MediaAppUSA

അന്തിക്രിസ്തു (കഥ: തമ്പി ആന്റണി)

Published on 10 July, 2021
അന്തിക്രിസ്തു (കഥ: തമ്പി ആന്റണി)
ആറ്റുങ്കര പഞ്ചായത്തു പ്രസിഡണ്ട്  അപ്പച്ചൻ അഞ്ചാനിക്ക്
കലശലായ തുമ്മലും ചീറ്റലും . പനിയുണ്ടോ എന്നൊന്നും നോക്കിയില്ല .
'ഈശ്വരാ വല്ല കോവിഡുമാണോ!
ഓഫീസ് ജീവനക്കാർ എല്ലാം വലിയ  ഭീതിയുടെ നിഴലിലാണ്.
“ ഓ അതിലൊന്നും വല്ല്യ കാര്യമില്ലെ , അമിതാബ് ബച്ചനും അമിത്ഷായ്ക്കും വരെ കിട്ടിയില്ലേ?"

ക്ലറിക്കൽ തസ്തികയിലെ ഫോട്ടോ ബോബൻ  കാര്യത്തിൻറെ  ഗൗരവം കുറക്കാനുള്ള ശ്രമത്തിലാണ്. അയാളുടെ ഫോട്ടോഗ്രാഫിയിലുള്ള കമ്പം കാരണം കിട്ടിയ അപരനാമമാണ് ഫോട്ടോ ബോബൻ. ആളു തരികിടയാണങ്കിലും പറഞ്ഞതിൽ കാര്യമുണ്ടെന്നു എൽ ഡി ക്ലാർക്ക് വിശാലാഷിയാണ്‌ പറഞ്ഞത് . എന്നാലും മാസ്ക്ക് മുഖത്തുനിന്നും മാറ്റാത്ത പ്രഥമന് രോഗം കിട്ടാനുള്ള സാദ്ധ്യതയില്ലന്ന് , അവർ ആശ്വസിച്ചു  

‘അന്തികൃസ്തു’, അഞ്ചാനീ അപ്പച്ചൻ കോവിടിനിട്ട ഇരട്ടപ്പേരാണത് . അതെ അത് ശരിതന്നെയാ, വരാനിരിക്കുന്ന അന്തിക്രിസ്തുതന്നെ!. ലോകമെമ്പാടുമുള്ള സകല ജാതിക്കാരെയും പള്ളിക്കു പുറത്താക്കിയില്ലേ?.അന്തികൃസ്തു പലരൂപത്തിലും ഭാവത്തിലും വരുമെന്നാ വേദപുസ്തകത്തിൽ പറയുന്നത്, ഇതിപ്പം കൊറോണ വൈറസിന്റെ രൂപത്തിലാണന്നു മാത്രം. കഴിഞ്ഞ കമ്മറ്റി മീറ്റിങ്ങിൽവെച്ചു പ്രഥമൻ പ്രസംഗിച്ചപ്പോൾ പറഞ്ഞതാ ഇത്രയും .

ഈ അന്തിക്രിസ്തു എന്ന പരാമർശനം കമ്മറ്റിയിൽ തമാശായിട്ടു പറഞ്ഞതാണെങ്കിലും, കോവിഡ് കാലത്തു

പള്ളിക്കൂടം പിള്ളേരേപോലും വീട്ടിലിരുത്തി പഠിപ്പിക്കണമെന്നു സർക്കാർ ഉത്തരവു വന്നപ്പോൾ അതിലും കാര്യമുണ്ടെന്നു തോന്നി. അതുംപോരാഞ്ഞു പള്ളികളും അമ്പലങ്ങളും എല്ലാ ആരാധനാലയങ്ങളും പൂട്ടിച്ചില്ലേ . അപ്പോൾപിന്നെ പ്രഥമൻ പറഞ്ഞതാ ശരി. എല്ലാ മതക്കാരേയും ജാതിക്കാരെയും വഴിതെറ്റിച്ചു കാലപുരിക്കയക്കുന്ന അന്തിക്രിസ്തു തന്നെയാണു  കോവിഡ് . അപ്പച്ചൻ പ്രവചിച്ചതൊക്കെ തെറ്റാണെങ്കിലും ശരിയാണെങ്കിലും അതിനേക്കാൾ ഗുരുതരമായ പ്രശനം കോവിഡ്കാലത്തു സർക്കാരിൽനിന്നു കൂട്ടുന്ന ഉച്ചഭക്ഷണവും അരിയുമൊക്കെയാണ്. അതൊക്കെ കുട്ടികൾക്ക് എങ്ങനെ കൊടുക്കുമെന്നതായിരുന്നു ആ മാസത്തെ പഞ്ചായത്തു കമ്മറ്റിയിൽ എല്ലാവരും ഉന്നയിച്ച ചോദ്യം. എങ്ങനെയെങ്കിലും അവർക്കെത്തിച്ചുകൊടുത്തില്ലെങ്കിൽ വലിയ പുകിലാകും , സ്റ്റോറേജ് മുഴുവനും നിറഞ്ഞു, മറിച്ചു വിൽകാമെന്നു വെച്ചാലോ സർക്കാരിൻറെ  ആനുകൂല്യം ദുർവിനിയോഗം ചെയ്യിതെന്നും പറഞ്ഞു ആർക്കും കേസ്സെടുക്കാം. അതെങ്ങാനും ചാനലുകാരുടെ കയ്യിൽ കിട്ടിയാൽ പിന്നെ പൊങ്കാലയിട്ടു നാറ്റിക്കും . അതൊന്നും ഓർക്കാൻകൂടി പറ്റുന്നില്ല. അതൊക്കെ ചർച്ചക്ക് വന്നെങ്കിലും കാര്യത്തിന് ഒരു തീരുമാനവുമായിട്ടില്ലായിരുന്നു. ഇതൊരു വല്ലാത്തൊരു പുലിവാലായല്ലോ എന്നൊക്കെ ആലോചിച്ചുകൊണ്ടു പഞ്ചായത്താപ്പീസിൻറെ വരാന്തയികൂടി ചിന്താമഗ്‌ദനായി നടക്കുകയായിരുന്നു പ്രഥമൻ അപ്പച്ചൻ. ആ വേവലാതി കണ്ടിട്ടാ സെക്രട്ടറി കൃഷ്ണപ്രിയ ഒരുഗ്രൻ ഐഡിയ പറഞ്ഞത് .

“ അഞ്ചാനീ മാഷേ,  ഇതൊരു സുവർണ്ണാവസരമാ, നമുക്ക് ഭക്ഷണപ്പൊതികൾ പഞ്ചായത്തോഫിസിൽനിന്നും

വിതരണം ചെയ്യതാൽ പ്രശനം സോൾവായില്ലേ? . വേണ്ടരീതിയിൽ കൈകാര്യം ചെയ്യ്താൽ മാഷ് കൂടുതൽ ജനസമ്മതനാകും . പിന്നെ നിയസഭാ, വകുപ്പുമന്ത്രി,

കേദ്ര സഹമന്ത്രി, കേന്ദ്രമന്ത്രി, അങ്ങനെ വെച്ചടി വെച്ചടി വെച്ചുള്ള കേറ്റമായിരിക്കും. എന്നാലും ആ മറ്റേ പേരുണ്ടല്ലോ, അതൊരു പേരുദോഷം തന്നെയാ”

കൃഷ്ണപ്രഭ പറഞ്ഞതിന്റെ പൊരുൾ അപ്പച്ചനു മനസ്സിലായെങ്കിലും. അയാൾ പ്രതികരിച്ചില്ല. പണ്ട് തൃശൂരുള്ള ഒരരിക്കച്ചവടക്കാരൻ ഫ്രാൻസിസ് അരിപ്രാഞ്ചിയായതുപോലെ, അഞ്ചാനീ അപ്പച്ചനെയിപ്പോൾ അജ്ഞാനി അപ്പച്ചൻ എന്നുപറഞ്ഞാലേ പത്തുപേരറിയുകയുള്ളു, പഞ്ചായത്തിൽ അതറിയത്തില്ലാത്ത ഒരേയൊരാൾ അപ്പച്ചനാണെന്നു വിശ്വസ്തരായ അംഗങ്ങൾപോലും കളിയാക്കി പറയാറുണ്ട്. അതുകൊണ്ട് ഓഫിസിലുള്ളവർ അറിയാതെപോലും ആ പേര് നാക്കിടറി വായീന്നു വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. എന്നാലും ആറ്റുങ്കരയിൽ അതൊരു പരസ്യമായ രഹസ്യമാണ്.

“ഞാനാലോചിച്ചിട്ടു മറ്റു പോംവഴികളൊന്നുമില്ല “

കൃഷ്ണപ്രിയ തീർത്തു പറഞ്ഞു.പ്രഥമൻ പിന്നേം വരാന്തേക്കൂടെ പിറകിൽ കയ്യും കെട്ടി സി ഐ ഡി ഡയറിക്കുറുപ്പിലെ മമ്മൂട്ടിയെപോലെ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തിക്കൊണ്ടിരുന്നു. പെട്ടന്ന് പ്രിയയുടെ അടുത്തുവന്നുനിന്നു, മുഖത്ത് വല്ലപ്പോഴും മാത്രം തെളിയുന്ന  പുഞ്ചിരിയുടെ വെളിച്ചം വിരിയിച്ചുകൊണ്ട് പതുക്കെ പറഞ്ഞു

“പെൺബുദ്ധി പിൻബുദ്ധി എന്നൊക്കെ പറഞ്ഞാലും പ്രിയ

പറഞ്ഞതിലും കാര്യമുണ്ട് “

അത്രയും പറഞ്ഞിട്ട് ഒന്നൂടെ അതെ നടപ്പിൽ എന്തോ ആലോചിച്ചിട്ടെന്നപോലെ ഒരു സംശയം ചോദിച്ചു

“പള്ളിക്കൂടത്തിൽ സ്റ്റോക് ചെയ്തിരിക്കുന്ന അരിയും സമ്മാനങ്ങളും കുട്ടികൾ പഞ്ചായത്തോഫീസിൽ വന്നു കളക്ട് ചെയ്യാനുള്ള ഏർപ്പാടാക്കണമെന്നൊക്കെ പറഞ്ഞാൽ അതൊക്കെ അത്ര എളുപ്പമുള്ള കാര്യമാണോ ?“

“ എളുപ്പമല്ലെങ്കിലും സാധിക്കണം അതുകൊണ്ടു കാര്യമുണ്ട്. ആദ്യം അവരൊക്കെ വരിവരിയായി നിന്ന് അരിയും സാമാനങ്ങളും സഞ്ചിയിൽ മേടിക്കുന്നതിൻറെ വിഷ്വൽസ് എടുക്കണം. എന്നിട്ട് ആറ്റുങ്കര പഞ്ചായത്തിൽ അരിവിതരണം  എന്നൊരു തലവാചകമൊക്കെയിട്ട് വീഡിയോയും തിരിഞ്ഞും മറിഞ്ഞും ഇരുന്നും കിടന്നുമൊക്കെ പടമെടുക്കണം . അത് ബോബൻ പറയാതെതന്നെ എടുത്തോളും”

“അയ്യോ അതൊക്കെ പ്രശ്നമാകില്ലേ , പ്രതിപക്ഷം പ്രശ്നമുണ്ടാക്കും “

പ്രഥമൻ പേടിച്ചാണ് പറഞ്ഞത്.

“ഒന്നും സംഭവിക്കില്ല ഞാൻ വാക്കു തരുന്നു

എല്ലാം എഡിറ്റു ചെയ്യാൻ നമ്മുടെ ഫോട്ടോ

ബോബനുണ്ടല്ലോ. അതുപിന്നെ സൊഷ്യൽ മീഡിയായിൽ ഇട്ടു വൈറൽ ആക്കുന്ന കാര്യം ഞാനേറ്റു “

കൃഷ്ണപ്രിയ ആത്മവിശ്വാസത്തോടെ പറഞ്ഞു.

“അതിത്തിരി കടന്ന കയ്യല്ലേ പ്രിയേ”

അഞ്ചാനീ അപ്പച്ചന് വീണ്ടും സംശയം

“ ഒരു കടന്ന കൈയുമല്ല, ഭക്ഷണസാധനങ്ങൾ വെറുതെ നശിച്ചു പോകുന്നതിലും നല്ലതല്ലേ ,പാവങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ വിതരണം ചെയ്യുന്നത് ?"

“അത് നേരാ ഒരു വെടിക്കു രണ്ടു പക്ഷി! “

പ്രഥമൻ ശരിവെച്ചു . പഞ്ചായത്തു പ്രസിഡന്റ് അപ്പച്ചൻ അഞ്ചാനിയുടെ സാമൂഹ്യസേവനം എന്നൊക്കെ ഒരു കുറിപ്പുകൂടി എഴുതിയിട്ടാൽ പിന്നെ ഏതു പുണ്ണ്യാളനെ എതിരെ നിർത്തിയയാലും അടുത്ത ഇലക്ഷനും വോട്ടു അഞ്ചാനീ മാഷിന്റെ പെട്ടിയിൽ വീഴുമെന്നുറപ്പാ. ഒത്തുവന്നാൽ നിയമസഭയിലേക്കുതന്നെ ഒരു കയ്യ് നോക്കാം.

“എന്നാൽപ്പിന്നെ സ്ഥലം എം എൽ എ കുറുപ്പുസാറിനെ കൂടെ വിളിക്കാം . ചടങ്ങിന്റെ സമാപനസമ്മേളനം കവലയിലെ  രാജമ്മാൾ മൈതാനത്തുവെച്ചുതന്നെ ആയിക്കോട്ടെ”

ആറ്റുങ്കൽകാരിയും പരേതയുമായ രാജമ്മാൾ, പത്മശ്രീയും മറ്റുപല അംഗീകാരങ്ങളും കിട്ടിയിട്ടുള്ള ഒരു പഴയകാല നർത്തകിയാണ് . അതിനൊന്നും ഇവിടെ പ്രസക്തിയില്ല രാജമ്മാളെ ഓർമ്മിപ്പിക്കാൻ സൂചിപ്പിച്ചുവെന്നേയുള്ളു. അതിനാണല്ലോ മൈതാനങ്ങൾക്കും , സ്ഥാപനങ്ങൾക്കും , റോഡുകൾക്കുമൊക്കെ പേരിടുന്നത്!

“കുറുപ്പുസാറിൻറെ പേരുകേട്ടപ്പോഴേ കൃഷ്ണപ്രിയ പ്രതികരിച്ചു .

 "എനിക്ക് ഉഗ്രാനോരയിഡിയ . അന്ന് രാജമ്മാൾ മൈതാനത്തുവെച്ചുതന്നെ അഞ്ചാനിമാഷിനൊരു കാസവുള്ള പൊന്നാട. ഒരു പൊന്നാടയിട്ട് ആദരിക്കണമെന്നൊരാഗ്രഹം എന്നോട് ഒരിക്കൽ രെഹസ്യമായിട്ടു പറഞ്ഞിരുന്നില്ലേ? ,അതും നമ്മൾക്കീ കുറുപ്പുസാറിനെക്കൊണ്ട് ചെയ്യിക്കാം “

“ആരെങ്കിലും അറിഞ്ഞാലോ “ പ്രഥമന് പെട്ടന്ന് ഒരുൾഭയം “

“ അതൊക്കെ ഇരുചെവിയറിയാതെ ഞാൻ സാധിച്ചുതരാം.

ബാക്കി കാര്യങ്ങളൊക്കെ മാഷുതന്നെ നേരിട്ട് നോക്കിയാമതി“

“അതിനു അരിയും സാമാനങ്ങളും അങ്ങ് സ്റ്റോറേജിൽ ഇരിക്കുകയല്ലേ “

“അതൊക്കെ ഒരുരാത്രിയിൽ രഹസ്യാമായി ഈ പഞ്ചായത്തു കെട്ടിടത്തിന്റെ ഒഴിഞ്ഞികുടക്കുന്ന മുറിയിലേക്ക് മാറ്റണം . എന്നിട്ടു കുട്ടികളുടെ മാതാപിതാക്കളെ ദിവസവും സമയവും അറിയിക്കണം“

“കോവിഡ് ആയതുകൊണ്ട് മാസ്ക്കില്ലെങ്കിൽ അരിയില്ല തുണിയില്ല എന്നൊരു ബോർഡും ഈ വാതുക്കൽ എഴുതി വെക്കണം” പ്രഥമൻ പറഞ്ഞു.

“അതിനു തുണിയെവിടെ മാഷേ അതൊന്നും സർക്കാരു തരുന്നില്ലല്ലോ”

“എന്നാൽപ്പിന്നെ തുണിയില്ലാതെയുള്ള പരിപാടിമതി “

അഞ്ചാനി ഒരു തമാശ പറഞ്ഞെങ്കിലും അതത്ര ഏറ്റില്ല. അതുകേട്ടു കൃഷ്ണപ്രിയ ഒന്നും മനസ്സിലായില്ല എന്ന ഭാവത്തിൽ പ്രഥമനെ ഒന്നു സൂക്ഷിച്ചു നോക്കി“

“ അത് ബോർഡിൽ എഴുതേണ്ടെന്നാ ഞാനുദ്ദേശിച്ചത്“

എന്നുപറഞ്ഞ അപ്പച്ചൻ ഒന്നു ചമ്മിയെങ്കിലും ഒരു മൃദുലമായ ചിരിയിൽ ഒതുക്കി അതു വിട്ടു.

“ചുമ്മാതല്ല അജ്ഞാനി എന്നൊക്കെ നാട്ടുകാരു വിളിക്കുന്നത്”

കൃഷ്ണ പ്രിയയുടെ ആത്മഗതം അവളറിയാതെ വായിൽനിന്നും ഊർന്നിറങ്ങി. അതൊക്കെ പലരും പറഞ്ഞു കേട്ടിട്ടുള്ളതുകൊണ്ടു പ്രഥമൻ അതുകേട്ടതായി ഭാവിച്ചില്ലെങ്കിലും അതറിഞ്ഞികൊണ്ടുതന്നെ കൃഷ്ണപ്രിയ വിഷയം ഒന്നു മാറ്റിപ്പിടിച്ചു.  

“അപ്പോൾ എല്ലാം തീരുമാനിച്ചുറപ്പിച്ചതുപോലെ . ഞാനെല്ലാ ഏർപ്പാടുകളും ചെയ്യാം “

പ്രഥമൻ തലകുലുക്കി സമ്മതിച്ചു .

അങ്ങനെ പ്രാഥമിക നടപടികൾ ഉടൻതന്നെ പ്ലാൻ ചെയിതു. അരിയും പലവ്യഞ്ജനങ്ങളും വിതരണം ചെയ്യാനുള്ള തീയതികൾ തീരുമാനിച്ചു . ഭാഷ്യസാധനങ്ങൾ സ്റ്റോറേജിൽനിന്നും കൊണ്ടുവരാനുള്ള ഏർപ്പാടും അടുത്ത രാത്രിയിൽത്തന്നെ സാധിച്ചു. ബാക്കി കാര്യങ്ങളൊക്കെ പഞ്ചായത്തിലെ മറ്റു സ്റ്റാഫ്‌ അംഗങ്ങളുകൂടി സഹായിച്ചതുകൊണ്ടു എളുപ്പമായിരുന്നു. അങ്ങനെ നിശ്ചയിച്ചുറപ്പിച്ച ആ ദിവസം സമാഗതമായി. നേരം വെളുത്തപ്പോഴേ പഞ്ചായത്തു കെട്ടിടത്തിന്റെ മുൻപിൽ ആൾകൂട്ടമായി.  ഓണക്കാലമായതുകൊണ്ട്, കൃഷ്ണപ്രിയയും വിശാലാക്ഷിയും മറ്റു സ്റ്റാഫ്‌ അംഗങ്ങളും തനി കേരളീയ വേഷത്തിലാണ് എത്തിയത് . അതുകണ്ടു ബോബൻ ഒരു കമൻറ് പറഞ്ഞു .

" ഇന്നത്തെ തരാം കൃഷ്ണപ്രിയതന്നെ ! എന്താ ലുക്ക് "

അത് വിശാലാക്ഷിക്ക് അത്ര ദഹിച്ചില്ല .

" സൂക്ഷിച്ചു പറയണം ഇതും ഒരുതരം പീഡനമാ . ഞങ്ങളൊരു കടലാസുകൊടുത്താൽ പോലീസുവന്നു പൊക്കിയെടുത്തോണ്ടു പോകും "

" അയ്യോ ഞാനൊരു തമാശ പറഞ്ഞതല്ലേ . ഒരു സെൽഫി എടുക്കുന്നതിൽ കുഴപ്പോമൊന്നുമില്ലല്ലോ "

" അങ്ങനെ മര്യാദക്കു വാ "

എല്ലാവർക്കും മാസ്കുണ്ടോ എന്നറിയാൻ ബോബനെയാണ് ഏൽപ്പിച്ചിരുന്നത്,അതയാൾ കൃത്യമായി ചെയ്യുന്നുണ്ട് . എന്നാലും മാസ്ക്കില്ലാതെ വന്ന ഒരു ചേട്ടനോടു മാസ്ക്കു വേണമെന്നു ആജ്ഞാപിച്ചപ്പോൾ അയാൾ പബ്ലിക്ക് ആയി തുണിപൊക്കി കാണിച്ചു! .

 “സ്ത്രീകളും കുട്ടികളുമൊക്കെയുള്ള സ്ഥലമല്ല ചേട്ടൻ അടിവസ്ത്രം ഇടാൻ മറക്കാഞ്ഞത് മഹാഭാഗ്യം” എന്നുപറഞ്ഞു സംഭവസ്ഥലത്തുവെച്ച് ഉറക്കെ ചിരിച്ചത് വിശാലാക്ഷിയാ. ആ തമാശ പ്രഥമന് അത്ര ഇഷ്ട്ടപെഞ്ഞത്കൊണ്ട് ഫോട്ടോ കാരൻ ബോബൻപോലും ആദ്യം ചിരിച്ചില്ല .ബാക്കിയുള്ളവർ ചിരിയൊന്നടക്കിപിടിച്ചുവെങ്കിലും അത് പൊട്ടിച്ചിരിയായി പടർന്നു. ഇത്തിരി മസിലുപിടിച്ചെങ്കിലും അഞ്ചാനിയും ചിറിയിത്തിരി കോട്ടി ഒന്ന് പുഞ്ചിരിച്ചെന്നു വരുത്തി. അടിച്ചു പൂക്കുറ്റിയായ ആ ചേട്ടനെ നാട്ടുകാരുതന്നെ കൈകാര്യം ചെയ്തതുകൊണ്ട് മറ്റു പറയത്തക്ക പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ചില സിനിമകളിലെ വില്ലന്മാരെപോലെ

“എല്ലാത്തിനെയും ഞാൻ എടുത്തോളാം”

എന്ന് മാറിനിന്നു വെല്ലുവിളിച്ചിട്ട് ആളു മുങ്ങി.

ഫോട്ടോഗ്രാഫർ ബോബൻ അതെല്ലാം ലൈവ് വീഡിയോയിലിട്ടതുകൊണ്ടു സംഗതി വൈറലായി . അങ്ങനെ ആറ്റുങ്കരയിലെ അരിവിതരണം ലോകപ്രസ്തിനേടി. സ്ഥലം പോലീസ് സ്റ്റേഷനിലേക്ക് ആരോഗ്യമത്രി വിജയമ്മയുടെ വിളിവന്നു . എസ ഐ കുഞ്ഞാലിക്കുട്ടിയാണ് ഫോൺ എടുത്തത് . വിജയമ്മ ഇത്തിരി ദേഷ്യത്തിലായിരുന്നു .

“എഡോ തന്റെ മൂക്കിന് കീഴിൽ നടന്ന അഴിമതിയൊന്നും  താനറിഞ്ഞില്ലേ “

“ ക്ഷമിക്കണം മാഡം ഞാനും എല്ലാം ഇപ്പോൾ ലൈവ് ആയി കണ്ടു തീർന്നതേയുള്ളു. ഉടൻതന്നെ പഞ്ചായത്തിൽ വിളിച്ചുരുന്നു “

“ എല്ലാവരെയും ചോദ്യം ചെയ്യണം . സർക്കാരുവക ഭാഷ്യസാധനങ്ങൾ പൂഴ്ത്തിവെക്കുക, ദുരുപയോഗം ചെയ്യുക എല്ലാത്തിനും ഉടൻതന്നെ ചാർജ്ജ് ചെയ്യണം“

“ ഭഷ്യ സാധനങ്ങൾ നശിച്ചുപോകാതിരിക്കാൻ

പാവങ്ങൾക്ക് വിതരണം ചെയ്യുകയായിരുന്നു എന്നാ പ്രെസിഡൻഡ് അഞ്ചാനീ അപ്പച്ചൻ പറഞ്ഞത്, പ്രതിപക്ഷം എം എൽ എ കുറുപ്പുസാറിന്റെ നേതൃത്വത്തിലായിരുന്നെന്നും പറഞ്ഞു.

“ കാര്യങ്ങളൊക്കെ ഞാനറിഞ്ഞു, ആ കുറുപ്പുതന്നെയാ ഇതിന്റെയെല്ലാം പിന്നിൽ . എന്തായാലും താനിനി അധികം വിശദീകരിക്കണമെന്നില്ല. പറഞ്ഞതുപോലെ അങ്ങ് ചെയ്‌താൽ മതി “

“യെസ് മാഡം “

എസ ഐ കുഞ്ഞാലിക്കുട്ടി ഭവ്യതയോടെ പറഞ്ഞിട്ട് ഉടൻതന്നെ അന്ന്വേഷണത്തിന് ഉത്തരവിട്ടു. എസ ഐ സാറിന്റെ ഫോൺ വന്നപ്പോഴേ എല്ലാവർക്കും കാര്യങ്ങൾ മനസ്സിലായി . ഒക്കെ ആ ബോബന്റെ ഫോട്ടോഭ്രാന്താ. ഫോൺ കൂടാതെ ക്യാമെറായും തോളിലിട്ട് ഏതു പരിപാടിക്കും പ്രത്യക്ഷപ്പെടും. പക്ഷെ എടുക്കുന്ന  പടങ്ങൾ അധികവും സ്ത്രീകളുടെ കൂടെയുള്ള സെൽഫിയായിരിക്കും എന്നുമാത്രം. ഒരനാവശ്യചെലവ് ഒഴിവാക്കാമെല്ലോ എന്നേ പ്രഥമൻ അഞ്ചാനിയും വിചാരിച്ചുള്ളു. പക്ഷെ ഒരാൽബം ഉണ്ടാകണമെങ്കിൽ ഫോട്ടോക്കാരനു നോട്ടെണ്ണി കൊടുക്കണം. അതൊന്നുമല്ലല്ലോ ഇപ്പോഴത്തെ പ്രശനം

ചേട്ടൻ തുണിപൊക്കിയ വീഡോയോ സോഷ്യൽ മീഡിയായിൽ വൈറൽ ആയി. അതൊന്നുമറിയാതെ

അവർ വിചാരിച്ചതുപോലെ കാര്യങ്ങൾ നടന്നു . പ്രഥമൻ കാറിൽ ഒളിപ്പിച്ചു വെച്ചിരുന്ന കാസവുള്ള ഒരു പൊന്നാട രഹസ്യമായി പ്രിയയേ നേരത്തെ ഏൽപ്പിച്ചിരുന്നു. സ്ഥലം എം എൽ എ കുറുപ്പുസാർ അത് സന്തോഷപൂവം പ്രഥമൻ അഞ്ചാനിയെ പുതപ്പിക്കുകയുംചെയ്യിതു. ഫോട്ടോ ബോബൻ എല്ലാം പല ആംഗ്ളിൽനിന്നും എടുത്തു.സോഷ്യൽ മീഡിയായിൽ പ്രഥമൻ ഭക്ഷണ സഞ്ചി കൊടുക്കുന്നതും അയാളെ പൊന്നാട അണിയിക്കുന്നതുമായ പടങ്ങളും പോസ്റ്റ് ചെയിതു. കൃഷ്ണപ്രിയയുടെ ഒരു കുറിപ്പുകൂടിയാട്ടപ്പോൾ സംഗതി കിടുവായി. പക്ഷെ വീഡിയോ വൈറൽ ആയതോടെ അവരുടെ ശനിദിശയും തുടങ്ങി. മുകളീന്ന് വിളിവന്നന്നു മാത്രമല്ല , എസ ഐ കുഞ്ഞാലിക്കുട്ടിയോടൊപ്പം രണ്ടു ജീപ്പിൽ പോലീസുകാരുമെത്തി എല്ലാവരെയും ചോദ്യം ചെയിതു . ട്രിപ്പിൾ ലോക്ക് ഡൌൺ വകവെക്കാതെ കൂട്ടം കൂടിയതിനും സർക്കാർവക അരിയും സാധനങ്ങളും പൂഴ്ത്തിവെച്ചതിനും കേസെടുത്തു . പ്രഥമൻ പല ന്യായങ്ങളും പറഞ്ഞു നോക്കിയെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല.

അന്നുതന്നെ കളക്ടർ പുതിയ ഉത്തരവിട്ടു . ആഹാരമേളയിൽ പങ്കെടുത്ത എല്ലാവരും ക്വാറന്റീനിൽ പോകണമെന്നും കോവിഡ് പരിശോധനക്ക് വിധേയരാക്കണമെന്നും. മുണ്ടു പൊക്കിക്കാണിച്ച ചേട്ടനെയും വീഡോയോയിൽ നോക്കി കുഞ്ഞാലിക്കുട്ടി കയ്യോടെ പൊക്കി. കളക്റ്ററുടെ ഉത്തരവു പ്രകാരം മെമ്പറുമ്മാരെല്ലാം കോവിഡ് പരിശോധനക്കു പോയതുകൊണ്ട് പ്രഥമനും പോകാതിരിക്കാൻ കഴിഞ്ഞില്ല. മൂന്നാം ദിവസമാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആ വാർത്ത വന്നത്. പ്രഥമനും ,ഫോട്ടോ ബോബനും  പഞ്ചായത്തു സെക്രട്ടറി കൃഷ്ണപ്രിയക്കും, കോവിഡ് . കൂടെ നിന്ന വിശാലാശിക്കു കിട്ടിയതുമില്ല . അതിൽ കൃഷ്ണപ്രിയക്കിത്തിരി അമർഷമുണ്ട്. ഉള്ളിൽ വൈറസ് അല്ലെ നിറഞ്ഞിരിക്കുന്നത് അപ്പോൾപിന്നെ പുറത്തിനുള്ള ഒരു വൈറസും വിശാലാക്ഷി ചേച്ചിയെ ബാധിക്കില്ല എന്നൊരു തമാശ പറഞ്ഞതിൽത്തന്നെ അതുണ്ട്.

മറ്റു സഹപ്രവർത്തകരെല്ലാം ഓഫിസിലെത്തിയെങ്കിലും അകലം പാലിക്കണമെന്നു നിയമമുണ്ട്. എല്ലാവരും ഭീതിയുടെ നിഴലിലാണ് . ഭക്ഷണപ്പൊതി മേടിക്കാൻ വന്ന നാട്ടുകാരും. ക്വാറന്റീനിൽ പോകണമെന്നാ പോലീസിന്റെ ഉത്തരവ് . എല്ലാത്തിനേം എടുത്തോളാമെന്നു പറഞ്ഞു തുണിപൊക്കിയ ചേട്ടന്റെ റൂട്ടുമാപ്പ്‌ നോക്കിയപ്പോൾ അയാൾ നേരെപോയതു പുഴക്കരയിലുള്ള ഉപഷാപ്പിലേക്കാ അതുകഴിഞ്ഞു ഒറ്റയ്ക്ക് താമസിക്കുന്ന അലക്കുകാരി കല്ല്യാണിയുടെ വീട്ടിലേക്കും . അതിനൊന്നും അത്ര വാർത്താപ്രാധാന്ന്യം കിട്ടിയില്ല. പക്ഷേ ആ സംഭവത്തോടെ ഷാപ്പും പൂട്ടി സീലുവെച്ചു. പഞ്ചായത്തോഫീസും പൂട്ടണമെന്നാണ് പോലീസ് ഉത്തരവിൽ പറയുന്നത്. അതറിഞ്ഞപ്പോഴേ വിശാലാക്ഷി പറഞ്ഞു.

“ഇതിപ്പം അങ്ങ് വാരണാസിയിൽ കുംഭമേളക്ക് കൂട്ടം കൂട്ടമായി മുങ്ങാൻ പോയവരുടെ അവസ്ഥയിലായി .

പങ്കെടുത്തവരൊക്കെ പണികിട്ടുന്നുണ്ട് . അജ്ഞാനിയാണെങ്കിലും പ്രെസിഡെന്റ് പ്രവചിച്ചതിലും കാര്യമുണ്ട്, ഇതുതന്നെയാണ് അന്തികൃസ്തു. ജാതീം മതോം വാഗ്ഗവും നോക്കാതെ എല്ലാവരെയും കയറിപ്പിടിച്ചില്ലേ.

 “വന്നുവന്നിപ്പം പഞ്ചായത്തിൽ മാത്രമല്ല കേരളം മുഴുവനും

ക്വാറന്റീൻ ആയില്ലേ, വിനാശകാലേ വിപരീത ബുദ്ധി “

വിശാലാക്ഷി കുറച്ചുകൂടി വിശാലമായി പറഞ്ഞതാണെങ്കിലും ആരും ചിരിച്ചില്ല .മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക