പാമ്പും കോണിയും - നിർമ്മല (നോവൽ -50)

Published on 12 June, 2021
പാമ്പും കോണിയും - നിർമ്മല (നോവൽ -50)
ജീവിതം ഭിത്തികൾക്കകത്തുതന്നെ ആയിരുന്നെന്ന് ഇടയ്ക്ക് അമ്മച്ചിയോർക്കും. പുറത്തു മഞ്ഞും തണുപ്പുമാണ്. ജൂണായാലേ അമ്മച്ചി പുറത്തേയ്ക്കിറങ്ങൂ. അമ്മച്ചി ആരെയും ഒന്നിനെയും കുറ്റപ്പെടുത്താതെയാണു സംസാരിക്കാറ്. അതാണു ശീലം.എന്നിട്ടും അവരുടെ ശരീരം കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു.
തണുപ്പൊന്നു മാറിയിരുന്നെങ്കിൽ...
ഷൂവില്ലാതെ ഒന്നു പുറത്തോട്ടിറങ്ങാൻ പറ്റുമായിരുന്നെങ്കിൽ...
സാലി നട്ട പടവലങ്ങ പറിക്കാൻ പറ്റിയിരുന്നെങ്കിൽ ...
ഒരു കരുപ്പെട്ടിക്കാപ്പി കിട്ടിയിരുന്നെങ്കിൽ ...
ശരിക്കൊന്നു കക്കൂസിൽ പോകാൻ പറ്റിയിരുന്നെങ്കിൽ ...
ഒരു പശുക്കുട്ടി തൊഴുത്തിൽ...
ജോയി കാനഡയ്ക്കു പോകുമ്പോൾ പശുവിനെ വിറ്റുകളഞ്ഞു. അമ്മച്ചിക്കു നോക്കാൻ ബുദ്ധിമുട്ടാണെന്നു പറഞ്ഞ് മകൻ കാനഡയ്ക്കു പോയ വേദനയുടെ ആഴിയിലേക്കു വീണുപോയ നാളുകൾ അവരോർത്തു പശുവൊഴിഞ്ഞ തൊഴുത്ത് ഐശ്വര്യക്കേടാണ്. പശു പോയതോടെ വീട്ടിലെ ഐശ്വര്യം കെട്ടുപോകുമെന്ന് അവർ ഉറച്ചു വിശ്വസിച്ചു.
കാളച്ചന്തയ്ക്ക് പോയിട്ട് മടങ്ങിവരാതിരുന്ന ഭർത്താവിനെ ഓർത്ത് അവർ ഭയപ്പെട്ടു. പാപ്പിച്ചൻ പശുവിനെ വിറ്റ് കറവയുള്ള ഒന്നിനെ വാങ്ങാൻ ചന്തയ്ക്കു പോയതാണ്. കാളച്ചന്തയിൽവെച്ച് ഹൃദയം നിലച്ചുപോയ പാപ്പിച്ചന്റെ പശുവിനെ ആരോ എടുത്തിട്ട് ശവം കൊണ്ടുപോകാനുള്ള പണം കൊടുത്തു. പശുവും കിടാവും പണവും പാപ്പിച്ചനും മടങ്ങിവന്നില്ല. പാലും ഐശ്വര്യവും വീടുവിട്ടു പോയി. അവർക്ക് ആ വീട് ഒഴിഞ്ഞുപോകേണ്ടി വന്നു.
പിന്നെ സാലിയുടെ ശമ്പളം വരാൻ തുടങ്ങിയപ്പോഴാണ് അമ്മച്ചി പശുവിനെ വേണമെന്ന ആഗ്രഹം പറഞ്ഞത്. അമ്മച്ചിയുടെ ആഗ്രഹത്തിന്റെ ആഴം അറിയാവുന്നതുകൊണ്ട് ജോയി സമ്മതിച്ചു. ഓലവെച്ചു കെട്ടിയ തൊഴുത്തിൽ പശു വന്നു. ജോയി പരാതിയില്ലാതെ അതിനെ നോക്കി. ജിമ്മിക്ക് പശുവിലും തൊഴുത്തിലും ഒട്ടുമേ താൽപ്പര്യമില്ലായിരുന്നു. 
കാനഡയിലെ കിടക്കയിൽ ചരിഞ്ഞുകിടന്ന് അമ്മച്ചി പഴയ വീട്ടിലെ കിടപ്പുമുറി ഓർത്തെടുത്തു. അവിടെ കിടന്നു മരിച്ചു പോകുമെന്നു പലപ്പോഴും ഭയപ്പെട്ടിട്ടുണ്ട്. കുട്ടികൾ അനാഥരാകുമല്ലോ എന്നോർത്ത് പിടഞ്ഞ് എണീറ്റിരുന്നു. പിന്നെ എത്രയെല്ലാം വഴികൾ. ജോയി കെട്ടിയ പുതിയ വീട് അമ്മച്ചി ആഗ്രഹിച്ചതിലും വലിയതായിരുന്നു. മക്കൾ പറക്കമുറ്റുന്നതിലേറെയൊന്നും സ്വപ്നം കാണാതെ , സ്വപ്നം കാണാനറിയാതെ കഴിഞ്ഞ കാലം അവർക്കു ചുറ്റും വട്ടമിട്ടു പറന്നു.
അമേരിക്ക പോയിട്ട് റെയിൽവേ സ്‌റ്റേഷനപ്പുറം പോകുമെന്ന് ഓർത്തതല്ല. ഇപ്പോൾ അമേരിക്കയിലെ മൂന്നുനില വീട്ടിൽ കിടക്കയിൽ നല്ല മണമുള്ള പുതപ്പു പുതച്ച്...
അമ്മച്ചി ചുവപ്പും കറുപ്പും കളങ്ങളുള്ള പഴകിയ പുതപ്പിനെ ഓർത്തു. അതിന്റെ പിഞ്ഞിയ ഇഴയിൽ ജിമ്മി കാൽവിരലിട്ടു വലിച്ചപ്പോൾ വലിയൊരു കീറൽ വീണു. ജോയി അവനോട് അതിന് അരിശപ്പെട്ടു. കീറിയതു തയ്ച്ചു ശരിയാക്കി അമ്മച്ചിയാണ് അവരെ സമാധാനിച്ചത്.
കാനഡയിൽ കിടന്നു മരിച്ചാൽ അവിടെ തന്നെയാവും അടക്കുന്നത്. പല്ലായിക്കര പള്ളിയിലാണ് പാപ്പിച്ചൻ.അവിടെ പോകണമെന്ന് അമ്മച്ചിയുടെ ശവത്തിന് വാശിപിടിക്കാൻ പറ്റുമോ !
- പാവം ജോയി മോൻ ! അവന് ഇനീം എന്നെക്കൊണ്ടു കഷ്ടപ്പാടാകുമോ
അമ്മച്ചിയുടെ മനസ്സ് ഇടവിട്ടിടവിട്ട് പല്ലായിക്കര പള്ളിയിലേക്കും പാപ്പിച്ചന്റെ ശവക്കല്ലറയിലേക്കും യാത്രപോയി. കല്ലറ എന്നു പറയാൻ അവിടെ ഒന്നും എടുത്തു നിൽക്കുന്നില്ല. എവിടെയാണെന്ന് അമ്മച്ചിക്കു കൃത്യമായി അറിയാം. ചരിഞ്ഞ ഒരു കുരിശുണ്ടായിരുന്നു. അതിപ്പോൾ പുല്ലുകയറി അറിയാത്ത വിധമായിക്കാണുമെന്ന് അവർ സങ്കടപ്പെട്ടു. ജോയി എന്താണു കല്ലറ കെട്ടിക്കാതിരുന്നത് ? അവൻ അപ്പനെ ഓർക്കാറുണ്ടാവുമോ?
നിരന്നിരിക്കുന്ന സാധനങ്ങളുടെ പേരുകൾ നാവിൽനിന്നൂർന്നു വീഴില്ല. പാത്രം കഴുകുന്ന സോപ്പ് പാമൊലിവ്. കാറു കിടക്കുന്നതിന്റെ പേര് ഗരാജ് . ടാറിട്ട മുൻവശം ഡ്രൈവ് വേ .
- അമ്മച്ചീടെ ഡ്രൈവേ
കുട്ടികൾ ചിരിക്കുന്നത് എന്തിനാണെന്ന് അവർക്കു മനസ്സിലായില്ല.എന്നിട്ടും അവരും ചിരിച്ചു. തുണിയലക്കുന്നതിനെ സോപ്പുപൊടിയെന്നല്ല സാലി വിളിക്കുന്നത്
- ആ ആർക്കറിയാം. എന്റെ തമ്പുരാനേ!
ഊണുമുറി, കിടപ്പുമുറി, ടി.വി. ഇരിക്കുന്ന കുടുംബമുറി എന്നിങ്ങനെയുള്ള ചതുരങ്ങളിൽ മുറിഞ്ഞുവീഴുകയാണ് അമ്മച്ചിയുടെ ദിവസങ്ങൾ ചതുരം ചതുരം ഭിത്തികൾ. ഭിത്തികൾക്കകത്ത് എല്ലാമുണ്ട്. അക്വേറിയത്തിലെ മീനിനെപ്പോലെ ഭിത്തികൾക്കുള്ളിൽ അമ്മച്ചി അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഭിത്തികളിൽ നിന്നും ഭിത്തികളിലേക്കു മുട്ടിത്തിരിഞ്ഞ് അമ്മച്ചിക്കു മുഷിഞ്ഞു.
- ഈ ചതുരത്തിനകത്തു കിടന്ന് വട്ടം കറങ്ങുകയല്ലേ ഞാൻ!
ടി.വി. കാണാനും അമ്മച്ചിക്കു സഹായം വേണം.
- കുഞ്ഞേ ആ ടി.വി. ഒന്നുവെച്ചേ.
റിമോട്ടിലേക്ക് നിസ്സഹായതയോടെ ചൂണ്ടി അമ്മച്ചി പറഞ്ഞു. ശബ്ദത്തിനും ചാനലിനും വേറെവേറെ ബട്ടനുകൾ . അമ്മച്ചിക്ക് ഓർമ്മിക്കാവുന്നതിലും അധികം ബട്ടനുകൾ ക്രമത്തിൽ കുത്തിയാലേ മനസ്സിലാവാത്തതാണെങ്കിലും ചലിക്കുന്ന ചിത്രങ്ങൾ സ്ക്രീനിൽ കാണാൻ പറ്റൂ.
- ഒന്നു വെളിക്കിരിക്കാൻ പറ്റിയെങ്കിൽ ..
അമ്മച്ചി മോഹിച്ചു. അഞ്ചുമണി കഴിഞ്ഞാൽ അമ്മച്ചിക്കുറക്കം വരില്ല. വളരെപ്പഴകിയ ശീലങ്ങളെ കാനഡക്കു മാറ്റാൻ കഴിയുന്നില്ല.എന്നിട്ടും ഉണർന്നാലുടനെ കട്ടൻ കുടിക്കണമെന്ന ശീലം. കട്ടൻ കുടിച്ചു കഴിഞ്ഞ് വെളിക്കിരിക്കണമെന്ന ശീലം അതൊക്കെ സാധിക്കാൻ പറ്റാത്ത ശീലക്കേടുകളായിപ്പോയി. കെറ്റിലിൽ വെള്ളം തിളപ്പിച്ച് പൊടിയിട്ടു കലക്കുന്ന കാപ്പിക്കു വീട്ടിൽ വറുത്തുപൊടിച്ച കാപ്പിക്കുരു കട്ടന്റെ സ്വാദല്ല. പിന്നെ കസേരയിലിരിക്കുന്നതു പോലെയിരുന്നാൽ വയറ്റിൽനിന്നും പോവുകയില്ല. അതൊക്കെ എങ്ങനെയൊക്കെയോ മനസ്സുറപ്പില്ലാതെ സാധിച്ചെടുക്കുന്നു.മുഖം വൃത്തിയായിട്ടൊന്നു കഴുകിയാൽ വെള്ളം സിങ്കിനു പുറത്താവും. കാലൊന്നു ചവുട്ടിത്തേച്ചു കഴുകുന്നത് എങ്ങനെയാണ്.
വയ്യാതായ അമ്മച്ചിയെ കാണാൻ പലരും പള്ളിയിൽനിന്നും വന്നു. അവരൊക്കെ കിടക്കയ്ക്കടുത്തിരുന്നു വേദനയെപ്പറ്റി ചോദിച്ചു. പിന്നെ രാഷ്ട്രീയം, ഗ്യാസ് സ്റ്റേഷന്റെ നടത്തിപ്പ് , വിലക്കയറ്റം, പണ്ടു മീൻ പിടിക്കാൻ പോയ കഥകൾ പലതും പറഞ്ഞു.
- ങ്ങാ ..ഈ ദീനത്തിന്റെ കാര്യംതന്നെ പറഞ്ഞിരിക്കുന്നതിലും ശേലല്യോ ഇതെക്കെ കേട്ടിരിക്കാൻ.
അമ്മച്ചി പാപ്പിച്ചനോട് അടക്കം പറഞ്ഞു. അവർ അങ്ങനെ മിണ്ടിയും പറഞ്ഞു ഇരുന്നിട്ടൊന്നുമില്ല. എപ്പോഴും വേലചെയ്യുന്ന പ്രകൃതമായിരുന്നു പാപ്പിച്ചന്റേത്. എന്തു കൊടുത്താലും കഴിക്കും. നിർബന്ധങ്ങളും വാശിയുമൊന്നും അമ്മച്ചി കണ്ടിട്ടില്ല.
ഇവിടെ എല്ലാരും പ്രായമുള്ളവരെ ബഹുമാനിക്കുന്നുണ്ടെന്ന് അമ്മച്ചിക്കു തോന്നും. പക്ഷേ, സോനച്ചന്റെ അമ്മ വരുമ്പോൾ അമ്മച്ചിയോടു പരാതി പറയും. സോനച്ചനും ഭാര്യയും പുറത്തുപോകുമ്പോൾ അവരെ ഒഴിവാക്കാൻ ശ്രമിക്കുമത്രേ.
- ഓ അവരു പിള്ളേരല്ലേ സാറാമ്മേ , നമ്മളങ്ങു മാറിക്കൊടുക്കണം,
- എനിക്കു പോകാൻ പൂതിയൊണ്ടായിട്ടല്ല. എന്നാലും അമ്മച്ചി വാ എന്ന് രണ്ടാമതൊന്നു പറയത്തില്ല. വരുന്നില്ലെന്നു പറഞ്ഞതു കേൾക്കാൻ കാത്തിരുന്നതുപോലെ വീടേൽപ്പിച്ചിട്ടങ്ങു പൊക്കളയും. പിന്നെ പിള്ളേരു പറഞ്ഞറിയും ഹോട്ടലീപ്പോയെന്നും കഴിച്ചെന്നുമൊക്കെ.
സാലി ഒന്നും പറയാതെ കേട്ടിരുന്നു. പെണ്ണുങ്ങൾ കൂടിയിരിക്കുമ്പോൾ സോനച്ചന്റെ ഭാര്യ പറയുന്ന പരാതികൾ സാലി കേൾക്കാറുണ്ട്.
ഹോട്ടൽഭക്ഷണമൊന്നും തന്നെ സാറാമ്മയ്ക്കു പിടിക്കില്ല. അവർ ഓരോരോ കുറ്റങ്ങൾ പറഞ്ഞുകൊണ്ടിരിക്കും. ഇച്ചരെ  നാരങ്ങായോ മാങ്ങായോ ഒണ്ടോ തൊട്ടുകൂട്ടാനെന്നു ചോദിക്കും. ഇരുപത്തിയഞ്ചു ഡോളറിനെ ഗുണിച്ചു രൂപയാക്കി ആ വെലകൊടുത്ത് ആവോലി മേടിച്ചാൽ എന്തു രുചിയായിരുന്നേനെ എന്നു കുറ്റപ്പെടുത്തും.
ജോയി വൈകിവന്ന് കിടക്കാൻ പോകുന്നതിനു മുമ്പ് അമ്മയുടെ അടുത്തിരുന്നു. അയാൾ പോകാനെഴുന്നേറ്റപ്പോൾ എവിടെ നിന്നെന്നറിയാതെ അമ്മച്ചിയുടെ ഒരു ചോദ്യം പുറത്തേക്കു വന്നു :
- ഇനി എനിക്കു നാട്ടിപ്പോകാനൊന്നും ഒക്കത്തില്ലാരിക്കും അല്യോ മോനേ?
- എഴുന്നേറ്റിരിക്കാൻ വയ്യ , എന്നിട്ടിപ്പം അമ്മയ്ക്കു നാട്ടിപ്പോണോ !
ജോയിക്ക് ആ ലോജിക്ക് തീരെ മനസ്സിലായില്ല. കിടക്കാൻ വരുമ്പോൾ സാലി ശബ്ദമടക്കി പറഞ്ഞു:
- അമ്മച്ചിക്കു നാട്ടിൽ കിടന്നു മരിക്കണമെന്നു കാണും .
- ഓ... അമ്മച്ചിയെ കൊല്ലാൻ റെഡിയായോ ?
ആ ചോദ്യത്തിൽ സാലി എരിഞ്ഞു ചാമ്പലായിപ്പോയി.
- അതല്ല ഞാൻ പറഞ്ഞത് ...
സാലി വിശദീകരിക്കാൻ ശ്രമിച്ചു.
- പിന്നെ എന്തവാ ?
ഉത്തരം കേൾക്കാൻ അയാൾക്കു തീരെ ഇഷ്ടമുണ്ടായിരുന്നില്ല. അടുത്തു കിടക്കുന്ന മനുഷ്യനെ സാലി വെറുത്തു. അതെത്ര വലിയ തെറ്റാണെന്നോർത്ത് അവൾ സ്വയം വെറുത്തു. ജോയിയുടെ കൂർക്കംവലി കേട്ട് കണ്ണീരു തുടച്ചുതുടച്ച് അവൾ കരഞ്ഞു. വെളുക്കുവോളം കരഞ്ഞു. ഇടയ്ക്ക് അവൾ അമ്മയെ വിളിക്കുകയും ചെയ്തു. ഒരിക്കലും വിളികേട്ടിട്ടില്ലാത്ത സാലിയുടെ അമ്മ എന്തു സഹായമാണ് അവൾക്കിപ്പോൾ ചെയ്തുകൊടുക്കേണ്ടത് ?
               തുടരും ...മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക