Image

ലീച്ചിപ്പഴങ്ങളുടെ നാട്ടിൽ (ഫ്ലോറിഡാക്കുറിപ്പുകൾ - 3: സരോജ വർഗ്ഗീസ്, ഫ്ലോറിഡ)

Published on 22 June, 2021
ലീച്ചിപ്പഴങ്ങളുടെ നാട്ടിൽ (ഫ്ലോറിഡാക്കുറിപ്പുകൾ - 3: സരോജ വർഗ്ഗീസ്, ഫ്ലോറിഡ)
പൊൻവെയിൽ പരന്നൊഴുകുന്ന ശനിയാഴ്ച്ച പ്രഭാതം. ഭക്ഷണമേശയിൽ വച്ച് ആ സുന്ദരദിവസത്തെ പരിപാടികൾ ആസൂത്രണം ചെയ്തു,. ലീച്ചിപ്പഴങ്ങളുടെ നാട്ടിലേക്ക് ഒരു യാത്ര. ഉച്ചഭക്ഷത്തിനുശേഷമാണ് യാത്ര ആരംഭിച്ചത്. വീതികൂടിയ നിരപ്പായ റോഡിൽ വാഹനഗതാഗതം താരതമ്യേന കുറവായിരുന്നു. റോഡിന്റെ ഇരുപാർശ്വങ്ങളിലുമായി ഹരിതാഭനിറഞ്ഞ വിസ്തൃതമായ ഭൂപ്രദേശം. തിങ്ങിനിറഞ്ഞുനിൽക്കുന്ന വൃക്ഷങ്ങളുടെ ഇടയിൽ ചില വൃക്ഷരാക്ഷസന്മാരും തലയുയർത്തി നിൽക്കുന്നു. ആ കാനനഭംഗി ആസ്വദിച്ച് മുന്നോട്ടു നീങ്ങുമ്പോൾ നീണ്ടു പരന്നു കിടക്കുന്ന സമനിരപ്പായ മൈതാനികൾ. അവയിൽ ചിലതു വിളവിറക്കാൻ പാകപ്പെടുത്തിയിരിക്കുന്നതു പോലെ.
 
ചില ഭാഗങ്ങൾ വേലികൾകെട്ടി സുരക്ഷിതമാക്കിയിരിക്കുന്നു. അവയിൽ കന്നുകാലികൾ കൂട്ടംകൂട്ടമായും ചുരുക്കം ചിലതു ഒറ്റതിരിഞ്ഞും മേഞ്ഞുനടക്കുന്നു. അവിടവിടെയായി ചില കൊച്ചുകെട്ടിടങ്ങളും ചുരുക്കം ഓലമേഞ്ഞ ഷെഡ്ഡുകളും കാണാം. വിവിധതരം പൂക്കളും ചെടികളും വൃക്ഷതൈകളും  വിൽക്കുന്ന നേഴ്‌സറികളും പ്രവർത്തനനിരതമായിരുന്നു. നാടിനു കൂടുതൽ സൗന്ദര്യം പ്രദാനം ചെയ്തുകൊണ്ട് റോഡരികിലും  ഉൾപ്രദേശങ്ങളിലും വളർന്നുയർന്നു നിൽക്കുന്ന വാകമരങ്ങൾ ഭൂമിദേവിക്ക് പൂപ്പന്തൽ ഒരുക്കിയിരിക്കുന്നതുപോലെ കാണപ്പെട്ടു.
 
ഞങ്ങളുടെ യാത്ര തുടരുകയാണ്. കണ്ണെത്താത്ത ദൂരത്തിൽ പരന്നുകിടക്കുന്ന ചോളവയലുകൾ, ഫലങ്ങൾ പുറപ്പെടുവിച്ചു തുടങ്ങിയിട്ടില്ല. ഫ്ലോറിഡയിൽ സുലഭമായിക്കാണുന്ന ഒന്നാണ് വിവിധതരത്തിലുള്ള പനകൾ. പനയുടെ വിവിധ ഇനങ്ങളിലും  വലുപ്പത്തിലുമുള്ള തൈകൾ ചട്ടികളിലാക്കി വളർത്തി വിൽപ്പനയ്ക്കായി വച്ചിരിക്കുന്നു. "എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം" പനകൾ കാണുന്ന ഈ നാട്ടിൽ ഈ തൈകളുടെ വില്പന ആവശ്യമുണ്ടോ എന്നു ഞാൻ മനസ്സിലോർത്തു. പക്ഷെ ബാലിശമായ അത്തരം ചോദ്യങ്ങളൊന്നും ഞാൻ ഉന്നയിച്ചില്ല. പിന്നീടുള്ള യാത്രയിൽ അവിടവിടെയായി  പുതുതായി പണിചെയ്യപ്പെട്ടവ   എന്നു  തോന്നിക്കുന്ന കൊച്ചുകൊച്ചു കെട്ടിടങ്ങളും വ്യാപാരശാലകളും     കാണാം.
 

ഞങ്ങളുടെ ലക്ഷ്യം  ലീച്ചിപ്പഴങ്ങളുടെ നാടാണ്. വീണ്ടും ധാരാളം കൃഷി വയലുകൾ. അവയിൽ ഏറ്റവും മനോഹരമായി അനുഭവപ്പെട്ടത് നോക്കെത്താത്ത ദൂരത്തിൽ പരന്നുകിടക്കുന്ന സൂര്യകാന്തിപ്പൂക്കളുടെ വയലുകളാണ്. വളർന്നുയർന്നു തുടുത്ത മഞ്ഞനിറത്തിൽ പുഞ്ചിരിച്ചുനിൽക്കുന്ന സൂര്യകാന്തിപൂക്കൾ.

സൂര്യതാപം ഇനിയും കുറഞ്ഞിട്ടില്ലാത്തതിനാൽ ആഗ്രഹം തോന്നിയെങ്കിലും അവിടെ ഇറങ്ങാൻ സാധിച്ചില്ല. ഉച്ചഭക്ഷണത്തിൻറെ  വീര്യം ഏതാണ്ട് കുറഞ്ഞുതുടങ്ങിയതുപോലെ. അല്പം കൂടി മുന്നോട്ടു നീങ്ങിയപ്പോൾ ഒരു വലിയ ഓലക്കെട്ടിടം, അതിനോട് ചേർന്ന് ധാരാളം കാറുകൾ പാർക്ക്‌ചെയ്തിരുന്നു. ഞങ്ങളും അവിടേക്ക് പ്രവേശിച്ചു, കാർ പാർക്ക്ചെയ്തു. കാറിൽ നിന്നും ഇറങ്ങിയപ്പോൾ ആദ്യം കണ്ണിൽപ്പെട്ടത് കുലകുലയായി നീർക്കുടങ്ങൾ  പേറിനിൽക്കുന്ന കേരവൃക്ഷങ്ങളാണ്. അതും കൈ എത്തി പറിച്ചെടുക്കാവുന്നത്ര മാത്രം ഉയരത്തിൽ. നിരപ്പായ ആ ഭൂപ്രദേശം വിവിധ ഫലവൃക്ഷങ്ങളുമായി ഉള്ളിലേക്ക് വ്യാപിച്ചുകിടക്കുന്നു. അവിടെ ഞാൻ ആദ്യമായി ലീച്ചിപ്പഴങ്ങളുമായി തഴച്ചുവളർന്നു നിരനിരയായി നിൽക്കുന്ന വൃക്ഷങ്ങൾ കണ്ടു. ഞങ്ങളെപ്പോലെ കാണികളായി വന്നിട്ടുള്ള പലരും ഈ തെങ്ങിൻകൂട്ടങ്ങളും ലീച്ചിവൃക്ഷങ്ങളും ക്യാമറയിൽ പകർത്തുന്നു.
 

വിവിധ നാട്ടുകാരായ വിനോദസഞ്ചാരികളെ അവിടെ കാണാൻ കഴിഞ്ഞു. എല്ലാവരും തന്നെ കോവിഡ് നിയന്ത്രണനിയമങ്ങൾ പാലിക്കുന്നുണ്ട്, കൊച്ചുകുട്ടികൾപോലും. അവിടെക്കാണുന്ന ആ ഓലക്കെട്ടിടം കേരളത്തിലെ പഴയ ഗ്രാമങ്ങളിൽ പതിവിലിരുന്ന,  ഓലകൾകൊണ്ട് താൽക്കാലികമായുണ്ടാക്കുന്ന കല്യാണമണ്ഡപങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു. ഞങ്ങളും ആ ഷെഡിനുള്ളിലേക്ക്  കയറി. വിൽപ്പനക്കായി ക്രമീകരിച്ചിരിക്കുന്ന പച്ചക്കറിസാധനങ്ങളും പഴവർഗ്ഗങ്ങളും ആളുകൾ വാങ്ങുന്നു. ഒരു ഭാഗത്തായി നടത്തുന്ന വില്പനശാലയിൽ നിന്നും ലഘുഭക്ഷണവും പാനീയങ്ങളുമായി ഞങ്ങളും അതിനുള്ളിൽ ക്രമീകരിച്ചിരിക്കുന്ന ബഞ്ചുകളിൽ സ്ഥാനം പിടിച്ചു. കേരളത്തിൽ നമ്മുടെ വീടുകളുടെ മുറ്റത്ത് കോഴികൾ തീറ്റ കൊത്തിപ്പെറുക്കി നടക്കുന്നതുപോലെ, ഇവിടെയും  പരിസരങ്ങളിൽ  വിവിധതരങ്ങളിലുള്ള കോഴികൾ അലഞ്ഞുനടക്കുന്നു. ഷെഡിനോട് ചേർന്നുള്ള കുളത്തിൽ  ചുവപ്പും മഞ്ഞയും വെള്ളയും നിറങ്ങളാർന്ന മത്സ്യങ്ങളെ വളർത്തുന്ന ഒരു ചെറിയ കുളവും കാണികളെ,  പ്രത്യേകിച്ച് കുട്ടികളെ ആകർഷിക്കുന്നു.  കുളം എന്ന് പറയുമ്പോൾ ഇന്നത്തെ പരിഷ്കൃതരീതികളിൽ ഒന്നും അല്ല, വെറുമൊരു നീർത്തോട്. ആകെക്കൂടി ഒരു ഗ്രാമീണസൗന്ദര്യം അവിടെ അനുഭവപ്പെടുന്നു.

ലഘുഭക്ഷണത്തിനുശേഷം ഞങ്ങൾ യാത്ര തുടർന്നു. ക്രമേണ വിവിധതരം ഫലവൃക്ഷങ്ങൾ തിങ്ങിവളർന്നു നിൽക്കുന്ന ഭൂവിഭാഗം കണ്ടുതുടങ്ങി. റോഡിന്റെ ഇരുവശങ്ങളിലും കാണുന്ന തെങ്ങുകളിൽ ഉണങ്ങിയതും പച്ചയുമായ ഫലങ്ങൾ കുലകുലയായികാണാം. കേരവൃക്ഷങ്ങളുടെ നാട്ടിൽ നിന്നും വന്ന എനിക്ക്, കേരളത്തിൽ ഇടക്കിടെ വില കുതിച്ചുകയറുന്ന നാളികേരവ്യവസായം ഓർമ്മ വന്നു.
 
ഉയർന്നമതിലുകളോ,വേലികളോ കൊണ്ട് സുരക്ഷിതമാക്കി  ഗെയ്റ്റ്പൂട്ടി ഇട്ടിരിക്കുന്ന വിസ്തൃതമായ മാന്തോപ്പുകൾ, ചുവന്ന ലീച്ചിപഴങ്ങൾ നിറഞ്ഞുനിൽക്കുന്ന ലിച്ചിവൃക്ഷങ്ങൾ എന്നിവകൊണ്ട് സമൃദ്ധമായ പ്രദേശത്തുകൂടിയാണ് ഞങ്ങൾ ഇപ്പോൾ യാത്രചെയ്യുന്നത്. റോഡിന്റെ  അരികുചേർന്നു ലീച്ചിപ്പഴങ്ങൾ വിൽപ്പന നടത്തുന്ന ചെറിയചെറിയ കടകൾ അവിടവിടെയായി കണ്ടു. ഞങ്ങളും കുറെ ലീച്ചിപ്പഴങ്ങൾ വാങ്ങിയാണ് ആ പ്രദേശത്തോട് വിട പറഞ്ഞത്.
 

മടക്കയാത്രയിൽ സൂര്യകാന്തിപ്പൂക്കളുടെ  ആകർഷണത്തിൽനിന്നും മുമ്പോട്ട് പോകാനാകാതെ അവിടെ ഇറങ്ങി. കണ്ണെത്താത്ത ദൂരത്തിൽ പരന്നു കിടക്കുന്ന   ആ വയലിൽ സൂര്യകാന്തിപ്പൂക്കൾ സൂര്യനെ മാത്രമല്ല, വിനോദസഞ്ചാരികളെയും നോക്കി പുഞ്ചിരിക്കുന്നു. “സൂര്യകാന്തി, സൂര്യകാന്തി സ്വപ്നം കാണുവതാരെ നീ” എന്ന് ഉള്ളുകൊണ്ട് ഞാനവയോട് ചോദിച്ചു.മുകളിൽ മന്ദം മന്ദം നീങ്ങുന്ന വെള്ളിമേഘങ്ങൾ,  താഴെ ആരെയും മോഹിപ്പിക്കുന്ന സൂര്യകാന്തികളുടെ മഞ്ഞവയൽ. അവർണ്ണനീയമായ ആ മനോഹാരിത കുറച്ചൊക്കെ മറ്റു വിനോദയാത്രക്കാരോടൊപ്പം ഞങ്ങളും ക്യാമറയിൽ  പകർത്തി. മനസ്സില്ലാമനസ്സോടെ എങ്കിലും,  ഞങ്ങൾ ആ സുന്ദരഭൂമിയോട് വിടപറഞ്ഞു, മടക്കയാത്ര തുടർന്നു. സൂര്യൻ പടിഞ്ഞാറേ ചക്രവാളത്തിൽ സിന്ദൂരം വിതറിത്തുടങ്ങിയിരുന്നു.

ലീച്ചിപ്പഴങ്ങളുടെ നാട്ടിൽ (ഫ്ലോറിഡാക്കുറിപ്പുകൾ - 3: സരോജ വർഗ്ഗീസ്, ഫ്ലോറിഡ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക