Image

പാമ്പും കോണിയും - നിർമ്മല (നോവൽ - 55 )

Published on 17 July, 2021
പാമ്പും കോണിയും - നിർമ്മല (നോവൽ - 55 )
ആശുപത്രിയിൽ നിന്നും നേരത്തേ ഇറങ്ങിയ തെയ്യാമ്മയ്ക്ക് വിശന്നു. അവർക്കു വീട്ടിലേക്കു പോവാൻ തോന്നിയില്ല. ഇരുണ്ട മുഖവുമായി ഈപ്പൻ കംപ്യൂട്ടറിന്റെയോ ടി. വി .യുടെയോ മുന്നിലുണ്ടാവും. എന്തുണ്ടാക്കിക്കൊടുത്താലും അതൃപ്തഭാവമാണ് ഈപ്പന്റെ മുഖത്ത്. ചിരിക്കാതെ, ഒരിക്കലും മുഖത്തു നോക്കാതെ വേറേതോ ലോകത്തിലെന്നപോലെ ഈപ്പൻ ഭക്ഷണം കഴിക്കുമ്പോൾ തെയ്യാമ്മയ്ക്ക് ഉച്ചത്തിലൊന്നു പാട്ടുപാടാൻ തോന്നും.
എന്തിനാണു ധൃതിപിടിച്ച് ആ തണുപ്പിലേക്കു പോകുന്നത് ?
തെയ്യാമ്മ പറയാതെ തന്നെ കാറ് മക്ഡോണൾസിലേക്ക് തിരിഞ്ഞു. ബിഗ്മാക്കിന് തീരെ രുചിയില്ലെന്നു തെയ്യാമ്മയ്ക്കു തോന്നി. കുറച്ചു കഞ്ഞിയും പയറും നല്ല നാരങ്ങ അച്ചാറും പപ്പടവും കൂട്ടിയൊന്നു കഴിച്ചിട്ടെത്ര കാലമായെന്ന് തെയ്യാമ്മയോർത്തു. ഈപ്പന് അതൊന്നും ഇഷ്ടമല്ല.
നാക്കിന്റെ ഒരു വശത്തായിട്ടാണു തടിപ്പ്. ഓപ്പറേഷൻ , റേഡിയേഷൻ, സംസാരം തന്നെ നിലച്ചു പോയേക്കാം. നാവേ നഷ്ടപ്പെട്ടു പോകാം. ഈപ്പന്റെ വെറുപ്പ് ഇരട്ടിയാവും എന്ന് തെയ്യാമ്മയുടെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു. 
ദിവസത്തിൽ ഒരിക്കലെങ്കിലും ഈപ്പൻ ആശുപത്രിയിൽ വരുമായിരിക്കുമോ ? ഒരു ഫെബ്രുവരിത്തണുപ്പിൽ ന്യുമോണിയ പിടിച്ചുകിടന്നത് അവൾ ഓർത്തു. ഈപ്പൻ വെറുപ്പുനിറഞ്ഞ മുഖവുമായി കസേര കട്ടിലിനകലത്തേക്കു മാറ്റിയിട്ടിരുന്നു. എന്തു ചോദിച്ചാലും ഒഴിഞ്ഞുമാറി ഉത്തരം ചുരുങ്ങിയ വാക്കുകളിലൊതുക്കും. കൂട്ടുകാരെത്തുമ്പോഴേക്കും ഈപ്പന്റെ മുഖം വിടരുന്നതു കാണാം. സംസാരത്തിന്റെ കെട്ടഴിയുന്നതും അപ്പോഴാണ്.
ഫ്രഞ്ചു ഫ്രൈ തിന്നുമ്പോൾ അറിയാതെ അവൾ നാവിൽ കടിച്ചു. തെയ്യാമ്മയുടെ മുന്നിൽ വല്യപ്പച്ചൻ കഞ്ഞികുടിക്കുന്നു. മുറുക്കും കറുപ്പും കൊടുത്തതായിരുന്നു വല്യപ്പച്ചന്റെ കവിളത്തു ക്യാൻസർ. ചികിൽസ കഴിഞ്ഞപ്പോൾ കവിളത്ത് വലിയൊരു ദ്വാരം. വല്യപ്പച്ചൻ കഞ്ഞി കുടിക്കുമ്പോൾ കവിളിലെ ദ്വാരത്തിലൂടെ കഞ്ഞി പുറത്തേക്കൊഴുകും. അതു കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട് തെയ്യാമ്മ.
- പോ പെണ്ണേ വായിനോക്കാതെ,
എന്ന് ആരെക്കൊണ്ടും പറയിപ്പിക്കാതെ ഒളിഞ്ഞു നിന്നുവേണം നോക്കാൻ . കസേര അരമതിലിനരികിലേക്കു വലിച്ചിട്ട് പാത്രം അരമതിലിൽവെച്ചാണ് വല്യപ്പച്ചൻ കഞ്ഞി കുടിക്കുന്നത്.
നാവു കത്തിച്ചുകഴിഞ്ഞാൽ പിന്നെ ഭക്ഷണം കഴിക്കുന്നതെങ്ങനെ ആയിരിക്കും.
തെയ്യാമ്മയ്ക്കു ശ്വാസംമുട്ടി. കണ്ണീര് ഫ്രഞ്ചു ഫ്രൈയിലേക്കു ഇറ്റിറ്റുവീഴാൻ തുടങ്ങി.
ഈ വയസ്സുകാലത്ത് ഇനിയെന്നാ കരയാനാ .
തെയ്യാമ്മയുടെ വല്യപ്പച്ചൻ കഴിക്കാനും കുളിക്കാനും മാത്രമേ കവിളിലെ കെട്ടഴിച്ചിരുന്നുള്ളു. ബാക്കി സമയത്തെല്ലാം കവിളിലെ സുഷിരത്തെ ഒളിപ്പിച്ചുകൊണ്ട് താടിക്ക് താഴെക്കൂടി തലയ്ക്കു മുകളിലായി രണ്ടറ്റവും കൂട്ടിക്കെട്ടും.
തലയിൽ കെട്ടിയ തോർത്തിനടിയിൽ കൂട്ടിക്കെട്ട് ഒളിച്ചിരുന്നു. വടിയും കുത്തി വല്യപ്പച്ചൻ പകൽപോലെതന്നെ രാത്രിയിലും ഗാംഭീര്യത്തോടെ നടന്നു, ആരെയും പേടിക്കാതെ. ഒന്നിനെയും പേടിക്കാതെ. പറമ്പുകളിൽ ചുറ്റിനടന്ന കടിയൻ നായകളും പൊത്തുകളിൽനിന്നും പുറത്തുവരുന്ന വിഷപ്പാമ്പുകളുമൊന്നും വല്യപ്പച്ചനെ ശല്യപ്പെടുത്തിയതേ ഇല്ല.
പെട്ടെന്ന് വളരെ പെട്ടെന്ന് ആ മണം മൂക്കിലേക്കു വന്നു. തണുപ്പിന്റെ ഏകാന്തതയുടെ മണം. കേട്ടുപരിചയമുള്ള ഒരു ബന്ധുവിന്റെ വീട്ടിലേക്കാണ് തെയ്യാമ്മ ആദ്യം വന്നത്. മിന്നും മന്ത്രകോടിയുമായി ഈപ്പൻ വരുന്നതുവരെ ആ വീട്ടിലായിരുന്നു താമസം. അവരുടെ കണ്ണിൽ, ശബ്ദത്തിൽ പെരുമാറ്റത്തിൽ എല്ലാം തെയ്യാമ്മയൊരു ഭാരമാണെന്ന വസ്തുത തെളിഞ്ഞു നിന്നിരുന്നു. ഒന്നിറങ്ങി പോകാമോ എന്ന ഭാവം. എങ്ങോട്ടു പോകണമെന്നറിയാതെ അന്ന് തെയ്യാമ്മ വിഷമിച്ചു. ഒരു ദിവസത്തേക്ക്, ഒരു നേരത്തേക്ക് , എങ്ങോട്ടെങ്കിലും പോകാനുണ്ടായിരുന്നെങ്കിൽ എന്ന് അന്ന് തെയ്യാമ്മ ആഗ്രഹിച്ചു. തെയ്യാമ്മ പറ്റുന്നത്ര ഓവർടൈം ചെയ്തു. ശനിയും ഞായറും ജോലി ചെയ്യാൻ അവൾ എപ്പോഴും തയ്യാറായിരുന്നു.
എന്നിട്ടും ദിവസത്തിന്റെ ഒടുക്കം, ആഴ്ചയുടെ ഒടുക്കം ചെന്നെത്തിയത് വെറുപ്പിന്റെ സമുദ്രത്തിൽ . സമുദ്രത്തിൽ മുങ്ങിത്താണ് ശ്വാസംമുട്ടി ഒരു കുടന്ന വായുവിന് തെയ്യാമ്മ പിടഞ്ഞു. ഒരുതുള്ളി സ്നേഹം, കരുണ, സഹാഭൂതി.
- ഫൂ തീറ്റിപ്പോറ്റുന്നതു പോര, തിന്നുകൂട്ടുന്ന ചോറിനു കണക്കുണ്ടോ ?
ചോറ് തൊണ്ടയിൽ തടഞ്ഞു.
ഭക്ഷണം മതിയാക്കി തെയ്യാമ്മ മക്ഡോണൾസിൽനിന്നും പുറത്തിറങ്ങി. വഴിയിൽ ഉപ്പുവിതറിക്കൊണ്ട് വലിയൊരു ട്രക്ക് മുമ്പിലായിട്ടുണ്ടായിരുന്നു. അതുകൊണ്ട് തെയ്യാമ്മ ഡ്രൈവിങ് പതുക്കെയാക്കി. തെയ്യാമ്മയുണ്ടാക്കുന്ന വിഭവങ്ങൾ രുചിയോടെ കഴിച്ചിരുന്നത് ഈനാശുവാണ്. ഈനാശുവിനെ ആരും ഓർക്കാത്തതെന്താണെന്ന് തെയ്യാമ്മ അൽഭുതപ്പെട്ടു. അത് ആദ്യ മരണങ്ങളിൽ ഒന്നായി മറക്കപ്പെട്ടിരിക്കുന്നു. ഓർമ്മകൾ തെയ്യാമ്മയിൽ ആളിക്കത്തുകയാണ്. കത്തിപ്പടരുന്ന ഓർമ്മകളിൽ ധൈര്യം ഭസ്മമായിപ്പോകുന്നു.
പസഫിക്കിൽനിന്നും ചൂടുകാറ്റു വരുന്നുണ്ടെന്ന് റേഡിയോയിലെ സുന്ദരശബ്ദം അറിയിച്ചു. കടലിൽനിന്നുംവരുന്ന കാറ്റാണു മുഖത്തെ തഴുകുന്നത് എന്നോർത്തപ്പോൾ തെയ്യാമ്മയ്ക്കു സന്തോഷം തോന്നി. മലകളും തടാകങ്ങളും താണ്ടി തന്നെ കാണാനെത്തുമ്പോഴേക്കും പാവം കാറ്റ് തണുത്തുവിറയ്ക്കാൻ തുടങ്ങും. എന്നാലും തിരമാലയിൽ തട്ടി വരുന്നതാണെന്ന് ഓർക്കുമ്പോൾ തെയ്യാമ്മയ്ക്കു സന്തോഷം. കൊല്ലം ബീച്ചിന്റെ ഓർമ്മയിൽ തെയ്യാമ്മ യുവതിയാവും തനിക്കുവേണ്ടി തിരകളിൽ ആലോലമാട്ടി കടലു കൊടുത്തുവിട്ട കാറ്റ്!
മീനച്ചിലാറ് ഒഴുകിവീഴുന്നതെവിടെയാണ്. എല്ലാ പുഴകളും ഒഴുകിയൊഴുകി സമുദ്രത്തിലെത്തും. പല ദിക്കിലും പല പേരാണെങ്കിലും സമുദ്രങ്ങളെല്ലാം ഒന്നുചേർന്നാണു കിടക്കുന്നത്. മീനച്ചിലാറിന്റെ ഒരംശം എല്ലാ സമുദ്രത്തിലും ഉണ്ടാകും.
വെള്ളത്തിലാണു വളർന്നത്. വെള്ളത്തിലേക്കുതന്നെ പോവുകയും ചെയ്യാം. ഒരു കാറ് വെള്ളത്തിലങ്ങനെ മറഞ്ഞു പോകുന്നത് അപൂർവ സംഭവമൊന്നുമല്ല. ഒന്റേറിയോതടാകത്തിലേക്കു മുങ്ങിമുങ്ങി...
എഴുന്നേൽക്കാൻ വയ്യാതെ തളർന്ന് അങ്ങനെ കിടക്കേണ്ടി വരിക. ഒന്നു വർത്തമാനം പറയാൻപോലും ആരുമില്ലാതെ. നാവുയർത്തി ഒന്നും വർത്തമാനം പറയാനും വയ്യാതെ. ഷൈലയും ആധികാരികമായി നിർദ്ദേശങ്ങൾ തരും, അത്രതന്നെ.
- ചുറ്റും കൂടിനിന്ന് കൊണം പറയാനാളുകാണും. നല്ലവളാരുന്നു. എന്തൊക്കെ ഉപകാരം ചെയ്തിട്ടുണ്ട്.
- ഈ സ്നേഹോം നല്ല വർത്താനോം ചത്തു കഴിഞ്ഞിട്ടെന്തിനാ?
തുരുതുരാ തത്ത്വങ്ങൾ പറഞ്ഞുകൊണ്ട് തെയ്യാമ്മ വണ്ടിയോടിച്ചു. അപ്പോൾ കണ്ണീർ കണക്കില്ലാതെ അവരുടെ മടിയിലേക്കൊഴുകി വീണു കൊണ്ടിരുന്നു.
- സ്നേഹോം കരുതലും എരന്നു വാങ്ങിക്കാനൊള്ളതല്ല. അതൊക്കെ ചോദിക്കാതെ കിട്ടണം. അതിനൊരു ഭാഗ്യംവേണം.
- അതു മാത്രമേ ജീവിതത്തിൽ ഞാനാശിച്ചിട്ടൊള്ളൂ. വന്നൊന്നു കെട്ടിപ്പിടിക്കാൻ വളർത്തിയ കുഞ്ഞുങ്ങളുപോലും കൂടില്ലല്ലോ ദൈവമേ.
ഓടിക്കൊണ്ടിരുന്ന കാറിനുള്ളിലിരുന്ന തെയ്യാമ്മ അലറിക്കരഞ്ഞു. ആരും കേൾക്കാനില്ല. അതായിരുന്നു അവരുടെ സങ്കടവും ആശ്വാസവും. തെയ്യാമ്മയുടെ കരച്ചിലു കേൾക്കാനാരുമില്ലല്ലോ.
ഈപ്പൻ ഒരിക്കലും ഒന്നു കെട്ടിപ്പിടിക്കില്ല. ഉമ്മവെക്കില്ല. അതൊക്കെ എങ്ങനെയായിരുന്നെന്ന് തെയ്യാമ്മയ്ക്കറിയില്ല. ഇനി ഈ ജന്മത്ത് ഒരിക്കലും അറിയില്ല. എന്നെങ്കിലും അതൊക്കെ അറിയുമായിരിക്കുമെന്ന് ഉള്ളിന്റെ ഉള്ളിൽ ഒരാഗ്രഹം ഉണ്ടായിരുന്നു.
- എന്തോരു വല്യ വിഡ്‌ഢിയാ ഞാൻ .
തെയ്യാമ്മ തന്നത്താൻ പറഞ്ഞു.
- അയാക്ക് എന്നെ ഇഷ്ടമേ ഇല്ലാരുന്നു ഒരിക്കലും.
അയാളുടെ ഒരു സ്പർശത്തിനു വേണ്ടി എത്ര ഉറക്കമൊഴിച്ച് ഇരുന്നിട്ടുണ്ട്. അയാൾ കടന്നുപോയപ്പോൾ അതു കാണാത്തതു കൊണ്ടാണെന്നു തെറ്റിദ്ധരിച്ച് കാണപ്പെടുവാൻ ശ്രമിച്ചിട്ടുണ്ട്.
- ദൈവമേ, ഞാനെത്ര പൊട്ടി. അയാൾക്ക് എന്റെ മനസ്സുവേണ്ട, ശരീരംവേണ്ട, എന്റെ പ്രശ്നങ്ങൾ വേണ്ട , സന്തോഷങ്ങൾ വേണ്ട. വേണ്ടിയിരുന്നത് വിസ . പങ്കുവെക്കേണ്ടത് എന്റെ അധ്വാന ഫലം മാത്രം.
ആഭാസച്ചിരി ചിരിക്കുന്ന മെയിൽ നേഴ്സ് ജിത്തിനോട് കുഴഞ്ഞാടിയിരുന്നെങ്കിൽ ഒരു പക്ഷേ, അവൻ ഭിത്തിയോടു ചേർത്തുനിർത്തി തെയ്യാമ്മയെ ചുംബിച്ചേനെ. നിന്റെ മുലയിൽ തൊടാൻ സുഖമെന്നു പറഞ്ഞേനെ. തെയ്യാമ്മയ്ക്ക് എന്തുചെയ്യാൻ പറ്റും. ഊരാക്കുടുക്കല്ലേ? 
അൾത്താരപോലെ വിശുദ്ധമായിരിക്കണം തെയ്യാമ്മയുടെ ജീവിതം. അതിൽ വ്യഭിചാരചിന്തയുടെ നിഴൽപോലും പാടില്ല. അതൊക്കെ അക്രമമാണെന്നുകരുതിയ താനെന്തു വിഡ്ഢിയാണെന്ന് തെയ്യാമ്മയ്ക്കു തോന്നി.
സ്നേഹം വേണം... എനിക്കു സ്നേഹം വേണം. ആരെങ്കിലും കുറച്ചു സ്നേഹം തന്നിരുന്നെങ്കിൽ.
ചങ്കുനിറച്ചു സ്നേഹമായിരുന്നു.
അതുകൊടുക്കാൻ ആരുമില്ലാതെ പോയല്ലോ.
- ഞാൻ തന്ന സ്നേഹം മുഴുവൻ നിങ്ങൾ സ്നോയിലേക്കെറിഞ്ഞത് എന്തിനാണ് ?
        തുടരും ...
പാമ്പും കോണിയും - നിർമ്മല (നോവൽ - 55 )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക