ഹണി യു ആർ റൈറ്റ്  (തമ്പി ആന്റണി)

Published on 01 May, 2021
ഹണി യു ആർ റൈറ്റ്  (തമ്പി ആന്റണി)

സ്ഥലം സ്വന്തം വീട്ടിലെ അടുക്കള, വൈകുന്നേരം വരാനിരിക്കുന്ന അതിഥികൾക്കായി ധൃതിപിടിച്ചു പാചകം ചെയ്യുന്നതിനിടയിൽ ഭാര്യ എന്തോ പെട്ടെന്നോർത്തതുപോലെ ഭർത്താവിനോട്.
“ ചേട്ടാ കടേൽ പോകുബോൾ ഹണി മേടിക്കാൻ മറക്കല്ലേ “
“ഹണി ഇവിടെയുണ്ടല്ലോ “
ഭർത്താവ് തറപ്പിച്ചു പറഞ്ഞു. ക്ഷിപ്രകോപിയായ അവൾക്കു ദേഷ്യം വന്നു. 
“ ഇല്ലെന്നു പറഞ്ഞാൽ ചെവി കേൾക്കത്തില്ലേ   മനുഷ്യാ"..
'നീ കുറച്ചുകൂടി ഉച്ചത്തിൽ പറ അയല്പക്കംകാരൂടെ കേൾക്കട്ടെ " ഭർത്താവിനും ദേഷ്യം വന്നു .
ചേട്ടനല്ലെങ്കിലും എത്ര ഉറക്കെപ്പറഞ്ഞാലും ഞാൻ പറയുന്നതൊന്നും കേൾക്കില്ല. വേറെ വല്ല പെണ്ണുങ്ങളും പറഞ്ഞാൽ നായയുടെ ചെവിയാ“
പരസ്ത്രീകളുടെ കാര്യം പറഞ്ഞപ്പോൾ അതിലിത്തിരി കാര്യമുണ്ടെന്നു തോന്നിയതുകൊണ്ടാവാം അയാൾ പെട്ടന്ന് സൗമ്യനായി. 
“ എടീ , ഹണി ഇവിടെയുണ്ടന്നല്ലേ ഞാൻ പറഞ്ഞൊള്ളു. അതിനു നീ ഇത്രയും ഒച്ച വെക്കണോ. പിള്ളേരു കേട്ടാൽ എന്റെ കുറ്റമല്ലേ പറയുകയുള്ളൂ”
“കേൾക്കട്ടെ എല്ലാവരും കേൾക്കട്ടെ , ദേ എന്നെക്കൊണ്ടിനി കൂടുതലൊന്നും പറയിപ്പിക്കല്ലേ ..” 
അയാൾ നിശബ്ദത പാലിച്ചു . 
“അല്ലെങ്കിലും ഈ അടുക്കളയിൽ നടക്കുന്ന കാര്യം വല്ലതും നിങ്ങൾക്കറിയാമോ” അവൾ കലിതുള്ളിക്കൊണ്ട് കയ്യിൽ ഇരുന്ന സ്റ്റീൽ തവി കൊണ്ട് ഒരേറ്‌. അവൾക്കിത്രയും ഉന്നമുണ്ടെന്ന് അന്നാണ് അയാൾക്കു മനസ്സിലായത്. വീട്ടിൽ തോക്കില്ലാത്തതു ഭാഗ്യം അയാൾ സ്വയം ആശ്വസിച്ചു. 
ഏറുകൊണ്ട് വേദനിച്ച നെറ്റി ഒന്നമർത്തി തിരുമ്മി, മരവിച്ചുപോയ തലയ്ക്കു ബോധം വന്നപ്പോൾ അയാൾ പറഞ്ഞു 
“ ഞാനിപ്പോൾ എന്നെ തവി കൊണ്ടെറിഞ്ഞ ഹണിയുടെ കാര്യമാ പറഞ്ഞത്“ വീണ്ടും അൽപ്പനേരത്തെ നിശബ്ദത! അവൾ സ്നേഹപൂർവ്വം കാൽനഖംകൊണ്ട് കിച്ചണിലെ കളർടൈൽസിൽ കളം വരച്ചു, അയാളെ ഒളികണ്ണിട്ടു നോക്കി. എന്നിട്ടും അയാൾ പ്രതികരിച്ചില്ല. 
“ അല്ലെങ്കിലും ഈ ചേട്ടൻ സാഡിസ്റ്റാ നേരെ ചൊവ്വേ ഒന്നും പറയില്ല" അവൾ പരിഭവം പറഞ്ഞു 
“ഹണീ യു ആർ റൈറ്റ് “അയാൾ വീണ്ടും പുഞ്ചിരിച്ചു 
ഞാനറിയാതെ പെട്ടന്നുള്ള ദേഷ്യത്തിന് ... സോറി..
“ ഇറ്റ്സ് ഓക്കേ ഹണീ യു ആർ റൈറ്റ് “
അയാൾ വീണ്ടും പുഞ്ചിരിച്ചു  

ഇപ്പോൾ മനസിലായല്ലോ ഭാര്യയാണെങ്കിലും കാമുകിയാണങ്കിലും നേരെചൊവ്വേ പറഞ്ഞില്ലെങ്കിൽ തവി കൊണ്ട്തന്നെ ഏറു കിട്ടുമെന്ന്. അല്ലെങ്കിൽ ഭാര്യമാർ എന്തു മണ്ടത്തരം പറഞ്ഞാലും ഇടയ്ക്കിടെ ഹണീ യു ആർ റൈറ്റ് എന്നുതന്നെ പറഞ്ഞുകൊണ്ടിരിക്കണം. 
ഗുണപാഠം 
എറിഞ്ഞ കല്ലും പറഞ്ഞ വാക്കും തിരിച്ചെടുക്കാൻ പറ്റില്ല. 

jose cheripuram 2021-05-03 01:00:52
Wife never can be wrong.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക