MediaAppUSA

പ്രതീക്ഷാ കിരണങ്ങൾ വരവായി (ജോസഫ് എബ്രഹാം, ഹൂസ്റ്റൺ)

ജോസഫ് എബ്രഹാം, ഹൂസ്റ്റൺ  Published on 25 May, 2021
പ്രതീക്ഷാ കിരണങ്ങൾ വരവായി (ജോസഫ് എബ്രഹാം, ഹൂസ്റ്റൺ)
കേരളത്തിലെ തിരഞ്ഞെടുപ്പുഫലം  പുറത്തു വന്നതു മുതല്‍ സോഷ്യല്‍  മീഡിയകളിലും, അച്ചടി മാധ്യമങ്ങളിലും ആവര്‍ത്തിച്ചു  കേള്‍ക്കുന്ന  ആക്ഷേപങ്ങളും പരിദേവനങ്ങളുമാണ് -’ കോണ്‍ഗ്രസ്സ് അടി മുടി മാറണം, നേതാക്കള്‍ ഗ്രൂപ് കളിച്ച് തോറ്റു…’തുടങ്ങിയവ ഒക്കെ. തിരഞ്ഞെടുപ്പിന്‍റെ കേളികൊട്ട് ആരംഭിച്ചപ്പോള്‍ മുതല്‍, ബഹുഭൂരിഭാഗത്തിന്റെയും  ആവശ്യമായിരുന്നു പഴയ തലമുറ മാറണം, പുതിയ ആള്‍ക്കാര്‍ക്ക് അവസരം കൊടുക്കണം എന്നത്. കേന്ദ്ര നേതൃത്വം അത് കണക്കിലെടുത്തതനുസരിച്ച് പരക്കെ അംഗീകരിക്കപ്പെട്ട ഒരു സ്ഥാനാർത്ഥി  നിരയെയാണ് തിരഞ്ഞെടുപ്പിനായി അവതരിപ്പച്ചത്.
 
കോൺഗ്രസിന്റെ  ചരിത്രം അറിയാത്തവരും, തിരഞ്ഞെടുപ്പ് ഫലം വൈകാരികമായി കാണുന്നവരുടെയുമൊക്കെ  പ്രതികരണമായേ   ഇവയൊക്കെ കാണാൻ  സാധിക്കുകയുള്ളു. 
 
കഴിഞ്ഞ ഏകദേശം 75 വര്‍ഷത്തെ കോണ്‍ഗ്രസ്സ്ചരിത്രം നോക്കിയാല്‍ അപ്പോളെല്ലാം പാര്‍ട്ടിയില്‍ ഗ്രൂപ്പ്  ഉണ്ടായിരുന്നതും,അതേ സമയം ഗ്രൂപ്പ്  വൈര്യം  മൂര്‍ച്ഛിച്ച് നില്‍ക്കുന്ന അവസരങ്ങിളില്‍ പോലും തിരഞ്ഞെടുപ്പുകളില്‍ ജയവും, തോല്‍വിയും ഏറ്റ് വാങ്ങിയിട്ടുള്ളതായും കാണാം. 9 പേരുടെ നേതാവായി പ്രതിപക്ഷത്തിരുന്ന ശ്രീ. കെ. കരുണാകരന്‍ അതിനു ശേഷം അഭിമാനിക്കാവുന്ന ഭൂരിപക്ഷത്തില്‍ ഒന്നിലധികം പ്രാവശ്യം മുഖ്യമന്ത്രിയായി സംസ്ഥാനം ഭരിച്ചിച്ചുണ്ട് എന്ന ചരിത്രം മലയാളികള്‍ അംഗീകരിക്കുമല്ലോ. എന്തിനേറെ, ഈ കഴിഞ്ഞ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ 20-ല്‍ 19ഉം നേടി തിളക്കമാർന്ന  വിജയം കൈവരിച്ചപ്പോളും ഈ പറഞ്ഞ ഗ്രൂപ്പും, അവരുടെ നേതാക്കളും ഒക്കെ കോണ്‍ഗ്രസ്സില്‍ ഉണ്ടായിരുന്നു എന്നത് പകല്‍ പോലെ വ്യക്തമായ ഒരു സംഗതിയാണ്.
 
 
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഏറ്റ  തോല്‍വിയെക്കാള്‍,എല്‍ഡിഎഫ് എങ്ങനെ 99 സീറ്റ് നേടി വിജയിച്ചു എന്ന് പരിശോധിക്കുവാനാണ്  ശ്രമിക്കേണ്ടത്. 
 
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത്- രണ്ട് പ്രളയങ്ങള്‍, നിപ്പ, കൂടാതെ കൊറോണ എന്ന മഹാമാരി, ഇവയൊക്കെക്കൊണ്ട്  ജനജീവിതം  അക്ഷരാർത്ഥത്തിൽ നിശ്ചലമായി. 
 
ഈ പ്രതിസന്ധികളിൽ  ഒക്കെയും  സര്‍ക്കാര്‍ ജനങ്ങളോടൊപ്പം ഒരു കൈതാങ്ങായി ഉണ്ട് എന്ന പ്രതീതി ജനിപ്പിക്കാന്‍ സാധിച്ചു, അത് പോളിങ് ബൂത്തില്‍ പ്രതിഫലിക്കുകയും ചെയ്തു എന്ന് പറയുന്നതായിരിക്കും ശരി.
 
കേരളത്തിലെ പ്രഭുദ്ധരായ വോട്ടര്‍മാരെ അവഹേളിക്കാനോ, അവരുടെ വിവേചനാധികാരത്തെ വില കുറച്ചു കാണാനോ ഒട്ടും ഉദ്യമിക്കുന്നില്ല എന്ന് വ്യക്തമാക്കിക്കൊള്ളട്ടെ. ജനക്ഷേമം ഉറപ്പ് വരുത്തുന്ന സര്‍ക്കാര്‍ കിറ്റും, പെന്‍ഷനുമൊക്കെ പിണറായി സര്‍ക്കാറിന്റെ  സകല കെടുകാര്യസ്ഥതയ്ക്കും, നീണ്ട അഴിമതി ആരോപണങ്ങള്‍ക്കുമൊക്കെ വെള്ള പൂശാന്‍ ഉപകരിച്ചു എന്നതാണ് വസ്തുത. പിണറായിയുടെ സെക്രട്ടറിയും, സ്വപന സുരേഷും കൂടി ചേർന്ന്, ഡിപ്ലോമമാറ്റിക് ചാനല്‍ വഴി സ്വർണ്ണം  കടത്തിയതോ, മന്ത്രി ജലീല്‍ വിശുദ്ധ ഖുർആന്റെ  മറവില്‍ കള്ളകടത്ത് ആസൂത്രണ൦ ചെയ്തതോ, അമേരിക്കന്‍ കമ്പനി സ്പ്രിങ്ക്ളറിന്  രോഗികളുടെ വിവരം കൈമാറി പണം സമ്പാദിച്ചതോ, പി‌എസ്‌സി റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് പുറം വാതില്‍ നിയമനം നടത്തിയതോ, ഇരുചെവി അറിയാതെ സ്വകാര്യ മേഖലയില്‍ ഡിസ്റ്റിലറി തുടങ്ങാന്‍ അനുമതി കൊടുത്തതോ, അമേരിക്കന്‍ കമ്പനിക്ക് കടല്‍ തീറു എഴുതുവാന്‍ ഒപ്പ് വച്ചതോ ഒന്നും പലവ്യഞ്ജന കിറ്റിന്റ്റെ സ്വാധീന വലയത്തില്‍ വീണ സമൂഹത്തിലെ വരേണ്യ വര്‍ഗത്തില്‍ പെടാത്ത ജന വിഭാഗം ചെവിക്കൊണ്ടില്ല. രണ്ട് മുന്നണികള്‍ തമ്മിലുള്ള വോട്ടിന്റെ വ്യത്യാസം വെറും ഒരു ശതമാനം ആണെന്ന് കൂടി ഓര്‍ക്കണം.
 
പ്രതിപക്ഷ നേതാവ് ശ്രീ. വി .ഡീ. സതീശന്റെയും, മാറി വരുന്ന കെപിസിസി നേതൃത്വത്തിന്റെയും കൂട്ടായ പരിശ്രമത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് മുന്നേറും  എന്നതില്‍ സംശയമില്ല. സമര്‍ത്ഥരായ ഒരു പറ്റം യുവാക്കളെ അണിനിരത്തികൊണ്ടുള്ള കോൺഗ്രസ്സിന്റെ  ഈ പ്രാവശ്യത്തെ  സ്ഥാനാര്ഥിപ്പട്ടിക  മികവുള്ളത് തന്നെ ആയിരുന്നു. തോറ്റ സ്ഥാനാര്‍ത്ഥികൾക്ക് കരുനാഗപ്പള്ളിയില്‍ നിന്നും ജയിച്ച ശ്രീ. സി. ആര്‍. മഹേഷിനെ തങ്ങളുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കു മാതൃക ആക്കാവുന്നതാണ്. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ തോറ്റ മഹേഷ്, മണ്ഡലം വിട്ട് എങ്ങോട്ടും പോയില്ല. മണ്ഡലത്തിലെ ജനങ്ങളുമായി ചേര്‍ന്ന് നിന്നുകൊണ്ടു ജനകീയ പ്രശ്നങ്ങളിൽ  സജീവമാകുകയിരുന്നു അദ്ദേഹം. 2021ലെ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ മണ്ഡലത്തിലെ നിറസാന്നിധ്യമായി  നിലകൊണ്ട മഹേഷ് ആയിരിക്കണം എംഎല്‍എ എന്നു തീരുമാനിക്കുന്നതില്‍ കരുനാഗപ്പള്ളിക്കാര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക