കുറച്ചു ദിവസമായി ഉറക്കം കിട്ടുന്നത് രാവിലെ നാലുമണിക്കുശേഷം. . ആറു മണിയുടെ അലാറം പിന്നേയും പിന്നേയും എന്നെ ശല്യപ്പെടുത്തികൊണ്ടിരുന്നു. ശല്യം സഹിക്കാതെ പതുക്കെ എഴുന്നേറ്റ് അടുക്കളയിലെത്തി. എന്നത്തേയും പോലെ ബെഡ് കാഫിയും, ചായയും സുന്ദരിയായ ഇഡലിയും തയ്യാറാക്കി. അപ്പോഴാ ഇഡലി രാവിലെയെന്നോടൊരു പൊന്നാരം പറഞ്ഞത്. എന്റേ ചാച്ചി നിങ്ങക്ക് ഏതു പലഹാരാ കൂടുതലിഷ്ടം രാവിലെ മൂടിപ്പുതച്ചു കിടക്കാന്‍ പറ്റാത്തതിനാല്‍ മുഖം ഒന്നു കോക്രിച്ച് കൊടജാരിഷ്ടം കഴിച്ച അവസ്ഥയില്‍ നില്‍ക്കുന്ന എന്നോടാണ് ചോദ്യം. വെളുത്തു സുന്ദരിയായ ഇഡലികുട്ടി അത്ര സുഖിക്കണ്ട എന്നമട്ടില്‍ ഞാന്‍ തൊട്ടു കാണിച്ചു. തൊട്ട സന്തോഷത്താല്‍ ഇഡലി രണ്ടു ചാട്ടം. യുേറേക്കാ എന്നൊരു വിസിലടിയും. എന്നേകുറിച്ചങ്ങ് എഴുതു ചാച്ചി. നിങ്ങടേയ് കുട്ടിക്കാലത്ത് എന്നെ വച്ച് കളിച്ച കളികളൊക്കേ.. പുട്ടും, ദോശയും, ഉപ്പുമാവും ഒന്നു കുശുമ്പട്ടെയപ്പാ.
ശരിയാണ് ഇഡലിക്കറിയാം അതിനോടുള്ള എന്റെ ഇഷ്ടം. എല്ലാവരും പറയും ഇഡലിയുണ്ടാക്കാന്‍ എന്താപ്പാ ഇത്ര പണിം പണിയുണ്ട് തലേദിവസം ഉഴുന്നും അരിയും വെള്ളത്തില്‍ കുതിര്‍ക്കാനിടണം. എന്റേ പൊന്നു വലിയമ്മയുടേ കണക്കനുസരിച്ച് ഒരുഗ്ലാസ് പുഴുങ്ങലരി ഒരുഗ്ലാസ് പച്ചരി അതിനനുസരിച്ച് ഒരു ഗ്ലാസ് ഉഴുന്ന്. കുറച്ച് ഉലുവയും. ക്വാണ്ടിറ്റി അനുസരിച്ച് എല്ലാം കൂട്ടാം. വൈകുന്നേരം കഴുകി വൃത്തിയാക്കി അരിയും ഉഴുന്നും വേറേ അരച്ചുവെച്ച് ഒരുകലക്കികൂട്ടലുണ്ട്.ഉഴുന്ന് നല്ല പേസ്റ്റു പോലേ അരയണം. അരകല്ലില്‍ അരക്കുകയാണേല്‍ ബഹുകേമം. രാവിലേ എഴുന്നേറ്റ് നോക്കുമ്പോള്‍ മാവ് പൊങ്ങി വന്ന് നമ്മളേ നോക്കി പുഞ്ചിരിക്കുന്നുണ്ടാകും. ഇതുകൊണ്ടുണ്ടാക്കുന്ന ഇഡലി സ്‌പോഞ്ചുപോലേ മൃദുലം. ഒന്നു കഴിച്ചാല്‍ രണ്ടും മൂന്നും നാലും കഴിക്കുന്നതറിയില്ല. എന്റേ ഒരിതുവച്ച് ഇഡലിയാണ് പലഹാര റാണി. ഇഡലിയോടൊപ്പം തേങ്ങാ ചമ്മന്തി, ഉള്ളിചമ്മന്തി പൊട്ടുകടല ചട്ട്ണി, സാമ്പാറ്, കടലക്കറി, ചിക്കന്‍കറി, മട്ടണ്‍ കറി എന്നുവേണ്ട ഇഡലി രസംക്കൂട്ടി കഴിക്കാന്‍പോലും സ്വാദിന്റേ സ്വാദാ.
എന്തായാലും ഞാനും ഇഡലിയും തമ്മില്‍ മുജ്ജന്മ ബന്ധമാണ്. കുട്ടിക്കാലം മുതല്‍ ഇഡലിയോടാണ് പ്രിയം. എന്റെ തറവാട്ടില്‍ ഏറ്റവും നന്നായി രാവിലത്തെ പ്രാതലിനുള്ള പലഹാരം ഉണ്ടാക്കുന്നത് അമ്മയുടേ മൂത്ത ചേച്ചി പൊന്നു വലിയമ്മയായിരുന്നു. ഇപ്പോള്‍ വലിയമ്മ ജീവിച്ചിരിപ്പില്ല. സ്‌ക്കൂള്‍ പൂട്ടുന്ന സമയത്ത് തറവാട്ടില്‍ ഒരു പാട് തിരക്കാണ്. അമ്മമ്മക്ക് 13 മക്കള്‍. അവരുടെ മക്കളും മക്കളുടേ മക്കളുമൊക്കെയായി ജഹപൊഹയാണ് വെക്കേഷന്‍ കാലം. അടിച്ചുപൊളിക്കും. ആ സമയത്തൊക്കെ രാവിലേ ഇടക്ക് ഇഡലിയുണ്ടാക്കും. വൈകുന്നേരം വലിയമ്മ എന്നേയും എന്നെപ്പോലേ വികൃതിയായ അമ്മാവന്റേ മകളേയും വിളിക്കും. ഞങ്ങള്‍ തമ്മില്‍ ഒരു വയസ്സ് വ്യത്യാസമേ ഉള്ളൂവെങ്കിലും കാണാന്‍ ഒരു പോലിരിക്കും. അതുപോലേതന്നേ ഒരമ്മപെറ്റമക്കളെപ്പോലേയാണ് ഞങ്ങള്‍ രണ്ടുപേരും. വികൃതികളായ ഞാനും, മിനിയും എല്ലാ കുരുത്തക്കേടുകള്‍ക്കും, എന്തു പണി ചെയ്യാനും മുന്നിലാണ്. രണ്ടും ആണായി ജനിക്കേണ്ടതാ എന്നു കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ കണ്ണില്‍ കൂടുതല്‍ കരിമഷി എഴുതാനും കരിവളയിടാനും ചാന്ത് പൊട്ട് മാറിമാറി തൊടാനും തുടങ്ങി. കാരണം ഞങ്ങള്‍ക്ക് പെണ്ണായാല്‍ മതി. ഇന്ദിരാഗാന്ധിയേ മനസ്സില്‍ പൂജിക്കുന്ന കാലമാണ് ഞാനന്ന് .അച്ഛന്റേ കൂടേ ഒറ്റപ്പാലം NSS സ്‌കൂളില്‍ ഇന്ദിരാഗാന്ധി വന്ന സമയത്ത് കാണാന്‍ പോയിരുന്നു. ഇന്ദിരാഗാന്ധിയുടെ പ്രസംഗം അതിനേക്കാള്‍ ഞാനിഷ്ടപ്പെട്ടത് ആ മൂക്കാണ്. കണ്ണാടിയില്‍ നോക്കി ഞാനെന്റെ മൂക്ക് വലിച്ചു നീട്ടാന്‍ ഒരുപാട് ശ്രമിച്ചിട്ടുണ്ട്. എന്റെ അച്ഛന്റേ മൂക്കും അനിയന്റെ മൂക്കും വലുതാണ്. കണ്ണാടിയില്‍ എന്റെ മൂക്കു നോക്കി ഞാന്‍ സ്വയംകൊഞ്ഞനം കുത്തിയിട്ടുണ്ട്. ഒടുവില്‍ ഇന്ദിരാഗാന്ധിയായില്ലേലും എന്തെങ്കിലുമൊക്കെയാവണം എന്ന് ചിന്തിച്ചുകൂട്ടിയ നാളുകള്‍. എന്തായാലും അരിയാട്ടാന്‍ വിളിക്കുന്ന ഞങ്ങളുടെ അവസ്ഥ മാങ്ങണ്ടിപോയ അണ്ണാനെപ്പോലെയാണ്. ഒരുപാടു കുട്ടികള്‍ അവരുടേ എല്ലാം ലീഡര്‍ ഞങ്ങളാണ്. വന്നവരെല്ലാം വരത്തരല്ലേ ഞങ്ങളാണേല്‍ തറവാട്ടില്‍തന്നെ. അതുകൊണ്ട് ആ ഗമയും ഞങ്ങള്‍ക്കുണ്ട്. ചിറകെട്ടിയ വെള്ളത്തില്‍ മലന്നും കമഴ്ന്നും ചെരിഞ്ഞും നീന്തും. അരയാലിന്റേ മുകളില്‍ നിന്നും വെള്ളത്തിലേക്ക് ചാടും, മരംകയറും, ഊഞ്ഞാലില്‍ ഇരുന്ന് ഉയരത്തിലാടി ഞങ്ങള്‍ മരം തൊടും. ഇതൊക്കെ കണ്ട് എന്തതിശയമേ എന്ന് അത്ഭുതത്തോടെ കൊയമ്പത്തൂരില്‍ നിന്നും വന്നവരും ബാംഗ്ലൂരിലും മറ്റു സ്ഥലങ്ങളില്‍ നിന്നും വന്ന കുട്ടികളും നോക്കി നില്‍ക്കും. ഈ വീരശൂരപരാക്രമങ്ങള്‍ കാണിച്ച് തകൃതിയായി കളിക്കുന്ന ഞങ്ങളെയാണ് അരിയാട്ടാന്‍ വിളിക്കുന്നത്. രണ്ടുപേരും കണ്ണില്‍ കണ്ണില്‍ നോക്കി നമ്മളെന്താ ഇസ്‌പേര്‍ഡ് ഏഴാംകൂലികളോം എങ്ങനെ പ്രതികരിക്കും. നാവ് വായില്‍ തന്നേ വെച്ചു. ഇന്നാണേല്‍ ബാലവേലക്ക് കേസുകൊടുക്കാമായിരുന്നു. ഞങ്ങളുടെ ഡ്യൂട്ടി തുടങ്ങി.
പണിക്കു നില്‍ക്കുന്ന കുഞ്ഞമ്മായി(കുഞ്ഞയേ ഞങ്ങള്‍ കുട്ടികള്‍ കുഞ്ഞമ്മായി എന്നു വിളിക്കും) അരകല്ലില്‍ ആട്ടിതരുമ്പോള്‍ ഞങ്ങള്‍ അത് മാടി ഒതുക്കി കൊടുക്കണം.ഉഴുന്ന് ഞാന്‍ മാടി കൊടുക്കും. അരി അവളും. ഉഴുന്ന് പേസ്റ്റ് പോലെ അരയണം വലിയമ്മ വന്നു പറയും. ആരൊക്കെയോ വിരുന്നുകാര്‍ വന്നതുകൊണ്ട് വലിയമ്മ ആ വഴിക്ക് വരുന്നില്ല. ഞങ്ങളുടെ ബുദ്ധിയില്‍ സൂത്രമുതിച്ചു. കുഞ്ഞമ്മായിയെ 1 പുറത്തു ഉണക്കാനിട്ട വിറക് നെടുമ്പരയില്‍ വെക്കാന്‍ ഞങ്ങള്‍ പറഞ്ഞയച്ചു. ഉഴുന്ന് പേസ്റ്റുപോലേയല്ല ഉമിക്കരിപോലേ ഞങ്ങള്‍ അരച്ചുവെച്ചു. അരിയും ഉഴുന്നും കൂട്ടിയോജിപ്പിച്ച് കുഞ്ഞമ്മായിയും ഫ്രീയായി.
ഞങ്ങളുടെ വികൃതികള്‍ തകൃതിയായി നടന്നു. പിറ്റേന്ന് കുളിയും തേവാരവും കഴിഞ്ഞ് അടുക്കളയിലേക്ക് ചെന്നപ്പോഴാണ് അവിടെ ഇന്ത്യ പാക്കിസ്ഥാന്‍ യുദ്ധമാണ്. ഇഡലി ബോംബായി ഞങ്ങളെ നോക്കി ഒന്നു ചിരിച്ചു. എന്നേ കണ്ടപ്പോള്‍ വലിയമ്മ ശൂര്‍പ്പണഘയേപ്പോലേ രണ്ടലറല്‍. ഇഡലികണ്ടോ കല്ലുപോലേയുണ്ട്. കാര്യം പന്തിയല്ലെന്ന് കണ്ടപ്പോള്‍ പിന്നില്‍ നിന്ന കൂട്ടുകാരി മുങ്ങി. ഞാനകപ്പാടെ തൃശങ്കു സ്വര്‍ഗ്ഗത്തിലും. ഇഡലിമുഴുവന്‍ ഇവരെകൊണ്ട് തീറ്റിക്കണം. വലിയമ്മ ദേഷ്യം കൊണ്ട് ഉറഞ്ഞു തുള്ളുന്നു കൂട്ടിന് എന്റേ അമ്മയും. അപ്പോഴേക്കും എന്റേ ഭാനു വലിയമ്മയും തങ്കവലിയമ്മയും എത്തി എന്നേ എന്നത്തേയും പോലേ രക്ഷിക്കുകയും ജാമ്യമെടുത്തുതരികയും ചെയ്തു. മതി പൊന്നുഏടത്തി കുട്യോള്‍ക്കെന്തറിയാനാ. ഇനി അവരേ അരക്കാന്‍ ഏല്‍പ്പിക്കണ്ട. ചെറിയകുട്ടിയോ, പത്തുപന്ത്രണ്ടു വയസ്സായി എന്നെ നോക്കി കണ്ണുരുട്ടുന്ന അമ്മ. ഹോ അമ്മയുടേ ഭാവംകണ്ടാല്‍ തോന്നും പത്തുപന്ത്രണ്ടു വയസ്സില്‍ അമ്മ മലമറിച്ചിരുന്നൂ എന്ന്. ഹും എന്നൊരു മൂളലും കൊടുത്ത് ഞാനവിടെ നിന്ന് രക്ഷപ്പെട്ടു. എന്തായാലും കല്ലിഡലിയായാലും വയറുനിറച്ചു ഞാന്‍ ശാപ്പിട്ടു. കാരണം ഇഡലിയെനിക്കത്ര ഇഷ്ടമാണ്. ഇപ്പോഴും ആരും കഴിച്ചില്ലേലും ഇഡലി ഒരുപാട് ഉണ്ടാക്കി വെക്കും. രാത്രി വരെ എന്നെനോക്കി ചിരിച്ചിരിക്കുന്ന സുന്ദരിയേ മൂന്നു നേരവും ഞാന്‍ കഴിക്കും. ഇഡലിയോട് ഇഷ്ടമാണങ്കിലും വീട്ടിലുള്ളവരുടേ സ്വാദും നോക്കി ദോശയും, പുട്ടും, നൂല്‍പ്പുട്ടും ഉപ്പുമാവും, അടയും മാഗിയുമൊക്കെ ഇടക്കിടെ എന്റേ തീന്‍മേശയില്‍ വിരുന്നുകാരായി എത്താറുണ്ട്.