വേടന്റെ അമ്പിനാല്‍ മുറിവേറ്റ പക്ഷി തന്‍
വേദനിക്കും സ്വരം എങ്ങും മുഴങ്ങവെ
പ്രതികരിക്കാനാരുമില്ലായിരുന്നുവോ
അതുവഴി വീശും സമീരനല്ലാതെ!
ചുടുനിണം ധാരയായൊഴുകുന്ന നേരം
പിടയുന്നൊരാ ദേഹി പിരിയുമ്പോഴും
തെല്ലൊരഹന്തയില്‍ പുഞ്ചിരിക്കുന്നുവോ
വില്ലുതന്‍ കൈയ്യിലുയര്‍ത്തിയ ഹിംസകന്‍!
പാവമാ പക്ഷിതന്‍ ശാപമെന്നപോല്‍
മാരുതന്‍ ഒരു കൊടുങ്കാറ്റായി മാറവെ
പാടേ നിലംപൊത്തിയലറുന്ന വേടന്റെ
കാതിലാരോ അശരീരിയായ് മൂളി:
ദുഷ്ടാ, നികൃഷ്ടമീ കര്‍മ്മം നീ ചെയ്കിലും
തുഷ്ടനായ് മേവിടാമെന്നു നിനച്ചുവോ
അന്ധകാരത്തിനെ കണ്ണുകള്‍ പൂട്ടി നീ
ബന്ധനത്തില്‍ വെയ്ക്കുവാന്‍ ശ്രമിക്കുന്നുവോ
ചിന്തിച്ചിടേണമീ കൂരിതള്‍ നിന്നെ
പിന്തുടര്‍ന്നിടും നിന്‍ അന്തകനാകാന്‍!!