Image

പാമ്പും കോണിയും - നിർമ്മല (നോവൽ - 49 )

Published on 05 June, 2021
പാമ്പും കോണിയും - നിർമ്മല (നോവൽ - 49 )
- അറിഞ്ഞാരുന്നോ ?
ഫോണെടുത്തതും സാജു ചോദിച്ചു:
- ഇല്ലല്ലോ? എന്താ സാജു .
രസക്കേടുകളൊക്കെ ഉൾവലിച്ച് സാലി ചോദിച്ചു:
- നമ്മടെ ഒരു പ്ലെയിൻ ക്രാഷു ചെയ്തു. ഇന്നലെ രാത്രി ടൊറന്റോയീന്നു പോയത്!
- എന്റെ ദൈവമേ ! നമ്മളറിയുന്ന ആരെങ്കിലും ഉണ്ടായിരുന്നോ അതില് ?
കാനഡ മരത്തിൽ
ഡോളർ പറിക്കാൻ
പോയവരുടെ കഥ
നിർമ്മലയുടെ
പാമ്പും കോണിയും തുടരുന്നു ...
                            ......      ......      ......       .....

സ്കൂളടയ്ക്കാൻ ഒരാഴ്ചയേ ബാക്കിയുള്ളൂ. രാത്രിജോലി കഴിഞ്ഞ് സാലി എത്തിയപ്പോൾ ഒരു മണി ആയിരുന്നു. പിന്നെ കുളിയും ഊണും കഴിഞ്ഞ് രാവിലെ പള്ളിയിൽ പോകാൻ അത്യാവശ്യം കാര്യങ്ങൾ അടുക്കളയിൽ തീർത്തുവെച്ചിട്ടാണ് സാലി ഉറങ്ങാൻ പോയത്. രാവിലെ അത്രയും ഇടി ഉറങ്ങാമല്ലോ എന്നു പ്രതീക്ഷിച്ച് .
ഉറക്കം തീരുന്നതിനുമുമ്പേ അലാറം അടിക്കുന്നതിനുംമുമ്പേ പള്ളിയിൽ പോകാൻ സമയം എത്തുന്നതിനും വളരെ മുമ്പേ ഫോൺബെല്ല് ക്രൂരമായി ശബ്ദംവെച്ച് അവരെ ഉണർത്തി. പള്ളിയിലെ എന്തെങ്കിലും ആവശ്യം ജോയിയെ ഓർമ്മിപ്പിക്കുവാൻ വേണ്ടിയാവും എന്ന് സാലിക്ക് ഉറപ്പുണ്ടായിരുന്നു. അവൾക്ക് അരിശം പതഞ്ഞുവന്നു.
ഇത്രയും കാലത്തേ ആർക്കാണ് ജോയിയെക്കൊണ്ട് ആവശ്യം ? പുതിയ പിരിവ് എന്തെങ്കിലും വരുന്നുണ്ടോ? പള്ളിയിൽ ഏതെങ്കിലും അച്ചന്മാർ വരുന്നുണ്ടാകുമോ? അതോ ആരുടെയെങ്കിലും അമ്മ ആശുപത്രിയിൽ , പള്ളിയുടെ വകയായി പൂക്കൾ വാങ്ങിക്കൊടുത്തു സന്ദർശിക്കാൻ പോകണോ ?
ഇതെല്ലാം ജോയി സന്തോഷത്തോടെ ചെയ്യുന്ന കാര്യങ്ങളാണ്.
- അറിഞ്ഞാരുന്നോ ?
ഫോണെടുത്തതും സാജു ചോദിച്ചു:
- ഇല്ലല്ലോ? എന്താ സാജു .
രസക്കേടുകളൊക്കെ ഉൾവലിച്ച് സാലി ചോദിച്ചു:
- നമ്മടെ ഒരു പ്ലെയിൻ ക്രാഷു ചെയ്തു. ഇന്നലെ രാത്രി ടൊറന്റോയീന്നു പോയത്!
- എന്റെ ദൈവമേ ! നമ്മളറിയുന്ന ആരെങ്കിലും ഉണ്ടായിരുന്നോ അതില് ?
ക്ലാരയുടെ ഭർത്താവിന്റെ ഒരു റിലേറ്റീവും കുടുംബവും . കുട്ടികളില്ലാത്ത ദമ്പതികൾ. ഒറ്റയ്ക്കു നാട്ടിൽ പോയ ഒരു ഡോക്ടർ. അത്രയൊക്കെ യേ അറിഞ്ഞിട്ടുള്ളു.
എയർ ഇന്ത്യ ഫ്ലൈറ്റ് 187-ന്റെ പതനം കനേഡിയൻ വാർത്തകളിൽ നിറഞ്ഞുതുളുമ്പി. എമ്പറർ കനിഷ്കയെന്ന് മലയാളം വാർത്തകളിലും നിറഞ്ഞുനിന്ന പതനം.
അവരുടെ അടുത്ത പരിചയക്കാർ ആരും ആ ഫ്ലൈറ്റിൽ ഉണ്ടായിരുന്നില്ല. വിമാനത്തിൽ കൂടുതലും വടക്കേ ഇന്ത്യക്കാരായിരുന്നു. നൃത്തം പഠിക്കാൻ ഇന്ത്യയ്ക്കു പോയ ഒരു കൂട്ടം കുട്ടികളെ കുറിച്ചുള്ള വാർത്ത ടി.വിയിൽ നിറഞ്ഞു നിന്നു. രണ്ട് അച്ഛന്മാരും അവരുടെ പെൺമക്കളും അവർക്കൊപ്പം നൃത്തം പഠിക്കുന്ന കൗമാരക്കാരായ കുറച്ചു കുട്ടികളും അമ്മമാർ അവധി തീരുമ്പോഴേക്കും ഇന്ത്യയിലെത്താൻ പരിപാടി ഇട്ടിരിക്കുകയായിരുന്നു. സാലിയെ ഭയം പൊതിഞ്ഞു.
- പിള്ളേരെ തന്നെ ഞാനെങ്ങും വിടുന്നില്ല.
സാലി മനസ്സിലോർത്തു. അല്ലെങ്കിൽ തന്നെ പിള്ളേരെ ഒറ്റയ്ക്ക് സാലി എങ്ങോട്ടു വിടാനാണ്? സാലിയുടെ പിള്ളേരെ ആർക്കാണു വേണ്ടത് ? കുട്ടികളെ വിടാനോ പോയി നിൽക്കാനോ ഒരിടം സാലിക്കുണ്ടോ? ഭിക്ഷക്കാരിയെപ്പോലെ ഭക്ഷണത്തിനു കരഞ്ഞ നാളുകൾ സാലി മറന്നുപോയോ? ഈ ഭയം സാലിക്ക് അനാവശ്യമാണ് - ഭാഗ്യവതിയായ സാലി! കനിഷ്കയുടെ ചിറക് ഊക്കോടെ സാലിയുടെ ഉള്ളിലേക്കു കത്തിക്കരിഞ്ഞു വീണു.
മരിച്ചവർക്കുവേണ്ടി വൈകുന്നേരം പള്ളിയിൽ പ്രാർത്ഥനയുണ്ടായിരുന്നു. ജോയി പള്ളിയിൽ പോയി. അച്ചൻ തയാറാക്കിയ പ്രത്യേക പ്രാർത്ഥനയുടെ ഫോട്ടോകോപ്പികൾ എടുത്തു. പ്രാർത്ഥന കഴിയുമ്പോൾ കാപ്പി വേണം. അയാൾക്ക് പള്ളിക്കുവേണ്ടി കാപ്പിപ്പൊടിയും പഞ്ചസാരയും പാലും വാങ്ങണമായിരുന്നു. കാപ്പിക്കുകടിയായി വടയും കേക്കും കൊണ്ടുവരാമെന്ന് ജോയി പറഞ്ഞു.
പ്രാർത്ഥനയുണ്ടെന്നു പറഞ്ഞ് ജോയിയുടെ ഫോൺ വന്നു കഴിഞ്ഞപ്പോൾ ജിമ്മി ഉഷയോടു പറഞ്ഞു.
- സാലിച്ചേച്ചി വടയും കേക്കുമൊക്കെ ഉണ്ടാക്കുന്നുണ്ട്. ക്യാൻ യൂ ഹെൽപ്പ് ഹേർ?
ഉഷ പൊട്ടിത്തെറിച്ചു :
- അനുശോചനത്തിനും വടയും കാപ്പിയും. നിങ്ങൾക്കു ഭ്രാന്താണ് ! ഈ മനുഷ്യർക്ക് എന്തിന്റെ കേടാ ? തിന്നാൻവേണ്ടിയാണോ മരിച്ചവരെ ഓർക്കാൻവേണ്ടിയാണോ കൂടുന്നത്?
- എല്ലാരും കൂടുമ്പോ കാപ്പിയുടെ കൂടെ എന്തെങ്കിലും ...
ജിമ്മിയുടെ ന്യായീകരണം ഉഷ പുച്ഛത്തോടെ തള്ളിക്കളഞ്ഞു.
- അതെ , വീട്ടീന്നു കാറിൽ കേറി പള്ളിവരെ വന്നു കഴിയുമ്പോഴേക്കും എല്ലാവരും വിശന്നു ക്ഷീണിച്ചുപോയിക്കഴിയും!
നിനക്കു വയ്യെങ്കിൽ അതു പറഞ്ഞാൽ മതി.
ചൂടെണ്ണയിൽ വട മൊരിഞ്ഞു. വടയിൽനിന്നും വിട്ടുപോയ പരിപ്പുകൾ തിളച്ച എണ്ണയിൽ വട്ടം കറങ്ങി. രാത്രിജോലികഴിഞ്ഞു വന്നതു കൊണ്ട് സാലിക്കു പുറംവേദന തോന്നി. എന്നാലും മരിച്ചുപോയവരെ ഓർത്ത് സാലി പ്രാർത്ഥിച്ചു. ഇനി എങ്ങനെ ഒരു പ്ലെയിനിൽ കയറുമെന്ന് അവളുടെ മനസ്സ് പരിഭ്രമപ്പെട്ടുകൊണ്ടിരുന്നു.
ഉഷയും ജിമ്മിയും പ്രാർത്ഥനയ്ക്കു നേരത്തെ എത്തിയിരുന്നു. കറുപ്പും വെളുപ്പും സാരിയും വെളുത്ത ബ്ലൗസ്സും ഇട്ട ഉഷ വേറിട്ടുനിന്നു . സാലി ഉഷയുടെ അടുത്ത സീറ്റിൽ ചെന്നിരുന്നു. കരിഞ്ഞ പരിപ്പിന്റെയും എണ്ണയുടെയും മണം ഉഷ പെട്ടെന്നു തിരിച്ചറിഞ്ഞു
പ്രാർത്ഥന കഴിഞ്ഞ് കാപ്പിയും കടിയും വെടിപറച്ചിലുമായി കൂടിയവരുടെ ഇടയിൽ ഉഷ ഒറ്റപ്പെട്ടു നിൽക്കുന്നത് സാലി കണ്ടു. വെളുത്ത ബ്ലൗസ്സിനടിയിലെ കറുത്ത ബ്രായെ സാലി തുറിച്ചുനോക്കി.
- ഇതെന്നാ ഫാഷനാ !
പുരുഷന്മാർ ഇതിനു മുമ്പുണ്ടായ പല അപകടങ്ങളെപ്പറ്റിയും എന്തുകൊണ്ട് കനിഷ്ക പൊട്ടിത്തെറിച്ചതെന്നും എങ്ങനെ അതു തടയാമായിരുന്നു എന്നും ഉച്ചത്തിൽ ചർച്ചചെയ്തുകൊണ്ടിരുന്നു. അതിനിടയ്ക്ക് തമാശയും പൊട്ടിച്ചിരിയും , പിന്നെ വടയും പഴവും കേക്കും കാപ്പിയും.
                           തുടരും...
പാമ്പും കോണിയും - നിർമ്മല (നോവൽ - 49 )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക