പാമ്പും കോണിയും - നിർമ്മല (നോവൽ -53)

Published on 03 July, 2021
പാമ്പും കോണിയും - നിർമ്മല (നോവൽ -53)
ചുട്ടുപഴുത്ത 32 ഡിഗ്രിയിൽനിന്നുമാണ് പെട്ടെന്ന് ഇടിവെട്ടി മഴ പെയ്തത്. മഴ കഴിഞ്ഞതുമുതൽ കാറ്റ് ആഞ്ഞുവീശാനും തുടങ്ങി. കാലത്ത് ഉണരുമ്പോൾ പുറത്തു നല്ല തണുപ്പ്. കാറ്റ് ഊതിയൂതി വീഴത്തുകയാണ് ഇലകളെ. തൊലിയിലൂടെ തുളഞ്ഞുകയറുന്നതണുപ്പ്. കുന്നിനു മുകളിൽ അങ്ങിങ്ങായി മേഘങ്ങൾ നിഴൽവിരിക്കുന്നത് ജനലിലൂടെ കാണാം. വ്യർത്ഥമായിപ്പോകുന്ന ജീവിതത്തെ ഓർത്ത് ലളിത വ്യഥപ്പെട്ടു.
മരണനിരക്കും രോഗനിരക്കും വർദ്ധിക്കുന്ന മാസങ്ങളാണ് നവംബറും ഡിസംബറും. തണുപ്പും ഇരുട്ടും ജീവിതവാഞ്ജ കെടുത്തിക്കളയുന്നു. മാനസിക സമ്മർദ്ദം കാരണങ്ങളിൽ ഒന്നാണെങ്കിലും ശരീരത്തിന്റെ അധിപൻ മനസ്സുതന്നെ. അങ്ങനെയൊക്കെ ആ മാസത്തെ ഫാർമസ്യൂട്ടിക്കൽ മാഗസിനിൽ വായിച്ച ലേഖനം ലളിത ഓർത്തെടുത്തു.
പലകകൾ ചേർത്തടച്ചുണ്ടാക്കിയ വേലിക്കരികിലൂടെ അയൽക്കാരെ കാണാൻകഴിയില്ല . മുടിചീകാതെ നൈറ്റി മാറാതെ പുറത്തിറങ്ങിയിരിക്കാം.
ലളിത കാപ്പിയുമായി പതുക്കെ പുറത്തേക്കിറങ്ങി. ആകാശം ചാഞ്ഞുചാഞ്ഞ് ലളിതയുടെ മടിയിലേക്കു വന്നു. എന്തു ഭംഗിയാണ് ആകാശത്തിന് ! എന്തൊരു പതുപതുപ്പ് . ലളിത കണ്ണടച്ചു.
ഉഷയുടെ വിളികാത്ത് ലളിതയിരുന്നു. ഓരോ തവണ ഫോൺബെൽ അടിക്കുമ്പോഴും അത് ഉഷയായിരിക്കും എന്നോർത്ത് ലളിത ഫോണിനടുത്തേക്ക് ഓടിച്ചെന്നു. ഫോൺബെൽ അവളെ ചതിച്ചു. ലളിത പതിയെ മൗനത്തിലേക്ക് അമരുകയും ചെയ്തു.
ഒടുക്കം അവൾക്കു മനസ്സിലായി പിന്നെ വിളിക്കാമെന്നു പറഞ്ഞു ഫോൺവെച്ചതും പിന്നെ വിളിക്കാതിരിക്കുന്നതും ഇനി കുറച്ചു ദിവസം കഴിഞ്ഞു വിളിച്ച് തിരക്കിനെപ്പറ്റി അതിവർണ്ണന നടത്തുന്നതുമൊക്കെ ഉഷ തന്റെ സ്നേഹിത അല്ലാത്തതുകൊണ്ടാണെന്ന് .
ഇതാദ്യമായിട്ടല്ല ഉഷയിങ്ങനെ. ആവശ്യം ഉഷയുടേതാവുമ്പോൾ അവൾ മടിക്കാതെ ദിവസം പലതവണ വേണമെങ്കിൽ വിളിക്കും. അങ്ങോട്ട് എന്തെങ്കിലും ഒരു സങ്കടം പറഞ്ഞു കഴിയുമ്പോൾ അവൾ ഒഴിഞ്ഞുമാറുകയും ചെയ്യും. അവൾ ജിമ്മിയോടും ഇങ്ങനെതന്നെ ആയിരിക്കുമോ ? സ്വന്തം കാര്യസാദ്ധ്യത്തിനുവേണ്ടി ചിരിയും സ്നേഹവും സഹതാപവും. തെയ്യാമ്മച്ചേച്ചി , ഈപ്പൻ പറഞ്ഞതെന്നു വിവരിച്ച സ്വഭാവം ലളിത ഓർത്തു.
- എന്തെങ്കിലും വലിയ ആപത്തുവരുമ്പോ മലയാളികളു സഹായിക്കുമെന്നതു സത്യമാ . പക്ഷേ, അവർക്ക് അതിലൊരു മോർബിഡ് സന്തോഷമുണ്ട്.
എന്തെങ്കിലും അത്യാപത്തു വന്നാൽ ഉഷ വരുമെന്ന് ലളിതയ്ക്ക് അറിയാം. എങ്കിലും പുറത്തുകാണാത്ത നീറ്റങ്ങൾക്കു കൂട്ട് മറ്റാരുമില്ലെന്ന് ലളിത തിരിച്ചറിഞ്ഞു. സന്തുവിന്റെ കാര്യം ഉഷയോടു പറയേണ്ടിയിരുന്നില്ലെന്ന് പെട്ടെന്ന് അവൾക്കു തോന്നി. ആരെയും വിശ്വസിക്കാനാവാത്ത അവസ്ഥ. മനസ്സിനൊരു താങ്ങില്ലാതെ ഒറ്റയ്ക്ക്. ലളിത നെടുവീർപ്പിട്ടുകൊണ്ട് ഓർത്തു.
സൗഹൃദങ്ങൾ നുണച്ചിരി ചിരിച്ചു പറ്റിക്കുന്നത് ലളിത വീണ്ടും അറിഞ്ഞു. ഇത് ആദ്യമായിട്ടല്ല ലളിതയുടെ സൗഹൃദങ്ങൾ മുറിവേൽക്കുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് വീണ്ടും ഈ വൈകാരിക അടിമത്തം എന്ന് അവൾക്കു മനസ്സിലായില്ല. അവൾ വീണ്ടും ആരെയും വിശ്വസിക്കാത്ത ഒന്നിലും താൽപ്പര്യമില്ലാത്ത അവസ്ഥയിലേക്കു മടങ്ങി.
കുറച്ചുദിവസം കഴിഞ്ഞ് മനസ്സിന്റെ ചൂടാറിയിട്ട് ഉഷ വിളിച്ചപ്പോൾ ലളിതയ്ക്കു ചിരിയാണു വന്നത്. തുടക്കംതന്നെ തിരക്കിനെപ്പറ്റി പരാതി പറഞ്ഞു കൊണ്ട് ആയിരിക്കുമെന്ന് ലളിതയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ട് ഉഷ സംസാരിച്ചുതുടങ്ങിയതും ലളിത പുഞ്ചിരിച്ചു. പിന്നെ മനസ്സിൽ ഉറക്കെയുറക്കെ ചിരിച്ചു. ഉഷയുടെ ശബ്ദം പതറിവീഴുന്ന ഫോണിനെ അവഗണിച്ച് അവളുടെ മനസ്സ് കണക്കുകൂട്ടിക്കൊണ്ടിരുന്നു. ഇനിയത്തെ തവണ ഉഷയുടെ ശബ്ദം കേൾക്കുമ്പോഴേ ചോദിക്കണം.
- തിരക്കായിരുന്നല്ലേ? എനിക്കറിയാമായിരുന്നു. കാരണം പ്രശ്നം എന്റേതായിരുന്നല്ലോ! ഹ ..ഹ..ഹ..
വലിഞ്ഞുമുറുകി പൊട്ടാറായിനിന്ന ഹൃദയത്തെയാണ് ഉഷ നീണ്ട നഖംകൊണ്ടൊന്നു വരഞ്ഞത് എന്ന് അവൾ തിരിച്ചറിഞ്ഞു. കാലം അത് ഉണക്കുമെന്ന് അവൾക്കറിയാം. എന്നാലു വീണ്ടും ഈ കുഴിയിലേക്കു വീണുപോകാതെയിരുന്നെങ്കിൽ എന്ന് ലളിത ഹൃദയംനൊന്ത് ആഗ്രഹിച്ചു. പക്ഷേ, ഇനിയൊരുനാൾ ഉഷ ചങ്കുപൊട്ടി കാലിൽ കെട്ടിപ്പിടിച്ചു കരയുമ്പോൾ തിരക്കൊന്നുമില്ലേ എന്നു ചോദിക്കാൻ ലളിതയ്ക്ക് ആവില്ല. പെട്ടെന്ന് അവൾ കടുത്ത നിരാശയുടെയും ഏകാന്തതയുടെയും ആഴത്തിലേക്കു വീണുപോയി.
കഥകളും ഉപകഥകളുംകൊണ്ട് ഉഷയുടെ ലോകം ചുറ്റപ്പെടുകയാണ്. അതിൽ കുരുങ്ങി തടഞ്ഞുപോകാതെ സൂക്ഷിക്കുന്നത് എങ്ങനെയാണ്.
ഉഷ ലളിതയെ ദത്തെടുത്തത് അവളോർത്തു. ഒരു ചേച്ചിയുടെ കരുതലോടെ അവൾക്ക് ഉഷ പലതും പറഞ്ഞുകൊടുത്തു.
- പേഴ്സിൽ ഒരു ചെറിയ ചീപ്പും പാസ ലിപ്സ്റ്റിക്കും കരുതണം. മുടി ഇടയ്ക്ക് ബാത്ത് റൂമിൽ പോകുമ്പോൾ ചീകണം.
- കാപ്പി കുടിക്കുകയോ എന്തെങ്കിലും കഴിക്കുകയോ ചെയ്തു കഴിയുമ്പോൾ ലിപ്സ്റ്റിക് പുതുക്കണം.
- പിന്നെ ഉച്ചയ്ക്ക് മുഖത്ത് അല്പം പൗഡറിടണം.
- എപ്പോഴും നല്ല ഫ്രഷ് ആയിരിക്കണം.
ആരുമില്ലാത്ത വീടിനോടവൾക്കു സ്നേഹം തോന്നി. ടി.വി. തെളിക്കാതെ പാട്ടുവെക്കാതെ സോഫയിൽ വെറുതെ ഇരിക്കാൻ ലളിത ഇഷ്ടപ്പെട്ടു. സോഫയുടെ കൈയിലെ ചെളി ലളിതയുടെ കണ്ണിൽ പെട്ടു. സോഫ വാങ്ങിയിട്ട് അഞ്ചു വർഷമാകുന്നു. അഞ്ചു വർഷത്തെ ചെളി. തറയ്ക്ക് പത്തുവർഷത്തെ പഴക്കം.
വർഷങ്ങൾ ... വർഷങ്ങളൊക്കെ എങ്ങോട്ടാണു പായുന്നത്? ഒറ്റയ്ക്ക് ഒന്നിരിക്കാനുള്ള കൊതിയാണോ കഴിഞ്ഞുപോയ വർഷങ്ങൾ തന്നത്. മക്കളെ ഇഷ്ടമില്ലാഞ്ഞി ട്ടല്ല. അവരോടു സ്നേഹം കൊഴുക്കാഞ്ഞിട്ടല്ല, എന്നാലും ഒറ്റയ്ക്കിരിക്കുന്നതിന്റെ സുഖം അവളെ ഭ്രമിപ്പിച്ചു. നിറങ്ങൾ ഒഴിഞ്ഞുപോയ ശാഖകളെ നോക്കി ലളിത കാപ്പികുടിച്ചു. ഒറ്റയ്ക്കൊരമ്മ, ഒറ്റപ്പെട്ടൊരമ്മ.
വിജയനും കുട്ടികൾക്കും ഭക്ഷണം ശരിയാക്കി മേശപ്പുറത്തുവെച്ചിട്ട് ലളിത വെറുതെ ഒരു ഡ്രൈവിനായി ഇറങ്ങി. അവൾ കണ്ണുവിടർത്തി ഹൈവേയുടെ സൈഡിലെ കുറ്റിക്കാട്ടിലേക്കു നോക്കി. കാടിനു പിന്നിൽ നമുക്കറിയാത്ത ഒരു ജീവിതം ഉണ്ടെന്നുള്ളത് ഉൾക്കൊള്ളാൻ ആവാത്തതുപോലെ. വണ്ടികളെ അവഗണിച്ച് പുല്ലുകടിച്ചു നിൽക്കുന്ന മാൻകൂട്ടത്തെ എപ്പോഴാവും കാണാൻ പറ്റുക എന്നറിയില്ല. ഇടയ്ക്ക് അവ പ്രത്യക്ഷപ്പെടുമ്പോൾ അവിശ്വാസവും ആഹ്ളാദവുംകൊണ്ട് ലളിത കുട്ടിയായി മാറി.
കാറിൽനിന്നും ഇറങ്ങി വീടിനകത്തേക്കു കടക്കുന്നതിനുമുമ്പ് ലളിത തലതിരിച്ച് ആകാശം കാണാൻ ശ്രമിക്കും. ലളിതയ്ക്ക് ഇഷ്ടപ്പെട്ട മറ്റൊരിടം കുളിമുറിയായിരുന്നു. ആരും അതിക്രമിച്ചു കടക്കുമെന്ന ഭയമില്ലാതെ ആകാശത്തെക്കുറിച്ച് ഓർത്തിരിക്കാം.
                                    തുടരും...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക