Image

പുടവപുരാണം (മൃദുല രാമചന്ദ്രൻ, മൃദുമൊഴി 10)

Published on 29 May, 2021
പുടവപുരാണം (മൃദുല രാമചന്ദ്രൻ, മൃദുമൊഴി 10)

ചുവന്ന മുളകിന്റെ കടും ചുവപ്പ് നിറമുള്ള പട്ടിൽ, നിറയെ സ്വർണനൂലുകൾ തുന്നി ചേർത്തത് ആയിരുന്നു എന്റെ കല്യാണ സാരി.തൃശൂർ ചേറൂർ ഉള്ള 'കൊക്കൂണി'ൽ നിന്ന് ആണ് ആ സാരി വാങ്ങിയത്. സാരി വാങ്ങാൻ, നല്ല നേരം നോക്കി തീരുമാനിച്ചു ഉറപ്പിച്ച ദിവസം ഉച്ച തിരിഞ്ഞ് എനിക്ക് അവസാന വർഷ ഡിഗ്രിയുടെ യൂണിവേഴ്സിറ്റി പരീക്ഷയായിരുന്നു.സാരി വാങ്ങി കഴിഞ്ഞ്,ഉടൻ തന്നെ ഞാൻ പരീക്ഷ എഴുതാൻ പോയി.എന്റെ വിവാഹ ദിവസം കുറച്ചു മണിക്കൂറുകൾ മാത്രമാണ് ഞാൻ ആ സാരി ആകെ കൂടി ഉടുത്തിട്ടുള്ളത്.ഏപ്രിൽ മാസത്തിലെ ചൂടും,ആ സാരിയുടെ ഭാരവും എല്ലാം കൂടി വല്ലാത്ത ബുദ്ധിമുട്ട് ആയിരുന്നു. ഇപ്പോൾ ഒരു സാരി ബോക്‌സിൽ, ഒരു കോട്ടൺ ഷോളിൽ പൊതിഞ്ഞ് അലമാരിയിൽ ഭദ്രമായി ഇരിക്കുന്നു.വർഷത്തിൽ ഒരിക്കലോ മറ്റോ ഒന്ന് എടുത്ത് വെയിലു കൊള്ളിക്കും.

വലിയ വിലയ്ക്ക് വാങ്ങുന്ന പല വസ്ത്രങ്ങളും ഒന്നോ, രണ്ടോ തവണ ചില പ്രത്യേക അവസരങ്ങളിൽ മാത്രം ഉപയോഗിച്ചതിന് ശേഷം വിരുന്നുകാരെ പോലെ  അലമാരയിൽ വെറുതെ ഇരിക്കുമ്പോൾ,സുഹൃത്തുക്കളെ പോലെ നമ്മളെ സ്വസ്ഥരും, ആനന്ദചിത്തരും ആക്കുന്ന ചില ഉടുപ്പുകൾ ഉണ്ട്.

ആർഭാടങ്ങൾ ഇല്ലാത്ത, ഇളം നിറത്തിൽ ഉള്ള ഒരു പരുത്തി സാരി നമുക്ക് ഒപ്പം ബസിൽ സഞ്ചരിക്കും,തട്ടുകടയിൽ ഇരുന്ന് ചൂട് ദോശ കഴിക്കും, മാർക്കറ്റിൽ പോയി പച്ചക്കറി തിരഞ്ഞു വാങ്ങും,സങ്കടം വരുമ്പോൾ കണ്ണീര്‌ ഒപ്പാൻ തലപ്പ് നീട്ടി തരും...

മുഷിപ്പിക്കുന്ന ഒരു ദിവസത്തെ  ഉന്തി തള്ളി വിട്ട്, വീട്ടിൽ കേറി വന്നാൽ ,ചൂട് വെള്ളത്തിൽ ഒന്ന് കുളിച്ചു കഴിഞ്ഞാൽ, ഇടാൻ തിരഞ്ഞെടുക്കുന്നത്  ഒരുപാട് തവണ ഇട്ട് നരച്ച,ഏറെ പ്രിയപ്പെട്ട  ഒരു അയഞ്ഞ കുർത്തയായിരിക്കും എന്ന് ഉറപ്പാണ്.അല്ലാതെ അത് അലമാരയിലെ ഏറ്റവും പുതിയതും, വിലകൂടിയതും ആയ കുപ്പായം ആയിരിക്കില്ല.

ജീവിതത്തിലെ ചില ഉടുപ്പുകൾ അവ ധരിച്ചു നിന്ന നിമിഷങ്ങളിൽ സംഭവിച്ച സന്തോഷങ്ങൾ കൊണ്ടോ, സങ്കടങ്ങൾ കൊണ്ടോ ഓർമിക്കപ്പെടാറുണ്ട്.

ജീവിതത്തിലെ ആദ്യത്തെ ജോലി കിട്ടിയ ,ഇന്റർവ്യൂ അറ്റൻഡ് ചെയ്തപ്പോൾ ഇട്ടിരുന്ന വസ്ത്രം മറക്കാറുണ്ടോ മനുഷ്യർ ?ജീവിതത്തിലെ ഏറ്റവും മോശമായ ചില വാർത്തകൾ കേട്ട ദിവസങ്ങളിൽ ധരിച്ച വസ്ത്രം,എത്ര ഭംഗിയുള്ളത് ആണെങ്കിലും പിന്നെ ഒരിക്കലും ധരിക്കാതെ എവിടെയോ എടുത്തു വച്ചിട്ടില്ലേ ?

നമ്മളെ ഏറ്റവും ഭംഗിയുള്ളവരും, ആത്മവിശ്വാസം ഉള്ളവരും ആക്കിത്തീർക്കുന്നു എന്ന് നമ്മൾ തന്നെ വിശ്വസിക്കുന്ന ചില ഉടുപ്പുകൾ ഉണ്ട്.ഏറ്റവും സവിശേഷവും,സുപ്രധാനവും ആയ അവസരങ്ങളിൽ, ഒരു മന്ത്രനൂൽ പോലെ എടുത്ത് അണിയുന്നവ... ഓഫീസിലെ ഇൻസ്പെക്ഷൻ ദിവസം, പ്രധാന കൂടിക്കാഴ്ചകൾ ഉള്ള ദിവസങ്ങൾ അങ്ങനെ ചില സമയങ്ങളിൽ ഒരു കവചം പോലെ ചില കുപ്പായങ്ങൾ നമ്മളെ കാത്തു സൂക്ഷിക്കുമെന്ന്‌ നമ്മൾ വിശ്വസിക്കുന്നു.

പ്രീ ഡിഗ്രി ഒന്നാം വർഷം പഠിക്കുമ്പോൾ ആണ് ആദ്യമായി ഞാൻ ഒരു ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്നത്.സയൻസ് ഗ്രൂപ്പിൽ പഠിക്കുന്ന ഒരു കുട്ടിയായിരുന്നു എന്റെ ക്വിസ് പാർട്ണർ.ആ ക്വിസ് മത്സരത്തിൽ ഞങ്ങൾ വിജയികളായി.കുറെ അപകർഷതാ ബോധങ്ങളെ ചുമന്ന് കൊണ്ടു നടന്ന കൗമാരത്തിൽ എന്റെ ആത്മവിശ്വാസത്തിന് ആദ്യാക്ഷരം കുറിച്ച വിജയം ആയിരുന്നു അത്.ആ ദിവസം ഇട്ടിരുന്ന ബിസ്ക്കറ്റ് നിറമുള്ള ചുരിദാർ പിന്നെ എല്ലാ മത്സര ദിവസങ്ങളിലും അണിയാൻ വേണ്ടി ഞാൻ തിരഞ്ഞെടുക്കാറുണ്ട്.എന്നെ ജയിപ്പിക്കാനുള്ള എന്തോ ഒരു സൂത്രവിദ്യ ആ ഉടുപ്പിന് ഉണ്ടെന്ന് ഞാൻ കരുതിപ്പോന്നു.

പട്ടോ, പരുത്തിയോ ആകട്ടെ ഉടലിനോട് ഒപ്പം ഉള്ളിനോടും ഇണങ്ങുന്ന ചില ഉടയാടകൾ ഉണ്ട് എല്ലാവർക്കും...അത്ര മേൽ ഭംഗിയുള്ള നേരങ്ങളുടെ നൂല് പിരിച്ചുണ്ടാക്കുന്നവ...

Join WhatsApp News
Meera 2021-05-31 09:48:02
നാം പുറത്തു പറയാത്തതും നമ്മെ നാമാക്കുന്നതുമായ കുറെ വേലത്തരങ്ങൾ നമ്മുടെ മനസ്സിനുണ്ട്. ഏറ്റവും കൂട്ടെന്ന് പലരെക്കുറിച്ച് പറഞ്ഞാലും ചിലരോടുള്ള പ്രത്യേകമായ ഇഷ്ടം പോലെ.പുറത്തറിയാതെ മനസ് അങ്ങനെ പൊതിഞ്ഞു സൂക്ഷിക്കുന്നവ.. അതുപോലെയുള്ള ഇഷ്ടങ്ങൾ തന്നെ നാം. മേം നല്ല രസത്തിൽ എഴുതി. ഇഷ്ടം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക