MediaAppUSA

പേനത്തുമ്പോളം തുളുമ്പി (മൃദുല രാമചന്ദ്രൻ, മൃദുമൊഴി 14)

Published on 27 June, 2021
പേനത്തുമ്പോളം തുളുമ്പി (മൃദുല രാമചന്ദ്രൻ, മൃദുമൊഴി 14)

തുടുത്ത നീല മഷി കൊണ്ട് വെളുത്ത കടലാസിൽ എഴുതുന്നത് കണ്ടാൽ തന്നെ ഒരു കവിതയാണ്.... വെളുത്ത ആകാശത്ത് അലസം ചിതറിയ നീല മേഘങ്ങൾ പോലെ, തെളിഞ്ഞ ജലത്തിൽ വിരിഞ്ഞു നിൽക്കുന്ന നീലത്താമര പോലെ!

മഷിപ്പേന കൊണ്ട് എഴുതുന്നത് ആണ് എപ്പോഴും പ്രിയം.ചൂണ്ടു വിരലിന്റെയും, പെരുവിരലിന്റെയും തുമ്പിൽ എഴുതിയ അക്ഷരങ്ങൾ മഷിയടയങ്ങളായി നില്ക്കും.

ബോൾ പേന ഉപയോഗിക്കുന്നത്ര സുഖകരമല്ല മഷിപ്പേനയെഴുത്ത്.ഇടയ്ക്കിടെ തുളുമ്പി ചുറ്റോളം മഷിത്തുള്ളി തൂകും.അടുത്ത് വെച്ച കടലാസും, കൂട്ടാളികളും മഷിമഴ നനയും.

എഴുത്തിനിടക്ക് മഷി തീർന്ന് പോയാൽ , ഒരു റീഫിൽ മാറ്റിയിടുന്നത്ര എളുപ്പമല്ല മഷി നിറയ്ക്കാൻ.പേന ശ്രദ്ധാപൂർവം തുറക്കണം, നിപ്പിളോ മറ്റോ ഉപയോഗിച്ച്  പതുക്കെ തുള്ളി, തുള്ളിയായി മഷി നിറയ്ക്കണം .പതിയെ ചേർത്ത് അടച്ചു, ഒരു തുണിത്തുമ്പ് കൊണ്ടോ, പഞ്ഞിത്തുണ്ട് കൊണ്ടോ പൊടിഞ്ഞ മഷി തുടച്ചു കളയണം.പതുക്കെ ഒന്ന് കുടഞ്ഞു,മഷി കളഞ്ഞു വീണ്ടും എഴുതാൻ വേണ്ടി ഒരുക്കി എടുക്കണം.എഴുത്തിനിടക്കും ഇടയ്ക്ക് പിണങ്ങുമ്പോൾ , ഒന്ന് കുടഞ്ഞു, ലാളിച്ചു ശരിയാക്കണം.അങ്ങനെ മഷി കുടയാൻ മാത്രം, എന്റെ ക്യാമൽ ബോക്സിന്റെ വലത്തു മൂലക്ക് പലതായി മടക്കിയ ഒരു പരുത്തി സാരി തുണ്ട് ഉണ്ടായിരുന്നു.

പ്രിയപ്പെട്ടതെങ്കിലും, പരീക്ഷക്ക് എഴുതാൻ മഷിപ്പേന എടുക്കാറില്ല.അടക്കി, ഒതുക്കി, കെട്ടുകളായി ഒരുപാട് സഞ്ചരിച്ചു ഒടുക്കം മാർക്ക് ആയി മടങ്ങി വരേണ്ട പേപ്പറിന്റെ ഇടയ്ക്ക് എവിടെയെങ്കിലും വച്ചു വെള്ളമോ മറ്റോ വീണ്, പ്രതിഗ്രാഹികയും, തത്പുരുഷനും, കർത്തരി പ്രയോഗവും, ചുറ്റുമതിലിന്റെ വിസ്തീർണ സമവാക്യങ്ങളും, അക്ബറിന്റെ ഭരണ പരിഷ്‌കാരങ്ങളും കടലാസിൽ പടർന്ന് പരന്ന് വായിക്കാൻ പറ്റാതാകും എന്ന പേടിയിൽ, പരീക്ഷാ കാലത്ത് മഷി പേനകൾ മാറ്റി വച്ചു.

പകരം, വെളുത്ത ഉടലും, നീലത്തലയും ഉള്ള ഒരു സ്‌കൂൾ കുട്ടിയെ പോലെ തോന്നിക്കുന്ന റെയ്നോൾഡ്‌സ് പേന പരീക്ഷാ ഹാളിൽ കൂട്ട് വന്നു.അല്ലെങ്കിൽ ടിക്, ടിക് താളം കൊട്ടുന്ന മഞ്ഞ ബട്ടൺ ഉള്ള , രണ്ട് രൂപക്ക് കിട്ടുന്ന, പലനിറത്തിൽ ഉള്ള സ്റ്റിക് പേനകൾ ബോക്‌സിൽ നിരന്നിരുന്നു.ചുവപ്പിൽ കറുത്ത വരയിട്ട, നടരാജ് പെൻസിലുകൾക്ക് , ഉരുണ്ടു തടിച്ച മഷിപ്പേനകളെ പരീക്ഷാ കാലങ്ങളിൽ മിസ് ചെയ്തു."അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ , ഒരു മാത്ര വെറുതെ നിനച്ചു പോയി" എന്ന് മഷി വീണ് നീലച്ച വെളുത്ത ഇറേയ്സർ , പരീക്ഷാ മുറിയുടെ ഏകാന്തതയിൽ ആഗ്രഹിച്ചു.

ഇപ്പോൾ കുറെ കാലമായി മഷിപ്പേനകൾ ഉപയോഗിക്കാറില്ല.മഷിപ്പേന ഉപയോഗിക്കാൻ വേണ്ട ഊർജവും, ക്ഷമയും ഇപ്പോഴില്ല.മഷി നനഞ്ഞിട്ടു കാലം കുറേയായ പേനകൾ മേശയിൽ ലോക്ക് ഡൗണിൽ...

ഒരു കുപ്പി മഷി വാങ്ങണം ഒരിക്കൽ, അടപ്പ് തുറക്കുമ്പോൾ ഉയരുന്ന അക്ഷരസുഗന്ധം ആസ്വദിക്കണം.ഓരോ തുള്ളിയായി പേനയിലേക്ക് മഷി നിറയ്ക്കണം.വെളുത്ത കടലാസിൽ എഴുതണം. വിരൽത്തുമ്പിൽ മഷി വീണ് മൈലാഞ്ചി പോലെ തിളങ്ങണം, നക്ഷത്രങ്ങൾ മിഴി നീട്ടി എന്റെ മഷി തുടുത്ത വിരൽത്തുമ്പുകളിൽ ഉമ്മ വയ്ക്കണം.

https://emalayalee.com/writer/201

പേനത്തുമ്പോളം തുളുമ്പി (മൃദുല രാമചന്ദ്രൻ, മൃദുമൊഴി 14)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക