Image

എന്നാലും എന്റെ ഫെയ്ക്ക് ന്യുസ്, പേടിപ്പിച്ചല്ലോ (മാത്യു ജോയിസ്, ലാസ് വേഗാസ്)

Published on 27 May, 2021
എന്നാലും എന്റെ ഫെയ്ക്ക് ന്യുസ്, പേടിപ്പിച്ചല്ലോ (മാത്യു ജോയിസ്, ലാസ് വേഗാസ്)
പേടിക്കേണ്ട, ഫെയ്ക്ക് ന്യുസ് ആണ്. പക്ഷെ കുറച്ച് നേരം അവൻ സോഷ്യൽ മീഡിയയിൽ കിടന്നു കറങ്ങി.   

--കുത്തിവയ്പ് നടത്തിയ എല്ലാവരും 2 വർഷത്തിനുള്ളിൽ മരിക്കും--

-----ഏതെങ്കിലും തരത്തിലുള്ള വാക്സിൻ ലഭിച്ച ആളുകൾ  അതിജീവിക്കാൻ സാധ്യതയില്ലെന്ന് നൊബേൽ സമ്മാന ജേതാവ് ആയ ഫ്രഞ്ച് ഡോക്ടർ ലൂക്ക് മൊണ്ടാഗ്‌നിയർ സ്ഥിരീകരിച്ചിരിക്കുന്നു. ഞെട്ടിക്കുന്ന അഭിമുഖത്തിൽ, ലോകത്തിലെ മികച്ച വൈറോളജിസ്റ്റ്  ഇപ്രകാരമാണ് പ്രസ്താവിച്ചത് : "പ്രതീക്ഷയില്ല, ഇതിനകം പ്രതിരോധ കുത്തിവയ്പ് ലഭിച്ചവർക്ക് ചികിത്സയില്ല. മൃതദേഹങ്ങൾ കത്തിക്കാൻ ജനങ്ങൾ  തയ്യാറായിരിക്കണം." വാക്സിനിലെ ഘടകങ്ങൾ പഠിച്ച ശേഷം മറ്റ് പ്രമുഖ വൈറോളജിസ്റ്റുകളുടെ അവകാശവാദങ്ങളെ ഈ ശാസ്ത്രീയപ്രതിഭ പിന്തുണച്ചുകൊണ്ടാണ് ഈ ഞെട്ടൽ സൃഷ്ടിച്ചിരിക്കുന്നത്  "ആന്റിബോഡി  വർദ്ധനവ് മൂലം അവരെല്ലാം മരിക്കും. കൂടുതലൊന്നും പറയാനാവില്ല..

---“ഇത് ഒരു വലിയ തെറ്റാണ്, അല്ലേ? ഒരു ശാസ്ത്രീയ പിശകും ഒരു മെഡിക്കൽ പിശകും. ഇത് അസ്വീകാര്യമായ തെറ്റാണ്, ”മോണ്ടാഗ്നിയർ   നടത്തിയ അഭിമുഖ സംഭാഷണത്തിലെ പ്രസക്തഭാഗങ്ങൾ  വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചതായി പറയപ്പെടുന്നു.പല എപ്പിഡെമിയോളജിസ്റ്റുകൾക്കും ഇത് അറിയാം, എങ്കിലും ഈ  പ്രശ്നത്തെക്കുറിച്ച് “അവർ നിശബ്ദത പാലിക്കുന്നു”, മോണ്ടാഗ്നിയർ പറഞ്ഞു.(ലൈഫ് സൈറ്റ് ന്യൂസ് , മെയ് 19, 2021).--------------

സോഷ്യൽ  മീഡിയയിലൂടെ ലോകത്തിൽ ഈ ന്യൂസ് കണ്ടവർ നടുങ്ങി. സോഷ്യൽ മീഡിയാ ആണല്ലോ ഇപ്പോൾ ജനങ്ങൾക്ക് കൂടുതൽ വിശ്വാസം! വേഗം വാട്ട്സ് ആപ്പിലൂടെയും ഫോൺ വിളികളിലൂടെയും അറിയാത്തവരെയും അറിയിക്കാൻ ഭൂരിഭാഗം ആൾക്കാർ കിണഞ്ഞു ശ്രമിക്കയും ചെയ്തു. മാത്രമല്ല, അത് വ്യാജ വാർത്തയാണെന്നു മനസ്സിലാക്കാതെ ഈയുള്ളവൻ ഉൾപ്പെടെ പലരും ലേഖനങ്ങൾ എഴുതാൻ ഒരു "ടോപിക് " തലയിലേറ്റി  എഴുത്തുപുരയിലേക്കു കുതിക്കയും ചെയ്തു.

ഭാഗ്യമെന്നു പറയട്ടെ, ഇത് വ്യാജവാർത്തയായിരുന്നുവെന്നു എന്ന് സാക്ഷീകരിച്ചുകൊണ്ടു ഇന്ത്യയിലെ പ്രസ് ഇൻഫർമേഷൻ ബ്യൂറൊ യുടെ  #PIB FACTCHECK ന്യൂസ് വന്നപ്പോഴാണ് ഭയപ്പാട് മാറിത്തുടങ്ങിയത്. ( ഇനി ഇതും വ്യാജമാണെന്ന് ആരും പറയാതിരുന്നാൽ മതിയായിരുന്നു.

മേൽ പ്രസ്താവിച്ച വാർത്ത തെറ്റാണെങ്കിലും,  നിമിഷങ്ങൾക്കുള്ളിൽ ആഗോളതലത്തിൽ ഭയാശങ്കകൾ ഉയർത്തിവിട്ടിരിക്കയാണ്. ഇത്രയും നെഗറ്റിവ് ഇമ്പാക്റ്റ് സൃഷ്ടിക്കുന്ന ഒരു വാർത്ത ലോകത്തിൽ ഇതുവരെ വന്നിരിക്കാനും സാധ്യതയില്ല. 

കോവിഡ് മഹാമാരി അപ്രതീക്ഷിതമായി ലോകത്തിലാകെ പടർന്നു പിടിച്ചപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ശാസ്ത്രലോകവും ആരോഗ്യ പരിപാലകരും വിറങ്ങലിച്ചു നിന്ന ആദ്യ മാസങ്ങൾ. സാമൂഹ്യ അകലവും മാസ്കും രോഗം പകരാതിരിക്കാൻ സഹായകമാകുമെന്ന് കണ്ടുപിടിച്ചു വ്യാപകമായപ്പോൾ, ലോകജനത അതേറ്റുവാങ്ങി പകുതി ആശ്വാസത്തിൽ കഴിയവേയാണ്, പ്രമുഖ ഫാര്മസിയൂട്ടിക്കൽ കമ്പനികൾ കിണഞ്ഞു പരിശ്രമിച്ചു പല വാക്സിനുകൾ കണ്ടുപിടിക്കുകയും ചരിത്രാതീത വേഗത്തിൽ, രോഗപ്രതിരോധത്തിനായി ജനങ്ങളിൽ ചിട്ടയായി എത്തിക്കാൻ എഫ് ഡി  ഏ ., സി  ഡി  സി പോലുള്ള സർക്കാർ വിഭാഗങ്ങൾ ഒത്തൊരുമിച്ചു വിജയം കണ്ടെത്തിയതും. 

വാക്സിൻ ലഭ്യമായ നിമിഷം മുതൽ അമേരിക്കയിൽ വളരെ ചിട്ടയായി ഭൂരിപക്ഷം ജനങ്ങളെയും വാക്സിനേഷൻ നടത്താൻ കാട്ടിയ എല്ലാ വിഭാഗങ്ങളുടെയും കൂട്ടായ ശ്രമങ്ങൾ അഭിനന്ദനീയമാണ്. അതിന്റെ വിജയമാണല്ലോ രോഗനിരക്കും മരണനിരക്കും കുത്തനെ താഴ്ന്നുവന്നതും, രണ്ടു ഡോസ് വാക്സിൻ എടുത്തവർക്കു മാസ്ക് പോലും നിർബന്ധമല്ലെന്ന് അമേരിക്കയിലെ ഭരണകൂടം പ്രസ്താവിച്ചതും. അങ്ങനെ അമേരിക്കയിലെ ജനജീവിതവും ബിസിനസ് സേവന മേഖലകളും സാധാരണ നിലയിലേക്ക് മടങ്ങി വരുന്നത് ആശ്വാസകരമായിരിക്കുന്നു.

ലോകത്തിൽ പല മത പ്രവാചകരും കൊറോണയെ പേടിക്കേണ്ട എന്ന് വിധത്തിലുള്ള നിരവധി തെറ്റിധാരണജനകമായ പ്രവചനങ്ങളും പ്രസ്താവനകളും നടത്തി, വാക്സിൻ എടുക്കുന്നതിൽനിന്നും പിന്തിരിപ്പിക്കാൻ സോഷ്യൽ മീഡിയയിൽ പലതും പലപ്പോഴായി പ്രസിദ്ധീകരിക്കുന്നത് തന്നെ, തെറ്റായ സന്ദേശങ്ങൾ ആണ്.

അതെ സമയം ഇൻഡ്യാ പോലുള്ള പിന്നോക്ക രാജ്യങ്ങളിൽ പത്തു ശതമാനത്തിനുപോലും ഇതുവരെ വാക്സിൻ നൽകാൻ കഴിഞ്ഞിട്ടില്ല. പ്രധാനമായും നിരവധി തെറ്റിധാരണകൾ പരത്തി ജനത്തെ നിരുല്സാഹപ്പെടുത്തിയിരിക്കുന്നു .  പാത്രം കൊട്ടിയാൽ  മതി, ചാണകത്തിൽ കുളിച്ചാൽ മതി, ഗംഗയിൽ നീരാടിയാൽ മതി കൊറോണാ വന്നതുപോലെ പൊയ്ക്കൊള്ളും എന്ന് സർക്കാർ തലത്തിൽ പോലും പരസ്യ പ്രസ്താവനകൾ, പൊതുവേ വിദ്യാഭ്യാസം കുറവുള്ള ഗ്രാമീണ മേഖലകളിൽ ഉള്ള ജനങ്ങൾ വാക്സിൻ എടുക്കേണ്ടതില്ലെന്ന ഉറച്ച തീരുമാനത്തിൽ കൊണ്ടെത്തിച്ചു. ജനങ്ങൾ ആവശ്യപ്പെട്ടുമില്ല, ഗവെർന്മെന്റ് ഇവിടെ ഉത്പാദിപ്പിച്ച വാക്സിൻ മുഴുവൻ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു നല്ല പേർ നേടുകയും ചെയ്തു. 

ഫലമോ നിത്യവും ലക്ഷക്കണക്കിന് പുതിയ കൊവിഡ്  രോഗികൾ പെരുകുന്നു, ചികിൽസാ സൗകര്യങ്ങൾ ഇല്ലാതായിരിക്കുന്നു. അതിനിടെ രണ്ടാം തരംഗവും ജനിതകമാറ്റം വന്ന വേരിയന്റുകളും വ്യാപകമാകുന്നു, ലോകത്തിൽ മറ്റൊരു രാജ്യത്തും ഉണ്ടായിട്ടില്ലാത്ത തരത്തിൽ ദിവസവും നാലായിരത്തിലധികം ആൾക്കാർ മരിച്ചു വീഴുന്നു.  

നല്ലൊരു ശതമാനം പേര്  വാക്സിൻ എടുത്ത അമേരിക്ക പോലുള്ള രാജ്യങ്ങളിൽ  എന്തേ മ്യൂട്ടേഷനും  തരംഗങ്ങളും ഇന്ത്യയിലെപ്പോലെ ആവർത്തിക്കപ്പെടുന്നില്ല. ഇതൊക്കെ നേരെ ചൊവ്വേ പഠന വിഷയമാക്കിയിട്ടു, അത്ര പ്രാധാന്യമുണ്ടെങ്കിൽ മാത്രം പ്രസിദ്ധീകരിക്കേണ്ട വിഷയം,  വ്യാജമായി വളച്ചൊടിച്ചു ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതിലെ ഗുട്ടൻസ് ഇതുവരെ പിടികിട്ടിയില്ല. ഏതായാലും ആ കുബുദ്ധിയുടെ ഉറവിടം തേടി കണ്ടുപിടിച്ചു നിയമപരമായ കടുത്ത ശിക്ഷ നൽകിയാലേ, ഇങ്ങനെയുള്ളവർക്കു ഒരു പാഠമാകയുള്ളു.

ലളിതമായി ചിന്തിച്ചാൽ, ഇങ്ങനെയുള്ള വ്യാജ വാർത്തകൾ കൊണ്ട് എന്താണ് സംഭവിക്കാൻ പോകുന്നത് ?  വാക്സിൻ എടുക്കാൻ പാവം ജനങ്ങൾ ഭയപ്പെടും, രോഗം പടർന്നു വീണ്ടും മഹാമാരിയുടെ താണ്ഡവം ലോകത്തെ നടക്കും. കൂട്ടത്തിൽ ഇതുവരെ വാക്സിൻ എടുത്ത് സുരക്ഷിതരായി എന്ന് കരുതിയിരിക്കുന്നവരിൽ, ഉടൻ മരിച്ചേക്കാം എന്ന ഭീതി ഉളവാക്കി കുറേപ്പേരെ കൊല്ലാക്കൊലയ്ക്കു  വിധേയമാക്കാനും  സാധ്യതയേറുന്നു.

പാവം നോബൽ പ്രൈസ് ജേതാവാണ് ലോകത്തിന്റെ പിരാക്ക്‌ എട്ടു വാങ്ങിയ ഹതഭാഗ്യൻ. ഉത്തരവാദിത്തപരമായി കൈകാര്യം ചെയ്യേണ്ട ഈ വിഷയം, പേരിനും പ്രശസ്തിക്കും വേണ്ടിയാണ് ചെയ്തതെങ്കിൽ  ആരു ചെയ്താലും ഒരു കടുംകൈ തന്നെയാണ്. ലോകജനതതിയ്ക്കു  സമാധാനവും ആശ്വാസവും ചൊരിയുന്ന വാർത്തകൾക്ക്  പ്രാധാന്യം നല്കി പ്രസിദ്ധീകരിക്കുന്നതായിരിക്കട്ടെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങൾ ആയാലും സോഷ്യൽ മീഡിയാ ആയാലും ചെയ്യേണ്ടിയത്. പ്രത്യേകിച്ചും സിറ്റിസൺ ജേർണലിസം വ്യാപകമായിരിക്കുന്ന ഈ കാലഘട്ടത്തിൽ "ഏത് കാള പെറ്റാലും കയറും എടുത്തുകൊണ്ടു ഓടാൻ വരട്ടെ"!

പീ ഐ ബീ യെ നമോവാകം.

വാൽക്കഷണം: ഡോക്ടർ ലൂക് മോന്റണിയർ, എന്ന പ്രതിഭയ്ക്ക്  ഇന്നലെ നൽകാൻ ഉദ്ദേശിച്ച താമ്രപത്രം പീ ഐ ബീ ഫാക്റ്റ് ചെക്കിന് സമർപ്പിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക