ ആൺകുട്ടികളുടെയും ലക്ഷ്യം അതാണ്. ആൺകുട്ടിയായിരിക്കുക എന്നതിന്റെ നിർവചനംതന്നെ ഒരു ഗേൾഫ്രണ്ട് ഉണ്ടാവുക എന്നതിലാണ്. വികാരങ്ങൾ കെട്ടിമറിഞ്ഞു കൂത്താടുന്ന പ്രായത്തിൽ ഒരു പെണ്ണിനോടിഷ്ടം തോന്നാതിരിക്കുന്നതല്ലേ അസ്വാഭാവികത . ഇഷ്ടപ്പെട്ടൊരു പെണ്ണിനെ തന്റേതെന്നു വിളിക്കുന്നതല്ലേ ആണത്തം ?
                         തുടരും
പാമ്പും കോണിയും - നിർമ്മല - നോവൽ -44
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക