MediaAppUSA

ദൈവത്തിനോട് വാശി പിടിച്ചു നേടുന്നത്.... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി-13)

Published on 18 June, 2021
ദൈവത്തിനോട് വാശി പിടിച്ചു നേടുന്നത്.... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി-13)

ചെറിയ കുട്ടി ആയിരുന്നപ്പോൾ നടന്ന  ഏതോ ഒരു കുടുംബ കൂട്ടായ്‌മയുടെ ഓർമയാണ്...കുറെ ബന്ധുക്കൾ ഉണ്ട്.വർത്തമാനം പറയുന്ന അമ്മമാരെ കുട്ടികൾ ശല്യപ്പെടുത്താതിരിക്കാൻ ആർക്കോ തോന്നിയ ആശയമാണ്. കുട്ടികൾക്ക് ഒക്കെ ഓരോ കഷണം കടലാസും, ഒരു തുണ്ട് പെൻസിലും കൊടുത്തിട്ട് ഇംഗ്ലീഷ് അക്ഷരമാല, എ, ബി, സി, ഡി എഴുതാൻ പറഞ്ഞു.കൂടെ ഉള്ളവർ അധികവും ഇംഗ്ലീഷ് മീഡിയം പഠിക്കുന്നവർ, അല്ലെങ്കിൽ ഇംഗ്ലീഷ് പഠിച്ചു തുടങ്ങിയ മുതിർന്നവർ....അത് കൊണ്ട് എല്ലാവരും ആവേശത്തോടെ എഴുതാൻ തുടങ്ങി.പക്ഷെ മലയാളം മാത്രം അറിയുന്ന ,ഇംഗ്ലീഷിനെ പറ്റി കേട്ടിട്ട് കൂടിയില്ലാത്ത മൂന്നാം ക്ലാസുകാരിയുടെ കടലാസിൽ തെങ്ങും, താമരയും, സൂര്യനും, മലയും മാത്രം ഉടൽ പൂണ്ടത് എല്ലാവരേയും ചിരിപ്പിച്ചിട്ടുണ്ടാകണം.

ആ ചിരി കൊണ്ടുരഞ്ഞ ഹൃദയത്തിന്റെ  കടലാസിൽ ആണ് ആദ്യം ഇംഗ്ലീഷ് അക്ഷരങ്ങൾ ഉയിർത്തത്...ഇംഗ്ലീഷ് എന്ന രാജ്യത്തേക്ക് കടത്തി വിടില്ല എന്ന ഔധത്ഥ്യത്തോടെ എഴുന്നു നിന്ന കോട്ടയായിരുന്നു എനിയ്ക്ക് ക്യാപ്പിറ്റൽ ലെറ്റർ  'എ' A. ഊരാകുടുക്കു പോലെ പുളയുന്ന 'ബി' യും, പുഴു പോലെ ചുരുളുന്ന 'സി' യും ഒക്കെ ചേർന്ന് വല്ലാതെ പേടിപ്പിച്ചു എങ്കിലും, വീട് പോലെ തോന്നിച്ച ഒരു 'എച്ചും' , കുടയായി നീർത്താൻ പറ്റുന്ന ഒരു 'ജെ' യും, നല്ല പരിചയമുള്ള 'ഒ' യും, പേടിക്കണ്ട എന്ന് പറഞ്ഞ 'വി' യും, ആകാശത്തേക്ക് നോക്കി നിൽക്കുന്ന 'യൂ' വും ഒക്കെ എന്നെ ആ രാജ്യത്തിലേക്ക് ആനയിച്ചു.

അഞ്ചാം ക്ളാസ്സിൽ ആദ്യം പഠിച്ച ഇംഗ്ലീഷ് പാഠം ടാഗോറിന്റെ "കാബൂളിവാല" യുടെ ചുരുക്കരൂപം. അതിൽ 'ബാംഗിൾ' എന്ന വാക്ക് ഇപ്പോഴും ഉള്ളിൽ കുപ്പിവള പോലെ കിലുങ്ങുന്നു.കയ്യക്ഷരം  കൊള്ളില്ല എന്ന് പറഞ്ഞു, ആദ്യ ഇംഗ്ലീഷ് നോട്ടിന്റെ ആദ്യ പേജ് , അതിൽ ആദ്യം എഴുതിയ വാക്ക് അടക്കം ചുരുട്ടി സോജ ടീച്ചർ ചവറ്റുകുട്ടയിലേക്ക് എറിഞ്ഞു.കൊത്തി വയ്ക്കുന്ന പോലെ പേജിൽ അക്ഷരം നിരത്തുന്ന ജാസ്മിന്റെ പോലെ എഴുതാൻ എനിക്കും കഴിയണേ  എന്നൊരു പ്രാർത്ഥന അന്ന് ഉച്ചക്ക്, പാതി ഉരുകിയ മെഴുകുതിരി ഗന്ധത്തിന് ഒപ്പം സ്‌കൂളിന്റെ അടുത്തുള്ള പള്ളിയിൽ, കുരിശിൽ നൊന്ത് നോവുന്ന കർത്താവിന്റെ അടുത്തെത്തി.അപാരമായ കനിവോടെ അദ്ദേഹം ആ പ്രാർത്ഥനയെ കൺ പാർത്തിരിക്കണം.

വിമല കോളേജിന്റെ നീണ്ട വരാന്തയിൽ ഇംഗ്ലീഷ് സാഹിത്യത്തിന് പ്രവേശനം കിട്ടാൻ പ്രാർത്ഥിച്ചു നിൽക്കുമ്പോൾ , അവിടെ  മലമുകളിൽ ഏകനായി നിൽക്കുന്ന ക്രിസ്തു ചിത്രത്തിൽ നിന്ന് സ്നേഹം ഒഴുകി വന്നു.

കേട്ടാൽ മനസിലാകും, വായിച്ചാലും കിട്ടും, എഴുതാനും പറ്റും, പക്ഷെ പറയാൻ കിട്ടില്ല എന്ന കടംകഥയായി പിന്നെ കുറച്ചു കാലം ഇംഗ്ലീഷ്. വായ തുറന്നാൽ മണി മണി പോലെ ഇംഗ്ലീഷ് പറയുന്ന കുട്ടികളെ പോലെ എനിക്കും ഇംഗ്ലീഷ് പറയണം എന്ന കൗമാര വാശി കലർന്ന പ്രാർത്ഥന വിമലയുടെ ഗ്രോട്ടോ മാതാവ് അന്ന് കേട്ടിട്ടുണ്ടാകണം.അമ്മയും, മകനും തമ്മിൽ തമ്മിൽ നോക്കി ചിരി തൂകിയിട്ടുണ്ടാകണം.

ആദ്യം നോവിച്ച ഒന്നിനെ ഇഷ്ടത്തോടെ, വാശിയോടെ വിടാതെ പിന്തുടർന്ന് എത്തി പിടിച്ച സ്വപ്നം ആണ് എനിക്ക് എന്റെ ഇംഗ്ലീഷ് അധ്യാപിക എന്ന ജോലി...

ഒരു വൃത്തിയില്ലാത്ത താറാക്കുഞ്ഞു കരഞ്ഞു ചുവന്ന്, ചിറകുകൾ കുടഞ്ഞു അരയന്നം ആയത് പോലെ....

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക