Image

ഒരു നുറുങ്ങു വെട്ടം (അംബിക മേനോൻ, മിന്നാമിന്നികൾ- 6)

Published on 27 June, 2021
 ഒരു നുറുങ്ങു വെട്ടം (അംബിക മേനോൻ, മിന്നാമിന്നികൾ- 6)

"അമ്മൂമ്മേ..., ഇന്ന് ഞങ്ങളെ കടേല് കൊണ്ടുപോകണം. എനിക്ക് പുതിയ ചെരുപ്പ് വാങ്ങണം,  ഒരു വെള്ള ഉടുപ്പും പിന്നെ രണ്ടു കയ്യിലും നിറയെ വെള്ള വളകളും."

"എനിക്കൊരു ബ്ലൂ ജീൻസ് വേണം.., പിന്നെ ഒരു കളിത്തോക്കും."

അപ്പൂസിന്റെയും അമ്മൂസിന്റെയും ആവശ്യങ്ങൾ അവർ നിരത്തി.

അവധിക്കാലമല്ലേ..., കുട്ടികളേയും കൊണ്ട് പുറത്തിറങ്ങി, പരിചയമുള്ള ഒരു ഓട്ടോ കിട്ടി. പോസ്റ്റ് ഓഫീസ് റോഡിലുള്ള A to Z എന്ന കടയുടെ മുന്നിൽ ഓട്ടോ നിറുത്തി. കുട്ടികൾക്ക് എന്തെന്നില്ലാത്ത സന്തോഷം. സ്ഥിരം വരുന്ന കടയായതുകൊണ്ട് അവിടെ എല്ലാവരും പരിചയക്കാർ.കുട്ടികൾ അവർക്കിഷ്ടമുള്ള ഡ്രസ്സുകൾ തിരഞ്ഞെടുക്കാൻ തുടങ്ങി.

പെട്ടെന്ന് പിന്നിൽനിന്നുമൊരു വിളി, "ഹലോ..., ഇതാരാദ്...!
എത്ര വർഷങ്ങളായി തമ്മിൽ കണ്ടിട്ട്!

ഇയാൾ ഇപ്പോൾ നാട്ടിൽ സ്ഥിരമായോ..?"

ഞാൻ സ്തംഭിച്ചു നിന്നുപോയി.

"ഇയാൾക്ക് എന്നെ ഓർമ്മയുണ്ടോ...? ഞാനാ പഴയ ഔസേപ്പ്.., തോപ്പിൽ നനയ്ക്കാൻ വേണ്ടി കാളകളേയും കൊണ്ട് പോകാറുള്ളത് ഓർമ്മയുണ്ടോ?"

"പിന്നെ...! അതൊക്കെ എങ്ങനാ മറക്കാ ഔസേപ്പേ..?"

ഞങ്ങൾ രണ്ടുപേരും പൊട്ടിച്ചിരിച്ചു.

"ഇതാരാ അമ്മൂമ്മേ...?", അപ്പൂസ്

" അതമ്മൂമ്മയുടെ നാട്ടിലുള്ള ഒരു പഴയ സുഹൃത്താണ്."

"ഔസേപ്പ് എന്തു ചെയ്യുന്നു?"

"ഞാൻ ആർമിയിലായിരുന്നു, പെൻഷനായി. ഇപ്പോൾ നാട്ടിൽ സ്വസ്തഠ. കുടുംബമൊക്കെ ആയി കഴിയുന്നു."

" ഔസേപ്പിന് ആ പഴയ ദേവൂട്ടിയെ ഓർമ്മയുണ്ടോ..., എളുപ്പം പിണങ്ങുകയും, ഇണങ്ങുകയും വഴക്ക് കൂടുകയും ചെയ്യാറുള്ള ആ പഴയ ദേവൂട്ടിയെ..?"

"പിന്നെ.., അതൊക്കെ മറക്കാൻ പറ്റോടോ ! ഞാനാ പഴയ കാലം ഓർക്കായിരുന്നു. തനിക്ക് വലിയ മാറ്റമൊന്നും വന്നിട്ടില്ല.., ആ പഴയ ചിരി അതുപോലെത്തന്നെ."

"ഉം... "

"ആ പഴയ കാലമൊക്കെ എന്തു രസായിരുന്നു.., അല്ലേടോ?"

"അതെ".

"തന്റെ വിശേഷങ്ങളെല്ലാം ഞാൻ നാട്ടിൽ ലീവിൽ വരുമ്പോൾ അനുജനിൽ നിന്നും അറിയാറുണ്ട്. ആർക്കാ ആ പഴയ ദേവൂട്ടിയെ മറക്കാനാകാ..??"

"ഇത് പേരക്കുട്ടികളായിരിക്കും അല്ലേ..? ന്നാൽ ശരി, ഞാൻ നടക്കട്ടെ..,ഇനി എന്നെങ്കിലും വീണ്ടും കാണാം."

പഴയ ഓർമ്മകളിലേയ്ക്ക് വീണ്ടും തിരിച്ചു നടക്കാൻ ശ്രമിച്ച എന്നെ കുട്ടികൾ തിരിച്ചുവിളിച്ചു.

''അമ്മൂമ്മേ..,ദേ ഈ ഉടുപ്പ് എനിക്കിഷ്ടമായി.ഇത് ഞാനെടുത്തോട്ടെ?"

"എനിക്കും കിട്ടി അമ്മൂമ്മേ ജീൻസ്, ഇത് നോക്കൂ."

"ഉം.. രണ്ടുപേർക്കും സന്തോഷായോ? ഇനി എന്താ വേണ്ടേ?"

"ഡ്രസ്സ് ഇതൊക്കെ മതി അമ്മൂമ്മേ, ഇനി കുഞ്ഞിക്ക് വളയും എനിക്കൊരു കളിത്തോക്കും വാങ്ങണം", അപ്പു ചിരിച്ചുകൊണ്ട് പറഞ്ഞു.

പാവം കുട്ടികൾ.അവർക്ക് അങ്ങിനെ അതിയായ മോഹങ്ങളൊന്നുമില്ല, എല്ലാ വരവിനും അമ്മൂമ്മയുടേയോ മുത്തച്ഛന്റേയൊ വക ഒരു സമ്മാനം, അത്രമാത്രം.

" അമ്മൂമ്മേ, അതൊക്കെ ശരി, നമ്മളാ കടയിൽ കണ്ട അങ്കിൾ ആരായിരുന്നു? ദേവൂട്ടിയെക്കുറിച്ചൊക്കെ പറയുന്നതും രണ്ടു പേരും ചിരിക്കുന്നതും കണ്ടൂലോ..!"

" അതോ.., അത് ദേവൂട്ടീടെ കുട്ടിക്കാലത്തുണ്ടായിരുന്ന ഒരു സുഹൃത്താ."

"ആണോ...! അപ്പൊ ഇന്ന് വീണ്ടും ദേവൂട്ടിക്കഥകൾ കേൾക്കാം അല്ലേ..? ഉം..., പോരട്ടെ..., പോരട്ടെ ദേവൂട്ടി വിശേഷങ്ങൾ. ഞങ്ങൾ ഈ പാക്കറ്റ്സ് എല്ലാം കൊണ്ടുവെച്ച്, ദേ വരുന്നു.., അപ്പോഴേക്കും അമ്മൂമ്മ ഓർത്തു വെച്ചോളൂ."

അല്പ സമയത്തിനുള്ളിൽ രണ്ടുപേരും ഓടി വന്ന് എന്റെ മടിയിൽ കയറിയിരിപ്പായി.

"ഉം.. ഇനി തുടങ്ങിക്കോളൂ.. ഞങ്ങൾ കേൾക്കാൻ റെഡി."

ദേവൂട്ടീടെ വീട്ടിൽ നിന്നും കുറച്ച് ദൂരേയായി,ദേവൂട്ടീടെ അച്ഛൻ വാങ്ങിയ ഒരു പറമ്പുണ്ടായിരുന്നു.
ഫലവൃക്ഷങ്ങളാൽ സമൃദ്ധമായൊരിടo. പല തരത്തിലുള്ള മാവുകൾ, പ്ലാവ്, തെങ്ങ്, കവുങ്ങ്, വിവിധയിനം പച്ചക്കറികൾ, എന്നിങ്ങനെ ആ പറമ്പ് എല്ലാം കൊണ്ടും സമൃദ്ധമാണ്. ദേവൂട്ടിക്ക് ആഴ്ചയിൽ രണ്ടുമൂന്നു വട്ടം അവിടെ പോയി വളപ്പ് നനയ്ക്കണം.ഇന്നത്തെ പോലെ മോട്ടോർ വെച്ചിട്ടൊന്നുമല്ല വളപ്പ് നനയ്ക്കുന്നത്, കാളത്തേക്കാണ് ചെയ്തിരുന്നത്.

" അതെന്താ അമ്മൂമ്മേ?''

" അതോ.., രണ്ടു കാളകളെ നിർത്തി, അവയുടെ കഴുത്തിൽ ഒരു മരത്തിന്റെ പടി വെയ്ക്കും. എന്നിട്ട് കാളകളുടെ കഴുത്തിൽ നിന്നും ഓരോ കയർ ഈ പടിയിലേക്ക് കെട്ടിയിട്ടുണ്ടായിരിക്കും. ഈ പടിയിൽ നിന്നും നല്ല ഘനമുള്ള മറ്റൊരു കയർ കിണറിൽ നിന്നും വെള്ളം കോരിയെടുക്കാനുള്ള ഒരു തുകൽ കൊട്ടയിലേക്ക് കെട്ടിയിട്ടുണ്ടായിരിക്കും. കാളകളെ പുറകോട്ട് നടത്തിയ്ക്കുമ്പോൾ, വെള്ളo തേവുന്ന കൊട്ട കിണറ്റിലേക്ക് മെല്ലെ മെല്ലെ താന്ന്, അതിൽ വെള്ളം നിറയും. അപ്പോൾ കാളകളെ മുന്നോട്ട് നടത്തിയ്ക്കും.., ആ കൊട്ട നിറയെ വെള്ളവുമായി മുകളിലേയ്ക്ക് ഉയർന്നു വന്ന്, കിണറിനോട് ചേർന്നുള്ള ഒരു വലിയ ചാലിലേക്കൊഴുകും. ആ ചാലിൽ നിന്നും വീണ്ടും ചെറിയ ചാലുകൾ വഴി വെള്ളം ഓരോ വൃക്ഷങ്ങളുടെ തടങ്ങളിലേക്ക് ഒഴുകും.ഓരോ വൃക്ഷങ്ങളുടെയും പച്ചക്കറികളുടെയും അടുത്തേക്ക് വെള്ളം തിരിച്ചുവിടുന്ന പണി ദേവൂട്ടിയുടേതാണ്.അങ്ങനെ പൂർണ്ണമായും ആ വളപ്പ് നനച്ചു കഴിയാൻ ഏകദേശം രണ്ടുമണിക്കൂർ എടുക്കും.

അതുകഴിഞ്ഞാൽ ഔസേപ്പ് കാളകളെ സ്വതന്ത്രരാക്കും. എന്നിട്ട് ദേവൂട്ടിയോട് പറയും,
"ഞാൻ പോകാ, കുട്ടി വേഗം വരുന്നുണ്ടോ?"

"ഒന്ന് നിൽക്കെന്റെ ഔസേപ്പേ.., ഈ വെള്ളം മുഴുവനും ഞാനിവിടെ എല്ലായിടത്തും എത്തിക്കട്ടേന്നേയ്."

"ഓ.., ക്ക് നിൽക്കാനൊന്നും നേരല്യ.. ഞാൻ നടക്കാ.., ഇയാള് വേണേൽ വേഗം വന്നോ."

ദേവൂട്ടി വേഗം വളപ്പൊക്കെ നനച്ചു കഴിഞ്ഞ് ഗേറ്റ് പൂട്ടി പുറത്ത് കടക്കുമ്പോഴേക്കും ഔസേപ്പ് അങ്ങ് ദൂരെ എത്തിയിട്ടുണ്ടായിരിക്കും.

" ഔസേപ്പേ..." എന്ന് ഉറക്കെ വിളിച്ചു കൊണ്ട് ദേവൂട്ടി ഔസേപ്പിന്റെ അടുത്തെത്തും.
കിതച്ചു കൊണ്ട് ദേവൂട്ടി പറയും,

"ഓ.. ഇത്ര ഗമയൊന്നും വേണ്ടാട്ടൊ. എന്റെ നന കഴിയുന്നതുവരെ അവിടെ ഒന്നു നിന്നാൽ ഇയാൾക്ക് എന്താ സംഭവിക്കാ..?"

"ഓ.. പിന്നെ.. എനിക്ക് വീട്ടിൽ ചെന്ന് നൂറു കൂട്ടം ജോലിയുണ്ട് ."

"എന്താത്ര വല്യേ കാര്യം?"

"ക്ക് വീട്ടുവളപ്പ് നനയ്ക്കണം, സ്കൂളിലേക്കുള്ളത് പഠിക്കണം."

അപ്പോൾ ദേവൂട്ടി ചിരിച്ചു കൊണ്ട് ഔസേപ്പിനെ കളിയാക്കും..
''ഓ.. ഒരു വല്യേ പഠിത്തക്കാരൻ വന്നിരിക്കുന്നു..! ഓരോ ക്ലാസ്സിലും രണ്ടും മൂന്നും വട്ടം പഠിക്കണ ഇയാൾക്ക് എന്താത്ര പഠിക്കാള്ളേ?"

അതു കേൾക്കുമ്പോൾ ഔസേപ്പിന് ദേഷ്യം വരും, കാളകളുടെ വാലു പിടിച്ച് പിരിച്ച് അവയെ ഓടിയ്ക്കും, എന്നിട്ട് പറയും,
" ദേ.. ഈ കുട്ടി എന്നെ കളിയാക്കാ ല്ലേ? എന്നെ ദേഷ്യം പിടിപ്പിച്ചാൽ..ഞാനീ കാളകളെക്കൊണ്ട് കുട്ട്യേ കുത്തിക്കും."

ദേവൂട്ടി ഔസേപ്പിനെ നോക്കിച്ചിരിച്ച് ഓടിപ്പോകും. ഇതു പോലെ എന്നും എന്തെങ്കിലും കാരണമുണ്ടാക്കി അവർ തമ്മിൽ വഴക്കിടും.

"ഈ ദേവൂട്ടീടേം ഔസേപ്പിന്റേയും ഒരു കാര്യം", കുട്ടികൾ രണ്ടു പേരും പൊട്ടിച്ചിരിച്ചു.

"പിന്നെ എന്തിനാ അവർ വഴക്കു കൂടാറുള്ളത് അമ്മൂമേ..? കേൾക്കാൻ നല്ല രസം. വേഗം പറയൂ."

ഒരിക്കൽ വളപ്പ് നനയ്ക്കൽ കഴിഞ്ഞ് ദേവൂട്ടി ഗേറ്റ് പൂട്ടി ഇറങ്ങിയപ്പോഴേക്കും, ഔസേപ്പ് പതിവുപോലെ കുറേ ദൂരത്തെത്തിയിരുന്നു.

ഔസേപ്പിന്റെ കൂടെ എത്താൻ ഓടുന്നതിനിടയിൽ ദേവൂട്ടീടെ കാലിൽ മുള്ളു തറച്ചു. നല്ല വേദന.., കരഞ്ഞുകൊണ്ട് ആ വഴിയിൽ തന്നെയിരുന്നു. കുറേ പ്രാവശ്യം ഔസേപ്പിനെ ഉറക്കെ വിളിച്ചു.
"അപ്പൊ ദേവൂട്ടി ചെരിപ്പ് ഇട്ടിരുന്നില്ലേ അമ്മൂമ്മേ?" അപ്പൂസിന്റെ സംശയം.
"ഇല്ല മോനെ.., അന്നതൊന്നും ഒരത്യാവശ്യമായി ആരും കരുതിയിരുന്നില്ല".

ഔസേപ്പ് കുറേ ദൂരം മുന്നോട്ട് പോയി തിരിഞ്ഞു നോക്കിയപ്പോൾ ദേവൂട്ടിയെ കാണാനില്ല.., പരിഭ്രമമായി. കാളകളെ വേഗം ആ വഴിയരുകിലുള്ള ഒരു മരത്തിൽ കെട്ടിയിട്ട് തിരിച്ച് ദേവൂട്ടീടെ അടുത്തേക്ക് ഓടി വന്നു.

"എന്തു പറ്റീടോ തനിയ്ക്ക്..? എന്താ കരയണേ..? താനെന്താ ഈ റോഡിൽ തന്നെ കുത്തിയിരിക്കുന്നേ?"

"എന്റെ കാലിൽ മുള്ളു തറച്ചു ഔസേപ്പേ..., ക്ക് വേദനിച്ചിട്ടു വയ്യ ", ദേവൂട്ടി കരയാൻ തുടങ്ങി.

"ഇയാള് കാല്ങ്ട് കാണിക്ക്യാ, ഞാൻ നോക്കട്ടെ മുള്ള് എടുത്ത് കളയാൻ പറ്റോന്ന്."

ദേവൂട്ടി കാല് നീട്ടി കാണിച്ചു കൊടുത്തു.

"വേലിയിലെ ഉണങ്ങിയ മുള്ളാ.., നല്ല ആഴത്തിൽ തറച്ചിട്ടുണ്ട്. താൻ ഇങ്ങ്ട് നോക്കണ്ട.., കണ്ണടച്ചിരുന്നോ.., ഞാനിത് വലിച്ചെടുക്കാൻ പോകാ."

ഔസേപ്പ് മുള്ള് ഒറ്റ വലി!

" എന്റമ്മേ..." എന്ന് ദേവൂട്ടി ഉറക്കെ നിലവിളിച്ചു.

"ഇനി താനെങ്ങനാ വീട്ടിലേക്ക് നടക്കാ...? കാല് വേദനിക്കുന്നില്ലേ?"

"ഉം...", ദേവൂട്ടി അവിടെയിരുന്ന് കരയാൻ തുടങ്ങി.

" ഇയാള് വരാ..., എന്റെ തോളിൽ പിടിച്ച് പതുക്കെപ്പതുക്കെ നടന്നോളാ."

"അയ്യേ.,തന്റെ തോളിൽ പിടിക്കാനോ?"

"ന്നാൽ വേണ്ട.., താനവിടെ കുത്തിയിരുന്നോ, ഞാൻ വീട്ടിൽ പോകാണ്."

"അയ്യോ.., പോകല്ലേ ഔസേപ്പേ..., എന്നെ ഒന്നു എണീക്കാൻ സഹായിക്കോ?"

"ഉം.. ഇങ്ങ്ട് താ തന്റെ കയ്യ്", ഔസേപ്പ് ദേവൂട്ടിയെ എഴുന്നേൽക്കാൻ സഹായിച്ചു.

മടിച്ചു മടിച്ച്, ഔസേപ്പിന്റെ തോളിലൂടെ കയ്യിട്ട് ഞൊണ്ടി ഞൊണ്ടി ദേവൂട്ടി വീട്ടിലെത്തി.

" പാവം ല്ലേ.., ദേവൂട്ടീം ഔസേപ്പും."

രണ്ടു പേരും ചിരിച്ചു കൊണ്ട് പറഞ്ഞു,
"അപ്പോൾ ഔസേപ്പിന് ദേവൂട്ടിയെ ഇഷ്ടമാ അല്ലെ?"

"അതെയതെ..., കുട്ടികൾ തമ്മിലുള്ള പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെ ഉണ്ടെങ്കിലേ സൗഹൃദത്തിന് ഒരു സുഖമുള്ളൂ."

"ഈ ഔസ്സേപ്പ് അങ്കിളിനേയാണ് നമ്മൾ കടയിൽ കണ്ടതല്ലേ.., അമ്മൂമ്മേ? "
 അപ്പു ചോദിച്ചു.

"അതെയതെ", ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

" ആ പറമ്പ് ഇപ്പോഴും ഉണ്ടോ അമ്മൂമ്മേ.? അവിടെ അടുത്തൊന്നും അക്കാലത്ത് ആരും താമസമില്ലേ? ഒറ്റക്കാകുമ്പോൾ ദേവൂട്ടിക്ക് പേടിയാകില്ലേ?" അപ്പുവിന് ഏറെ സംശയങ്ങൾ.

ആ പറമ്പിനോട് ചേർന്ന്, അവിടുത്തെ കാര്യങ്ങളെല്ലാം നോക്കി നടത്താൻ  പ്രായം ചെന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു.., കുറുമ്പത്തള്ള.അവർക്ക് ആ പറമ്പിൽ തന്നെ ഒരു കുടിൽ കെട്ടിക്കൊടുത്തിരുന്നു. കുറുമ്പത്തള്ളക്ക് കൂട്ടിനായി, ടോമി എന്ന നായയും. ചക്കയും മാങ്ങയുമൊക്കെ മറ്റാരും പറിച്ചു കൊണ്ടു പോകാതിരിക്കാൻ, പച്ചക്കറികൾക്ക് നിത്യേന വെള്ളമൊഴിക്കാൻ.., എല്ലാം കുറുമ്പത്തള്ള ചെയ്യുമായിരുന്നു.

കുറുമ്പത്തള്ള ദേവൂട്ടിക്ക് വേണ്ടി ഔസേപ്പിനോട് വഴക്കിടും.

"ടാ.., ചെക്കാ.., നിനക്ക് എന്റെ തമ്പ്രാട്ടിക്കുട്ട്യേ ഒന്നു കാത്തുനിന്നൂടേ..? നീയിപ്പൊ എങ്ങ്ടാ ഈ ഓടണേ?"

"ദേ.., തള്ളേ.., ഒന്നു മിണ്ടാതിരുന്നോ.., ഓ.., ഒരു വലിയ തമ്പ്രാട്ടിക്കുട്ടി വന്നിരിക്കുന്നു...! തമ്പ്രാട്ടിക്കുട്ടിയെ വഴിയിലാരും പിടിച്ചുകൊണ്ട് പോകുമൊന്നുമില്ല.തനിച്ചങ്ട് വന്നാ മതി. അല്ലേൽ വീട്ടീന്ന് ഒരു പല്ലക്ക് കൊടുത്തയക്കാൻ പറയ്."

ഇത് കേൾക്കുമ്പോൾ ദേവൂട്ടിക്ക് ദേഷ്യം വരും. ഒരു വലിയ കല്ലെടുത്ത് ഔസേപ്പിന്റെ നേർക്കെറിയും,

എന്നിട്ട് പറയും, " നീ പോടാ കാട്ടുമാക്കാ."

"നീ പോടി.. ഉണ്ടപ്പക്കുടു" എന്ന് ഔസേപ്പ് തിരിച്ചടിക്കും.

"ഹ..ഹ..., നല്ല രസം.., ഒരു കാട്ടു മാക്കാനും ഒരു ഉണ്ടപ്പക്കുടുവും", അപ്പൂസും, അമ്മൂസും പൊട്ടിച്ചിരിച്ചു.

എന്റെ തോളിലൂടെ കയ്യിട്ട്, ആടിയാടിക്കൊണ്ട് അപ്പു പറഞ്ഞു, "എന്ത് രസാല്ലേ.. ആ പഴയ കാലം!"

"ആ കുറമ്പത്തള്ള ദേവൂട്ടീടെ വീട്ടിലൊക്കെ വരാറുണ്ടോ?"

"പിന്നേ..!" മാസത്തിലൊരിക്കലെങ്കിലും വരും. വന്നു കഴിഞ്ഞാൽ അടുക്കള ഭാഗത്ത് മുറ്റത്ത് വന്നു നിന്ന് അമ്മയോട് ഉറക്കെ വിളിച്ചു പറയും, "ചെറിയമ്പ്രാട്ട്യേ.., കുറുമ്പക്ക് ഇത്തിരി കഞ്ഞി കുടിക്കാൻ കിട്ടോ?"

"പിന്നെന്താ കുറുമ്പേ..., വളപ്പീന്ന് ഒരു പാള മുറിച്ച് കൊണ്ടു വാ, കഞ്ഞി തരാം.", അമ്മ പറയും.

വളപ്പിൽ നിന്ന് കവുങ്ങിൻ പാള മുറിച്ച്, മുറ്റത്ത് ഒരു ചെറിയ കുഴി പോലുണ്ടാക്കി, പാള അതിൽ വെച്ച് കുറുമ്പത്തള്ള അല്പം ദൂരെ മാറി നിൽക്കും.

"അതെന്തിനാ ദൂരെ മാറി നിൽക്കുന്നേ", അപ്പു.

" പണ്ടൊക്കെ അങ്ങിനെയായിരുന്നു.പുലയർ എന്ന വർഗ്ഗത്തിൽ പെട്ടതാണ് കുറുമ്പത്തള്ള..അവർ നമ്മെ തൊട്ടുകൂടാ, അടുത്തൊന്നും വന്നു കൂടാ.., അതൊന്നും കുട്ടികൾക്ക് ഇപ്പോൾ പറഞ്ഞാൽ മനസ്സിലാകില്ല."

"ഉം..., ശരി..., ശരി."

കുറുമ്പത്തള്ള ദേവൂട്ടിയുടെ അമ്മയോട് പറയും, "താഴത്തെ വളപ്പിലെ തേങ്ങ എല്ലാം ഇടാറായി തമ്പ്രാട്ട്യേ, വീണു കിട്ടിയ മുന്നു നാലെണ്ണം ഞാനിബ്ടെ കൊണ്ടു വെച്ചിട്ടുണ്ട്. തരo കിട്ട്യാ അടുത്തുള്ള പിള്ളേര് വന്ന് പച്ചക്കറിയെല്ലാം പറച്ചോണ്ട് പോകും.പച്ചക്കറി നട്ടോടത്ത് ഒരു വേലി വളച്ചുകെട്ടാൻ തമ്പ്രാനോട് പറയണം തമ്പ്രാട്യേ."

" വളപ്പിന് കാവലായി കുറുമ്പേടെ ടോമിയില്ലേ.., നായക്കുട്ടി?"

" ഉവ്വാ.., അവനെ പിള്ളേർക്ക് ആദ്യമൊക്കെ പേടീണ്ടാർന്നൂ, ഇപ്പൊ എപ്പഴും അതിനെ കല്ലു വലിച്ചെറിഞ്ഞ് ഓടിക്കും."

"വയ്യാതായ് തമ്പ്രാട്യേ.., ഇടക്കിടക്ക് ഇങ്ങട് നടന്നെത്താൻ ആവാണ്ടായ്."
"നിൽക്ക് കുറുമ്പേ.., കൊറച്ച് അരീം, കായേം, എണ്ണേം ഒക്കെ കൊണ്ടു പൊക്കൊ."

"ഞാൻ കൊടുക്കാം അമ്മേ", എന്ന് പറഞ്ഞ് ദേവൂട്ടി ഒരു മുറം നിറയെ സാധനങ്ങള് കുറുമ്പത്തള്ളയ്ക്ക് കൊടുക്കും. കുറുമ്പത്തുള്ള, മേലിട്ടിരിക്കുന്ന തോർത്തുമുണ്ടിൽ അതെല്ലാം കിഴി കെട്ടി തോളത്തിടും.

"ന്നാ ശരി.., അടിയനിനി എന്നെങ്കിലും വരാം."  വടിയും കുത്തിപ്പിടിച്ചു നടന്നു പോകുന്ന കുറുമ്പത്തള്ളയെ ദേവൂട്ടി അങ്ങനെ നോക്കിയിരിക്കും.

രണ്ടാഴ്ച കഴിഞ്ഞ്, ദേവൂട്ടി വളപ്പ് നനയ്ക്കാൻ പോയപ്പോൾ കുറുമ്പയുടെ കുടിലിനടുത്ത് ആൾക്കൂട്ടം. ദേവൂട്ടി ആൾക്കൂട്ടത്തിനിടയിലൂടെ ഓടിച്ചെന്ന് നോക്കി. അപ്പോഴാണ് അറിഞ്ഞത്, കുറുമ്പത്തള്ള മരിച്ചെന്ന്.., പനിപിടിച്ചൂത്രേ..! ടോമി കരഞ്ഞുകൊണ്ട് ആ മൃതദേഹത്തിനു ചുറ്റും  നടക്കുന്നുണ്ടായിരുന്നു.

ദേവൂട്ടിക്ക് വലിയ സങ്കടമായി.തിരക്കിൽനിന്നും പുറത്തോട്ട് ഓടി വന്ന് ഔസേപ്പിനോട് പറഞ്ഞു,
"അതേയ്.., കുറുമ്പത്തള്ള മരിച്ചു.., ഒന്നു വീടുവരെ പോയി വിവരം പറയാമോ?"

"ഓ.., ഇയാള് പറഞ്ഞാൽ കേൾക്കാതിരിക്കാനാകോ!"

അടുത്ത വീട്ടിലെ കുട്ടിയുടെ സൈക്കിളും എടുത്ത് ഔസേപ്പ് പറന്നു.., വീട്ടിലേയ്ക്ക്.

അധികം താമസിയാതെ അച്ഛനവിടെ എത്തി. ശവദാഹത്തിനുള്ള ഏർപ്പാടൊക്കെ ചെയ്തു. ടോമി പാവം.., ദേവൂട്ടി അതിനെ വീട്ടിലേയ്ക്ക് കൊണ്ടുപോന്നു.

" പാവം കുറമ്പത്തള്ള.., അല്ലേ അമ്മൂമ്മേ", കുട്ടികൾ രണ്ടു പേരും ഒരുമിച്ച് പറഞ്ഞു.

" ഉം.. അതെ."

മടിയിൽ കിടക്കുന്ന കുട്ടികളുടെ തലയിലൂടെ എന്റെ കൈകൾ ഓടിക്കൊണ്ടിരുന്നു.

"ഇനീം ദേവൂട്ടി വിശേഷങ്ങൾ പറയൂ അമ്മൂമ്മേ.., കേൾക്കാൻ എന്ത് രസാ!"

ഇനി മറ്റൊരു ദിവസമാകാം.

" ദേവൂട്ടി വലുതാകണ്ട..., എന്നും കുട്ടിയായിരുന്നാ മതി. അപ്പൊ ഞങ്ങൾക്ക് എന്നും ദേവൂട്ടിക്കഥകൾ കേൾക്കാമല്ലോ!"
അപ്പു എന്റെ കവിളിലൊരുമ്മ തന്ന് കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു.
ശരിയാ..., ദേവൂട്ടി വലുതാവാതിരുന്നെങ്കിൽ..!
കൊച്ചു കൊച്ചു സന്തോഷങ്ങളുടേയും സങ്കടങ്ങളുടേയും നടുവിൽ കൂടി പാറിപ്പറന്ന് നടക്കുന്ന ഒരു മിന്നാമിനുങ്ങ്..., ചെന്നെത്തുന്നിടത്തെല്ലാം സ്നേഹത്തിന്റെയും.., കാരുണ്യത്തിന്റെയും ഒരു നുറുങ്ങു വെട്ടം പരത്തി കടന്നു പോകുന്നു...!  

https://emalayalee.com/writer/200

 ഒരു നുറുങ്ങു വെട്ടം (അംബിക മേനോൻ, മിന്നാമിന്നികൾ- 6)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക