ഞാൻ കൂട്ടു പ്രതിയാണ് , കണ്മുന്നിൽ നടന്ന ഹിംസയെ ചെറുക്കാൻ കഴിഞ്ഞിട്ടും ഞാൻ മൗനം തീക്ഷിച്ചു . എന്റെ ആത്മാവ് അതിന്റെ സർവ ശക്തിയും പ്രയോഗിച്ചു നോക്കി , ഫലിച്ചില്ല . ഉറയിൽ നിന്നുമടർന്ന നാവിനെ ചുറ്റുമതിൽ കെട്ടി തലച്ചിട്ടു , ചിലക്കാതിരിക്കാൻ .
“പിന്നെ എന്നെ തൊട്ടവനെ ഞാൻ തലോടാണോ, അല്ല പിന്നെ”
ജനക്കൂട്ടത്തിനിടയിൽ ഞാൻ ആ ശബ്ദത്തിന് സാക്ഷിയായി . അവിടെ നടന്നത് തീർത്തും അക്രമമാണെന്ന ബോധ്യമാകാം എന്റെ കാലുകളെ തളച്ചിട്ടു . എഴുനേറ്റ് ഒരടി നീങ്ങാൻ എന്റെ കാലുകൾ കഴിഞ്ഞില്ല , ക്ഷയിച്ചു പോയി . തിരിഞ്ഞും മറിഞ്ഞും നോക്കി , മടുപ്പ് എന്നെ വരിഞ്ഞു മുറുക്കി . നീലകാശത്തിന്റെ ശോഭയിൽ അഭയം തേടാൻ ചെന്നു നോക്കി , അവകാശികൾ എന്നെ കൊത്തിപ്പറിക്കാൻ അടുത്തു , ഞാൻ മെല്ലെ കാല്പനിക ലോകത്തിൽ നിന്ന് പടിയിറങ്ങി .
മഞ്ഞുള്ള രാത്രി , ചീവീടുകളുടെ ചല പിലകൾ എങ്ങു നിന്നെല്ലാമോ വരുന്നു . അമ്മയുടെ മടിയിൽ തല ചായച്ചിരിപ്പായി . തൊട്ടടുത്ത് നിശ്ചലമായിരുന്ന തൊട്ടിൽ ഇളക്കാൻ തുടങ്ങി . കൊച്ചനുജൻ ഹാഷിം ഉണർന്നു കഴിഞ്ഞിരുന്നു . അമ്മ അവനെ മാറോടണച്ച് അമ്മിഞ്ഞ നൽകി . ഹാഷിമിന് എന്റെ താരാട്ട് ഗീതങ്ങൾ ഓർമ കാണുവോ ആവോ , പക്ഷെ എല്ലാ ജുമുഅ നിസ്കാരത്തിന് ശേഷവും ഞാൻ അവന്റെ അരികിൽ ചെല്ലുമായിരുന്നു . തിരിച്ച് മറുപടി പറയും മുന്നേ , ആ ശബ്ദം എന്റെ കർണപുടങ്ങളിൽ അടിക്കുന്നതിന് മുന്നേ അവിടുന്ന് വിടവാങ്ങും .
രണ്ട് വയസ്സ് കാണും ഹാഷിം മരിക്കുമ്പോ . മോനോ എന്നാകും അവന്റെ പേര് എന്ന് ആ പാവം കരുതിയിട്ടുണ്ടാകും , ഹാഷിം എന്ന വിളി വിരളം . ഉച്ച തിരിഞ്ഞ് അച്ഛൻ വീട്ടിലേക്ക് കയറി വന്നു . അപ്പോഴേക്കും അമ്മ തീന്മേഷയെ ഭക്ഷണം കൊണ്ട് അലങ്കരിക്കും .
“മക്കളെ വിളി”
“ഓർക്കുള്ളത് ആയില്ല്യ”
“ ഉം ”
സംസാരം അവിടെ മുറിഞ്ഞു , പിന്നീട് അമ്മയുടെ ദയനീയമായ ഇരുത്തമാണ് . ദിവസത്തിനിടെ ലഭിക്കുന്ന അസുലഭ നിമിഷം . അമ്മയുടെ ജോലി ഭാരം കണ്ട് മനസ്സലിഞ്ഞാകണം ഞാൻ പിന്നീട് അടുക്കള ജോലിയിൽ അമ്മയെ സഹായിക്കാൻ തുടങ്ങി . അടുത്ത വീട്ടുകാരും കുടുംബക്കരുമെല്ലാം ‘അയ്യേ പെണ്ണ്’ എന്ന് വിളിച്ച് കളിയാക്കുമായിരുന്നു . ഇന്നും ഓർക്കുമ്പോൾ മനസ്സിലാകാത്ത സിദ്ധാന്തമായി അതവശേഷിച്ചു , മാത്‌സ് ടീച്ചർ പഠിപ്പിച്ച പൈതഗോറസ് പോലെ . അങ്ങനെ ഉള്ളവരാണോ പിന്നീട് ഹിജഡകൾ ആയി മാറുന്നത് എന്ന് പോലും ഞാൻ ഓർത്തു പോയി .
ചോരയിൽ കുതിർന്ന ആ കുഞ്ഞ് എന്റെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ ഞാൻ ഭയന്ന് വിറച്ചു .
“ചേട്ടാ ചേട്ടനുള്ളത് ദൈവം തരും” , എന്ന് അവന്റെ നാവ് മന്ത്രിക്കുന്നത് പോലെ എനിക്ക് തോന്നി . ഓരോ വാക്കുകൾ ദൈവീകമാണ് , ദൈവത്തിന്റെ നിശ്ചയ പ്രകാരമാണല്ലോ ഞാൻ ഇത് കേൾക്കാൻ ഇടയായത് എന്ന ചിന്ത എന്നെ വീണ്ടും തളർത്തി .
“വെള്ള് … ഇച്രി .. വെള്ളം” , എന്റെ കണ്ഡം ഇടരുന്നത് ഞാൻ ആദ്യമായി അനുഭവിച്ചു . അടുത്ത് കണ്ട കോപ്പയിൽ തുളുമ്പി നിൽക്കുന്ന വെള്ളം കണ്ട് ഞാൻ ഉത്സാഹിച്ചു . വേച്ചു വേച്ചു നീങ്ങുമ്പോലെ നടന്ന് ഞാൻ ആ അമൃത് കുടിച്ചിറക്കി . ‘ഗ്ള്പ്, ഗ്ള്പ്, ഗ്ള്പ്’ എന്ന ശബ്ദത്തോടെ അത് ഉള്ളിലേക്കിറങ്ങി , തീവണ്ടി ‘ചുക് ചുക്’ എന്ന ശബ്ദത്തോടെ കൽക്കരി വിഴുങ്ങുന്ന പോലെ . തിരികെ ലഭിച്ച കാഴ്ചയുമായി ഞാൻ ആ കുഞ്ഞിനെ അരികിലേക്ക് വിളിക്കാൻ ശ്രമിച്ചു . ’എന്ത് വിളിക്കും ? എന്തിന് വിളിക്കും’ , എന്ന ചോദ്യം എന്നെ തളർത്തിക്കളഞ്ഞു . ഇതു പോലെ ഞാൻ മുൻപ് തളർന്നതായ് ഓർക്കുന്നില്ല . അല്ല , എനിക്ക് പിഴച്ചു , ഞാൻ തളർന്നിരുന്നു ചിലപ്പോ ഇതിലേറെ , ഞാൻ .
“ഏയ് , കുഞ്ഞിനെ കാണിക്കാമ്പോണ്ടേ”
“എന്നാ”
“രാവില മുതലേ ഒരേ ഛർദി , ഒന്നും കുട്ച്ചിറ്റും തിന്ന് റ്റോന്നില്ല”
“ ഉം , ഹരിന്റെ ഓട്ടോല് പോട്”
“ ഓ ശെരി”
അമ്മ അച്ഛനെ ഏയ് , കൂയ് എന്നല്ലാതെ വിളിക്കാറില്ലയിരുന്നു , അതെന്താണെന്ന് ഒരിക്കെ ചോദിച്ചതുമാണ് , എന്നെയും കൂടെ ചിരിപ്പിച്ച ഒരു ചിരി മാത്രമായിരുന്നു മറുതലക്കൽ നിന്നുണ്ടായത് .
“ എന്നാമ്മാ, ആര്ക്കാ സൂക്കട് “
“മ്മളെ മോനൂന്”
“എന്നാ പറ്റ്യേ”
“അമ്മോപ്പ , കാൺചോക്ക”
“ഞാനും ബെര , കൂട്ടിന്”
“ആ ,ഉപ്പ ചോറ് ബേചിറ്റ് പോആ”
ഹരിയേട്ടൻ ഓട്ടോയുമായി വന്നു . ‘ർർർർർർർ’എന്ന ശബ്ദത്തിൽ ഓട്ടോ മുന്നിൽ വന്ന് നിർത്തി .
വീണ്ടും ആ കുഞ്ഞിന്റെ ചിരി എന്നെ അലട്ടി . ചന്ദ്രാ നീ എന്തിനിങ്ങനെ ശോഭിക്കുന്നു , എന്നോട് നീ കലി പൂണ്ട് തുറിച്ചു നോക്കുകയാണോ ? എനിക്ക് നോവുന്നു , എന്നെ വെറുതെ വിട്ടോടെ നിനക്ക് ഞാൻ ആറ്റിൽ വീണ നിന്റെ കൂട്ടുകാരനെ പിടിച്ചു തരാം , എന്നെ ഇങ്ങനെ നോക്കി കൊല്ലല്ലേ .
ഞാനും അമ്മയും ഓട്ടോയിൽ കയറി . ഹരിയേട്ടൻ
“എടത്തേക്ക” എന്ന് ആംഗ്യം കാണിച്ചു . ഹരിയേട്ടൻ ചെറുപ്പത്തിൽ ഒന്നും കേട്ട് കാണില്ലേ ? പിന്നെന്താ അതൊക്കെ പറഞ്ഞു നോക്കിയാൽ , എന്നൊക്കെ ഞാൻ പല കുറി ചിന്തിച്ചതാണ് . ഡോക്ടർ മോനൂനെ കണ്ട ഉടനെ അസ്വസ്ഥനാകുന്നത് ഞാൻ ശ്രദ്ധിച്ചു . ആ പ്രായത്തിൽ മനസ്സിലാക്കാവുന്നതിലും അധികം ഞാൻ ഊഹിച്ചെടുത്തു , അവൻ ഇനി ഓർമ ആയേക്കും . അമ്മ അത് ആദ്യമേ അറിഞ്ഞു കാണും ‘പങ്കജ്’ എന്നോ മറ്റോ ആണ് രോഗത്തിന്റെ പേര് , അതേ കുറിച്ചൊന്നും ഞാൻ തിരിച്ചുള്ള വഴിയിൽ മിണ്ടിയില്ല . ഞാൻ മോനൂനെ അമ്മയിൽ നിന്നും വാങ്ങി മടിയിലിരുത്തി , പുറത്തെ കാഴ്ചകൾ കാട്ടി കൊടുത്തു . അവസാനമായി അവനെ തലോടുന്ന പോലെ അമ്മ അവനെ മാറോടണച്ചു , അമ്മിഞ്ഞ നുകർന്ന് അവനങ്ങനെ ഉറങ്ങി . ഇനി ഉണരാത്ത ഉറക്കമാണ് അത് എന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ അവനെ ഉറക്കിലായിരുന്നു . അമ്മ പാടത്ത് ജോലിക്ക് പോവുമ്പോൾ തിരികെ വരുന്ന വരെ അവനെ ഉറങ്ങാൻ വിടാത്ത പോലെ അവനെ എന്റെ കൂടെ കളിപ്പിക്കുമായിരുന്നു . പക്ഷെ അവൻ ചിരിക്കുന്നുണ്ടായിരുന്നു , അവൻ നുകർന്ന അമ്മിഞ്ഞ മുഴുവനായും അവൻ ഇറക്കിയില്ലായിരുന്നു ഈ ലോകത്ത് അവൻ ബാക്കിയാക്കിയ സ്വത്ത് അതാകും . അവൻ നോക്കുകയാകും ആരൊക്കെ അവന്റെ അനന്തരത്തിന് വേണ്ടി അടിപിടി കൂടുന്നുവെന്ന് . മോനൂ നീ പേടിക്കണ്ട ആർക്കും അത് വേണ്ട , നിന്റെ വായിൽ നിന്നും അവർ അതിനെ പുറത്തേക്ക് കളഞ്ഞു . അമ്മ കഷ്ടപ്പെട് ഉണ്ടാക്കിയ ആ തുള്ളികൾ മണ്ണിൽ അലിഞ്ഞു ചേർന്നു , എത്ര പെട്ടന്ന് .
പെട്ടന്ന് ഈ കുഞ്ഞിന്റെ ചിരി മോനൂന്റെ ചിരി ആണോ എന്ന് ഞാൻ ഭയന്നു . ഭക്ഷണം കഴിച്ച് കഴിഞ്ഞിരുന്നു . അമ്മയുടെ കുടുംബ വീട്ടിൽ വിരുന്നിന് വന്നതാണ് , അമ്മയില്ലാതെ . അവിടെ എന്റെ മുന്നിലേക്ക് വന്ന അവരുടെ കുട്ടിയെ അവന്റെ ജേഷ്ഠൻ മർദിക്കുകയാണ് , പ്രകോപനം ഇല്ല എന്ന് പറയാം . ആ കുഞ്ഞ് വാശി പിടിച്ച് കിടക്കുകയാണ് , ജേഷ്ഠൻ അവനെ പ്രകോപിപ്പിക്കുന്നു . കുഞ്ഞ് എഴുനേറ്റ് ജേഷ്ഠൻ അടിക്കുന്നു . അവന്റെ ഇളം കരങ്ങൾക്ക് വരുത്താവുന്നതിന്റെ അങ്ങേയറ്റം ഉണ്ടെന്ന് വെച്ചാൽ തന്നെ അത് എത്ര മാർദവമാകും . അവനെ തല പിടിച് തിരിച്ചിട്ടു . ആ കുഞ്ഞ് വേദനിച്ചു നിലവിളിച്ചു , എന്നിലേക്ക് കൈ നീട്ടിയിട്ടുണ്ടാകാം , ഞാൻ ഗൗനിച്ചില്ല . ഞാൻ നടന്നു നീങ്ങുമ്പോൾ എന്റെ മോനു പറയുന്ന പോലെ എനിക്ക് തോന്നി , “ഇക്കാ ഇക്കാക്ക് മാപ്പില്ല”
ശുഭം